വിവാഹ വാര്‍ഷികം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
വിവാഹ വാര്‍ഷികം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

11 മേയ് 2014

Trip to Ushaigher Heritage Village near Riyadh

ഫ്ലാഷ് ബാക്ക്:
ധന്യ പറഞ്ഞപ്പോഴാണ്‌ ഇങ്ങനെ ഒരു ഗ്രാമം ഉണ്ട് എന്ന് അറിയുന്നത് തന്നെ. അപ്പോള്‍ തന്നെ മൊബൈലില്‍ ഗൂഗിള്‍ ചെയ്തു. സംഗതിയെ പറ്റി ഒരു ധാരണ കിട്ടി. കുടുംബം വരുമ്പോള്‍ കാണേണ്ട സ്ഥലങ്ങളില്‍ ഒന്ന് എന്ന് മനസ്സില്‍ കുറിച്ചിടുകയും ചെയ്തു. ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ കുടുംബം എന്തായാലും ഈ സമയത്ത് ഇങ്ങോട്ട് ഒരു വരവ്‌ ഉണ്ടാകില്ലാ എന്ന് എകദേശധാരണ ആയി. എന്ന് വിചാരിച്ച് കാണണം എന്ന് തീരുമാനിച്ച സ്ഥലങ്ങള്‍ കാണാതിരിക്കുന്നതില്‍ അര്‍ത്ഥമില്ലല്ലൊ എന്ന് നിരീച്ച്, ഒരു സഹയാത്രികനെ തേടി കണ്ട് പിടിച്ചു. എന്തായാലും ഒരു വെള്ളിയാഴ്ച്ചയും അങ്ങനെ ബോറടിയ്ക്കാതെ പോയി കിട്ടും. ഒരു വെടിയ്ക്ക് രണ്ട് പക്ഷി.
*******************************************************************************

അങ്ങനെ ആണ്‌ 9 മേയ് 2014 എന്ന ദിവസം ഉഷൈക്കര്‍ ഗ്രാമം കാണാന്‍ പോകും എന്ന് തീരുമാനിച്ചത്. പതിവ്‌ പോലെ വെള്ളിയാഴ്ച്ച ഉച്ചഭക്ഷണവും കഴിഞ്ഞ് ഞങ്ങള്‍ ഇവിടെ നിന്ന് പുറപ്പെട്ടു. 223 കിലോമീറ്റര്‍ ആണ്‌ ഗ്രാമത്തിലെത്താന്‍ എന്ന് ഗൂഗിള്‍ മാപ്സ് മുന്നേ തന്നെ പറഞ്ഞ് തന്നിട്ടുണ്ടായിരുന്നു. coordinates 25°20′33″N 45°11′0″E എന്ന് സെറ്റ് ചെയ്ത് ഞങ്ങള്‍ പുറപ്പെട്ടു. അന്തരീക്ഷം മൂടിക്കെട്ടിയിരുന്നു. മഴ ഇല്ല, പക്ഷെ മഴക്കാറുണ്ട്. പൊള്ളുന്നചൂട് ഇല്യായിരുന്നു എന്നത് തന്നെ സമാധാനം. റിയാദില്‍ നിന്നും മക്ക/ജിദ്ദ റോഡ് പിടിച്ച്, ആദ്യത്തെ ചെക്ക് പോസ്റ്റ് കഴിഞ്ഞാലുള്ള മനോഹരമായ വലിയ ഇറക്കവും ഇറങ്ങി ഞങ്ങള്‍ യാത്ര തുടര്‍ന്നു. ആ ഇറക്കം ഇറങ്ങല്‍ ഒരു രസമുള്ള സംഗതി ആണ്‌. പ്ലെയില്‍ ലാന്‍റ് ചെയ്യുമ്പോള്‍ എന്ന പോലെ നമ്മുടെ ചെവിയില്‍ മൂളലൊക്കെ തുടങ്ങും. അതിവേഗത്തില്‍ ഇറങ്ങിയാല്‍ അപകടമാ‌ണ്‌. കൂടെ ഉള്ള ആള്‍ ഈ ഇറക്കം ആദ്യമായി ഇറങ്ങുകയായിരുന്നു. ഞാന്‍ മുന്പും അതിലൂടെ ധാരാളം യാത്രചെയ്തിട്ടുണ്ടായിരുന്നു.

ഇറക്കം കഴിഞ്ഞ് കുറച്ച് ദൂരം കൂടെ പോയാല്‍ ദുറുമ, ഷക്ര, ദവാദ്മി എന്നൊക്കെ കുറിച്ചിട്ടുള്ള അടയാളപ്പലക കാണാം. അത് പ്രകാരം നമുക്ക് വലത് തിരിഞ്ഞ് എക്സിറ്റ് എടുത്ത് ഹൈവേ നമ്പര്‍ 505ലൂടെ പോകണം. ഈ റോഡ് പിടിച്ച് കഴിഞ്ഞാല്‍ അധികം തിരിയേണ്ട ആവശ്യമൊന്നും ഒട്ടുമില്യാ. നേരേ അതേ റോഡിലൂടെ തന്നെ. ദുറുമ തുടങ്ങി കൊച്ചു കൊച്ചു ടൌണുകള്‍ക്കുള്ളിലൂടെ നമ്മള്‍ കടന്ന് പോകും. ദവാദ്മി എത്തണമെങ്കില്‍ നമ്മുടെ ലക്ഷ്യസ്ഥാനവും കഴിഞ്ഞ് അനവധി ദൂരം പോണം. അത് വരെ ഒന്നും നമുക്ക് പോകേണ്ട ആവശ്യമില്യാ.
യാത്രയില്‍ ഉടനീളം ശ്രദ്ധിച്ചത് രണ്ട് ഭാഗത്തുമുള്ള മണലിന്‍റെ നിറമായിരുന്നു. ഒരു തരം ചെങ്കല്ലുപൊടി പോലെ ആയിരുന്നു മണല്‍. മാത്രമല്ല ധാരാളം പച്ച കള്ളിച്ചെടികള്‍ റോഡിന്‍റെ രണ്ട് സൈഡും കാണാമായിരുന്നു. വെള്ളമുള്ള സ്ഥലം എന്ന് പെട്ടെന്ന് തന്നെ പറയാന്‍ പറ്റും. അതിനു ഉപോദ്ബലകമായി ധാരാളം കൃഷിയിടങ്ങളും ഞങ്ങള്‍ കണ്ടു. ധാരാളം ഒട്ടകങ്ങളും ഇരുവശവും മേയുന്നുണ്ടായിരുന്നു. ചിലസ്ഥലങ്ങളില്‍ ആടുകളേയും കണ്ടു.

ഷക്ര ടൌണില്‍ നിന്നും ഏകദേശം എട്ട് പത്ത് കിലോമീറ്റര്‍ കൂടെ പോയാല്‍ ആണ്‌ ഉഷൈക്കര്‍ ഗ്രാമം. ഉഷൈക്കര്‍ എന്നാണോ ഉസൈഗര്‍ എന്നാണോ ഉസൈക്കര്‍, ഉസൈഘര്‍ എന്നാണോ ഉച്ചാരണം എന്ന് ഞങ്ങള്‍ക്കിതുവരെ മനസ്സിലായിട്ടില്യ. USHAIQAR എന്നാണ്‌ അവിടെ ഇംഗ്ലീഷില്‍ എഴുതിവെച്ചിരിക്കുന്നത്. എന്തായാലും ഉഷൈക്കറില്‍ എത്തി, പക്ഷെ ഞങ്ങള്‍ക്ക് ഈ ഹെറിറ്റേജ് വില്ലേജ് കാണാന്‍ പറ്റിയില്ല. ഒന്ന് ഗള്ളിയില്‍ കൂടെ കറങ്ങിയപ്പോള്‍, പുറത്തിരിക്കുന്ന ഒരു ആളെ കണ്ട് അയാളോട് ചോദിച്ചു. നേരെ മുന്നിലേക്ക് തന്നെ വിട്ടാല്‍ അവിടെ സ്കൂളുണ്ട് അതിനിടയിലൂടെ ഉള്ള റോഡില്‍ കൂടെ പോയാല്‍ കുറച്ച് വലിയ ഹൈവേ പോലുള്ള റോഡ് കാണാമെന്നും അതിനുമപ്പുറത്താണ്‌ ഹെറിറ്റേജ് വില്ലേജ് എന്നും അദ്ദേഹം പറഞ്ഞ് തന്നു. അത്പ്രകാരം ഞങ്ങള്‍ മുന്നോട്ട് പോയി. റോഡും റോഡിനപ്പുറം ഹെറിറ്റേജ് വില്ലേജിന്‍റെ പഴയ മട്ടിലുള്ള മതിലും മറ്റും കണ്ടു.

റിയാദിന്‍റെ വടക്ക് പടിഞ്ഞാറായി വരും ഷക്ര എന്ന് വിക്കിപീഡിയ പറയുന്നു. ഷക്രയും ഉസൈഘറും റിയാദും എല്ലാം ചേരുന്ന മരുഭൂമിപ്രദേശത്തെ നജ്ദ് ഏരിയ എന്നണ്‌ പൊതുവേ പറയുക. നജ്ദ് ഏരിയയിലെ ഒരു പുരാതന നഗരം ആണ്‌ ഉഷൈക്കര്‍. അഎയ്ക്കല്‍ എന്നായിരുന്നുവത്രെ പുരാതനനാമം. പിന്നീട് ഉഷൈക്കര്‍ എന്നാക്കി മാറ്റിയതാണ്‌. ഉഷൈക്കര്‍ എന്ന വാക്കിനര്‍ത്ഥം 'ലിറ്റില്‍ ബ്ലോന്ഡേ' എന്ന് വിക്കി പറയുന്നു. ഈ നഗരത്തിനുചുറ്റും ഒരു മല ഉണ്ട്. ഞാന്‍ മുന്നേ പറഞ്ഞ പോലെ ചുകന്നനിറമാണ്‌ അതിന്‌. തക്കാളിക്കവിളുള്ള ഒരു സുന്ദരിപോലെ ആ മല ഇവിടെ ഉള്ളവര്‍ക്ക് തോന്നിയതില്‍ തെറ്റൊന്നും പറയാന്‍ പറ്റില്യ. ആ മലയുടെ പേരാണ്‌ ഉഷൈക്കര്‍ എന്നത്; ഞാനതിനെ തക്കാളിക്കവിളുള്ള സുന്ദരി എന്നാക്കി മാറ്റി.

പുരാതന ഉഷൈക്കര്‍ ഗ്രാമത്തില്‍ അല്‍തമിം എന്ന ഗോത്രവര്‍ഗ്ഗക്കാരായിരുന്നു പ്രധാനമായും താമസിച്ചിരുന്നതെങ്കിലും മറ്റുഗോത്രങ്ങളില്‍ പെട്ടവരും ഇവിടെ താമസിച്ചിരുന്നു. ഖത്തറിന്‍റെ ഭരണാധികാരികളായ അല്‍താനി ഗോത്രക്കാരും അല്‍ഷെയ്ഖ്, അല്‍മിസ്നാദ് തുടങ്ങിയ ഗോത്രക്കാരും ഇവിടത്തുകാരാണ്‌.  അറേബ്യന്‍ ഗോത്രവര്‍ഗ്ഗക്കാരില്‍ മിക്കവാറും എല്ലാം നോമാഡുകള്‍, അല്ലെങ്കില്‍ ഒരു സ്ഥലത്ത് സ്ഥിരമായി തമ്പടിയ്കാതെ നടന്നിരുന്നവര്‍ ആണെന്ന് പ്രസിദ്ധമാണല്ലൊ.

പ്രധാനകവാടം കടന്നാല്‍ തന്നെ അവിടെ കുറച്ച് മണ്ണ് കൂട്ടിയിട്ടിരിക്കുന്നു. അല്‍പ്പം മണ്ണ്കട്ടകള്‍ കൂടെ ഉണ്ടാക്കി വെച്ചിരിക്കുന്നു. അത് വീട് നിര്‍മ്മാണത്തിന്‍റെ രീതികള്‍ വിവര്‍ച്ച് തരാനായിട്ട് വെച്ചിരിക്കുന്നതാണ്‌. മണ്ണും ഒരു തരം പുല്ലും കൂട്ടി വെള്ളം കൂട്ടി കുഴച്ച് ഇടും. കൊല്ലത്തില്‍ ചിലമാസങ്ങളിലേ ഇത് പതിവുള്ളുവത്രെ. ശേഷം അല്‍പ്പം ദിവസങ്ങള്‍ കഴിഞ്ഞാണ്‌ മണ്‍കട്ടകള്‍ ഉണ്ടാക്കുന്നത് എന്നാണ്‌ അറിയാന്‍ കഴിഞ്ഞത്. മരുഭൂയില്‍ ധാരാളം കണ്ട് വരുന്ന ഒരു തരം മരം ആണ്‌ തട്ടിനായും വാതില്‍, ജനല്‍ തുടങ്ങിയവയ്ക്കും എടുക്കുന്നത്. ഈ മരത്തിനുള്ള പ്രത്യേകത അത്, ചൂടിലും തണുപ്പിലും ഒരുപോലെ ഇരിക്കുന്‍ എന്നതാണത്രെ. ഈ മരം വെട്ടുന്നതിനുള്ള ഈര്‍ച്ചവാള്‍ ഒക്കെ ഞങ്ങള്‍ തൊട്ട് തന്നെയുള്ള സാലെം മ്യൂസിയത്തില്‍ കണ്ടു.

ഞങ്ങള്‍ പ്രവേശനകവാടം കയറിചെന്നത് ഒരു വലിയ ഇഷ്ടിക പാകിയ നടുമിറ്റം പോലെ ഉള്ള സ്ഥലത്തേക്കാണ്‌. ഒരു സൈഡില്‍ സാലെം മ്യൂസിയം. അവിടെ പ്രവേശനത്തിനു ആളുവക പത്ത് റിയാല്‍ ആണ്‌. തൊട്ടപ്പുറത്ത് സൌജന്യമായ ഒരു മ്യൂസിയം ഉണ്ട്. അവിടെ പലവക പരുന്തുകള്‍ മരുഭൂമിയില്‍ കാണുന്ന കുറുക്കന്‍, പക്ഷികള്‍, ഗൌളികള്‍ എന്നിവയുടെ പ്രതിമകള്‍ ഉണ്ടാക്കി വെച്ചിട്ടുണ്ട്. ചെല പരുന്തുകളെ പണ്ട് ഗോത്രവര്‍ഗ്ഗക്കാര്‍ ഭക്ഷണസമ്പാദനത്തിനായി ഉപയോഗിച്ചിരുന്നുവത്രെ. അവ പറന്ന് പോയി ഉടമസ്ഥനുള്ള ഭക്ഷണവുമായി വരുമെന്ന് അവിടെ ഉള്ളവര്‍ പറഞ്ഞ് അറിഞ്ഞു.

മുന്പോട്ട് നടന്നാല്‍ ഒരു കട ഉണ്ട്. കടയില്‍ പുറത്ത് സാധനങ്ങള്‍ വില്‍ക്കാന്‍ വെച്ചിരിക്കുന്നു. അകത്ത് കയറിയില്ലാ ഞങ്ങള്‍. പുറത്ത് സാധനങ്ങള്‍ നോക്കി വില്‍ക്കുന്നത് ഒരു ഇന്ത്യക്കാരനാണ്‌. അവനോട് ഞങ്ങള്‍ അവന്‍റെ സുഖവിവരങ്ങള്‍ ചോദിച്ചു. ഒരു കുഴപ്പവുമില്ലാ, എല്ലാവരും നല്ലവരാണ്‌, ശമ്പളമൊക്കെ സമയാസമയം കിട്ടുന്നുണ്ട് എന്നൊക്കെ അവന്‍ പറഞ്ഞറിഞ്ഞു. അല്‍പ്പം കഴിഞ്ഞപ്പോള്‍ ഒരു സ്വദേശി വന്ന് ഞങ്ങളോട് മുറി ഹിന്ദിയില്‍ സംസാരിക്കാന്‍ തുടങ്ങി. ഞങ്ങളും ചിരിച്ച് കൊണ്ട് വര്‍ത്തമാനം പറഞ്ഞു. എന്നിട്ടയാള്‍ അതിഥികള്‍ക്കായി സല്‍ക്കരിച്ച ഒരു മുറിയില്‍ കൊണ്ട് പോയി സൌജന്യമായി ചായയും മറ്റും തന്ന് സല്‍ക്കരിച്ചു. ചുറ്റുമുള്ള സ്വദേശികളോട് ഞങ്ങള്‍ക്കറിയാവുന്ന അറബി ഭാഷയില്‍ സംവേദനം ചെയ്തു. അവരും ഖുശി ഞങ്ങളും ഖുശി.

തുടന്ന് ഞങ്ങള്‍ നടപ്പാതയിലൂടെ നടന്ന് ഗ്രാമം ചുറ്റി കറങ്ങി. വീടുകള്‍ എല്ലാം ഇടിഞ്ഞ് പൊളിഞ്ഞ് കിടക്കുകയാണ്‌ ഉള്ളില്‍. എന്നാല്‍ പുറത്ത് മനോഹരമാക്കി വെച്ചിരിക്കുന്നു. ചില പള്ളികളും ചില വീടുകളും എല്ലാം നല്ലതായി പരിപാലിച്ച് വെച്ചിരിക്കുന്നു. ചൂട് താരതമ്യേന കുറവായിരുന്നു എന്നത് ഞങ്ങള്‍ പെട്ടെന്ന് തന്നെ ശ്രദ്ധിച്ചു.

ഫോട്ടോ/വീഡിയോ എടുക്കല്‍ ഒക്കെ കഴിഞ്ഞ് ഞങ്ങള്‍ പുറത്തിറങ്ങി. മ്യൂസിയത്തിനു തൊട്ട് അടുത്തുള്ള ഗേറ്റിലൂടെ പുറത്തേക്ക് ഇറങ്ങാന്‍ നോക്കിയപ്പോള്‍ അവിടെ വിശാലമായ മൈതാനത്ത് അനവധി പേര്‍ ഇരിക്കുന്നു. വിരുന്ന് സല്‍ക്കാരമാണ്‌ എന്ന് തോന്നി. അതിനാല്‍ ആ ഭാഗത്ത് പോയില്ല. അതുകൊണ്ട് തന്നെ ഇവിടത്തെ ഇറിഗേഷന്‍ സിസ്റ്റം / വാട്ടര്‍ മാനേജ്മെന്‍റ് സിസ്റ്റത്തിനെ പറ്റി കൂടുതല്‍ കണ്ടറിഞ്ഞില്ല. അനവധി ഇന്‍റര്‍കണക്റ്റഡ് ആയ കിണറുകള്‍ ഇവിടെ ഉണ്ട് എന്ന് മുന്നേ തന്നെ വായിച്ചറിഞ്ഞിരുന്നു. അത് കാണാന്‍ സാധിക്കാത്തതിന്‍റെ കുണ്ഠിതം ഉണ്ട്.

ഗ്രാമപാതയില്‍ നിന്ന് ഞങ്ങള്‍ തിരിച്ച് വന്ന് പ്രധാനകവാടത്തിനടുത്തുള്ള സലെം മ്യൂസിയത്തിലേയ്ക്ക് കയറി. അപ്പോള്‍ ഒരു കൂട്ടം സ്വദേശിസന്ദര്‍ശകര്‍ക്ക് ഒരു വൃദ്ധന്‍ ഓരോന്നും വിശദീകരിച്ച് കൊടുക്കുന്നുണ്ടായിരുന്നു. ചുമരിലുള്ള ഒരു ഫോട്ടോ കാണിച്ച് അതിലെ പയ്യനാണ്‌ ഇന്ന് ഇതാ നിങ്ങളുടെ മുന്നില്‍ ഈ വിശദീകരിക്കുന്ന വൃദ്ധന്‍ എന്ന് മ്യൂസിയത്തിലെ സഹായി പറഞ്ഞ് തന്നു ഞങ്ങള്‍ക്ക്. സഹായിക്ക് അത്യാവശ്യം ഇംഗ്ലീഷ് അറിയാമെന്നത് ഞങ്ങള്‍ക്കും ഉപകാരമായി.

മ്യൂസിയത്തില്‍ കണ്ട മുന്നൂറ് കൊല്ലം മുന്നത്തെ തോക്കും അതിന്‍റെ ഉണ്ടകളും നമ്പര്‍ സിസ്റ്റമുള്ള പൂട്ടും ഒക്കെ കൌതുകകരമായിരുന്നു. ഒരു അബയ അതും കളര്‍ഫുള്ള ആയത് കാണിച്ച് തന്ന്, അത് ഖസീം ഭാഗത്ത ഉള്ള ഒരു സ്ത്രീയുടെ പരമ്പരാഗതവസ്ത്രം ആണ്‌ എന്ന് പറഞ്ഞപ്പോള്‍ ശരിയ്ക്കും അത്ഭുതപ്പെട്ടു. അത്ര വലുപ്പം ഉണ്ട് അതിന്‌. എങ്ങനെ ആയിരിക്കും അത് ധരിയ്ക്കുക എന്നത് എനിക്ക് ഇപ്പോഴും ആലോചിച്ച് പിടികിട്ടിയിട്ടില്യാ.

ഗ്രാമത്തിലേയും മ്യൂസിയത്തിലേയും കാഴ്ച്ചകള്‍ അടങ്ങിയ ഒരു വീഡിയോ ഇവിടെ ഉണ്ട്. മ്യൂസിയത്തില്‍ കണ്ടവയെ പറ്റി എഴുതാനിരുന്നാല്‍ അനവധി ഉണ്ട്. അതിനാല്‍ വീഡിയോ കണ്ട് സ്വയം മനസ്സിലാക്കുക.



അപ്പോഴേയ്ക്കും സമയം വൈകുന്നേരം 6.30 ആയിരുന്നു. ഞങ്ങള്‍ തിരിച്ച് റിയാദിലേക്ക് മടങ്ങാന്‍ തീരുമാനിച്ചു.

തിരിച്ച് വരുമ്പോള്‍ രാത്രിയില്‍ ഈ കൊച്ച് കൊച്ച് ടൌണുകളും അതിനപ്പുറമുള്ള മലകളും എല്ലാം മനോഹരമായി അലങ്കാരദീപങ്ങള്‍ കൊണ്ട് അലങ്കരിച്ച് വിവിധവര്‍ണ്ണങ്ങളില്‍ പ്രകാശം പരത്തി നില്‍ക്കുന്നത് കണ്ടു. റോഡിലെ റൌണ്ട് എബൌട്ടുകളിലും മറ്റും മനോഹരമായ ശില്‍പ്പങ്ങള്‍ ദീപങ്ങളാല്‍ അലങ്കരിച്ച് വെച്ചിരിക്കുന്നു. രാത്രിയില്‍ തന്നെ ആയിരുന്നു മനോഹാരിത കൂടുതല്‍.

ഒരു ഗ്രൂപ്പ് ആയിട്ടായിരുന്നു യാത്ര എങ്കില്‍, വൈകുന്നേരം നാലുമണിയ്ക്ക് മുന്നേ അവിടെ എത്തി ചുറ്റും കണ്ടും സ്വദേശികളുടെ ആതിഥ്യം സ്വീകരിച്ചും നടന്ന്, തക്കാളിക്കവിളുള്ള സുന്ദരിയുടെ നെറുകയില്‍ ഒന്ന് കയറി, ചുറ്റുമുള്ള ഗ്രാമപട്ടണക്കാഴ്ച്ചകള്‍ ആസ്വദിച്ച് രാത്രി ഭക്ഷണവും കഴിഞ്ഞ് പത്ത് മണിയോടെ മടങ്ങുക എന്നതാവും ഏറ്റവും ഉചിതമായത് എന്ന് ഇപ്പോള്‍ എനിക്ക് തോന്നുന്നു. അതിനാല്‍, തക്കാളിക്കവിളുള്ള സുന്ദരിയുടെ നെറുകയില്‍ കയറാനായിട്ട് എങ്കിലും ഞാന്‍ ഒരു തവണ കൂടെ അവിടേയ്ക്ക് പോകും. തീര്‍ച്ച.

12 മേയ് 2007

ഊത്തക്കാട്‌ വെങ്കിടകവിയും സുധാ രഘുനാഥും ഞാനും എന്റെ കുട്ടികളും...

തലക്കെട്ടില്‍ പറഞ്ഞവരും ഞാനുമൊക്കെയായുള്ള ബന്ധം എന്താണ്‌?

പ്രവാസി ജീവിതത്തില്‍ എന്റെ സാമൂഹിക വൃത്തം വളരെ ചെറുതാണ്‌. വ്യക്തിഗതമായ പല ഇഷ്ടാനിഷ്ടങ്ങളേയും ഇവിടുത്തെ ജീവിതത്തിന്‌ ഉതകും വിധം പാകപ്പെടുത്തിയിട്ടുണ്ട്‌.

ഇന്നത്തെ അണുകുടുംബത്തില്‍ ഏറ്റവും അധികം ബുദ്ധിമുട്ടുന്നത്‌ കുടുംബത്തിലെ എല്ലാവരുടെയുമായ പൊതുസമയം കണ്ട്‌ പിടിച്ച്‌ ഒരുമിച്ച്‌ ചിലവഴിക്കുക എന്നതിനാണ്‌. ദിവസത്തില്‍ വളരെ കുറച്ച്‌ മാത്രമേ കിട്ടാറുള്ളൂ എങ്കിലും അത്തരം പൊതുസമയവും പൊതു ഇടവും ആണ്‌ യാത്രാവേളകളില്‍ കിട്ടാറുള്ളത്‌. കാറില്‍ മിക്കവാറും കുറച്ചുമണിക്കൂറുകള്‍ ചിലവാക്കുമായിരിക്കാം, എന്നാലും പലപ്പോഴും ആ യാത്രാസമയം ഞങ്ങളുടെ കുടുംബത്തില്‍ എല്ലാവരും ഒന്നിച്ചിരുന്ന്‌ ഒരുവിഷയത്തെക്കുറിച്ച്‌ സംസാരിക്കുന്ന അവസരമാണ്‌. പലപ്പോഴും എല്ലാവരുമൊരുമിച്ചിരുന്ന്‌ പാട്ട്‌ കേള്‍ക്കുന്നതും ഈ സമയത്താണ്‌.

അങ്ങനെ ഒരു യാത്രാവേളയിലാണ്‌ ഞാന്‍ ഊത്തക്കാട്‌ വെങ്കിട കവിയെ, -ഊത്തക്കാട്‌ വെങ്കിട സുബ്ബയ്യര്‍ എന്നും പറയും-പരിചയപ്പെടുന്നത്‌. പതിനേഴാം നൂറ്റാണ്ടില്‍ ത്യാഗരാജസ്വാമികള്‍ക്കും മുന്‍പ്‌ ജീവിച്ചിരുന്ന വെങ്കിടകവിയെ ഇപ്പോള്‍ എങ്ങനെ ഈ സൌദിയില്‍വന്ന്‌ പരിചയപെട്ടു എന്ന്‌ ചോദിച്ചാല്‍ പറയാം.

അഞ്ച്‌ വയസ്സുള്ള എന്റെ മകള്‍ ശ്രീക്കുട്ടിയും പത്ത്‌ വയസ്സുള്ള എന്റെ മകന്‍ അപ്പുവും," സ്വാഗതം കൃഷ്ണാ, ശരണാഗതം കൃഷ്ണാ", എന്നും "മധുര മധുര വേണുഗീതം.." എന്നുമൊക്കെ തപ്പിപ്പിടിച്ചാണെങ്കില്‍ കൂടെ ട്യൂണ്‌ ഒപ്പിച്ച്‌ പാടുമ്പോള്‍ തീര്‍ച്ചയായും ഏതൊരമ്മയും കുട്ടികള്‍ പാടുന്നതെന്താണെന്ന്‌ അന്വേഷിച്ചുപോകും.

അങ്ങനെ നോക്കിയപ്പോളാണ്‌ ചില വസ്തുതകള്‍ ഞാന്‍ മനസ്സിലാക്കുന്നത്‌. "സ്വാഗതം കൃഷ്ണാ" എന്ന പേരിലുള്ള ഒരു ഓഡിയോ കാസറ്റ്‌, വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ വാങ്ങിയതാണ്‌. പക്ഷെ ഒരുപാടുകാലമായി മാറ്റമില്ലാതെ ഞങ്ങളുടെ കാറില്‍ ഈ കാസറ്റുതന്നെയാണ്‌ പാടുന്നത്‌! ഞങ്ങള്‍ക്ക്‌ ആ കാസറ്റ്‌ വളരെ വളരെ ഇഷ്ടമായെങ്കിലും ഇത്രയും കാലം ഒരു മാറ്റവുമില്ലാതെ ഇതുതന്നെ കാറില്‍ പാടുന്നു! ദിവസേന കാസറ്റ്‌ മാറ്റണമെന്ന്‌ ആവശ്യപ്പെടുന്ന കുട്ടികള്‍ ഒരിക്കല്‍പോലും ഇതൊന്ന്‌ മാറ്റാന്‍ ആവശ്യപ്പെട്ടിട്ടില്ല. അത്ഭുതം തന്നെ! അപ്പോഴാണ്‌ ഈ കാസറ്റിലെ പാട്ടുകളെക്കുറിച്ചും പാട്ടുകാരിയെക്കുറിച്ചുമൊക്കെ കൂടുതല്‍ അറിയാന്‍ എനിക്കാഗ്രഹമുണ്ടായത്‌.
ഈ പാട്ടുകള്‍ യേശുദാസ്‌ പാടിയിട്ട്‌ കേള്‍ക്കാന്‍ എനിക്ക്‌ അവസരം കിട്ടിയിട്ടുണ്ട്‌. അതോടെ സുധാരഘുനാഥിന്റെ ശബ്ദമാധുര്യവും ലയവും തിരിച്ചറിഞ്ഞു. യേശുദാസിനെ താഴ്ത്തുകയല്ല, എങ്കിലും ഈ പാട്ടുകള്‍ ഇത്രയും മധുരമായി ഹൃദ്യമായി ആരും പാടി കേട്ടിട്ടില്ല എന്റെ ചെറിയ അറിവിലും പരിചയത്തിലും. സുധാ രഘുനാഥ്‌ അനുഗ്രഹീത ഗായികയാണ്‌.

കൃഷ്ണന്‍ എന്ന ഒരു കൊച്ചുകുട്ടിയുടെ വികൃതികള്‍ പാടുന്ന "നീ താന്‍ മെക്ഷിക്കൊല്ല..." എന്ന കൃതി സുധാ രഘുനാഥ്‌ പാടിയപ്പോള്‍ തീര്‍ച്ചയായും ഒരു സ്ത്രീയായ അവര്‍ ധന്യയായിട്ടുണ്ടാകും. അത്രയും രസത്തിലാണവര്‍ അതുപാടുന്നത്‌. എന്തായാലും അവരുടെ പാട്ടുകള്‍ കേട്ട്‌ ഞാന്‍ ധന്യയായി.

കീര്‍ത്തനങ്ങളും മറ്റും അര്‍ത്ഥം അറിഞ്ഞ്‌ കേട്ടാല്‍ ആസ്വാദനത്തിന്‌ വലിയ മാറ്റമുണ്ടാകും. അപ്പോളാണ്‌ നമുക്ക്‌ സ്വരത്തോടോപ്പം അര്‍ത്ഥത്തേയും കൂട്ടി അനുഭൂതിയുടെ ലോകത്തേയ്ക്ക്‌ പോകാനാവൂ അങ്ങനെ ഒരന്വേഷണത്തിലാണ്‌ ഞാന്‍ എത്തിച്ചേര്‍ന്നത്‌.
ശ്രീ ഊത്തക്കാട്‌ വെങ്കിട സുബ്ബയ്യര്‍ എന്ന വെങ്കിട കവി പുരന്ദരദാസരുടെ കാലത്തിനും കര്‍ണാടകസംഗീതത്തില്‍ ത്രിമൂര്‍ത്തികള്‍ എന്നറിയപ്പെടുന്ന -ത്യാഗരാജ-ദീക്ഷിതര്‍-ശ്യാമശാസ്ത്രി- തുടങ്ങിയവര്‍ ജീവിച്ചിരുന്ന കാലത്തിനും ഇടയില്‍ ഏകദേശം 1700-1765 കാലത്ത്‌ ജീവിച്ചിരുന്നു എന്നാണ്‌ പറയപ്പെടുന്നത്‌. കൃത്യമായ രേഖകള്‍ ഒന്നും തന്നെയില്ല. രാമചന്ദ്രന്‍, കമലനാരായണി എന്നിങ്ങനെയായിരുന്നു അച്ഛനമ്മമാരുടെ പേരുകള്‍. അദ്ദേഹത്തിന്റെ സഹോദരന്‍ കൃഷ്ണ അയ്യര്‍ ഒരു സംഗീത വിദ്വാനായിരുന്നു. അദ്ദേഹത്തിന്റെ ഗുരുവിനെപ്പറ്റി അധിക വിവരങ്ങളൊന്നുമില്ല. എങ്കിലും ഏകദേശം 14 പാട്ടുകള്‍ ഗുരുവിനെപ്പറ്റി തന്നെ എഴുതിയിട്ടുണ്ടെന്ന്‌ പറയുന്നു. പഴയ തഞ്ചാവൂര്‍ പ്രദേശത്തെ ഊത്തക്കാട്‌ എന്ന ദേശത്തിന്‌ ധേനുശ്വാസപുരം എന്നൊരു നാമധേയം കൂടിയുണ്ടായിരുന്നു.

എന്തായാലും ശരി, ഒരു ആസ്വാദക എന്ന നിലക്ക്‌ എന്റെ വ്യക്തിഗത അഭിപ്രായങ്ങള്‍ പറയട്ടെ. അദ്ദേഹത്തിന്റെ കൃതികള്‍ മിക്കവാറും ഒരു കഥപറയുന്നമട്ടിലേക്ക്‌ എത്തിചെല്ലുന്നുണ്ട്‌. കഥയിലൂടെ അദ്ദേഹം തന്റെ ഇഷ്ടദേവതയായ കൃഷ്ണന്റെ സ്തുതിഗീതങ്ങള്‍ പാടി സാരാംശം നമുക്ക്‌ വ്യക്തമാക്കി തരുന്നു. ത്യാഗരാജ സ്വാമികളുടെ കൃതികള്‍ ഇങ്ങനെ കഥാകഥനമല്ല എന്നു തോന്നുന്നു. ത്യാഗരാജ സ്വാമികള്‍ നമുക്ക്‌ ജീവിതത്തിന്റെ നൈമിഷികതയെപ്പറ്റിയും ലൌകീകജീവിതത്തിന്റെ നിഷ്ഫലതയെപ്പറ്റിയും കീര്‍ത്തനങ്ങളിലൂടെ വെളിവാക്കി തരുമ്പോള്‍, വെങ്കിട കവി കഥയാണ്‌ പറഞ്ഞു തരുന്നത്‌. അതായിരിക്കാം കുട്ടികള്‍ക്ക്‌ ഇത്രയും പ്രിയമുള്ളതാകാന്‍ ഒരു കാരണം. മറ്റൊരു കാരണം അതിലെ താളമാണ്‌. താളത്തിനനുസരിച്ച്‌ പദങ്ങളും സ്വരങ്ങളും തിരഞ്ഞെടുക്കാന്‍ അദ്ദേഹത്തിന്‌ അസാമാന്യ കഴിവുണ്ടായിരുന്നുവെന്ന്‌ ഒരു തവണ അദ്ദേഹത്തിന്റെ കൃതികള്‍ കേട്ടാല്‍ മനസ്സിലാകും.

അദ്ദേഹത്തിന്റെ പ്രധാന കൃതികള്‍:

അലൈപായുതേ കണ്ണാ...,
തായേ യശോദാ ഉന്‍തന്‍( ഗോപികമാര്‍ വന്ന് യശോദയോട്‌ കൃഷ്ണന്റെ വികൃതിയെപ്പറ്റി പറയുന്നതാണ്‌ ഈ പദം.ഇതിന്നു മറുപടിയായി കൃഷ്ണന്‍ അമ്മയോട്‌ പറയുന്ന ഒരു കീര്‍ത്തനവും ഇദ്ദേഹം രചിച്ചിട്ടുണ്ട്‌, അതാണ്‌..

"ഇല്ലൈ ഇല്ലൈ അമ്മാ"എന്നു തുടങ്ങുന്ന മോഹന രാഗത്തിലെ കീര്‍ത്തനം. ഇതു രണ്ടും അദ്ദേഹത്തിന്റെ വളരെ പ്രസിദ്ധമായ രചനകളാണ്‌.

(a)മരകതമണിമയ ചേല;

(b)മധുര മധുര വേണുഗീതം;

(c)സ്വാഗതം കൃഷ്ണാ;

(d)കുഴലൂതി മനമെല്ലാം;

(e)ശ്രീ വിഘ്ന രാജം ഭജേ;


ഇതെല്ലാം അദ്ദേഹത്തിന്റെ രചനകളില്‍ ചിലതുമാത്രം.

അദ്ദേഹത്തിന്റെ ഒരു വിരുത്തം ഞാന്‍ താഴെ ചേര്‍ക്കുന്നു.

ലാവണ്യ കേവല സാരരൂപ ലളിത ലീലാംബുതാപ ബന്ധൂകാ
ശോഭ രത്നാം ഭരന്യസ്ത മുരളീരവാലാപ സുന്ദരാനന്ദ
സാരസനാഭ രജതരുണീ വൃന്ദ സല്ലാപ നവനീത ചോര
ശ്രീ വേണുശ്വാസ ദേവാദി ദേവ ജയനമോ നമസ്തേ നമസ്തേ.

കാളിംഗ രത്ന ഗണഫണ സംഗ പാദ കമലായതാക്ഷ പ്രേമ
ആലിംഗ ഗോപ യുവതീജനാംഗ കുചകുങ്കുമാംഗിത ശരീര
കാലാംബുതാപ കനകാഭതുംഗ വക്ഷസ്ഥലേന ധരണ നീല
വൃന്ദാദി ഹാര ഹേ ധേനുശ്വാസ പുരനിലയ ജയസേ നമസ്തേ.


ഇത്‌ ചിട്ടപ്പെടുത്തിയിരിക്കുന്നത്‌ സുരുട്ടി എന്ന രാഗത്തിലാണ്‌

ഇത്‌ കാസറ്റ്‌ കേട്ട്‌ എഴുതിയതാണ്‌. അക്ഷരതെറ്റോ, വൃത്തഭംഗമോ,മറ്റുതെറ്റുകളോ ഉണ്ടെങ്കില്‍ ചൂണ്ടികാണിക്കാന്‍ അപേക്ഷിക്കുന്നു .

അനുബന്ധം:
വിരുത്തത്തിലെ തെറ്റുകള്‍ തിരുത്താന്‍ സഹായിച്ച ജ്യോതിര്‍മയിക്കും ഋഷികേശനും പ്രത്യേകം നന്ദി.
വൃത്തം തേടി ഞാന്‍ അലഞ്ഞു കുറെ. ജ്യോതിയുടെ അഭിപ്രായം ഒന്നുകൂടെ വായിച്ചപ്പോള്‍ ശരിയാണെന്ന്‌ തോന്നി. വൃത്തം താളമാണല്ലോ. "ഇലന്തൂരിലെ പയ്യനെ" ഓര്‍ത്തുകൊണ്ട്‌ കവി മധുസൂദനന്‍ നായര്‍ പറഞ്ഞതും അതാണല്ലോ. താളമുണ്ട്‌ വരികള്‍ക്ക്‌, അതാണ്‌ കാര്യവും.
സോയ സുനില്‍

ശൂർപ്പണഖയുടെ മൂക്കും ചെവിയും മുലയും മുറിക്കൽ

ആദ്യമേ പറയട്ടെ, ഞാൻ ഉദ്ധരിയ്ക്കുന്നതെല്ലാം ഇന്റെർനെറ്റിൽ ലഭ്യമായ സ്രോതസ്സുകൾ ആണ്. അതിനാൽ ലിങ്ക് ഉണ്ട്. ശൂർപ്പണഖയുടെ അംഗവിഛേദം കഥകളിയിലും കൂട...