12 ജൂൺ 2014

ഓര്‍മകളുടെ സഞ്ചാരവഴികളില്‍ - വി.ടി. വാസുദേവന്‍

http://www.madhyamam.com/weekly/1946

ഈയിടെ രാത്രിയില്‍ അറിയപ്പെടുന്ന ഒരെഴുത്തുകാരന്‍ എന്നെ വിളിച്ച് വി.ടി മരിക്കുമ്പോള്‍ വാസുദേവന് എത്ര വയസ്സായിരുന്നു എന്നു ചോദിച്ചു. നാല്‍പത് കൊല്ലം ഒരാളുടെ കൂടെ ജീവിക്കുന്നത് പരമ ബോറല്ലേ എന്നായി പിന്നത്തെ പരിഹാസം. താങ്കളുമായി സംസാരിക്കുമ്പോഴാണ് ബോറായിതോന്നുന്നത് എന്ന് തികട്ടിവന്നെങ്കിലും അച്ഛനെ മുന്‍നിര്‍ത്തി അന്യരെ അനാദരിക്കാന്‍ ആഗ്രഹിക്കാത്തതിനാല്‍ ഞാന്‍ ഫോണ്‍ താഴെവെച്ചു.
താന്‍ പുലര്‍ത്തിപ്പോരുന്ന മാനുഷികമൂല്യങ്ങള്‍ക്ക് കുടുംബാംഗങ്ങളില്‍നിന്നുതന്നെ എടത്തടിച്ചുകാണുമ്പോള്‍ പ്രസവവും തീണ്ടാരിയുമില്ലാത്ത വല്ലേടത്തേക്കും  നിഷ്ക്രമിക്കുമെന്ന് അച്ഛന്‍ ഞങ്ങളോടു പ്രതിഷേധിച്ചിട്ടുണ്ട്. ക്ഷോഭം ആറിയ ദുര്‍ഭരനിമിഷങ്ങളില്‍ പുത്രവാത്സല്യം വാരിത്തന്നിട്ടുമുണ്ട്. എന്നാല്‍, വീടിനകത്തല്ല, പുറത്ത് അച്ഛന്‍െറകൂടെ യാത്രചെയ്ത അവസരങ്ങളിലാണ് ആ വ്യക്തിത്വത്തെ കൂടുതല്‍ അടുത്തറിഞ്ഞത്. ഓര്‍മകളുടെ പിന്നാലെയുള്ള ആ യാത്രകളുടെ മാധുര്യം ജീവിതബാക്കിയിലും നുണയുകയാണ് ഞാന്‍.
അമ്പലത്തിലേക്കും അമ്മാത്തേക്കും തിരിച്ച് ഇല്ലത്തേക്കും മാത്രം യാത്ര ചെയ്തിരുന്ന ഇട്ട്യാസുനമ്പൂതിരിമാരുടെകാലത്ത് കോരപ്പുഴ കടന്നും കുലക്രമം ലംഘിച്ചും തനിക്കുവേണ്ടിയല്ലാത്ത ഒട്ടേറെ സഞ്ചാരവഴികളിലലഞ്ഞ ജീവിതമായിരുന്നുവല്ലോ അച്ഛന്‍േറത്. പതിനെട്ടാം വയസ്സില്‍ അരച്ചക്രം മടിയില്‍തിരുകി ഭൂമിമലയാളം തൃപ്പൂണിത്തുറയും കടന്ന് മുറജപയാത്ര ചെയ്തു. ഭാരതപ്പുഴയുടെ തീരത്തുള്ള ഒരു ശാസ്താംകാവിലെ കൊല്ലത്തില്‍ 365 പറ നെല്ലും മാസാമാസം വേറെ പണവുമുള്ള ശാന്തിവൃത്തിയുപേക്ഷിച്ച് ചുറ്റിയ മുണ്ടിന് ഇണപോലുമില്ലാതെ ആരുമറിയാതെ മുങ്ങുകയായിരുന്നു വെള്ളിത്തിരുത്തിത്താഴത്ത് തുപ്പന്‍ രാമന്‍ ഭട്ടതിരിപ്പാട്. പിന്നെ പൊങ്ങിയത് തിരുവനന്തപുരത്ത് ശ്രീ പത്മനാഭദാസസന്നിധിയിലും. പഠിക്കാനുള്ള മോഹവും ഇനി കല്ലുമോറി കാലംകഴിക്കുക എന്ന ഗതികേടിലേക്ക് മടങ്ങില്ലെന്ന നിശ്ചയവുമാണ് അച്ഛനെ തിരുവനന്തപുരത്തെത്തിച്ചത്.
തിരുവനന്തപുരം പട്ടണം അച്ഛന് അപരിചിതമായിരുന്നില്ല. മുതിര്‍ന്നവരുടെ നേതൃത്വത്തില്‍ മുമ്പും പട്ടത്താനത്തിനു വന്നിട്ടുണ്ട്. ചട്ടമ്പിക്കവലകളില്‍ ചുറ്റിക്കറങ്ങിയിട്ടുണ്ട്. എന്നാല്‍, അറിവിലും സ്വാശ്രയത്തിലും മറ്റ് പൗരന്മാരെക്കാള്‍ എത്രയോ താഴെയാണെന്ന് സ്വയം തിരിച്ചറിഞ്ഞത് ഒരു മാസത്തോളം നീണ്ട മുറജപവാസക്കാലത്താണ്. ബ്രാഹ്മണവൃത്തിയല്ലാതെ മറ്റൊന്നും താന്‍ ശീലിച്ചിട്ടില്ല എന്നും.
രാജാവ് എഴുന്നള്ളുമ്പോള്‍ മാത്രം ചമ്രംപടിഞ്ഞിരുന്ന് വേദമുരുവിടും. മറ്റു സമയങ്ങളിലെല്ലാം വൈദികമൊഴിച്ചുള്ള ആസക്തികളില്‍ മുഴുകും. മുറജപത്തിനെത്തുന്ന സമുദായത്തിന്‍െറ ഈ സാംസ്കാരിക ശൂന്യത നേരില്‍കണ്ടു. പൊതുഖജനാവില്‍നിന്നുള്ള ഈ ദാനോത്സവംകൊണ്ട് രാജ്യത്തിനോ പ്രജകള്‍ക്കോ എന്തെങ്കിലും നന്മയോ മേന്മയോ ഉണ്ടായില്ലെന്നും ബോധ്യപ്പെട്ടു. സമുദായപരിഷ്കാരത്തിന്‍െറ ചാലിലിറങ്ങാന്‍ പ്രേരിപ്പിച്ച ഈ ചരിത്രപരിസരം ഒന്നുകൂടി കാണാന്‍ പതിറ്റാണ്ടുകള്‍ക്കുശേഷം അച്ഛനാഗ്രഹിച്ചെങ്കിലും എഴുപതുകളില്‍ നെയ്യാറില്‍ നടന്ന ഒരു സാഹിത്യക്യാമ്പില്‍ (ഗാന്ധിസ്മാരകനിധി) പങ്കെടുത്ത് മടങ്ങുമ്പോഴാണ് സാധിച്ചതെന്നുമാത്രം.
കോട്ടക്കകത്ത് ഞങ്ങള്‍ ചുറ്റിയടിച്ചു. ക്ഷേത്രത്തിന്‍െറ പടിഞ്ഞാറുള്ള മിത്രാനന്ദപുരം മഠം കണ്ടെത്തി. തിരുനാവായോഗക്കാരായ ബ്രാഹ്മണരുടെ ആസ്ഥാനമാണത്. കിടപ്പ് ഈ ബ്രഹ്മസ്വാമഠത്തില്‍. തേച്ചുകുളി തെക്കെ കോട്ടക്കടുത്തുള്ള സമചതുരന്‍ ശ്രീവരാഹം കുളത്തില്‍. ഭക്ഷണം ശീവേലിപ്പുരയിലും.
ഉണ്ണാനിരുന്നപ്പോഴുണ്ടായ ഒരു തീവ്രാനുഭവത്തിന്‍െറ ഓര്‍മ അയവിറത്തു. കാലത്ത് ലഘുഭക്ഷണം തരപ്പെടായ്കയാല്‍ കലശലായി വിശന്ന ഒരു ദിവസം. ഇലയില്‍ ചോറും കറിയും നിരന്നപ്പോള്‍ ആര്‍ത്തിയോടെ രണ്ടുരുള അകത്താക്കി. അപ്പോഴാണ് കല്‍ത്തൂണുകളില്‍കയറി കലപലകൂട്ടുന്ന കാക്കക്കൂട്ടത്തിലൊന്നിന്‍െറ പുരീഷം ഇലയിലെ ചോറിന്‍കൂമ്പാരത്തില്‍ വീണത്. തുടര്‍ന്ന് ഉണ്ണാന്‍ സാധിക്കാത്ത പാരവശ്യം, അറപ്പ്, ദേഷ്യം, വ്യസനം എന്നീ വികാരങ്ങളോടെ എഴുന്നേറ്റു. ഭക്ഷണസമൃദ്ധിയിലും പട്ടിണിയുടെ വേദന അനുഭവിക്കേണ്ടിവന്നു.
ചോറ്റുകച്ചവടം നടത്തുന്ന ബ്രാഹ്മണഗൃഹങ്ങള്‍ തെക്കെ തെരുവിലുണ്ടായിരുന്നു. പടച്ചോറിന് ഒരു ചക്രം. തൈര്, മുളകുവറുത്തത്, കൊണ്ടാട്ടന്‍ എന്നീ വിഭവങ്ങള്‍കൂടിയായാല്‍ രണ്ടു ചക്രം. പക്ഷേ, കൈയില്‍ കാശില്ലാത്ത അവസ്ഥ.
കോട്ടക്കകത്ത് ബ്രാഹ്മണകുട്ടികള്‍ക്കുമാത്രം പ്രവേശനമുള്ള നേറ്റീവ് സ്കൂള്‍ പരിസരവും ഞങ്ങള്‍ കണ്ടു. അവിടെ ചേര്‍ന്നു പഠിക്കാനുള്ള അച്ഛന്‍െറ ആഗ്രഹം സാധിച്ചില്ല. മുരിങ്ങത്തേരി വെങ്കടേശ്വരയ്യരുടെയടുത്ത് തെല്ലിട ട്യൂഷനുപോയ മള്ളിയൂര്‍ റോഡിലെ സ്ഥലം, പടിഞ്ഞാറെ കോട്ടവാതിലിനുസമീപം അന്ന് വായനശാലാ പ്രവര്‍ത്തകനായികൂടിയ ഇടം, മഹാരാജാവ് ഇന്നും സമയം തെറ്റാതെ തുടര്‍ന്നുവരുന്ന ക്ഷേത്രദര്‍ശനവരവ്- എല്ലാം കാട്ടിത്തന്നു. പത്മതീര്‍ഥക്കരയിലെ മത്തേന്‍മണിയൊഴികെ ക്ഷേത്രപരിസരത്തിന് കാലത്തിന്‍െറ ഭാവപ്പകര്‍ച്ച സംഭവിച്ചതായി അച്ഛന്‍ ഓര്‍മിച്ചു.
പൂണൂലിട്ടവര്‍ക്കെല്ലാം പൊതുഖജനാവില്‍നിന്ന് നാലു ചക്രം വീതം ദിവസംപ്രതി ദാനം കിട്ടും. ഈ മുറജപപ്രതിഫലം വാങ്ങാന്‍ രണ്ടുദിവസം നടന്നിട്ടും കണക്കപ്പിള്ള ഓരോ ഒഴിവ് പറഞ്ഞ് വട്ടം തിരിച്ചു. അയാള്‍ക്ക് രണ്ടുചക്രം കൈക്കൂലി കിട്ടണം. ഒടുവില്‍, അതു കൊടുത്തപ്പോള്‍ കാര്യം നടന്നു. ജീവിതത്തില്‍ ആദ്യമായും അവസാനമായും കൊടുത്ത കൈക്കൂലിയാണതെന്ന് അച്ഛന്‍ പറഞ്ഞു. അഴിമതിയുടെ ഈ പിന്തുടര്‍ച്ച ജനായത്ത ഭരണത്തിലും വമ്പിച്ചതോതില്‍ വളര്‍ന്നുവെന്ന് പരിഭവിക്കുകയും ചെയ്തു. സ്റ്റാച്യു ജങ്ഷനില്‍നിന്ന് സെക്രട്ടേറിയറ്റിനെ ചൂണ്ടി അച്ഛന്‍ ഞങ്ങളോട് ചോദിച്ചു: ‘‘പണമോ ശിപാര്‍ശയോ ഇല്ലാതെ അവിടെ കാര്യങ്ങള്‍ നീങ്ങുമോ?’’
താന്‍ ശാന്തി കുളിച്ച ശുചീന്ദ്രം ക്ഷേത്രം കാണാനായി പിന്നത്തെ താല്‍പര്യം. ശുചീന്ദ്രത്ത് ഇടക്കാലത്ത് ശാന്തി ചെയ്തിരുന്ന മുത്തപ്ഫന്‍ (അച്ഛന്‍െറ പിതൃസഹോദരന്‍) മുട്ടുശാന്തി വേണ്ടിവരുമ്പോള്‍ സഹായമാവുമല്ലോ എന്നുകരുതി രാമനെ ശുചീന്ദ്രത്ത് കൊണ്ടുപോയി ശാന്തി കുളിപ്പിച്ചിരുന്നു. ക്ഷേത്രത്തിന്‍െറ അകത്തുള്ളത് പുറത്തോ പുറത്തുള്ളത് അകത്തോ പറയരുതെന്നാണത്രെ ശാന്തികുളികൊണ്ട് ഉദ്ദേശിക്കുന്നത്.
സത്യാസത്യവിവേചനത്തിന് കൈമുക്കലും ശുചീന്ദ്രം ക്ഷേത്ര നടപടിയായിരുന്നു. തിളച്ചുമറിയുന്ന നെയ്യില്‍നിന്ന് ഒരു സാധനം (ചെറിയ ഗണപതിവിഗ്രഹമാവാം) കൈക്കൊള്ളുന്നതിലൂടെയാണ് കള്ളന്മാര്‍ പരീക്ഷിക്കപ്പെടുന്നത്. എടുത്ത മാത്രയില്‍ കൈ ഭദ്രമായി കെട്ടും. മൂന്നാംദിവസമേ അഴിക്കുകയുള്ളൂ. സത്യമുണ്ടെങ്കില്‍ കൈക്ക് ലേശംപോലും പൊള്ളലേല്‍ക്കില്ല എന്നാണ് വിശ്വാസം. പൊലീസ്സ്റ്റേഷനിലും ക്ഷേത്രത്തിലും മാത്രമല്ല വീടുകളിലും ഇനി നുണപരിശോധനാ യന്ത്രങ്ങള്‍ സ്ഥാപിക്കേണ്ടിവരുമെന്ന് അന്നുതന്നെ അച്ഛന്‍ നസ്യം പറഞ്ഞിരുന്നു.
സത്യാസത്യങ്ങളെ ആര്‍ക്ക് തിരിച്ചറിയാം? ക്ഷേത്രഭാരവാഹിയും വൈദ്യനുമായ വട്ടപ്പള്ളി മൂസ് അന്ന് ഒരു ശ്ളോകം ചൊല്ലിക്കേള്‍പ്പിച്ചു:
‘‘ആദിത്യ ചന്ദ്രാവനിലാനലൌച
ദ്യോര്‍ഭൂമിരാപോ ഹൃദയം യമശ്ച
അഹശ്ച രാത്രിശ്ച ഉഭേചസന്ധ്യേ
ധര്‍മശ്ച ജാനാതി നരസ്യവൃത്തം.’’
ആദിത്യന്‍, ചന്ദ്രന്‍, വായു, അഗ്നി, ആകാശം, ഭൂമി, ജലം, ഹൃദയം, യമന്‍, പകല്‍, രാത്രി, രണ്ടു സന്ധ്യ, ധര്‍മം- ഈ ലോകസാക്ഷികളില്‍ കവിഞ്ഞ് മനുഷ്യരുടെ ശുഭാശുഭങ്ങള്‍ അറിയാനാരുണ്ട്? ഈ ശ്ളോകത്തിന്‍െറ അര്‍ഥതലങ്ങളെയാണ് അന്ന് സന്ധ്യക്ക് അച്ഛന്‍ വിവരിച്ചത്. ‘‘മാകുരു ധനജനയൗവന ഗര്‍വം എന്നു കേട്ടിട്ടില്ലേ? അത് പാലിച്ചാല്‍ സത്യാനുഷ്ഠാനം എളുപ്പമാവും.’’ മേലേ അനന്തമഹിമാവേന്തുമാകാശവും താഴെ ഇളകിമറിയുന്ന ജലരാശിയും കൂടെയുണ്ടായിരുന്ന അധ്യാപകസുഹൃത്തും ആ വാക്കുകള്‍ക്ക് സാക്ഷി.
പിന്നീടൊരവസരത്തില്‍ തിരുവനന്തപുരത്തുതന്നെ നടന്ന സമസ്ത കേരള സാഹിത്യ പരിഷത്ത് വാര്‍ഷികം. ഒരു സമ്മേളനത്തില്‍ പ്രസംഗിക്കാന്‍ അച്ഛനെയും ക്ഷണിച്ചു. ഉച്ചക്ക് മൂന്നുമണിക്കാണ് യോഗം. ഇന്നത്തെപ്പോലെ തെക്ക്-വടക്ക് തീവണ്ടിസര്‍വിസുകള്‍ അന്ന് സുലഭമല്ല. രാത്രി തൃശൂരില്‍നിന്ന് പുറപ്പെടുന്ന തിരുവനന്തപുരം ട്രാന്‍സ്പോര്‍ട്ട് ബസില്‍ കയറിപ്പറ്റാനേ കഴിഞ്ഞുള്ളൂ. പിന്നില്‍ പത്രക്കെട്ടുകള്‍ക്കിടയിലാണ് ഇരിപ്പിടം കിട്ടിയത്. പുലര്‍ച്ചക്ക് ആലപ്പുഴയില്‍ പ്രഭാതകൃത്യങ്ങള്‍ക്ക് പത്തു മിനിറ്റ് നിര്‍ത്തി. തട്ടുകടയില്‍നിന്ന് പ്രാതല്‍, പൊതുടാപ്പില്‍നിന്ന് വെള്ളമെടുത്ത് ശൗചം- ഇങ്ങനെ ക്ളേശകരമായ യാത്രക്കുശേഷം വിശ്രമംപോലുമില്ലാതെ പരിഷത്ത്വേദിയിലെ പ്രസംഗപീഠത്തില്‍. പത്രപ്രവര്‍ത്തകസമ്മേളനത്തിലെ അധ്യക്ഷതയാണ് അച്ഛന്‍ ചെയ്യേണ്ടത്. പത്രം എല്ലാവര്‍ക്കും വേണം, പത്രധര്‍മം ആര്‍ക്കുംവേണ്ട എന്ന പത്രമുതലാളിത്തത്തിന്‍െറ നേര്‍ക്കുള്ള അച്ഛന്‍െറ വിമര്‍ശം അന്ന് ഒച്ചപ്പാടുണ്ടാക്കി. എന്നാല്‍, യാത്രാക്ളേശമോ യാത്രാ പ്രതിഫലമോ അല്ല വിചാരിച്ച കാര്യങ്ങള്‍ മുഴുവന്‍ പറയാന്‍ കഴിഞ്ഞുവോ എന്ന ഉത്കണ്ഠ മാത്രമേ മടങ്ങുമ്പോള്‍ അച്ഛന്‍െറ മനസ്സിലുണ്ടായിരുന്നുള്ളൂ.
വടകരക്കടുത്തുള്ള ഒരു കലാസമിതി വാര്‍ഷികത്തിനെത്തിയത് അല്‍പം നേരത്തേയായി. സ്റ്റേജിന്‍െറ നിര്‍മാണംപോലും മുഴുമിക്കുന്നതേയുള്ളൂ. അച്ഛനെ തിരിച്ചറിയാവുന്നവര്‍ ഇല്ല. മൈതാനത്തിനടുത്തുള്ള ചായക്കടയിലെ ബെഞ്ചില്‍ കയറിയിരുന്നു. നാട്ടിന്‍പുറത്തെ കലാപ്രവര്‍ത്തകരുടെ പരാധീനതകളില്‍ ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് അച്ഛന്‍ എന്നെ സാന്ത്വനിപ്പിക്കുകയായിരുന്നു. അപ്പോഴേക്കും അച്ഛന്‍ കണ്ടുപിടിക്കപ്പെട്ടു. നിറഞ്ഞ സദസ്സില്‍ അന്ന് ചെയ്ത പ്രസംഗവും ഉള്ളില്‍തട്ടുന്നതായിരുന്നു. പ്രസംഗം കഴിഞ്ഞ് താഴത്തിറങ്ങിയാല്‍ ചൂടുപിടിച്ച തല തലോടി പതിവുസ്വകാര്യമുണ്ട്: ‘‘പ്രസംഗത്തില്‍ അബദ്ധമൊന്നും പറഞ്ഞില്ലല്ലോ?’’ ആ ചോദ്യനിഷ്കപടതക്ക് ഒരു ബഹുമതിപോലെ ഞാന്‍ കാത്തിരിക്കാറുണ്ട് എന്നതാണ് വാസ്തവം.
അച്ഛന്‍െറ നര്‍മസംഭാഷണത്തിലും ബാല്യസ്മൃതിയിലും അലിഞ്ഞ മറ്റൊരു പകലും എന്‍െറ ഓര്‍മസ്വത്താണ്. നോക്കിയാല്‍ കണ്ണെത്താത്ത കുന്നിന്‍പുറങ്ങളിലൂടെ താഴെ തൂതപ്പുഴയുടെ മര്‍മരവും കേട്ട് അച്ഛന്‍െറ കൂടെ ഒരു കാല്‍നട. മുതുകുറുശ്ശി കുഞ്ചുണ്ണി നമ്പൂതിരിപ്പാട് ശിഷ്യനെ ഓത്തുചൊല്ലിക്കാന്‍ പണ്ട് കൊണ്ടുപോയ ചിത്രം പിന്നീട് അച്ഛന്‍ എഴുതിയിട്ടുണ്ട്. വിശ്വാമിത്രന്‍ രാമലക്ഷ്മണന്മാര്‍ക്ക് വനാന്തരത്തില്‍ മാര്‍ഗദര്‍ശനം ചെയ്തതുപോലെ എന്നാണ് അന്നത്തെ യാത്രയെ അച്ഛന്‍ വിശേഷിപ്പിച്ചത്. ആ സ്മരണ അറുപത് കൊല്ലത്തിനുശേഷം ആവര്‍ത്തിച്ചപ്പോള്‍ അകമ്പടിക്കാരന്‍ മകനായി എന്നുമാത്രം.
കുടുംബപുരോഹിതന്‍ വടക്കേടത്തിന്‍െറ കീഴില്‍ അതിബാല്യത്തില്‍തന്നെ അക്ഷരവും അര്‍ഥവുമറിയാതെ മൂന്നുകൊല്ലം പടിഞ്ഞിരുന്ന് വേദം പയറ്റി. വീണ്ടും വേദാഭ്യാസത്തിന് ഒമ്പതുവയസ്സുള്ള അച്ഛനെ പെരിന്തല്‍മണ്ണ പാതാക്കരമനയില്‍ കൊണ്ടുചെന്നാക്കി. പഴമയും പുതുമയും മേളിച്ച പാതാക്കരയില്‍ മേലേടത്തിന്‍െറ കീഴില്‍ പിന്നെയും രണ്ടുകൊല്ലത്തോളം വേദാധ്യയനം. മേലേടത്തിന് വയ്യാതായപ്പോള്‍ മുതുകുറുശ്ശി കുഞ്ചുണ്ണി നമ്പൂതിരിപ്പാടായി ഗുരു. പുതിയ ഗുരുനാഥന്‍ ശിഷ്യനെ മുതുകുറുശ്ശി മനയിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. മറഞ്ഞുപോയ ആ വിദൂര കൗമാരാനുഭവത്തെ പുന$സ്മരിക്കാന്‍ വീണ്ടുമൊരു യാത്ര.
അച്ഛനെ വാഹനത്തില്‍ മുതുകുറുശ്ശിയിലെത്തിക്കാന്‍ പാതാക്കര നമ്പൂതിരിപ്പാട് തയാറായിരുന്നു. ‘‘കാറിലല്ല, നടന്നുതന്നെ എനിക്ക് എല്ലാം ഓര്‍മിക്കണം’’ എന്നുപറഞ്ഞ് കാല്‍മുട്ടിന്‍െറ വേദന കൂട്ടാക്കാതെ അഞ്ചു നാഴികയിലധികം നടക്കാന്‍ അച്ഛന്‍ സോത്സാഹം സന്നദ്ധനായി. പിറ്റേന്ന് മുതുകുറുശ്ശിയിലെ ഉണ്ണിനമ്പൂതിരിമാരുടെ ഉത്സാഹത്തില്‍ നടത്തുന്ന കലാസമിതി വാര്‍ഷികത്തിലും പങ്കെടുക്കേണ്ടതുണ്ട്. നടത്തത്തിന് ഊന്നുവടിയായി ഉപയോഗിക്കാവുന്ന നീളന്‍ ശീലക്കുട അച്ഛന്‍െറ കൈയില്‍. തലയും ചെവിയും മൂടി തോര്‍ത്തുമുണ്ടുകൊണ്ടുള്ള മുറുക്കിക്കെട്ടും. അച്ഛന്‍െറ തോല്‍ബാഗ് എന്‍െറ തോളത്തും.
കിഴക്കോട്ട് നോക്കിയാല്‍ നീലിച്ച പശ്ചിമപര്‍വതനിര. പടിഞ്ഞാറ് വെള്ളിനൂലുപോലെ കടല്‍. മേട്ടിന്‍പുറങ്ങളിലൂടെയുള്ള ഈ നടത്തം എന്‍െറ ആദ്യാനുഭവമായിരുന്നു. തലയുയര്‍ത്തിയ പാറക്കൂട്ടനിരകള്‍, അവക്കിടയില്‍ പടുമരങ്ങള്‍, ചിലേടത്ത് നെല്‍പാടങ്ങളായി പച്ചച്ച പള്ളിയാന്‍ നിലങ്ങള്‍, പാറയില്‍ തട്ടിയൊഴുകുന്ന നീരൊലി മര്‍മരം താഴെയും. പല പറമ്പുകളും വളച്ചുകെട്ടിയപ്പോള്‍ പഴയ ഒറ്റയടിപ്പാതപോലും വളഞ്ഞുപുളഞ്ഞ് വികൃതമായെന്ന് അച്ഛന് പരാതി.
അകലെ കുന്നിന്‍ചരിവില്‍ കാണപ്പെട്ട വഴി ചൂണ്ടിക്കാണിച്ചു: ‘‘അത് മലപ്പുറത്തേക്ക് പോകുന്ന നിരത്താണ്.’’ കുട മറ്റൊരിടത്തേക്ക് ചൂണ്ടി: ‘‘കൊളത്തൂര്‍ കുന്നാണത്. വള്ളി ഇഴഞ്ഞുകിടക്കുന്നതുപോലുള്ള ആ വഴി പുലാമന്തോള്‍നിന്ന് കൊളത്തൂര്‍ക്ക് പോകുന്ന പുതിയ റോഡാണ്. കാളവണ്ടികളല്ല, മോട്ടോര്‍വാഹനങ്ങളാണ് ഇപ്പോള്‍ എന്നുമാത്രം.’’
കെട്ടിടങ്ങള്‍ നിറഞ്ഞുകാണുന്ന ഭാഗം അങ്ങാടിപ്പുറമാണെന്നും അവക്കിടയില്‍ തിളങ്ങുന്നത് തിരുമാന്ധാംകുന്നമ്പലത്തിലെ താഴികക്കുടമാണെന്നും വിവരിച്ചു. ദേവന്മാരുടെ തട്ടകമാണെന്നാണ് അവിടത്തുകാരുടെ വിശ്വാസം. പൂരം പുറപ്പാട് കഴിഞ്ഞാല്‍ അന്യദേശങ്ങളിലേക്ക് പോവുകയോ കുളിച്ചുതൊഴാതെ വീട്ടിലിരിക്കുകയോ തട്ടകത്തില്‍ പതിവില്ലെന്ന് പാതാക്കര താമസിക്കുമ്പോള്‍ കേട്ട കഥകളും പറഞ്ഞു.
യാത്ര ഒരു വളവിലെത്തിയപ്പോള്‍ പുഴയിലിറങ്ങി കാലും മുഖവും കഴുകി തെല്ലിട വിശ്രമിച്ചു. പുഴയുടെ തീരത്തെ വാഴക്കൂട്ടങ്ങളും കൃഷിനിലങ്ങളും കണ്ടപ്പോള്‍ മാവിണ്ടിരിക്കടവിലും മുതുകുറുശ്ശിമനയിലും എത്താറായെന്ന് അറിയിച്ചു. ഇന്ന് ആ കടവുതന്നെയില്ല. പാലവും പുതിയ റോഡുകളും കെട്ടിടങ്ങളും വാഹനങ്ങളും കൈയേറിയപ്പോള്‍ സസ്യനിബിഡയതയാര്‍ന്ന ആ ഭൂപ്രകൃതി വഴിമാറിക്കൊടുത്തു എന്ന് ഈയിടെ മുതുകുറുശ്ശിമന വീണ്ടും സന്ദര്‍ശിച്ചപ്പോള്‍ എനിക്കുതോന്നി. ആ നദീതീരത്തിന്‍െറ ഭംഗിയും ഗ്രാമീണതയും മാറ്റിമറിക്കപ്പെട്ടു.
(കോപ്പീറൈറ്റ് ലംഘനം ഒന്നും ഇതുകൊണ്ട് ഉദ്ദേശിച്ചിട്ടില്യാ. അങ്ങനെ ചൂണ്ടിക്കാണിച്ചാല്‍ ഡിലീറ്റ് ചെയ്യാം)

അഭിപ്രായങ്ങളൊന്നുമില്ല:

ശൂർപ്പണഖയുടെ മൂക്കും ചെവിയും മുലയും മുറിക്കൽ

ആദ്യമേ പറയട്ടെ, ഞാൻ ഉദ്ധരിയ്ക്കുന്നതെല്ലാം ഇന്റെർനെറ്റിൽ ലഭ്യമായ സ്രോതസ്സുകൾ ആണ്. അതിനാൽ ലിങ്ക് ഉണ്ട്. ശൂർപ്പണഖയുടെ അംഗവിഛേദം കഥകളിയിലും കൂട...