കഥയില്ലാത്തവന്റെ കഥ എന്നാണ് പേർ. ഒരു കഥയുമില്ലാത്തവൻ എന്ന് വിനയം. താൻ വല്ലാത്ത പഹയനൊന്നും അല്ല എന്ന വിനയം മാത്രമല്ല അതിൽ ഉൾക്കൊണ്ടിരിക്കുന്നത്. പ്രപഞ്ചത്തെയാകെ സമഭാവനയോടെ കാണുന്ന ഒരു കാഴ്ചപ്പാടുണ്ട് അതിൽ. എനിക്ക് മാത്രമല്ല നിങ്ങൾക്കും കഥയില്ല എന്ന് തന്നെ. ഇതിൽ ആത്മവിശ്വാസവുമുണ്ട്. നമുക്കും പാലൂരിന്റെ എഴുത്തിനോട് താദാത്മ്യം പ്രാപിക്കാം. ഞാനല്ലയോ ഇത് എന്ന് ശങ്കിക്കാം.
പാലൂരിന്റെ കവിതകൾ ഒന്നും ഞാൻ വായിച്ചിട്ടില്ല. ഈ ആത്മകഥയല്ലാതെ അദ്ദേഹത്തിന്റെ മറ്റൊരു കൃതി വായിച്ച ഓർമ്മയും ഇല്ല. അതെന്തായാലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലങ്ങളിൽ ജനിച്ച് വളർന്ന ഒരു നമ്പൂതിരി സമുദായാംഗത്തിന്റെ വേദനകളും സുഖങ്ങളും എനിക്കിതിൽ വായിച്ചറിയാൻ കഴിഞ്ഞു. അതെനിക്ക് പരിചിതമാണല്ലൊ. എന്നാൽ അത് മാത്രമല്ല. പാലൂർ എന്ന മാധവൻ, അച്ഛനമ്മമാർക്ക് ഒമ്പതാമത്തെ കുട്ടിയായിട്ടാണ് ജനിക്കുന്നത്. ജനിക്കുന്നതിനു മുന്നേ തന്നെ അച്ഛനു ബുദ്ധിഭ്രമം തുടങ്ങി. ഒരനിയത്തി ബാല്യത്തിലേ മരിച്ചു. അത് മുതലാണ് പാലൂർ തന്റെ കഥ തുടങ്ങുന്നത് തന്നെ. ജന്മിത്തവ്യവസ്ഥിതിയുടെ അവസാന കാലഘട്ടം. ജന്മിയായിരിക്കാനല്ലാതെ മറ്റൊരു തൊഴിലും അറിയാത്ത സമുദായം. എന്നാലും ഉപനയനം സമാവർത്തനം ഓത്ത് ചൊല്ലൽ എന്നിവയൊക്കെ ഉണ്ടായി പാലൂരിനും.
പിന്നീട് ജീവിക്കാനുള്ള, സ്വന്തം കാലിൽ നിൽക്കാനുള്ള അദ്ധ്വാനം ആണ് ജീവിതകഥയിൽ ആദ്യഭാഗം എന്ന് പറയാം. ഔപചാരിക വിദ്യഭ്യാസം ഒന്നും കിട്ടിയിട്ടില്ല. അതിനായി സമുദായം പറഞ്ഞ തൊഴിൽ അല്ലാതെ മറ്റ് പലതും പഠിച്ചു. കഥകളിയാണ് ഒന്ന് അദ്ദേഹം പഠിച്ചത്. അത് കഥകളി ഇന്നു കാണുന്ന രീതിയിലേക്ക് ആക്കിമാറ്റുന്നതിൽ പ്രധാന പങ്കുവഹിച്ച ഗുരു സാക്ഷാൽ പട്ടിക്കാംതൊടി രാവുണ്ണി മേനോന്റെ അവസാന കാലശിഷ്യനായി! അന്നത്തെ കഥകളി അഭ്യസനം മഹാദുഷ്കരം ആയിരുന്നു. പട്ടിക്കാംതൊടി പല പ്രത്യേകസ്വഭാവവിശേഷങ്ങളും ഉള്ള മഹാഗുരുവും. അദ്ദേഹത്തിന്റെ അടുത്ത് കഥകളി അഭ്യസിക്കുന്ന കാലത്തെ പറ്റി പാലൂർ വികാരപരമായി തന്നെ ഓർക്കുന്നുണ്ട്. അവസാനം പട്ടിക്കാംതൊടി അന്തരിച്ചശേഷം ഇനി എന്തുവേണ്ടൂ എന്നറിയാതെ മുംബായിലേക്ക് വണ്ടി കയറിയതിനു ശേഷമുള്ള ഭാഗങ്ങൾ അത്രതന്നെ വികാരപരമായി തോന്നിയില്ല.
പട്ടിക്കാംതൊടിയുടെ അവസാന നാളിൽ എങ്ങിനേയോ അദ്ദേഹത്തിന്റെ വീട്ടിലെത്തി അദ്ദേഹത്തിനു ഗംഗാജലം നൽകലും അടുത്തിരുന്ന് വിഷ്ണുസഹസ്രനാമം ചൊല്ലലും എല്ലാം പാലൂർ വൈകാരികമായി തന്നെ വർണ്ണിച്ചിരിക്കുന്നു. ഈ സംഭവം ഞാൻ ആദ്യം വായിക്കുന്നത്, പട്ടിക്കാം തൊടിയുടെ ജീവിചരിത്രത്തിലാണ്. (നാട്യാചാര്യന്റെ ജീവിതമുദ്രകൾ; കലാമണ്ഡലം പദ്മനാഭൻ നായരും ഞായത്ത് ബാലനും കൂടി എഴുതിയത്)
മറ്റൊന്ന് എനിക്ക് തോന്നിയത്, അദ്ദേഹത്തിന്റെ മഹാഭാരതം വായന ആണ്. സാധാരണ കുടുംബങ്ങളിൽ മഹാഭാരതം വായിക്കാറില്ല എന്നാണ് പറയുക. അദ്ദേഹം മഹാഭാരതം പത്തൊൻപത് തവണവായിച്ചു എന്നത് അത്ഭുതപ്പെടുത്തി!
ഇതൊക്കെ എങ്കിലും അദ്ദേഹം, തന്റെ കവിത വന്ന വഴികളെ പറ്റി അധികം പറഞ്ഞിട്ടില്ല എന്നതു എന്നെ നിരാശപ്പെടുത്തി. ഞാനദ്ദേഹത്തിന്റെ കവിത വായിച്ചിട്ടില്ലെങ്കിലും; അവ വന്ന വഴി അറിയാൻ കവിത വായിക്കണമെന്നില്ലല്ലൊ എന്ന പക്ഷം ആണ് ഞാൻ. ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള സമരം തന്നെ ആണ് പാലൂരിനു ജീവിതം എന്നത് എന്ന് അവതാരിക എഴുതിയ പി. എം നാരായണൻ പറയുന്നു. ആ സമരത്തിന്റെ കഥ ആകട്ടെ കഥയില്ലാത്തവന്റെ കഥ എന്ന് പാലൂരും!
പലരും എഴുതുന്നു ജീവിതപ്പാത (ചെറുകാടിന്റെ ആത്മകഥ) പോലെ മലയാളത്തിൽ മറ്റൊന്നാണ് പാലൂരിന്റെ കഥയില്ലാത്തവന്റെ കഥ എന്ന്. എനിക്ക് ആ അഭിപ്രായം ഒട്ടും ഇല്ലതന്നെ. ഒന്നും മറ്റൊന്ന് പോലെ അല്ല.
ദീപക്ക് ഉണ്ണികൃഷ്ണന്റെ ഈ കവിത മലയാളത്തിൽ ആണ്. അക്ഷരം നോക്കരുത്.. ഇതിൽ പരം ഇത് മലയാളത്തിൽ ആകില്ല. പലതും ഗൾഫ് പ്രൊഫഷൻസ് അതൊക്കെ നമുക്ക് ഇങ്ങനെ അറിയൂ. അത് തന്നെ മലയാളം. ഇനി.. more..arriving... അതന്നെ മലയാളം... ഇതിൽ പരം എങ്ങനെ പറയും അവസ്ഥയെ?
ത്യാഗരാജസ്വാമികൾക്ക് രാമൻ ആരായിരുന്നു?
ഓരോ കൃതിയും വായിക്കണം. അവർ തമ്മിൽ ഉള്ള ബന്ധം രസകരം ആയിരുന്നു. ദൈവം തന്നെ ആരാധിക്കുന്നവൻ തന്നെ. എന്ന് വെച്ച് മനസ്സിലുള്ളത് പറയാൻ
ത്യാഗരാജസ്വാമികൾക്ക് ഒരു മടിയുമില്ല.
ചീത്തയും പറയും പിന്നെ മാപ്പ് ചോദിക്കും. വളരെ സുതാര്യവും ഗാഢവും എന്നെ കൊതിപ്പിക്കുന്നതും ആണ് ആ ബന്ധം. അദ്ദേഹത്തിന്റെ ഓരോ കൃതിയും അതുകൊണ്ട്
തന്നെ മനസ്സുകൊണ്ടേ കേൾക്കാനും വായിക്കാനും പറ്റൂ.
ഖരഹരപ്രിയ എന്ന രാഗത്തിൽ ഉള്ള ഈ കൃതി പറയുന്നതെന്ത് എന്ന് നമുക്ക് നോക്കാം.
തെലുങ്കിൽ നിന്നും മലയാള ലിപിയിലേക്കാക്കുമ്പോൾ തെറ്റ് പറ്റാം. അർത്ഥം പിന്നെ ഞാനെഴുതിയാൽ... പറയണ്ടല്ലൊ..
ചന്ദ്രനെ നാണിപ്പിയ്ക്കുന്ന മുഖസൗന്ദര്യമുള്ള അല്ലയോ സീതാമ്മയേ, അല്ലയോ ലക്ഷ്മണാ, നിങ്ങൾ ഇരുവശവും നിന്നുകൊണ്ട്, നിങ്ങളുടെ രാമസേവയുടെ ഗാംഭീര്യവും
പ്രതാപവും ഐശ്വര്യവും എന്നെ, ഈ ത്യാഗരാജനെ, അറിയിക്കില്ലേ?
നിങ്ങൾ ശരീരം കൊണ്ട് അദ്ദേഹത്തിനു അഭിവാദ്യങ്ങൾ അർപ്പിയ്ക്കുന്നില്ലേ? നിങ്ങൾ അദ്ദേഹത്തിന്റെ നാമം പ്രേമം നിറഞ്ഞ മനസ്സോടെ ഉരുവിടുന്നില്ലേ? അതുമല്ല അദ്ദേഹത്തെ നിറഞ്ഞ മനസ്സുകൊണ്ട് ധ്യാനിയ്ക്കുന്നില്ലേ?
ഹരി ഹരി... ക്ഷമിയ്ക്കണേ.. ഞാൻ ഇതൊക്കെ ചോദിയ്ക്കുന്നതിനു ക്ഷമിയ്ക്കണേ...
വാക്കുവാക്കായി അർത്ഥം അറിയാൻ ഇവിടെ വായിക്കുക, ഇതെഴുതിയതിനു കടപ്പാടും ഉണ്ട് ഈ പോസ്റ്റിനു്:-
ആരെ ഭജിയ്ക്കണം ന്നാ വാസുദേവാചാര്യർ പറയുന്നത് എങ്കിൽ... കേട്ടോളൂ
ശ്രീ രഘുവീരം ഭജരേ.. ശ്രീ രഘുരാമനേ ഭജിയ്ക്കൂ എന്ന്. ഇനി ആ രഘുരാമന്റെ കേമത്തങ്ങൾ എന്തൊക്കെയാ? അല്ല ഭജിയ്ക്കാൻ എന്തെങ്കിലും കേമത്തം വേണലൊ.
ആ രഘുരാമൻ ഭുക്തിമുക്തിപ്രദം ആണ്. അതായത് ഐശ്വര്യവും മോക്ഷവും നൽകുന്നവനാണ്. മാത്രമോ? പോരാ.. അവൻ വാസുദേവൻ ആണ്. അവൻ ഹരിയാണ്.
അതും പോരാ..
വ്രിജിനവിധൂരം എന്നാണോ വിദൂരം എന്നാണോ എന്നറിയില്ല എനിയ്ക്ക്. എന്നാലും ഏകദേശം അർത്ഥം അവൻ മുനികളാൽ ധ്യാനിയ്ക്കപ്പെട്ടവൻ ആണ് എന്നോ മറ്റോ പറയാം.
അതുകൊണ്ടും കഴിഞ്ഞില്ല വിശേഷണങ്ങൾ..
വിശ്വാധാരം = അവൻ വിശ്വത്തിനു തന്നെ ആധാരം ആണ്.
സുജനമന്ദാരം = സജ്ജനങ്ങളെ രക്ഷിക്കുന്നവനും പരിപാലിയ്ക്കുന്നവനും ആണ്. അതിനാൽ ദുഷ്ടജനങ്ങൾ സൂക്ഷിക്കുക. ഇതളക്കാനുള്ള മീറ്റർ എന്റെ കയ്യിൽ ഇല്ലാ.
അതും കൂടാതെ സുന്ദരാകാരം ആണ്. അതായത് നല്ല അസ്സൽ സുന്ദരൻ എന്ന്. നല്ല ഭംഗിയുണ്ടത്രെ കാണാൻ.
അതുകൊണ്ടും കഴിഞ്ഞില്ല വിശേഷണങ്ങൾ
രാവണമർദനം രക്ഷിത ഭുവനം ആണവൻ. രാവണനെ കൊന്ന് ഭൂമിയെ രക്ഷിച്ചവൻ ആണ് ആ രഘുരാമൻ എന്നർത്ഥം
രവിശശി നയനം ആണവന്. സൂര്യനേ പോലേയും ചന്ദ്രനേപോലേയും ഒക്കെ കണ്ണുകൾ ഉള്ളവൻ ആണെന്ന്
രവിജാതി മദനം, സൂര്യനേക്കാൾ ഭംഗിയുള്ളവൻ, തേജസ്സുള്ളവൻ എന്ന് എന്റെ വക അർത്ഥം
കൂടാതെ, അവൻ,
രവിജാതിവാനര പരിവൃതം ആണ്. കൊരങ്ങന്മാരേയും മനുഷ്യമ്മാരേയും ഒക്കെ രക്ഷിച്ചവൻ എന്ന് അർത്ഥം കാണുന്നു.
രത്നഹാരപരിഭോഷിത കന്ദരം = നല്ല അസ്സൽ രത്നമാല മാറിലണിഞ്ഞവൻ ആണെന്ന്.
അതുകൊണ്ടും കഴിഞ്ഞില്ല...
രവിശശി കുജ ബുദ്ധ ഗുരുശുക്ര.... തുടങ്ങിയ നവഗ്രഹങ്ങൾക്കും നേതാവാണ്. അല്ലെങ്കിൽ മുകളിൽ ആണ് അവന്റെ സ്ഥാനം.
ഒക്കെ കഴിഞ്ഞ് അവൻ രാജകുമാരൻ ആണ്. പോരാ, താമരൈതളുപോലെ ഉള്ള കണ്ണുകൾ ഉള്ളവനും ഭൂമിപുത്രിയായ സീതയുടെ മനോഹരനും ആയ രാമൻ
ആ രഘുവീരനേ ഭജരേ രേ മാനസ... മനസ്സേ ഇപ്രകാരമെല്ലാമുള്ള രാമനെ ഭജിയ്ക്കൂ...
എന്ന് മൈസൂർ വാസുദേവാചാര്യർ.
മൈസൂർക്കാരൻ വാസുദേവാചാര്യരുടെ ജീവിതകാലം May 28, 1865 – May 17, 1961 ആണ്. ത്യാഗരാജന്റെ നേർശിഷ്യമ്മാരിൽ ഒരാൾ. തെലുങ്കിലും സംസ്കൃതത്തിലുമായി ഏകദേശം
ഇരുനൂറോളം കൃതികൾ രചിച്ചിട്ടുണ്ട്. ബ്രോച്ചേവാ രവരുരേ... എന്ന പാട്ടില്ലേ ശങ്കരാഭരണം സിനിമയിലെ? അതിന്റെ കർത്താവാണ്. പട്ട്ണം സുബ്രഹ്മണ്യ അയ്യരായിരുന്നു ഗുരു/
പദ്മഭൂഷൺ കിട്ടിയിട്ടുണ്ട് ട്ടൊ. ഏത് കൊല്ലം എന്ന് അറിയില്ല. "നാ കണ്ട കലവിദരു" എന്ന പേരിൽ കന്നടയിൽ അനവധി സംഗീതകാരന്മാരുടെ ജീവചരിത്രപരമായ കുറിപ്പുകൾ എഴുതി പുസ്തകമാക്കിയിട്ടുണ്ട്.
കേട്ടെഴുതുമ്പോൾ വരികൾ ഒന്നും കൃത്യമാവണം എന്നില്ല. പിന്നെ ഞാൻ പറഞ്ഞ അർത്ഥങ്ങൾ ഒട്ടും കൃത്യമേ അല്ലാ
22 ഓഗസ്റ്റ് 2015
മീനാക്ഷി മേമുദം ദേഹി..
ദീക്ഷിതർ കൃതി പൂർവികല്യാണി ഗമകക്രിയ രാഗം
മുത്തുസ്വാമി ദീക്ഷിതർ കർണ്ണാടകസംഗീതത്തിലെ ത്രിമൂർത്തികൾ എന്നറിയപ്പെട്ടിരുന്നവരിൽ ഒരാളാണ്. March 24, 1775 – October 21, 1835 ആണ് ജീവിതകാലം. ഏകദേശം അഞ്ഞൂറോളം കൃതികൾ അദ്ദേഹത്തിന്റേതായി ഉണ്ട്. മിക്കവയും സംസ്കൃതത്തിൽ ആണ്. അദ്ദേഹം സന്ദർശിച്ച ക്ഷേത്രങ്ങളിലെ ദേവന്മാരെ പറ്റിയൊക്കെ അദ്ദേഹം പാടിയിട്ടുണ്ട്. ശബരിമല വന്നതിനു അദ്ദേഹത്തിന്റെ ഹരിഹരപുത്രം.. എന്ന കൃതികൊണ്ട് ആളുകൾ സമർത്ഥിക്കുന്നു. "ഗുരുഗുഹ" എന്നതാണ് അദ്ദേഹം തന്റെ കൃതികളിൽ മുദ്രയായി സ്വീകരിച്ചിരിക്കുന്നപദം.
ഇന്നത്തെ തമിഴ് നാട്ടിലെ തിരുവാരൂർ എന്ന സ്ഥലത്താണ് അദ്ദേഹം ജനിച്ചത്. രാമസ്വാമി ദീക്ഷിതർ സുബ്ബമ്മ ദമ്പതികൾക്ക് മൂത്തമകൻ. അച്ഛൻ രാമസ്വാമി ദീക്ഷിതരാണ് ഹംസധ്വനി എന്ന രാഗം കണ്ട്പടിച്ചത് എന്ന് പറയുമ്പോൾ മുത്തുസ്വാമി ദീക്ഷിതർക്കുള്ള സംഗീതപാരമ്പര്യം മനസ്സിലാവുമല്ലൊ. തൊട്ടടുത്തുള്ള വൈത്തീശ്വരം അമ്പലത്തിലെ മൂർത്തിയോട് പ്രാർത്ഥിച്ചാണ് മുത്തുസ്വാമി ദീക്ഷിതർ ജനിച്ചത് എന്നതിനാൽ മാതാപിതാക്കൾ അമ്പലത്തിലെ മൂർത്തിയുടെ പേരുതന്നെ അദ്ദേഹത്തിനും ഇട്ടതാണ്. രണ്ട് അനിയന്മാർ ബാലുസ്വാമി, ചിന്നസ്വാമി ഒരു അനിയത്തി ബാലാമ്പാൾ. കുടുംബപാരമ്പര്യമനുസരിച്ച് സംസ്കൃതവും വേദവും ഒക്കെ പഠിച്ചു. അച്ഛനിൽ നിന്ന് തന്നെ സംഗീതത്തിന്റെ അഭ്യസനവും തുടങ്ങി.
ചിദംബരനാഥ യോഗി എന്നൊരു വിദ്വാന്റെ കൂടെ അദ്ദേഹം ഇന്ത്യയിലെ പലഭാഗത്തും സഞ്ചരിച്ചു. കാശിയിൽ വസിക്കുമ്പോൾ ചിദംബരനാഥ യോഗി അദ്ദേഹത്തിനു ഒരു വിശിഷ്ട വീണ സമ്മാനം കൊടുത്തു എന്ന് കഥ. അധികം താമസിയാതെ ചിദംബരനാഥ യോഗി കാശിയിൽ വെച്ച് തന്നെ അന്തരിച്ചു. തിരിച്ച് തിരുവാരൂരിൽ എത്തിയ അദ്ദേഹം സമീപത്ത് ഉള്ള എല്ലാ അമ്പലങ്ങളിലേയും ദൈവത്തെ പ്രകീർത്തിച്ച് കൃതികൾ എഴുതി. അദ്ദേഹത്തിന്റെ യാത്രകൾ അദ്ദേഹത്തിനു പാശ്ചാത്യപൗരസ്ത്യസംഗീത വഴികളുമായും ഹിന്ദുസ്താനിസംഗീതവുമായി ഒക്കെ പരിചയപ്പെടാൻ അവസരം കൊടുത്തു. പാശ്ചാത്യസംഗീതനോട്ടുകൾ ശങ്കരാഭരണം രാഗത്തിൽ ചേർത്ത് അദ്ദേഹം കൃതികളെഴുതിയിട്ടുണ്ട്.
1835ലെ ഒരു ദീപാവലി ദിവസം അദ്ദേഹം പൂജകഴിഞ്ഞ് തന്റെ ശിഷ്യരോട് തന്റെ തന്നെ ആയ മീനാക്ഷി മേ മുദം എന്ന കൃതി ആലപിക്കാൻ ആവശ്യപ്പെട്ടു. തന്റെ കൃതികൾ ശിഷ്യർ ആലപിച്ച് കേൾക്കുന്നത് അദ്ദേഹത്തിനു ഇഷ്ടമായിരുന്നു. മീനാക്ഷി മേ മുദം എന്ന ഗമകക്രിയ(പൂർവ്വികല്യാണി) രാഗത്തിലുള്ള കൃതി ശിഷ്യർ ആലപിക്കുമ്പോൾ അതിലെ മീനലോചിനി പാശമോചിനി.. അദ്ദേഹം കൈകളുയർത്തി "ശിവപാഹി" എന്ന് ചൊല്ലി ജീവൻ വെടിഞ്ഞു എന്ന് പറയപ്പെടുന്നു.
മീനലോചിനി പാശമോചിനി എന്ന് കേട്ടുകൊണ്ടാണ് ദീക്ഷിതർ മരിക്കുന്നത് എന്ന് ചരിത്രം പറയുന്നു. ഇത് കേൾക്കുമ്പോ എനിക്കൊരു സ്വപ്നം ഓർമ്മ വരും.
Meenakshi, Me Mudam Dehi – Give me eternal bliss.
*******************************************************************************************************************************
സ്വപ്നം:
പിംഗളകേശിനി എന്റെ അടുത്ത് വന്നതും ഇരുന്നതും ഒക്കെ ആയിട്ട് അതൊരു വല്ലാത്ത അനുഭൂതി തരുന്ന സ്വപ്നമായിരുന്നു. സ്വർണ്ണപ്രകാശം മനസ്സ് നിറയുന്നു സ്വർണ്ണനിലാവ്.
മൃദുവായ ശീതളിമ
ഞാനൊരു ഹോസ്പിറ്റലിലാണ്
അടിവയറിന്റെ എക്സ്രേ എടുക്കാൻ എക്സ്രേ മെഷ്യനിൽ കിടക്കുകയാണ്.
എക്സ്രേ ടെക്നീഷ്യനായിട്ട് ഒരു പെൺകുട്ടി. മിഡിയൊക്കെ ഇട്ട് അൽപ്പം തടിച്ച്. അവിടെ ആകെ ഒരു കസേരയേ ഉള്ളൂ ഇരിക്കാൻ. ഒരു മേശയും. അവളുടെ ആവശ്യത്തിനു ഉതകും.
അവളെന്നോട് എക്സ്രേ മെഷ്യനിൽ കയറി ഇരിക്കാൻ പറഞ്ഞു. ഞാൻ കയറി ഇരുന്നു. എന്നാൽ വേഗം എക്സ്രേ എടുത്ത് എന്നെ പറഞ്ഞയക്കാൻ അവൾക്ക് ഒരു ധൃതിയുമില്യാ. അവൾ ആരേയോ പ്രതീക്ഷിക്കുന്നപോലെ ഉണ്ട്.
എനിക്കാണെങ്കിൽ എന്റെ അസുഖം എന്താന്ന് അറിയില്യാ. ഞാനൊട്ടും ഭയചികിതനുമല്ല. ശാന്തനാണ് ഞാൻ.
ഷർട്ടൊന്നും ഞാനിട്ടിട്ടില്യ. ഒരു മുണ്ട് മാത്രം. ലുങ്കി തന്നെ. എന്നാൽ വളരെ ലൈറ്റ് കളറയാത്. പണ്ട് ഞാനുദ്ദേശിക്കുന്ന പോലെ ഒരു ലുങ്കി എനിക്കുണ്ടായിരുന്നു ! അത് എങ്ങനെ കൃത്യമായി പറയുമിപ്പോ എന്ന് അറിയില്യാ. ഇഷ്ടമുള്ള ഒരു ലുങ്കി. കീറിപ്പോയി. :)
ഞാൻ ആ മെഷ്യനിൽ വെറുതെ കേറി മലർന്ന് കിടന്നു. മുകളിൽ എക്സ്രേ ലൈറ്റ് ഉണ്ട്. എക്സ്രേയ്ക്ക് ഞാൻ സ്വപ്നത്തിൽ കണ്ട അത്ര ലൈറ്റുണ്ടോ അതുപോലെ ആണോ ലൈറ്റ് എന്നൊന്നും ചോദിക്കരുത്.
ഞങ്ങൾ കിന്നാരം പറഞ്ഞ് സമയം കളയുകയാണ്.
കുറച്ച് കഴിഞ്ഞപ്പോ ഒരു സ്ത്രീ സാരിയുടുത്ത്, നല്ല വടിവുള്ള ശരീരം, വെളുപ്പ് കലർന്ന ബ്രൗൺ കളർ, മുഖത്തിനു സിൽക്ക് സ്മിതയുടെ കട്ട്, ഞങ്ങടെ സെക്കന്റ് ഇയർ കെമിസ്റ്റി എടുത്തിരുന്ന ശ്യാമള ടീച്ചറെ പോലെ. അവൾ വന്നപ്പോ എസ്ക്രേ ടെക്നീഷ്യൻ അവളോടു പറയുന്നു, എനിക്കറിയാം മാഡം വരുമെന്ന് അതിനാൽ ഞാൻ ഒന്നും ചെയ്തിട്ടില്യാ ട്ടൊ എന്ന്.
ഞാൻ ചിരിക്കുന്നു. എനിക്കും അറിയാം അവൾ വരുമെന്ന്.
അവൾ അവിടെ എം.ബി.ബി.എസ്സ് കഴിഞ്ഞ് പോസ്റ്റ് ഗ്രാജ്വേഷനു പോകുന്നതിനു മുന്നേ ഉള്ള പ്രാക്റ്റീസ് ചെയ്യുന്ന ഡോക്ടറാണ്. ഞങ്ങൾ തമ്മിൽ ലവിലാ. പക്ഷെ ലവ് എന്നൊന്നും അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞിട്ടില്യാ. മരം ചുറ്റി പ്രേമം ഒന്നും നടന്നിട്ടില്യാ.
അടുത്ത് ഉണ്ടാവുമ്പോ തന്നെ ആ സാമീപ്യം സുഖം തരുന്നുണ്ട്.
എന്നിട്ടവൾ വന്ന് എക്സ്രേ മെഷ്യനൊക്കെ മുകളിലിക്കും താഴേക്കുമൊക്കെ ആക്കി അഡ്ജസ്റ്റ് ചെയ്ത്, പേടിക്കണ്ടാ ട്ടൊ എന്നൊക്കെ എന്നോട് പറയുന്നുണ്ട്. ഇടയ്ക്ക് വന്ന് എന്നെ തൊടുന്നുണ്ട്.
വല്ലാത്തൊരു ഫീലിങ്ങ് ആയിരുന്നു.
അവൾ ഒട്ടും ധൃതി പിടിയ്ക്കാതെ എക്സ്രേ എടുത്തു.
ഇതിനൊക്കെ സാക്ഷിയായി ചിരിച്ച് കൊണ്ട് എക്സ്രേ ടെക്നീഷ്യൻ പെൺകുട്ടിയുമുണ്ട്.
ഒരു തരം നിറവ് ഫീലിങ്ങ് ആയിരുന്നു അത് അപ്പോ എനിക്ക്. അതെന്ത് ഫീലിങ്സ് എന്ന് എന്നോട് ചോദിക്കരുത്. വാക്കുകളില്യാ.
ഒരു റോസാപ്പൂ പോലെ അവൾ.
എക്സ്രേ ഒക്കെ എടുത്ത് അവൾ പോയി. ഞാനും ആ എക്സ്രേ ടെക്നീഷ്യൻ പെൺകുട്ടിയും കൂടെ ഇരുന്ന് ഉച്ച ഭക്ഷണം അവൾ കൊണ്ട് വന്നത് ഷെയർ ചെയ്ത് കഴിച്ചു. അവൾ എനിക്കുള്ളത് കരുതിയിരുന്നു എന്നത് കാര്യം. എന്നിട്ട് ഭക്ഷണം കഴിഞ്ഞ് ഞാൻ ആ എക്സ്രേ മെഷ്യനിൽ നിന്ന് ഇറങ്ങീട്ടില്യാ. എക്സ്രേ റൂമിനു വാതിലില്യാ. ഒരു തുണികർട്ടണാ.
ഉച്ചഭക്ഷണം കഴിഞ്ഞ് ഞാൻ പിന്നേം ആ മെഷ്യനിൽ തന്നെ കയറി കിടന്നു.
പിന്നെ ഡോക്ടർ ലേഡി എക്സ്രേ റൂമിലേക്ക് ഒരു വരവ് വരുന്നുണ്ട്. ആ തുണികർട്ടനൊക്കെ മാറ്റി. അതിനിടയിലൂടെ..
മനസ്സ് നിറഞ്ഞു പിന്നേം.
ഞാൻ ആ മെഷ്യനിൽ മലർന്ന് കിടന്നു. എന്റെ സ്ഥിരം പോസ്. കൈകൾ തലയിണയാക്കി.
അവൾ വന്നിട്ട് അധികാരത്തോടെ എന്റെ അടുത്ത് ആ മെഷ്യനിൽ കയറി ഇരുന്നു.
ടെക്നീഷ്യൻ അരികിലെ കസേരയിലും.
അപ്പോ വേണമെങ്കിൽ എനിക്കവളെ അരയിലൂടെ ചുറ്റി പിടിക്കാം. പക്ഷെ അതൊന്നും ഞാൻ ചെയ്യുന്നില്യാ.
സാമീപ്യം തന്നെ മനസ്സ് നിറയ്ക്കുന്നു. എന്റെ മാത്രമല്ല അവളുടേയും. രണ്ട് പേരുടേയും മുഖം കണ്ടാലതറിയാം.
അതിനിടയിൽ ഒരു സ്വർണ്ണമാല എവിടുന്ന് വന്നൂന്ന് അറിയില്യാ.
അല്ലെങ്കിലും സ്വപ്നത്തിൽ ചോദ്യം പാടില്യലൊ :)
ആ മാല എനിക്ക് എന്റെ അമ്മ തന്നത്. അത്യാവശ്യം നീളമുണ്ട് അതിനു. ഉരുണ്ട ഡിസൈൻ. അത്തൊരു മാലയും എനിക്ക് ഉണ്ട് ട്ടൊ. :)
മൂന്നുനാലുകൊല്ലം മുന്നേ അമ്മ നീ ഇത് ഇട്ടൊ എന്ന് എനിക്ക് തന്നതാ.
ആ മാല ഞാൻ അവൾക്ക് കൊടുത്തു. ആ സമയത്തെ ഫീലിങ്ങ്സ് ഒന്നും എഴുതാൻ എനിക്ക് വാക്കുകൾ ഇല്യാ.
ഒരു സുന്ദരശീതള കാറ്റ്. റോസാപ്പൂവിന്റെ എളിമയായ മണം. നിറവിന്റെ അനുഭൂതി.
ആ അനുഭൂതിയിൽ ഞാൻ ഉണർന്നു
അവളുമായുള്ള, പറയാതെ രണ്ട് പേർക്കും അറിയാവുന്ന സ്നേഹം. ആ അനുഭൂതി. ആ അണ്ടർസ്റ്റാന്റിങ്ങ്. അവ്യാച്യം !
പ്രണയമാണോ അത്?
എന്തായാലും ഞാനുണർന്നു.
ഞാനെന്റെ സോഫയിൽ വന്നിരുന്നു. സോഫയുടെ കൈകളിൽ എന്റെ തൊട്ടടുത്ത് അവളുണ്ട് എന്ന് എനിക്ക് തോന്നി.
പിംഗളകേശിനിയും പിംഗളവർണ്ണയുമായ അവൾ. (ആരോഗ്യനികേതനം എന്ന താരാശങ്കർ ബന്ദോപാദ്ധ്യായുടെ നോവൽ)
അവൾ എന്റെ ഒപ്പം തന്നെ.
എല്ലായിടത്തും. എപ്പോഴും. കാണാമറയത്തെങ്കിലും നിഴൽ പോലെ.
അനുഭവിക്കുന്നുണ്ട് അവളുടെ ആ സാമീപ്യം.
മീനലോചിനീ പാശമോചിനീ.
മത്തിക്കണ്ണീ എന്റെ കെട്ടഴിക്ക് എന്ന് ദിലീപേട്ടന്റെ ചുവട് പിടിച്ച് എന്റെ(മുകളിലെ സ്വപ്നം) തർജ്ജുമ.
********************************************************************************* മീനാക്ഷീ, മേ മുദം ദേഹി, മേചകാംഗീ, രാജമാതംഗീ
മത്തിക്കണ്ണീ, എനിക്ക് സന്തോഷം താ, നീലവര്‍ണ്ണീ, പെരിയ കാട്ടാളത്തീ (മാതംഗി - കിരാതി)
മധുരാപട്ടണം താമസസ്ഥലമാക്ക്യോളേ (മധുരാ നാമ പുരി നിലയം യസ്യാ സാ), മണിമുത്തിന്റെ വള അണിയുന്നോളേ; സഹ്യക്കുന്ന് കൊടിയടയാളമായിട്ടുള്ള പാണ്ഡ്യരാജാവിന്റെ മോളേ (മലയ - സഹ്യാദ്രി, പടിഞ്ഞാറേ മലനിരകള്‍, അത് ധ്വജം - അടയാളമായിട്ടുള്ള അണ്ണന്‍), ചന്ദ്രനെ പ്രതിനിധാനം ചെയ്യുന്ന മോറീ (വിഡംബന - പലേ അര്‍ത്ഥങ്ങളും ഉണ്ടെങ്കിലും ഇവിടെ റെപ്രെസെന്റ് എന്നത് യോജിക്കുന്നു, വിധുവിനെ വിഡംബനം ചെയ്യുന്ന വദന), ജയിക്കുന്നോളേ, വീണ വായിക്കുമ്പൊ പത്തു ഗമകങ്ങളും (സ്വരാലാപനവൈചിത്ര്യം) ഒരുപോലെ വായിക്കുന്നോളേ, മധുവിന്റെ (ഹണിയുടെ) മദത്തെ (അഹങ്കാരത്തെ) മോഹിപ്പിക്കുന്ന ഹൃദയള്ളോളേ, ദയേള്ളോളേ, മഹാദേവനായിരിക്കുന്ന സുന്ദരേശന് പ്രിയപ്പെട്ടോളേ, മധു, മുരന്‍ എന്നോരുടെ ശത്രുവിന്റെ പെങ്ങളേ, ഒട്ടിയവയറീ, വിധി, ബൃഹസ്പതി എന്നോരെ വശീകരിക്കുന്നോളെ, ശങ്കരന്റെ പകുതീ--
കീര്‍ത്തനത്തില്‍ ആകെ "ദേഹി" എന്ന ഒരു പൂര്‍ണ്ണക്രിയയേ ഉള്ളു. "മുദം" എന്നൊരു കര്‍മ്മവും (പ്രെഡിക്കേറ്റ് ). ബാക്കിയൊക്കെ സംബോധനകളും. അപ്പോള്‍ സംഗീതം തന്നെയാണ് പ്രധാനമായും എഴുതിയ ആള്‍ മനസ്സിരുത്തിയിട്ടുണ്ടാവുക.
(തർജ്ജുമ ആന്റ് കമന്റ് ബൈ ദിലീപേട്ടൻ)
എന്തായാലും എനിക്ക് ചാവുമ്പൊ പോത്തും കാളയും കാലനും ഒന്നും വേണ്ടാ പിംഗളകേശിനി മതീന്ന് 😂😂😂😂 ഞാൻ ഒന്നുമല്ലെങ്കിൽ ഒരു ആണാണല്ലൊ. ആരോഗ്യനികേതനം സിന്ദാബാദ്.
ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽ നിന്ന് കേരളത്തിൽ പ്രത്യേകമായ ഒരു സാമൂഹികസാഹചര്യമായിരുന്നു നിലവിലുണ്ടായിരുന്നത്. കേരളസമൂഹത്തിലും ജാതിയും മതവും തൊട്ടുകൂടായ്മയും മറ്റും തീക്ഷ്ണമായിരുന്നു. സമൂഹത്തിന്റെ പൊതുഘടനയിൽ നമ്പൂതിരിമാർ എന്ന പേരിലുള്ള ബ്രാഹ്മണരായിരുന്നു മുന്നിൽ ഉണ്ടായിരുന്നത്. അവരുടെ എണ്ണമാകട്ടെ വളരെ തുച്ഛവും. എന്നാൽ അളവറ്റ സ്വത്തിന്റെ ഉടമകളായിരുന്നു പല നമ്പൂതിരിമാരും. ഇവരുടെ ഇടയിലെ ഒരു പ്രത്യേകഘടന കാരണം ആയിരുന്നു നമ്പൂതിരിമാരുടെ എണ്ണം കുറവായി തന്നെ നിന്നിരുന്നത്.
ആചാരങ്ങളിൽ അന്ധമായി വിശ്വസിച്ച് ജീവിച്ചിരുന്ന ഇവരുടെ ഇടയിൽ കുടുംബത്തെ മൂത്തആൾക്കുമാത്രമേ നമ്പൂതിരിസമുദായത്തിൽ നിന്നും തന്നെ വിവാഹം ചെയ്യാൻ സാധിക്കുമായിരുന്നുള്ളൂ. ഇവരായിരുന്നു സ്വത്ത് നിയന്ത്രിച്ചിരുന്നത്. ഇളയസന്തതികൾ മറ്റ് സമുദായങ്ങളിൽ നിന്നായിരുന്നു "സംബന്ധം" എന്നറിയപ്പെടുന്ന വിവാഹം കഴിച്ചിരുന്നത്. സംബന്ധത്തിലുണ്ടായ സന്താനങ്ങൾക്ക് പിതാവിന്റെ സ്വത്തിൽ അധികാരവുമുണ്ടായിരുന്നില്യ. സ്വത്ത് കേന്ദ്രീകൃതമായി എന്നത് മാറ്റിവെച്ചാലും ഈ വിവാഹസമ്പ്രദായം അനവധി പ്രശ്നങ്ങൾക്ക് കാരണമായി. മൂത്തസന്തതിയ്ക്ക് മാത്രമേ
വിവാഹം അനുവദനീയമായുള്ളൂ എന്നതിനാൽ വിവാഹപ്രായമായ പെൺകുട്ടികൾ നമ്പൂതിരിഗൃഹങ്ങളിൽ വിവാഹം കഴിക്കാനാകാതെ "പുരനിറഞ്ഞ്" നിൽപ്പായി. മൂത്തസന്തതിയ്ക്ക് ഒന്നിലധികം വേളി ആവാമെന്നുള്ളതും ഈ "പുരനിറയുന്ന" പ്രശ്നത്തിനു പരിഹാരമായില്യാ. ആചാരങ്ങളിൽ അന്ധമായി വിശ്വസിച്ച് അത് പിന്തുടർന്നിരുന്ന ഇവരുടെ ഇടയിൽ വിധവാവിവാഹം അനുവദനീയമായിരുന്നില്യ. അതിനാൽ തന്നെ സ്ത്രീജനങ്ങളുടെ ജീവിതം ദുസ്സഹമായിരുന്നു അക്കാലത്ത്.
ഇന്ത്യൻ സ്വാതന്ത്രസമരത്തിന്റെ അവസാന ഘട്ടത്തിലായിരുന്നു നമ്പൂതിരി സമുദായത്തിലും മാറ്റങ്ങളുടെ കാറ്റ് വീശിയത്. സ്വാതന്ത്ര്യസമരം കത്തിജ്വലിച്ച് നിൽക്കുന്ന കാലം. സമൂഹത്തിന്റെ സകലതുരുത്തുകളും പരിഷ്കാരങ്ങളും പരിവർത്തനങ്ങളും കൊണ്ട് മാറാൻ വെമ്പുന്ന കാലം. നമ്പൂതിരിസമുദായത്തിലും ഇത് നിഴലിച്ചു. അവരുടെ ഇടയിൽ "ഉണ്ണി നമ്പൂതിരി" എന്ന പേരിൽ ഒരു പത്രം പ്രചാരത്തിൽ വന്നു. യോഗക്ഷേമസഭ രൂപീകരിക്കപ്പെട്ടു.
നമ്പൂതിരി സമുദായത്തിൽ മാറ്റത്തിന്റെ കൊടുങ്കാറ്റ് കൊണ്ടുവന്നതിൽ പ്രധാനികളിൽ ഒരാളായിരുന്നു വി.ടി.ഭട്ടതിരിപ്പാട് എന്ന വെള്ളിത്തിരുത്തിത്താഴത്തു മനയ്ക്കലെ രാമന്‍ ഭട്ടതിരിപ്പാട്. ഇദ്ദേഹം അന്ന് സ്വസമുദായത്തിൽ നിലനിന്നിരുന്നു നൂറുനൂറു ദുരാചാരങ്ങളെ പരസ്യമായി വെല്ല് വിളിച്ചു. അദ്ദേഹത്തിനൊപ്പം മറ്റ് പലരുമുണ്ടായിരുന്നു എന്ന പോലെ തന്നെ മുല്ലമംഗലത്ത് സഹോദരന്മാരായിരുന്ന എം.ആർ.ബി എന്ന മുല്ലമംഗലത്ത് രാമൻ ഭട്ടതിരിപ്പാട്, സഹോദരൻ മുല്ലമംഗലത്ത് പരമേശ്വരൻ ഭട്ടതിരിപ്പാട് എന്ന പ്രേംജി എന്നിവരും ഉണ്ടായിരുന്നു.
QUOTE:
പരിവര്‍ത്തനത്തിന്റെ പുതിയ വെളിച്ചം അന്തഃപുരങ്ങളിലെത്തിക്കാന്‍ യാതൊരു മാര്‍ഗ്ഗവുമുണ്ടായിരുന്നില്ല. ഒന്നും വായിക്കാന്‍ പാടില്ല. ആരെയും കാണാന്‍ പാടില്ല. ഒന്നും മോഹിക്കരുത്. വിവാഹം യോഗംപോലെ. ഇതായിരുന്നു അന്തര്‍ജ്ജനങ്ങളുടെ അവസ്ഥ. വി.ടി. അവരെ കഥാപാത്രങ്ങളാക്കി. ഉണ്ണി നമ്പൂതിരി, യോഗക്ഷേമം എന്നീ പ്രസിദ്ധീകരണങ്ങളില്‍ കള്ളപ്പേരുവെച്ച് ലേഖനങ്ങളും കഥകളുമെഴുതി. വാരത്തിനും കഥകളിക്കും മറ്റും അന്തര്‍ജ്ജനങ്ങള്‍ ഒത്തുകൂടുമ്പോള്‍ അവര്‍ക്കിടയില്‍ ആരുമറിയാതെ ലഘുലേഖകള്‍ വിതരണം ചെയ്തു. അതോടെ നമ്മളെപ്പറ്റിയും ആരോ ഉറക്കെ ചിന്തിക്കുന്നുണ്ട് എന്ന ആശ്വാസം അന്തഃപുരങ്ങളിലും, എന്തോ അപകടം വരാന്‍ പോകുന്നുവെന്ന ആശങ്ക കാരണവന്മാരിലും ഉണ്ടായി. വി.ടിയുടെ മനസ്സില്‍ കിടക്കുന്ന പ്രതിഷേധത്തിന്റെ വിത്തുകള്‍ അടുക്കളയില്‍നിന്ന് അരങ്ങത്തേക്ക് എന്ന നാടകമായി പുറത്തുവന്നു. 1929-ല്‍ എടക്കുന്നിലെ യോഗക്ഷേമസഭാ വാര്‍ഷികദിനത്തില്‍ ആദ്യമായി അവതരിപ്പിച്ച ആ നാടകം നമ്പൂതിരിസമുദായത്തിന്റെ അടിവേര് ഇളക്കി. നമ്പൂതിരിസമുദായത്തിലെ എല്ലാ പരിവര്‍ത്തനങ്ങള്‍ക്കും അതു കാരണമായി. സ്ത്രീകള്‍ക്കു വേഷപരിഷ്‌കാരം വന്നു. കൂട്ടുകുടുംബവ്യവസ്ഥകള്‍ തകര്‍ന്നു. യുവജനങ്ങള്‍ പൊതുവിദ്യാഭ്യാസം നേടിത്തുടങ്ങി. വിദൂഷകനില്ലാത്ത, പച്ചവേഷത്തില്‍ ജീവിതം വരച്ചുകാട്ടിയ ഒരു നാടകം, ഒരു സമുദായത്തിന്റെ മുഴുവന്‍ പരിവര്‍ത്തനത്തിനു കാരണമായത് അത്ഭുതകരമായിരുന്നു. കേരളത്തിന്റെ ഓരോ കോണിലും നാടകം കളിച്ചു, ഓരോ കളിയും നമ്പൂതിരിസമുദായത്തിലെ ചിതലുകള്‍ കൊഴിച്ചു.
അന്തഃപുരസ്ത്രീകളുടെ വിമോചനത്തോടെ മാത്രമേ നമ്പൂതിരിസമുദായത്തിലെ അന്ധതയെ തുടച്ചുമാറ്റുവാന്‍ കഴിയൂ എന്നു വിശ്വസിച്ച വി.ടി. തന്റെ സമുദായ പരിഷ്‌കരണശ്രമങ്ങള്‍ നാടകങ്ങളിലും ലേഖനങ്ങളിലും മാത്രം ഒതുക്കിനിറുത്തിയില്ല. വിപ്ലവകരമായ ഒരു വിവാഹത്തോടെ വി.ടി., താന്‍ എഴുതുകയും പ്രസംഗിക്കുകയും ചെയ്ത കാര്യങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തിക്കാട്ടി. ഇട്ട്യാംപറമ്പത്ത് ഇല്ലത്തെ ശ്രീദേവി അന്തര്‍ജ്ജനത്തെ ഒരു വൃദ്ധബ്രാഹ്മണന് വിവാഹം ചെയ്തുകൊടുക്കാന്‍ തീരുമാനിച്ചതായിരുന്നു. എട്ടു പെണ്‍കുട്ടികളുള്ള അച്ഛന്‍ ഗതികേടുകൊണ്ടാണ് അങ്ങനെ നിശ്ചയിച്ചത്.
ശ്രീദേവി അന്തര്‍ജ്ജനത്തിന്റെ സഹോദരനായ ഐ.സി.പി. നമ്പൂതിരി , വി.ടിയോടു വിവാഹക്കാര്യം പറഞ്ഞു. ശ്രീദേവിയെ താന്‍ വിവാഹം കഴിക്കാമെന്ന് വി.ടി. മറുപടി പറഞ്ഞു. അങ്ങനെ ശ്രീദേവി അന്തര്‍ജ്ജനം വി.ടിയുടെ ജീവിതത്തിന്റെ പങ്കുകാരിയായി. ഇതിനു മുമ്പ് വി.ടി സംബന്ധരീതിയിൽ വിവാഹം ചെയ്തിരുന്നു.
പക്ഷേ, ഇട്ട്യാംപറമ്പത്ത് മനയെ, വിപ്ലവത്തിന്റെ ഈറ്റില്ലമാക്കി മാറ്റിയ സംഭവം അതായിരുന്നില്ല. കേരളത്തിലെ നമ്പൂതിരിസമുദായത്തിന്റെ ചരിത്രത്തിലാദ്യമായി ഒരു വിധവാവിവാഹത്തിന് ഇട്ട്യാം പറമ്പത്ത് മന സാക്ഷ്യംവഹിക്കുമ്പോൾ, നൂറ്റാണ്ടുകള്‍ നെയ്തുവെച്ച ആചാരക്കോട്ടയ്ക്കുള്ളില്‍ ഒരു അഗ്‌നിസ്‌ഫോടനം നടക്കുകയായിരുന്നു.
"ഒരനാഥ വിധവ പുനര്‍വിവാഹത്തിന് തയ്യാറായാല്‍ അവരെ കൈക്കൊള്ളാന്‍ ആരെങ്കിലും തയ്യാറുണ്ടോ?" യോഗക്ഷേമസഭ ഉപസഭാ വാര്‍ഷികയോഗത്തില്‍ പാര്‍വതി നെന്മിനിമംഗലം തൊടുത്ത ചോദ്യം തറച്ചത് നമ്പൂതിരി സമുദായത്തിലെ പുരോഗമന വാദികളായ ചെറുപ്പക്കാരുടെ നെഞ്ചില്‍ . 1930കളുടെ തുടക്കത്തിലായിരുന്നു ഈ വെല്ലുവിളി. പുനര്‍വിവാഹത്തിന് സന്നദ്ധയായി ഒരു വിധവ വന്നാല്‍ സ്വീകരിക്കുമെന്ന് ഇതേ യോഗത്തില്‍ എം ആര്‍ ബിയുടെ (മുല്ലമംഗലത്ത് രാമൻ ഭട്ടതിരിപ്പാട്) പ്രഖ്യാപനം. ഈ വെല്ലുവിളിയും പ്രഖ്യാപനവും കഴിഞ്ഞ് കുറച്ചു വര്‍ഷങ്ങള്‍ക്കുശേഷം വിധവാവിവാഹം യാഥാര്‍ഥ്യമായി. 1935 ഏപ്രിലിലാണ് വി ടി ഭട്ടതിരിപ്പാടിന്റെ ഭാര്യാസഹോദരി ഉമയെ എം ആര്‍ ബി വിവാഹംചെയ്തത്. പിന്നീട് അദ്ദേഹത്തിന്റെ സഹോദരനായ പ്രേംജി (മുല്ലമംഗലത്ത് പരമേശ്വരൻ ഭട്ടതിരിപ്പാട്)യും വിധവയെ സ്വീകരിച്ചു.
വി.ടി. ആ ചരിത്രസംഭവം വിവരിക്കുന്നു: 'എന്റെ ഭാര്യയുടെ അനുജത്തി. പേര് ഉമ. വയസ്സ് 22. എടുമന നാരായണന്‍ നമ്പൂതിരി ഉമയെ വേളികഴിച്ചു. ആ ദാമ്പത്യം ഒരാഴ്ചയേ നീണ്ടുനിന്നുള്ളൂ. ആ ദുരന്തം ഞങ്ങളെ നടുക്കി. എങ്കില്‍ ശരി, ആദ്യത്തെ വിധവാവിവാഹം ഉമയുടേതാകട്ടെ എന്നു ഞങ്ങള്‍ നിശ്ചയിച്ചു. പക്ഷേ, ഉമ ആദ്യം വഴങ്ങിയില്ല. രണ്ടു കൊല്ലം അവള്‍ തടുത്തുനിന്നു. പിന്നീടൊരു ദിവസം പറഞ്ഞു, 'എം.ആര്‍.ബി. ആണെങ്കില്‍ സമ്മതമാണെ'ന്ന്. അങ്ങനെ എം.ആര്‍.ബി.യും ഉമയും തമ്മിലുള്ള വിവാഹം നമ്പൂതിരിസമുദായത്തിലെ ആദ്യത്തെ വിധവാവിവാഹമായി മാറി.'
അന്തഃപുരങ്ങള്‍ക്കുള്ളിലെ വിങ്ങലുകള്‍ ഹൃദയത്തില്‍ ഏറ്റുവാങ്ങിയ വി.ടി. തന്റെ വിപ്ലവകരമായ പ്രവര്‍ത്തനങ്ങള്‍ വിധവാവിവാഹത്തിലൊതുക്കിയില്ല. സ്വന്തം അനുജത്തിയായ വി.ടി. പാര്‍വ്വതി അന്തര്‍ജ്ജനത്തെ സ്വന്തം ഇല്ലത്തുവെച്ച് നായര്‍സമുദായാംഗമായ പി.കെ. രാഘവപ്പണിക്കര്‍ക്ക് വിവാഹം ചെയ്തുകൊടുത്തുകൊണ്ട് വി.ടി. ആദ്യത്തെ മിശ്രവിവാഹത്തിന് കാരണക്കാരനായി.
പില്‍ക്കാലത്ത് മറ്റൊരു മിശ്രവിവാഹംകൂടി വി.ടി. നടത്തിച്ചു. വി.ടിയുടെ ഭാര്യാസഹോദരിയുമായ ഐ.സി. പ്രിയദത്ത അന്തര്‍ജ്ജനത്തെ അറിയപ്പെടുന്ന ഒരു കമ്മ്യൂണിസ്റ്റുകാരനും തിയ്യനുമായ കല്ലാട്ട് കൃഷ്ണന്‍ വിവാഹം കഴിച്ചു.
വാക്കുകള്‍ക്ക് വര്‍ണ്ണിക്കാന്‍ കഴിയാത്ത രീതിയിലുള്ള ക്രൂരമായ എതിര്‍പ്പുകളായിരുന്നു സമുദായപ്രമാണിമാരില്‍നിന്നും മറ്റും വി.ടിക്ക് നേരിടേണ്ടിവന്നത്. ഒരു ഘട്ടത്തില്‍ വി.ടിയെ കൊലപ്പെടുത്താന്‍തന്നെ എതിരാളികള്‍ മുതിര്‍ന്നു.
UNQUOTE
ഇത്രയൊക്കെ എഴുതിയത് ആ വിധവാവിവാഹം എന്ന നമ്പൂതിരിസമുദായത്തിന്റെ അടിവേരിളക്കിയ ചടങ്ങിനെ പറ്റി ഓർമ്മിക്കാനാണ്. മുല്ലമംഗലത്ത് പരമേശ്വരൻ ഭട്ടതിരിപ്പാട് എന്ന പ്രേംജി വിധവാവിവാഹം ചെയ്തു എന്ന് മുന്നേ പറഞ്ഞല്ലൊ. എന്നാൽ അദ്ദേഹം സമുദായപരിവർത്തനം നടത്തിയത് നാടകം കവിത തുടങ്ങിയ സർഗ്ഗാത്മകരീതികൾ കൂടെ കൂട്ട് പിടിച്ചായിരുന്നു. നല്ലൊരു നടനായിരുന്ന അദ്ദേഹം.
ഷാജി എന്‍. കരുണ്‍ സംവിധാനം ചെയ്തത പിറവിയിലെ ചാക്യാര്‍ എന്ന കഥാപാത്രത്തെ അനശ്വരമാക്കിയതിന് അദ്ദേഹത്തിന് 1988ല്‍ മികച്ച നടനുള്ള ഭരത് അവാര്‍ഡും സംസ്ഥാന ഗവണ്മെന്റ് അവാര്‍ഡും ലഭിച്ചു. 1977ല്‍ കേരള സാഹിത്യ അക്കാദമി ഫെലോഷിപ്പ് ലഭിച്ച അദ്ദേഹത്തിന് കേരളസംഗീത നാടക അക്കാദമി ഫെല്ലോഷിപ്പും ലഭിച്ചിട്ടുണ്ട്. 1998 ഓഗസ്റ്റ് 10ന് അദ്ദേഹം അന്തരിച്ചു.
ഇത് കൂടാതെ അദ്ദേഹം കവിതകളും എഴുതിയിരുന്നു. "ഇന്നോ നീ സുമംഗലി" എന്ന അദ്ദേഹത്തിന്റെ കവിതയ്ക്കുള്ള ആമുഖമായിട്ടാണ് ഇത്രയും എഴുതിയത് :)