09 സെപ്റ്റംബർ 2014

കോണിക്കെട്ട്

നാലുകെട്ടുകള്‍ നിലമ്പൊത്തിയപ്പോള്‍ എനിക്കറിയാവുന്ന ചെല സ്ഥലങ്ങളും അപ്രത്യക്ഷമായി. അതില്‍ ചെലത് ആണ്‌ ശ്രീലാകം, അഴ്യാകം, വടിക്കിണി, തെക്കിണി, പടിഞ്ഞാറ്റി, കെഴ്ക്കിണി, കോണിക്കെട്ട്, ഓവറ, മച്ച്, പൊറത്താളം, അഗ്രശാല, ചായ്പ്പ്, തട്ടുമ്പൊറം, പത്തായം, അങ്ങനെ പലതും.

തീണ്ടാരിയായവര്‍ ഇരിക്കുന്ന പ്രത്യേക സ്ഥലം എന്തായിരുന്നു? പേരോറ്മ്മവരുന്നില്ലാ ! അല്ല അങ്ങനെ ഒരു സ്ഥലം എന്‍റെ ഇല്ലത്തുണ്ടായിരുന്നില്യാ. അതാണ്‌ കാര്യം. ഓര്‍മ്മയുടെ അല്ല.

ഗ്യാസുവന്നതോടെ പാത്യേമ്പുറവും കാണാതായി!


അപ്രത്യക്ഷമായവയാണെങ്കിലും കോണിക്കെട്ടിനു ഒരു പ്രത്യേകത ഉണ്ടായിരുന്നു. കോണിക്കെട്ട് എന്ന് പറഞ്ഞാല്‍ കോണി ഉള്ള മുറി എന്നു പൊതുവെ പറയാം. അത്  സാധാരണ ചെറുതാവും കുടുസ്സാവും വല്യേ ജനലുകള്‍ ഉണ്ടാവാനുള്ള സാധ്യത കുറവായിരിക്കും. കോണിയ്ക്ക് താഴെയാകട്ടെ ധാരാളം വസ്തുക്കള്‍ സ്വരൂപിച്ച് വെച്ചിട്ടുണ്ടാകും. ദൈനംദിന ഉപയോഗത്തിനുള്ളതാവില്ല അധികവും. എന്നാല്‍ അത്യാവശ്യവും ആകും.

കോണിയാകട്ടെ, ഏതെങ്കിലും ഒരു പടി ഇളകുന്നതായിരിക്കും. മിക്കവാറും അത് മറ്റ് പടിയുടെ വീതിയും ഉണ്ടാകില്ല. അപ്പോള്‍ പരിചയമില്ലാത്ത ഒരാള്‍ അതിലൂടെ കയറുകയോ ഇറങ്ങുകയോ ചെയ്യുമ്പോള്‍ ശ്രദ്ധിക്കണം. അല്ലെങ്കില്‍ ഉരുണ്ട് പിരണ്ട് താഴെ എത്തും എന്നത് നൂറ്റെട്ട് ശതമാനം ഉറപ്പ്.

ഈ കോണി കയറി മുകളിലെത്തിയാല്‍ സൈഡില്‍ ചാരിവെച്ചിരിക്കുന്ന വാതിലുകള്‍കൊണ്ട് അതടച്ച് പൂട്ടിട്ട് വെയ്കുകയും ആവാം. അങ്ങനെ ചെയ്താല്‍ പിന്നെ ആര്‍ക്കും മുകളിലേക്കോ താഴേക്കോ കയറാനോ ഇറങ്ങാനോ പറ്റില്ല.

ചെല കോണികള്‍ക്കേ കൈവരി ഉണ്ടാവുകയും ഉള്ളൂ.

എന്‍റെ ഇല്ലത്ത് പടിഞ്ഞാറേ പൂമുഖമായിരുന്നു എപ്പോഴും ലൈവ് ആയിട്ടുണ്ടായിരുന്നത്. അവിടെ ഉള്ള ഒരു വാതിലായിരുന്നു മെയിന്‍ വാതില്‍ എന്ന പൂംവോത്തെ വാതില്‍. ആ വാതില്‍ കടന്ന് ചെല്ലുന്നത് ഒരു കോണിക്കെട്ടിലേയ്ക്കായിരുന്നു. പടിഞ്ഞാറ്റിയുടെ മുകളിലേക്കുള്ള കോണി. രണ്ട് കോണികയറി വേണം പടിഞ്ഞാറ്റിയുടെ മുകളിലെത്താന്‍. ആദ്യകോണി കയറിയാല്‍ പത്തായങ്ങള്‍ ആണ്‌. പിന്നേം ഒരു കോണി കൂടെ. അതും കയറിയാലാണ്‌ പടിഞ്ഞാറ്റിയിലെ ഉപയോഗിക്കാവുന്ന അറകള്‍ ഉണ്ടായിരുന്നത്.

പൂമ്വോത്തെ വാതില്‍ കടന്നാല്‍ കോണിക്കെട്ട്. കോണിക്കെട്ടില്‍ നിന്നും ഒരു വാതില്‍ തെക്കിണിയിലേക്ക്. അങ്ങനെ ആയിരുന്നു ആ കോണിക്കെട്ടിന്‍റെ സംവിധാനം.

കോണിക്കെട്ടിന്‍റെ അടിയില്‍ ഒരു സ്റ്റാന്‍റ് ഉണ്ടാക്കി അതിലായിരുന്നു മര്‍ഫി റേഡിയോ എന്ന പണ്ടത്തെ വാള്‍വ് റേഡിയോ വെച്ചിരുന്നത്. അതിനടിയില്‍ അച്ഛന്‍റെ ഒരു മര അലമാറ. ശേഷം നെല്ലിന്‍ ചാക്കുകള്‍, സാവ്യോപ്പോള്‍ടെ വിവാഹത്തിനു വാങ്ങിയ പാലിന്‍റെ ഒരു കുറ്റി-അലുമിനിയത്തില്‍ തീര്‍ത്തത്- അത് തിരിച്ച് കൊടുക്കാത്തത് കാരണം പാല്‍ കേടുവന്നു എന്നതായിരുന്നു. സാവ്യോപ്പോള്‍ടെ വിവാഹത്തിന്‍റേതാണോ അതിനു മുന്നേ കുഞ്ച്വഫന്‍റെ വിവാഹത്തിന്‍റേതാണോ എന്ന് ഇപ്പോ കൃത്യായി ഓര്‍ക്കന്നില്യാ.

ഈ പാല്‍കുറ്റിയില്‍ ഇരുന്നായിരുന്നു തിങ്കളാഴ്ച്ച ഉള്ള റേഡിയോ കഥകളിപ്പദങ്ങള്‍ കേട്ടിരുന്നത്. ആ പാല്‍കുറ്റി ഇല്ലെങ്കിലും ഉണ്ടെങ്കിലും അവിടെ നെല്ലിഞ്ചാക്കുകളും പിണ്ണാക്കിന്‍ ചാക്കുകളും ഒക്കെ ധാരാളമുണ്ടായിരുന്നു. അതിന്മേലും ഇരിക്കാമായിരുന്നു.

തെക്കിണിയിലേക്ക് തുറക്കുന്ന വാതില്‍ന്മേല്‍ ചാരി നിന്നായിരുന്നു ഷീലോപ്പോള്‍ ചലച്ചിത്രഗാനങ്ങള്‍ കേട്ടിരുന്നത്. ആദ്യത്തെ മ്യൂസിക്ക് കേള്‍ക്കുമ്പോഴേക്കും ഏത് സിനിമ, ആരുപാടി, ഏതാ ഗാനം എന്നൊക്കെ പറയാന്‍ മിടുക്കത്തി ആയിരുന്നു ഷീലോപ്പോള്‍.

വാള്‍വ് റേഡിയോ ചൂടായി വന്ന് തൃശൂര്‍ നിലയം തുറക്കുമ്പോ ഒരു കീ ശബ്ദം കേള്‍ക്കും. തെച്ചീമന്ദാരം... എന്ന സിനിമാപ്പാട്ട് ഭക്തിഗാനത്തില്‍ പെടുത്തി കൈകൂപ്പി നിന്ന് അനീത്തീടച്ചന്‍ പ്രാര്‍ത്ഥിച്ചിരുന്നു.
അന്ന് അനീത്തീടച്ചനാകട്ടെ മുടിഞ്ഞ ശ്വാസം മുട്ടുമായിരുന്നു. ആ കോണിക്കെട്ടില്‍ തന്നെ കിടന്ന് ചാക്കില്‍ പൊതിഞ്ഞ കോസറി ഒക്കെ അള്ളിപ്പിടിച്ച് ശ്വാസത്തിനായി ബുദ്ധിമുട്ടുന്ന അനീത്തീടച്ഛനെ എനിക്ക് മറക്കാന്‍ വയ്യ. ചെലപ്പോ ഭാസ്കരന്‍ ഡോക്ടര്‍ വരും. ഭാസ്കരന്‍ ഒരു ഡോക്ടറുമായിരുന്നില്യാ എന്നത് വേറെ കാര്യം. അക്കാലത്ത് ഡോക്ടറ് എന്ന് പറയാന്‍ അദ്ദേഹമേ നാട്ടില്‍ ഉണ്ടായിരുന്നുള്ളൂ. കഴിഞ്ഞാല്‍ പെരിന്തലോണ്ണ പോയാല്‍ വാര്യര്‍ ഡോക്ടറും.

പറഞ്ഞ് വന്നത് കോണിക്കെട്ടിനെ പറ്റി ആയിരുന്നു. കോണിക്കെട്ട് ഒരു വല്ലാത്ത സ്ഥലമാണ്‌. ഒരു സംഗമസ്ഥലം. മുകളിലേക്ക് പോകാം താഴെയ്ക്ക് വരാം. മുകളിലോട്ടും താഴോട്ടുമുള്ള യാത്ര തടസ്സപ്പെടുത്തി നിങ്ങളെ മുകളിലും താഴെയുമായി രണ്ട് വ്യത്യസ്തലോകങ്ങളിലാക്കാം. എല്ലാം നല്ലതായാല്‍ അത് ഒരു മള്‍ട്ടിയൂട്ടിലിറ്റി സംഗമസ്ഥാനം ആണ്‌. സാധനങ്ങളും വെയ്ക്കാം. വാതില്‍ തുറന്നിട്ട് ഉമ്മറപ്പടിയില്‍ തലവെച്ച് കിടന്നാല്‍ നല്ല കാറ്റും കിട്ടും.

അദ്ധ്യാത്മിക ആത്മീയ മാനങ്ങള്‍ ഉള്ള സ്ഥലം. പിടിച്ച് കയറാം, ഉരണ്ട് പിരണ്ട് വീഴാം. താഴെയ്ക്കിറങ്ങാം. ഒരുകണക്കില്‍ ജീവിതത്തിന്‍റെ എല്ലാപ്രതീകങ്ങളും അടങ്ങിയതാണ്‌ കോണിക്കെട്ട്. ജീവിതം തന്നെ.

കോണിക്കെട്ടുകളും നഷ്ടപ്പെടുന്നുവോ? അതോ കോണിക്കെട്ടുകളില്‍ തളം കെട്ടി നില്‍ക്കുന്നുവോ? വാതിലുകള്‍ ഉണ്ട്. മുകളിലേക്ക് പോകാം എന്നാലും കോണിക്കെട്ടില്‍ തളം കെട്ടി നില്‍ക്കുന്നതിന്‍റെ വാസന ആണ്‌ എനിക്കനുഭവപ്പെടുന്നത്.

തളംകെട്ടി നില്‍ക്കുന്നതിനു ഒരു മടുപ്പിന്‍റെ ചൂരാണ്‌. അല്ല, മടുപ്പിയ്ക്കുന്ന ചൂര്‌.

അപ്പോ, ഹാപ്പി ജനംദിന്‍ ആശംസാസ്, സുനില്‍!

2 അഭിപ്രായങ്ങൾ:

© Mubi പറഞ്ഞു...

വീട്ടിലെ തന്നെ മറന്നു പോയ കുറെ സ്ഥലനാമങ്ങള്‍ ഓര്‍മ്മിപ്പിച്ചു സുനിലിന്‍റെ പോസ്റ്റ്‌....

കൊച്ചു ഗോവിന്ദൻ പറഞ്ഞു...

ബൂലോകത്തിലൂടെ അങ്ങനെ കറങ്ങി നടന്നപ്പോ കേറീതാ! എന്നാ പിന്നെ ഒരു ഒപ്പ് വെച്ചിട്ട് പോകാന്ന് വെച്ചു.
കൃത്രിമത്വം തീരെയില്ലാത്ത ഭാഷ. നഷ്ടപ്പെടലിന്റെ നോവൂറുന്ന ഓർമകളും.
അതിമനോഹരം.
ആശംസകൾ.
-കേഡി

ശൂർപ്പണഖയുടെ മൂക്കും ചെവിയും മുലയും മുറിക്കൽ

ആദ്യമേ പറയട്ടെ, ഞാൻ ഉദ്ധരിയ്ക്കുന്നതെല്ലാം ഇന്റെർനെറ്റിൽ ലഭ്യമായ സ്രോതസ്സുകൾ ആണ്. അതിനാൽ ലിങ്ക് ഉണ്ട്. ശൂർപ്പണഖയുടെ അംഗവിഛേദം കഥകളിയിലും കൂട...