20 ജൂൺ 2017

ഉണ്ണിയച്ചീചരിതം - കഥാസംഗ്രഹം

കടപ്പാട്: ഉണ്ണിയച്ചീചരിതം. വ്യാഖ്യാതാവ് പ്രൊഫ.മുഖത്തല ഗോപാലകൃഷ്ണൻ നായർ. കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ചത്. മൂന്നാം പതിപ്പ്. 2011

കഥാസംഗ്രഹം എന്ന് പറഞ്ഞെഴുതാൻ സത്യത്തിൽ ഒരു ഖണ്ഡിക മതി. ബാക്കി എല്ലാം വിസ്തരിച്ചുള്ള വർണ്ണനകളാണ്. ആ വർണ്ണനകൾ ആണ് നമുക്ക് അന്നത്തെ കാലത്തെ കുറിച്ചും അന്നത്തെ സമൂഹത്തെ കുറിച്ചും ഉള്ള വിവരം അല്പമെങ്കിലും തരുന്നതും. വർണ്ണനയുടെ ശൈലി/രീതി എന്ത് എന്നറിയാൻ മാത്രം ഞാൻ അൽപ്പം ഇവിടെ കുറിയ്ക്കുന്നു. തമിഴും പഴയ മലയാളവും തുളുവും അൽപ്പം അറബിമലയാളവും കലർന്ന മണിപ്രവാളരൂപത്തിൽ ആണ് ഉണ്ണിയച്ചീചരിതം എഴുതിയിരിക്കുന്നത്. പലപ്പോഴും അർത്ഥം പറയാൻ ക്ലിഷ്ടതയുമുണ്ട്. മുഴുവനും ലഭ്യമല്ല, ലഭ്യമായത് തന്നെ പലഭാഗങ്ങളും നശിച്ചിരിക്കുന്നു.

അർദ്ധനാരീശ്വരവർണ്ണനയോടെ ആണ് ചരിതം തുടങ്ങുന്നത്.
പരമശിവന്റെ കാരുണ്യത്താൽ ശോഭിയ്ക്കുന്ന തൃച്ചളരി അമ്പലം പുറകിഴാർ നാട്ടുരാജാവ് ഭക്തിയാൽ ചെമ്പുകൊണ്ട് ഉണ്ടാക്കിയതാണ്. പരമശിവന്റെ അനുഗ്രഹത്താൽ സകല ഐശ്വര്യങ്ങളും വർദ്ധിച്ചു. തൃച്ചളരി=തൃശ്ശലേരി.

ശിവന്റെ സന്ധ്യാസമയത്തെ നൃത്തവർണ്ണനയും തുടർന്ന് പാർവ്വതീദേവിയുടെ വർണ്ണനയും ആണ് അടുത്തത്.

അവിടെ ആകട്ടെ പവിത്രമായ അടിക്കീഴ് തുടങ്ങിയ തീർത്ഥങ്ങൾ ഉണ്ട്. ഭൂമിയിലെ വൈശ്രവണമെന്ന് പ്രസിദ്ധിയാർജ്ജിച്ചതും മുനികൾ വന്ന് ധ്യാനത്തിനിരിക്കുന്നതും ആയ ആ സ്ഥലം വളരെ പേരുകേട്ടതാണ്.

പിന്നീട് തിരുന്നെല്ലിയെ വർണ്ണിക്കുന്നു. അവിടത്തെ നെൽകൃഷിയേയും തീർത്ഥങ്ങളേയും പറ്റി പറയുന്നു. വിഷ്ണുവിനേയും ശിവനേയും വർണ്ണിക്കുന്നു. ബ്രഹ്മഗിരിയ്ക്ക് താഴെയുള്ള ഒരു കുന്നിലാണ് തിരുനെല്ലി ക്ഷേത്രം.

തിരുനെല്ലിയിലെ തീർത്ഥത്തെ വർണ്ണിക്കുന്നു. പിന്നെ തിരുനെല്ലിയുടെ അതിരുകളെ പറ്റി പറയുന്നു. തെക്ക് തിരിച്ചലരി. (പൊടിഞ്ഞുപോയിരിക്കുന്നതിനാൽ ഈ ഭാഗത്ത് അക്ഷരങ്ങൾ ക്ലിയർ അല്ല) പടിഞ്ഞാറ് കാവുകൾ. വടക്ക് ബ്രഹ്മഗിരിയിലെ കുമാരഭവനം എന്ന അമ്പലം. കിഴക്ക് വള്ളൂർക്കാവ് എന്ന ദുർഗ്ഗാക്ഷേത്രം.

പിന്നെ തിരുമരുതൂരിനെ വർണ്ണിക്കുന്നു. കൈലാസത്തിനു അളക എന്നപോലെ തിരുമരുതൂരിനു തിരുപ്പരപ്പ്. ലങ്കപോലെ അതുല്യമായ രക്ഷയോടുകൂടിയത്. ഈ വർണ്ണനപ്രകാരം തിരുമരുതൂരിലെ അക്കാലത്തെ നാടുവാഴി ഗുപ്തനെന്ന രാജാവിന്റെ മകൻ ആയിരുന്നു എന്ന് ഊഹിക്കാം. കൊടുങ്ങല്ലൂരിനേക്കാൾ നൂറുമടങ്ങ് ശോഭയെ പ്രാപിച്ചതാണ് തിരുമരുതൂർ എന്ന് കവി. ഹൊസാലാ രാജാക്കൻമാരുടെ തലസ്ഥാനമായ ദോരസമുദ്രത്തെ കൂടെ പിന്നിലാക്കി അതിഗംഭീരമായ സമ്പത്ത് ഐശ്വര്യങ്ങളോടെ തിരിമരുതൂർ വിലസുന്നു എന്ന് കവി. വിഷ്ണുവാണവിടെ പ്രതിഷ്ഠ. മറ്റൊന്ന് ശിവനും.

തുടർന്നാണ് തിരുമരുതൂരിലെ ചിറയെ വർണ്ണിക്കുന്നത്. ആ വർണ്ണനയിൽ മേടം മുതൽ ഉള്ള മലയാളമാസങ്ങളേയും ഭംഗിയായി സന്നിവേശിപ്പിച്ചിരിക്കുന്നു. (മുകളിൽ നോക്കുക)
സാമാന്യം ദീർഘമായ ഈ വർണ്ണനം അവസാനിക്കുന്നത്, ഒരിക്കൽ കുറുകിക്കിടന്ന രാഹുവിനെക്കുറിച്ചുള്ള ഭയത്താൽ പൂർന്നചന്ദ്രൻ ധാരാളമായി വിയർത്തൊഴുകിയത് ഇവിടെ, തിരുമരുതൂരിൽ ചിറയുടെ രൂപത്തിൽ വീണു കിടക്കുന്നത് എന്ന് അറിവുള്ളവരാം പുകഴ്ത്തപ്പെടുന്ന അകൃത്രിമസാരമായ ചിറയതൊന്നിൽ ചെറുകടലായി ശോഭിയ്ക്കുന്നുവോ അതാണ് തിരുമരുതൂർ ചിറ എന്നും പറയുന്നു.

ആ മാളികയും ചിറയും ആ വിധത്തിൽ അന്നും ഇന്നും ഇനിമേലിലും ദേവൻമാർക്കുപോലും നിർമ്മിക്കാൻ സാധിക്കില്ല എന്നും പറയുന്നു. അവിടെ കുംബമാസത്തിൽ അഷ്ടമി ആഘോഷിക്കുന്നു.

മൂന്ന് ലോകങ്ങളേയും അശേഷം കമ്പിതമാക്കിയ ശിവനോട് ഉള്ള ദേഷ്യം-വിരോധം, കൂടിയമട്ടിൽ തിരികെ ചെയ്യണമെന്ന് അവസരം കരുതിയിരിക്കുന്ന കാമദേവന് വസന്തം വരുമ്പോൾ വിജയഭേരി എന്ന് തോന്നുന്നവിധത്തിൽ കുയിലുകളുടെ ഇമ്പമുള്ള പാട്ടിനാലെ ചെമ്പകപ്പൂവ് മൊട്ടിടാൻ തുടങ്ങുന്നപോലെ പൊലിയാതേയും ശോഭിച്ചു ചുറ്റുമുള്ള വിളക്കിന്റെ പ്രകാശത്താൽ ഉജ്വലയായി കൈവിളക്കിനോടൊപ്പം ആഭരണങ്ങളുടെ ശോഭയുമായി അരയിലണിയുന്ന സ്വർണ്ണാഭരണത്തോടുകൂടി മുഖ്യസ്ത്രീകളാൽ അലങ്കരിക്കപ്പെട്ടതായ നാലുജാതിയിലും ഞങ്ങൾക്ക് എതിരിടാൻ ആരുമില്ലാത്തവർ ആയെന്നള്ളുതിന്റെ വലിപ്പം കൊണ്ട് നാലുദിക്കിലും വാളോടു കൂടി നടക്കുന്ന ആഡ്യൻമാരായ മാടമ്പിവർഗ്ഗത്താൽ ചുറ്റപ്പെട്ട പുറകിഴനാട് (മഹോദയ രാജാക്കൻമാരുടെ കീഴിലുണ്ടായിരുന്ന പതിനെട്ട് നാടുകളിൽ ഒന്നാണ് പുറകിഴനാട്) അവിടെ രണ്ട് പൂർണ്ണചന്ദ്രൻമാരെ പോലെ ഉള്ള ഇളം‌കൂറും മുതുകൂറും. അവർ ദാക്ഷിണാത്യ ബ്രാഹ്മണരുടെ നോട്ടം കൊണ്ട് അത്യന്തം ആദരിക്കപ്പെട്ടവർ ആയി. അന്നത്തെ ആഘോഷത്തിൽ പ്രേക്ഷകനായി വന്ന വിസ്മയകരമായ വിദ്യയുള്ള ഗന്ധർവ്വയുവാക്കളിൽ ശ്രേഷ്ടനായ ഒരു ഗന്ധർവ്വൻ, അച്ചിയാരുടെ മകളായ സുന്ദരിയെ, അലസമായ നോട്ടത്തോടുകൂടിയ പതിവ്രതയായ ഉണ്ണിയച്ചിയെം പ്രേയസി എന്ന പോലെ കണ്ടു.

അവളെ കണ്ട് വർദ്ധിച്ഛ ആനന്ദപുളകിതനായി അവൻ കൗതൂഹലചിത്തനായി, മനുഷ്യനായി തന്റെ സുന്ദരിയാ പ്രേയസിയുടെ വാർത്തകളു മറ്റും മറന്ന്, തകർന്ന ഹൃദയവുമായി കാറ്റിന്റെ മാർഗ്ഗത്തിൽ നിന്നും താഴോട്ട് ഇറങ്ങി. (ഗന്ധർവ്വനു തന്റെ ഭാര്യമാരെ കുറിച്ച് ഉള്ള ബോധമെല്ലാം ഇവളെ കണ്ടപ്പോൾ മറന്ന്, ഭൂമിയിലേക്ക് ഇറങ്ങി എന്ന് ചുരുക്കം)

ഉണ്ണിയച്ചിയുടെ രൂപസൗകുമാര്യം കണ്ട് ഗന്ധർവ്വൻ അവളിൽ മോഹമുള്ളവനാകുന്നു. ഉണ്ണിയച്ചിയെ ഓരോരുത്തരോടും സാദൃശ്യപ്പെടുത്തു ചിന്തിക്കുന്നു.

വിസ്താരഭയം കൊണ്ട് ഞാൻ വർണ്ണനകൾ ഒക്കെ ചുരുക്കുന്നു.

ഒരു ബ്രാഹ്മണ യുവാവ് ഗന്ധർവ്വനോട് ഉണ്ണിയച്ചിയുടെ പൂർവ്വചരിത്രം പറഞ്ഞ് കൊടുക്കുന്നു.

വടക്ക് അതിയമാനല്ലൂരെന്ന പ്രസിദ്ധമായ ഒരു ദേശം ഉണ്ട്. (അതിയമാൻ അക്കാലത്ത് ഒരു ഇടപ്രഭുവായിരുന്നു. ‘അവ്വൈ’ എന്ന കവയിത്രിയുടെ രക്ഷാധികാരിയായി ഇരുന്ന് കീർത്തി നേടിയിട്ടുണ്ട്.) പർവ്വതമദ്ധ്യത്തിൽ ഉള്ള ആ പട്ടണത്തിന് തിലകമായി ധാരാളം സമ്പത്തുള്ള അതിയമാനൻ എന്ന എന്നവന്റെ വംശത്തിൽ ഒരു സ്ത്രീ വസിക്കുന്നുണ്ട്.

പിന്നീട് അതിയമാനല്ലൂരിലെ കെട്ടിടങ്ങളുടേയും മറ്റും വർണ്ണനയാണ്. (നായികയുടെ ജൻമസ്ഥലം കോലത്തുനാട്ടിലുള്ളാ അതിയമാനല്ലൂരാണെന്ന് ഉള്ളൂർ. സേലത്തുള്ള അതിയാമാനല്ലൂരിൽ നിന്ന് പുറപ്പെട്ട് പുറകിഴനാട്ടിലെ തിരുമരുതൂരിലേക്ക് താമസം മാറ്റിയെന്ന് ഇളംകുളം.)

അവിടത്തെ ശിവക്ഷേത്രവും ക്ഷേത്രത്തിലെ ദേവദാസികൾക്ക് പാർക്കാനുള്ള കോവിലുകളും മറ്റും പറയുന്നു.

പിന്നീട് ഉണ്ണിയച്ചിയേയും അവളുടെ പൂർവ്വികരേയും വർണ്ണിക്കുന്നു.
നങ്ങൈപ്പിള്ള എന്നൊരു സുന്ദരിയവിടെ ജനിച്ചു. അവൾക്ക് അച്ചിയാർ എന്ന ഒരു മകളും. ആ അച്ചിയാർ അതിസുന്ദരികളായ രണ്ട് പെൺമക്കൾക്ക് ജൻമം നൽകി.

അച്ചിയാരുടെ മൂത്ത പുത്രിയുടെ സൗന്ദര്യം വർണ്ണിക്കുന്നു. കാ ൽപനികത കലർന്ന വർണ്ണന രസകരമാണ്.

ശേഷം ഉണ്ണിയച്ചിയെ അടിമുടി വർണ്ണിക്കുന്നു.

ചെന്താർബാണ മണിച്ചെപ്പ് ചേവടി പണിയുന്ന എന്ന് കോട്ടയത്ത് തമ്പുരാൻ ബകവധത്തിൽ.
ഇവിടെ, ചെന്താർബാണന്റെ മണിരഥ, മണിത്തേരിനെ ജഘനവുമായാണ് തരതമ്യപ്പെടുത്തിയിരിക്കുന്നത്. ജഘനവും നിതംബവുമൊക്കെ തേരിനോട് എന്ത് അർത്ഥത്തിലാന്നാവോ താരതമ്യം!! മണിച്ചെപ്പ് ചേവടിപണിയുന്നത് മുലയോട് എങ്കിൽ, അത് ആകൃതി കൊണ്ട് എന്നെങ്കിലും പറയാം. ഇതിപ്പോൾ… :)

അക്കാലത്ത് അങ്ങനെ ഇവൾ ലക്ഷ്മീദേവി പാൽക്കടലിൽ നിന്നും വടരുന്ന താമരയിലേക്കെന്ന പോലെ അതിയമാനെല്ലൂരിൽ നിന്നും വീരശ്രീ പൂണ്ട രവിയാൽ നിർമ്മിതമായ (രവിവരംമ എന്നോ മറ്റോ പേരുള്ള കോലത്ത് രാജാവായിരിക്കണം) കോലത്തുനാട്ടിൽ വന്നെത്തി. പുണ്യം മഹാവിഷ്ണുവിന്റെ ഉടലിലെന്ന പോലെ ഇന്നിവൾ ഈ പുറകിഴാനാടിനു അലങ്കാരമായി. 

ഇങ്ങനെ ആ ബ്രാഹ്മണവിദ്യാർത്ഥിയുടെ വാക്കുകൾ കേട്ട് ഉറക്കച്ചടവോടെ എന്നാൽ ആവേശത്തോടേ പുലരുന്നത് വരെ ഓരൊഓന്ന് ചിന്തിച്ച് ഇരുന്ന ആ ഗന്ധർവ്വൻ അവിടെ ശിവനെ വണങ്ങി. ആ ഗന്ധർവ്വനും ബ്രാഹ്മണക്കുട്ടിയും ഉണ്ണിയച്ചിയുടെ ഗൃഹത്തിലേക്ക് പോയി.

പോകുന്നവഴിക്ക് ഉള്ള അങ്ങാടികളുടെ വർണ്ണനമാണ് പിന്നീട്. കച്ചവടക്കാരുടെ സംഭാഷണങ്ങളിലും അവിടേയ്ക്ക് വരുന്നവരുടെ സംഭാഷണങ്ങളിലും അക്കാലത്തെ സാമൂഹിക ചിത്രത്തിന്റെ ചില സൂചനകൾ ഉണ്ട്.

മദ്യപാനികളുടേയും മീൻ കച്ചവടക്കാരുടേയുമൊക്കെ സംഭാഷണങ്ങൾ വർണ്ണിച്ച ശേഷം അവിടത്തെ നാടകശാലയെ പറ്റി വർണ്ണിക്കുന്നു.

പിന്നീട് തിരുനെല്ലി ക്ഷേത്രത്തിനടുത്തുള്ള ഹരിഹരസുതനായ അയ്യപ്പനെ സ്തുതിയ്ക്കുന്നു.

അങ്ങനെ ആശ്ചര്യകരമായ പലതും കണ്ട് ഗന്ധർവ്വനു ആശ്ചര്യം വർദ്ധിച്ചു. അവസാനം അവൻ ഉണ്ണിയച്ചിയുടെ ഭവനവും കണ്ടു.

ശേഷം ഭവനത്തിലെ ഉദ്യാനവർണ്ണനയും മറ്റുമാണ്. ഈ വർണ്ണനയിൽ അശ്വതി മുതൽ 27 നക്ഷത്രങ്ങളുടെ പേരും നിബന്ധിച്ചിരിക്കുന്നു. മുൻപ് മലയാളമാസങ്ങളുടെ പേരുകൾ നിബന്ധിച്ചത് ഓർക്കുക. പക്ഷെ പലഭാഗങ്ങളും വിട്ട് പോയതിനാൽ അർത്ഥം പറയാൻ ബുദ്ധിമുട്ടാണ്. വിവിധ വിഷയങ്ങളിൽ കവിയ്ക്ക് ഉണ്ടായിരുന്ന പാണ്ഡിത്യം ഇവിടെ പ്രകടമാണ്.

കോലത്ത് നാട്ടിലെപോലെ മനോഹരമായ മാളികളാൽ വിളങ്ങുന്നതും കുവലയപ്പൂവിന്റെ ദളങ്ങളെ പോലെ ശോഭിയ്ക്കുന്ന പെരുഞ്ചല്ലൂർ പോലേയും പ്രസിദ്ധമായ കൊടുങ്ങല്ലൂർ പോലെ ഉള്ള അവിടെ, ഉണ്ണിയച്ചിയുടെ അതുല്യമായ കോയിൽ ഗന്ധർവ്വൻ ചുറ്റും കണ്ടു.
(പെരുഞ്ചല്ലൂർ, കൊടുങ്ങല്ലൂർ എന്നിങ്ങനെ പറഞ്ഞത് കാലഗണനയ്ക്ക് ഉപകരിയ്ക്കും.)

ചുറ്റുമുള്ള നാടുവാഴികൾ മധുപാനം ചെയ്തു ശൃംഗാരികളായി വന്ന് ഉണ്ണിയച്ചിയെ സ്തുതിയ്കുന്നു. തുടർന്ന് ഉണ്ണിയച്ചിയുടെ ഭവനവും പരിസരവും വർണ്ണിക്കുകയാണ്. ഈ വർണ്ണനയിലും കവി ആഴ്ച്ചകൾ, ഋതുക്കൾ, തിഥികൾ എന്നിവ സൂത്രത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. പലവൃക്ഷങ്ങളുടെ പേരും ഉൾപ്പെടുത്തിയിട്ടുണ്ട്.

ആളുകളേയും അവരുടെ പ്രവൃത്തികളേയും മറ്റും വർണ്ണിക്കുന്നതിനിടയിൽ ആനയച്ചിനെ പറ്റി പ്രസ്താവിക്കുന്നുണ്ട്. എ.ഡി പതിമൂന്നാം നൂറ്റാണ്ടിന്റെ ആരംഭത്തിലാണ് ഈ ചോളനാണയം നടപ്പിലാക്കുന്നത്.

അത്യാഡംബരരീതിയിൽ വേഷഭൂഷാദികൾ ധരിച്ച് വിവ്ധ ഭാഷകൾ സംസാരിക്കുന്ന സ്വർണ്ണവർണ്ണം നിറഞ്ഞൊഴുകുന്ന അവിടെ വന്നെത്തിയവരായ കച്ചവടക്കാരേയും ബ്രാഹ്മണരേയും അവൻ കണ്ടു. ശേഷം വിവിധജനങ്ങളെ കുറിച്ച് സരസമായി വർണ്ണിച്ചിരിക്കുന്നു.

അർങ്ങാവ് എന്ന പ്രശസ്തമായ വൈദ്യനെ കുറിച്ച് പരമാർശിക്കുന്നു. അർങ്ങാവ്, അയിരൂർ, ആലത്തൂർ എന്നിവയായിരുന്നു അന്നത്തെ പ്രശസ്തമായ മൂന്ന് വൈദ്യകുടുംബങ്ങൾ.

അവിടെ കൂടിയിരിക്കുന്നവരുടെ പലവിധസംഭാഷണങ്ങൾ പരിഹാസരൂപേണ ഉദ്ധരിക്കുന്നു.

ജളന്മാരായ പലരും മുറുക്കാൻ ചുവപ്പിച്ച് ഉണ്ണിയച്ചിയോടുള്ള കാമം മൂത്ത് അവളുടെ ഭവനത്തിലെ ക്ഷേത്രത്തിൽ തിങ്ങിക്കൂടി വളിച്ച വർത്തമാനമങ്ങൾ പറയുന്നത് അവൻ കേട്ടു.

അവരെ പരിഹസിച്ച് എഴുതിയിരിക്കുന്നു.
സുന്ദരികളുടെ കക്ഷത്തിലെ ഇരുണ്ടു ചുരുണ്ടു വളരുന്ന രോമരാജികൾ എള്ളിൻ മണികൾ പോലെയാണത്രെ. എള്ളിൽ എണ്ണപോലെ ഈ കുറുരോമരാജിയിൽ കാമുക്ന്മാരോടുള്ള സ്നേഹം നിറഞ്ഞിരിക്കുന്നു എന്ന് കവി. സ്നേഹം എന്നാൽ എണ്ണ എന്നും അർത്ഥമുണ്ട്.

ഉണ്ണിയച്ചിയുടെ ഭവനത്തിൽ പ്രവേശിക്കുക പ്രയാസം തന്നെ എന്ന് വിചാരിച്ച് അവൻ അവളുടെ തോഴിമാരെ നോക്കി. ഉണ്ണിയച്ചിയുടെ ഭവനപരിസരത്തെ പറ്റിയാണ് പിന്നീട് വർണ്ണന.

പിന്നീട് ഗന്ധർവ്വൻ ഉണ്ണിയച്ചിയെ കാണുന്നു. ആ സുന്ദരിയുടെ സൗന്ദര്യം കണ്ട് തന്നെ തന്നെ മറന്ന് ഓരോന്ന് ചിന്തിക്കുന്നത് വർണ്ണിക്കുകയാണ് പിന്നീട്.

കാമദേവൻ ദിക്കുകളിലെയെലാം കുവലയപ്പൂക്കൾ ഒന്നിച്ച് ശേഖരിച്ച് അവയുടെ നീരുകൊണ്ട് ഒരു നദിസൃഷ്ടിച്ച് അതിൽ എന്റെ കണ്ണുകൾ മുക്കിയതാണോ എന്ന് ഗന്ധർവ്വൻ സംശയിക്കുന്നു. തുടർന്ന് അവളെ അടിമുതൽ മുടിവരെ വർണ്ണിക്കുന്നു.

പിന്നീട് സമ്പൽസമൃദ്ധമായ ഒരു സ്ഥലത്തിന്റെ ചിത്രം ഓർക്കുവാൻ സാധിക്കുന്നതരത്തിൽ ഒരു വർണ്ണനയാണ്.

ശേഷം പഴഞ്ചേരി അമ്മയെ അതിമനോഹരമായ ഒരു ഗദ്യത്തിൽ സ്തുതിയ്ക്കുന്നു.

പിന്നീടും വർണ്ണനകൾ അനവധി ഉണ്ട്. അവസാനം ദേവൻ ശ്രീകുമാരൻ ചൊന്ന ചമ്പു എല്ലാ ആദരവോടും കൂടി രാമൻ ശ്രീകുമാരൻ ആയ ഞാൻ ഏട്ടിൽ എഴുതിക്കൂട്ടി എന്ന് പറഞ്ഞ് അവസാനിപ്പിക്കുന്നു.

പലഭാഗത്തും അക്ഷരങ്ങൾ പൊടിഞ്ഞതിനാൽ വാക്യങ്ങൾ പൂരിപ്പിക്കാനും അർത്ഥം മുഴുവനാക്കാനും പറ്റുന്നില്ല എന്ന് വ്യാഖ്യാതാവായ പ്രൊഫസർ മുഖത്തല ഗോപാലകൃഷ്ണൻ നായർ പറയുന്നുണ്ട്. ഈ ചമ്പു അപൂർണ്ണമാണ്.

1 അഭിപ്രായം:

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

ഈ വർണ്ണനയിൽ അശ്വതി മുതൽ 27 നക്ഷത്രങ്ങളുടെ
പേരും നിബന്ധിച്ചിരിക്കുന്നു. മുൻപ് മലയാളമാസങ്ങളുടെ
പേരുകൾ നിബന്ധിച്ചത് ഓർക്കുക. പക്ഷെ പലഭാഗങ്ങളും
വിട്ട് പോയതിനാൽ അർത്ഥം പറയാൻ ബുദ്ധിമുട്ടാണ്. വിവിധ
വിഷയങ്ങളിൽ കവിയ്ക്ക് ഉണ്ടായിരുന്ന പാണ്ഡിത്യം ഇവിടെ പ്രകടമാണ്. '

എല്ലാം അറിയാത്ത ചരിതങ്ങളായിരുന്നു

ശൂർപ്പണഖയുടെ മൂക്കും ചെവിയും മുലയും മുറിക്കൽ

ആദ്യമേ പറയട്ടെ, ഞാൻ ഉദ്ധരിയ്ക്കുന്നതെല്ലാം ഇന്റെർനെറ്റിൽ ലഭ്യമായ സ്രോതസ്സുകൾ ആണ്. അതിനാൽ ലിങ്ക് ഉണ്ട്. ശൂർപ്പണഖയുടെ അംഗവിഛേദം കഥകളിയിലും കൂട...