20 സെപ്റ്റംബർ 2012

അശരീരികള്‍

അശരീരി എന്ന വാക്കിനു  an inerporeal and divine voice എന്നോ  celestial voice എന്നോ ഒക്കെ അര്‍ത്ഥങ്ങള്‍ കാണുന്നുണ്ട്.
കംസന്റെ കഥ മുത്തശ്ശ്യമ്മ പറഞ്ഞ് തരുമ്പോള്‍ ആണ് ഈ അശരീരിയെ ആദ്യം പരിചയപ്പെടുന്നത്... ദേവകിയുടെ വിവാഹസമയത്ത് കംസന്‍, ദേവകിയുടെ എട്ടാമത്തെ പുത്രന്‍ നിന്നെ വധിക്കും എന്ന് അശരീരിയായി കേട്ടുവത്രെ.
അന്ന് എന്താ ഈ അശരീരി എന്ന് വിചാരിച്ച് അന്തം വിട്ടിരുന്നു.. ഒരാളുടെ ജീവിതത്തെ ആകെ മാറ്റി മറിയ്ക്കുന്ന ഒരു ശരീരമില്ലാ വാചകം! ഈ ശബ്ദം ആജ്ഞ സ്വരത്തിലോ അപേക്ഷസ്വരത്തിലോ ഒന്നും അല്ല. വെറും അറിവിന്റെ സ്വരം.. അറിവിന്റെ സ്വരം എന്നൊരു സ്വരമുണ്ടോ? പക്ഷം പിടിക്കാത്ത സ്വരം എന്ന് വെച്ചായിരിക്കാം അങ്ങനെ പറയുന്നത്. അല്ലെങ്കില്‍ പറയുന്നവന്റെ/വളുടെ വികാരം ആ ശബ്ദത്തില്‍ പ്രതിഫലിക്കരുത് എന്ന് വെച്ചിട്ടാകാം.
ഏതായാലും കംസന്റെ കാര്യത്തിലെന്ന പോലെ അല്ല നളചരിതത്തിലെ അശരീരിയുടെ ആഫ്റ്റര്‍ എഫക്സ്റ്റ്.
ആ അശരീരി കേട്ടതിനു ശേഷം കംസന്റെ ജീവിതം കട്ട പൊഹ.. ആകെ ഭ്രാന്ത് പിടിച്ചപോലെ ആയിക്കാണണം.
നളചരിതം നാലാം ദിവസത്തില്‍ “വാചോഹം ശൃണുനള..ഭൂതവൃന്ദസാക്ഷീ...” എന്ന് തുടങ്ങുന്ന ശ്ലോകവും ചെണ്ടയുടെ വലന്തലയും ഒരു പോലെ ഒന്നിച്ചാണ് ചെവിയില്‍ മുഴങ്ങുക.. ശേഷം എല്ലാം ശുഭം... :)
പക്ഷെ നളന്റെ കാര്യത്തില്‍ കാര്‍ക്കോടകന്‍ ഒരു വല്യേ സംഭവമായിരുന്നു. കാര്‍ക്കോടകനായിരിക്കും ജീവന്‍ കൊടുത്തത്..എന്നാലും ആ ത്രൈലോക്യപ്രാണവാക്യം എന്ന് വിശേഷിപ്പിക്കുന്ന അശരീരിവാക്യം.
മഹാഭാരതത്തില്‍ ശകുന്തളയുടെ കഥയിലും ഉണ്ടല്ലോ ഇങ്ങനെ പ്രസിദ്ധമായ ഒരു രംഗം.
അവിടെ അശരീരി കേള്‍ക്കുന്നത്, രാജസഭയില്‍ വെച്ച് ദുഷ്യന്തന്‍ ശകുന്തളയെ സ്വീകരിക്കാന്‍ വിസമ്മതിക്കുമ്പോള്‍ ആണ്. അശരീരി കേട്ടതോടേ ആണ് ശകുന്തളയെ ദുഷ്യന്തന്‍ സ്വീകരിക്കുന്നതും.
സീതക്കും ഉണ്ടായിട്ടില്ലേ ഈ അശരീരി? ഓര്‍മ്മയില്ല.
മുത്തശ്ശ്യമ്മയുടെ അടുത്ത് നിന്നും കാലം മാറിയപ്പോള്‍ പത്തായപ്പുരയിലേക്ക് കിടപ്പും പഠിപ്പും എല്ലാം മാറ്റി. അപ്പോഴും ഈ അശരീരികള്‍ എന്താന്ന് അത്ഭുതപ്പെടാറുണ്ടായിരുന്നു. ഭൌതികലോകത്ത് അന്ന് അശരീരികള്‍ ആയിരുന്നത് തൂലികസൌഹൃദങ്ങളിലൂടെ പരിചയപ്പെട്ടവര്‍ ആയിരുന്നു. എന്നാല്‍ ഇത്തരം അശരീരികള്‍ ശകുന്തളയുടെ ജീ‍വിതത്തില്‍ സ്വാധീനിച്ചത് പോലെ ഒന്നും അനുഭവം ഉണ്ടായില്ല.
കാലം പിന്നേയും മാറി..ജീവിതവും ജീവിത ശൈലികളും. ഇന്നും അശരീരികള്‍ പലരൂപത്തില്‍ പലഭാവത്തില്‍ ചുറ്റുമുണ്ട്. അത് പ്ലസ്സിന്റെ രൂപത്തിലോ ഫേസ്‌ബുക്ക് സൌഹൃദങ്ങളുടെ രൂപത്തിലോ ഒക്കെ ആകാം. ജീവിതത്തില്‍ സ്വാധീനം ചെലുത്തുന്നുണ്ടോ എന്നതിന് സ്വയം തിരിച്ചറിവാണ് ആവശ്യം.
എന്നാലും ദുഷ്യന്തനുണ്ടായ അശരീരി പോലെ, നളനുണ്ടായ അശരീരി പോലെ ഒരു അശരീരി എപ്പോഴും ഉണ്ടാകാം എന്ന് പ്രതീക്ഷിച്ച് അതിനു കാതോര്‍ത്ത് കൊണ്ട് ആണ് ഇരിക്കുന്നത്. പ്രതീക്ഷകളുടെ തുടര്‍ച്ചക്കാരായ അശരീരികളേയും കാര്‍ക്കോടകന്മാരേയും കാത്ത്...
പറഞ്ഞ് വന്നത്.. അശരീരികള്‍ ഉണ്ടായാല്‍ ശേഷം നല്ലതും ചീത്തയുമൊക്കെ ആവാം.. മിക്കവാറും നല്ലതായിരിക്കാം അല്ലേ? ആശരീരികളുമായി സംവദിക്കാന്‍ പറ്റാറില്ല. അത് വണ്‍‌വേ വാക്യം ആണ്. റേഡിയോ പോലെ. :) യക്ഷപ്രശ്നം, ധര്‍മ്മപുത്രര്‍ ആശരീരിയായ ശബ്ദവുമായി സംവദിക്കുന്നുണ്ട്. പക്ഷെ അവിടെ ഞാന്‍ യക്ഷനാണ് എന്ന് കൃത്യമായി സ്വയം പരിചയപ്പെടുത്തുന്നുമുണ്ട്. എന്തായാലും....
തൂലികാസൌഹൃദവും ഇത്തരം അശരീരികള്‍ ആണ്. നെറ്റിലെ സംവാദവും മിക്കവാറും അശരീരികളോട് ആണ്. അതൊനൊരു സുഖമുണ്ട്. നമ്മുടെ മനസ്സിലുള്ള രൂപമായിരിക്കും അശരീരികള്‍ക്ക്. അത് വാസ്തവമാവണമെന്നൊന്നും ഇല്ല. എന്നാലും നമുക്ക് പ്രശ്നമല്ല. വാസ്തവമാണോ എന്ന് അന്വേഷിക്കാറുമില്ല.
സ്വമനസ്സിന്റെ തന്നെ പ്രതിരൂപമാണോ അശരീരി?
ത്രൈലോക്യപ്രാണവാക്യങ്ങളായ അശരീരികള്‍ ഇടയ്ക്ക് ഞാനും കേള്‍ക്കാറുണ്ട്. എപ്പോഴും അത് കേള്‍ക്കുന്നുണ്ടോ എന്ന് കാത്കൂര്‍പ്പിച്ച് നടക്കാറുണ്ട്.

1 അഭിപ്രായം:

Indiascribe Satire/കിനാവള്ളി പറഞ്ഞു...

ന്നാല്‍ പിടിച്ചോളു ഒരു അശരീരി . "എഴുത്ത് നന്നേ ബോധിച്ചിരിക്കുന്നു . നല്ല ഭാവി ഉണ്ട് ." ഇപ്പോള്‍ ആകാശത്തിനു പകരം ഇന്റര്‍നെറ്റ്‌ അശരീരികള്‍ ആണല്ലോ പ്രചാരം.

ശൂർപ്പണഖയുടെ മൂക്കും ചെവിയും മുലയും മുറിക്കൽ

ആദ്യമേ പറയട്ടെ, ഞാൻ ഉദ്ധരിയ്ക്കുന്നതെല്ലാം ഇന്റെർനെറ്റിൽ ലഭ്യമായ സ്രോതസ്സുകൾ ആണ്. അതിനാൽ ലിങ്ക് ഉണ്ട്. ശൂർപ്പണഖയുടെ അംഗവിഛേദം കഥകളിയിലും കൂട...