09 ഒക്‌ടോബർ 2012

Al Elb Dam (Wadi Haneefa Project)

ആഴ്ച്ചാവസാനം ബോറടിമേളം കൂടും. സാധാരണ അത് ഉറങ്ങിയോ ചാറ്റ് ചെയ്തോ കഴിക്കുകയാണ് പതിവ്‌. ദുർലഭമായി വായനയും എഴുത്തും. ഈ ആഴ്ച്ചയും പതിവിൽ നിന്ന് വ്യത്യസ്തമാവും എന്ന് കരുതിയിരുന്നില്ല. വെള്ളിയാഴ്ച്ച രാവിലെ എഴുന്നേറ്റ്  പ്രഭാതകൃത്യങ്ങൾ ഒക്കെ ചെയ്ത് സ്കൈപ്പിലൂടെ കുടുംബവുമായി സല്ലപിച്ച് ഇരിക്കുകയായിരുന്നു. ആ സമയത്താണ് കോയയുടെ വിളി...
‘ഇന്ന് എങ്ങ്ടാ പോണത്?’
ചോദിക്കണത് കേട്ടാൽ തോന്നും എന്നും പുറത്ത് പോക്ക് ആണ് എന്ന്. അതൊന്നും അല്ല. ഇത് ഇപ്പോ തുടങ്ങിയ ഒരു വട്ട് ആണ്. എല്ലാവർക്കും ഒഴിവുള്ള ദിവസങ്ങളിൽ വൈകുന്നേരമായ കറങ്ങാൻ പോവുക എന്നത്. ഈ റിയാദിൽ എവിടെ പോകുമെന്നതായിരുന്നു ഞങ്ങടെ വല്യേ പ്രശ്നം.  ശീഷവലിക്കൽ നടക്കില്ല എന്ന് ഞാൻ ആദ്യമേ തീരുമാനിച്ചിരുന്നു. വല്ലപ്പോഴും മാത്രം ചെയ്യാൻ പറ്റുന്ന കാര്യമാണത്. അങ്ങനെ ആണ് വാദി ഹനീഫ സന്ദർശനം എന്ന് ഞാൻ നിർദ്ദേശിച്ചത്. ഒരു ദിവസം ഒരുങ്ങി പുറപ്പെട്ടു. പക്ഷെ സമയം രാത്രി ആയതിനാൽ ഒന്നും കണ്ടില്ല. ഇത്തവണ അത് പറ്റില്ല എന്ന് വെച്ച് ഏകദേശം വൈകുന്നേരം നാലുമണിക്ക് തന്നെ പുറപ്പെട്ടു. ലക്ഷ്യം ദിരിയയിലെ അൽ എൽബ് അണക്കെട്ട് ആയിരുന്നു. മൂന്ന്-നാലുമാസം മുന്നേ പോയപ്പോൾ അവിടെ അത്യാവശ്യം വെള്ളം ഒക്കെ ഉണ്ടായിരുന്നു. ഇന്നെന്താവും സ്ഥിതി എന്നറിയില്ല. മരുഭൂമിയല്ലെ. വാദി ഹനീഫ പ്രൊജക്റ്റിൽ ഉൾപ്പെട്ടതാണ് അൽ എൽബ് അണക്കെട്ട്. 

വാദി ഹനീഫ, സൌദി അറേബ്യയുടെ തലസ്ഥാനമായ റിയാദിൽ സ്ഥിതി ചെയ്യുന്നു. താഴ്വരകൾക്കാണ് വാദി എന്ന് അറബിക്കിൽ പറയുന്നത്.  ബനു ഹനീഫ എന്ന പേരിലറിയപ്പെടുന്ന ട്രൈബ് ആയിരുന്നു പുരാതനകാലത്ത് ഈ പ്രദേശത്ത് വസിച്ചിരുന്നത്. ഇവരിൽ നിന്നും ആണ് വാദി ഹനീഫ എന്ന പേർ ഈ പ്രദേശത്തിനു വന്നത്. 

സൌദി അറേബ്യയുടെ തലസ്ഥാനമായ റിയാദ്, നജ്ദ് എന്ന പേരിലറിയപ്പെട്ടിരുന്ന കേന്ദ്രപ്രവിശ്യയിലാണ്. റിയാദിനടുത്ത് വടക്ക് നിന്ന് തെക്കോട്ടേക്ക് പരന്നു കിടക്കുന്ന വാദി ഹനീഫ താഴ്വരകൾക്ക് ഏകദേശം 120 കിലോമീറ്ററോളം നീളമുണ്ട്. 
ചരിത്രാതീതകാലത്ത് ഇപ്രദേശങ്ങളിൽ ധാരാളം മഴ കിട്ടിയിരുന്നു. ഇക്കാലത്ത് വളരെ കുറച്ച് ദിവസങ്ങളിൽ വളരെ കുറച്ച് സമയത്ത് മാത്രമായി തീവ്രമായ മഴ ഉണ്ടാകാറുണ്ട്. ഇത് മൂലം അപ്രതീക്ഷിതമായ വെള്ളപ്പൊക്കവും ശക്തമായ വെള്ളമൊഴുക്കും ഉണ്ടാകാറുണ്ട്. ഈ ദിവസങ്ങളൊഴിച്ചാൽ റിയാദിന്റെ മറ്റ് പ്രദേശങ്ങളിൽ കാണുന്ന കാലാവസ്ഥ തന്നെ ആണ് ഈ പ്രദേശത്തും. 
റിയാദ് നഗരത്തിന്റെ അഴുക്ക്ചാൽ വെള്ള/ഓടവെള്ളശുദ്ധീകരണ പ്ലാന്റിൽ നിന്ന് വരുന്ന വെള്ളവും ഈ പ്രദേശത്ത് കൂടെ ഒഴുകുന്നുണ്ട്. ഇതുമൂലം പുതുതായി ചില സ്ഥലങ്ങളിൽ പച്ചപ്പ് കൂടിയിട്ടുണ്ട്.

സൌദി ഗവണ്മെന്റും അർ‌റിയാദ് ഡെവലപ്മെന്റ് അതോറിറ്റിയും ‘ബുറോ ഹപ്പോൾഡ്’ എന്ന സ്ഥാപനത്തിനേയും മോറിയാമ & ടെഷിമ ആർക്കിടെക്റ്റിക്റ്റ്സിനേയും ഈ പ്രദേശത്തെ നനവ് സംരക്ഷിക്കുന്നതിന് ഏർപ്പാടാക്കി. ഈ പ്രദേശത്ത് അനവധി ദേശാടന പക്ഷികളും ജീവികളും എത്താറുണ്ട്. റിയാദിലെ, ഇർക്ക എന്ന പ്രദേശത്ത് നിന്ന് തുടങ്ങി അൽഹെയർ എന്ന പ്രദേശം വരെ വ്യാപിച്ച് കിടക്കുന്ന വാദി ഹനീഫ പ്രൊജക്റ്റ് 2010ലെ ആഗാ ഖാന്‍ അവാർഡ് ഫോർ ആർക്കിറ്റെക്ചർ നേടിയിട്ടുണ്ട്.

ഞങ്ങൾ ഏകദേശം 5.30 മണിയോടെ അൽ എൽബ് അണക്കെട്ടിനടുത്ത് എത്തി. വെള്ളം ലവലേശമില്ല എന്ന് മാത്രമല്ല വരണ്ട് പൊട്ടി നിൽക്കുന്ന പാടങ്ങളെ ഓർമ്മിക്കുമാറ്‌ അണക്കെട്ടിന്റെ അടിത്തട്ട് കാണുന്നു.  കുട്ടികൾ കളിക്കാൻ അവിടേയ്ക്കും ഇറങ്ങിയിരിക്കുന്നു. വശങ്ങളിലുടനീളം കുടുംബങ്ങൾ വന്ന്കൂടി കോഴിയെ കനലിലിട്ട് വേവിക്കുന്നു. ചൂട് ഒട്ടുമേ ഇല്ല എന്ന് മാത്രമല്ല ഇളംകാറ്റ് ഞങ്ങളോട് ഒപ്പം ഉണ്ടായിരുന്നു. സൂര്യനും കനിഞ്ഞിരുന്നതിനാൽ നടക്കാൻ നല്ല സുഖമായിരുന്നു. ഞങ്ങൾ അണക്കെട്ടിനുമുകളിലൂടെ നടന്ന് മറുപുറം കയറി. അപ്പുറം ഒരു കുന്നിൻപ്രദേശം ആണ്. ഏകാന്തമായി ധ്യാനിക്കാൻ പറ്റുന്ന സ്ഥലം. താഴേക്ക് നോക്കിയാൽ നീണ്ട് കറുത്ത റോഡ് അന്തമില്ലാതെ കിടക്കുന്നു. അവിടെ ഇവിടെ ആയി പച്ചപ്പുകൾ ധാരാളം. റോഡിനപ്പുറവും കുന്ന്. അതിനിടയ്ക്ക് വെള്ളം കെട്ടി നിർത്തിയ ടാങ്ക് പോലെ എന്തോ ഒന്നുള്ളത് നാലുഭാഗവും മതിലിനാൽ അടച്ചുറപ്പ് വരുത്തിയിരിക്കുന്നു. 

കുന്നുകളുടെ വശങ്ങളിൽ നോക്കിയാൽ പടരുകളായി കിടക്കുന്നത് കാണാം. ചരിത്രാതീത കാലത്ത് അറേബ്യൻ മരുഭൂമി ആകെ സമുദ്രത്തിനടിയിൽ ആയിരുന്നു എന്നതിനു തെളിവുകളാണ് അവ. ഇടയ്ക്കിടക്ക് ചെറു ഗുഹകളും പൊത്തുകളും. സാഹസികരായ കുട്ടികൾ എല്ലാ സ്ഥലത്തും പൊത്തിപിടിച്ച് കേറി നടക്കുന്നു. ചുണ്ണാമ്പ് കല്ലിനെ അനുസ്മരിക്കുന്ന പാറകൾ ആണ് അധികവും. ഇടക്ക് നല്ലബലമുള്ള കല്ലുകളും കാണാം. 

അണക്കെട്ടിലേക്കുള്ള യാത്രമദ്ധ്യേതന്നെ അണക്കെട്ടിനടുത്തായി ഒരു പച്ചപ്പ് നിറഞ്ഞ് നാട്ടിലെ പള്ള്യാലിനെ ഓർമ്മിപ്പിക്കുന്ന ഒരു തോട്ടം കാണാനിടയായിരുന്നു. പക്ഷെ നോക്കുന്നിടത്തൊക്കെ വേലികെട്ടി മറച്ചിട്ടുണ്ടായിരുന്നു. കാറിലിരുന്ന് ശ്രദ്ധിച്ച് വേലി പൊളിഞ്ഞ ഒരു ഇടം കണ്ടെത്തിയപ്പോൾ, ഞാൻ പറഞ്ഞു തിരിച്ച് വരുമ്പോൾ ഈ തോട്ടത്തിൽ കയറണം കുറച്ച് പച്ചപ്പ് ആസ്വദിക്കണം എന്ന്. എന്തായാലും അത് തികച്ചും രസകരമായ ഒരു അനുഭവം തന്നെ ആയി.

അണക്കെട്ടിൽ നിന്ന് തിരിച്ച് വരുമ്പോൾ, അധികം ദൂരത്തല്ലാതെ തന്നെ ആണ് ഈ തോട്ടം സ്ഥിതി ചെയ്യുന്നത്. തോട്ടത്തിന്റെ ഒരു സൈഡിലെ ഗേറ്റ് ചങ്ങല കെട്ടി ബന്ദവസ്സായിക്കിയിരുന്നു. ഞങ്ങൾ വേലി പൊളിഞ്ഞിരിക്കുന്നതായി കണ്ട ഭാഗത്തിനടുത്ത് കാറ് പാർക്ക് ചെയ്ത് അവിടേക്ക് കയറി. സത്യത്തിൽ അത് തന്നെ ആയിരുന്നു ആ തോട്ടത്തിലേക്കുള്ള ഗേറ്റ്. ചെന്നിറങ്ങിയപ്പോൾ തന്നെ കോഴി കൂവുന്ന ശബ്ദം കേട്ടു. പച്ചപ്പിനോടൊപ്പം ഈ ശബ്ദം കൂടെ കേട്ടപ്പോൾ സത്യത്തിൽ സന്തോഷം തോന്നി. ഞങ്ങൾ നേരെ നടന്ന് തോട്ടക്കാരന്റെ അടുത്ത് ചെന്നു.

ബദ്രി എന്ന ഈജിപ്ഷ്യനായിരുന്നു തോട്ടക്കാരൻ. അവനോട് സംസാരിച്ച് അൽ‌പ്പനേരം കഴിഞ്ഞു. അവന് 1300 സൌദി റിയാൽ ശമ്പളമുണ്ട്, സൌദി ഉടമസ്ഥൻ വല്ലപ്പോഴും വരും. സുഹൃത്തുക്കളായി ആരുമില്ല. വല്ലപ്പോഴും രണ്ട് പേർ അവന്റെ അടുത്ത് വന്ന് അൽ‌പ്പനേരം സംസാരിച്ച് ഇരിക്കും. അതല്ലാതെ അവന് വേറെ പുറം‌ലോകവുമായി ബന്ധമുണ്ട് എന്ന് ആകെ പറയാവുന്നത് പള്ളിയിൽ പോകുമ്പോൾ ആണ്. ദിവസവും അഞ്ച് നേരം നിസ്കരിക്കും. തിരിച്ച് വന്ന് തോട്ടം പണി കഴിഞ്ഞ് അവിടെ തന്നെ വിശ്രമിക്കും. നാലുചുമരുകൾക്കുള്ളിലും പുറത്തും ഓരോ കട്ടിലുകൾ ഉണ്ട്.
കുടിവെള്ളം ഒരു ടാങ്കിൽ കൊണ്ട് വന്ന് നിറക്കും. കൂടാതെ തോട്ടം നനക്കാൻ കുഴൽ കിണർ ഉണ്ട്. അണക്കെട്ടിന്റെ വെള്ളക്കെട്ട് ഭാഗത്തിനു താഴെ ആണ് ഈ തോട്ടം. മഴപെയ്താൽ അവന്റെ തോട്ടത്തിന്റെ സൈഡിലൂടെ വെള്ളം കുത്തി ഒലിച്ച് പോവുമത്രെ. ഞങ്ങൾ ചെന്ന സമയത്ത് വെള്ളമൊന്നും ഇല്ലാതിരുന്നതിനാൽ, വെള്ളം പോകുന്ന വഴിയിലൂടെ ഒക്കെ ഞങ്ങൾ ഒന്ന് കറങ്ങി. പലതരം ചെടികൾ നിറഞ്ഞ് നിൽക്കുന്നു. കൂട്ടത്തിൽ എരുക്കും കണ്ടു. കുറച്ച് എരുക്കിന്റെ ഇലകൾ പൊട്ടിച്ചു. ബദ്രിയോട് ഈ ഇലകൾ എന്തിനാണെന്ന് അറിയാമോ എന്ന് ചോദിച്ചപ്പോൾ അവൻ പറഞ്ഞു, കാൽമുട്ട് വേദനക്കൊക്കെ ഇത് വെച്ച് ഉഴിഞ്ഞാൽ നല്ലതാണ് എന്ന്. സത്യത്തിൽ തൈലം തേച്ച് ഉഴിയാൻ തന്നെ ആയിരുന്നു ഞങ്ങൾ എരുക്കിന്റെ ഇലകൾ പൊട്ടിച്ചത്. 

ബദ്രിയുടെ വീട് എന്ന് പറയുന്ന നാലുചുമരുകൾക്കുള്ളിൽ എല്ലാസൌകര്യങ്ങളുമുണ്ട്. വെള്ളം പുറത്തുണ്ട്. അലക്കുയന്ത്രം തൊട്ടടുത്ത് നാലുചുമരുകൾക്കുള്ളിൽ വെച്ചിരിക്കുന്നു. അടുക്കളയും അവിടെ തന്നെ. സൌകര്യങ്ങൾ ഉണ്ട് എങ്കിലും ഏകാന്തമായ ജീവിതം. കൈവിരലുകൾ കാണിച്ച് ഈ വിരലുകൾ എല്ലാം ഒരേപോലെ ആണോ എന്ന് അവൻ ചോദിച്ചപ്പോൾ സത്യത്തിൽ എനിക്ക് പണ്ട് ലീഗുകാർ സ്ഥിതിസമത്വത്തിനെതിരായി ഇതേ വാദഗതി പറഞ്ഞിരുന്നത് ഓർമ്മവന്നു. 

കാരയ്ക്കാമരങ്ങൾ ചുറ്റും നിൽക്കുന്നു. നമ്മുടെ തെങ്ങിൻ തോട്ടത്തെ ഓർമ്മിപ്പിക്കും. നിലത്ത് മുഴുവൻ പച്ച പുല്ലുകൾ. ഇടയിലൂടെ വെള്ളമൊഴുകാനുള്ള ചാലുകളും വരമ്പുകളും. സൂര്യരശ്മികൾ, തോട്ടത്തിനുള്ളിലേക്ക് പെട്ടെന്ന് എത്തി നോക്കില്ല. തോട്ടത്തിന്റെ ഒരു സൈഡ് റോഡ് ആണ്. പുറകുവശം അണക്കെട്ടിൽ നിന്നും വെള്ളമൊഴുകുന്ന വാഡി. ഇടയിൽ നീണ്ട് ഒരു വീതിയുള്ള പള്ള്യാൽ പോലെ ഈ തോട്ടവും. എരിക്കിന്റെ ഇല പൊട്ടിച്ച് വന്ന എനിക്ക് ബദ്രിയോടൊപ്പം നിന്ന് ഒരു ഫോട്ടോ എടുക്കാൻ മോഹം. അവൻ ആദ്യം ‘ലാ..ലാ’ (നിഷേധ ശബ്ദം) എന്ന് പറഞ്ഞുവെങ്കിലും നല്ലതായി സംസാരിച്ചപ്പോൾ സമ്മതിച്ചു. അവനെ അവന്റെ കട്ടിലിൽ തന്നെ ഇരുത്തി ഞാൻ തൊട്ടടുത്ത് ഇരുന്ന് ഫോട്ടോക്ക് പോസ് ചെയ്തു. കൂട്ടത്തിൽ അവന്റെ തോളിലൂടെ കൈ ഇട്ടപ്പോൾ അവനു ബഹുസന്തോഷമായി. പിന്നെ ഞങ്ങൾ എല്ലാവരും അവനോടൊപ്പം ചേർന്ന് ഫോട്ടോ എടുത്തു. അവനു അത് വല്ലാതെ ഇഷ്ടപ്പെട്ടു. 

ബദ്രി ഒരു സഞ്ചിയുമായി ചെന്ന് നല്ല കാരയ്ക മരത്തിൽ നിന്ന് ശേഖരിച്ച് ഞങ്ങൾക്ക് തരാൻ പുറപ്പെട്ടു. ഒപ്പം ഞങ്ങളും തോട്ടത്തിന്റെ ഉള്ളിലൂടെ ചെന്നു. അവിടെ കണ്ട കാഴ്ച്ച മനോഹരമായിരുന്നു. നല്ല മഞ്ഞവർണ്ണത്തിൽ ധാരാളം കാരയ്ക്കാ കുലകൾ! വർണ്ണഭംഗി കൊണ്ട് സ്വർണ്ണം തോറ്റ് പോകും. സന്ധ്യാനേരത്ത് അത് കണ്ടപ്പോൾ ഞങ്ങൾക്കും സന്തോഷമായി. കുറച്ച് പഴുത്ത ഈന്തപ്പഴങ്ങൾ പൊട്ടിച്ച് ഞങ്ങൾക്ക് ബദ്രി തന്നു. അപ്പോഴേയ്ക്കും സന്ധ്യയിലേ ബാങ്ക് വിളിച്ചിരുന്നു. തിരിച്ച് അവന്റെ നാലുചുമരുകൾക്കടുക്കലേക്ക് ഞങ്ങൾ വന്നപ്പോൾ ഒരു കൂട്ടം നാടൻ കോഴിമുട്ടകൾ ഞങ്ങൾക്ക് ബദ്രി എടുത്ത് തന്നു. ശേഷം അവൻ നിസ്കരിക്കാനായി ഓടി. ഞങ്ങൾ മനസ്സ് നിറഞ്ഞ് തിരിച്ച് കാറിലേക്കും.

http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BE%E0%B4%A1%E0%B4%BF_%E0%B4%B9%E0%B4%A8%E0%B5%80%E0%B4%AB

അഭിപ്രായങ്ങളൊന്നുമില്ല:

ശൂർപ്പണഖയുടെ മൂക്കും ചെവിയും മുലയും മുറിക്കൽ

ആദ്യമേ പറയട്ടെ, ഞാൻ ഉദ്ധരിയ്ക്കുന്നതെല്ലാം ഇന്റെർനെറ്റിൽ ലഭ്യമായ സ്രോതസ്സുകൾ ആണ്. അതിനാൽ ലിങ്ക് ഉണ്ട്. ശൂർപ്പണഖയുടെ അംഗവിഛേദം കഥകളിയിലും കൂട...