ഗാനം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ഗാനം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

27 ജൂലൈ 2019

The Devadasi and the Saint The life and times of Bangalore Nagarathnamma


The Devadasi and the Saint 
The life and times of Bangalore Nagarathnamma
By:Sriram. V
ISBN:978-93-86036-01-8
First Edition: 2016
Copyright @ 2007 Sriram V
First published: December 2007
Cover Design:Art Works, Chennai
Copy Editor: Rukmini Amirapu
Publishers: EastWest, Madras & New Delhi
Kindle Edition: https://www.amazon.in/gp/product/B01EMR1AZ0/ref=ppx_yo_dt_b_d_asin_title_o00?ie=UTF8&psc=1
(വായന: സുനിൽ ഏലംകുളം മുതുകുറുശ്ശി)
ബാംഗളൂർ നാഗരത്നമ്മ
3 November 1878 – 19 May 1952

ആരായിരുന്നു നാഗരത്നമ്മ എന്ന് എനിക്ക് അറിയുമായിരുന്നില്ല. എന്നാൽ ആ പേർ അവിടേയും ഇവിടേയും വായിച്ചു കേട്ടിട്ടുമുണ്ട്. ത്യാഗരാജ ആരാധന എന്ന തിരുവയ്യാർ ആഘോഷത്തെ പറ്റി ധാരാളം കേട്ടിട്ടുണ്ട്. പാട്ട് ഇഷ്ടമാണെന്നതിനാൽ ഒരിക്കലെങ്കിലും തഞ്ചാവൂരും തിരുവയ്യാറും എല്ലാം സന്ദർശിക്കണം എന്നൊരു മോഹം മനസ്സിൽ കിടക്കുന്നുമുണ്ട്. എം. എസ് സുബ്ബലക്ഷ്മി ഒരു ദേവദാസിയുടെ മകൾ ആണെന്ന് വായിച്ചറിയാം. കൂടാതെ ടി. ജെ.എസ് ജോർജ്ജ് എഴുതിയ എം. എസ്സിന്റെ ജീവചരിത്രം വായിച്ചിട്ടുമുണ്ട്. ഇതൊക്കെ ആണ് ഈ പുസ്തകം വാങ്ങാനും വായിക്കാനുമുള്ള പശ്ചാത്തലം.

ശ്രീരാം. വിയുടെ ഇംഗ്ലീഷ് എളുപ്പത്തിൽ വായിക്കാവുന്ന അധികം ആഴമില്ലാത്ത ശൈലിയാണ്. അതിനാൽ തന്നെ ഒറ്റയിരിപ്പിനിരുന്നു വായിച്ചു തീർത്തു. വായിച്ച് കഴിഞ്ഞപ്പോൾ ദക്ഷിണ കേരളത്തിൽ നിലവിലിരുന്ന ദേവദാസി സമ്പ്രദായത്തെ പറ്റി ഒരു ധാരണ കിട്ടി. 

ആ സമ്പ്രദായം നിരോധിക്കാൻ പാർലമെന്റിലും മറ്റും നടന്ന ചർച്ചകളടേയും അവതരിപ്പിച്ച ബില്ലുകളുടേയും ഒരു ഏകദേശ രൂപവും രാഷ്ട്രീയ പശ്ചാത്തലവും മനസ്സിലായി. അന്ന് നമുക്ക് സ്വാതന്ത്ര്യം കിട്ടിയിരുന്നില്ല എന്ന് ഓർക്കുക. അക്കാലം മഡ്രാസ് ലെജിസ്ലേറ്റീവ് കൗൺസിൽ ആയിരുന്നു. അതിൽ ആദ്യത്തെ വനിതാ പ്രതിനിധി ഡോ. മുത്തുലക്ഷ്മി റെഡ്ഡി (1927) എന്ന വനിത ദേവദാസി സമ്പ്രദായത്തെ നിരോധിക്കാൻ പരിശ്രമിച്ച ഒരാളായിരുന്നു. അവരാകട്ടെ ദേവദാസി സമ്പ്രദായത്തിൽ നിന്നും വന്നവരുമായിരുന്നു. 

ക്ഷേത്രങ്ങളിലെ ആരാധനാ ബിംബങ്ങൾക്ക് സ്ത്രീകളെ സമർപ്പിക്കുന്ന രീതി ഇന്ത്യയിൽ മാത്രമല്ലാ, ഗ്രീക്ക്, റോമൻ, ഈജിപ്ഷ്യൻ സംകാരങ്ങളിലെല്ലാം തന്നെ പുരാതനകാലം മുതൽ നിലനിന്നിരുന്നു. അത്തരം സ്ത്രീകളെ ആണ് ദക്ഷിണേന്ത്യയിൽ ദേവദാസികൾ എന്ന് അറിയപ്പെട്ടിരുന്നത്. ദേവദാസി സ്ത്രീകൾ ക്ഷേത്രത്തിലെ പ്രതിഷ്ഠയെയാണ് വിവാഹം ചെയ്തിരിക്കുന്നത് എന്നാണ് സങ്കല്പം. അതുകൊണ്ട് തന്നെ സമൂഹത്തിലെ എല്ലാതരത്തിൽ പെട്ട കുടുംബങ്ങളിൽ നിന്നും ദേവദാസികൾ ഉണ്ടാവുമായിരുന്നു. അതിനു ബ്രാഹ്മണകുടുംബം ശൂദ്രകുടുംബം എന്നൊന്നും ജാതിവ്യത്യാസം ഉണ്ടായിരുന്നില്ല തന്നെ. പവിത്രത അല്ലെങ്കിൽ പാതിവ്രത്യം എന്നത് അവരുടെ കാര്യത്തിൽ ഒരു പ്രശ്നമേ അല്ലായിരുന്നു. എന്നാൽ ദേവദാസികൾ ഒരിക്കലും ഇന്ന് കാണുന്ന വേശ്യകളെ പോലെ ആയിരുന്നില്ല. പല നഗരങ്ങളിലേയും വേശ്യാത്തെരുവുകളിൽ ഇന്ന് കാണുന്ന പോലെ വസ്ത്രം മാറ്റി തെരുവോരത്ത് നിന്ന് ശരീരം പ്രദർശിപ്പിച്ച് അവർ അവരുടെ കസ്റ്റമേഴ്സിനെ വശീകരിച്ചിരുന്നില്ല, എന്തിന് ദേവദാസികൾ അവരുടെ ശരീരം പൊതുവായി പ്രദർശിപ്പിച്ചിരുന്നുപോലുമില്ല. സമൂഹത്തിലെ മറ്റാരേയും പോലെ അവരും വസ്ത്രം ധരിച്ച് മാന്യമായി ആളുകളോട് ഇടപെട്ട് വന്നിരുന്നവരായിരുന്നു. അവർ ഒരു മൂർത്തിയ്ക്ക് നിവേദ്യമായി അർപ്പിക്കപ്പെട്ടവൾ ആയിരുന്നു. അവരായി അത് തിരഞ്ഞെടുത്തതുമല്ല. ക്ഷേത്രങ്ങളിൽ അവർക്ക് കുംഭാരതിയ്ക്ക് അധികാരമുണ്ടായിരുന്നു എന്ന് മാത്രമല്ല അവരുടെ നിലനില്പിനായി ഭൂസ്വത്ത് അടക്കം പല സ്വത്തുക്കളും അവർക്കായി നൽകിയിരുന്നു. അത് കൂടാതെ സമൂഹത്തിലെ മാന്യന്മാർ അവരെ ഭോഗവസ്തുവായും കരുതിയിരുന്നു എന്നതിലാണ് സംഗതികളുടെ കിടപ്പുവശം മാറുന്നതും. അവരുടെ കുട്ടികളുടെ അച്ഛൻ ആരെന്ന് അവർ പറയും. കുട്ടികളേയും സഹോദരീസഹോദരന്മാരേയും നോക്കി രക്ഷിക്കൽ അവരുടെ കടമ തന്നെ ആയിരുന്നു. മിക്കവരും വലിയ കൂട്ടുകുടുംബരീതിയിൽ ആയിരുന്നു വസിച്ചിരുന്നത്. സാമ്പത്തികമായി നല്ല നിലയിലുണ്ടായിരുന്ന ക്ഷേത്രങ്ങളിലെ ദേവദാസി കുടുംബങ്ങളും സാമ്പത്തികമായി നല്ല നിലയിലായിരുന്നു. അവർക്ക് സമൂഹത്തിലെ ബ്രാഹ്മണരടക്കം പല മാന്യന്മാരും കയ്യയച്ച് കൊടുക്കാറുണ്ടായിരുന്നു. 

പാരമ്പര്യമായി ദേവദാസികൾ അഭിനയം, സംഗീതം, വാദ്യം (പുരുഷന്മാർ) എന്നീ വിഷയങ്ങളിൽ പ്രാവീണ്യം നേടിയവരായിരുന്നു. അവർക്ക് വായിക്കാനും പഠിക്കാനും അറിയാമായിരുന്നു എന്ന് മാത്രമല്ല സാഹിത്യ പഠനം അവരുടെ നിലനില്പിന്റെ ഒരു ആവശ്യവും ആയിരുന്നു. അതിനാലവർ പ്രാദേശിക ഭാഷകൾ കൂടാതെ സംസ്കൃതവും ഇംഗ്ലീഷും പഠിച്ചിരുന്നു. അവരുടെ സദിർകച്ചേരികൾ ഭൂപ്രഭുക്കൾക്കും നാട്ടുരാജാക്കന്മാർക്കും അവരവരുടെ പ്രൗഢികാണിക്കാനുള്ള വേദികൾ കൂടെ ആയിരുന്നു. ആഘോഷങ്ങൾക്കെല്ലാം ദേവദാസികളുടെ സദിർകച്ചേരികളും പാട്ട് കച്ചേരികളും ഒഴിച്ചുകൂടാനാവാത്തവയായിരുന്നു. എന്നിരുന്നാലും ഒരു പുരുഷന്റെ സംരക്ഷണം ദേവദാസി സ്ത്രീകൾക്ക് ആവശ്യമായിരുന്നു, അതിനായി അവർ അവരുടെ വിഷയങ്ങളായ അഭിനയം,സംഗീതം,സാഹിത്യം എന്നിവകളിൽ നിപുണകളാകാൻ ശ്രമിച്ചിരുന്നു. മാത്രമല്ല പലരും പണ്ഡിതകൾ ആയിരുന്നു താനും. ദൂഷ്യം എന്ന് പറയാവുന്നത്, കുടുംബം എന്ന വ്യവസ്ഥ അവർക്കില്ലായിരുന്നു എന്നത് മാത്രം ആണ്. ഇത് ദൂഷ്യമായത് വിക്റ്റോറിയൻ സദാചാരം നാട്ടിൽ വേരോടിയതിനു ശേഷം മാത്രമാണ് എന്നതാണ് വസ്തുത. ഇങ്ങനെ ദേവദാസി സമ്പ്രദായത്തെ കുറിച്ച് പലതും ഈ പുസ്തകം വായിച്ചപ്പോൾ മനസ്സിലായി. 

ദക്ഷിണേന്ത്യയിലെ സംഗീത, നൃത്ത കലകളുടെ വികാസപരിണാമങ്ങൾ അവിടത്തെ ദേവദാസിപാരമ്പര്യവുമായി കൂട്ടുപിണഞ്ഞ് കിടക്കുന്നു. അവരായിരുന്നു ഇത്തരം കലകളുടെ മുഖ്യ പ്രയോക്താക്കൾ.  കൃഷ്ണ, ഗോദാവരി, കാവേരീ നദീതടങ്ങളിലെ പുഷ്ടിപ്രദേശങ്ങൾ എല്ലാം തന്നെ സമ്പന്നമായിരുന്നു. അവിടങ്ങളിലായിരുന്നു ഈ സമ്പ്രദായം നിലനിന്നിരുന്നതും. കേരളത്തിൽ ഈ സമ്പ്രദായം വേരോടിയിട്ടുണ്ടായിരുന്നില്ല എന്ന് വേണം കരുതാൻ.

ദേവദാസി സമ്പ്രദായത്തെ പറ്റി കൂടുതൽ വിസ്തരിക്കുന്നില്ല. പുസ്തകം വായിക്കുക.

Foreward, Introduction, പിന്നെ പത്തദ്ധ്യായങ്ങൾ, അത് കഴിഞ്ഞ് Glossary of Terms and index എന്നിങ്ങനെ ആണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം അടുക്കി വെച്ചിരിക്കുന്നത്. പത്തദ്ധ്യായങ്ങളിൽ ഭൂരിഭാഗവും നാഗരത്നമ്മ തിരുവയ്യായൂരിലെ ത്യാഗരാജ ആരാധന ആഘോഷം എങ്ങിനെ നാം ഇന്ന് കാണുന്ന രീതിയിലേക്ക് കൊണ്ട് വരാൻ പ്രവർത്തിച്ചു എന്ന് കാണിക്കുന്നതാണ്. സത്യത്തിൽ ത്യാഗരാജന്റെ ജീവിത കാലം 1767-1847 ആണ്. നാഗരത്നമ്മയുടേത് 1878-1952 ആണ്. അതായത് ത്യാഗരാജ അന്തരിച്ച് അധികം കാലം കഴിയാതെ തന്നെ നാഗരത്നമ്മ ജനിയ്ക്കുകയും അവരുടെ മദ്ധ്യവയസ്സാകുമ്പോഴേക്കും തന്നെ, സാധുവായി സാധാരണ പോലെ ജീവിച്ച് വളർന്ന് അവസാന കാലത്ത് മാത്രം സന്യാസം സ്വീകരിച്ച് മരിച്ച ത്യാഗരാജൻ, ഒരു അമാനുഷിക കഥാപാത്രമായി വളർന്നിരുന്നു എന്നതാണ്. 

നാഗരത്നമ്മയുടെ അമ്മയുടെ പേർ പുട്ട ലക്ഷ്മിഅമ്മാൾ വൈഷ്ണവി എന്നായിരുനു. നഞ്ചങ്കോട് ഉള്ള ഹെഗ്ഡെ ദേവണ്ണ കൊത്ത എന്ന ഗ്രാമത്തിലെ ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിലെ ദേവദാസി ആയിരുന്നു അവർ. മൈസൂരുള്ള ഒരു പ്രമുഖ ബ്രാഹ്മണകുടുംബത്തിലെ സുബ്ബണ്ണ എന്ന പേരുള്ളയാളായിരുന്നു അച്ഛൻ. പുട്ടലക്ഷ്മി അമ്മാളുടെ സംരക്ഷകാനായിരുന്നത് മൈസൂരെ ഒരു പ്രമുഖ വക്കീൽ ആയിരുന്ന എം സുബ്ബറാവു ആയിരുന്നു. തുടർന്ന് മൈസൂരിലേക്ക് പുട്ടലക്ഷ്മിയും മകളും മാറിത്താമസം തുടങ്ങി. അവിടെ നിന്നും നാഗരത്നത്തിനു സംസ്കൃതത്തിൽ അഭ്യസനം ലഭിച്ചു. തുടർന്നവർ കാഞ്ചീപുരത്തേക്ക് വന്നു. പിന്നീട് മഡ്രാസിലേക്കും. കൂടുതൽ വിശദീകരിക്കുന്നില്ല. പുസ്തകം വായിക്കൂ.

അക്കാലത്ത് ഭാഷാപരമായി സംസ്ഥാനങ്ങൾ നിലവില്ലെന്ന് ഓർക്കുക. ഈ സ്ഥലങ്ങൾ എല്ലാം തന്നെ ചോളരാജാക്കന്മാരും വിജയനഗര സാമ്രാജ്യക്കാരും പാണ്ഡ്യരും ഭരിച്ചിരിന്നതായിരുന്നു. 

നാഗരത്നമ്മയുടെ ജീവിത കഥ വായിച്ചാൽ അവർ ഒരു ഫെമിനിസ്റ്റ് ആണെന്ന് നമുക്ക് തോന്നും. അത്രയുണ്ട് പുരുഷമേധാവിത്വത്തിനോട് അവരുടെ എതിർപ്രവൃത്തികൾ. എന്നാലവർക്ക് കുടുംബത്തിൽ പുരുഷമേധാവിത്വത്തിനോട് എതിർപ്പുണ്ടായിരുന്നില്ല എന്നും ഗ്രന്ഥകാരൻ കാണിച്ച് തരുന്നു. വാസ്തവത്തിൽ അവർക്ക് അവരുടെ ജീവിതപശ്ചാത്തലം കൊണ്ട് ഉണ്ടായതും കൂടാതെ സ്വന്തം കഴിവുകളിലും പാണ്ഡിത്യത്തിലും ഉള്ള തീവ്ര ആത്മ്വവിശ്വാസവും കാരണം അവനവനു ശരി എന്ന് തോന്നുന്നതിൽ ഉറച്ച് നിൽക്കാൻ അവർക്കുള്ള കരുത്ത് അതിഭയങ്കരമായി എനിക്ക് തോന്നി. തീയ്യിൽ കൊരുത്തത് വെയിലത്ത് വാടില്ല.

ചെറുപ്പത്തിലേ അവർ മാതൃഭാഷയായ കന്നഡയും കൂടാതെ തെലുങ്ക് തമിഴ് സംസ്കൃതം എന്നിവയും പിന്നീട് ഇംഗ്ലീഷും പഠിച്ചിരുന്നു. നാഗരത്നമ്മ ത്യാഗരാജശിഷ്യപരമ്പരകളിലെ ഒരു കണ്ണികൂടെ ആണ്. രാധികാ സ്വാന്തനമു എന്ന കൃതിയുടെ വിശ്വാസയോഗ്യമായ പതിപ്പ് കണ്ടെത്തി സംശോധനം ചെയ്ത് അവതാരികയോടെ പ്രസിദ്ധീകരിച്ചതിൽ അവർക്കുള്ള പങ്ക് സ്തുത്യർഹമായിരുന്നു. അതിന്റെ പ്രസിദ്ധീകരണശേഷം ഒരു കൊല്ലം കഴിഞ്ഞ് അതിനുമുകളിലുണ്ടായ പ്രശ്നങ്ങൾ എല്ലാം ഗ്രന്ഥകാരൻ വിസ്തരിച്ച് എഴുതിയിട്ടുണ്ട്. അവിടെ എല്ലാം വിക്ടോറിയൻ സദാചാര ബോധം ആണ് മൂലകാരണം എന്ന് തോന്നും നമുക്കും. 

സദിർ, പദങ്ങൾ, ജാവലികൾ എല്ലാം ദേവദാസിസമ്പ്രദായത്തിൽ ഉള്ളവയാണ്. ലാസ്യം ശൃംഗാരം അവകളിൽ പ്രധാനമാണ്. അഭിനയത്തിനു വകയുള്ളവകൾ ആണവയെല്ലാം. ഇവകളെ സംരക്ഷിക്കാൻ നാഗരത്നമ്മയും കൂട്ടരും പോരാടിയ ചരിത്രവും ഗ്രന്ഥകാരൻ വിസ്തരിക്കുന്നുണ്ട്.  

ഇതൊന്നും കൂടാതെ ഉള്ള ഒരു കാര്യമാണ് ത്യാഗരാജ സമാധിയെ സംബന്ധിച്ചുള്ളത്. തിരുവയ്യാറിൽ ഇന്ന് കാണുന്ന ത്യാഗരാജ സമാധിക്കടുത്ത് നാഗരത്നമ്മയുടെ ഒരു പ്രതിമയുണ്ട്. അക്കാണുന്ന സ്ഥലമെല്ലാം അവർ സ്വന്തം ചെലവിൽ അവിടത്തെ ജമീന്ദാറിൽ നിന്ന് വാങ്ങി പരിഷ്കരിച്ച് വിപുലപ്പെടുത്തിയതാണ്. ധനികയായിരുന്നു അവർ എന്നതിനു സംശയമില്ല. രത്നങ്ങളോട് പ്രിയം ഏറെ ആയിരുന്നു അവർക്ക്. കാതിലും കഴുത്തിലും മെയ്യിലും കാലിലുമൊക്കെ രത്നഭൂഷണങ്ങൾ അണിഞ്ഞേ അവർ അരങ്ങത്ത് വരാറുള്ളൂ. എന്ത് കാര്യം ദേവദാസി അല്ലേ? നാഗരത്നമ്മയുടെ ഒപ്പമുള്ളവർക്ക് സ്വർണ്ണഗ്ലാസ്സിലും നാഗരത്നമ്മയ്ക്ക് ചെമ്പുഗ്ലാസ്സിലും കുടിക്കാൻ കൊടുക്കുന്നതിന്റെ വിവരണമുണ്ട്. അതിലൊന്നും അവർ പരസ്യമായി എതിർത്ത് പറയാതെ, തുടർന്ന് വരുന്ന തന്റെ അരങ്ങിൽ സംഗീതത്തിൽ കൂടിയോ അഭിനയിത്തിൽ കൂടിയോ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. അവരൊരു കലാകാരിയാണല്ലൊ. അവരുടെ ആയുധവും അതാണല്ലൊ എന്ന് തോന്നി. പിന്നീടൊരിക്കൽ പ്രസിദ്ധ നാഗസ്വരവിദ്വാൻ രാജരത്നം പിള്ളക്ക് (പേരുകൃത്യമായി ഓർമ്മവരുന്നില്ല, ക്ഷമ) സംഭവിച്ച ഇത് പോലെ ഒരു അവഗണനയും ഗ്രന്ഥകാരൻ സൂചിപ്പിക്കുന്നുണ്ട്. 

നാഗരത്നമ്മ കുട്ടികളെ സംഗീതവും മറ്റും പഠിപ്പിക്കുന്നതിൽ പ്രത്യേക ഇഷ്ടം പ്രകടിപ്പിച്ചിരുന്നു. ധനികയെങ്കിലും അവശ്യക്കാരെ സഹായിക്കാൻ അവർക്കൊരു മടിയും ഇല്ലായിരുന്നു. അവർ സ്വന്തമായി ത്യാഗരാജരുടെ അഷ്ടോത്തര സഹസ്രനാമം എന്ന പേരിൽ ഒരു കൃതിയും രചിച്ച് അത് പാടി ആയിരുന്നു ത്യാഗരാജ ആരാധന നടത്തിയിരുന്നത്.

നാഗരത്നമ്മ ത്യാഗരാജ സമാധിയിൽ സ്ത്രീകൾ പൂജ ചെയ്യുന്നത് ആചാരലംഘനമാണെന്ന് പറഞ്ഞ് പല യഥാസ്ഥിതികരും എതിർത്തിരുന്നു എന്നത് വായിച്ചപ്പോൾ എനിക്ക് ഇക്കാലത്തുണ്ടായ ശബരിമല ആചാരലംഘനവിഷയം വീണ്ടും ഓർമ്മ വന്നു.  ത്യാഗരാജസമാധി ഇരിക്കുന്ന സ്ഥലവും ഇപ്പൊഴുള്ള പലകെട്ടിടങ്ങളും പ്രദക്ഷിണവഴിയും എല്ലാം അവർ സ്വന്തം ചെലവിൽ വാങ്ങി നിർമ്മിച്ചവയാണ് എന്നതോർക്കണം. എല്ലാം അവർ സ്വന്തം പേരിലേക്ക് തീറെഴുതി റവന്യൂപരമായി കടലാസുകളും ശരിയാക്കിയിരുന്നു എന്നത് അവരുടെ ദീർഘവീക്ഷണത്തേയും പ്രാക്റ്റിക്കൽ ആയി ചിന്തിക്കാനുള്ള കഴിവിനേയും കാണിക്കുന്നു. നാഗരത്നമ്മയ്ക്ക് മക്കളില്ലായിരുന്നു.

നാഗരത്നമ്മ സ്ത്രീകൾക്ക് പൂജയ്ക്ക് അനുമതി വേണം എന്ന് വാദിക്കുന്ന സമയത്ത് തന്നെ നാഗസ്വരക്കാർ അവർക്കും അരങ്ങിൽ പങ്ക് ചേരാനുള്ള അവകാശത്തിനു വേണ്ടി വാദിക്കുന്നുണ്ട്. ഓർക്കുക നാഗസ്വരക്കാർ പതിതരായിരുന്നു അക്കാലത്ത്. ദേവദാസികളെ പോലെ തന്നെ. എന്നാൽ പല പ്രമുഖ ഗായകരും അവരുടെ വിദ്യ സ്വായത്തമാക്കിയത് വിദ്വാന്മാരായ നാഗസ്വരക്കാരിൽ നിന്നും ആയിരുന്നു താനും. ഇവിടെയൊക്കെ കർണ്ണാടകസംഗീതത്തിൽ വന്ന മദ്രാസ് പ്രാമുഖ്യവും ബ്രാഹ്മണാധിപത്യവും നമുക്ക് വായിച്ചെടുക്കാൻ കഴിയുന്നതാണ്. 

നാഗരത്നമ്മയുടെ ജീവിതത്തിൽ അവർ കടന്ന് പോയ പലസംഭവങ്ങളും പ്രതിസന്ധിഘട്ടങ്ങളും ഗ്രന്ഥകാരൻ വിസ്തരിച്ചിട്ടുണ്ട്. അതിൽ നിന്നെല്ലാം നമുക്ക് നാഗരത്നമ്മയുടെ വ്യക്തിത്വം എന്താണെന്ന് മനസ്സിലാകും. ത്യാഗരാജ ആരാധനയിലെ അന്നുണ്ടായരുന്ന വിവിധഗ്രൂപ്പുകളിൽ പ്രധാനഗ്രൂപ്പുകളായ പെരിയകച്ചി, ചിന്നകച്ചിഗ്രൂപ്പുകളിലെ അംഗങ്ങളുടെ ഇന്നുള്ള പിൻതലമുറക്കാരിലെ ചിലർക്ക് എങ്കിലും ആരാധനാ‍ഘോഷത്തിൽ നാഗരത്നമ്മയുടെ പങ്കിനെ പറ്റി ഗ്രന്ഥകർത്താവിന്റെ അഭിപ്രായത്തിൽ നിന്നും ഭിന്നമായ അഭിപ്രായമാണെന്ന് ഗ്രന്ഥകാരൻ ഒരിടത്ത് സൂചിപ്പിക്കുന്നുണ്ട്.

ഒരു സംഭവം മാത്രം പറയാം. ഡി വി ഗുണ്ടപ്പ എന്ന പ്രശസ്ത എഴുത്തുകാരൻ, നാഗരത്നമ്മയുടെ അവരുടെ അവസാന കാലത്തെ സ്ഥിരം സന്ദർശകരിൽ ഒരാൾ ആയിരുന്നു. ഗുണ്ടപ്പ ദേവദാസിസമ്പ്രദായത്തിനെതിരായിരുന്നു. പക്ഷെ നാഗരത്നമ്മ ദേവദാസി സമ്പ്രദായം നിർത്തലാക്കുന്നതിനെതിരായിരുന്നു, ഞങ്ങൾ വേശ്യകൾ അല്ല എന്ന് ഉറപ്പിച്ച് പറഞ്ഞിരുന്നു. ഒരിക്കൽ ഗുണ്ടപ്പ നാഗരത്നമ്മയെ സന്ദർശിക്കുന്ന സമയത്ത് അവർ തീവ്രമായ തലവേദനയോടെ ഇരിക്കുകയായിരുന്നു. നാഗരത്നമ്മയെ ഒന്ന് ഉത്സാഹിപ്പിക്കുന്നതിനായി ഗുണ്ടപ്പ അവരുടെ പഴയ വീരകഥകൾ പറയാൻ തുടങ്ങിയത്രെ. അപ്പോൾ നാഗരത്നമ്മ, എന്തിനു കഴിഞ്ഞതിനെ പറ്റി ചിന്തിതപ്പെടണം? എനിക്ക് പേരിട്ടിരിക്കുന്നത് “നാഗരത്നം” എന്നാണ്. പിന്നീട് ഞാൻ “ഭോഗരത്നം” ആയി, ഇപ്പോൾ ഞാൻ വെറും “രോഗരത്നം” മാത്രം എന്ന് പറഞ്ഞു. ഗുണ്ടപ്പ ആ സമയം, അതല്ല താങ്കൾ “രാഗരത്നം” ആണെന്നും ഇപ്പോൾ “ത്യാഗരത്നം” കൂടെ ആണെന്നും പറഞ്ഞു. തുടർന്ന് ഗുണ്ടപ്പ അവരുടെ അഭിനയ പാടവത്തെ കാണിച്ച് തരാൻ പറഞ്ഞപ്പോൾ, ജയദേവരുടെ ഗീതാഗോവിന്ദത്തിലെ “യാഹി മാധവ” എന്ന് തുടങ്ങുന്നത് ഇരുന്ന് കൊണ്ട് കാണിച്ചുകൊടുത്തതായി വിവരിക്കുന്നുണ്ട് ഗ്രന്ഥകാരൻ. 

ദേവദാസികൾക്ക് ഒരു സംരക്ഷകൻ വേണം എന്നാണ് തത്വം. അത് ജീവിതത്തിന്റെ ഉത്തരാർദ്ധത്തിൽ നാഗരത്നമ്മ ത്യാഗരാജരിലാണ് കണ്ടെത്തിയത് എന്ന് ഗ്രന്ഥകാരൻ പറയുന്നു. അതുവരെ അവർക്ക് അങ്ങനെ ഒരു സംരക്ഷകൻ ഉണ്ടായിരുന്നില്ല. അവർ സ്വന്തം വ്യക്തിത്വം കീഴ്പ്പെടുത്തി ആരുടെ കീഴിലും ജീവിച്ചിരുന്നില്ല. ത്യാഗരാജർക്ക് അവർ സ്വന്തം ജീവിതവും സ്വത്തും എല്ലാം എല്ലാം സമർപ്പിച്ചു മരിച്ചു. ത്യാഗരാജ ആരാധന നടത്താനും സ്വന്തം ഗ്രാമത്തിലും മറ്റ് ചില ഇഷ്ടപ്പെട്ട ക്ഷേത്രങ്ങളിലെ ദൈനദിനചെലവുകൾക്കുമെല്ലാം അവർ സ്വന്തം ഒസ്യത്തിൽ പ്രത്യേകം പ്രത്യേകം സ്വത്ത് നീക്കിവെച്ചിട്ടുണ്ടായിരുന്നു. അവരുടെ സ്വത്തെല്ലാം ഒരു ട്രസ്റ്റുണ്ടാക്കി ആ ട്രസ്റ്റിനാണ് നൽകിയത്. എന്നാൽ പിന്നീട് ട്രസ്റ്റികൾ അവർക്കിഷ്ടം പോലെ സ്വത്ത് കൈകാര്യം ചെയ്ത് നശിപ്പിച്ചു എന്നതും വാസ്തവം. ഇന്നവരുടെ ഒരു പ്രതിമ ത്യാഗരാജസമാധിക്ക് എതിരായി കാണാം എന്നതല്ലാതെ മറ്റൊന്നും ഇല്ല എന്ന് ഗ്രന്ഥകാരൻ പറഞ്ഞവസാനിപ്പിക്കുന്നു. അനവധി റഫറൻസുകളും ഗ്രന്ഥകരാൻ ഓരോ അദ്ധ്യായങ്ങൾക്ക് ശേഷവും നൽകിയിട്ടുമുണ്ട്. ചില ചിത്രങ്ങളും ലേഖകൻ പുസ്തകത്തിൽ ചേർത്തിട്ടുണ്ട്.

ചുരുക്കത്തിൽ, ഇത്തരം ജീവചരിത്രരേഖകൾ നമ്മുടെ സംഗീതം നൃത്തം അഭിനയം തുടങ്ങിയ കലകളുടെ പരിണാമഘട്ടങ്ങളുടെ, അവകളുടെ സൗന്ദര്യാത്മകരൂപഭാവങ്ങളുടെ നിർമ്മിതിയുടെ ചരിത്രരേഖകൾ കൂടെ ആകുന്നു. നമ്മുടെ കലകളുടെ സൗന്ദര്യാത്മകരൂപഭാവങ്ങൾ ഒന്നും തന്നെ ഒരു പ്രത്യേകവംശത്തിന്റെ ദൈവീകമായ കഴിവുകളിൽ നിന്നും ഉരുത്തിരിഞ്ഞതൊന്നും അല്ലതന്നെ. അവകൾ നാഗരത്നമ്മ പോലെ ഉള്ള അനവധി പേരുടെ സാമൂഹികജീവിതത്തിൽ നിന്നും ഉരുത്തിരിഞ്ഞവയാണ്. അവകളിൽ നമ്മുടെ കൊളോണിയൽ, പോസ്റ്റ് കൊളോണിയൽ സാമൂഹിക ജീവിതത്തിന്റെ എല്ലാ സ്വാധീനവും കാണുകയും ചെയ്യാം.

Some youtube links to Nagarathnamma’s singing and related subjects:
Link 1

Link 2

Link 3

Link 4

A film on her in Telugu
Part-1

Part-2

Part-3




15 ഏപ്രിൽ 2016

pakkala nilabadi - thyagaraja -kharaharapriya

പക്കാല നിലബഡി കൊലിചേ മുച്ചത
ബാഗ തെല്പ രാധാ

ചുക്കാലാ രായനി കേരു മോമു ഗല
സു-ദതി സീതമ്മ സൗമിത്രി രാമുനികിരു

തനുവാചേ വന്ദനമഓ നരിഞ്ചുചുന്നാരാ
ചനുവുന നാമ കീർത്തന സേയുചുന്നാരാ
മനസുനാ തലചി മൈ മരചിയുന്നാരാ
നേനാരുഞ്ചി ത്യാഗരാജുനിതോ ഹരി ഹരി മിരിരു

ത്യാഗരാജസ്വാമികൾക്ക് രാമൻ ആരായിരുന്നു?
ഓരോ കൃതിയും വായിക്കണം. അവർ തമ്മിൽ ഉള്ള ബന്ധം രസകരം ആയിരുന്നു. ദൈവം തന്നെ ആരാധിക്കുന്നവൻ തന്നെ. എന്ന് വെച്ച് മനസ്സിലുള്ളത് പറയാൻ

ത്യാഗരാജസ്വാമികൾക്ക് ഒരു മടിയുമില്ല.
ചീത്തയും പറയും പിന്നെ മാപ്പ് ചോദിക്കും. വളരെ സുതാര്യവും ഗാഢവും എന്നെ കൊതിപ്പിക്കുന്നതും ആണ് ആ ബന്ധം. അദ്ദേഹത്തിന്റെ ഓരോ കൃതിയും അതുകൊണ്ട്

തന്നെ മനസ്സുകൊണ്ടേ കേൾക്കാനും വായിക്കാനും പറ്റൂ.
ഖരഹരപ്രിയ എന്ന രാഗത്തിൽ ഉള്ള ഈ കൃതി പറയുന്നതെന്ത് എന്ന് നമുക്ക് നോക്കാം.
തെലുങ്കിൽ നിന്നും മലയാള ലിപിയിലേക്കാക്കുമ്പോൾ തെറ്റ് പറ്റാം. അർത്ഥം പിന്നെ ഞാനെഴുതിയാൽ... പറയണ്ടല്ലൊ..

ചന്ദ്രനെ നാണിപ്പിയ്ക്കുന്ന മുഖസൗന്ദര്യമുള്ള അല്ലയോ സീതാമ്മയേ, അല്ലയോ ലക്ഷ്മണാ, നിങ്ങൾ ഇരുവശവും നിന്നുകൊണ്ട്, നിങ്ങളുടെ രാമസേവയുടെ ഗാംഭീര്യവും

പ്രതാപവും ഐശ്വര്യവും എന്നെ, ഈ ത്യാഗരാജനെ, അറിയിക്കില്ലേ?
നിങ്ങൾ ശരീരം കൊണ്ട് അദ്ദേഹത്തിനു അഭിവാദ്യങ്ങൾ അർപ്പിയ്ക്കുന്നില്ലേ? നിങ്ങൾ അദ്ദേഹത്തിന്റെ നാമം പ്രേമം നിറഞ്ഞ മനസ്സോടെ ഉരുവിടുന്നില്ലേ? അതുമല്ല അദ്ദേഹത്തെ നിറഞ്ഞ മനസ്സുകൊണ്ട് ധ്യാനിയ്ക്കുന്നില്ലേ?
ഹരി ഹരി... ക്ഷമിയ്ക്കണേ.. ഞാൻ ഇതൊക്കെ ചോദിയ്ക്കുന്നതിനു ക്ഷമിയ്ക്കണേ...
വാക്കുവാക്കായി അർത്ഥം അറിയാൻ ഇവിടെ വായിക്കുക, ഇതെഴുതിയതിനു കടപ്പാടും ഉണ്ട് ഈ പോസ്റ്റിനു്:-

ഭജരേ രേ മാനസ... - മൈസൂർ വാസുദേവാചാര്യകൃതി

മൈസൂർ വാസുദേവാചാര്യരുടെ ആഭേരി രാഗത്തിലുള്ള കൃതി

ഭജരേ രേ മാനസ, ശ്രീ രഘുവീരം ഭുക്തിമുക്തിപ്രദം വാസുദേവം ഹരീം
വ്രിജിന വിദൂരം വിശ്വാധാരം സുജനമന്ദാരം സുന്ദരാകാരം

രാവണ മർദനം രക്ഷിതഭുവനം രവിശശി നയനം രവിജാതി മദനം
രവിജാതി വാനര പരിവൃതം നരവരം രത്നഹാര പരിഭോഷിത കന്ദരം

രവിശശി കുജ ബുദ്ധ ഗുരുശുക്ര ശനീശ്ചര രാഹുകേതു നേതാരം
രാജകുമാരം രാമം പവനാജാപ്തം അവനിജ മനോഹരം

ഭജരേ രേ..  ഓ, ഭജിയ്ക്ക്
മാനസ = മനസ്സേ

ആരെ ഭജിയ്ക്കണം ന്നാ വാസുദേവാചാര്യർ പറയുന്നത് എങ്കിൽ... കേട്ടോളൂ

ശ്രീ രഘുവീരം ഭജരേ.. ശ്രീ രഘുരാമനേ ഭജിയ്ക്കൂ എന്ന്. ഇനി ആ രഘുരാമന്റെ കേമത്തങ്ങൾ എന്തൊക്കെയാ? അല്ല ഭജിയ്ക്കാൻ എന്തെങ്കിലും കേമത്തം വേണലൊ.
ആ രഘുരാമൻ ഭുക്തിമുക്തിപ്രദം ആണ്. അതായത് ഐശ്വര്യവും മോക്ഷവും നൽകുന്നവനാണ്. മാത്രമോ? പോരാ.. അവൻ വാസുദേവൻ ആണ്. അവൻ ഹരിയാണ്.
അതും പോരാ..
വ്രിജിനവിധൂരം എന്നാണോ വിദൂരം എന്നാണോ എന്നറിയില്ല എനിയ്ക്ക്. എന്നാലും ഏകദേശം അർത്ഥം അവൻ മുനികളാൽ ധ്യാനിയ്ക്കപ്പെട്ടവൻ ആണ് എന്നോ മറ്റോ പറയാം.
അതുകൊണ്ടും കഴിഞ്ഞില്ല വിശേഷണങ്ങൾ..
വിശ്വാധാരം = അവൻ വിശ്വത്തിനു തന്നെ ആധാരം ആണ്.
സുജനമന്ദാരം = സജ്ജനങ്ങളെ രക്ഷിക്കുന്നവനും പരിപാലിയ്ക്കുന്നവനും ആണ്. അതിനാൽ ദുഷ്ടജനങ്ങൾ സൂക്ഷിക്കുക. ഇതളക്കാനുള്ള മീറ്റർ എന്റെ കയ്യിൽ ഇല്ലാ.
അതും കൂടാതെ സുന്ദരാകാരം ആണ്. അതായത് നല്ല അസ്സൽ സുന്ദരൻ എന്ന്. നല്ല ഭംഗിയുണ്ടത്രെ കാണാൻ.

അതുകൊണ്ടും കഴിഞ്ഞില്ല വിശേഷണങ്ങൾ
രാവണമർദനം രക്ഷിത ഭുവനം ആണവൻ. രാവണനെ കൊന്ന് ഭൂമിയെ രക്ഷിച്ചവൻ ആണ് ആ രഘുരാമൻ എന്നർത്ഥം
രവിശശി നയനം ആണവന്. സൂര്യനേ പോലേയും ചന്ദ്രനേപോലേയും ഒക്കെ കണ്ണുകൾ ഉള്ളവൻ ആണെന്ന്
രവിജാതി മദനം, സൂര്യനേക്കാൾ ഭംഗിയുള്ളവൻ, തേജസ്സുള്ളവൻ എന്ന് എന്റെ വക അർത്ഥം

കൂടാതെ, അവൻ,

രവിജാതിവാനര പരിവൃതം ആണ്.  കൊരങ്ങന്മാരേയും മനുഷ്യമ്മാരേയും ഒക്കെ രക്ഷിച്ചവൻ എന്ന് അർത്ഥം കാണുന്നു.
രത്നഹാരപരിഭോഷിത കന്ദരം = നല്ല അസ്സൽ രത്നമാല മാറിലണിഞ്ഞവൻ ആണെന്ന്.

അതുകൊണ്ടും കഴിഞ്ഞില്ല...
രവിശശി കുജ ബുദ്ധ ഗുരുശുക്ര.... തുടങ്ങിയ നവഗ്രഹങ്ങൾക്കും നേതാവാണ്. അല്ലെങ്കിൽ മുകളിൽ ആണ് അവന്റെ സ്ഥാനം.

ഒക്കെ കഴിഞ്ഞ് അവൻ രാജകുമാരൻ ആണ്. പോരാ, താമരൈതളുപോലെ ഉള്ള കണ്ണുകൾ ഉള്ളവനും ഭൂമിപുത്രിയായ സീതയുടെ മനോഹരനും ആയ രാമൻ
ആ രഘുവീരനേ ഭജരേ രേ മാനസ... മനസ്സേ ഇപ്രകാരമെല്ലാമുള്ള രാമനെ ഭജിയ്ക്കൂ...
എന്ന് മൈസൂർ വാസുദേവാചാര്യർ.

മൈസൂർക്കാരൻ വാസുദേവാചാര്യരുടെ ജീവിതകാലം May 28, 1865 – May 17, 1961 ആണ്. ത്യാഗരാജന്റെ നേർശിഷ്യമ്മാരിൽ ഒരാൾ. തെലുങ്കിലും സംസ്കൃതത്തിലുമായി ഏകദേശം
ഇരുനൂറോളം കൃതികൾ രചിച്ചിട്ടുണ്ട്. ബ്രോച്ചേവാ രവരുരേ... എന്ന പാട്ടില്ലേ ശങ്കരാഭരണം സിനിമയിലെ? അതിന്റെ കർത്താവാണ്. പട്ട്ണം സുബ്രഹ്മണ്യ അയ്യരായിരുന്നു ഗുരു/
പദ്മഭൂഷൺ കിട്ടിയിട്ടുണ്ട് ട്ടൊ. ഏത് കൊല്ലം എന്ന് അറിയില്ല. "നാ കണ്ട കലവിദരു" എന്ന പേരിൽ കന്നടയിൽ അനവധി സംഗീതകാരന്മാരുടെ ജീവചരിത്രപരമായ കുറിപ്പുകൾ എഴുതി പുസ്തകമാക്കിയിട്ടുണ്ട്.


കേട്ടെഴുതുമ്പോൾ വരികൾ ഒന്നും കൃത്യമാവണം എന്നില്ല. പിന്നെ ഞാൻ പറഞ്ഞ അർത്ഥങ്ങൾ ഒട്ടും കൃത്യമേ അല്ലാ


28 ഓഗസ്റ്റ് 2015

ചിന്നം ശിരുക്കിളിയേ കണ്ണമ്മാ ശെൽവക്കളഞ്ചിയമേ

തായ്തമിഴ് എന്നും രസം കൊള്ളിച്ചിട്ടുണ്ട് എന്നെ. ഒന്നും പറയാനോ മനസ്സിലാവുകയോ ഇല്ലെങ്കിലും ആ ഒരു ഒഴുക്ക് രസകരം തന്നെ ആണെനിക്ക്. 

എന്റെ മകൻ ഉണ്ടായകാലത്താണ്‌ ഞാൻ മഹാരാജപുരം സന്താനം പാടിയ ചിന്നം ശിരുക്കിളിയെ എന്ന തമിഴ് കവിത കേൾക്കുന്നത്. അർത്ഥം പൂർണ്ണമായും മനസ്സിലാവില്യ എനിക്ക്. എന്നാൽ അവിടേം ഇവ്ടെം ഒക്കെ പിടികിട്ടുമല്ലൊ നമുക്ക്. അത് തന്നെ ധാരാളമായിരുന്നു എനിക്ക്. 

മഹാകവി ഭാരതി എന്ന ചിന്നസ്വാമി സുബ്രഹ്മണ്യ ഭാരതി (11 December 1882 – 11 September 1921) തമിഴ്നാട്ടിലെ ഒരു വലിയ കവിയും സാമൂഹ്യപ്രവർത്തകനുമൊക്കെ ആയിരുന്നു. മഹാകവി ഭാരതി അല്ലെങ്കിൽ ഭാരതീയാർ എന്നൊക്കെ ആയിരുന്നു അദ്ദേഹത്തെവിശേഷിപ്പിച്ചിരുന്നത്. ഇന്നത്തെ തൂത്തുക്കുടി ജില്ലയിലെ എട്ടയപുരം എന്ന സ്ഥലത്താണ് അദ്ദേഹം ജനിച്ചത്. തിരുനെൽവേലിയിലും ബനാറസ്സിലുമായി അദ്ദേഹം വിദ്യഭ്യാസം കഴിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിലെ അംഗമായിരുന്നു. സ്വദേശമിത്രം, ഇന്ത്യ തുടങ്ങിയ പത്രങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. 

ചിന്നസ്സാമി സുബ്രഹ്മണ്യ അയ്യർ, ലക്ഷ്മിയമ്മാൾ എന്നായിരുന്നു അച്ഛനമ്മമാരുടെ പേരുകൾ. ചെല്ലമ്മ ആയിരുന്നു ഭാര്യ. 
ഇരുപത്തിയൊൻപത് ഇന്ത്യൻ ഭാഷകളും മൂന്ന് വിദേശഭാഷകളും ഉൾപ്പെടെ മുപ്പത്തിരണ്ട് ഭാഷകൾ അദ്ദേഹത്തിനു അറിയാമായിരുന്നു. കൂടാതെ സംഗീതസാഹിത്യാദികളിൽ നിപുണനും ആയിരുന്നു. വളാരെ ലളിതകോമളപദാവലികൾ കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ രചന. അന്നത്തെ നിലക്ക് പുരോഗമനാത്മകവും ആത്മീയവും ആയിരുന്നു അദ്ദേഹത്തിന്റെ രചനകൾ. 
ഇവിടെ ഈ കൃതിയിൽ അദ്ദേഹം വളരെ രസകരമായി ധ്വനിപ്പിച്ചുകൊണ്ട് എഴുതിയിരിക്കുന്നു. ഒരു കൊച്ചുകുട്ടിയെ പറ്റി ആകാം എന്ന് അത് നമുക്ക് തോന്നാം. എന്നാൽ അദ്ദേഹം അദ്ദേഹത്തിന്റെ പ്രിയതമ ചെല്ലമ്മാളിനെ ഉദ്ദേശിച്ചുകൊണ്ടാണ് ഇതെഴുതിയത് എന്നും ഒരു വാദമുണ്ട്. അർത്ഥം നോക്കിയാൽ രണ്ടിനും ഉപകരിക്കും.
**********************************************************************************************************************************

വരികൾ:

ചിന്നം ശിരുക്കിളിയേ കണ്ണമ്മാ ശെൽവക്കളഞ്ചിയമേ
എന്നൈക്കലി തീർത്തേ ഉലഗിൽ ഏറ്റ്രം പുരിയ വന്തായ്

പിള്ളൈക്കനിയമുദേ കണ്ണമ്മാ പേശും പൊർ ചിത്തിരമേ 
അള്ളി അണൈത്തിടവേ എൻ മുന്നേ ആടി വരും തേനേ

ഓടി വരുകയിലേ കണ്ണമ്മാ ഉള്ളം കുളിരുതെടീ 
ആടി തിരിതൽ കണ്ടാൽ ഉന്നൈപ്പോയി ആവി തഴുവുതെടീ

ഉച്ചി തനൈ മുകർന്താൽ ഗരുവം ഓങ്ങി വളരുതെടീ 
മെച്ചി ഉന്നൈ യാർ പുഗഴ്ന്താൽ മേനി ശിളിർക്കുതെടീ

കന്നത്തിൽ മുത്തമിട്ടാൻ ഉള്ളം താൻ കൾ വെറി കൊള്ളുതെടി 
ഉന്നൈത്തഴുവിടിവോ കണ്ണമ്മാ ഉൻ മത്തമാരുതെടീ

ഷട്രു മുഖം ശിവന്താൽ മനദു ശഞ്ചലമാകുതെടി 
നെട്രി ഷുരുങ്ങ കണ്ടാൽ എനക്കു നെഞ്ചം പടൈക്കുതെടീ

ഉൻ കണ്ണിൽ നീർ വഴിന്താൽ എന്നെഞ്ചിൽ ഉദിരം കൊട്ടുതെടി 
എൻ കണ്ണിൻ പാവൈയെന്രോ കണ്ണമ്മാ എന്നുയിർ നിന്രദന്രോ

ശൊല്ലും മഴലൈയിലേ കണ്ണമ്മാ തുൻപങ്ങൾ തീർത്തിടുവായ് 
മുല്ലൈ ശിരിപ്പാലേ എനദു മൂർഖം തവിർട്ടിടുവായ്

ഇൻബ കദൈകളെല്ലാം ഉന്നൈ പോൽ ഏടുകൾ ശൊൽവതുണ്ടോ 
അൻബു തരുവതിലേ ഉനൈനേർ ആഖുമോർ ദൈവമുണ്ടോ

മാർബിലണിവദർക്കേ ഉന്നൈപ്പോൽ വൈര മണികളുണ്ടോ
ശീർ പെട്രു വാഴ്വദർക്കേ ഉന്നൈപ്പോൽ ശെൽവം പെരിതുമുണ്ടോ
**************************************************************************************

ഇനി, ഇതിന്റെ അർത്ഥം:
ഈരടികൾ ആയല്ലാ അർത്ഥം കൊടുത്തിരിക്കുന്നത്. ഓരോവരികളുമായാണ്. അർത്ഥം എനിക്ക് മനസ്സിലാക്കി തന്നതിനു karnatik.com/c1493.shtml വലിയൊരു പങ്കുണ്ട്. എപ്പോഴും ഞാൻ ഈ സൈറ്റാണ് വരികൾ, അർത്ഥം എന്നിവയ്ക്കൊക്കെ റഫർ ചെയ്യാറുള്ളത്. ചെലതെല്ലാം നല്ലതായി കിട്ടും. 


1) ചിന്നം ശിരുക്കിളിയേ കണ്ണമ്മാ ശെൽവക്കളഞ്ചിയമേ

ചിന്നം ശിരു = ചെറിയ ഭംഗിയുള്ള
കിളിയേ = തത്തേ
ക്കണ്ണമ്മാ = പ്രിയപ്പെട്ടവളേ

ശെൽവക്കളഞ്ചിയമേ - ഒരു അമൂല്യ നിധി

എന്റെ കോകിലമേ, അമൂല്യ നിധിയേ

2) എന്നൈക്കലി തീർത്തേ ഉലഗിൽ ഏറ്റ്രം പുരിയ വന്തായ്

ഏന്നൈക് - എനിക്കു വേണ്ടി
കളി - സന്തോഷം
തീർട്ടേ - പൂർത്തീകരിച്ച
ഉലഗിൽ - ലോകത്തിൽ
ഏറ്റ്രം - മുന്നോട്ട്/അഭിവൃദ്ധി
പുരിയ - ചെയ്യുക / ചെയ്യുന്ന
വന്തായ് - വന്നുഭവിച്ചു

എന്റെ സന്തോഷമൂർത്തിയേ നീ ഈ ലോകത്ത് അഭുവൃദ്ധിക്കായി വന്നു.

3) പിള്ളൈക്കനിയമുദേ കണ്ണമ്മാ പേശും പൊർ ചിത്തിരമേ 

പിള്ളൈ - കുട്ടി
കനിയമുദേ - അമൃതക്കനി
കണ്ണമ്മാ - ഇതൊരു പേരായിട്ടും ആകാം പ്രിയപ്പെട്ടവളേ എന്ന് സംബോധന ചെയ്യുന്നതും ആകാം. 
പേശും - പറയുക, സംസാരിക്കുക
പൊർ - സ്വർണ്ണസമാനം
ചിത്തിരമേ - ചിത്രപടം

ബാലികേ അമൃതക്കനീ, എന്റെ സംസാരിക്കുന്ന ചിത്രപടമേ

4) അള്ളി അണൈത്തിടവേ എൻ മുന്നേ ആടി വരും തേനേ

അള്ളി - വികാരത്തോടെ കടന്നുപിടിക്കുക
അണൈത്തിടവേ - വികാരത്തോടേ ആലിംഗനം ചെയ്യുക
എൻ - എന്റെ
മുന്നേ - മുന്നിൽ
ആദി - നൃത്തം ചെയ്ത്
വരും - വന്നു
തേനേ - തേൻ, മധു


നീയെന്റെ മുന്നിൽ നൃത്തമാടി വരുമ്പോൾ എനിക്ക് നിന്നെ വികാരത്തോടെ ആലിംഗനം ചെയ്യാൻ തോന്നും

5) ഓടി വരുകയിലേ കണ്ണമ്മാ ഉള്ളം കുളിരുതെടീ 

ഓടി - ഓടി
വരുകൈയിലേ - വരുമ്പോൾ
കണ്ണമ്മാ - പ്രിയപ്പെട്ടവളേ
ഉള്ളം - ഉള്ളം, ഹൃദയം
കുളിരുതെടീ - കുളിരുന്നു

നീ എന്റെ അടുത്തേക്ക് ഓടിവരുമ്പോൾ എന്റെ ഹൃദയത്തിൽ കുളിരുകോരുന്നു.

6) ആടി തിരിടൽ കണ്ടാൽ ഉന്നൈപ്പോയി ആവി തഴുവുതെടീ

ആടി തിരിതൽ - സന്തോഷത്തോടേ നൃത്തം ചെയ്യുക
കണ്ടാൽ - കാണുമ്പോൾ
ഉന്നൈപ്പോയി - നിന്റെ അടുത്ത് വരുക
ആവി തഴുവുദഡീ - എന്റെ ആത്മാവ് നിന്നെ ആലിംഗനം ചെയ്യുന്നു.

നീ സന്തോസ്ത്തോടെ നൃത്തം ചെയ്യുന്നത് കാണുമ്പോൾ എന്റെ ആത്മാവുനിന്നെ ആലിംഗനം ചെയ്യുന്നു.

7) ഉച്ചി തനൈ മുകർന്താൽൽ ഗരുവം ഓങ്ങി വളരുതെടീ 

ഊച്ചി - മൂർദ്ധാവ്, നെറ്റിയുടെ മുകൾ ഭാഗം
തനൈ - ആ ഭാഗം as in that part of the forehead
മുകർന്താൽ - മെല്ലെ ഉമ്മവെയ്ക്കുക, വാസനിക്കുക
ഗരുവം - അഭിമാനം
ഓങ്ങി - ശക്തമായ
വ്വലരുതെടീ - വളരുന്നു

നിന്റെ മൂർദ്ധാവിങ്കൽ ഉമ്മവെയ്ക്കുമ്പോൾ എന്റെ ശക്തമായ അഭിമാനം തോന്നുന്നു.

8) മെച്ചി ഉന്നൈ യാർ പുഗഴ്ന്താൽ മേനി ശിളിർക്കുതെടീ

മെച്ചി - ആത്മാർത്ഥമായി പ്രശംസിക്കുക
ഊന്നൈ - നിന്നെ
യാർ - ആരാലും
പുഗഴ്ന്താൽ - പ്രശംസ
മേനി - ശരീരം
ശിളിർക്കുതെടീ - രോമാഞ്ചം

നിന്നെ വല്ലവരും ആത്മാർത്ഥമായി പ്രശംസിക്കുന്നത് കേട്ടാൽ എനിക്ക് രോമാഞ്ചം വരും.

9) കന്നത്തിൽ മുത്തമിട്ടാൻ ഉള്ളം താൻ കൾ വെറി കൊള്ളുതെടി 

കന്നത്തിൽ - കവിളിൽ
മുത്തമിട്ടാൻ - ഉമ്മവെച്ചാൽ 
ഉള്ളം താൻ - ഉള്ളം തന്നിൽ, ഹൃദയത്തിൽ
കാൾ - കള്ള്‌, മദ്യം
വെറി - വെറി, ഉന്മത്തം
കൊള്ളുതെടി - കൊള്ളുന്ന അവസ്ഥയിലാവുക

നിന്റെ കവിളിൽ ഉമ്മവെച്ചാൽ എന്റെ ഹൃദയം മദ്യസേവ ചെയ്തപോലെ മദോന്മത്തമാകും

10) ഉന്നൈത്തഴുവിടിവോ കണ്ണമ്മാ ഉൻ മത്തമാരുതെടീ

ഉന്നൈ - നിന്നെ
തഴുവിടിവോ - വികാരനിർഭരമായി ആലിംഗനം ചെയ്യുക
കണ്ണമ്മാ - പ്രിയപ്പെട്ടവളേ
ഉൻ മട്ടമാരുദഡീ - പരമാനന്ദം

നിന്നെ വികാരനിർഭരമായി ആലിംഗനം ചെയ്യുമ്പോൾ ഞാൻ പരമാനന്ദം അനുഭവിക്കും

11) ഷട്രു മുഖം ശിവന്താൽ മനദു ശഞ്ചലമാകുതെടി 

ശട്രു - നൈമിഷികം
മുഖം - മുഖം
ഷിവന്ദാൽ - ചുകന്നാൽ
മനദു - ഹൃദയം, മനസ്സ്
ശഞ്ചലമഗുദഡി - ചഞ്ചലമാകും

നിന്റെ മുഖം ചുവന്നാൽ എന്റെ മനസ്സ് ചഞ്ചലമാകും, വേദനിക്കും

12) നെട്രി ഷുരുങ്ങ കണ്ടാൽ എനക്കു നെഞ്ചം പടൈക്കുതെടീ

നെട്രി - നെറ്റി
ശുരുങ്ങക് - ചുളിയുക
കൻഡൽ - കണ്ടാൽ
എനക്കു - എനിക്ക്
നെഞ്ചം - നെഞ്ചിൽ
പദൈക്കുദദി - പിടപിടയ്ക്കുക

നിന്റെ നെറ്റി ചുളിഞ്ഞാൽ എന്റെ മനസ്സ് ഭയം കൊണ്ട് പിടപിടയ്ക്കും.

13) ഉൻ കണ്ണിൽ നീർ വഴിന്താൽ എന്നെഞ്ചിൽ ഉദിരം കൊട്ടുതെടി 

ഉൻ - നിന്റെ
ണിർ - കണ്ണീർ
എന്നെഞ്ചിൽ - എന്റെ ഹൃദയം
ഉദിരം - രക്തം
ക്കൊട്ടുദഡി - ഒഴുകും

നിന്റെ കണ്ണിൽ ചെറുതായി എങ്കിലും കണ്ണീർ കണ്ടാൽ എന്റെ നെഞ്ചിൽ രക്തപ്രവാഹം ശക്തമാകും

14) എൻ കണ്ണിൻ പാവൈയെന്രോ കണ്ണമ്മാ എന്നുയിർ നിന്രദന്രോ

എൻ - എന്റെ
ക്കണ്ണിൻ - കണ്ണ്‌
പവൈയെന്രൊ - ബാലിക, വെളിച്ചം
ക്കണ്ണാമ്മ - പ്രിയപ്പെട്ടവളേ
എന്നുയിർ - എന്റെ ആത്മാവ്
നിന്രദന്രൊ - നിന്റെ ആകും

ബാലികേ നീയെന്റെ കണ്ണിലെ വെളിച്ചമായതിനാൽ എന്റെ ആത്മാവ് നിന്റെ ആണ്‌.

15) ശൊല്ലും മഴലൈയിലേ കണ്ണമ്മാ തുൻപങ്ങൾ തീർത്തിടുവായ് 

ശൊല്ലും - ചൊല്ലുക
മഴലൈയിലെ - കുട്ടികളെ പോലെ കൊഞ്ചുക
കണ്ണമ്മ - പ്രിയപ്പെട്ടവളേ
തുൻബങ്ങൽ - ദുഃഖം
തീർത്തിഡുവാ​‍ീ - ശമിക്കുക

നിന്റെ കുട്ടിക്കൊഞ്ചൽ കൊണ്ട് നീ എന്റെ എല്ലാ ദുഃഖങ്ങളും ശമിപ്പിക്കും

16) മുല്ലൈ ശിരിപ്പാലേ എനദു മൂർഖം തവിർട്ടിടുവായ്

മുല്ലൈ - മുല്ലപ്പൂ
ശിരിപ്പലെ - ചിരികൊണ്ട്
ഏനദു - എന്റെ
മുർഖം - മൂർഖത്തരം
തവിർട്ടിദുവൈ -ഒഴിവാക്കുക

എന്റെ മൂർഖത്തരങ്ങളെല്ലാം നീ നിന്റെ സുന്ദരമന്ദഹാസത്താൽ ഒഴിവാക്കും

17) ഇൻബ കദൈകളെല്ലാം ഉന്നൈ പോൽ ഏടുകൾ ശൊൽവതുണ്ടോ 

ഇൻബക്-കദൈഗളെല്ലാം - സന്തോഷകരമായ കഥകൾ
ഉന്നൈപ്-പോൽ - നിന്നെപ്പോലെ
ഏദുഗൾ - ഇതളുകൾ, ഏടുകൾ
ശൊല്വദുണ്ഡോ - ചൊല്ലുക പറയുക

നിന്നെ എത്ര ഏടുകളുള്ള സന്തോഷകഥകളാലാണ്‌ ചിത്രീകരിക്കാൻ പറ്റുക?

18) അൻബു തരുവതിലേ ഉനൈനേർ ആഖുമോർ ദൈവമുണ്ടോ

അൻബു - അൻപ്, സ്നേഹം
തരുവതിലെ - തരുന്നതിൽ
ഉനൈനേർ ആഖുമോർ - അത്ഭുതകരമായ
ദൈവമുന്ദൊ - ദൈവമുണ്ടോ?

അത്ഭുതകരമായ സന്തോഷം തരുന്നതിൽ നിനക്ക് തുല്യനായ ഏതൊരു ദൈവമുണ്ട്?

19) മാർബിലണിവദർക്കേ ഉന്നൈപ്പോൽ വൈര മണികളുണ്ടോ

മാർബിൽ - നെഞ്ചത്ത്, മാറിൽ
ആനിവ്വദർക്ക്കെ - അണയ്ക്കുക, ധരിക്കുക
ഉന്നൈപൊൽ - നിന്നെപ്പോലെ
വൈര - വൈര്യം, രത്നം
മണിഗൽ - മണികൾ, മുത്തുകൾ
ഊന്ദൊ - ഉണ്ടോ?

മാറിലണിയാൻ നിന്നെപ്പോലെ വിലപിടിച്ച ഏത് രത്ന, വൈഡൂര്യങ്ങളാണുള്ളത്?

20) ശീർ പെട്രു വാഴ്വദർക്കേ ഉന്നൈപ്പോൽ ശെൽവം പെരിതുമുണ്ടോ

ശീർ - അഭിവൃദ്ധി
പ്പെറ്റ്രു - ലഭ്യമായി
വഴ്വദർക്കെ - വാഴുക, ജീവിക്കുക
ഉന്നൈപൊൽ - നിന്നെപ്പോലെ
ഷെല്വം - അമൂല്യനിധി
പ്പെരിദു - വലിയത്
ഉണ്ടോ - ഉണ്ടോ?

നിന്നേക്കാൾ ഒരു വലിയ ഏത് അമൂല്യനിധിയാണ്‌ എനിക്കെന്റെ ജീവിതത്തിൽ ഉള്ളത്?

ഇത്രയൊക്കെ നിങ്ങൾ വായിച്ചെങ്കിൽ നിങ്ങൾക്ക് ഒന്ന് കേൾക്കുകയുമാകാം. മഹാരാജപുരം സന്താനമല്ല. ടി.എം കൃഷ്ണ..
https://www.youtube.com/watch?v=X2VIWcXf54I

22 ഓഗസ്റ്റ് 2015

മീനാക്ഷി മേമുദം ദേഹി..
ദീക്ഷിതർ കൃതി പൂർവികല്യാണി ഗമകക്രിയ രാഗം

മുത്തുസ്വാമി ദീക്ഷിതർ കർണ്ണാടകസംഗീതത്തിലെ ത്രിമൂർത്തികൾ എന്നറിയപ്പെട്ടിരുന്നവരിൽ ഒരാളാണ്. March 24, 1775 – October 21, 1835 ആണ് ജീവിതകാലം. ഏകദേശം അഞ്ഞൂറോളം കൃതികൾ അദ്ദേഹത്തിന്റേതായി ഉണ്ട്. മിക്കവയും സംസ്കൃതത്തിൽ ആണ്. അദ്ദേഹം സന്ദർശിച്ച ക്ഷേത്രങ്ങളിലെ ദേവന്മാരെ പറ്റിയൊക്കെ അദ്ദേഹം പാടിയിട്ടുണ്ട്. ശബരിമല വന്നതിനു അദ്ദേഹത്തിന്റെ ഹരിഹരപുത്രം.. എന്ന കൃതികൊണ്ട് ആളുകൾ സമർത്ഥിക്കുന്നു. "ഗുരുഗുഹ" എന്നതാണ് അദ്ദേഹം തന്റെ കൃതികളിൽ മുദ്രയായി സ്വീകരിച്ചിരിക്കുന്നപദം.

ഇന്നത്തെ തമിഴ് നാട്ടിലെ തിരുവാരൂർ എന്ന സ്ഥലത്താണ് അദ്ദേഹം ജനിച്ചത്. രാമസ്വാമി ദീക്ഷിതർ സുബ്ബമ്മ ദമ്പതികൾക്ക് മൂത്തമകൻ. അച്ഛൻ രാമസ്വാമി ദീക്ഷിതരാണ് ഹംസധ്വനി എന്ന രാഗം കണ്ട്പടിച്ചത് എന്ന് പറയുമ്പോൾ മുത്തുസ്വാമി ദീക്ഷിതർക്കുള്ള സംഗീതപാരമ്പര്യം മനസ്സിലാവുമല്ലൊ. തൊട്ടടുത്തുള്ള വൈത്തീശ്വരം അമ്പലത്തിലെ മൂർത്തിയോട് പ്രാർത്ഥിച്ചാണ് മുത്തുസ്വാമി ദീക്ഷിതർ ജനിച്ചത് എന്നതിനാൽ മാതാപിതാക്കൾ അമ്പലത്തിലെ മൂർത്തിയുടെ പേരുതന്നെ അദ്ദേഹത്തിനും ഇട്ടതാണ്. രണ്ട് അനിയന്മാർ ബാലുസ്വാമി, ചിന്നസ്വാമി ഒരു അനിയത്തി ബാലാമ്പാൾ. കുടുംബപാരമ്പര്യമനുസരിച്ച് സംസ്കൃതവും വേദവും ഒക്കെ പഠിച്ചു. അച്ഛനിൽ നിന്ന് തന്നെ സംഗീതത്തിന്റെ അഭ്യസനവും തുടങ്ങി.

ചിദംബരനാഥ യോഗി എന്നൊരു വിദ്വാന്റെ കൂടെ അദ്ദേഹം ഇന്ത്യയിലെ പലഭാഗത്തും സഞ്ചരിച്ചു. കാശിയിൽ വസിക്കുമ്പോൾ ചിദംബരനാഥ യോഗി അദ്ദേഹത്തിനു ഒരു വിശിഷ്ട വീണ സമ്മാനം കൊടുത്തു എന്ന് കഥ. അധികം താമസിയാതെ ചിദംബരനാഥ യോഗി കാശിയിൽ വെച്ച് തന്നെ അന്തരിച്ചു. തിരിച്ച് തിരുവാരൂരിൽ എത്തിയ അദ്ദേഹം സമീപത്ത് ഉള്ള എല്ലാ അമ്പലങ്ങളിലേയും ദൈവത്തെ പ്രകീർത്തിച്ച് കൃതികൾ എഴുതി. അദ്ദേഹത്തിന്റെ യാത്രകൾ അദ്ദേഹത്തിനു പാശ്ചാത്യപൗരസ്ത്യസംഗീത വഴികളുമായും ഹിന്ദുസ്താനിസംഗീതവുമായി ഒക്കെ പരിചയപ്പെടാൻ അവസരം കൊടുത്തു. പാശ്ചാത്യസംഗീതനോട്ടുകൾ ശങ്കരാഭരണം രാഗത്തിൽ ചേർത്ത് അദ്ദേഹം കൃതികളെഴുതിയിട്ടുണ്ട്.

1835ലെ ഒരു ദീപാവലി ദിവസം അദ്ദേഹം പൂജകഴിഞ്ഞ് തന്റെ ശിഷ്യരോട് തന്റെ തന്നെ ആയ മീനാക്ഷി മേ മുദം എന്ന കൃതി ആലപിക്കാൻ ആവശ്യപ്പെട്ടു. തന്റെ കൃതികൾ ശിഷ്യർ ആലപിച്ച് കേൾക്കുന്നത് അദ്ദേഹത്തിനു ഇഷ്ടമായിരുന്നു. മീനാക്ഷി മേ മുദം എന്ന ഗമകക്രിയ(പൂർവ്വികല്യാണി)  രാഗത്തിലുള്ള കൃതി ശിഷ്യർ ആലപിക്കുമ്പോൾ അതിലെ മീനലോചിനി പാശമോചിനി.. അദ്ദേഹം കൈകളുയർത്തി "ശിവപാഹി" എന്ന് ചൊല്ലി ജീവൻ വെടിഞ്ഞു എന്ന് പറയപ്പെടുന്നു.

ഈ ഗാനം ടി.എൻ ശേഷഗോപാലൻ ആലപിക്കുന്നത് ഇവിടെ കേൾക്കാം. എനിക്ക് ഇഷ്ടപ്പെട്ടത്.


മീനലോചിനി പാശമോചിനി എന്ന് കേട്ടുകൊണ്ടാണ് ദീക്ഷിതർ മരിക്കുന്നത് എന്ന് ചരിത്രം പറയുന്നു. ഇത് കേൾക്കുമ്പോ എനിക്കൊരു സ്വപ്നം ഓർമ്മ വരും.
Meenakshi, Me Mudam Dehi – Give me eternal bliss.
*******************************************************************************************************************************

സ്വപ്നം:

പിംഗളകേശിനി എന്റെ അടുത്ത് വന്നതും ഇരുന്നതും ഒക്കെ ആയിട്ട് അതൊരു വല്ലാത്ത അനുഭൂതി തരുന്ന സ്വപ്നമായിരുന്നു. സ്വർണ്ണപ്രകാശം മനസ്സ് നിറയുന്നു സ്വർണ്ണനിലാവ്.
മൃദുവായ ശീതളിമ

ഞാനൊരു ഹോസ്പിറ്റലിലാണ്
അടിവയറിന്റെ എക്സ്രേ എടുക്കാൻ എക്സ്രേ മെഷ്യനിൽ കിടക്കുകയാണ്.
എക്സ്രേ ടെക്നീഷ്യനായിട്ട് ഒരു പെൺകുട്ടി. മിഡിയൊക്കെ ഇട്ട് അൽപ്പം തടിച്ച്. അവിടെ ആകെ ഒരു കസേരയേ ഉള്ളൂ ഇരിക്കാൻ. ഒരു മേശയും. അവളുടെ ആവശ്യത്തിനു ഉതകും.
അവളെന്നോട് എക്സ്രേ മെഷ്യനിൽ കയറി ഇരിക്കാൻ പറഞ്ഞു. ഞാൻ കയറി ഇരുന്നു. എന്നാൽ വേഗം എക്സ്രേ എടുത്ത് എന്നെ പറഞ്ഞയക്കാൻ അവൾക്ക് ഒരു ധൃതിയുമില്യാ. അവൾ ആരേയോ പ്രതീക്ഷിക്കുന്നപോലെ ഉണ്ട്.

എനിക്കാണെങ്കിൽ എന്റെ അസുഖം എന്താന്ന് അറിയില്യാ. ഞാനൊട്ടും ഭയചികിതനുമല്ല. ശാന്തനാണ് ഞാൻ.
ഷർട്ടൊന്നും ഞാനിട്ടിട്ടില്യ. ഒരു മുണ്ട് മാത്രം. ലുങ്കി തന്നെ. എന്നാൽ വളരെ ലൈറ്റ് കളറയാത്. പണ്ട് ഞാനുദ്ദേശിക്കുന്ന പോലെ ഒരു ലുങ്കി എനിക്കുണ്ടായിരുന്നു ! അത് എങ്ങനെ കൃത്യമായി പറയുമിപ്പോ എന്ന് അറിയില്യാ. ഇഷ്ടമുള്ള ഒരു ലുങ്കി. കീറിപ്പോയി. :)

ഞാൻ ആ മെഷ്യനിൽ വെറുതെ കേറി മലർന്ന് കിടന്നു. മുകളിൽ എക്സ്രേ ലൈറ്റ് ഉണ്ട്. എക്സ്രേയ്ക്ക് ഞാൻ സ്വപ്നത്തിൽ കണ്ട അത്ര ലൈറ്റുണ്ടോ അതുപോലെ ആണോ ലൈറ്റ് എന്നൊന്നും ചോദിക്കരുത്.
ഞങ്ങൾ കിന്നാരം പറഞ്ഞ് സമയം കളയുകയാണ്.

കുറച്ച് കഴിഞ്ഞപ്പോ ഒരു സ്ത്രീ സാരിയുടുത്ത്, നല്ല വടിവുള്ള ശരീരം, വെളുപ്പ് കലർന്ന ബ്രൗൺ കളർ, മുഖത്തിനു സിൽക്ക് സ്മിതയുടെ കട്ട്, ഞങ്ങടെ സെക്കന്റ് ഇയർ കെമിസ്റ്റി എടുത്തിരുന്ന ശ്യാമള ടീച്ചറെ പോലെ. അവൾ വന്നപ്പോ എസ്ക്രേ ടെക്നീഷ്യൻ അവളോടു പറയുന്നു, എനിക്കറിയാം മാഡം വരുമെന്ന് അതിനാൽ ഞാൻ ഒന്നും ചെയ്തിട്ടില്യാ ട്ടൊ എന്ന്.

ഞാൻ ചിരിക്കുന്നു. എനിക്കും അറിയാം അവൾ വരുമെന്ന്.
അവൾ അവിടെ എം.ബി.ബി.എസ്സ് കഴിഞ്ഞ് പോസ്റ്റ് ഗ്രാജ്വേഷനു പോകുന്നതിനു മുന്നേ ഉള്ള പ്രാക്റ്റീസ് ചെയ്യുന്ന ഡോക്ടറാണ്. ഞങ്ങൾ തമ്മിൽ ലവിലാ. പക്ഷെ ലവ് എന്നൊന്നും അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞിട്ടില്യാ. മരം ചുറ്റി പ്രേമം ഒന്നും നടന്നിട്ടില്യാ.
അടുത്ത് ഉണ്ടാവുമ്പോ തന്നെ ആ സാമീപ്യം സുഖം തരുന്നുണ്ട്.

എന്നിട്ടവൾ വന്ന് എക്സ്രേ മെഷ്യനൊക്കെ മുകളിലിക്കും താഴേക്കുമൊക്കെ ആക്കി അഡ്ജസ്റ്റ് ചെയ്ത്, പേടിക്കണ്ടാ ട്ടൊ എന്നൊക്കെ എന്നോട് പറയുന്നുണ്ട്. ഇടയ്ക്ക് വന്ന് എന്നെ തൊടുന്നുണ്ട്.
വല്ലാത്തൊരു ഫീലിങ്ങ് ആയിരുന്നു.

അവൾ ഒട്ടും ധൃതി പിടിയ്ക്കാതെ എക്സ്രേ എടുത്തു.
ഇതിനൊക്കെ സാക്ഷിയായി ചിരിച്ച് കൊണ്ട് എക്സ്രേ ടെക്നീഷ്യൻ പെൺകുട്ടിയുമുണ്ട്.
ഒരു തരം നിറവ് ഫീലിങ്ങ് ആയിരുന്നു അത് അപ്പോ എനിക്ക്. അതെന്ത് ഫീലിങ്സ് എന്ന് എന്നോട് ചോദിക്കരുത്. വാക്കുകളില്യാ.
ഒരു റോസാപ്പൂ പോലെ അവൾ.

എക്സ്രേ ഒക്കെ എടുത്ത് അവൾ പോയി. ഞാനും ആ എക്സ്രേ ടെക്നീഷ്യൻ പെൺകുട്ടിയും കൂടെ ഇരുന്ന് ഉച്ച ഭക്ഷണം അവൾ കൊണ്ട് വന്നത് ഷെയർ ചെയ്ത് കഴിച്ചു.  അവൾ എനിക്കുള്ളത് കരുതിയിരുന്നു എന്നത് കാര്യം. എന്നിട്ട് ഭക്ഷണം കഴിഞ്ഞ് ഞാൻ ആ എക്സ്രേ മെഷ്യനിൽ നിന്ന് ഇറങ്ങീട്ടില്യാ. എക്സ്രേ റൂമിനു വാതിലില്യാ. ഒരു തുണികർട്ടണാ.

ഉച്ചഭക്ഷണം കഴിഞ്ഞ് ഞാൻ പിന്നേം ആ മെഷ്യനിൽ തന്നെ കയറി കിടന്നു.
പിന്നെ ഡോക്ടർ ലേഡി എക്സ്രേ റൂമിലേക്ക് ഒരു വരവ് വരുന്നുണ്ട്. ആ തുണികർട്ടനൊക്കെ മാറ്റി. അതിനിടയിലൂടെ..
മനസ്സ് നിറഞ്ഞു പിന്നേം.

ഞാൻ ആ മെഷ്യനിൽ മലർന്ന് കിടന്നു. എന്റെ സ്ഥിരം പോസ്. കൈകൾ തലയിണയാക്കി.
അവൾ വന്നിട്ട് അധികാരത്തോടെ എന്റെ അടുത്ത് ആ മെഷ്യനിൽ കയറി ഇരുന്നു.
ടെക്നീഷ്യൻ അരികിലെ കസേരയിലും.
അപ്പോ വേണമെങ്കിൽ എനിക്കവളെ അരയിലൂടെ ചുറ്റി പിടിക്കാം. പക്ഷെ അതൊന്നും ഞാൻ ചെയ്യുന്നില്യാ.
സാമീപ്യം തന്നെ മനസ്സ് നിറയ്ക്കുന്നു. എന്റെ മാത്രമല്ല അവളുടേയും. രണ്ട് പേരുടേയും മുഖം കണ്ടാലതറിയാം.

അതിനിടയിൽ ഒരു സ്വർണ്ണമാല എവിടുന്ന് വന്നൂന്ന് അറിയില്യാ.
അല്ലെങ്കിലും സ്വപ്നത്തിൽ ചോദ്യം പാടില്യലൊ :)
ആ മാല എനിക്ക് എന്റെ അമ്മ തന്നത്.  അത്യാവശ്യം നീളമുണ്ട് അതിനു. ഉരുണ്ട ഡിസൈൻ.  അത്തൊരു മാലയും എനിക്ക് ഉണ്ട് ട്ടൊ. :)
മൂന്നുനാലുകൊല്ലം മുന്നേ അമ്മ നീ ഇത് ഇട്ടൊ എന്ന് എനിക്ക് തന്നതാ.
ആ മാല ഞാൻ അവൾക്ക് കൊടുത്തു. ആ സമയത്തെ ഫീലിങ്ങ്സ് ഒന്നും എഴുതാൻ എനിക്ക് വാക്കുകൾ ഇല്യാ.

ഒരു സുന്ദരശീതള കാറ്റ്. റോസാപ്പൂവിന്റെ എളിമയായ മണം. നിറവിന്റെ അനുഭൂതി.
ആ അനുഭൂതിയിൽ ഞാൻ ഉണർന്നു
അവളുമായുള്ള, പറയാതെ രണ്ട് പേർക്കും അറിയാവുന്ന സ്നേഹം. ആ അനുഭൂതി. ആ അണ്ടർസ്റ്റാന്റിങ്ങ്. അവ്യാച്യം !
പ്രണയമാണോ അത്?

എന്തായാലും ഞാനുണർന്നു.
ഞാനെന്റെ സോഫയിൽ വന്നിരുന്നു. സോഫയുടെ കൈകളിൽ എന്റെ തൊട്ടടുത്ത് അവളുണ്ട് എന്ന് എനിക്ക് തോന്നി.
പിംഗളകേശിനിയും പിംഗളവർണ്ണയുമായ അവൾ. (ആരോഗ്യനികേതനം എന്ന താരാശങ്കർ ബന്ദോപാദ്ധ്യായുടെ നോവൽ)
അവൾ എന്റെ ഒപ്പം തന്നെ.
എല്ലായിടത്തും. എപ്പോഴും. കാണാമറയത്തെങ്കിലും നിഴൽ പോലെ.
അനുഭവിക്കുന്നുണ്ട് അവളുടെ ആ സാമീപ്യം.

മീനലോചിനീ പാശമോചിനീ.
മത്തിക്കണ്ണീ എന്റെ കെട്ടഴിക്ക് എന്ന് ദിലീപേട്ടന്റെ ചുവട് പിടിച്ച് എന്റെ(മുകളിലെ സ്വപ്നം) തർജ്ജുമ.
*********************************************************************************
മീനാക്ഷീ, മേ മുദം ദേഹി, മേചകാംഗീ, രാജമാതംഗീ

മത്തിക്കണ്ണീ, എനിക്ക് സന്തോഷം താ, നീലവര്‍ണ്ണീ, പെരിയ കാട്ടാളത്തീ (മാതംഗി - കിരാതി)

മാനമാതൃമേയേ മായേ മരകതഛായേ, ശിവജായേ
മീനലോചനി, പാശമോചിനി, മാനിനി, കദംബവനവാസിനി

അറിയപ്പെടുന്ന അറിവിന്റെ തായേ (മാനിക്കപ്പെട്ട മാതൃമേയ), ശെപ്പിടിവിദ്യക്കാരീ (മായ), പച്ചമുത്തേ (മരതകഛായ - റെസംബ്ലിങ് എമെറാള്‍ഡ്), ശിവന്റെ കെട്ട്യോളേ, അയലക്കണ്ണീ, കെട്ടഴിക്കുന്നോളേ (പാശം സംസാരബന്ധത്തിന്റെ കയ്റില്‍ നിന്ന് മോചിപ്പിക്കുന്നവള്‍), മാനിച്ചോളേ, കടമ്പക്കാട്ടില്‍ പാര്‍ക്കുന്നോളേ

മധുരാപുരിനിലയേ മണിവലയേ മലയധ്വജപാണ്ഡ്യരാജതനയേ
വിധുവിഡംബനവദനേ, വിജയേ, വീണാഗാന ദശഗമകക്രിയേ
മധുമദമോദിതഹൃദയേ, സദയേ മഹാദേവസുന്ദരേശപ്രിയേ
മധുമുരരിപുസോദരീ, ശാതോദരീ, വിധിഗുരുഗുഹവശങ്കരീ, ശങ്കരീ

മധുരാപട്ടണം താമസസ്ഥലമാക്ക്യോളേ (മധുരാ നാമ പുരി നിലയം യസ്യാ സാ), മണിമുത്തിന്റെ വള അണിയുന്നോളേ; സഹ്യക്കുന്ന് കൊടിയടയാളമായിട്ടുള്ള പാണ്ഡ്യരാജാവിന്റെ മോളേ (മലയ - സഹ്യാദ്രി, പടിഞ്ഞാറേ മലനിരകള്‍, അത് ധ്വജം - അടയാളമായിട്ടുള്ള അണ്ണന്‍), ചന്ദ്രനെ പ്രതിനിധാനം ചെയ്യുന്ന മോറീ (വിഡംബന - പലേ അര്‍ത്ഥങ്ങളും ഉണ്ടെങ്കിലും ഇവിടെ റെപ്രെസെന്റ് എന്നത് യോജിക്കുന്നു, വിധുവിനെ വിഡംബനം ചെയ്യുന്ന വദന), ജയിക്കുന്നോളേ, വീണ വായിക്കുമ്പൊ പത്തു ഗമകങ്ങളും (സ്വരാലാപനവൈചിത്ര്യം) ഒരുപോലെ വായിക്കുന്നോളേ, മധുവിന്റെ (ഹണിയുടെ) മദത്തെ (അഹങ്കാരത്തെ) മോഹിപ്പിക്കുന്ന ഹൃദയള്ളോളേ, ദയേള്ളോളേ, മഹാദേവനായിരിക്കുന്ന സുന്ദരേശന് പ്രിയപ്പെട്ടോളേ, മധു, മുരന്‍ എന്നോരുടെ ശത്രുവിന്റെ പെങ്ങളേ, ഒട്ടിയവയറീ, വിധി, ബൃഹസ്പതി എന്നോരെ വശീകരിക്കുന്നോളെ, ശങ്കരന്റെ പകുതീ--

കീര്‍ത്തനത്തില്‍ ആകെ "ദേഹി" എന്ന ഒരു പൂര്‍ണ്ണക്രിയയേ ഉള്ളു. "മുദം" എന്നൊരു കര്‍മ്മവും (പ്രെഡിക്കേറ്റ് ). ബാക്കിയൊക്കെ സംബോധനകളും. അപ്പോള്‍ സംഗീതം തന്നെയാണ് പ്രധാനമായും എഴുതിയ ആള്‍ മനസ്സിരുത്തിയിട്ടുണ്ടാവുക.
(തർജ്ജുമ ആന്റ് കമന്റ് ബൈ ദിലീപേട്ടൻ)

എന്തായാലും എനിക്ക് ചാവുമ്പൊ പോത്തും കാളയും കാലനും ഒന്നും വേണ്ടാ പിംഗളകേശിനി മതീന്ന് 😂😂😂😂 ഞാൻ ഒന്നുമല്ലെങ്കിൽ ഒരു ആണാണല്ലൊ. ആരോഗ്യനികേതനം സിന്ദാബാദ്.

ശൂർപ്പണഖയുടെ മൂക്കും ചെവിയും മുലയും മുറിക്കൽ

ആദ്യമേ പറയട്ടെ, ഞാൻ ഉദ്ധരിയ്ക്കുന്നതെല്ലാം ഇന്റെർനെറ്റിൽ ലഭ്യമായ സ്രോതസ്സുകൾ ആണ്. അതിനാൽ ലിങ്ക് ഉണ്ട്. ശൂർപ്പണഖയുടെ അംഗവിഛേദം കഥകളിയിലും കൂട...