ആട്ടക്കഥ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ആട്ടക്കഥ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

21 ഡിസംബർ 2019

YouTube Content ID explained


കഴിഞ്ഞ പോസ്റ്റിനു തുടർച്ച ആയി ഒരു വീഡിയോ കൂടെ. ഇതുകൂടെ കണ്ടാൽ തൃശ്ശൂർ പൂരം യൂട്യൂബിൽ എങ്ങനെ സോനി മ്യൂസിക്കിന്റെ ആകും എന്നതിനെ കുറിച്ച് കൂടുതൽ അറിയാൻ സാധിക്കുന്നതാണ്.

നമ്മളുടെ ഓറൽ ട്രെഡിഷനെ പറ്റിയും പരമ്പരാഗതമായി നാം അഭ്യസിക്കുന്ന രീതിയെ പറ്റിയും യൂട്യൂബ് പോലുള്ള പ്ലാറ്റ്ഫോം കൂടുതൽ ബോധവാനാവുകയേ നിവൃത്തിയുള്ളൂ. മുഴുവൻ അവരുടെ നിയന്ത്രണങ്ങൾ തെറ്റ് എന്ന് പറയാനാകില്ല എങ്കിലും ചില എക്സപ്ഷൻസ് ആവശ്യമാണ്.


27 ജൂലൈ 2018

Ajitha harE! jaya maadhava... meaning

മുരിങ്ങൂർ ശങ്കരൻ പോറ്റി എഴുതിയ ആട്ടക്കഥ ആണ് കുചേലവൃത്തം.
ഭക്തിപ്രധാനമായ ഈ ആട്ടക്കഥയിലെ പ്രസിദ്ധമായ ഒരു പദം ആണ് അജിതാ ഹരേ.. എന്നു തുടങ്ങുന്ന പദം.
ഈ കഥയെ പറ്റി കൂടുതൽ ഇവിടെ വായിക്കാം. കഥമുഴുവനും വായിക്കാം
http://www.kathakali.info/ml/stories/kuchelavrutham
അജിതഹരേ! ജയ മാധവ! വിഷ്ണോ! അജമുഖദേവനത!
വിജയ സാരഥേ ! സാധു ദ്വിജനൊന്നു പറയുന്നു
സുജന സംഗമമേറ്റം സുകൃതനിവഹ സുലഭമതനു നിയതം
പലദിനമായി ഞാനും ബലഭദ്രാനുജാ ! നിന്നെ
നലമൊടു കാണ്മതിന്നു കളിയല്ലേ രുചിക്കുന്നു
കാലവിഷമം കൊണ്ടു കാമം സാധിച്ചതില്ലേ
നീലനീരദവർണ്ണ! മൃദുല (ലളിത -എന്ന് പാഠഭേദം) കമലരുചിരനയന! നൃഹരേ!
അദ്യാപി ഭവൽകൃപാ വിദ്യോതമാനമാകും
പാദ്യാദി ഏൽപ്പതിന്നു ഭാഗ്യമുണ്ടാക മൂലം
ചൈദ്യാരേ ! ജന്മഫലമിദ്വിജനെന്തു വേണ്ടൂ
ഹൃദ്യം താവക വൃത്തം മൊഴികിലുലയുമുരഗപതിയുമധുനാ
മേദുര ഭക്തിയുള്ള മാദൃശാം സുഖമെന്യേ
വാദമില്ലഹോ ദുഃഖം ബാധിക്കയില്ല നൂനം
യാദവാധിപാ ! നിന്നെ ഹൃദിചിന്താ നിദാനേന
മോദം മേ വളരുന്നു കരുണ വരണമരുണസഹജകേതന !
ajithaharE! jaya maadhava! vishNO! ajamukhadEvanatha!
vijaya saarathhE ! saadhu dvijanonnu parrayunnu
sujana sam_gamamEtam sukRthanivaha sulabhamathanu niyatham
paladinamaayi njaanum balabhadraanujaa ! ninne
nalamoTu kaaNmathinnu kaLiyallE ruchikkunnu
kaalavishamam koNTu kaamam saadhichchathillE
neelaneeradavarNNa! mRdula (laLitha -enn~ paaThabhEdam) kamalaruchiranayana! nRharE!
adyaapi bhaval_kRpaa vidyOthamaanamaakum
paadyaadi Elppathinnu bhaagyamuNTaaka moolam
chaidyaarE ! janmaphalamidvijanenthu vENToo
hRdyam thaavaka vRththam mozhikilulayumuragapathiyumadhunaa
mEdura bhakthiyuLLa maadRSaam sukhamenyE
vaadamillahO duHkham baadhikkayilla noonam
yaadavaadhipaa ! ninne hRdichinthaa nidaanEna
mOdam mE vaLarunnu karuNa varaNamaruNasahajakEthana !


അജിത=ആരാലും ജയിക്കാൻ പറ്റാത്തവൻ
ഹരരേ, ഹരി=വിഷ്ണു സംബോധനയാണിത്
ജയ=ജയിക്കുക
മാധവ! വിഷ്ണോ!=ഇതും സംബോധന ആണ്
അജമുഖദേവ=ബ്രഹ്മാവ് തുടങ്ങിയദേവന്മാരാൽ
നത=നമിക്കപ്പെട്ടവൻ ആരാധിക്കപ്പെടുന്നവൻ, സംബോധന തന്നെ.
വിജയ സാരഥേ= ഇതു സംബോധനതന്നെ. വിജയൻ, അർജ്ജുനൻ. പണ്ട് മഹാഭാരതയുദ്ധത്തിൽ അർജ്ജുനന്റെ തേർ തളിക്കുന്ന സാരഥി ആയിരുന്നു കൃഷ്ണൻ
സാധു ദ്വിജനൊന്നു പറയുന്നു=മാഹാസാധുവായ ഈ ബ്രാഹ്മണൻ ഒന്ന് പറയട്ടെ.
സുജന സംഗമം=നല്ലവരായ ജനങ്ങളുമായുള്ള കൂടിച്ചേരൽ
സുകൃതനിവഹം=സുകൃതം നൽകുന്നതാണ്
സുലഭമതനു നിയതം=ധാരാളം കിട്ടുന്നത ല്ല തീർച്ച
പലദിനമായി ഞാനും=കുറെ ദിവസമായി ഞാനും
ബലഭദ്രാനുജാ=ബലഭദ്രരുറ്റെ അനിയാ നിന്നെ
നലമൊടു കാണ്മതിന്നു=നന്നായി ഒന്ന് കാണുവാൻ
കളിയല്ലെ രുചിക്കുന്നു=തമാശയല്ല വിചാരിക്കുന്നു
കാലവിഷമംകൊണ്ട് =കാലത്തിന്റെ വിഷമം അഥവാ ഓരോരോ തടസ്സങ്ങൾ കൊണ്ട്
കാമം സാധിച്ചതില്ലേ=എന്റെ ഇഷ്ടം (അങ്ങയെ വന്ന് കാണുവാനായുള്ള) സാധിച്ചില്ലാ
നീല നീരദവർണ്ണ=നീലമേഘങ്ങളുടെ നിറമുള്ളവനെ (നീരദം-മേഘം, നീലം=കറുപ്പ് എന്നും അർത്ഥമുണ്ട്)
മൃദുല കമലരുചിരനയന=മൃദുലമായ താമരയുടെ ഇതളിനെ പോലെ ഉള്ള കണ്ണുകൾ ഉള്ളവനെ
നൃഹരേ=സിംഹരൂപം ധരിച്ചവനെ, പണ്ട് നരസിംഹരൂപം അവതാരം ഓർത്തുകൊണ്ട്.
അദ്യാപി=ഇപ്പോൾ
ഭവൽ കൃപാ=അങ്ങയുടെ കൃപകൊണ്ട്
വിദ്യോതമാനമാകും=പ്രകാശപൂരിതമായ
പാദ്യാദി=പദരേണുക്കൾ,കൃഷ്ണന്റെ കാല്പാദങ്ങൾ പതിഞ്ഞ മൺപൊടികൾ
ഏൽപ്പതിന്നു ഭാഗ്യം ഉണ്ടാക മൂലം= ഏൽക്കുന്നതിനുള്ള ഭാഗ്യം ഉണ്ടായ കാരണം
ചൈദ്യാരേ=ചേദിരാജാവിന്റെ ശത്രുവേ.. ശിശുപാലന്റെ ശത്രു
ജന്മഫലം ഈ ദ്വിജനെന്തു വേണ്ടൂ=എന്റെ ജന്മത്തിന്റെ നല്ലവശം ആണിത് എന്നല്ലാതെ ഈ ബ്രാഹ്മണൻ എന്താ പറയുക!
ഹൃദ്യം താവക വൃത്തം=അങ്ങയുടെ വാർത്തകൾ എന്റെ ഹൃദയത്തിനു ഏറ്റവും ഇഷ്ടമുള്ളതാണ്.
മൊഴികിലുലയും ഉരഗ പതിയും അധുനാ= ആ വാർത്തകൾ പറഞ്ഞാൽ അനന്തൻ പോലും ഇളകും
മേദുരഭക്തിയുള്ള=ഏറ്റവും ഭക്തിയുള്ള
മാദൃശാം=എന്നെ പോലെ ഉള്ളവർക്ക്
സുഖമന്യേ=സുഖം അല്ലാതെ, സുഖം കൂടാതെ (ദുഃഖം വരില്ലാ എന്ന് വ്യഗ്യം)
വാദമില്ലഹോ=അതിൽ വാദിക്കാൻ ഇല്ലാ.
ദുഃഖം ബാധിക്കാ ഇല്ല നൂനം=ദുഃഖം ഒട്ടും വരില്ല
യാദവാധിപ=യാദവന്മാരുടെ നേതാവേ
നിന്ന് ഹൃദി ചിന്താ നിദാനേന=നിന്നെ എപ്പോഴും മനസ്സിൽ വിചാരിച്ചിരുന്നാൽ
മോദം മേ വളരന്നു=എനിക്ക് സന്തോഷം വലുതാകുന്നു
കരുണ വരണമരുണസഹജകേതന=(എന്നിൽ) കരുണ ഉണ്ടാകണം അല്ലയോ അരുണ സഹോദരൻ (ഗരുഡൻ) കൊടിയടയാളമായുള്ളവനെ.

കുചേലവൃത്തം മുഴുവൻ അർത്ഥം എഴുതണം എന്നുണ്ട്. പക്ഷെ…

03 ജൂൺ 2017

കളിയറിവുകളുടെ തിരമൊഴി

മറ്റ് ഭാഷകളിൽ കാണുന്നതിനേക്കാൾ കൂടുതൽ മലയാളത്തിൽ മാത്രം ഉള്ള ഒരു സാഹിത്യവിഭാഗം ആണ് തിരക്കഥ. പ്രസിദ്ധ ജനപ്രിയ സിനിമകളുടെ തിരക്കഥ മാത്രം പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുക എന്നത് സർവ്വസാധാരണമാണ്. ഇംഗ്ലീഷിൽ അടക്കം മറ്റ് ഇന്ത്യൻ ഭാഷകളിൽ ഇത് മലയാളത്തിന്റെ നിലവാരത്തിൽ ഇല്ല. 

മലയാളികൾക്ക് തിരക്കഥയോട് പ്രിയം കൂടാൻ കാരണം എന്ന് ആലോചിച്ചതിന്റെ ഫലമാണ് ഈ കുറിപ്പ്..

നമുക്ക് പണ്ട് തന്നെ ദൃശ്യകാവ്യങ്ങളോട്, ചൊൽക്കാഴ്ച്ചകളോട്, ഒരു പ്രത്യേക ഇഷ്ടം ഉണ്ടായിരുന്നു എന്ന് തോന്നുന്നു. തെയ്യവും പടയണിയും മറ്റും അതാണല്ലൊ കാണിക്കുന്നത്. തോറ്റം പാട്ടുകളും പടേനിപ്പാട്ടുകളും ആണല്ലൊ ഇവയുടെ തിരക്കഥകൾ. പാടുന്നത് അക്ഷരം പ്രതി അരങ്ങത്ത് കാണിയ്ക്കുന്നില്ല. എന്നാൽ ഒരു മുഴുവൻ തിരക്കഥയിൽ പറഞ്ഞ എല്ലാ വിശദാംശങ്ങളുടേയും ചിത്രീകരണം ആയിരിക്കും ആ സിനിമ എന്നത് സംവിധായകൻ തീരുമാനിക്കുന്നു. അത് അപ്രകാരം ആയിരിക്കുകയും ചെയ്യാം.

പഴയ മലയാള നാടൻ ദൃശ്യകലകളിൽ അങ്ങനെ ആവണം എന്ന് നിർബന്ധമില്ല. അതിലെ തിരക്കഥ ആയ പാട്ടുകൾ വാമൊഴി ആയി വന്നതാണ്. അത് അപ്രകാരം തന്നെ ആയിരിക്കണം അരങ്ങത്ത് എന്നതിനു ഉറപ്പൊന്നും ഇല്ല. പ്രയോക്താവ് കാലികമായി അത് മാറ്റിയിരിക്കും. ആ വാമൊഴിപ്പാട്ടുകളായ തിരക്കഥകളും അത്തരം കലകളും ഇന്നും നിലനിൽക്കുന്നു.

മുൻ പറഞ്ഞ വാമൊഴി പാട്ടുകളിൽ നിന്നും അൽപ്പം വ്യത്യാസത്തിൽ, നമുക്ക് കിട്ടിയ ഒരു പ്രത്യേകസാഹിത്യവിഭാഗമാണ് കഥകളിയുടെ ആട്ടക്കഥകൾ. കൂടിയാട്ടരൂപത്തിൽ അവതരിപ്പിക്കുന്നത് പ്രസിദ്ധങ്ങൾ ആയ നാടകങ്ങൾ ആണ്. അവയാണ് കൂടിയാട്ടത്തിന്റെ തിരക്കഥകൾ. അവ സർവ്വതോലഭ്യമാണ്. ഉദാഹരണത്തിനു ഭാസനാടകങ്ങൾ. എന്നാൽ അവയുടെ കൂടിയാട്ട ആട്ടപ്രകാരം അത്ര അധികം പ്രസിദ്ധീകരിച്ച് കണ്ടിട്ടില്ല. ഉള്ളതും ഇപ്പോൾ ലഭ്യമാണോ എന്ന് അറിയില്ല.  കൂടിയാട്ടത്തിലെ ആട്ടപ്രകാരങ്ങൾ പ്രസിദ്ധങ്ങളായ സംസ്കൃതനാടകങ്ങളെ എങ്ങനെ കൂടിയാട്ടരീതിയിൽ രംഗത്ത് അവതരിപ്പിക്കാം എന്നതിന്റെ സംവിധായക കുറിപ്പുകൾ ആണ്.

കഥകളിയുടെ ആട്ടക്കഥകൾ എന്നാൽ അങ്ങനെ അല്ല. അവ ആട്ടപ്രകാരങ്ങൾ അല്ല എങ്കിലും കഥകളിയുടെ തിരക്കഥ തന്നെ ആണ്. അതിനനുസരിച്ചേ അരങ്ങത്ത് ഉണ്ടാകൂ. ആട്ടക്കഥകൾ ഇന്ന് മിക്കതും ലഭ്യമാണ്. അവയുടെ ആട്ടപ്രകാരങ്ങൾ കാലത്തിനനുസരിച്ച് മാറുന്നുണ്ടെങ്കിലും അവകളും ലഭ്യമാണ്. 

മലയാളസാഹിത്യത്തിന്റെ വളർച്ചയ്ക്കിടയിൽ ഏകദേശം പതിനേഴാം നൂറ്റാണ്ടോടുകൂടിയാണ് ആട്ടക്കഥകൾ എന്ന വിഭാഗം വന്നത്. ഉണ്ണായിവാര്യർ എഴുതിയ പ്രസിദ്ധമായ ‘നളചരിതം’, ആട്ടക്കഥാസാഹിത്യത്തിലെ മാത്രമല്ല മലയാളസാഹിത്യത്തിലെ തന്നെ ഒരു ക്ലാസ്സിക്ക് രചന ആയി കണക്കാക്കപ്പെടുന്നു.

ആട്ടക്കഥകൾ ഒരു പ്രത്യേകസാഹിത്യ വിഭാഗം ആയി കണക്കാക്കുന്നതിനു കാരണം അതിന്റെ ഘടന തന്നെ ആണ്. ആട്ടക്കഥയിൽ ശ്ലോകങ്ങൾ, പദങ്ങൾ, ദണ്ഡകങ്ങൾ, ചൂർണ്ണികകൾ, സാരി കുമ്മി തുടങ്ങിയ നൃത്തരൂപങ്ങൾക്ക് ഇണങ്ങുന്ന വരികൾ എന്നിവയെല്ലാം അടങ്ങിയിരിക്കും. ആട്ടക്കഥ ഗദ്യരൂപത്തിൽ ആയിരിക്കുകയില്ല. കൂടാതെ ഇവകളിൽ ഉപയോഗിക്കുന്ന പദങ്ങൾ, അരങ്ങത്ത് മുദ്രാരൂപത്തിൽ പ്രയോക്താവിനു കാണിക്കാനുതകുന്നവയാകണം എന്ന് അലിഖിതനിയമം ഉണ്ട്. കാരണം ഈ പദങ്ങൾ (പദ്യങ്ങൾ) ആണല്ലൊ അരങ്ങത്ത് അഭിനേതാവ് മുദ്രാരൂപത്തിൽ കാണിക്കുക. ഉദാഹരണത്തിനു, ആട്ടക്കഥയിൽ ‘പാഞ്ചാലരാജ തനയേ’ എന്ന് എഴുതിയിട്ടുണ്ട് എങ്കിൽ അത് അരങ്ങത്ത് അഭിനേതാവ്, ‘പാഞ്ചാലരാജാവിന്റെ മകളേ’ എന്ന് അഭിസംബോധനചെയ്ത് കാണിക്കുകതന്നെ വേണം. പാഞ്ചാലരാജാവ്, അവന്റെ, മകൾ എന്നിങ്ങനെ മൂന്ന് പദങ്ങൾക്കും കഥകളിയിൽ മുദ്ര വേണം എന്നർത്ഥം.

നാളിന്നേവരേയ്ക്ക് അനവധി ആട്ടക്കഥകൾ എഴുതപ്പെട്ടിട്ടുണ്ടെങ്കിലും, എല്ലാ ആട്ടക്കഥകളും അരങ്ങ് കണ്ടിരിക്കും എന്നതിനു ഉറപ്പില്ല. പലതും ഒന്നോ രണ്ടോ അരങ്ങ് കഴിഞ്ഞ് പുസ്തകത്താളിൽ ഒതുങ്ങിയിരിക്കും. എന്നാൽ ഇന്നും അരങ്ങ് കാണുന്ന ഒരു പറ്റം ആട്ടക്കഥകൾ ഉണ്ട്. അങ്ങനെ ഉള്ള 41 ആട്ടക്കഥകളുടെ സാഹിത്യം അറിയാനായി ഇന്ന് മലയാളത്തിൽ ഒരു മൊബൈൽ അപ്പ്ലിക്കേഷൻ ഉണ്ടായിരിക്കുന്നു.

Android platformൽ മാത്രം തൽക്കാലം ലഭ്യമായ ഈ മൊബൈൽ അപ്പ്ലിക്കേഷൻ പ്ലേസ്റ്റോറിൽ ലഭ്യമാണ്. അതിന്റെ ലിങ്ക് ഇതാ:

https://play.google.com/store/apps/details?id=com.vtm.kathakali&hl=en


അപ്പ്ലിക്കേഷനിൽ ലഭ്യമായ ആട്ടക്കഥകളുടെ ലിസ്റ്റിൽ നിന്നും വേണ്ടത് സെലക്റ്റ് ചെയ്താൽ അതിന്റെ കഥാസംഗ്രഹവും പദങ്ങളും കിട്ടും. അവയുടെ ശബ്ദരേഖകൾ ലഭ്യമെങ്കിൽ അവയും മൊബൈലിൽ നെറ്റ് സൗകര്യമുണ്ടെങ്കിൽ ലഭിയ്ക്കുന്നതാണ്. വെറുതെ സാഹിത്യം വായിക്കാനായി ഇന്റെർനെറ്റ് സൗകര്യം ആവശ്യമില്ല. അർത്ഥങ്ങളും ആട്ടക്രമങ്ങളും അറിയണമെങ്കിൽ ഇന്റെർനെറ്റ് സൗകര്യം ആവശ്യമാണ്. 

Kathakalipadam.com & kathakali.info എന്നീ രണ്ട് സൈറ്റുകളിൽ ലഭ്യമായ വിവരങ്ങൾ ക്രോഡീകരിച്ച് നിങ്ങളുടെ മൊബൈലിൽ എത്തിയ്ക്കുകയാണ് ഈ അപ്പ്ലിക്കേഷൻ ചെയ്യുന്നത്. അപ്പ്ലിക്കേഷന്റെ ഫീഡ്ബാക്ക് ഫോമിലൂടെ നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കാം. അതുമല്ലെങ്കിൽ kathakalilokam@gmail.com എന്ന മെയിൽ ഐഡിയും ഉപയോഗിക്കാവുന്നതാണ്. അപ്പ്ലിക്കേഷനെ പറ്റി കൂടുതൽ അറിയാൻ അപ്പ്ലിക്കേഷന്റെ FaQ/Help page വായിക്കുക.

07 മാർച്ച് 2017

സുന്ദരീസ്വയംവരം

സുന്ദരീസ്വയംവരം നോട്ട്സ് മഹാഭാരതം ഒരു ജീവിയ്ക്കുന്ന ഇതിഹാസം ആണെന്ന് സുനിൽ പി ഇളയിടത്തിന്റെ പ്രഭാഷണപരമ്പരയിൽ കേട്ടപ്പോൾ നാട്ടറിവുകളും നാടൻ പാട്ടുകളും അധികം അറിയാത്ത എനിക്ക് ഈ പറഞ്ഞതിൽ വലിയ കാര്യമുണ്ടെന്നൊന്നും തോന്നിയില്ല. ഇനിയും സംഭവിയ്ക്കും എന്ന് പറഞ്ഞതിന്റെ പൊരുൾ എനിക്ക് മനസ്സിലാക്കിത്തരാനെന്നവണ്ണം ഞാൻ ഇപ്പോൾ ഒരു ആട്ടക്കഥ വായിച്ചു. കഥകളി ഡോട്ട് ഇൻഫോയുടെ ഡവലപ്മെന്റ് കാരണം കൊണ്ട് അങ്ങനെ പലതും പഠിക്കാം എന്നൊരു ഗുണവും ഉണ്ട്. മലബാറുകാരനായ ഒരു സുബ്രഹ്മണ്യൻ പോറ്റി പതിനെട്ടാം നൂറ്റാണ്ടിൽ ടിപ്പുവിന്റെ പടയോട്ടക്കാലത്ത് മലബാറുവിട്ട് തിരുവിതാംകൂറിലെ മാവേലിക്കരയ്ക്ക് അടുത്ത് ചെന്നിത്തലയിൽ ചെന്ന് പാർക്കാൻ ആരംഭിച്ചുവത്രെ. അദ്ദേഹം കുന്നത്ത് സുബ്രഹ്മണ്യൻ പോറ്റി എന്ന് അറിയപ്പെട്ടു. നാട്യകലയിലും വാദ്യവാദനത്തിലും വിദഗ്ദ്ധനായിരുന്ന അദ്ദേഹം സ്വാതി തിരുനാളിന്റെ പ്രീതിഭാജനമായിരുന്നു. അദ്ദേഹം 'സുന്ദരീസ്വയംവരം' എന്ന പേരിൽ ഒരു ആട്ടക്കഥ രചിച്ചിട്ടുണ്ട്. ഈ കഥ വള്ളുവനാട്ടുകാരനായ ഞാൻ അരങ്ങത്ത് കണ്ടിട്ടില്ല. എന്നാൽ തിരുവല്ല അമ്പലത്തിൽ ധാരാളം കളിയ്ക്കാറുണ്ടത്രെ. ഈ ആട്ടക്കഥ വായിച്ച ഞാൻ ഇതിന്റെ മൂലം എന്താ എന്ന് എന്നെക്കൊണ്ടാവുന്നവിധത്തിൽ ഇന്റെർനെറ്റിൽ പരതി. എവിടേയും സുന്ദരി എന്ന പേരിൽ ഒരു മകൾ ശ്രീക്ഷ്ണനുള്ളതായി പറഞ്ഞ് കണ്ടില്ല. ഒരു ഇന്റോനേഷ്യൻ മഹാഭാരതനാട്ടുപാട്ടിൽ ഉണ്ട് എന്നും ഇവിടെ വായിച്ചു. അവിടെ കൃഷ്ണന്റെ മകൾ ക്സിതി സുന്ദരിയെ, ഘടോൽക്കചന്റെ സഹായത്തോടെ അഭിമന്യു വേൾക്കുന്നതായി പ്രസിദ്ധമാണ്. ഘടോൽക്കചൻ അർജ്ജുനന്റെ മകൾ പെരിഗ്വയെ വിവാഹം ചെയ്യ്തുവെന്നും കഥയുണ്ട്. ഇന്റോനേഷ്യൻ മഹാഭാരതവും നമ്മൾ കേട്ട മഹാഭാരതവും തമ്മിൽ പലവ്യത്യാസങ്ങളും ഉണ്ട്. വ്യത്യാസങ്ങൾ കാണാൻ ഇന്റോനേഷ്യവരെ ഒന്നും പോകണ്ട ആവശ്യമില്ല. ഈ സുന്ദരിയുടെ കഥ മഹാഭാരതത്തിലോ ഭാഗവതത്തിലോ മറ്റ് പുരാണങ്ങളിലോ ഒന്നും ഇല്ല. എന്നാൽ കുറച്ച് വ്യത്യാസപ്പെട്ട ഒരു കഥ ആന്ധ്ര, കർണ്ണാടക ഭാഗങ്ങളിൽ ഫോക്ക്‌ലോർ ആയി പാടിവരുന്നുണ്ട്. കൃഷ്ണനു, ജാംബവതിയിൽ ഉണ്ടായ മകൻ, സാംബൻ, ദുര്യോധനന്റെ മകളായ ലക്ഷ്മണയെ (ഒരു ഇരട്ടസഹോദരൻ ഉണ്ട് ലക്ഷ്മണയ്ക്ക്. ലക്ഷ്മണൻ എന്നോ ലക്ഷ്മണകുമാരൻ എന്നോ വിളിക്കാം.ലക്ഷ്മണനെ അഭിമന്യു ഭാരതയുദ്ധത്തിൽ പതിമൂന്നാം ദിവസം നാഗശിരാസ്ത്രം കൊണ്ട് വധിക്കുന്നു.) തട്ടിക്കൊണ്ട് വന്ന് വിവാഹം ചെയ്തതായി ശ്രീമദ്ഭാഗവതം (10.68) പറയുന്നുണ്ട്. ഭാഗവതത്തിൽ കൃഷ്ണനു രുക്മിണിയിൽ ഉണ്ടായ ചാരുമതി എന്ന മകളെ, സുതവർമ്മാവിന്റെ മകൻ ബാലി വിവാഹം ചെയ്തു എന്നും പറയുന്നുണ്ട്. (10.61.24) ഇത്രയുമാണ് കൃഷ്ണന്റെ പെണ്മക്കളെ പറ്റി ഭാഗവതം പറയുന്നത്. എന്നാൽ നേർത്തെ പറഞ്ഞ ആന്ധ്രയുടെ ചില പ്രദേശങ്ങളിൽ പ്രചാരമുള്ള കഥ മറ്റൊന്നാണ്. അത്: ബലരാമനു രേവതിയിൽ ഉണ്ടായ മകൾ ആണ് ശശിരേഖ അല്ലെങ്കിൽ വത്സല. ഈ ശശിരേഖ എന്ന വത്സലയെ ബലരാമനും രേവതിയും അഭിമന്യുവിനു നൽകാൻ തീരുമാനിച്ചു. അവർ തമ്മിൽ പ്രേമമവുമായിരുന്നു. അക്കാലത്ത് കസിൻസ് തമ്മിൽ കല്യാണം കഴിക്കാൻ വിരോധമൊന്നും ഉണ്ടായിരുന്നില്ലല്ലൊ. (ഇക്കാലത്തും അത് പലസ്ഥലത്തും നടക്കുന്നുണ്ട്) അഭിമന്യു അർജ്ജുന-സുഭദ്രയുടെ മകൻ ആണ്, സുഭദ്ര ആകട്ടെ ബലരാമകൃഷ്ണന്മാരുടെ പെങ്ങളും. അങ്ങിനെ ഇരിക്കുമ്പോഴാണ് ചൂതുകളിയും അതിനെ തുടർന്ന് രാജ്യം നഷ്ടപ്പെട്ട് ധർമ്മപുത്രാദികൾക്ക് വനവാസവും വേണ്ടി വന്നത്. രാജ്യം നഷ്ടപ്പെട്ട ഒരാളുടെ മകനു തന്റെ മകളെ കൊടുക്കാൻ രേവതി തയ്യാറായില്ല. രേവതി ബലരാമനോടു പറഞ്ഞു അത്. ബലരാമനും ദുര്യോധനനും ഗുരുശിഷ്യന്മാരും ദുര്യോധനനോട് ബലരാമനു വളരെ ഇഷ്ടവും ആണ്. ബലരാമൻ അങ്ങിനെ ദുര്യോധനന്റെ മകനായ ലക്ഷ്മണകുമാരനെ കൊണ്ട് വത്സലയെ വേളികഴിപ്പിക്കാൻ ഉറപ്പിച്ചു. അതറിഞ്ഞ അഭിമന്യു കൃഷ്ണനോട് ചെന്ന് സങ്കടം പറഞ്ഞു. ശ്രീകൃഷ്ണൻ തന്നെക്കൊണ്ട് ഒന്നും ചെയ്യാൻ പറ്റില്ല, നീ പോയി നിന്റെ കസിൻ ആയ ഘടോൽക്കചനോട് ചെന്ന് പറയൂ എന്ന് അഭിമന്യുവിനെ ഉപദേശിച്ചു. ഭീമനു ഹിഡുംബി (ഹിഡുംബ എന്നും പേരുകാണാറുണ്ട്, കഥകളിയിൽ ഹിഡുംബി തന്നെ) എന്ന രാക്ഷസിയിൽ ഉണ്ടായ മകനാണ് ഘടോൽക്കചൻ. അപ്പോൾ ഘടോൽക്കചൻ, അഭിമന്യുവിന്റെ മൂത്ത കസിനാണ്. എന്നാൽ ഇവർ തമ്മിൽ മുൻപ് കണ്ടിട്ടുമില്ല. പരസ്പരം അറിയുകയുമില്ല. അങ്ങനെ അഭിമന്യു വാരണാവതത്തിൽ ഹിഡുംബവനത്തിൽ എത്തി. ഘടോൽക്കചൻ ആണ് ആ വനത്തിന്റെ അധിപൻ. അവിടെ വന്ന മനുഷ്യനെ കണ്ടപ്പോൾ രാക്ഷസത്വരയോടെ അഭിമന്യുവിനെ കൊന്ന് തിന്നാൻ വന്നു. അഭിമന്യു ശരവർഷം നടത്തി ഘടോൽക്കചനെ ബോധരഹിതനാക്കി വീഴ്ത്തു. മകൻ വീഴുന്നത് കണ്ട് ഹിഡുംബി ഓടി വന്ന് മകനെ മടിയിൽ ഇരുത്തി ഭീമസേനന്റെ മകനേ എന്ന് അഭിസംബോധന ചെയ്ത് കരയാൻ തുടങ്ങി. ഇത് കേട്ട അഭിമന്യു വന്ന് സോറി പറഞ്ഞ് അവർ തമ്മിൽ സഖ്യത്തിൽ ആയി. ഹിഡുംബിയും ഘടോൽക്കചനോട് അഭിമന്യുവിനെ സഹായിക്കാൻ പറഞ്ഞു. ഘടോൽക്കചൻ ഹസ്തിനപുരിയിൽ ദുര്യോധനന്റെ കൊട്ടാരത്തിൽ എത്തി. ഘടോൽക്കചൻ രാക്ഷസനാണ് മായാവിയാണ്. ഘടോൽക്കചൻ തന്റെ മായവിദ്യകൊണ്ട് വത്സലയുടെ രൂപം ധരിച്ചു. എന്നിട്ട് വിവാഹമണ്ഡപത്തിൽ വെച്ച് മായാവിദ്യകൾ കൊണ്ട് ലക്ഷ്മണകുമാരനെ പേടിപ്പിച്ചു. ഭയപ്പെട്ട ലക്ഷ്മണകുമാരൻ താനിനി ജീവിതത്തിൽ വിവാഹം കഴിക്കില്ല എന്ന് സത്യം ചെയ്ത് ഓടിപ്പോയത്രെ. ആ സമയം ഘടോൽക്കചൻ തന്റെ മായാവിദ്യകൊണ്ട് വത്സലയെ തട്ടിക്കൊണ്ട് പോയി ഹിഡംബവനത്തിൽ എത്തിച്ചു. അവിടെ അഭിമന്യു വത്സലമാരുടെ വിവാഹം ഗംഭീരമായി കഴിഞ്ഞു. ഇതറിഞ്ഞ ദുര്യോധനനു പാണ്ഡവരോട് സ്വതേ ഉള്ള ദേഷ്യം ഒന്ന് കൂടെ കൂടി. ബലരാമനു വലിയ പ്രശ്നങ്ങൾ ഒന്നും ഉണ്ടായില്ല. ഇനി ഉണ്ടെങ്കിലും അത് ശ്രീകൃഷ്ണൻ മാറ്റിക്കോളും. പണ്ട് സുഭദ്രയുടെ കാര്യത്തിലും അതാണല്ലൊ ഉണ്ടായത്. ബലരാമൻ സുഭദ്രയെ ദുര്യോധനനു കെട്ടിച്ച് കൊടുക്കാൻ നിശ്ചയിച്ചു. കൃഷ്ണൻ അർജ്ജുനനു സുഭദ്രയെ കള്ളസന്യാസിവേഷത്തിൽ വന്ന് തട്ടിക്കൊണ്ട് പോകാനുള്ള സൗകര്യം ഉണ്ടാക്കി കൊടുത്തു. എന്നിട്ട് സുഖമായി ബലരാമനെ തന്റെ വാക്ചാതുരികൊണ്ട് സമാശ്വസിപ്പിച്ചു. സുഭദ്രാഹരണം പോലെ തന്നെ ആണ് വത്സലാഹരണവും. തലമുറ ഒന്ന് മാറി എന്ന് മാത്രം. മുകളിൽ പറഞ്ഞ കഥയിലും മാറ്റങ്ങൾ ഉണ്ട്. കൃഷ്ണൻ ഘടോൽക്കചനെ സമീപിക്കാൻ അഭിമന്യുവിനോട് പറയുന്നതിനു പകരം, സുഭദ്ര അർജ്ജുനനുസംഭവിച്ച കഥ അറിഞ്ഞ്, കാട്ടിൽ തന്റെ ഭർത്താവിനെ അന്വേഷിക്കാൻ, മകനായ അഭിമന്യുവിനോടൊപ്പം വന്നു. വന്നത് ഹിഡംബവനത്തിൽ തന്നെ. അവിടെ വെച്ച് ഘടോൽക്കചനും അഭിമന്യുവും തമ്മിൽ യുദ്ധമുണ്ടായി എന്നും ഘടോൽക്കചൻ വീണു എന്നും വീഴുന്ന ശബ്ദം കേട്ട് ഹിഡുംബി വന്നു എന്നും ഭീമസേനന്റെ മകനേ എന്ന് വിളിച്ച് കരഞ്ഞു എന്നും സുഭദ്രയും അഭിമന്യുവും അത് കേട്ട് ഞെട്ടലോടെ എങ്കിലും പരസ്പരം തിരിച്ചറിഞ്ഞു എന്നും ഒരു വേർഷൻ ഉണ്ട്. സുഭദ്ര കാട്ടിൽ വരുന്നുണ്ട് അഭിമന്യുവിനോടൊപ്പം എന്നതാണ് ഒരു പ്രധാന മാറ്റം. സുഭദ്രയും ഹിഡുംബിയും തമ്മിൽ കാണുന്നുണ്ട്, പരിചയപ്പെട്ട് പരസ്പരം മനസ്സിലാക്കുന്നുണ്ട്. ബലരാമൻ തന്റെ മകളെ പാണ്ഡവരുടെ ദുഃഖത്തിനു കാരണക്കാരനായ ദുര്യോധനന്റെ മകനു വിവാഹം ചെയ്ത് കൊടുക്കാൻ തീരുമാനിച്ചു എന്നത് കേട്ടാണ് ഘടോൽക്കചനു ദേഷ്യം വരുന്നത്. എന്നിട്ടാണ് ഘടോൽക്കചൻ അഭിമന്യുവിനെ സഹായിക്കാൻ പുറപ്പെടുന്നത്. സുഭദ്രയും അഭിമന്യുവും വനത്തിൽ തന്നെ വാഴുന്നു. ഘടോൽക്കചൻ വത്സലയെ തട്ടിക്കൊണ്ട് പോകുന്നു, ലക്ഷ്മണകുമാരനെ ഭയപ്പെടുത്തുന്നു. ഇത് നാടൻ പാട്ടുകളും ഹരികഥയും പറയുന്നത്. എന്നാൽ ഇതിലും വ്യത്യാസമുള്ളതാണ് സുന്ദരീസ്വയംവരം എന്ന ആട്ടക്കഥ. അതിന്റെ കർത്താവു ഒരു പരദേശബ്രാഹ്മണൻ ആയ കുന്നത്ത് സുബ്രഹ്മണ്യൻ പോറ്റി ആണ്. അദ്ദേഹം കേട്ട് പരിചയിച്ച ഹരികഥകളിൽ നിന്നോ കണ്ട് പരിചയിച്ച നാടൻ കലാരൂപങ്ങളിൽ നിന്നോ കടം എടുത്ത കഥാതന്തു ആകാം ഈ കഥയ്ക്ക് മൂലം. എന്നാൽ അവിടേയും വ്യത്യാസമുണ്ട് എന്നത് മഹാ‍ാഭാരതത്തിന്റെ പലമകളിൽ നമുക്ക് വിശ്വാസം കൂട്ടുന്നു. മൂലം എന്നത് പുരാണങ്ങൾക്ക് ഇല്ല. അതിന്റെ മൂലം പാണന്മാർ പാടിനടക്കുന്ന പാട്ട് തന്നെ. അത് തലമുറതോറും പരിഷ്കരിച്ച് വരുകയും ചെയ്യും. മഹാഭാരതകവികൾ ആരും ഘടോൽക്കചനെയോ അഭിമന്യുവിനേയോ അധികം പാടിപ്പുകഴ്ത്തിയിട്ടില്ല. യുദ്ധത്തിൽ ഘടോൽക്കചൻ കർണ്ണന്റെ വേലുകൊണ്ട് വീണപ്പോൾ, പാൺദവപക്ഷം ആകെ ശോകമൂകമായി. എന്നാൽ ശ്രീകൃഷ്ണൻ മാത്രം ഏകനായി സന്തോഷത്തോടേ തുള്ളിച്ചാടി നടന്നു എന്ന് വ്യാസഭാരതം പറയുന്നു. ഘടോൽക്കചൻ പാണ്ഡവപക്ഷത്ത് നിന്ന് നന്നായി യുദ്ധം ചെയ്തെങ്കിലും രാക്ഷസനായിപ്പോയി എന്ന ഏക കാരണത്താലായിരുന്നു അത്. മഹാഭാരതം പാണ്ഡവരുടെ കഥയേ പറയുന്നുള്ളൂ, അവരുടെ മക്കളുടെ (അടുത്ത തലമുറ) കഥ പറയുന്നില്ല. അത് നമ്മടെ നാടൻ സമൂഹമനസ്സിന്റെ ഭാവന ഏറ്റെടുത്തതാവാം ഈ തരം ഒരു കഥ ഉണ്ടായത് തന്നെ. ഇതിലൊന്നും ഈരാവാൻ ഒരു ഭാഗമാകുന്നതേ ഇല്ല. ഈരാവാന്റെ കഥ മറ്റൊന്നാണ്. എന്നാൽ ആട്ടക്കഥയിൽ മൂവരും ചേർന്നിരിക്കുന്നു എന്നത് കൗതുകകരമാണ്. സുന്ദരീസ്വയംവരം കഥാസംഗ്രഹം: ശ്രീകൃഷ്ണനും പത്നിമാരുമായുള്ള ശൃംഗാരപ്പദത്തോടെ കഥ തുടങ്ങുന്നു. അക്കാലത്ത് ശ്രീകൃഷ്ണൻ സത്യഭാമയിൽ ഉണ്ടായ സുന്ദരി എന്ന് പേരായ മകൾക്ക് വിവാഹപ്രായം എത്തി എന്ന് മനസ്സിലാക്കി കൃഷ്ണൻ സഹോദരനായ ബലരാമനോട് ചെന്ന് ഇക്കാര്യം അറിയിക്കുന്നു. താനത് മുൻപേ അറിഞ്ഞു എന്നും കൃഷ്ണന്റെ മനസ്സിൽ എന്താണ് ഉള്ളത് എന്നറിയാത്തതിനാൽ ഒന്നും പറഞ്ഞില്ല എന്നും ബലരാമൻ കൃഷ്ണനോട് പറയുന്നു. ബലരാമൻ പറയുന്നത് പോലെ എന്താണെങ്കിലും ചെയ്യാം എന്ന് കൃഷ്ണൻ സമ്മതിയ്ക്കുന്നു. അത് പ്രകാരം ബലരാമൻ ദുര്യോധനന്റെ മകനായ ലക്ഷണനു സുന്ദരിയെ വിവാഹം ചെയ്ത് കൊടുക്കാം എന്ന തന്റെ മനോഗതം കൃഷ്ണനെ അറിയിക്കുന്നു. മാത്രമല്ല ഈ വിവരം ദുര്യോധനനെ അറിയിക്കാനായി ഒരു ദൂതനേയും അയക്കുന്നു. അടുത്തരംഗത്ത് ദുര്യോധനന്റെ പാടി രാഗത്തിൽ ഉള്ള ശൃംഗാരപ്പദം ആണ്. അടുത്ത രംഗത്തിൽ ദുര്യോധനനും മന്ത്രിമാരും കൂടെ ഉള്ള സഭ ആണ്. തന്റെ ബാഹുപരാക്രമത്തെ കുറിച്ചും, പാണ്ഡവന്മാരെ കാട്ടിലേയ്ക്കയച്ചതിനാൽ ശത്രുക്കൾ ഇല്ലാതായതും വരാൻ പോകുന്ന യുദ്ധത്തിൽ അവരെ കാലപുരിയ്ക്കായക്കാൻ തയ്യാറാകുനും ദുര്യോധനൻ മന്ത്രിമാരോട് പറയുന്നു. മന്ത്രിമാർ ദുര്യോധനനെ തിരിച്ച് സ്തുതിയ്ക്കുന്നു. ആ സമയം ബലരാമൻ അയച്ച ദൂതൻ ദുര്യോധനസമീപം വരുന്നതാണ് അടുത്ത രംഗം. ദൂതൻ വന്ന് ദുര്യോധനനെ സ്തുതി ചെയ്ത്, സുന്ദരിയുടെ വിവാഹം ദുര്യോധനപുത്രനായ ലക്ഷണനോടൊത്ത് ചെയ്യാൻ ബലരാമൻ തീർച്ചയാക്കിയ വിവരം അറിയിക്കുന്നു. അത് പ്രകാരം ദ്വാരകയിലേക്ക് ലക്ഷണസമേതം ചെല്ലുവാനും പറയുന്നതോടൊപ്പം ബലരാമൻ നൽകിയ എഴുത്തും കൊടുക്കുന്നു. ദുര്യോധനൻ സഭയിൽ ഈ വിവരം ഭീഷ്മ കർണ്ണാദികളോടൊക്കെ അറിയിക്കുന്നു. ആയതിനായി സൈന്യസമേതം പുറപ്പെടുവാൻ കല്പിക്കുന്നു.ശ്രീകൃഷ്ണന്റെ ബന്ധുത്വത്തെ പറ്റി ദുശ്ശാസനൻ സംശയം പ്രകടിപ്പിക്കുന്നു. പാണ്ഡവരോട് കൂട്ടുള്ള കൃഷ്ണന്റെ മനസ്സിൽ ഇതായിരിക്കില്ല, അതിനാൽ അവിടെ പോകേണ്ട ആവശ്യമില്ല, ബലരാമനെ പറ്റിയ്ക്കും കൃഷ്ണൻ, സുഭദ്രയുടെ ഹരണം ഉദാഹരണമില്ലേ എന്നൊക്കെ ഭീഷ്മർ തന്റെ മനസ്സിലുള്ളത് വ്യക്തമാക്കുന്നു. വൃദ്ധനായ ഭീഷ്മരെ ശ്രദ്ധിക്കേണ്ടതില്ലെ നമുക്ക് പോകാം എന്ന് ദുര്യോധനൻ നിശ്ചയിക്കുന്നു. ആ സമയം സുന്ദരിയുടെ വിവാഹം ലക്ഷണനോട് ഒത്ത് എന്നറിഞ്ഞ സത്യഭാമയും സുഭദ്രയും ഒന്നിച്ച് ശ്രീകൃഷ്ണനെ കാണാൻ എത്തുന്നു. സത്യഭാമയും സുഭദ്രയും പണ്ട് സത്യം ചെയ്തതാണ്, സുന്ദരിയെ, അഭിമന്യുവിനു വിവാഹംചെയ്ത് കൊടുക്കാം എന്നത്. ആ സത്യഭംഗം വരും ആയത് ഉണ്ടായാൽ ഇരുവരും ആത്മാഹുതി ചെയ്യും എന്ന് കൃഷ്ണനെ ഇരുവരും ചേർന്ന് അറിയിക്കുന്നു. കൃഷ്ണൻ പതിവുപോലെ അവരെ സമാധാനിപ്പിച്ച് വിടുന്നു. സുന്ദരിയുടെ വിവാഹവാർത്ത കേട്ട് നിരാശനായ അഭിമന്യു കാട്ടിലേക്ക് പോകുന്നു. അവിടെ വെച്ച് വജ്രദംഷ്ട്രൻ എന്നൊരു രാക്ഷനെ യുദ്ധത്തിൽ കൊല്ലുന്നു. വജ്രദംഷ്ടൻ, ഭീമപുത്രനായ ഘടോൽക്കചന്റെ ഭൃത്യനായിരുന്നു. ഭൃത്യനെ കൊന്ന വിവരം അറിഞ്ഞ് ഘടോൽക്കചൻ അഭിമന്യുവുമായി ഏറ്റുമുട്ടുന്നു. യുദ്ധസമയത്ത് അങ്ങോട്ടും ഇങ്ങോട്ടും താങ്കൾ ആരാണെന്ന് പറയുന്നു. തമ്മിൽ തമ്മിൽ തിരിച്ചറിയുന്നു. അഭിമന്യു സുന്ദരിയുടെ വിവാഹവാർത്ത ഘടോൽക്കചനോട് പറയുന്നു. ഘടോൽക്കചൻ അഭിമന്യുവിനെ അമ്മയായ ഹിഡുംബയുടെ അടുത്ത് കൊണ്ട് പോകുന്നു. വാർത്തകൾ പറയുന്നു. ഹിഡംബ, ഘടോൽക്കചനോട് അഭിമന്യുവിനൊപം ദ്വാരകയിൽ പോയി സുന്ദരീസ്വയംവരം നടത്തി വരാൻ പറയുന്നു. അതനുസരിച്ച് അവർ പുറപ്പെടുന്നു. അങ്ങനെ ഘടോൽക്കചനും അഭിമന്യുവും കൂടെ ദ്വാരകയിലേക്ക് പോകുന്ന വഴിയിൽ, ഓരോമലയിലും ഓരോപാദം വെച്ച്, തന്റെ ആയുധം മിനുക്കുന്ന ഇരാവാനെ കാണുന്നു. അർജ്ജുനനും ഉലൂപിയിൽ ഉണ്ടായ സന്താനമാണ് ഇരാവാൻ. എന്നാൽ അവർ പരസ്പരം അറിയാതെ കലഹിക്കുന്നു. കാലുകൾ മാറ്റി വഴിതരാൻ ആവശ്യപ്പെടുന്ന ഘടോൽക്കച അഭിമന്യുമാരോട് തന്റെ കാൽ തൊഴുത് പോകാൻ ഇരാവാൻ പറയുകയാണ് ചെയ്യുന്നത്. അതാണ് കലഹത്തിനു കാരണം. എന്തായാലും യുദ്ധത്തിൽ ഇരാവാൻ ക്ഷീണിക്കുന്നു. തനിയ്ക്ക് ഇങ്ങനെ ഒരു അനുഭവം മുൻപ്, പാദം മാറ്റാൻ പറഞ്ഞവരോട് കലഹിച്ചിട്ടൊന്നും ഒരിക്കലും ഉണ്ടായിട്ടില്ല, അതിനാൽ നിങ്ങൾ ആരാണ് എന്ന് ഇരാവാൻ, ഘടോൽക്കചാദികളോട് ചോദിയ്ക്കുന്നു. അങ്ങനെ പരസ്പരം പരിചയപ്പെട്ട് അവർ മൂവരും കൂടെ ദ്വാരകയിലേക്ക് പോകുന്നു. ആ സമയം, ദ്വാരകയിലേക്ക് സൈന്യസമേതം പുറപ്പെട്ട ദുര്യോധനസമീപം നാരദൻ എത്തുന്നു. എന്നിട്ട് നാരദൻ, താനെ ദ്വാരകാപുരിയിൽ നിന്നാണ് വരുന്നതെന്നും അഭിമന്യു വിവാഹത്തിനായി വരുന്നുണ്ട് എന്നും ദുര്യോധനനെ അറിയിക്കുന്നു. ദുര്യോധനൻ ഇക്കാര്യം കർണ്ണനോട് പറയുന്നു. കർണ്ണൻ ശത്രുക്കളെ ജയിക്കാൻ ഞാനുണ്ട് എന്ന് ദുര്യോധനനെ സമാശ്വസിപ്പിക്കുന്നു. കർണ്ണന്റെ വാക്കുകൾ കേട്ട ഭീഷ്മൻ പതിവുപോലെ കർണ്ണനെ ഭർത്സിക്കുന്നു. കർണ്ണനും തിരിച്ച് ഭീഷ്മരോട് ചൂടാവുന്നെങ്കിലും ദുര്യോധനൻ ഇടയിൽ വന്ന് രണ്ട് പേരേയും സമാധാനിപ്പിക്കുന്നു. ദുര്യോധനനും കൂട്ടരും വരുന്നത് കാണുന്ന അഭിമന്യുവും സഹോദരന്മാരും അവരോട് യുദ്ധം ചെയ്ത് അവരെ ഓടിയ്ക്കുന്നു. അതറിഞ്ഞ ദുര്യോധനപുത്രനായ ലക്ഷണൻ അഭിമന്യുവിനോടും സഹോദരന്മാരോടും എതിരിടുന്നു. അഭിമന്യു ലക്ഷണനെ ബന്ധനസ്ഥനാക്കുന്നു. ശേഷം ശ്രീകൃഷ്ണന്റെ ആജ്ഞയാൽ അഭിമന്യു സുന്ദരിയെ വിവാഹം ചെയ്യുന്നു. ഇതറിഞ്ഞ് ബലരാമൻ കോപിക്കുന്നുവെങ്കിലും സൂത്രശാലിയായ ശ്രീകൃഷ്ണൻ പതിവുപോലെ ബലരാമനെ സമാധാനിപ്പിക്കുന്നു. അർജ്ജുനപുത്രന്മാർ ശ്രീകൃഷ്ണനെ സ്തുതിയ്ക്കുന്നു. അവരോട് ദ്വാരകയിൽ അൽപ്പകാലം താമസിക്കാനായി കൃഷ്ണൻ പറയുന്നു. അതവർ സമ്മതിയ്ക്കുന്നതോടെ കഥ പരിസമാപ്തിയിൽ എത്തുന്നു. ഈ കഥ നടക്കുന്നത് വനവാസക്കാലത്തെന്നിരിക്കെ ദുര്യോധനൻ കർണ്ണനെ, സൂര്യനന്ദന, സുരതടിനിമകൻ എന്നൊക്കെ അഭിസംബോധനചെയ്യുന്നതിൽ യുക്തിക്കുറവ് ഉണ്ട്. ദുര്യോധനപുത്രന്റെ പേർ ലക്ഷണൻ എന്ന് ആട്ടക്കഥയിൽ, മറ്റ് പല ഇടത്തും ലക്ഷ്മണൻ എന്നും കാണുന്നു. ഇതിലെ പ്രധാനകാര്യം എന്താണെങ്കിൽ ഇത് പാണ്ഡവരുടെ പുത്രന്മാരുടെ കഥ ആണെന്നാണ്. മഹാഭാരതം പാണ്ഡവരുടെ അടുത്ത തലമുറയെ പറ്റി അധികം ഒന്നും പറയുന്നില്ല. ഈരാവാൻ എന്ന നാഗബാലൻ മുന്നേ പറഞ്ഞ കഥകളിൽ ഒന്നും വരുന്നില്ല. ഇവിടെ ഈരാവാനെ കൂടെ ഉൾക്കൊള്ളിച്ചിരിക്കുന്നു ആട്ടക്കഥയിൽ. നാഗകന്യയായ ഉലൂപിയിൽ അർജ്ജുനനുണ്ടായ പുത്രനാണ് ഈരാവാൻ. ഈരാവാൻ ഹിജഡകളുടെ ദൈവമാണ്. അത് ഐതിഹ്യം വേറെ. പിന്നേയും എഴുതാനുണ്ട്. അതിലേറെ ആട്ടക്കഥ അവസാനിക്കുന്നതിൽ ദ്വാരകയിൽ താമസിക്കാൻ പാർത്ഥസൂനുക്കളോടെ കൃഷ്ണൻ പറയുന്നുള്ളൂ. അപ്പൊ ഘടോൽക്കചൻ എന്ന മൂത്ത ആൾ എവിടെ പോയി? കഥാകാരൻ പറയുന്നില്ല അത്. പാർത്ഥന്മാരെ.. എന്ന് പാണ്ഡുപുത്രർക്ക് മുഴുവനായി പറയുന്ന ഒരു സംബോധന ഉണ്ട് (ദുര്യോധനവധം?) എന്ന് മറക്കുന്നില്ല. പക്ഷെ, ഘടോൽക്കചൻ മരിച്ചപ്പോൾ തുള്ളിച്ചാടിയ ശ്രീകൃഷ്ണനെ (ശ്രീകൃഷ്ണനുമാത്രം സന്തോഷം, ബാക്കി പാണ്ഡവപക്ഷം മുഴുവൻ ശോകമൂകം എന്ന് ഭാരതം) മഹാഭാരതം കാണിക്കുന്നുണ്ട്. രാക്ഷസൻ എന്ന ഒരുഒറ്റ കാര്യം കൃഷ്ണനു സന്തോഷിക്കാൻ. പിന്നെ മറ്റൊന്ന് ഉള്ളത് കർണ്ണൻ അർജ്ജുനനു വെച്ച ശക്തി എന്ന വേൽ/കുന്തം/ആയുധം എറ്റുത്ത് ഘടോൽക്കചനു നേരെ പ്രയോഗിച്ചപ്പോൾ ആണ് ഘടോൽക്കചന്റെ അന്ത്യം സംഭവിച്ചത് എന്നതാ. ആയതുകൊണ്ട് അർജ്ജുനൻ രക്ഷപ്പെട്ടല്ലൊ. പക്ഷെ ആ വിചാരം എങ്കിൽ മറ്റെല്ലാവരും സന്തോഷിച്ചേനേ. ഇത് കൃഷ്ണൻ മാത്രം തൊള്ളയിട്ട് തുള്ളിച്ചാടി ഘടോൽക്കചന്റെ മരണം ആഘോഷിക്കുന്നു. അതിൽ ‘രാക്ഷസൻ’ എന്നത് തന്നെ ആയിരിക്കണം കാരണം. നെടുമ്പള്ളി രാമൻ എനിക്ക് മെസേജ് ചെയ്തപോലെ നിഴൽക്കുത്ത് വ്യാസമഹാഭാരതത്തിൽ ഇല്ല, വേലമഹാഭാരത്തിലാണുള്ളത്. ഇനി വേലമഹാഭാരത്തിൽ ഇങ്ങനെ പാണ്ഡവരുടെ പുത്രന്മാരെ പറ്റി, അടുത്ത തലമുറയെ പറ്റി പറയുന്നുവോ എന്ന് എനിക്ക് അറിയില്ല. വേലമഹാഭാരതം എവിടുന്ന് കിട്ടും ഒന്ന് വായിക്കാൻ? ആ!!! അറിയില്ല ആരെങ്കിലും അത് വായിച്ചിട്ടുണ്ടോ കണ്ടിട്ടുണ്ടോ? ഗവേഷകന്മാർക്ക് അറിയുമായിരിക്കാം.

07 ഓഗസ്റ്റ് 2011

സന്താനഗോപാലം

മണ്ടവപ്പിള്ളി ഇട്ടിരാരിച്ച മേനോൻ (1745-1809) എഴുതിയ രണ്ട്‌ ആട്ടക്കഥകളിൽ ഒന്ന് ആണ്‌ സന്താനഗോപാലം ആട്ടക്കഥ. മറ്റേത്‌ രുഗ്മാംഗദചരിതം ആട്ടക്കഥയും ആണ്‌. 

ചേർത്തല മരുത്തോർവട്ടം ധന്വന്തരി ക്ഷേത്രത്തിൽ ഇക്കഥ വഴിപാടായി കളിക്കാറുണ്ട്‌. ഉത്സവം തുടങ്ങുന്നതിന്‌ പത്ത്‌ മുതൽ ഇരുപത്‌ ദിവസം വരെ ഈ വഴിപാട്‌ കളികൾ തുടങ്ങും.

ഭാഗവതം കഥയെ ആസ്പദമാക്കി രചിച്ചതാണ്‌ സന്താനഗോപാലം ആട്ടക്കഥ. 

മൂലകഥയിൽ നിന്നുള്ള വ്യതിയാനങ്ങൾ:

ഒൻപതാം ശിശുശവം കൊണ്ട്‌ യാദവ സഭയിലേക്ക്‌ ബ്രാഹ്മണൻ വരുന്നു എന്നാണ്‌ ആട്ടക്കഥയിൽ. ഭാഗവതത്തിൽ ഓരോ ശിശുമരണം സംഭവിക്കുമ്പോഴും ബ്രാഹ്മണൻ യാദവസഭയിൽ വന്ന് രാജാവിനെ ചീത്തപറയാറുണ്ട്‌. ഒൻപതാം ശിശുശവം കൊണ്ട്‌ വരുന്ന സമയം അർജ്ജുനൻ യാദവസഭയിൽ യദൃശ്ചയാൽ വന്നതാണ്‌. പിന്നെ ബ്രാഹ്മണന്‌ വാക്കുകൊടുത്തതുകൊണ്ട്‌ അത്‌ പരിപാലിക്കുന്നതുവരെ കൃഷ്ണന്റെ കൂടെ, ശിവനെ ആരാധിച്ച്‌ വസിച്ചു എന്നാണ്‌.

പത്താമത്തെ ശിശുശവം മാത്രമല്ല, അർജ്ജുനനന്റെ പാശുപതാസ്ത്രവും അപ്രത്യക്ഷമാവുന്നുണ്ട്‌ ഭാഗവതത്തിൽ.

ബ്രാഹ്മണൻ ഓരോരുത്തരുടെ പേരിലും സത്യം ചെയ്ത്‌ വാങ്ങുന്നതൊക്കെ ആട്ടപ്രകാരത്തിലെ ഇമ്പ്രൊവൈസേഷനുകൾ ആണ്‌.

പശ്ചാത്തലം:

രാജ്യത്ത്‌ സംഭവിക്കുന്ന പ്രകൃതിക്ഷോഭങ്ങളും ശിശുമരണങ്ങളും (പ്രത്യേകിച്ച്‌ അച്ഛനും അമ്മയും കണ്ടു നിൽക്കേ ഉണ്ടാകുന്ന ശിശുമരണം) എല്ലാം രാജ്യം ഭരിക്കുന്ന രാജാവിന്റെ കൊള്ളരുതായ്മകൾ കൊണ്ടാണ്‌ എന്നായിരുന്നു ദ്വാപരയുഗത്തിലെ വിശ്വാസം. അതുകൊണ്ടാണ്‌ ബ്രാഹ്മണൻ രാജസഭയിൽ വന്ന് രാജാവിനെ ആക്ഷേപിക്കുന്നത്‌. കൃഷ്ണന്റെ വംശമാണ്‌ യാദവവംശം. ബലരാമൻ, കൃഷ്ണൻ അവരുടെ മക്കൾ പ്രദ്യുമ്നൻ, അനിരുദ്ധൻ എന്നിവരൊക്കെ ദ്വാരകയിലെ രാജാക്കന്മാരോ രാജകുമാരന്മാരോ ആണ്‌. 

കഥ നടക്കുന്നത്‌ ഭാരതയുദ്ധവും കഴിഞ്ഞ്‌ അശ്വഥാമാവ്‌ തന്റെ പണ്ഡവരുടെ കുട്ടികളെ എല്ലാവരേയും നിഗ്രഹിച്ചതിനുശേഷം ആണ്‌. (കൃഷ്ണൻ, ഉത്തരയുടെ വയറ്റിലെ കുഞ്ഞിനെ മാത്രം രക്ഷപ്പെടുത്തുന്നു)  യുദ്ധം കഴിഞ്ഞ്‌ അശ്വമേധസമയത്ത്‌ ദുശ്ശളയെ അർജ്ജുനൻ കണ്ടിരുന്നു. അവിടെ അർജ്ജുനൻ വരുന്ന വിവരം കേട്ട്‌ പേടിച്ച്‌ സുരഥൻ (ദുശ്ശളയുടെ മകൻ) മരിക്കുന്നു. 

ബ്രാഹ്മണന്റെ കാഴ്ച്ചപ്പാടിലൂടെ നോക്കിയാൽ ഈ കഥ വളരെ ഭക്തി പ്രധാനമാണ്‌. അർജ്ജുന-കൃഷ്ണന്മാർ തമ്മിലുള്ള ബന്ധം വെറും ആശ്രിതനും രക്ഷിതാവും തമ്മിലുള്ള ബന്ധമല്ല. അവർ വലിയ സുഹൃത്തുക്കളാണ്‌. ബന്ധുക്കളാണ്‌. കൃഷ്ണന്റെ സഹോദരി സുഭദ്രയെ ആണ്‌ അർജ്ജുനൻ വിവാഹം ചെയ്തിരിക്കുന്നത്‌. അങ്ങനെ നോക്കിയാൽ സുഹൃദ്ബന്ധത്തിൽ വിള്ളൽ വന്നാലുള്ള പ്രശ്നങ്ങൾ കൂടെ ഈ കഥയിൽ ഒരു നേർത്ത രേഖയായി കിടക്കുന്നു. കൃഷ്ണന്റെ പേരിൽ സത്യം ചെയ്ത്‌ കൊടുത്തിട്ടും അർജ്ജുനൻ പ്രശ്നം നേരിട്ടപ്പോൾ സ്വയം യമലോകത്തും ബ്രഹ്മലോകത്തും മറ്റും പോയി ബ്രാഹ്മണശിശുക്കളെ അന്വേഷിച്ചു. ഒരു രക്ഷയുമില്ല എന്ന് കണ്ടപ്പോൾ ഗാണ്ഡീവത്തോടേ ആത്മാഹുതിക്കൊരുങ്ങി. എന്നാലും കൃഷ്ണന്റെ അടുത്ത്‌ ചെന്ന് സഹായം അഭ്യർത്ഥിച്ചില്ല. അർജ്ജുനന്റെ ആത്മാഭിമാനമാണോ കാരണം? അല്ല. ഒൻപത്‌ ശിശുക്കൾ മരിച്ചു. അവരെയൊന്നും കൃഷ്ണനോ ബലഭദ്രനോ മറ്റ്‌ യാദവരാജാക്കർന്മാർക്കോ രക്ഷിക്കാൻ സാധിച്ചില്ല. അപ്പോൾ പത്താമത്തെ ശിശുവിനെ എങ്ങനെ കൃഷ്ണന്‌ രക്ഷിക്കാൻ സാധിക്കും എന്നരീതിയിൽ ഒരു ചെറിയ അവിശ്വാസം-സുഹൃത്തിന്മേലുള്ള വിശ്വാസം നഷ്ടപ്പെടൽ- ഉണ്ടായി എന്ന് തോന്നാം. 

കഥാപാത്രങ്ങൾ:

അർജ്ജുനൻ - ആദ്യാവസാനം-പച്ച വേഷം
ശ്രീകൃഷ്ണൻ-ഇടത്തരം-പച്ച കൃഷ്ണമുടി
ബ്രാഹ്മണൻ-ആദ്യാവസാനം-മിനുക്ക്‌
ബ്രാഹ്മണ പത്നി-കുട്ടിത്തരം-സ്ത്രീ വേഷം, മിനുക്ക്‌
പേറ്റാട്ടി-കുട്ടിത്തരം-മിനുക്ക്‌ പ്രതേകവേഷം
പത്ത്‌ കുട്ടികൾ-സാധാരണ പത്ത്‌ വയസ്സിനുതാഴെയുള്ള കുട്ടികൾ

കഥാസംഗ്രഹം:

ദുഷ്ടന്മാരെ നിഗ്രഹിച്ച്‌ ശിഷ്ടന്മാരെ പരിപാലിച്ച്‌ ദേവകീനന്ദനനായ ശ്രീകൃഷ്ണൻ ലോകനാഥനായി ദ്വാരകയിൽ വസിക്കുന്ന കാലം. അദ്ദേഹത്തെ സന്ദർശിക്കാനായി സുഹൃത്തും സഹോദരീഭർത്താവുമായ അർജ്ജുനൻ ഒരു ദിവസം വരുന്നു. ദ്വാരകയിൽ എത്തിയ അർജ്ജുനനെ സ്വീകരിച്ചിരുത്തിയ ശേഷം ശ്രീകൃഷ്ണൻ കുശലാന്വേഷണം നടത്തുന്നു. 

അപ്രകാരം തന്റെ സുഖവിവരങ്ങൾ തിരക്കുന്ന ശ്രീകൃഷ്ണനോട്‌, അർജ്ജുനൻ ഭഗവദ്‌ദാസരായ തങ്ങളെ പോലുള്ളവർക്ക്‌ അസുഖങ്ങളും  സങ്കടങ്ങളും എങ്ങനെ വരുവാനാണ്‌ എന്ന് തിരിച്ച്‌ ചോദിക്കുന്നു. മാത്രമല്ല തന്റെ സഹോദരന്മാരും പത്നിയുമെല്ലാം സസുഖം വാഴുന്നു. താങ്കളുടെ പാദാരവിന്ദങ്ങളാണ്‌ ഞങ്ങളുടെ ആശ്രയം എന്ന് പറഞ്ഞ്‌ ശ്രീകൃഷ്ണനെ വന്ദിക്കുന്നു.

കുരുവംശത്തിന്റെ മകുടമണിയായ ഹേ അർജ്ജുനാ, ഇളകുന്നതാമരയിതളിൽ തെന്നിക്കളിക്കുന്ന ജലബിന്ദുപോലെ ക്ഷണികമായ ഈ ജീവിതത്തിൽ സൗഹൃദം പോലെ സുഖം തരുന്ന ഒന്നില്ല. അതിനാൽ താങ്കൾ എന്നോടൊപ്പം അൽപ്പകാലം വസിച്ചാലും. എന്ന് മറുപടി പദത്തിൽ ശ്രീകൃഷ്ണൻ ആവശ്യപ്പെടുന്നു. ഒന്നാം രംഗം ഇവിടെ ചെറിയൊരു മനോധർമ്മരൂപത്തിലുള്ള ആട്ടത്തോടെ സമാപിക്കുന്നു.

അടുത്തരംഗത്തിൽ നാം കാണുന്നത്‌, തോഴനായ അർജ്ജുനനോടൊപ്പം ശ്രീകൃഷ്ണനും മറ്റ്‌ യാദവശ്രേഷ്ഠരും ഇരിക്കുന്ന യാദവ സഭയാണ്‌. ആ സഭയിലേക്ക്‌ ഒരു ബ്രാഹ്ംണൻ ഒരു ശിശുശവവും കൊണ്ട്‌ വരുന്നു. മുൻകാലങ്ങളിൽ അങ്ങനെ എട്ട്‌ ഉണ്ണികൾ മരിച്ചുവെന്നും ഇത്‌ ഒൻപതാം ശിശുശവവും കൊണ്ടാണ്‌ ബ്രാഹ്മണൻ വരുന്നത്‌ എന്നും കവിവാക്യമായ ശ്ലോകത്തിൽ പറയുന്നു. 

കുട്ടികളില്ലാത്ത എനിക്ക്‌ ലോകാന്തരങ്ങളിലും സുഖമില്ല. എനിക്ക്‌ ആരാണ്‌ ശരണം? ദൈവമേ! ബ്രാഹ്മണർക്ക്‌ നിരക്കാത്ത ഒരു കർമ്മവും ഞാൻ ചെയ്തിട്ടില്ല. എന്നിട്ടും ഇതുപോലെ എട്ട്‌ ബാലന്മാരെ എനിക്ക്‌ നഷ്ടപ്പെട്ടു. ഇത്‌ ഒൻപതാമത്തെ ആണ്‌. പതിനാറായരത്തെട്ട്‌ ഭാര്യമാരോടുകൂടെ സുഖത്തോടേയും അവരുടെ സുഖം അറിഞ്ഞും നടത്തികൊടുത്തും വിലസുന്ന ശ്രീകൃഷ്ണന്‌ ബ്രാഹ്മണരെ രക്ഷിക്കാൻ എവിടെ സമയം? 

എന്നിത്യാദി പറഞ്ഞ്‌ യാദവ സഭയിൽ വന്ന് ശ്രീകൃഷ്ണനേ ഭർസിക്കുന്ന ബ്രാഹ്മണനെ ആണ്‌ നാം രണ്ടാം രംഗത്തിൽ ആദ്യം കാണുന്നത്‌.

ബലരാമൻ, ശ്രീകൃഷ്ണൻ, പ്രദ്യുമ്നൻ തുടങ്ങിയ ഒരു യാദവശ്രേഷ്ഠന്മാരും ബ്രാഹ്മണ വിലാപം കേട്ട്‌ ഒരു കൂസലുമില്ലാതെ ഇരിക്കുന്നതുകണ്ട്‌ ബ്രാഹ്മണദുഃഖം മനസ്സിലാക്കി അത്‌ ദൂരീകരിക്കാനായി അർജ്ജുനൻ ബ്രാഹ്മണനോട്‌ ഇപ്രകാരം പറഞ്ഞു എന്നതാണ്‌ ശ്ലോകാർത്ഥം.

കരയുരുത്‌ ദുഃഖിക്കരുത്‌ അല്ലയോ ബ്രാഹ്മണശ്രേഷ്ഠ! ഇനി പുത്രനുണ്ടാകുമെങ്കിൽ അവനെ ഞാൻ രക്ഷിച്ച്‌ തരാം. ബ്രാഹ്മണരുടെ ദുഃഖം തീർക്കുക എന്നത്‌ ക്ഷത്രിയ ധർമ്മം ആണ്‌. കഴിഞ്ഞതെല്ലാം ക്ഷമിക്കുക. ഇനി ഉണ്ടാകുന്ന പുത്രനെ പരിപാലിക്കുന്ന കാര്യം ഈ അർജ്ജുനൻ ഏറ്റു.

ശ്രീകൃഷ്ണൻ തുടങ്ങിയവർ എന്റെ ദുഃഖം കേട്ടിട്ട്‌ ഒരു തരിക്കും ഇളകാതെ ഇരിക്കുന്നത്‌ കണ്ടില്ലേ? എന്നിട്ട്‌ നീ പുത്രരക്ഷക്ക്‌ ചാടി പുറപ്പെട്ടത്‌ നിന്റെ അവിവേകം ആണ്‌ അർജ്ജുനാ എന്ന് ബ്രാഹ്മണൻ അർജ്ജുനനെ നിരുത്സാഹപ്പെടുത്തുന്നു.

ഹേ ബ്രാഹ്മണ ശ്രേഷ്ഠാ, ദുഃഖഭാരം കൊണ്ട്‌ അങ്ങ്‌ പറയുന്ന ഈ വാക്കുകൾ കേട്ട്‌ എനിക്ക്‌ അപ്രിയമില്ല. ഒരു സംശയവും അങ്ങേക്ക്‌ വേണ്ട. ഇനിയുണ്ടാകുന്ന പുത്രനെ പരിപാലിച്ച്‌ തന്നില്ല എങ്കിൽ ഞാൻ ഇന്ദ്രപുത്രനല്ല എന്ന് അർജ്ജുനൻ തിരിച്ച്‌ ബ്രാഹ്മണനോട്‌ പറയുന്നു.

ഭക്തവത്സലൻ എന്ന് പേരുകേട്ട്‌ ശ്രീകൃഷ്ണഭഗവാനും അതിശക്തിമാന്മാരായ ബലഭദ്രാദികളും എനിക്ക്‌ ജനിക്കുന്ന കുട്ടികളെ രക്ഷിക്കാനാവാതെ, ഒരിളക്കവും ഇല്ലാതെ ഇരിക്കുന്നു. അതുകൊണ്ട്‌ തന്നെ എനിക്ക്‌ ഒരു പുത്രന്റെ മുഖം കാണാനുള്ള യോഗം ഇല്ല എന്ന് പറഞ്ഞ്‌ ബ്രാഹ്മണൻ വീണ്ടും വിലപിക്കുന്നു.

ഈ സമയം അർജ്ജുനൻ പറയുന്നു:

ഹേ സൽഗുണശീലനായ ബ്രാഹ്മണ! എന്റെ വാക്കുകൾ കേട്ടാലും. സ്വർഗ്ഗവാസികൾക്ക്‌ കൂടെ സുഖത്തെ പ്രദാനം ചെയ്യുന്ന അർജ്ജുനൻ എന്ന എന്നെ കേട്ടിട്ടെങ്കിലും താങ്കൾ അറിയില്ലേ? ഞാൻ കൃഷ്ണനല്ല, ബലഭദ്രനല്ല, യാദവ മുഖനും അല്ല. ഞാൻ ജിഷ്ണു ആണ്‌, ഞാൻ ദിവ്യാസ്ത്രങ്ങൾ ലഭിച്ചവൻ ആണ്‌, ഇന്ദ്ര പുത്രനാണ്‌ ഭ്രാജിഷ്ണുവും സുനയനനും സദയനും ആണ്‌.

യമനെകൂടെ ജയിക്കാൻ കഴിവുള്ള ഇന്ദ്രനന്ദനനായ എന്റെ ശരകൂടത്തിന്റെ സംരക്ഷണയിൽ, താങ്കളുടെ ജനിക്കാൻ പോകുന്ന പുത്രന്‌ യമഭയം ഉണ്ടാകില്ല, യമന്‌ ശരകൂടത്തിനരികത്ത്‌ വരാനുള്ള ധൈര്യവുമുണ്ടാകില്ല.

ഇനി താങ്കളുടെ പ്രിയതമ പ്രസവിക്കുന്നതിനുമുൻപായി ഇവിടെ വന്ന് എന്നെ അറിയിക്കുക. അത്ഭുതങ്ങളായ ശരങ്ങൾ കൊണ്ട്‌ തീർത്ത സൂതിഗൃഹത്തിൽ പിറക്കുന്ന താങ്കളുടെ പുത്രനെ യമൻ കൊണ്ടുപോകില്ല.

എന്ന് മാത്രമല്ല, അങ്ങനെ ഇനി താങ്കൾക്ക്‌ ജനിക്കാൻ പോകുന്ന പുത്രനെ രക്ഷിച്ച്‌ തന്നില്ല എങ്കിൽ ഞാൻ, ഈ അർജ്ജുനൻ, തീകുണ്ഡത്തിൽ ചാടി ആത്മാഹുതി നടത്തും. ഇത്‌ സത്യം എന്ന് പറഞ്ഞ്‌ അർജ്ജുനൻ ബ്രാഹ്മണന്‌ സത്യം ചെയ്ത്‌ കൊടുക്കുന്നു.

തുടർന്ന് രസകരങ്ങളായ ആട്ടങ്ങളാണ്‌. ബ്രാഹ്മണന്‌ വിശ്വാസം വരുന്നില്ല. ശ്രീകൃഷ്ണൻ ഇളകാതെ ഇരിക്കുമ്പോൾ അർജ്ജുനൻ എന്തിന്‌ ചാടിപ്പുറപ്പെടണം? ആത്മാഹുതി ചെയ്യാം എന്ന് സത്യം ചെയ്തതോടെ ബ്രാഹ്മണന്റെ ബുദ്ധി പ്രവർത്തിക്കുന്നു. പണ്ട്‌ അഗ്നിഭഗവാൻ തന്നെ ഗാണ്ഡീവത്തോടെ ആത്മാഹുതി ചെയ്യും എന്ന് അർജ്ജുനൻ വീണ്ടും പറയുന്നു. തുടർന്ന് ഇന്ദ്രനെ പിടിച്ചും അവസാനം ശ്രീകൃഷ്ണനെ പിടിച്ചും അർജ്ജുനനെ കൊണ്ട്‌ സത്യം ചെയ്ത്‌ വാങ്ങിക്കുന്നു ബ്രാഹ്മണൻ.

ഇങ്ങനെ തനിക്ക്‌ വേണ്ട വിധത്തിലെല്ലാം അർജ്ജുനന്റെ കയ്യിൽ നിന്നും സത്യം വാങ്ങിയ ബ്രാഹ്മണൻ തിരിച്ച്‌ വീട്ടിലെത്തുന്നു. തന്റെ പത്നിയോട്‌ ഉണ്ടായ സംഭവങ്ങളെല്ലാം പറയുന്നു.

അല്ലയോ കോമളസരോജമുഖീ, എന്റെ വാക്കുകൾ കേട്ടാലും. ഇനി നീ കരയരുത്‌. നമ്മുടെ ദുഃഖങ്ങൾക്ക്‌ ശമനം ഉണ്ടാകാൻ പോകുന്നു. നമ്മുടെ ഇഷ്ടങ്ങൾ നടക്കാൻ പോകുന്നു. പുത്രശവവും കൊണ്ട്‌ ഞാൻ യാദവസഭയിൽ എത്തി.  അവിടെ ചെന്ന് കരയുന്നസമയത്ത്‌ ഒരു സംഭവൻ നടന്നു. അത്‌ എന്താണേങ്കിൽ ലോകനാഥനായ ശ്രീകൃഷ്ണന്റെ സഹോദരീഭർത്താവായ അർജ്ജുനൻ നമുക്ക്‌ ഇനി ഉണ്ടാകുന്ന പുത്രനെ പരിപാലിച്ച്‌ തരാം എന്ന് അവിടെ വെച്ച്‌ സത്യം ചെയ്തു.

ബ്രാഹ്മണന്റെ സന്തോഷദായകമായ വാർത്ത ശ്രവിച്ച്‌ സാധ്വിയായ ബ്രാഹ്മണപത്നി വളരെ പക്വതയോടെ മറുപടി പറയുന്നു:

വന്നുഭവിച്ചതെല്ലാം സുഖദുഃഖങ്ങൾ എന്ന ഭേദം കൂടാതെ അനുഭവിച്ച്‌ തീർക്കുക എന്നതല്ലാതെ  എത്ര കേമന്മാർക്കും വിധിയുടെ ഗതിയെ തടുക്കാൻ സാധിക്കില്ല. നമ്മുടെ അഞ്ചോ ആറോ കുട്ടികളല്ല അതിലധികം കുട്ടികൾ പഞ്ചാഗ്നിമദ്ധ്യത്തിലെ പുല്ലെന്നപോലെ മരിച്ചു പോയി. ഈ വിധിയെ തടുക്കാൻ പറ്റുമോ? ബലഭദ്രാദികൾക്ക്‌ കൂസാതെ ഇരിക്കുമ്പോൾ അർജ്ജുനന്റെ മോഹം അത്യൽഭുതം തന്നെ! 

ഇതിനുമറുപടിയായി ബ്രാഹ്ംണൻ പറയുന്നു:

നമ്മുടെ ദുഃഖം തീർത്ത്‌ തന്നില്ല എങ്കിൽ അഗ്നികുണ്ഡത്തിൽ ചാടി ആത്മാഹുതി ചെയ്യും എന്ന് പ്രതിഞ്ജചെയ്ത അർജ്ജുനനെ, ശ്രീകൃഷ്ണൻ ഉപേക്ഷിക്കുമോ? തന്റെ സഹോദരിയായ സുഭദ്രക്ക്‌ വൈധവ്യദുഃഖം വരുത്താൻ ശ്രീകൃഷ്ണൻ സമ്മതിക്കല്ല. നീലാരവിന്ദനേത്രനും പാലാഴിയിൽ ശയിക്കുന്നവനുമായ ശ്രീകൃഷ്ണനെ മനസാ ഭജിച്ച്‌ അർജുനൻ പരിപാലിക്കാൻ പോകുന്ന പുത്രനെ കാത്ത്‌ തരണമേ എന്ന് പ്രാർത്ഥിക്കുന്നു.

ഇങ്ങനെ പ്രാർത്ഥനയും മറ്റുമായി ആ ബ്രാഹ്മണ കുടുംബം സമയം കഴിച്ചു. സമയം പോലെ ബ്രാഹ്മണപത്നി വീണ്ടും ഗർഭവതിയായി. പ്രസവകാലം അടുത്തപ്പോൾ ബ്രാഹ്മണപത്നി തന്റെ ഭർത്താവിനോട്‌ ഇപ്രകാരം പറഞ്ഞു.

അല്ലയോ ജീവിത നായക! ഞാൻ പറയുന്നത്‌ ശ്രദ്ധിക്കൂ. എന്റെ ഗർഭം പൂർണമായി. പ്രസവം മൂന്നുനാളിനപ്പുറം ആസന്നമാണ്‌. അർജ്ജുനനെ പോയി വിളിച്ചുകൊണ്ടുവരിക. എനിക്ക്‌ തീരെ വയ്യാതെ ആയിരിക്കുന്നു. വയറ്റിൽ ശിശു അനങ്ങുന്നു. നടക്കാൻ കൂടെ വയ്യ.

ഇതുകേട്ട ബ്രാഹ്ംണൻ പറയുന്നു. അല്ലയോ സദ്ഗുണശീലങ്ങളുള്ളവളെ, നീ ഒട്ടും പരിഭ്രമിക്കണ്ട. ഞാൻ ഇപ്പോൾ തന്നെ പോയി അർജ്ജുനനെ വിളിച്ച്‌ കൊണ്ടുവരുന്നുണ്ട്‌. 

ഇതും പറഞ്ഞ്‌ ബ്രാഹ്മണൻ യാദവസഭയിൽ തിരിച്ചെത്തുന്നു. അർജ്ജുനനെ സമീപിച്ച്‌ ഇപ്രകാരം പറയുന്നു.

അല്ലയോ ധീരനും വീരനുമൊക്കെ ആയ അർജ്ജുനനാ, ഒട്ടും താമസമില്ലാതെ എന്റെ കൂടെ ഗൃഹത്തിലേക്ക്‌ വരുക. നമ്മൾ ഇവിടെ വെച്ച്‌ മുൻപ്‌ കണ്ടിട്ടുണ്ട്‌. നീ മറന്നിട്ടൊന്നും ഇല്യാലോ അല്ലേ? അല്ലയോ ധന്യശീല, എന്റെ പത്നി വീണ്ടും ഗർഭവതി ആണ്‌. മാത്രമല്ല പ്രസവകാലവും ആസന്നമായി.  അതിനാൽ അത്ഭുതവിക്രമനായ അങ്ങ ഒട്ടും മടിക്കാതെ അമാന്തിക്കാതെ, ശ്രീകൃഷ്ണനേയും സ്വന്തം പിതാവായ ഇന്ദ്രനേയും ധ്യാനിച്ച്‌ ഗാണ്ഡീവവും എടുത്ത്‌ എന്റെ ഒപ്പം വരുക. എനിക്കിവിടെ നിൽക്കാൻ ക്ഷമയില്ലാതായിരിക്കുന്നു.

ഇതുകേട്ട അർജ്ജുനൻ മറുപടി പറയുന്നു:
അല്ലയോ ബ്രാഹ്മണേന്ദ്ര, ഇതാ ഞാൻ ഒപ്പം വരുന്നു. അങ്ങയുടെ പ്രിയപത്നി പ്രസവിക്കുന്ന പുത്രനെ ഞാൻ കത്തുതരാം. ഗാണ്ഡീവം എന്ന എന്റെ വിഖ്യാതമായ വില്ല് ഇതാ എന്റെ കയ്യിൽ കാണുന്നില്ലേ? യമധർമ്മൻ കൂടെ എന്റെ ഇഷ്ടത്തിന്‌ എതിരുനിൽക്കില്ല. അതിനാൽ വ്യാകുലപ്പെടാതെ നമുക്ക്‌ പോകാം.

തുടർന്ന് അർജ്ജുനനും ബ്രാഹ്മണനും ബ്രാഹ്മണഗൃഹത്തിലെത്തുന്നു.  അർജ്ജുനൻ സൂതികാഗൃഹമായി ശരകൂടം നിർമ്മിക്കുന്നു. ബ്രാഹ്മണൻ വന്ന് അതെല്ലാം പരിശോധിക്കുന്നു. തൃപ്തിവരുത്തി ബ്രാഹ്മണപത്നിയേയും പേറ്റാട്ടിയേയും സൂതികാഗൃഹത്തിലേക്ക്‌ പ്രവേശിപ്പിക്കുന്നു. അങ്ങനെ തിരശ്ശീലക്ക്‌ പിന്നിൽ നിൽക്കുന്ന ബ്രാഹ്മണപത്നി പ്രസവിക്കുന്നു. കുട്ടിയെ തന്നെ കാണാതെ ആവുന്നു. തുടർന്നുള്ള ബ്രാഹ്മണപത്നിയുടെ വിലാപം:

കരുണാവാരിധിയാ കൃഷ്ണാ! നീ അർജ്ജുനനെ ചതിച്ചുവോ? ഒരിടത്തും ശരണം ലഭിക്കാത്ത ഞങ്ങൾ മൂലം നിന്റെ സഹോദരിക്ക്‌ വൈധവ്യ ദുഃഖം വരണമെന്നാണോ നിന്റെ ഇഷ്ടം? അതികാന്തിമാനായി ജനിച്ച്‌ പുത്രൻ പ്രസവിച്ച്‌ ഭൂമിയിൽ പതിക്കുന്നതിനുമുന്നേ ശവം കൂടെ കാണാതായി! അർജ്ജുനന്റെ യത്നം ഫലിച്ചില്ല. തലയിലെഴുത്തിനെ ആർക്ക്‌ മാറ്റാൻ പറ്റും? എന്റെ സഖിമാരെ, ഈ വൃത്താന്തം സൂതികാഗൃഹത്തിന്റെ വാതിൽക്കൽ നിൽക്കുന്ന എന്റെ ഭർത്താവിനോടും അർജ്ജുനനോടും ഈ ചരിതങ്ങൾ എല്ലാം ചെന്ന് പറയുക.

ഈറ്റില്ലത്തിന്റെ ഉള്ളിൽ നിന്ന് കേട്ട ബ്രാഹ്മണപത്നിയുടെ ഇത്തരം വിലാപം കേട്ട്‌ ബ്രാഹ്മണൻ ബോധം കെട്ട്‌ വീഴുന്നു. പിന്നെ ബോധം വന്ന ബ്രാഹ്മണൻ പൂർവാധികം കോപത്തോടെ അർജ്ജുനനെ ഭർസിക്കുന്നു.

പൊട്ട! നിന്റെ വലിയ പ്രൗഢിയുള്ള കഴിവ്‌ എവിടെ? വലിയ കേമമായ ഈ ശരകൂടം കൊണ്ട്‌ എന്തുണ്ടായി? മുൻപേ ഞാൻ പറഞ്ഞതാണ്‌ ഇതിനൊന്നും ചാടി പുറപ്പടണ്ട എന്ന്. അപ്പോൾ കേട്ടില്ല. അവിവേകവും അഹങ്കാരവും കൊണ്ട്‌ അതൊന്നും കൂട്ടാക്കാതെ ചാടിപ്പുറപ്പെട്ടു. അതുകൊണ്ട്‌ ഇപ്പോൾ പ്രസവിച്ച്‌ ബാലന്റെ ശവം കൂടെ എനിക്ക്‌ കാണാൻ കഴിഞ്ഞില്ല. മൂഢ! ഇനി ഞാൻ അച്യുതസന്നിദ്ധിയിൽ പോയി എങ്ങനെ കരയും? അത്‌ അയുക്തമല്ലേ? നീ എന്താ ഇവ്ടെ വയറ്റത്ത്‌ കയ്യും കെട്ടി കേമനായി നിൽക്കുന്നത്‌? വേഗം പോയി ശ്രീകൃഷ്ണന്റെ അടുത്ത്‌ ചെന്ന് ധാരാളം ഭക്ഷിച്ച്‌ സുഖിച്ച്‌ വാഴുക. 

ബ്രാഹ്മണന്റെ ഇത്തരത്തിലുള്ള ശകാരം കേട്ട്‌ അർജ്ജുനൻ ധർമ്മലോകത്ത്‌ ചെന്ന് ബാലനെ അന്വേഷിച്ചു

അല്ലയോ ധർമ്മരാജാവേ! എന്നോട്‌ ഇത്‌ വേണ്ടായിരിന്നു. കുട്ടിയെ തിരികെ തന്നുകൊൾക

അപ്പോൾ ധർമ്മരാജാവ്‌ പറഞ്ഞു: ഞാൻ എന്താണ്‌ അർജ്ജുനാ നിനക്ക്‌ അഹിതമായി ചെയ്തത്‌?
മഹിഷവാഹ ബ്രാഹ്മണപുത്രനെ തന്നീടുകില്ലെങ്കിൽ ഞാൻ യമലോകം ചാമ്പലാക്കും
നീ പരുഷവചനങ്ങൾ പറയാതെ കാര്യം പറയൂ. കൃഷ്ണസഖാവിന്‌ എന്താണ്‌ അസാദ്ധ്യമായത്‌? ഏത്‌ ബ്രാഹ്ംണപുത്രനെ ആണ്‌ നിനക്ക്‌ വേണ്ടത്‌? ഏതു ദേശത്തിലേ ആണ്‌ ബ്രാഹ്മണപുത്രൻ?
ദ്വാരകയിൽ ഒൻപത്‌ മക്കൾ ജനിപ്പോഴേ നീ കൊണ്ടുവന്നു. ഇപ്പോ പത്താമനെ എന്റെ ശരകൂടത്തിൽ നിന്നും നീ കൊണ്ടുപോയി. അവനെ എനിക്ക്‌ തരൂ.
ദ്വാരകയിൽ വന്ന് ഞാൻ എന്റെ ജോലി ഇഷ്ടം പോലെ ചെയ്യാൻ എനിക്കെന്നല്ല ആർക്കും സാധിക്കില്ല. സംശയം തീർക്കാൻ ചിത്രഗുപ്തനോട്‌ കൂടെ ചോദിച്ചുനോക്കൂ. എന്നോട്‌ പരിഭവം വേണ്ട. താങ്കളുടെ സുഹ്രൃത്തായ ശ്രീകൃഷ്ണൻ വിചാരിച്ചാൽ പത്ത്‌ മക്കളേയും കിട്ടും. 

ഇതുകേട്ട അർജ്ജുനൻ ബ്രാഹ്മണപുത്രന്മാർ യമലോകത്ത്‌ ഇല്ല എന്ന് തീരുമാനിച്ച്‌ നാകലോകത്തേക്ക്‌ പോയി. ഇന്ദ്രനോട്‌ പുത്രന്മാരെ ചോദിച്ചു. ഇന്ദ്രനും അവിടെ ഇല്ല എന്ന് ഉറപ്പിച്ച്‌ പറഞ്ഞു. മാത്രമല്ല ശ്രീകൃഷ്ണനോട്‌ അന്വേഷിക്കാൻ ഇന്ദ്രനും പറയുന്നു. 

ഇന്ദ്രവചനം കേട്ട്‌ മടങ്ങിയ അർജ്ജുനൻ വീണ്ടും മറ്റ്‌ ലോകങ്ങളിലൊക്കെ പോയി ബ്രാഹ്മണപുത്രരെ തിരയുന്നു. ഒരു സ്ഥലത്തും കണ്ടുകിട്ടാതെ, അർജ്ജുനൻ അവസാനം തീക്കുണ്ഡത്തിൽ ചാടി ആത്മാഹുതി നടത്തുവാൻ തന്നെ തീർച്ചയാക്കുന്നു.
അർജ്ജുനന്റെ ആത്മഗതം: എന്തൊരു വിസ്മയം ! വിധി ചെയ്തതുതന്നെ! കാലനും കൂടെ കുട്ടികൾ മരിക്കുന്നു! എന്റെ കാലദോഷം തന്നെ. ഇനി എനിക്ക്‌ അഗ്നികുണ്ഡത്തിൽ ചാടി ആത്മാഹുതി ചെയ്യുക എന്നതല്ലാതെ കരണീയം ആയി ഒന്നുമില്ല! ഹേ നന്ദസൂനോ! എന്നെ രക്ഷിക്കൂ!

ഇങ്ങനെ ആത്മഗതത്തോടേ അർജ്ജുനൻ തീക്കുണ്ഡം ഉണ്ടാക്കി ജ്വലിപ്പിക്കുന്നു. ഗാണ്ഡീവവും ധരിച്ച്‌ തീക്കുണ്ഡത്തിലേക്ക്‌ ചാടാൻ തുടങ്ങുന്ന അർജ്ജുനനെ ശ്രീകൃഷ്ണൻ പ്രത്യക്ഷപ്പെട്ട്‌ തന്റെ തൃക്കൈകൊണ്ട്‌ തടയുന്നു. എന്നിട്ട്‌ ഇപ്രകാരം പറയുന്നു:

സുഹൃത്തേ വിജയ, എന്തിനാണ്‌ നീ സാഹസം ചെയ്യുന്നത്‌? മുൻപ്‌ നിന്നെ സഹായിച്ചതോക്കെ നീ മറന്നുവോ? എല്ലാറ്റിനും നമുക്ക്‌ വഴിയുണ്ടാക്കാം. 

ഇങ്ങനെ സമാധാനിപ്പിച്ച്‌ ശ്രീകൃഷ്ണൻ തന്റെ തേരിൽ അർജ്ജുനനുമായി വിഷ്ണുലോകത്തിലേക്ക്‌ പുറപ്പെടുന്നു. പോകുന്നവഴിയിലെ ഘോരാന്ധകാരം കണ്ട്‌ അർജ്ജുനനെ ഭയം ഗ്രസിക്കുന്നു. (ഭൂമിക്കുവെളിയിൽ ബഹുദൂരം അകലെ ആണ്‌ പാലാഴി. അവിടെ അനന്തശയനത്തിലാണ്‌ മഹാവിഷ്ണു ഇരിക്കുന്നത്‌. അവിടെ പോകുന്നവഴിയുള്ള ഇരുട്ട്‌ ഒരു പ്രത്യേകതയുള്ളതാണ്‌. സത്യലോകം എന്നാണ്‌ മഹാവിഷ്ണുവിന്റെ ലോകത്തെ പറയുന്നത്‌. ഒരു മനുഷ്യന്‌ സ്വയം അവിടെ പോകാൻ സാധ്യമല്ല. പുരാണങ്ങളിലെ കൺസപ്റ്റുകൾ അനവധി! ലോകാലോകപർവ്വതത്തിന്‌ പടിഞ്ഞാറുവശം ആണത്രെ ഇത്‌) എന്താണ്‌ നീ പേടിച്ചിരിക്കുന്നത്‌ അർജ്ജുനാ എന്ന് ശ്രീകൃഷ്ണൻ ചോദിക്കുന്നു. അന്ധകാരം കൊണ്ട്‌ എനിക്ക്‌ ശ്രീകൃഷ്ണാ നിന്റെ ദേഹം കൂടെ കാണാൻ വയ്യാതായി എന്ന് വിലപിക്കുന്ന അർജ്ജുനനോട്‌ ഭയപ്പെടേണ്ട ഞാൻ എന്റെ ചക്രായുധത്തെ സ്മരിക്കുന്നുണ്ട്‌. അത്‌ വന്നാൽ വെളിച്ചം വരും. നിന്റെ ഭയവും പോകും എന്ന് പറയുന്നു ശ്രീകൃഷ്ണൻ. തുടർന്ന് ചക്രായുധം വരുന്നു. അർജ്ജുനൻ ഭയം വെടിഞ്ഞ്‌ കൃഷ്ണാർജ്ജുനന്മാർ യാത്ര തുടരുന്നു. 

അങ്ങനെ മഹാവിഷ്ണുസവിധത്തിൽ എത്തിയ അർജ്ജുനന്‌ കൃഷ്ണൻ മഹാവിഷ്ണുവിന്റെ മന്ദിരം വിസ്തരിച്ച്‌ കാണിച്ച്‌ കൊടുക്കുന്നു. ശേഷം മഹാവിഷ്ണുസമീപം ചെന്ന് വന്ദിക്കുന്നു.

മഹാവിഷ്ണുവാകട്ടെ നരനാരായണന്മാരായ കൃഷ്ണാർജ്ജുനന്മാരെ സസന്തോഷം സ്വീകരിച്ച്‌ കുശലാന്വേഷണം നടത്തുന്നു. തുടർന്ന് നരനാരായണന്മാരായ നിങ്ങളെ രണ്ട്‌ പേരേയും ഒന്നിച്ച്‌ എന്റെ അടുത്ത്‌ കാണുവാൻ ഞാൻ തന്നെ ബ്രാഹ്മണപുത്രന്മാരെ ഇങ്ങോട്ട്‌ കൊണ്ടുവന്നതാണ്‌ എന്ന് മഹാവിഷ്ണു വെളിപ്പെടുത്തുന്നു. പിന്നീട്‌ അവിടെ കളിച്ച്‌ നടക്കുന്ന ബ്രാഹ്മണബാലന്മാരെ കൊണ്ട്‌ പോയി ബ്രാഹ്മണന്‌ കൊടുക്കുവാൻ അനുവാദം കൊടുക്കുന്നു. കുട്ടികൾ കൃഷ്ണാർജ്ജുനന്മാരുടെ കൂടെ ഭൂമിയിലേക്ക്‌ പോകാൻ കൂട്ടാക്കുന്നില്ല എങ്കിലും വിഷ്ണുഭഗവാൻ ആവശ്യപ്പെട്ടത്‌ അനുസരിച്ച്‌ എല്ലാം മംഗളമായി ഭവിക്കുന്നു.

തുടർന്ന് കാണുന്ന രംഗം ബ്രാഹ്മണന്റെ ഗൃഹം ആണ്‌. അവിടെ ചിന്താകുലയായിരിക്കുന്ന ബ്രാഹ്ംണനും പത്നിയും. അരികിലൂടെ കൃഷ്ണനും അർജ്ജുനനും പത്ത്‌ ബാലന്മാരും പ്രവേശിക്കുന്നു. അർജ്ജുനൻ ബ്രാഹ്മണനോട്‌ പറയുന്നു:

നമസ്തേ ഭൂസുരമൗലേ! എന്റെ അപരാധങ്ങൾ എല്ലാം ക്ഷമിച്ചാലും. മഹാവിഷ്ണുവിന്റെ കൃപയാൽ താങ്കളുടെ എല്ലാ പുത്രന്മാരേയും ലഭിച്ചു. പുത്രശോകം കൊണ്ട്‌ നീ എന്നെ ശകാരിച്ചപ്പോൾ ഞാൻ മൂന്നുലോകങ്ങളിലും ബ്രാഹ്മണകുമാരന്മാർക്കായി തെരഞ്ഞു. പക്ഷെ എങ്ങുനിന്നും കിട്ടിയില്ല. ശേഷം സത്യം പരിപാലിക്കാനായി ഞാൻ അഗ്നികുണ്ഡത്തിൽ ചാടാൻ ഒരുങ്ങിയപ്പോൾ കപടമാനുഷനായ ഈ ശ്രീകൃഷ്ണൻ കൃപയോടെ എന്റെ അരികിൽ വരികയും എന്നേയും കൊണ്ട്‌ വിഷ്ണുലോകം പ്രാപിക്കുകയും ചെയ്തു. പരമപൂരുഷനായ മഹാവിഷ്ണുവിന്റെ അരികിൽ അനന്തനുമുകളിൽ കളിച്ചുകൊണ്ടിരിക്കുന്ന കുമാരന്മാരെ എനിക്ക്‌ കാണിച്ച്‌ തന്നു. മഹാവിഷ്ണുവിന്റെ അനുമതിപ്രകാരം അവരേയും കൊണ്ട്‌ ഞങ്ങൾ നേരെ ഇവിടേക്ക്‌ പോന്നു. ഇതാ താങ്കളുടെ പത്ത്‌ പുത്രന്മാരും. സ്വപത്നിയോടുകൂടി ഇവരെ സ്വീകരിച്ചാലും. 

ആനന്ദാതിരേകത്തോടേ ബ്രാഹ്മണനും പത്നിയും പത്ത്‌ പുത്രന്മേരേയും സ്വീകരിക്കുന്നു. ശേഷം പശ്ചാത്താപ വിവശനായ ബ്രാഹ്മണന്റെ പദം:

കൃഷ്ണ! നീ ജയിക്ക! അർജ്ജുന! നീയും ജയിക്ക!. കനത്ത ശോകഭാരം കൊണ്ട്‌ ഞാൻ നിന്നെ  ധാരാളം അധിക്ഷേപിച്ചു. അതൊന്നും മനസ്സിൽ വെക്കരുതേ. എല്ലാം ക്ഷമിക്കേണമേ. നിന്നെ മനസ്സിൽ വിചാരിക്കുന്നവർക്ക്‌ കൂടെ എല്ലാ മംഗളവും വന്ന് ഭവിക്കും എന്ന് പറഞ്ഞ്‌ അനുഗ്രഹിക്കുന്നു

-ശുഭം-


23 മാർച്ച് 2011

കല്യാണസൌഗന്ധികം (കോട്ടയത്തുതമ്പുരാന്റെ ആട്ടക്കഥ)

കല്ല്യാണസൌഗന്ധികം ആട്ടക്കഥ
         
രചന: കോട്ടയത്ത് തമ്പുരാൻ
         
         
പുറപ്പാട്
         
ശങ്കരാഭരണം-ചെമ്പട
         
പ്രാപ്തും പാശുപതാസ്ത്രമീശകൃപയാ യാതേർജ്ജുനേ ധർമ്മഭൂഃ
         
ശ്രൃണ്വൻ പുണ്യകഥാശ്ച കർണ്ണമധുരാസ്സത്ഭിഃ സദാ വർണ്ണിതാഃ
         
ഘോരാരാതിവിഹിംസനോദ്യതമനാഃകോദണ്ഡവാൻകാനനേ
         
രേമേ രാമ ഇവാഭിരാമചരിതഃ പത്ന്യാസമം സാനുജഃ
         
        
ചന്ദ്രവംശ ജലനിധി ചാരുരത്നങ്ങളാം
         
ചന്ദ്രികാവിശദസഹജോരുകീർത്തിയുള്ളോർ
         
ചിന്തപെയ്യുന്നവരുടെ ചീർത്ത പാപജാലം
         
ചന്തമോടകറ്റുവോർ കീർത്തികൊണ്ടു നിത്യം
         
ദുർമ്മദനാം ദുര്യോധനദുർന്ന്യായേന കാട്ടിൽ
         
ധർമ്മസുതാദികൾ മുനിധർമ്മമാചരിച്ചു
         
ഇന്ദുമൌലി സേവചെയ്യാനിന്ദ്രജൻ പോയപ്പോൾ
         
മന്ദതയകന്നു തീർത്ഥവൃന്ദാടനം ചെയ്തു
         
തിരശ്ശീല
         
         
രംഗം ഒന്ന്
         
ധർമ്മപുത്രൻ, ഭീമൻ
         
സാരംഗം-ചമ്പ
         
         
ശസ്ത്രാർത്ഥം ശക്രസൂനോ ഗതവതി ശകുനേ-
         
സ്താദൃശം ഛത്മവൃത്തം
         
സ്മാരം സ്മാരം സമസ്തപ്രതിഭടപടലീ-
         
ഘസ്മരോഷ്മാ സ ഭീമഃ
         
ബദ്ധാമർഷാതിരേകഭുമിതപരിഘദ-
         
ത്താദിരൂക്ഷാക്ഷികോണ-
         
ശ്ചിന്താസന്താപിതാന്തഃ ശമനസുതമസൌ
         
വാചമിത്യാചചക്ഷേ
         
         
പല്ലവി
         
2 ശൌര്യഗുണനീതിജലധേ ചരണയുഗം
         
ആര്യ തവ കൈതൊഴുന്നേൻ
         
         
അനുപല്ലവി
         
ഭാര്യയോടുമിഹ വിഗതവീര്യരായി മുനികളുടെ
         
ചര്യാ സുഖമെന്നമതി മര്യാദയോ തേ
         
         
ധർമ്മസുത നിർമ്മലമതേ നമ്മുടയ
         
കർമ്മഗതി കാൺക നൃപതേ
         
ചർമ്മവുമുടുത്തു വനചാരികളോടൊത്തു നിജ
         
ധർമ്മവുമൊഴിച്ചു ഗതധൈര്യമുഴലുന്നു
         
         
സത്യരതനാകിയ ഭവാൻ സഹജരൊടും
         
നിത്യമുഴലുന്നു വിപിനേ
         
ഭൃത്യരൊടുമംബികാപത്യതനയൻ കപട-
         
കൃത്യനിധി വാഴുന്നു ഹസ്തിനപുരത്തിൽ
         
         
എത്രയുമശക്തരായ് നാം വൃത്രരിപുപുത്ര-
         
വിരഹേണ വിപിനേ
         
നേത്രമില്ലാത്തവനു നേരോടെ മറ്റുള്ള
         
ഗാത്രങ്ങൾകൊണ്ടെന്തു കാര്യം മഹീപതേപ
         
         
ശസ്ത്രാർത്ഥമെന്തിനധുനാ ശക്രജനെ
         
യാത്രയാക്കിയതു പഴുതേ
         
ശത്രുക്കളെ വിരവിൽ ഒക്കെ ജയിപ്പതി-
         
ന്നത്രാലമേകനഹമെന്നറിക വീര
         
         
നിശ്ശങ്കമഹിതരെ രണേ വെന്നു ഞാൻ
         
ദുശ്ശാസനന്റെ രുധിരം
         
ആശ്വാസമോടു ബഹു പീത്വാ കരേണ മുഹൂ-
         
രാശ്വേവ ദാരകചമുത്തംസയാമ്യഹം
         
         
എങ്കലൊരു കരുണയൊരുനാളുണ്ടാകു-
         
മെങ്കിലിതനുജ്ഞചെയ്ക
         
ഹുംകൃതിയോടരികടെയഹംകൃതികളഞ്ഞു യമ-
         
കിങ്കരനു നൽകവതിനിന്നു തടവരുതേ
         
         
ഭൈരവി-ചെമ്പട
         
         
ധർമ്മസൂനുരപി നിർമ്മലചേതാ
         
ധർമ്മതത്വസഹിതം മൃദുവാക്യം
         
സന്മനോഗതമിതി സ്മ രുഷാന്ധം
         
തം മുദാ സഹജമാഹ മഹാത്മാ
         
         
പല്ലവി
         
സഹജ സമീരണസൂനോ സൽഗുണശീല
         
സംഹര കോപമധുനാ
         
         
അനുപല്ലവി
         
         
സാഹസം ചെയ്തീടൊല്ല സമയം കഴിവോളവും നീ
         
സഹസൈവ കാര്യം സാധിപ്പാൻ സംഗതി വരും
         
         
അനലനൂഷ്മാ വെടികിലുമാലോകന്തന്നെ
         
ദിനകരൻ കൈവെടികിലും
         
അനിലനന്ദന സത്യമനുജ ലംഘിപ്പതിനു
         
അനലനഹമെന്നറിക ചൊല്ലീടായ്കേവം
         
         
ദിനകരകുലാധിപൻ ദശരഥനും
         
ദീനമാനസനായ്ത്തന്നെ
         
അനൃതഭീതി കൊണ്ടല്ലോ ആത്മജന്മാരെ
         
ഘോരവനമതിലയച്ചീലയോ പാർത്തുകണ്ടാലും
         
         
ദിവ്യാസ്ത്രങ്ങൾ ലഭിച്ചു ദീനമെന്നിയെ
         
സവ്യസാചി വരും നൂനം
         
സേവ്യനാമീശൻതന്നെ സേവിച്ചീടുന്നവർക്കു
         
ദുർവ്യാപാരങ്ങൾ ഫലിയാ ശങ്കിയായ്കേവം
         
         
തിരശ്ശീല
         
പൃഥാസുതാനാശു ധനഞ്ജയസ്യ
         
വിയോഗദാവാനലതപ്യമാനാൻ
         
ആഹ്ളാദയന്നാവിരഭൂന്നഭസ്തഃ
         
ശക്രാജ്ഞയാ രോമശനീരവാഹഃ
         
         
രംഗം രണ്ട്
         
         
ധർമ്മപുത്രൻ, രോമശൻ
         
മുഖാരി-പഞ്ചാരി
         
         
ദൃഷ്ട്വാ തമാലോകമിവാന്ധകാരേ
         
ജൂഷ്ടസ്സഗർഭ്യൈഃ പ്രയതഃ പ്രണമ്യ
         
പൃഷ്ടോ മുനേ വാർത്തമജാതശത്രുഃ
         
ഹൃഷ്ടസ്തമാചഷ്ട ഗിരം ഗരിഷ്ഠാം
         
         
പല്ലവി
         
താപസേന്ദ്ര ജയ കൃപാനിധേ
         
താവകമേകിയ ദർശനം ഞങ്ങൾക്കു
         
താപഹരമായി വന്നു മഹാമുനേ
         
ദാവാനലങ്കൽ പതിച്ച മൃഗങ്ങൾക്കു
         
ദൈവനിയോഗത്താൽ വർഷമെന്നുപോലെ
         
         
ഏതൊരു ദിക്കിൽനിന്നിവിടെക്കെഴുന്നള്ളി
         
ഹേതുവെന്തിങ്ങെഴുന്നള്ളുവാനുമിപ്പോൾ
         
ശ്വേതവാഹനൻതന്റെ ചരിതം പരമാർത്ഥ-
         
മേതാനുമുണ്ടോ ധരിച്ചു മഹാമുനേ
         
         
ത്രിപുട
         
രോമശൻ
         
ഇന്ദുകുലാധിപ കേൾക്കെടോ ഞാനു-
         
മിന്ദ്രനിയോഗത്താലർജ്ജുനവൃത്താന്തം
         
ഇന്നു നിങ്ങളോടുരചെയ്‌വതിനായി
         
ഇന്ദ്രലോകത്തീന്നു വന്നതും ഞാനിപ്പോൾ
         
ഖേദമാശു കളക സാമ്പ്രതം
         
         
പാർവ്വതീവല്ലഭൻ തന്റെ പ്രസാദത്താൽ
         
പാശുപതാസ്ത്രം ലഭിച്ചു വിജയനും
         
ഗീർവ്വാണലോകത്തു ചെന്നു സുരജന-
         
ഗീതപരാക്രമനായി വിളങ്ങുന്നു
         
         
വൃത്രാസുരാന്തകൻ തങ്കന്നനവധി
         
ശസ്ത്രജാലങ്ങളൊക്കെ ലഭിച്ചുടൻ
         
പുത്രനായുള്ള ജയന്തനേക്കാളുമ-
         
ങ്ങെത്രയും പ്രീതനായ് വസിച്ചീടുന്നു
         
         
വാസവൻ തന്റെ സമീപത്തിങ്കൽതന്നെ
         
വാസഞ്ചെയ്തീടുന്നു ബാധയകന്നവൻ
         
വാസരം നാലഞ്ചു ചെല്ലുന്നതിൻമുമ്പെ
         
വാസവനന്ദൻ വന്നീടുമിവിടെ
         
         
പാരിടംതന്നിൽ പ്രസിദ്ധങ്ങളായേറ്റം
         
പാപഹരങ്ങളായുള്ള തീർത്ഥങ്ങളെ
         
പാരാതെചെന്നു നിഷേവണം ചെയ്‌വാനായ്
         
പൌരവപുംഗവ പോക നാമെല്ലാരും
         
         
കല്യാണി-ചെമ്പട
         
വൃത്തം വൃത്രാരിസൂനോർമ്മുനിതിലകമുഖാ-
         
ദേവമാകർണ്യ മോദാൽ
         
പാർത്ഥാസ്തീർത്ഥാഭിഷേകപ്രണിഹിതമനസഃ
         
പ്രസ്ഥിതാസ്തേന സാകം
         
ഗോത്രാസത്രാശനാനാം തതിഭിരപി സമം
         
സഞ്ചരന്തഃ സമന്താൽ
         
സ്വച്ഛപ്രച്ഛായവൃക്ഷാപ്രചുരമുനിവനം
         
വീക്ഷ്യ പപ്രച്ഛുരേനം
         
പല്ലവി
         
മാമുനിമാർ അണിയുന്ന
         
മൌലി രത്നമേ നീ
         
മാനസം തെളിഞ്ഞുകേൾക്ക മാമകവചനം
         
         
അനുപല്ലവി
         
ആരുടെ തപോവനമിതാകാശത്തോളമുയർന്ന
         
ദാരുനിവഹങ്ങളോടും ആരാൽ കാണാകുന്നു
         
ആഹുതിസുഗന്ധിധൂമം ആഹരിച്ചു മന്ദംമന്ദം
         
ആഹ്ളാദിപ്പിക്കുന്നു ഗന്ധവാഹനനിതാ നമ്മെ
         
സന്മാനസം പോലെകാൺക നിർമ്മലതരമായുള്ള
         
നിമ്നഗാജലമാശ്രിതകല്മഷനാശനം
         
         
നിത്യവൈരമുളവായ സത്വസഞ്ചയങ്ങളെല്ലാ-
         
മൊത്തു സഞ്ചരിച്ചീടുന്നതോർത്താലെത്രചിത്രം
         
എത്രയും മഹത്വമുള്ളോരുത്തമതപോധനൻതാൻ
         
അത്ര വാഴുന്നെന്നു ഞാനും ചിത്തേ കരുതുന്നേൻ
         
         
         
നീലാംബരി-മുറിയടന്ത
         
പല്ലവി
         
         
കുന്തീകുമാരന്മാരേ കുംഭസംഭവൻതാനും
         
അന്തികെ വാഴുന്നിവിടെ ഈ വനന്തന്നിൽ-അന്തികേ-
         
വിന്ധ്യാചലോന്നതിയെ വീതഖേദേന പണ്ടു
         
വന്ധ്യയാക്കിയതുമിവൻ തപോബലേന-വന്ധ്യ-
         
വാതാപി തന്നെക്കൊന്നു വാരുറ്റ മുനികൾക്കു
         
ബാധയകറ്റിയതിവൻ പാരം വളർന്ന-ബാധ
         
ആഴികളേഴുമൊന്നിച്ചാചമിച്ചതും പാർത്താൽ
         
ഊഴിയിലേവമാരുള്ളു താപസന്മാരിൽ-ഊഴി-
         
ഭാഗ്യവാന്മാരേയിനിപ്പാർക്കാതെ പോക പഥി
         
ഭാർഗ്ഗവാശ്രമമുണ്ടല്ലോ മാർഗ്ഗത്തിൽതന്നെ-ഭാർഗ്ഗ
         
ആശ്രമം കാൺക മുന്നിലശ്രമമിഹ തൊഴാ-
         
മാശ്രിതപാപനാശനം കണ്ടാലും നിങ്ങളാ-ശ്രിത
         
         
തിരശ്ശീല
         
ആഗസ്ത്യമാശ്രമമതഃ പ്രണിപത്യ വേഗാ-
         
ദാഗത്യ ഭാർഗ്ഗവതപോവനമസ്തഖേദം
         
ശസ്തം മുനീന്ദ്രമകൃതവ്രണദർശിതം ത-
         
മാസ്താവിഷുർദ്ധൃത പരശ്വധചാപബാണം
         
         
രംഗം മൂന്ന്
         
ശങ്കരാഭരണം-ചെമ്പട
         
         
പ്രയുക്താശിഷസ്തേന തേ പാണ്ഡുപുത്രാഃ
         
പ്രയാതാഃ പ്രഭാവപ്രഭാസഞ്ചിതാംഗാഃ
         
സ്വഭക്താനുപായാദുപായാദ്ധതാരിഃ
         
സഭോജഃ സമേതാൻ സമാകർണ്ണ്യ ശൌരിഃ
         
ഭൂഭാരം തീർപ്പതിനായി ഭൂമിയിൽ വന്നവതരിച്ചു
         
ഭുവനൈകനായകന്മാർ ഭൂരികൃപാസാഗരന്മാർ
         
വിണ്ണവർനാഥാർച്ചിതന്മാരുണ്ണികളായായർകുലേ
         
പുണ്യവധൂഭവനന്തോറും വെണ്ണകവർന്നുണ്ണുന്നോർ
         
കാലിണകൈതൊഴുന്നവരെ കാലഭയാൽ വേർപെടുപ്പോർ
         
കാലികളും മേച്ചുവനേ ബാലകന്മാരായ് നടപ്പോർ
         
വാരിധിയിൽ വിലസീടും ദ്വാരകയാം പുരിതന്നിൽ
         
പൌരജനങ്ങളുമായി സ്വൈരമുറങ്ങീടുന്നോർ
         
അന്തികമാഗതരായ കുന്തീതനുജന്മാരെ
         
ഹന്ത തദാ കാണ്മതിനായ് ചന്തമോടങ്ങെഴുന്നള്ളി
         
         
രംഗം നാല്
         
ധർമ്മപുത്രൻ, ശ്രീകൃഷ്ണൻ
         
സാവേരി-അടന്ത
         
         
അഥ സമാഗതമാശു വിലോക്യ തം
         
മധുരിപും സഹലിം സമഹോക്തിഭിഃ
         
അജിതമാശ്രിതകല്പതരും ഹരിം
         
നിജഗദേ പ്രണിപത്യ പൃഥാസുതഃ
         
         
പല്ലവി
         
         
രണം ഭവ സരസീരുഹലോചന
         
ശരണാഗതവത്സല ജനാർദ്ദന
         
ശരദിന്ദുവദന നരകവിഭഞ്ജന
         
മുരദാനവമഥന ജനാർദ്ദന
         
ജയ ജയ ഗോവിന്ദ ജയ നാഥ മുകുന്ദ
         
ജയ ജയ ജനിതാനന്ദ ഹേ ജനാർദ്ദന
         
കൌരവന്മാരുടെ കപടംകൊണ്ടിങ്ങനെ
         
പാരം വലഞ്ഞു ഞങ്ങൾ ജനാർദ്ദന
         
ബന്ധുജനങ്ങളിൽ വാത്സല്യമില്ലായ്‌വാൻ
         
ബന്ധമെന്തഹോ ഭഗവൻ ജനാർദ്ദന
         
കരുണാസിന്ധോ കമനീയബന്ധോ
         
കാരണപുരുഷ വിഭോ ജനാർദ്ദന
         
     
ശങ്കാരാഭരണം - ചെമ്പട
   
ഗാന്ധാരദുർന്നയനിരസ്തസമസ്തഭോഗാൻ
         
കാന്താരചംക്രമണകർശിതചാരുഗാത്രാൻ
         
ശ്രാന്താൻ നിരീക്ഷ്യ വിധിവൽ പ്രതിപൂജ്യ പാർത്ഥാൻ
         
ശാന്തം ജഗാദ സഹലീ വചനം മുകുന്ദഃ
         
         
പല്ലവി
         
പരിതാപിക്കരുതേ പാണ്ഡവന്മാരേ
         
പരിതാപിക്കരുതേ
         
അനുപല്ലവി
         
         
ഭരതാന്വയതിലക ഭാഷിതം മമകേൾക്ക
         
പരനെന്നുമഹമെന്നും ഭാവഭേദമുള്ളവർ
         
പരിതാപിച്ചീടുന്നതും പാർക്കിലതുചിതം
         
പരമാത്മാവേകനെന്നു പരമാർത്ഥബോധമുള്ളിൽ
         
പരിചോടുള്ളോരു നിങ്ങൾ പ്രാകൃതന്മാരെപ്പോലെ
         

പരമേശൻ ഭിക്ഷയേറ്റു പാരിൽ നടന്നീലയോ
         
പുരുഹൂതൻ ശാപംകൊണ്ടു പാരം വലഞ്ഞീലയോ
         
വീരമൌലി രാഘവൻ വിപിനേ വസിച്ചീലയോ
         
ശിരസിലിഖിതമാർക്കും ശിവശിവ നീക്കിടാമോ
         
         
നീലാംബരി-അടന്ത
         
അവനീകന്മാരായുള്ളോരവനീശനിഗ്രഹാർത്ഥം
         
അവതരിച്ചെന്നുള്ളതും അറിഞ്ഞേനെന്നാലും
         
അവസരമതുവേണം അടിയങ്ങളെ രക്ഷിപ്പാൻ
         
അവമാനമെത്രകാലം അനുഭവിക്കേണ്ടു നാഥാ
         
കുത്സിതമായ മത്സ്യകൂർമ്മാദികളായതും
         
വത്സപാലനംചെയ്തു വനത്തിൽ നടന്നതും
         
മാത്സര്യമാർന്നുള്ളോരു മാതുലനെക്കൊന്നതും
         
ചിത്സ്വരൂപ നിൻ ഭക്തവാത്സല്യമല്ലോ നാഥ
         
നിൻ കൃപയുണ്ടെന്നാകിൽ നിരൂപിച്ചതു സാധിപ്പാൻ
         
സങ്കടമുണ്ടോ ഭുവി സകലലോകർക്കും
         
കിങ്കരരാം ഞങ്ങളിൽ കൃപയില്ലാത്തതിനാലെ
         
പങ്കജേക്ഷണ പാരമുഴന്നീടുന്നു
         
ശൃണു മാമക വചനം ഗോപികാനാഥ
         
         
മോഹനം- അടന്ത ഇടവട്ടം
         
ചെന്താർ ബാണാരിതന്റെ ചേവടി സേവിപ്പാനായി
         
ചന്തമോടുപോയ സവ്യസാചിതാൻ
         
ഹന്ത വരായ്കകൊണ്ടു സന്താപം വളരുന്നു
         
ബന്ധുവത്സല ഭവബന്ധമോചന നാഥ
         
         
കല്യാണി-ചെമ്പട
         
ശ്രീകൃഷ്ണൻ:
         
ഇന്ദുമൌലിയോടസ്ത്രം ഹിതമോടെ ലഭിച്ചുടൻ
         
ഇന്ദ്രനന്ദനൻ വരും അതിനില്ല സംശയം
         
മന്ദത കൈവെടിഞ്ഞു മന്നിലുള്ള തീർത്ഥങ്ങളെ
         
ചെന്നു സേവിച്ചീടുമ്പോൾ ജയമാശു ലഭിച്ചീടും
         
         
തിരശ്ശീല
         
ആപൃച്ഛ്യ യാദവവരാൻ ബലകേശവാദ്യാ-
         
നാപാവാനോരുയശസോ യയുരുത്തരാശാം
         
യാതാ വിലംഘ്യ ബഹുദേശനദീർഗ്ഗിരീംശ്ച
         
പാർത്ഥാ നിഷേദുരഥ ഘോരതരേ വനാന്തേ
         
         
രംഗം അഞ്ച്
         
ജടാസുരൻ
         
കേദാരഗൌഡം-ചമ്പ
         
ജടാസുരോ നാമ വനേത്ര കശ്ചിൽ
         
ശഠാന്തരാത്മാ സമവേക്ഷ്യ പാർത്ഥാൻ
         
കഠോരചേഷ്ടോ യമവോചദേവം
         
ഹഠാദിമാൻ ഹർത്തുമനാഃ പടീയാൻ
         
         
പല്ലവി
         
മർത്ത്യരിഹ വന്നതതിചിത്രതരമോർത്താൽ
         
മൃത്യു വരുമെന്നുള്ളൊരത്തൽ കൂടാതെ
         
വനവർത്മമതിൽ നാരിയോടൊത്തു ധൈര്യേണ
         
         
ധർമ്മസുതനാദിയാം ധരണിപന്മാരിവരിൽ
         
ഭീമനിവനെത്രയും ഭീമബലനല്ലോ
         
         
പോരിലിവരോടിന്നു നേരിടുവതിനു ഭുവി
         
ആരുമില്ലിവരുടയ വീര്യമതു പാർത്താൽ
         
         
ഭൂമിസുരനായിച്ചെന്നു ഭീമനറിയാതെ ഞാൻ
         
ഭൂപതികളെ കൊണ്ടുപോരുവനിദാനീം
         
         
മുറുകിയ കാലം
         
         
രഭസമൊടിവരുടയ രമണിയെ കൈക്കൊണ്ടു
         
നഭസി പോന്നീടുവൻ നിർണ്ണയമിദാനീം
         
തിരശ്ശീല
         
         
രംഗം ആറ്
         
ധർമ്മപുത്രൻ, പാഞ്ചാലി, കപടബ്രാഹ്മണൻ
         
മാരധനാശി-ചെമ്പട
         
         
മഹാസുരോ വീക്ഷ്യ വിപശ്ചിതസ്താൻ
         
മഹീസുരാകാര തിരോഹിതാത്മാ
         
വിഹീയമാനായുരുവാച ഗത്വാ
         
മഹനീയമാനാനതി മോഹയംസ്താൻ
         
പല്ലവി
         
മാനവേന്ദ്രന്മാരേ കേൾപ്പിൻ മാമകവചനം
         
മാന്യരാം നിങ്ങളോടൊത്തു മന്നിലെല്ലാം സഞ്ചരിപ്പാൻ
         
മാനസമതിലാഗ്രഹം മന്നവരെ വളരുന്നു
         
         
ധർമ്മപുത്രൻ:
         
അന്തണർകുലദീപമേ എന്തിഹ സന്ദേഹമതി-
         
നന്തരമില്ലല്ലോ ഭവാൻ അന്തികേ വന്നാലുമിപ്പോൾ
         
(സന്തോഷം വളരുന്നു നിന്നെ സൌമ്യ കാൺകയാൽ)
         
         
എത്രയും നിപുണനഹമസ്ത്രശസ്ത്രങ്ങളിലെല്ലാം
         
അത്രയുമല്ലല്ലോ മന്ത്രശക്തിമാനെന്നറിഞ്ഞാലും
         
         
ബാഡവേന്ദ്ര വിദ്യകളിൽ പാടവമുള്ളോരു ഭവാൻ
         
കൂടവേ സഞ്ചരിച്ചാലും ഊഢമോദത്തോടെ നിത്യം
         
         
ജടാസുരൻ:
         
ഭൂസുരന്മാരുടെ കാമം പൂരിപ്പതിനിന്നു കല്പ-
         
ഭൂരുഹതുല്യന്മാരായി ഭൂരികീർത്തിയുള്ളോർ നിങ്ങൾ
         
         
ഇതീദമുക്ത്വാ സഹതൈർവ്വനേചരൻ
         
പ്രതീക്ഷ്യ കാലാഗമനം കദാചന
         
തതസ്തദാ ഖേടഗതേ ബകാന്തകേ
         
സ താനുപാദായ യയൌ വനാദ്വനം
         
         
വേകട-മുറിയടന്ത
         
         
സഹജാൻ ദനുജേന നീയമാനാൻ
         
സഹദേവാദവഗമ്യ വായുസൂനുഃ
         
സഹസേതി വദൻ ഗദാസഹായോ
         
നൃഹരിർദ്ദൈത്യമിവാഭ്യയാൽ സരോഷഃ
         
         
പല്ലവി
         
നില്ലെടാ ദാനവാധമ നില്ലെടാ നില്ലുനില്ലെടാ
         
നില്ലു നില്ലെടാ വീര നല്ലതല്ലിതു തവ
         
മെല്ലെ ഇവരെ വെടിഞ്ഞല്ലാതെ ഗമിക്കൊല്ല
         
         
എല്ലുകൾ നുറുങ്ങുമാറു തല്ലുകൊണ്ടു യമലോകേ
         
ചെല്ലുനീയന്തകനോടു ചൊല്ലുകയെൻ ഭുജവീര്യം
         
         
ജടാസുരൻ:
         
ബാലനായ ഹിഡിംബനും ബകനുമല്ലെടാ നിന്റെ
         
കാലനായ ജടാസുരൻ കല്യനെന്നതറിഞ്ഞാലും
         
(നില്ലെടാ മാനുഷാധമ നില്ലെടാ)
         
         
ഭീമൻ:
         
         
അല്പവീര്യനെന്നുപോലെ വിപ്രവേഷം ധരിച്ചുവ-
         
ന്നിപ്രകാരം ചതിച്ചതിനിപ്പോഴെ കൊല്ലുവൻ നിന്നെ
         
         
ജടാസുരൻ:
         
         
വൃത്രവൈരിയതെന്നാലും വിത്തനാഥനതെന്നാലും
         
ഉൾത്തളിരിലിനിക്കേതുമത്തലില്ലെന്നറിഞ്ഞാലും
         
         
ഭീമൻ:
         
         
ഘോരതാഡനങ്ങൾകൊണ്ടു ചോരനായ നീയുമിന്നു
         
ചോര വമിച്ചു കാലന്റെ ചാരവെ ചെന്നീടുമല്ലോ
         
         
ഭീരുതയില്ലനിന്റെ ആരവംകൊണ്ടെനിക്കേതും
         
ഫേരവനാദങ്ങൾ കേട്ടാൽ പേടിയുണ്ടോ കേസരിക്കു
         
         
വീരവാദങ്ങളെക്കൊണ്ടു വൃഥാ കാലംകളയാതെ
         
പോരിനാളെങ്കിലോ വന്നു ഭീതിവെടിഞ്ഞെതിർത്താലും
         
തിരശ്ശീല
         
ഹത്വാ ജടാസുരമമും നിജമുഷ്ടിപാതൈർ
         
ഗത്വാ സുദൂരമഥ ദാരസഹോദരാദ്യൈഃ
         
നീത്വാ നദീശ്ച ബഹുശൈലവനാദി ഭൂയഃ
         
പ്രാപ്തോ മഹദ്വനമസൌ പവനാത്മ ജന്മാ
         
         
രംഗം ഏഴ്
         
ഭീമൻ, പാഞ്ചാലി
         
സുരുട്ടി-ചെമ്പട
         
പരിതാപമിതാഃ പരന്തപാസ്തേ
         
പരമാരണ്യഗതാശ്ചിരം ചരന്തഃ
         
തരുമൂലതലേ നിഷേദുരാർത്താ
         
ഹരിണാക്ഷീ നിജഗാദ ഭീമസേനം
         
         
പല്ലവി
         
         
അല്ലൽ വളർന്നീടുന്നല്ലോ വല്ലാതെയുള്ളിൽ
         
അല്ലൽ വളർന്നീടുന്നല്ലോ
         
         
അനുപല്ലവി
         
മുല്ലസായകനോടു തുല്യന്മാരാകുമെന്റെ
         
വല്ലഭന്മാരേ കേൾപ്പിൻ മെല്ലവെ സല്ലാപങ്ങൾ
         
         
ഉത്തമവിപ്രന്മാർക്കു നിത്യ സഞ്ചാരം ചെയ്‌വാൻ
         
അത്തൽ കണ്ടീടുകയാൽ ഉൾത്താരിലെനിക്കേറ്റം
         
         
ആതപംകൊണ്ടുടലിൽ ആധി വളർന്നീടുന്നു
         
പാദചാരം ചെയ്‌വാനും പാരമരുതായ്കയാൽ
         
         
ദുർഗ്ഗമമായീടും വനമാർഗ്ഗമിനിയും പോവാൻ
         
ആർക്കുമെളുതല്ലതിനോർത്തൊരുപായമിപ്പോൾ
         
         
ആശരന്മാരാലേറ്റമാകുലമാമീ വന-
         
മാശുവെടിഞ്ഞീടുവാനാവതില്ലല്ലോ പാർത്താൽ
         
         
പല്ലവി
         
         
അത്തലിതുകൊണ്ടു നിൻ ചിത്തതാരിലരുതേ
         
മത്തേഭഗമനേ കേൾ സത്വരമുണ്ടുപായം
         
(അത്തലുണ്ടാകരുതൊട്ടും വല്ലാതെയുള്ളിൽ)
         
         
ശക്തൻ ഘടോൽ‌ക്കചൻ എന്നുത്തമനായിട്ടൊരു
         
നക്തഞ്ഛരനുണ്ടവനത്ര വന്നീടും പാർത്താൽ
         
         
വാഞ്ഛിതദിക്കുകളിൽ ബാധയകന്നു നമ്മെ
         
സഞ്ചരിപ്പിക്കുമവൻ സാദരമറിഞ്ഞാലും
         
തിരശ്ശീല
         
         
രംഗം എട്ട്
         
         
ഘടോൽ‌ക്കചൻ, ഭീമൻ, പാഞ്ചാലി
         
ബലഹരി-മുറിയടന്ത
         
         
ഉക്ത്വൈവമേവ മഹിഷീം മഹിതാനുഭാവ-
         
ശ്ചിത്തേ ഘടോൽക്കചമചിന്തയദാത്മജന്തം
         
നക്തഞ്ചരോപി സഗണൈസ്സമുപേത്യ പാർത്ഥാൻ
         
നത്വാ പദേ പിതരമിത്ഥമുവാച ധീരം
         
         
പുത്രനായുള്ള ഘടോല്ക്കചൻ തവ
         
പാദയുഗം തൊഴുന്നേൻ മാം
         
പാത്രമറിക ഭവന്നിയോഗത്തിനു
         
ബാധയില്ലൊന്നിനുമേ
         
         
മന്ദതകൂടാതെ നിന്റെ മനോരഥ-
         
മമ്പോടുചൊല്ലീടുകിലതു
         
സന്ദേഹമെന്നിയെ സാധിപ്പിച്ചീടുവൻ
         
ഇന്ദുകുലാധിപ ഞാൻ
         
         
സങ്കടമില്ലൊരു കാര്യത്തിനും മമ
         
നിൻ കരുണയുണ്ടെങ്കിലതു
         
ശങ്കവെടിഞ്ഞരുളീടേണം നിന്നുടെ
         
കിങ്കരനാമെന്നോടു
         
         
ഗാന്ധാരീപുത്രന്മാരല്ലോ കപടത്താൽ
         
കാന്തയോടും നിങ്ങളെ ഘോര-
         
കാന്താരന്തന്നിലയച്ചതവരെ
         
കൃതാന്തനു നൽകീടുവൻ
         
         
അഷ്ടദിക്ക്പാലകന്മാരൊക്കെ നടുങ്ങുമാറ്
         
അട്ടഹാസം ചെയ്തു ഞാൻ കാല-
         
മൊട്ടും കളയാതെ ചെന്നവരെ
         
വെന്നു പെട്ടെന്നു വന്നീടുവൻ
         
         
കാമോദരി-അടന്ത
         
         
ഭീമൻ:
         
അർച്ചനം ചെയ്തു പരമേശ്വരൻ തന്നോ-
         
ടസ്ത്രം ലഭിച്ചുടനെ വരും
         
അർജ്ജുനനപ്പോൾ സമയം കഴിഞ്ഞീടും
         
അത്രനാളും പാർക്കെടോ
         

മല്ലവിലോചനയാമിവൾ നിന്നുടെ
         
മാതാവെന്നറിഞ്ഞീടെടോ മുറ്റും
         
കല്ലിൽ നടന്നുള്ളിലല്ലൽ പെരുകുന്നു
         
കല്യാണശീല കാൺക
         
         
ആർത്തന്മാരാകിയ ഞങ്ങളിന്നോരോരോ
         
തീർത്ഥങ്ങൾ സേവിപ്പാനായി തവ
         
ചീർത്തബലമാശ്രയിച്ചു നടക്കാമെ-
         
ന്നോർത്തു നിനച്ചു നിന്നെ
         
         
ഘടോൽ‌ക്കചൻ:
         
കാൽക്ഷണം വൈകാതെ നിങ്ങളെയിന്നു
         
കഴുത്തിലെടുത്തുടനെ ഭുവി
         
കാംക്ഷിതദിക്കിൽ ചരിപ്പിച്ചീടാമല്ലോ
         
കാമഗനാകിയ ഞാൻ
         

തിരശ്ശീല
       
        
പുനരാശു ഘടോൽ‌ക്കചോദ്ധൃതാസ്തേ
         
വനജാക്ഷ്യാ വസുധാസുരൈഃ സമേതാഃ
         
ബദരികാനനമേത്യ രേമിരേ
         
നരനാരായണസന്നിധൌ നരേന്ദ്രാഃ
         
         
രംഗം ഒമ്പത്
         
         
ഭീമൻ, പാഞ്ചാലി
         
ശങ്കരാഭരണം-ചെമ്പട-പതിഞ്ഞകാലം
         
         
കാലേ കദാചിദഥ കാമിജനാനുകൂലേ
         
മാലേയമാരുതവിലോളിതമാലതീകേ
         
ലീലാരസേന വിചരൻ വിപിനേ വിനോദ-
         
ലോലാം സമീരണസുതോ രമണീമഭാണീൽ
         
         
പല്ലവി
         
         
പാഞ്ചാലരാജതനയേ
         
പങ്കജേക്ഷണേ
         
പഞ്ചസായകനിലയേ
         
         
അനുപല്ലവി
         
        
തഞ്ചാതെ വിപിനേ സഞ്ചരിച്ചീടുകയാൽ
         
നെഞ്ചകമതിലഴലരുതരുതയി തേ
         
         
പൂഞ്ചോലതോറും നടന്നു
         
നല്ല പൂമണം മെല്ലെ
         
നുകർന്നു ചാഞ്ചാടി
         
മോദം കലർന്നു നല്ല
         
ചാരു പവനൻ വരുന്നു
         
         
പഞ്ചമകൂജിതസുകോകിലേ
         
പരമിഹ ദേവി സുമംഗലേ
         
കിഞ്ചന രന്തുമനാകുലേ
         
കിളിമൊഴി വരിക ശിലാതലേ
         
നിൻചലലോചന നിർജ്ജിത മധുരിമ
         
സഞ്ചിതഭയചലദഞ്ചിതകമലേ
         
         
കണ്ടാലും മധുസമയം നല്ല കാമിനീജനഹൃദയം
         
കൊണ്ടാടീടുന്നു സദയം നല്ല കോമളകുസുമമയം
         
ഇണ്ടലകന്നുടനാശയേ ഇഹ പരിചൊടു ജലാശയേ

കുണ്ഠത നീക്കി ഗുണോദയേ കുതുകമൊടാശു കുശേശയേ
         
വണ്ടുകൾനന്മധുവുണ്ടുമദിച്ചുമുരണ്ടുവനങ്ങളിൽമണ്ടുന്നിതയേ
         
         
ചന്ദനശിഖരിചരം നല്ല ചംപകാമോദരുചിരം
         
മന്ദപവനകിശോരം നല്ല മാനിനി കാൺകസുചിരം
         
സുന്ദരി മനസിജവരസമരം സുഖമൊടു മുതിരുകസരസതരം
         
മന്ദരസദൃശപയോധരം മൃദുരസിചേർക്ക മനോഹരം
         
മന്ദത നീക്കി വിനിന്ദിതകിസലയം
         
ഇന്ദുസുമുഖി മമ തന്നീടുകധരം
         
         
വാതേന വത്സലതയേവ കിലോപനീതം
         
ചേതോഹരം പരിമളാനുസൃതാളിവൃന്ദം
         
ആദായ പുഷ്പമതിമോഹനമത്ര ദിവ്യം
         
മോദാൽ ജഗാദ പവനാത്മജമേത്യ കൃഷ്ണാ
         
         
പല്ലവി
         
         
എൻകണവ കണ്ടാലും എങ്കലൊരു കുസുമം
         
നിൻ കരുണയുണ്ടെന്നാകിൽ നിർണ്ണയമിനിയും മമ
         
സംഗതി വരും ലഭിപ്പാൻ സരസ സൌഗന്ധികങ്ങൾ
         
         
പാരിലില്ല പാർത്താലെങ്ങും ചാരുതരമാമിവണ്ണം
         
പാരം വളരുന്നു മോദം വാരിജദളനയന
         
         
വല്ലതെന്നാലും നിജ വല്ലഭന്മാരോടല്ലാതെ
         
ചൊല്ലുമാറില്ലഭിലാഷം ചൊല്ലേറുന്ന തരുണിമാർ
         
         
ധന്യാസി-ചെമ്പട
         
         
മാഞ്ചേൽമിഴിയാളെ നിന്നാൽ വാഞ്ഛിതങ്ങളായീടുന്നോ-
         
രഞ്ചിതസൌെഗന്ധികങ്ങൾ അഞ്ചാതെകൊണ്ടന്നീടാം
         
(ചഞ്ചലാക്ഷിമാരണിയും മൌലിരത്നമേ)
         
         
ശൈലമുകളിലെന്നാലും ശക്രലോകത്തെന്നാകിലും
         
വേലയില്ല തവ ഹിതം വിക്രമേണ സാധിപ്പാനും
         
         
തിരശ്ശീല
         
         
രംഗം പത്ത്
         
ഹനുമാൻ, ഭീമൻ
         
മദ്ധ്യമാവതി-ചമ്പ
         
         
അഭ്യർത്ഥിതോ ദയിതയേവമദീനകാന്തി-
         
രഭ്യുൽപപാത ഗുരുശൈലവനം ഗദാവാൻ
         
തൽഭൂരിവേഗസത്വരവച്ഛലേന
         
പത്ഭ്യാം ഹതേന രുദിതം ഗിരിണാഭിയേവ
         
         
ശാതോദരീചടുലചാരുകടാക്ഷപാത-
         
പാഥേയവാൻ പ്രവിചരൻ പ്രിയസാഹസോസൌ
         
പാദപ്രപാതചകിതാഖിലസ്വത്വജാതം
         
വാതാത്മജോപി കദളീവനമാസസാദ
         
         
ആയാസഹീനമതിഘോരഗദാസഹായ-
         
മായാന്തമാശു ഹനുമാൻ ഭുജശക്തിമന്തം
         
രാമം സ്മരൻ സസുഖമത്ര തപഃ പ്രകുർവ്വൻ
         
ഭീമം സമീക്ഷ്യ സമചിന്തയ ദേവമന്തഃ
         
         
പല്ലവി
         
ആരിഹ വരുന്നതിവനാരുമെതിരില്ലയോ
         
പാരമിയലുന്ന മദമാർന്നു വിപിനേ
         
         
അനുപല്ലവി
         
         
വീരരസമേവ വിരവോടൊരു നരാകൃതി
         
ചാലവേ കൈക്കൊണ്ടു വന്നപോലെ
         
         
ഊരുവേഗംകൊണ്ടു ഭൂരിതരമായുള്ള
         
ഭൂരുഹസഞ്ചയം ഭൂമിയിൽ വീഴുന്നു
         
         
ഭീരുത കലർന്നിത ചമൂരുക്കളോടുന്നു
         
ചാരുതരമിവനുടയ ചാതുര്യമോർത്താൽ
         
         
മാതംഗയൂഥമഭിമാനം വെടിഞ്ഞുള്ളിൽ
         
ആതംഗമോടവശം ഓടുന്നഹോ
         
         
ഖേദേന കേസരികൾ കേവലം പേടിച്ചു
         
മേദുരഗുഹാന്തരേ മേവീടുന്നു
         
         
മനസി മമ കിമപി ബത മമത പെരുകുന്നിവനിൽ
         
അനിലസുതനിവനെന്റെ അനുജനല്ലോ
         
         
എടവട്ടം
         
         
കനിവൊടിവനുടെ ശക്തി കാൺകയും മമ തത്വം
         
ഇവനെ അറിയിക്കയും വേണമല്ലോ
         
         
മുൻകാലം
         
         
രാമജയ രാമജയ ലോകാഭിരാമ ജയ
         
രാവണാന്തക രാമ സീതാപതേ
         
         
കാമോദരി-ചെമ്പട
         
         
നിശ്ചിത്യ സോയമിതി തൽപഥി നിശ്ചലാത്മാ
         
പുച്ഛം നിധായ ജരസാർത്ത ഇവാത്ര ശിശ്യേ
         
ഗച്ഛൻ ഗദാഹതിപതൻ കദളീകദംബഃ
         
സ്വച്ഛന്ദശായിനമുവാച രുഷാ സ ഭീമഃ
         
         
വഴിയിൽനിന്നു പോക വൈകാതെ വാനരാധമ
         
വഴിയിൽനിന്നു പോക വൈകാതെ
         
         
പോകായ്കയിൽ നിന്നെ
         
മുഴുത്ത കോപമോടടുത്തു ഞാൻ നിന്റെ
         
കഴുത്തിലമ്പൊടു പിടിച്ചുടൻ
         
തഴച്ച നിന്നെ എറിഞ്ഞു ഞാൻ
         
വഴിക്കു പോവതിനനാകുലം
         
അറിഞ്ഞാലും നീ
         
കനത്ത ഹിമകരകുലത്തിൽ ഞാൻ
         
ജനിച്ച ഭൂപതി മരുൽസുതൻ
         
തനിച്ച വൈരിവിമർദ്ദനൻ
         
അതു നിനയ്ക്ക സമ്പ്രതി സുദുർമ്മതേ
         
         
കേട്ടാലുമെങ്കിൽ
         
വരിഷ്ഠനാകിയ നൃപോത്തമൻ
         
യുധിഷ്ഠിരന്റെ ഹിതേരതൻ
         
കനിഷ്ഠനാകിയ വൃകോദരൻ
         
ബലിഷ്ഠനെന്നതുമവേഹി മാം
         
         
പേടികൂടാതെ
         
മടിച്ചു മേ പഥി കിടക്കിലോ
         
തടിച്ച മർക്കട ജളപ്രഭോ
         
പടുത്വമോടുടനടുത്തു ഞാൻ
         
അടിച്ചു നിന്നുടൽ പൊടിച്ചിടും
         
         
നീലാംബരി-അടന്ത
         
         
രൂക്ഷാക്ഷരൈരിതി മുഹുർമ്മുഹുരാക്ഷിപന്തം
         
വീക്ഷന്നഥാർദ്ധവനിനിമീലിതചക്ഷുഷാ തം
         
പ്രക്ഷീണശക്തിരിവ വേപഥുമാൻ വിലക്ഷോ
         
ദക്ഷോപി ദീനവദുവാച തമൃക്ഷനാഥഃ
         
         
പല്ലവി
         
         
നൃപതേ ഞാനും ഉപചാരാദികൾ ചെയ്യാ-
         
ഞ്ഞതിനാലരുതു കോപം നൃപതേ
         
         
അനുപല്ലവി
         
         
ജരകൊണ്ടു നടപ്പാനും അരുതാതെ വലഞ്ഞുഞാൻ
         
ചിരകാലമിഹവാഴുന്നതു ഭവാനറിഞ്ഞാലും
         
         
നരന്മാരിലൊരുവനുമിതിലൂടെ വഴി
         
നടപ്പാറില്ലതു വീര ധരിച്ചാലും
         
സുരജനപരിഭവം വരുമിഹ ചരിക്കിലോ
         
നരവര വിരവോടു പുരമേവ ഗമിച്ചാലും
         
         
ഭീമൻ:
         
മുറിയടന്ത
         
         
നരന്മാരും സുരന്മാരുമൊരുമിച്ചു നേരെ
         
വരികിലുമൊരുഭയം നഹി മമ
         
വിരുതുള്ള മരുത്സുതനഹമെന്നതറിയാതെ
         
പറയായ്ക കപേ ഭീരുജനത്തോടെന്നതുപോലെ
         
         
(കുമതേ കാലം കളയാതെ ഗമിച്ചാലും കപിവര
         
വഴിയിൽ നിന്നു കുമതേ)
         
         
ഹനുമാൻ:
         
         
ഉലകിതിൽ ബലവാൻ ആകിയ ഭവാനെന്നെ
         
വിലംഘിച്ചു വിരവോടു ഗമിച്ചാലും
         
കലുഷതയതുകൊണ്ടു നഹി മമ മനതാരിൽ
         
അലസരിൽ കൃപ തവ കുലധർമ്മമറിഞ്ഞാലും
         
         
ഭീമൻ

വനചര തവ കുലമതിലുണ്ടു വായു-
         
തനയനായ്ക്കപികുലവരനാകും
         
ഹനുമാനാകിയ മമ സഹജനെ നിനച്ചെന്റെ
         
മനതാരിൽ മടി നിന്നെക്കടന്നുപോവതിനിപ്പോൾ
         

ഹനൂമാൻ
         
ഹനുമാനെന്നൊരു കപിവരനുണ്ടെന്നല്ലോ
         
മനുജപുംഗവ ഭവാൻ ചൊന്നതും
         
വിനയവാരിധേ മമ കൌതുകം വളരുന്നു
         
കനിവോടവനാരെന്നു പറക നീയെന്നോട്
         

ഭീമൻ
         
ഭുവനകണ്ടകനായ ദശകണ്ഠൻ തന്റെ
         
ഭവനം ചുട്ടെരിച്ചൊരു മഹാത്മാവാം
         
പവനന്ദനനായ ഹനുമാനെറയറിയാതെ
         
അവനിയിലൊരുവനിന്നേവനുള്ളു ശിവ ശിവ
         
ഹനൂമാൻ
        
മഹനീയഗുണ കരുണാംബുധേ മന്ദം
         
മമ വാലമപനീയ പോകെടോ നഹി
         
മമ ബലമിളക്കീടുവതിനുപോലും
         
നരവര വിലോകയ ജരകൊണ്ടു വിവശനായ്
         
         
നാട്ടുക്കുറുഞ്ഞി-ചെമ്പട
         
         
വാചം നിശമ്യ സമുപേത്യ കപേർബ്ബലീയാൻ
         
വാലാഗ്രമസ്യ നഹി ചാലയിതും ശശാക
         
വ്രീളാനതോ ഗതധൃതിർവ്വിവശോ വിവേകീ
         
പ്രോവാച വാനരവരം വചനം സശങ്കഃ
         
         
പല്ലവി
         
         
വാചം ശ്രൃണു മേ വാനരപുംഗമ
         
തേജോരാശേ സാദരമിപ്പോൾ
         
         
പാശധരനോ നീ ചൊൽക പാകവൈരിതാനോ വീര
         
കീശവരനല്ലെന്നതും കേവലം കരുതീടുന്നേൻ
         
         
സത്വസഞ്ചയങ്ങളിലും സത്വം നിന്നോളമില്ലാർക്കും
         
സത്വരമെന്നോടിദാനീം തത്വമുരചെയ്തീടേണം
         
         
ഹനുമാൻ:
         
രാവണാന്തകനായീടും രാമന്റെ ദൂതനാകും ഞാൻ
         
         
കാലം പതിഞ്ഞ്
         
         
താവകസഹജൻ മമ നാമം ഹനുമാനല്ലോ
         
(വാചം ശ്രൃണു മേ മാനുഷപുംഗവ)
         
         
എടവട്ടം
         
         
ബാലിഭയംകൊണ്ടു ഭാനുനന്ദനൻ വാഴുമ്പോൾ
         
വേല പലതും ചെയ്തവൻ വേദന കളഞ്ഞതും ഞാൻ
         
ജലവിലോചനയായ ജനകയെ കാൺമതിനായി
         
ജലധി ലംഘിച്ചു ലങ്കയെ ജ്വലനാൽ
         
സംഹരിച്ചതും ഞാൻ
         
         
ഭീമൻ:
         
         
ബാലതകൊണ്ടു ഞാൻ ചൊന്ന വാക്കുകൾ കരുതീടായ്ക

കാലിണ കൈവണങ്ങുന്നേൻ കാരുണ്യാംബുധേ സോദര
         
അഗ്രജ നീ ജലധിയെ വ്യഗ്രം കൂടാതെ കടന്ന
         
വിഗ്രഹം കാൺമതിനുള്ളിലാഗ്രഹം വളർന്നീടുന്നു
         

ഹനൂമാൻ

ആശയമതെങ്കിലിപ്പോൾ ആലോകയ മമ ദേഹം
         
         
കാലം പതിഞ്ഞ്
         
         
ആയാസമുണ്ടായീടൊല്ല ആവോളം ചുരുക്കീടുന്നേൻ
         
         
ധസമുദ്രസംലംഘരൂപദർശനേ
         
സമുത്സുകാ യാതികഠോരഭീഷണാം
         
സമീരജന്മാപി സമീപവർത്തിനേ
         
സമീരജായാത്മതനൂദർശയൽ
         
         
തതഃ സ്വരൂപം ഭയദം ഹനൂമതഃ
         
പ്രസിദ്ധകീർത്തേഃ പ്രസമീക്ഷ്യ പാണ്ഡവഃ
         
അതീവ ഭീതഃ പ്രണിപത്യ പാദയോ-
         
രിതീദമേനം വചനം ബഭാഷെപ
         
         
ശങ്കരാഭരണം-അടന്ത
         
         
ഭീയേതി ഭീമം പതിതം പദാന്തേ
         
പ്രഭഞ്ജനാത്മപ്രഭവഃ പ്രസാദാൽ
         
നിജാനുജം നീതിനിധിർന്നിരീക്ഷ്യ
         
സ സൌമ്യരൂപഃ സമവോചദേവം
         
         
പല്ലവി
         
         
ഭീതിയുള്ളിലരുതൊട്ടുമേ തവ
         
ഭീമസേന ശ്രൃണു ഭാഷിതം
         
         
അനുപല്ലവി
         
         
പ്രീതി പൂണ്ടീടുക മാനസേ രിപു-
         
ഭൂതിനാശന ഭവാനെടോ
         
സൌഹൃദേന തവ ദർശിതം മമ ദേഹമീദൃശമറികെടോ
         
ദേഹികളതിനെ കാൺകിലോ ബത മോഹമോടവശരായിടും
         
         
കാണിനേരമിനി വൈകാതെ ശുക
         
വാണിയാകിയൊരു നിന്നുടെ
         
പ്രാണവല്ലഭേടെ വാഞ്ഛിതം ജഗൽ-
         
പ്രാണനന്ദന ലഭിച്ചാലും
         
         
വന്യമാർഗ്ഗമിതു കാൺകെടോ ഭവദന്യദുർഗ്ഗമിതറിഞ്ഞാലും
         
ധന്യശീല പോക വൈകാതെ ഹൃദി ദൈന്യമാശുകളഞ്ഞീടുക
         
         
ശ്രീരാഗം-മുറിയടന്ത
         
ഭീമൻ:
         
         
കൌരവന്മാരോടു സംഗരമിനി ഘോരമായി മുതിരുമന്നു നീ
         
വീര ഞങ്ങളുടെ ചാരവേവന്നു വൈരിവീരരെ ഒടുക്കണം
         
മാരുതാത്മജ മഹാമതേ മയി ഭൂരി തേ കരുണവേണമേ
         
         
മാന്യനായ തവ സോദരൻ ശത-
         
മന്യുനന്ദനന്റെ കേതനേ
         
നിന്നു ഭീഷണരവേണ ഞാൻ
         
യുധി ശൂന്യമാക്കുവനരികളെ
         
         
തിരശ്ശീല
         
         
രംഗം പതിനൊന്ന്
         
മുഖാരി-ചെമ്പട
         
പരിരഭ്യ ഹനുമതോ വിസൃഷ്ടഃ
         
പരിഹൃഷ്ടഃ പ്രണതോ മരുത്തനുജഃ
         
പരിതോഥ വിലോകയൻ പ്രതസ്ഥേ
         
വനശോഭാമിതി വിസ്മിതോ ബഭാഷേ
         
         
ചൈത്രരഥകാനനത്തെ സത്രപമാക്കീടും
         
ചിത്രമാകുമീ വിപിനം എത്രയും മോഹനം
         
സ്നിഗ്ദ്ധതണൽപൂണ്ടു പൂത്തുനിൽക്കുന്നു തരുക്കൾ
         
മിത്രാംശുക്കൾപോലുമാഗമിക്കുന്നില്ലിവിടെ
         
കോമളാലാപകളായ കോകിലാംഗനമാർ
         
പൂമരങ്ങൾതോറും നിന്നു കൂകുന്നു മധുരം
         
വാമത കളഞ്ഞു സുരവാമലോചനമാർ
         
കാമുകന്മാരോടുംചേർന്നു കാമം രമിക്കുന്നു
         
കാസാരമിതല്ലോ മുമ്പിൽ കാണുന്നു വിപുലം
         
ഭാസുരകുസുമജാലവാസിതമമലം
         
ചഞ്ചരീകതതി വായു സഞ്ചലിതമായി
         
തേഞ്ചൊരിയും പൂവിലാർത്തു സഞ്ചരിക്കുന്നു
         
വേഗേന ചെന്നിതിനുടെ വേലാമാർഗ്ഗത്തൂടെ
         
ആഗമനം ചെയ്തീടുവാനാർത്തവത്തിനായി
         
         
രംഗം പന്ത്രണ്ട്
         
പന്തുവരാളി-അടന്ത
         
         
കുസുമാന്യപഹർത്തുമുദ്യതന്തം
         
കുരുവര്യം കുധിയഃ കുബേരഭൃത്യാഃ
         
കുതുകാത്സമുപേത്യ യോദ്ധുകാമാഃ
         
കുസൃതിജ്ഞാഃ പരിഭാഷിണോ ന്യരുന്ധൻ
         
         
ചോരനെപ്പോലെ മിണ്ടാതെ
         
കണ്ടുടനാരെടാ വന്നു പൂവറുക്കുന്നു
         
ഭീമനെന്നറിഞ്ഞീടുക മാം പ്രതി
         
ഭീതിയുള്ളവർ പോക വൈകാതെ
         
കൽഹാരങ്ങൾ തൊടായ്കെടാ നിന്നെ
         
കൊല്ലുന്നില്ല ഭയപ്പെടവേണ്ട
         
കഷ്ടവാക്കുകൾ ചൊല്ലുന്നതിന്നൊരു
         
മുഷ്ടിപോലും സഹിക്കാത്ത കൂട്ടം
         
പുഷ്ടിയുള്ളോരു നിന്റെ ശരീരം
         
മൃഷ്ടമായി ഞങ്ങളഷ്ടികഴിക്കും
         
ആശരന്മാരാം കാടു ദഹിപ്പിച്ചോരാശു-
         
ശുക്ഷണി ഞാനറിഞ്ഞാലും
         
നാടുവിട്ടിഹ നാണവുംകൂടാതെ
         
കാടുവാഴുന്ന ശൂരനല്ലോ നീ
         
മൃത്യുകാലത്തു ചൊല്ലുന്ന വാക്കുകൾക്കുത്തരം
         
ഗദകൊണ്ടറിഞ്ഞാലും
         
         
തിരശ്ശീല
         
         
രംഗം പതിമൂന്ന്
         
നാഥനാമാഗ്രി-ചെമ്പട
         
         
നിശമ്യ പൌലസ്ത്യനിദേശകാരിണാം
         
നിശാചരാണാം രുദിതം രുഷാന്വിതഃ
         
രുശന്നഥ ക്രോധവശസ്സമേയിവാ-
         
നശാന്തധീരക്ഷ ഇവാനിലാത്മജം
         
         
വാടാ പോരിന്നായി വൈകാതെ മാനുഷാധമ
         
ആടലകന്നു നിശാടകുലത്തൊടു
         
കൂടാ നരാധമ കപടപടുത്വം
         
നക്തഞ്ചരരുടെ ഭുക്തിക്കുള്ളൊരു
         
മർത്ത്യൻ വരവിതു ചിത്രമിദാനീം
         
രാത്രിഞ്ചരരെയമർത്തുതിമിർത്തൊരു
         
മർത്ത്യ നിനക്കൊരു മൃത്യുസമൻ ഞാൻ

ചെകിടുടയും പടി ചടുലചപേടകൾ
         
പൊടുപോടെയാമെന്നടികളിനാലെ
         
എന്തിഹ വന്നതെടാ നിശാചര എന്തിഹ വന്നതെടാ
         
ചിന്തയിലുള്ളൊരഹന്തകൾകൊണ്ടു
         
കൃതാന്തപുരത്തിനു യാത്രയായി നീ
         
ഗന്ധമിയന്ന സൌഗന്ധികമോഹം
         
വന്ധ്യം നിനക്കു നിനയ്ക്കിലവശ്യം
         
ഉദ്ധതവാക്കുകൾ ഉച്ചരിച്ചീടായ്ക
         
യുദ്ധത്തിനായി നടിച്ചു വന്നാലും
         
         
തിരശ്ശീല
         
         
രംഗം പതിന്നാല്
         
ഭീമൻ, പാഞ്ചാലി
         
ബലഹരി-ചമ്പ
         
         
സ്നിഗ്ദ്ധേരണ്യേ സുബഹുവിചരൻ വാനരേന്ദ്രാത്തസഖ്യോ
         
യുദ്ധേ ഹത്വാ നിശിചരവരം സാശരൌഘം കൃതാർത്ഥഃ
         
ബദ്ധാമോദൈരഖിലസുമനസ്സഞ്ചയൈരഞ്ചിതോയം
         
ശുദ്ധാം കാന്താം രഘുപതിരിവാവാപ ശുദ്ധാത്മികാം താം
         
         
മല്ലലോചനേ മാ കുരു ഖേദം
         
കല്യാണാലയേ നിന്നാൽ കാമിതങ്ങളായുള്ള
         
കൽഹാരകുസുമങ്ങൾ കണ്ടാലും നീ
         
മെല്ലവേ ധരിച്ചാലും ഉല്ലാസമോടുതന്നെ
         
മല്ലവേണിയിൽ മമ വല്ലഭേ വൈകാതെ
         
         
സുരവരതരുണിമാർ സുഖമോടു രമിച്ചീടും
         
സരണിയൂടെ ചെന്നു ഞാൻ സരസി വേഗാൽ
         
സരഭസമോടു വന്ന സകലാശരരെക്കൊന്നു
         
തരസാ സൌെഗന്ധികങ്ങൾ സപദി കൊണ്ടന്നേൻ
         
         
അനുപമരൂപനാകും അനിലനന്ദനനായ
         
ഹനുമാനെ പഥി കണ്ടേൻ ഹരിണാക്ഷി ഞാൻ
         
അനുസരിച്ചവനുടെ അനുജ്ഞയോടും കൂടി
         
മനുജഹീനമാം വഴി പുനരാശു ഗമിച്ചേൻ ഞാൻ
         
         
പാഞ്ചാലി:
         
         
സുരഭികളായുള്ള സുമങ്ങളിതെത്രയും
         
സുരുചിങ്ങളാകുന്നു സുമുഖ നൂനം
         
സുരവരലോകത്ത് സുദുർല്ലഭമാകുന്നു
         
സരസിജേക്ഷണ വായുതനയ നൂനം
         
(വല്ലഭ മോദം വളരുന്നതധികം)
         
         
കല്യാണസൌെഗന്ധികം സമാപ്തം

ശൂർപ്പണഖയുടെ മൂക്കും ചെവിയും മുലയും മുറിക്കൽ

ആദ്യമേ പറയട്ടെ, ഞാൻ ഉദ്ധരിയ്ക്കുന്നതെല്ലാം ഇന്റെർനെറ്റിൽ ലഭ്യമായ സ്രോതസ്സുകൾ ആണ്. അതിനാൽ ലിങ്ക് ഉണ്ട്. ശൂർപ്പണഖയുടെ അംഗവിഛേദം കഥകളിയിലും കൂട...