malayalam എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
malayalam എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

13 ഡിസംബർ 2020

Edge of the World and Sun set…

23 September 2020 National Day of Saudi Arabia (ബുധനാഴ്ച) 



കൊല്ലാകൊല്ലങ്ങളിലും പോകുന്ന എഡ്ജ് ഓഫ് ദ വേൾഡ്, എന്ന മരൂഭൂമി യാത്ര ഇപ്രാവശ്യവും ഉണ്ടായീ. കൊല്ലാകൊല്ലങ്ങൾ എന്നൊക്കെ പറയുന്നത് കുറച്ച് അതിശയൊക്തി എന്ന് അറിയാമെങ്കിലും, കഴിഞ്ഞ കൊല്ലം പോയതിന്റെ പരിണിതഫലം ആണ് ഇപ്രാവശ്യത്തെ യാത്ര. അത് വ്യത്യസ്തവുമായിരുന്നു.


അങ്ങനെ നോക്കുമ്പോൾ, ഞാൻ, അല്ല ഞങ്ങൾ, സൗദിയിലെ പലഭാഗത്തും യാത്രകൾ നടത്തിയിട്ടുണ്ട്. അതൊക്കെ സ്വന്തം, ഗൂഗിൾ മാപ്പ് ഇട്ടും ഗൂഗിൾ മാപ്പ് ഇല്ലാത്ത കാലത്തും എല്ലാം യാത്രകൾ നടത്തിയിട്ടുണ്ട്. 


മുൻപും എഡ്ജ് ഓഫ് ദ വേൾഡിലേക്ക് പോയിട്ടുണ്ട്. അന്നൊന്നും ഗൂഗിൾ മാപ്പ് ഇല്ലായിരുന്നു. കഴിഞ്ഞ കൊല്ലം ഗൂഗിൾ മാപ്പ് ഒക്കെ വെച്ച് പോയതാ. എഞ്ചോയ് ചെയ്ത് തിരിച്ച് വരുന്ന സമയത്ത് മരുഭൂമിയിലെ ഒരു ടെന്റ് കണ്ടു. ആർക്കും പ്രകൃതിയുടെ വിളികൾ അധികസമയം കേൾക്കാതിരിക്കാനൊന്നും വയ്യല്ലൊ. അങ്ങനെ ആ കണ്ട ടെന്റിൽ കയറി. അവിടെ ഇരുന്ന് പ്രകൃതിയുടെ വിളികൾ കേട്ടു, കൊണ്ടുവന്ന ഭക്ഷണം കഴിച്ചു. ടെന്റ് നോക്കുന്ന ഒരാൾ അതിനനുവദിച്ചു കുഞ്ഞുകുട്ടി പ്രാരാബ്ധങ്ങൾ കണ്ടാൽ ഏതൊരു മനുഷ്യനും ഉണ്ടാകുന്ന ഫീലിങ്ങ്സ് വെച്ച് ആ ചങ്ങാതി സമ്മതിച്ചു. ഞങ്ങൾ അങ്ങിനെ ഇരിക്കുമ്പോൾ ഒരാൾ വന്ന് കശപിശ, ഞങ്ങളോടല്ല, ആ ടെന്റ് നോക്കുന്ന പാവം മനുഷ്യനോട് ആയിരുന്നു കശപിശ. ആളോട് കാര്യം ചോദിച്ചപ്പോൾ ആൾ പറഞ്ഞു ഇനീം ആളുകൾ വരും അവരൊക്കെ ബുക്ക് ചെയ്ത് വരുന്നതാണെന്നൊക്കെ. അതായത് സൗദിയിൽ, ടൂർ ഓപ്പറേഷന്റെ ഭാഗമായി, ഉണ്ടാക്കിയ ടെന്റ്, അതിൽ ഒരു ടൂർ ഓപ്പറേഷൻ കമ്പനിക്കും പൈസ കൊടുക്കാതെ ഞങ്ങൾ അവരുടെ ഫെസിലിറ്റി ഉപയോഗിക്കുന്നു എന്ന്. അപ്പോൾ ഞാൻ അവരുടെ കമ്പനിയെ പറ്റിയും എല്ലാം ചോദിച്ചു. അവരുടെ ബ്രോഷർ തന്നു. അത് ഞാൻ മൊബൈലിൽ ഫോട്ടോ എടുത്ത് വെച്ചു.
ഇപ്പോൾ സൗദിയിൽ ചൂട് വിട്ട കാലം. ആ ബ്രോഷർ ഓർമ്മിച്ചു. അതിലെ വാട്സപ്പ് നമ്പറിൽ ഞാൻ കോണ്ടാക്റ്റ് ചെയ്തു. അവർ എനിക്ക് പുതിയ ബ്രോഷർ അയച്ച് തന്നു. അതും എഡ്ജ് ഓഫ് ദ വേൾഡ് യാത്ര തന്നെ. പക്ഷെ അത് വൈകുന്നേരം. സൺ സെറ്റ്, അറ്റ് എഡ്ജ് ഓഫ് ദ വേൾഡ് എന്ന്. കേറി പിടിച്ചു ഞാൻ. ഒരാൾക്ക് 120 റിയാൽ. 8 പേരിലധികം ഉണ്ടെങ്കിൽ ഡിസ്കൗണ്ട് എന്ന് വാട്സപ്പ് മെസേജ്.. ഞാൻ കൊണ്ട് പിടിച്ച് നോക്കി 4 പേരെ കിട്ടി. അങ്ങനെ ഞങ്ങൾ യാത്ര തുടങ്ങി. ഞങ്ങടേ വണ്ടിയിൽ അല്ലാ അവരുടെ ബസ്സിൽ. ഞങ്ങടെ വണ്ടി എങ്കിൽ 50 റിയാൽ മാത്രം. അതിനു ഞങ്ങടെ കയ്യിൽ ഫോട് വീൽ ഡ്രൈവ് വണ്ടികൾ ഇല്ല.. അപ്പോൾ അവരുടെ ഒപ്പം എന്ന് തന്നെ തീരുമാനിച്ച് ധീരമായി ഞങ്ങൾ മുന്നോട്ട് പോയീ.


അവർ ഞങ്ങൾക്ക് മീറ്റിങ്ങ് പോയന്റ് ഗൂഗിൾ മാപ് കോർഡിനേറ്റ്സ് ഇട്ട് തന്നിറ്റുണ്ടായിരുന്നു. അത് പ്രകാരം കിങ്ങ് ഖാലിഡ് റോട്ടിലെ സാദ് സ്ക്വയറിലെ സ്റ്റാർബക്സ് കോഫീഹൗസ് ആയിരുന്നു ലക്ഷ്യം. അവിടെ എത്തി ഞങ്ങൾ. അന്യോന്യം പരിചയമില്ലാത്തതിനാൽ അവർ മൊബൈലിൽ വിളിച്ചു തൊട്ട് മുൻപിരുന്ന് ഞാൻ മൊബൈൽ ആൻസർ ചെയ്യുന്നത് കണ്ടപ്പോൾ അവർ വരൂ വരൂ എന്ന് പറഞ്ഞ് ഇരുത്തി. ഞങ്ങളുടെ കയ്യിൽ നിന്ന് പൈസ വാങ്ങി മാത്രമല്ല കയ്യിൽ കെട്ടാൻ ഒരു ടാഗ്, പിന്നെ വളപോലെ മറ്റൊരു ടാഗ്, അതും കൂടെ കഴിഞ്ഞ് രാത്രി സമയത്ത്‌  ഓൺ ചെയ്യണ്ട ഒരു മിന്നാമിനുങ്ങിയും തന്നു. അതൊക്കെ ഞങ്ങൾ ധരിച്ചു. മിന്നാമിനുങ്ങിയെ ഷർട്ടിന്റെ കാണാൻ പാകത്തവിധത്തിലും ധരിച്ചു. 


ഉച്ചയ്ക്ക് 2.40 സമയത്തിനു യാത്ര തുടങ്ങാം എന്നാ അവർ പറഞ്ഞത് എങ്കിലും മൂന്നുമണിയോടെ യാത്ര തുടങ്ങി. എന്റെ ബസ്സിൽ 8 പേർ. കൂടാതെ 3 ഗൈഡുകളും അതിൽ ഒരു പെൺകുട്ടിയും. ഡ്രൈവറും ഉൾപ്പെടും. ഞങ്ങളുടെ ബസ്സ് കൂടതെ ഒരു ബസ്സും കൂടെ ഉണ്ട്. അതിലെത്ര പേർ എന്ന് ചോദിച്ചാൽ ഒരു പതിനഞ്ച് മാക്സിമം ഉണ്ടാകും, അവർ കൂട്ടമായി ബുക്ക് ചെയ്തതാ എന്ന് തോന്നുന്നു. അത് കൂടാതെ അവനവന്റെ ഫോർ വീൽ ഡ്രൈവ് വാഹനങ്ങൾ ഒരു പത്തെണ്ണം ചുരുങ്ങിയത് ഉണ്ടായിരുന്നു. 


വൈകുന്നേരം മൂന്നുമണിയോടെ ഞങ്ങൾ യാത്ര പുറപ്പെട്ടു. മക്ക റോഡിലൂടെ ഷക്ര ഭാഗത്തേയ്ക്കാണ് യാത്ര. ഷക്രയിലേക്ക് അനവധി പോയതാണ് ഞാൻ. 

ടൂർ തുടങ്ങുന്നതിനു മുന്നെ ഞങ്ങൾക്ക് കയ്യിലിടാൻ രണ്ട് ബാന്റുകളും, പിന്നെ ഒരു ചെറിയ ലൈറ്റ്, ഷർട്ടിൽ പിൻ ചെയ്ത് വെക്കാൻ തന്നിരുന്നു. അത് ഇരുട്ടത്ത് നീലയും ചുവപ്പും ആയി നിറമുള്ള പ്രകാശം പരത്തും എന്നവർ പറഞ്ഞു.


പോയത് മക്ക റോഡ്, ഷക്ര വഴി ഒനയ്ന, വഴി. എന്നിട്ട് ഏതോ ഒരു പോയന്റിൽ യൂടേൺ അടിച്ച് പെട്ടെന്ന് തന്നെ ഓഫ് റോഡ് ആയി. ഞങ്ങൾ പണ്ട് പോയതൊക്കെ ഗൂഗിൾ മാപ്പ് നോക്കി. ഗൂഗിൾ മാപ്പ് ഇല്ലാതേയും പൊയീട്ടുണ്ട്. അതൊക്കെ വളരെ ശ്രദ്ധിച്ച്. എന്തൊക്കെ ശ്രദ്ധകളാന്നറിയില്ലാ!. ബ്ടെ അവർകൊന്നും ഒരു നോട്ടവുമില്ല, ഡ്രൈവിങ്ങിലേ ശ്രദ്ധിക്കുന്നില്ല എന്നപോലേയാ. എന്നാൽ അവർ നല്ല ഡ്രൈവേഴ്സ് ആണ് ട്ടൊ. അവരുടെ നാട്ടിൽ കണ്ണും കെട്ടി പോയാൽ അവരെവെഇടേയ്ക്കും എത്തും എന്നത് സത്യം!. ആ ഒരു ഫ്രീഡം അവരുടെ അനായാസ ഡ്രൈവിങ്ങിൽ ഉണ്ട്. അത് പക്ക റോഡ് ആയാലും അതല്ലാ പക്കാ മരുഭൂമി ആയാലും. ആ രീതി നമ്മളിലും ഒരു കോൺഫിഡൻസ് നിറയ്ക്കും. ഇത് ഞാൻ സ്വയം ഡ്രൈവ് ചെയ്ത് പോയാൽ ഉണ്ടാകില്ല, എന്നത് ഉറപ്പ്.


ആദ്യത്തെ ലക്ഷ്യം സൂര്യനസ്തമിക്കുന്നത് എഡ്ജ് ഓഫ് ദ വേൾഡിലെ ആ മുനമ്പിൽ ഇരുന്ന് കാണുക എന്നതായിരുന്നു. ഞങ്ങൾ അവിടെ സമയത്തിനെത്തി. ബേസ് ക്യാമ്പിൽ ധാരാളം പഴവർഗ്ഗങ്ങളും സ്നാക്സും വെള്ളവും എല്ലാമുണ്ടായിരുന്നു. അത്യാവശ്യം ഭക്ഷിച്ച് എന്റെ വയറിന്റെ ആളൽ ഒന്നടക്കി ഞങ്ങൾ. ബേസ് ക്യാമ്പിൽ ബസ്സിറങ്ങി പിന്നെ അത്യാവശ്യം ദൂരം നടക്കണം. ഉയർച്ചയും താഴ്ച്ചയും ഒരു ജാതി പാറക്കല്ലുകളും എല്ലാമുള്ള പാതയിലൂടെ ഞങ്ങൾ നടന്നു. മുനമ്പ് കണ്ടു. കണ്ടപ്പോൾ തന്നെ ഞാൻ പോകുന്നില്ല അവിടേക്ക് എന്ന് തീർച്ചയാക്കി. ഒന്ന്, ഉയർച്ച എനിക്ക് പേടി. പിന്നെ അത്ര സ്മൂത്ത് അല്ലാത്ത പാത. എപ്പോഴും തെന്നി വീഴാം. വീണാൽ പിന്നെ തുടച്ച് എടുക്കാൻ കൂടെ കിട്ടില്ല!. എന്റെ ചെരുപ്പ് എല്ലാം പഴേത് ഗ്രിപ്പ് ഒട്ടും ഇല്ലാ. ആകപ്പാടെ ഞാൻ പോകുന്നില്ല എന്ന് ഉറപ്പിച്ചു എങ്കിലും ഒപ്പം ഉള്ള രാജീവ് എന്ന സുഹൃത്ത് അവിടെ പോയി. ഞാൻ ദൂരെ ഇരുന്ന് കുറേ ഫോട്ടോസും വീഡിയോസും എല്ലാം എടുത്തു. തിരക്ക് കൂടിക്കൂടി വരുന്നു. വല്ലാതെ തിരക്ക് വരുന്നതിനു മുന്നേ ഞാൻ, മുനമ്പിന്റെ അടുത്ത് നിന്നും ഒറ്റയടിപ്പാതയിലൂടെ തിരിച്ച് സേഫ് ആയ സ്ഥലത്ത് എത്തി. ആ ഒറ്റയടിപ്പാതയുടെ ഒരു സൈഡ് അങ്ങ് തൂങ്ങാം കുഴിയാണ്, അവിടുന്ന് മരുഭൂമി വിശാലമായി മലർന്ന് വിരിഞ്ഞ് കിടക്കുന്നു. സത്യത്തിൽ ഒരു കടലിന്റെ അഗാധതയൊക്കെ ഉണ്ട്. അതിനുമപ്പുറം ആദിത്യൻ അസ്തമിക്കുന്നു. വല്ലാത്ത ഒരു കാഴ്ച ആയിരുന്നു അത്. പറഞ്ഞറിയിക്കാൻ വയ്യാ! ആ മുനമ്പ് കണ്ടപ്പോൾ ലയൺ കിങ്ങ് എന്ന സിനിമയിലെ കുട്ടി സിംഹം ഒരു ഉയരമുള്ള പാറയുടെ മുകളിൽ കയറി ഗർജ്ജിക്കുന്ന സീൻ ഓർമ്മ വന്നൂ. ആ സീനിന്റെ ചിത്രങ്ങളും ധാരാളം ആണല്ലൊ.


മുൻപും അവിടെ പോയിട്ടുണ്ടെങ്കിലും, സൂര്യാസ്തമയം അവിടെ ആദ്യം ആയി കാണുന്നു. പലപ്പോൾ പോയതും പകൽ സമയത്തായിരുന്നു. കാരണം സ്വന്തം വാഹനത്തിൽ ഇരുട്ടി തിരിച്ച് ഡ്രൈവ് ചെയ്യുന്നതിനു ആത്മവിശ്വാസം ഇല്ലാ. വഴിതെറ്റാം. കുടുങ്ങാം. ഇത് മരുഭൂമി അറിയുന്നവർ ആണ് നമ്മളേ കൊണ്ട് പോകുന്നത് എന്നതിന്റെ ഒരു ആത്മവിശ്വാസം ഉണ്ട്. കഴിഞ്ഞ കൊല്ലം പോയപ്പോൾ അവിടെ മൊബൈൽ സിഗ്നൽ കൂടെ കിട്ടിയില്ലായിരുന്നു. ഇപ്പോൾ പോയപ്പോൾ സിഗ്നലൊക്കെ കിട്ടി. എല്ലാ കമ്പനികളുടേയും മൊബൈലുകൾക്ക് സിഗ്നൽ ഇല്ലാ എന്നും മനസ്സിലായി.


ഞങ്ങൾ തിരിച്ച് ടൂർ ഓപ്പറേറ്ററുടെ ബേസ് ക്യാമ്പിലേക്ക് എത്തി. ഇരുട്ടായിരുന്നു. ഒന്ന് ഇരുന്ന് വിശ്രമിച്ചു. ഞങ്ങൾ പലരും ഫ്രൂട്സ്സ് എല്ലാം കഴിച്ച് വിശ്രമിച്ചപ്പോൾ ക്വാഡ് ബൈക്കുകൾ റെഡി, രണ്ട് പേരായി വന്ന് ബൈക്ക് റൈഡ് ചെയ്യാൻ അറിയിച്ചു. ഞാൻ മുൻപ് ബൈക്ക് റൈഡ് ചെയ്തിട്ടുണ്ട് എന്നതിനാലും മറ്റുള്ളവരുടെ ഉത്സാഹവും കൂടെ കണ്ടപ്പോൾ ഞാൻ ഒഴിഞ്ഞു. ലിംഗഭേദമന്യേ പലരും ബൈക്ക് ഓടിച്ചു. എന്റെ സുഹൃത്ത് പോയി ഒരു സ്ഥലത്ത് എത്തിയപ്പോൾ, പെട്രോൾ കഴിഞ്ഞ് ബൈക്ക് ഓഫായി. രാത്രി ആയപ്പോളാണ്, ഷർട്ടിൽ പിൻ ചെയ്യാൻ തന്ന ലൈറ്റിന്റെ ഗുണം അറിഞ്ഞത്. ബൈക്ക് അവിടെ ഇട്ട് ആൾ നടന്ന് വന്നു. ടൂർ ഗൈഡിനോട് പറഞ്ഞപ്പോൾ ആൾ പോയി ബൈക്ക് കൊണ്ട് വന്നു. 


പകുതി ചന്ദ്രൻ ആകാശത്ത് തിളങ്ങി നിൽക്കുന്നുണ്ടായിരുന്നു. അതി ദൂരത്ത് റോഡ് സൈഡിലെ മഞ്ഞ സ്റ്റ്രീറ്റ് ലൈറ്റുകൾ തെളിഞ്ഞ് നിൽക്കുന്നത് ഒരു നേരിയ രേഖപോലെ കാണാമായിരുന്നു. ഒരു കാറ്റ് എപ്പോഴും വീശുന്നുണ്ടായിരുന്നു. തണുപ്പുമില്ല ചൂടുമില്ല. നല്ല കാലാവസ്ഥ. ഫാമിലിയെ മിസ്സ് ചെയ്തു എന്ന് സിംഗിൾ ആയ ആരും വിചാർക്കും. അത്ര നല്ല മൂഡ് തരുന്ന അന്തരീക്ഷം.


ആളുകൾ ടെന്റിൽ ഇരുന്ന് പാട്ട് പാടുന്നു. റിലാക്സ് ചെയ്ത് ശീഷ (ഹുക്ക) വലിക്കുന്നു (പുകവലി തന്നെ) ഞാൻ ടെന്റുകളുടെ പിൻഭാഗത്ത് ചെന്നപ്പോൾ അവിടെ ഒരു വണ്ടി ഹെഡ്‌ലൈറ്റ് ഇട്ട് നിൽക്കുന്നു. മുന്നിൽ ചിലർ കൂടിയിട്ടുണ്ട്. ദൂരെ ഒരു നാലഞ്ച് സ്പൂൺ കുത്തിനിർത്തിയപോലെ ഒരു സംഗതിയും അതിനു മുന്നിൽ ഒരു ലൈറ്റും. കൂടിയിരുന്ന ആളുകൾ ഓരോരുത്തർ ആയി ഒരു എയർ ഗൺ പോലെ ഉള്ള ഒന്ന് ഉന്നം വെച്ച്, ലക്ഷ്യം ആയ ആസ്പൂൺ പോലുള്ളതിന്റെ ഭേദിക്കാൻ നോക്കുന്നു. ആർക്കും പറ്റിയില്ല. എനിക്കും പറ്റിയില്ല. ഉണ്ട അവിടം വരെ എത്തുന്നുണ്ടോ എന്ന് കൂടെ എനിക്ക് സംശയം ആയി. ഉണ്ട, ഗൈഡ് കയ്യിൽ വെച്ച് കാണിച്ച് തന്നു വളാരെ ചെറിയ ഒരു സാധനം. അതല്ല രസം, ഞാൻ ആദ്യമായി ഒരു തോക്ക് എടുത്ത് എന്റെ തോളിൽ വെക്കുന്നു, എന്നിട്ട് വെടി വെക്കുന്നു. എന്റെ കൈ വിറച്ചു എന്നത് വാസ്തവം. വെടിവെക്കുന്ന എന്റെ ഫോട്ടോ എടുക്കാൻ ഗൈഡിനോട് പറഞ്ഞിരുന്നു. അത് ആൾക്ക് പറ്റിയില്ല. അതിനാൽ ഞാൻ ഒന്ന് രണ്ട് വട്ടം പിന്നേയും പരിശ്രമിച്ചു. ഒന്നും വിജയിച്ചില്ലെങ്കിലും തോക്ക് ചൂണ്ടി നിൽക്കുന്ന എന്റെ ഒരു ഫോട്ടോ എടുക്കാൻ പറ്റീ.


അങ്ങിനെ രസമായി സമയം ചെലവഴിച്ച് ഇരിക്കുമ്പോൾ സമയം എട്ടര കഴിഞ്ഞു. ഡിന്നർ റെഡി എന്ന് പറഞ്ഞപ്പോൾ ഡിന്നർ കഴിക്കാൻ ഞങ്ങൾ പോയി. ഫഹാം, റൈസ്, ഹുമൂസ്, സലാഡ്, റൊട്ടി, പിന്നെ ഡ്രിങ്ക്സ് ആയി മിരിന്റ, പെപ്സി, സെവൻ അപ്പ് എന്നിത്യാദികളും വെള്ളവും. ഡിന്നർ അല്ലെ, അധികം ഒന്നും ഞാൻ കഴിച്ചില്ല. വിശക്കരുത് എന്നതിനു വേണ്ടി അല്പം കഴിച്ചു. ഡിന്നർ കഴിഞ്ഞ് ഒരു റാഫിൾ ഉണ്ടായിരുന്നു. അത് കിട്ടിയത് ഞാൻ അറിയാത്ത രണ്ട് പേർക്ക്. അൽ ഉലയിലേക്ക് ട്രിപ്പ് ഉണ്ട്, അത് മുഴുവനും അവർക്ക് സൗജന്യമായി ഞങ്ങടെ ടൂർ ഓപ്പറേറ്റർ ചെയ്ത് കൊടുക്കും. അതാണ്  റാഫിൾ സമ്മാനം. ഒട്ടും മോശമല്ല അത്. അൽ ഉലയിലേക്ക് ഞാൻ മുൻപ് പോയിട്ടുണ്ട് രണ്ട് തവണ. ഹിസ്റ്റോറിക്കൽ സ്ഥലം ആയ, യുനസ്കോ ഹെറിറ്റേജ് സൈറ്റുകളിൽ പെട്ട മദയിൻ സാലേ എന്ന പ്രദേശവും ഉൾപ്പെട്ട അൽ ഉല അതി സുന്ദരം തന്നെ. സൗദിയുടെ പിങ്ക് പ്രൊവിൻസ് ആണത്.


രാത്രി പത്ത് മണി കഴിയുന്നത് വരെ ഞങ്ങൾ മരുഭൂമിയുടെ രാത്രി സൗന്ദര്യം ആസ്വദിച്ച് ഇരുന്നു. അത് വല്ലാത്ത അനുഭൂതി തന്നെ ആയിരുന്നു. തിരിച്ചുള്ള യാത്ര തുടങ്ങി. ടൂർ ഓപ്പറേറ്ററുടെ സീനിയർ മാനേജർ/മുതലാളി എന്നൊക്കെ തോന്നിക്കുന്ന ഒരാൾ തന്റെ ടൊയോട്ട വണ്ടിയിൽ നിറയെ ലൈറ്റുകളുമൊക്കെ ആയി അവിടെ വന്നിരുന്നു. ഞങ്ങളുടെ ഒപ്പം ഒന്നുമല്ല. എപ്പോഴോ അവിടെ എത്തി. ഞങ്ങളുമായി സംസാരിച്ചു. എന്നിട്ട് അദ്ദേഹം എങ്ങനെ മരുഭൂമിയിലൂടെ യാത്ര ചെയ്യുന്നു എന്ന് ഞാൻ അന്തം വിടുന്ന രീതിയിൽ ഞങ്ങളെ വെട്ടിച്ച്, ഒരു ഗുഹാമുഖത്ത് കൊണ്ട് ചെന്ന് നിർത്തി. ഗുഹാമുഖം അദ്ദേഹത്തിന്റെ വണ്ടിയിലെ ലൈറ്റുകളുടെ പ്രകാശം മൂലം അത് മനോഹരമായി കാണപ്പെട്ടു. ഞങ്ങളും ബസ്സ് നിർത്തി. ഗുഹയിലേക്ക് കയറണ്ടവർ കയറി. അവിടേയും ഞാൻ ഒഴിഞ്ഞു. കാരണം ഞാൻ അവിടെ ആ ഗുഹയിൽ കഴിഞ്ഞ കൊല്ലം കയറിയിട്ടുണ്ട്. മനുഷ്യനിർമ്മിതം ഒന്നും അല്ല ഗുഹ. അതും പ്രകൃതിദത്തം തന്നെ. ഉള്ളിൽ ഇരുട്ടിനു അവരുടെ കയ്യിൽ ലൈറ്റ്സ് ഉണ്ടായിരുന്നു. എന്നാലും ഹ്യുമിഡിറ്റി അവിടെ ഗുഹയുടെ ഉള്ളിൽ കൂടും എന്നും അനുഭവം. സ്ത്രീകളാടക്കം മിക്കവരും ഉള്ളിലേക്ക് പോയി. ഞാൻ ഞങ്ങടെ ബസ്സിൽ ഉണ്ടായിരുന്ന, റ്റൂർ ഗൈഡ് എന്ന് എനിക്ക് തോന്നിയ ഒരു പെൺകുട്ടിയോട് സംസാരിച്ചു. അവളോട് ഞാൻ ഇത് പാർട്ട് ടൈം ജോലിയാണോ എന്ന് ചോദിച്ചപ്പോൾ, അവൾ പറാഞ്ഞു ഇംഗ്ലീഷ് അറിയില്ല എന്ന്. ഹയ എന്നാണ് പേരെന്ന് പറഞ്ഞ് ഓടിപ്പോയി, ഇംഗ്ലീഷ് അറിയുന്ന മറ്റ് ഗൈഡുകളിലെ ഒരാളെ വിളിച്ച് കൊണ്ട് വന്ന് എന്റെ ചോദ്യങ്ങൾ അറബിയിലേക്ക് ഭാഷാന്തരീകരണം നടത്തി. അവൾ ടൂർ കമ്പനിയുടെ മുതലാളിയുടെ മകൾ എന്ന് അറിഞ്ഞു. ഒരു ടീനേജർ,അതിന്റെ ഉത്സാഹം ഞാൻ ടൂർ തുടങ്ങുമ്പൊഴേ ശ്രദ്ധിച്ചിരുന്നു. ഗുഹയിൽ നിന്ന് യാത്ര തുടങ്ങിയപ്പോൾ അവൾ അവളുടെ സഹോദരന്റെ ഒപ്പം പോയി. ഞങ്ങൾ തിരിച്ച് റിയാദിലേക്ക് യാത്ര തുടങ്ങി. അപ്പോൾ സമയം 10.45 കഴിഞ്ഞിരുന്നു.


ഈ ഗുഹാമുഖത്തിനടുത്തായിരുന്നു, കഴിഞ്ഞ കൊല്ലം ടൂർ ഓപ്പറേറ്ററുടെ ക്യാമ്പ് ഉണ്ടായിരുന്നത്. അവിടെ ഞങ്ങൾ കയറി ഇരുന്ന് ഭക്ഷണം കഴിക്കൽ, പ്രകൃതിയുടെ വിളി കേൾക്കൽ എല്ലാമുണ്ടായതും ആണ്. അങ്ങനെ ആണ് എനിക്ക് ഇവരുടെ നമ്പർ കിട്ടുന്നതും. കഴിഞ്ഞ കൊല്ലം കൊരൊണ ഇല്ലായിരുന്നല്ലൊ.


രാത്രി 11.30നോടൊപ്പം ഞങ്ങൾ മരുഭൂമി വിട്ട് ടാറിട്ട റോഡിൽ കയറി. സുഡൂസ്, അൽ ഉനെയ്ന, അൽ ജുബേല എന്നീ ഗ്രാമങ്ങളിലൂടെ ആയിരുന്നു യാത്ര. ഉനെയ്നയിൽ ഒരു ട്രെഡിഷണൽ സൗദി വില്ലേജ് ഉണ്ട് എന്ന് ഗൈഡ് പറഞ്ഞപ്പോൾ തന്നെ, ഒറ്റയ്ക്കൊരു യാത്ര അവിടേക്ക് മനസ്സിൽ തീരുമാനിച്ചു. 


ദിരിയയ്ക്ക് പോകുന്ന വഴി, കിങ്ങ് ഖാലിദ് റോട്ടിലെ, സാദ് സ്ക്വയറിലുള്ള സ്റ്റാർബക്സ് കാപ്പി പീടിയകയിൽ നിന്നായിരുന്നു ഞങ്ങളുടെ യാത്രയുടെ തുടക്കം. 12.30 ഓടെ ഞങ്ങൾ അവിടെ തിരിച്ച് എത്തി. സൗദി നാഷണൽ ഡേ ആണ് സെപ്റ്റംബർ 23. സൗദിയുടെ തൊണ്ണൂറാം പിറന്നാൾ ദിവസം. സ്റ്റാർബക്സ് കാപ്പി പീടികയിൽ നിന്ന് ഞങ്ങൾ അവിടെ പാർക്ക് ചെയ്ത എന്റെ കാറിൽ തിരിച്ച് വീടുകളിലേക്ക് എത്താനായി പുറപ്പെട്ടു. നാഷണൽ ഡേ ആഘോഷത്തിന്റെ ഭാഗമായി അത്യാവശ്യം തിരക്ക് റോഡിലുടനീളം ഉണ്ടായിരുന്നു. എങ്കിലും ഞാൻ എന്റെ സൗദി “ഡ്രൈവിങ്ങ് സ്കിൽ“ പുറത്തെടുത്ത് കൂട്ടത്തിലുള്ളവരെ അവരുടെ വീടുകളിൽ ആക്കി, എന്റെ സ്ഥലത്ത് ഒരു ഒന്നേമുക്കാലിനു എത്തി. ഒന്ന് ഫ്രഷായി കിടന്നതേ ഓർമ്മ ഉള്ളൂ. അതിഗംഭീരമായ ഉറക്കം കിട്ടി. അങ്ങനെ ഒരു ട്രിപ്പ് അവസാനിച്ചു.


Sunset video

https://youtu.be/O-sZUm8F2Xc

Sunrise video
https://youtu.be/9qgVGjxcJIY





17 ഒക്‌ടോബർ 2019

My youtube Kathakali Channel

എന്റെ മൂന്ന് പ്ലേലിസ്റ്റുകൾ

1) ചെമ്പൈ വൈദ്യനാഥഭാഗവതർ
https://youtu.be/m5-0i7xIyck
എകദേശം പതിമൂന്നു മണിക്കൂർ കേൾക്കാം.

2) കർണ്ണാട്ടിക്ക് മ്യൂസിക്ക് അൺലിമിറ്റഡ്
https://youtu.be/cQG0kLVESgo
ഇതിൽ ചെമ്പൈ കച്ചേരികളും പെടും. ഏകദേശം മുപ്പത്തിയഞ്ച് നാൽപ്പത് മണിക്കൂറിനുള്ളത് ഉണ്ട്.

3) കഥകളിപ്പദം അൺലിമിറ്റഡ്
https://youtu.be/Y3qdATAsXzE
ഇതും അതേ മുപ്പത്തിയഞ്ച് നാൽപ്പത് മണിക്കൂറിനുള്ളത് ഉണ്ട്.

ഇനിയും കൂടാം :) :)
https://www.youtube.com/user/mbsunilkumar

05 സെപ്റ്റംബർ 2019

സിവിയും ദസ്തെയെവ്സ്കിയും പ്രേമത്തിന്റെ പീഡാനുഭവം

സിവിയും ദസ്തെയെവ്സ്കിയും പ്രേമത്തിന്റെ പീഡാനുഭവം
ഡോക്ടർ: എം .എം. ബഷീർ
H&C Book publishers
ഒരു കുഞ്ഞുപുസ്തകമാണിത്. ഇതിൽ ആദ്യഭാഗം മുഴുവൻ സിവി രാമൻ പിള്ളയുടെ ഒരു കഥാപാത്രത്തേയും പിന്നീട് ദസ്തെയെവ്സ്കിയുടെ സമാനകഥാപാത്രത്തേയും വിവരിച്ചിരിക്കുന്നു. അവസാനം ഒരു കുഞ്ഞു ഖണ്ഡികയിൽ അവർ തമ്മിലുള്ള സാമ്യത്തേയും പറഞ്ഞിരിക്കുന്നു. സിവിയുടെ കഥാപാത്രങ്ങളെ പറ്റി പ്രതിപാത്രം ഭാഷണഭേദം എന്ന പുസ്തകത്തിൽ നിന്നും അൽപ്പം ഉദ്ധരിച്ചിട്ടുണ്ട്.  അതിൽ കൂടുതൽ ഒന്നും ഇല്ലാ ഇതിൽ.
വാസ്തവത്തിൽ ഡോ:എം.എം.ബഷീർ എന്തിനാണിങ്ങനെ ഒരു കുഞ്ഞുപുസ്തകം എഴുതി എന്നെ പോലെയുള്ളവരുടെ കാശ് കളയുന്നത് എന്ന് തോന്നിപ്പോയീ. How Fiction Works (By James Wood, Vintage Books, London) എന്നപുസ്തകമോ, എന്തിനു പ്രതിപാത്രം ഭാഷണഭേദമോ മാതൃകയാക്കിയാൽ തന്നെ ഈ പുസ്തകം ഇതിലധികം നന്നാവുമായിരുന്നൂ എന്ന് തോന്നി. ഇത് സിവിയേയും ദസ്തെയെവ്സ്കിയേയും ഉദ്ധരിക്കാനൊരു പുസ്തകം എന്നതിൽ കവിഞ്ഞ് മറ്റൊന്നും ഇല്ലാ.
ആയതിനാൽ നിങ്ങളുടെ ആയാലും ശരി എന്റെ ആയാലും ശരി, കാശ് വെറുതെ കളയാൻ താല്പര്യമില്ലാത്തതിനാൽ ഈ പുസ്തകത്തെ പറ്റി മറ്റൊന്നും പറയുന്നില്ല. സോറി.

12 ജൂലൈ 2019

കഥയില്ലാത്തവന്റെ കഥ - എം. എൻ പാലൂർ



കഥയില്ലാത്തവന്റെ കഥ എന്നാണ് പേർ. ഒരു കഥയുമില്ലാത്തവൻ എന്ന് വിനയം. താൻ വല്ലാത്ത പഹയനൊന്നും അല്ല എന്ന വിനയം മാത്രമല്ല അതിൽ ഉൾക്കൊണ്ടിരിക്കുന്നത്. പ്രപഞ്ചത്തെയാകെ സമഭാവനയോടെ കാണുന്ന ഒരു കാഴ്ചപ്പാടുണ്ട് അതിൽ. എനിക്ക് മാത്രമല്ല നിങ്ങൾക്കും കഥയില്ല എന്ന് തന്നെ. ഇതിൽ ആത്മവിശ്വാസവുമുണ്ട്. നമുക്കും പാലൂരിന്റെ എഴുത്തിനോട് താദാത്മ്യം പ്രാപിക്കാം. ഞാനല്ലയോ ഇത് എന്ന് ശങ്കിക്കാം.

പാലൂരിന്റെ കവിതകൾ ഒന്നും ഞാൻ വായിച്ചിട്ടില്ല. ഈ ആത്മകഥയല്ലാതെ അദ്ദേഹത്തിന്റെ മറ്റൊരു കൃതി വായിച്ച ഓർമ്മയും ഇല്ല. അതെന്തായാലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലങ്ങളിൽ ജനിച്ച് വളർന്ന ഒരു നമ്പൂതിരി സമുദായാംഗത്തിന്റെ വേദനകളും സുഖങ്ങളും എനിക്കിതിൽ വായിച്ചറിയാൻ കഴിഞ്ഞു. അതെനിക്ക് പരിചിതമാണല്ലൊ. എന്നാൽ അത് മാത്രമല്ല. പാലൂർ എന്ന മാധവൻ, അച്ഛനമ്മമാർക്ക് ഒമ്പതാമത്തെ കുട്ടിയായിട്ടാണ് ജനിക്കുന്നത്. ജനിക്കുന്നതിനു മുന്നേ തന്നെ അച്ഛനു ബുദ്ധിഭ്രമം തുടങ്ങി. ഒരനിയത്തി ബാല്യത്തിലേ മരിച്ചു. അത് മുതലാണ് പാലൂർ തന്റെ കഥ തുടങ്ങുന്നത് തന്നെ. ജന്മിത്തവ്യവസ്ഥിതിയുടെ അവസാന കാലഘട്ടം. ജന്മിയായിരിക്കാനല്ലാതെ മറ്റൊരു തൊഴിലും അറിയാത്ത സമുദായം. എന്നാലും ഉപനയനം സമാവർത്തനം ഓത്ത് ചൊല്ലൽ എന്നിവയൊക്കെ ഉണ്ടായി പാലൂരിനും.

പിന്നീട് ജീവിക്കാനുള്ള, സ്വന്തം കാലിൽ നിൽക്കാനുള്ള അദ്ധ്വാനം ആണ് ജീവിതകഥയിൽ ആദ്യഭാഗം എന്ന് പറയാം. ഔപചാരിക വിദ്യഭ്യാസം ഒന്നും കിട്ടിയിട്ടില്ല. അതിനായി സമുദായം പറഞ്ഞ തൊഴിൽ അല്ലാതെ മറ്റ് പലതും പഠിച്ചു.  കഥകളിയാണ് ഒന്ന് അദ്ദേഹം പഠിച്ചത്. അത് കഥകളി ഇന്നു കാണുന്ന രീതിയിലേക്ക് ആക്കിമാറ്റുന്നതിൽ പ്രധാന പങ്കുവഹിച്ച ഗുരു സാക്ഷാൽ പട്ടിക്കാംതൊടി രാവുണ്ണി മേനോന്റെ അവസാന കാലശിഷ്യനായി! അന്നത്തെ കഥകളി അഭ്യസനം മഹാദുഷ്കരം ആയിരുന്നു. പട്ടിക്കാംതൊടി പല പ്രത്യേകസ്വഭാവവിശേഷങ്ങളും ഉള്ള മഹാഗുരുവും. അദ്ദേഹത്തിന്റെ അടുത്ത് കഥകളി അഭ്യസിക്കുന്ന കാലത്തെ പറ്റി പാലൂർ വികാരപരമായി തന്നെ ഓർക്കുന്നുണ്ട്. അവസാനം പട്ടിക്കാംതൊടി അന്തരിച്ചശേഷം ഇനി എന്തുവേണ്ടൂ എന്നറിയാതെ മുംബായിലേക്ക് വണ്ടി കയറിയതിനു ശേഷമുള്ള ഭാഗങ്ങൾ അത്രതന്നെ വികാരപരമായി തോന്നിയില്ല.

പട്ടിക്കാംതൊടിയുടെ അവസാന നാളിൽ എങ്ങിനേയോ അദ്ദേഹത്തിന്റെ വീട്ടിലെത്തി അദ്ദേഹത്തിനു ഗംഗാജലം നൽകലും അടുത്തിരുന്ന് വിഷ്ണുസഹസ്രനാമം ചൊല്ലലും എല്ലാം പാലൂർ വൈകാരികമായി തന്നെ വർണ്ണിച്ചിരിക്കുന്നു. ഈ സംഭവം ഞാൻ ആദ്യം വായിക്കുന്നത്, പട്ടിക്കാം തൊടിയുടെ ജീവിചരിത്രത്തിലാണ്. (നാട്യാചാര്യന്റെ ജീവിതമുദ്രകൾ; കലാമണ്ഡലം പദ്മനാഭൻ നായരും ഞായത്ത് ബാലനും കൂടി എഴുതിയത്)

മറ്റൊന്ന് എനിക്ക് തോന്നിയത്, അദ്ദേഹത്തിന്റെ മഹാഭാരതം വായന ആണ്. സാധാരണ കുടുംബങ്ങളിൽ മഹാഭാരതം വായിക്കാറില്ല എന്നാണ് പറയുക. അദ്ദേഹം മഹാഭാരതം പത്തൊൻപത് തവണവായിച്ചു എന്നത് അത്ഭുതപ്പെടുത്തി!

ഇതൊക്കെ എങ്കിലും അദ്ദേഹം, തന്റെ കവിത വന്ന വഴികളെ പറ്റി അധികം പറഞ്ഞിട്ടില്ല എന്നതു എന്നെ നിരാശപ്പെടുത്തി. ഞാനദ്ദേഹത്തിന്റെ കവിത വായിച്ചിട്ടില്ലെങ്കിലും; അവ വന്ന വഴി അറിയാൻ കവിത വായിക്കണമെന്നില്ലല്ലൊ എന്ന പക്ഷം ആണ് ഞാൻ. ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള സമരം തന്നെ ആണ് പാലൂരിനു ജീവിതം എന്നത് എന്ന് അവതാരിക എഴുതിയ പി. എം നാരായണൻ പറയുന്നു. ആ സമരത്തിന്റെ കഥ ആകട്ടെ കഥയില്ലാത്തവന്റെ കഥ എന്ന് പാലൂരും!

പലരും എഴുതുന്നു ജീവിതപ്പാത (ചെറുകാടിന്റെ ആത്മകഥ) പോലെ മലയാളത്തിൽ മറ്റൊന്നാണ് പാലൂരിന്റെ കഥയില്ലാത്തവന്റെ കഥ എന്ന്. എനിക്ക് ആ അഭിപ്രായം ഒട്ടും ഇല്ലതന്നെ. ഒന്നും മറ്റൊന്ന് പോലെ അല്ല.
 

കഥകളിമുദ്ര - ഡോ. ആർ. ശ്രീകുമാർ

Kathakalimudra cover
 


A book to know the various mudras used in Kathakali, the performing art of Kerala, India. the book was published by കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം.

It has mudra photos with meaning in malayalam.

ISBN mentioned in this edition is 978-81-7638-923-5 and goodreads informs that the ISBN is taken for another book.
Price:Rs 300/-
Pages: 267
Published: The State Institute of Languages, Kerala, Thiruvananthapuram-3
Year: February 2011
First edition


ശ്രീ ആർ. ശ്രീകുമാറിന്റെ കഥകളിമുദ്ര എന്ന പുസ്തകം ഞാൻ ആദ്യ എഡിഷൻ തന്നെ വാങ്ങിയിട്ടുണ്ട്. 
കഥകളി എന്നത് ഒരു പെർഫോർമിങ്ങ് ആർട്ട് ആണ്. മുഴു തീയറ്റർ കല എന്നൊക്കെ പണ്ഡിതന്മാർ പറയുന്നു. അതിൽ ഉപയോഗിക്കുന്ന ഭാഷ ആണ് മുദ്രകൾ. കഥകളിയുടെ ഭാഷ എന്ന് തന്നെ പറയാം. മലയാളവും ഒരു ഭാഷ ആണ്. കേരളത്തിൽ തന്നെ ദേശഭേദങ്ങൾ മലയാള ഭാഷയ്ക്കും ഉണ്ട്. ഭാഷ ജൈവീകം എന്ന് പറയുന്നു. അത് അതാതുകാലത്തിനനുസരിച്ച് മാറിക്കൊണ്ടേ ഇരിക്കും. ഭാഷ ആണല്ലൊ സമൂഹത്തിൽ ആശയവിനിമയത്തിനുപയോഗിക്കുന്ന ഒരു രീതി. അത് പോലെ കഥകളിയിലും എങ്കിൽ, മുദ്ര ആണ് കഥകളിയുടെ ഭാഷ. ഭാഷയ്ക്ക് ഒരു നിഘണ്ടു ഉണ്ടാകുന്നത് നല്ലതാണ്. മലയാളം നമ്മൾ പറയുമ്പോൾ പറയുന്ന ആളിന്റെ വികാരം കൂടെ ഉൾക്കൊള്ളിക്കാൻ നമ്മൾ അത്യാവശ്യം മുഖത്ത് എക്സ്പ്രഷൻസ് എല്ലാം വരുത്തും. അത് പോലെ മുദ്രകളിലും ഉണ്ട്. പറഞ്ഞ് വന്നത് കഥകളിയിലെ മുദ്ര എന്ന് പറഞ്ഞാൽ അത് കൈവിരലുകളിൽ മാത്രം വിരിയുന്ന ഒരു സംഗതി അല്ല തന്നെ. അതിനനുസരിച്ച് മെയ്യും മുഖവും ഒക്കെ വേണം എന്നാണെന്റെ പക്ഷം. മുഖവും മെയ്യും എല്ലാം ഒരു പ്രിന്റഡ് പുസ്തകത്തിൽ വരുത്താൻ ബുദ്ധിമുട്ടാകും. അത് പോലെ തന്നെ മുദ്ര പിടിക്കുന്ന രീതി അതായത് അതിന്റെ സഞ്ചാലനയോഗം. അത് ഒരു രീതിയിൽ പിടിച്ച് തുടങ്ങി ഒരു മാർഗ്ഗത്തിലൂടെ ചലിച്ച് അവസാനിക്കുന്നത് മറ്റൊരു സ്ഥാനത്ത് മറ്റൊരു രീതിയിൽ ആയിരിക്കും. 

ഉദാഹരണത്തിനു, "ലഭിയ്ക്കുക" എന്നതിന്റെ മുദ്ര. ചവുട്ടിച്ചാടിയും താണുനിന്നും കാണിക്കാവുന്ന സംയുതമുദ്ര ആണിത്. ഇടംകൈ മാറിനുമുന്നിൽ ഹംസപക്ഷമായി മലർത്തി പിടിച്ച് വലംകൈ ഹംസപക്ഷം മുന്നിൽ കൊണ്ട് വന്ന്, ‘ലഭിച്ചു’ എന്ന് അർത്ഥത്തിൽ മുഷ്ടിയാക്കുക. വലം കൈമുഷ്ടി വലത്തേയ്ക്ക് നീട്ടി, ദേഹമുലഞ്ഞ്, അത് മുൻപിലേയ്ക്ക് എടുത്ത്, ‘സ്വീകരിച്ചു’ എന്ന ഭാവത്തിൽ വലംകയ്യിൽ വയ്ക്കുക. (ഉദാഹരണം മുദ്രാപീഡിയയിൽ നിന്നും)

കൈകളുടേയും മെയ്യിന്റേയും കാലിന്റേയും എല്ലാം ഈ സഞ്ചലനം കഥകളിമുദ്ര എന്ന പുസ്തകത്തിൽ പറയുന്നില്ല. ഒരു പുസ്തകമാകുമ്പോൾ അതിന്റെ പരിധിയ്ക്ക് പുറത്താകും അത് എന്നറിയാം. എന്നിരുന്നാലും കലാമണ്ഡലം പദ്മനാഭൻ നായരുടെ പ്രസിദ്ധമായ "ചൊല്ലിയാട്ടം" എന്ന പുസ്തകത്തിൽ കാല്വെപ്പുകളെ സൂചിപ്പിക്കാനായി വരകളെ കൊണ്ട് ചില സംജ്ഞകൾ ചേർത്തിട്ടുണ്ട്. അത്തരം ഒരു രീതി നന്നായി എനിക്ക് തോന്നി. അത് പോലെ ജി.വേണുവിന്റെ "മുദ്ര" എന്ന പുസ്തകത്തിലും അങ്ങനെ ചില സംജ്ഞകൾ ഉള്ളതായി ഓർമ്മ ഉണ്ട്. ഇത്തരം വരകളുടെ സഹായത്തോടേ മുദ്രകളുടെ സഞ്ചാലനരീതി കൂടെ കാണിച്ചിരുന്നുവെങ്കിൽ ഈ പുസ്തകം അതിഗംഭീരമായിരുന്നേനേ എന്ന് എനിക്ക് തോന്നി. പുസ്തകത്തിൽ അനവധി ഫോട്ടോകൾ ഉണ്ട്. പക്ഷെ അവ നോക്കി മുദ്ര പിടിക്കാൻ നമുക്ക് സാധിക്കില്ല. അവയ്ക്കടിയിൽ ചുരുങ്ങിയ രീതിയിൽ സഞ്ചാലനയോഗം എഴുതിയിട്ടുണ്ടെങ്കിലും അവയും എനിക്കത്ര പോര എന്നാണ് തോന്നിയത്. അവ കൈകളുടെ രീതി മാത്രമേ ഉള്ളൂ. ദേഹവും മുഖവും കൂടെ ഉണ്ടല്ലൊ. അവകൾ കൂടെ ചേർക്കണം അടുത്ത എഡിഷനിൽ എന്നാണെനിക്ക് പറയാനുള്ളത്.  

അത് പോലെ എത്ര വാക്കുകൾ ഉണ്ട് കഥകളിയിൽ ഉപയോഗിക്കുന്നതായി എന്നൊരു ലിസ്റ്റും, അവ അകാരാദിക്രമത്തിൽ എങ്കിൽ നന്നായി എന്നും എനിക്ക് തോന്നി. മുദ്രഭാഷയ്ക്ക് സംയുതം അസംയുതം എന്നിങ്ങനെ ഉള്ള വേർതിരിവിനേക്കാൾ മുദ്രാഭാഷയിൽ ഉപയോഗിക്കുന്ന വാക്കുകൾ അകാരാദിക്രമത്തിൽ തന്നെ, മലയാളനിഘണ്ടുവിലെ പോലെ, എഴുതുകയല്ലേ ഭംഗിയാവുക?

ഇത് എന്റെ ഒരു നിർദ്ദേശം മാത്രം. അതില്ലെങ്കിലും ഈ പുസ്തകം കഥകളി ആസ്വാദനം തുടക്കക്കാർക്ക് നല്ല സഹായകരമാകും തീർച്ച.  

05 ജൂലൈ 2019

കാളിദാസന്റെ മരണം-നോവൽ-എം നന്ദകുമാർ (നന്ദകുമാർ മേലേതിൽ)

കാളിദാസന്റെ മരണം
നോവൽ
എം നന്ദകുമാർ (നന്ദകുമാർ മേലേതിൽ)
വില:Rs.130/-
Pages:136
ISBN:978-93-5282-386-4
Second Edition: February 2019

DC Books, Kottayam

 


കാളിദാസനെ പറ്റി DC Books തന്നെ ഇറക്കിയ “കാളിദാസൻ” എന്ന പേരിലുള്ള മറ്റൊരു നോവൽ, ശ്രീ കെ. സി അജയകുമാർ എഴുതിയത് ഞാൻ 2014ൽ വായിക്കാനിടയായതിനെ പറ്റി ഓർക്കുന്നു. ഒട്ടുമേ എന്റെ മനസ്സിനെ തൊടാത്ത ഒരു രചന ആയിരുന്നു അത്. ശേഷമാണ് ഒ.എൻ.വി കുറുപ്പിന്റെ ഉജ്ജയനി എന്ന മലയാള മഹാകാവ്യം വായിക്കാനിടവന്നതും. അവകളെ പറ്റി ഞാൻ എന്റെ ബ്ലോഗിൽ എഴുതിയിട്ടിരുന്നു. ഇപ്പോൾ ഇതാ കാളിദാസന്റെ മരണം എന്ന പേരിൽ മറ്റൊരു കൊച്ചു മലയാള നോവൽ കൂടെ വായിക്കാനിടവന്നു. അതും ഒരൊറ്റ ദിവസം ഇരുന്ന് വായിച്ച് തീർത്തു. കഴിഞ്ഞ ജൂൺ 27 വ്യാഴം രാത്രിയിലായിരുന്നു അത് വായിച്ച് തീർത്തത്! പാലക്കാട് ജില്ലയിലെ ശ്രീകൃഷ്ണപുരത്തുകാരനായ നന്ദകുമാർ ഈ നോവൽ ആദ്യം നാടകമായാണത്രെ എഴുതിയത്. പിന്നീട് നോവലാക്കി 2014ൽ ഭാഷാപോഷിണിയിൽ പ്രസിദ്ധീകരിച്ചു എന്ന് നോവലിസ്റ്റ് തന്നെ പുസ്തകത്തിനവസാനം ചേർത്ത കുറിപ്പിൽ പറയുന്നു. ഞാൻ നന്ദകുമാറിന്റെ മറ്റ് എഴുത്തുകൾ ഒന്നും ഇതുവരെ വായിച്ചിട്ടില്ല. ശിവഭക്തനായ കാളിദാസൻ ശ്രീലങ്കയിലെത്തി അവിടെ ഒരു വേശ്യാലയത്തിൽ ആരുടെയോ കുടിലപ്രവൃത്തികൊണ്ട് മരിച്ച താണെന്ന ഒരു ഐതിഹ്യമുണ്ട്. കാളിദാസന്റെ വേശ്യാഭിനി വേശവും മദ്യസേവയും എല്ലാം പല പല ഐതിഹ്യങ്ങളിലും പറ യുന്നതാണല്ലൊ. അത് പോലെ തന്നെ സമസ്യാപൂരണം എന്ന സർഗ്ഗാത്മകപ്രവൃത്തിയും പ്രസിദ്ധമാണല്ലൊ. എന്നാൽ ഉജ്ജ യിനിയിലെ രാജാവായിരുന്ന വിക്രമാദിത്യനും തന്റെ സദസ്സിലെ കവിരത്നമായ കാളിദാസനും തമ്മിലുള്ള ബന്ധം എങ്ങനെ എല്ലാം ആയിരുന്നുവെന്ന് മുഴുവൻ ഒരു ഐതിഹ്യത്തിലൂടേയും അറിയാ മെന്ന് തോന്നുന്നില്ല. അവർ തമ്മിലുള്ള സുഹൃദ്ബന്ധം പ്രസിദ്ധ വുമാണ്. അവർ തമ്മിലുള്ള കലശലുകളും പ്രസിദ്ധമാണ്. ചരിത്രത്തിൽ ഒരു വിക്രമാദിത്യനും ഒരു കാളിദാസനും മാത്രമായി രുന്നില്ല അനവധി പേർ ആ പേരുകൾ വിശേഷണപ്പേരുപോലെ സ്വീകരിച്ചിരുന്നു എന്നും ചിലർ അഭിപ്രായപ്പെടുന്നു. ഐതിഹ്യ ങ്ങളിൽ നിന്ന് നേരുകണ്ടെത്താൻ നന്നേ ബുദ്ധിമുട്ടും എങ്കിലും അവകളിൽ നിന്ന് മറ്റൊരു സർഗ്ഗാത്മകസൃഷ്ടി ഉരുത്തിരിയാൻ സാദ്ധ്യതകൾ അനവധി ആണല്ലൊ. അത്തരം സർഗ്ഗാത്മക സൃഷ്ടികൾ മുൻപും ഉണ്ടായിട്ടുണ്ട്, ഇന്നുമുണ്ടാവുന്നുണ്ട്, ഇനിയും ഉണ്ടാകും. പക്ഷെ ഐതിഹ്യങ്ങൾ എന്നും ഒരുപോലെ അതാതുകാലത്തെ സമൂഹം കൊണ്ടാടുന്നത്. സമൂഹത്തിന്റെ സഹനശക്തി എന്നും ഒരുപോലെ ആകില്ല എന്നതിനു ഉദാഹരണം ആണ് എം.ടി വാസു ദേവൻ നായരുടെ രണ്ടാമൂഴത്തെ പറ്റി ഈ അടുത്ത കാലത്ത് നടന്ന വിവാദങ്ങൾ. കഥയും കഥാകാരനും അധികാരത്തിന്റെ, അധികാരികളുടെ ഒപ്പം നിൽക്കണം എന്ന ധാർഷ്ട്യം അന്നും ഇന്നും ഉണ്ട്. അത്തരം ഒരു ധാർഷ്ട്യത്തിന്റെ എഴുത്തുരൂപം ആണ് കാളിദാസന്റെ മരണമായി നോവലിസ്റ്റ് ചിത്രീകരിച്ചിരിക്കുന്നത്. അതാകട്ടെ പ്രസി ദ്ധമായ വിക്രമാദിത്യ, കാളിദാസ കഥകളിൽ നിന്നും തന്നെ ആണ്. കാളിദാസനെപറ്റി എങ്ങനെ എഴുതും എന്ന സന്ദേഹത്തിൽ നിന്ന് കരകയറ്റിയത് “കാളിദാസനെത്തന്നെ ആശ്രയിക്കുക” എന്ന മാർഗ്ഗ നിർദ്ദേശമായിരുന്നു എന്ന് നോവലിസ്റ്റ് മുൻ പറഞ്ഞ കുറിപ്പിൽ സൂചിപ്പി ക്കുകയും ചെയ്യുന്നുണ്ട്. (ഈ മാർഗ്ഗനിർദ്ദേശം ഞാൻ മുൻ പറഞ്ഞ “കാളിദാസൻ” എന്ന നോവൽ എഴുതിയ ശ്രീ കെ.സി അജയകുമാ റിനു കിട്ടിയില്ല എന്ന് തോന്നുന്നു. താരതമ്യത്തിനല്ല വെറുതെ ഓർത്തപ്പോൾ പറഞ്ഞെന്ന് മാത്രം.) സ്വദേശേ പൂജ്യതേ രാജഃ വിദ്വാന്‍ സര്‍വ്വത്ര പൂജ്യതേ രാജാവ് സ്വന്തം രാജ്യത്തിൽ മാത്രം ബഹുമാനിക്കപ്പെടുന്നവനാകുന്നു എന്നാൽ ഒരു വിദ്വാനെ ആകട്ടെ സർവ്വരാജ്യങ്ങളിലും ബഹുമാനിക്ക പ്പെടുന്നു എന്ന സുഭാഷിതം പണ്ട് പഠിച്ചിട്ടുണ്ട്. വിക്രമാദിത്യൻ ഉജ്ജയി നിയിലെ രാജാവാണ്. ആ രാജ്യം ഭരിക്കാൻ വിക്രമാദിത്യന്, മറ്റുരാജ്യ ക്കാരായ ആളുകൾ പോലും ബഹുമാനിക്കുന്ന കാളിദാസമഹാകവിയു ടെ സഹായം ആവശ്യമാണ്. അധികാരം നിലനിൽക്കാൻ കല ആവ ശ്യമാണ്. കവിത്വവും അധികാരവും തമ്മിലുള്ള പരസ്പര സഹായസഹ കരണങ്ങളും അവസാനം കവിത്വത്തിന്റെ മൃതിയും ആണ് ഈ നോവ ലിലെ കഥാവിഷയം. കൂടുതൽ എഴുതുന്നില്ല. വായിക്കേണ്ട നോവൽ തന്നെ. എനിക്കിഷ്ടമായത് നോവലിന്റെ പരിണാമഗുപ്തി രൂപപ്പെടുത്തിയവിധം ആണ്. അവസാന അദ്ധ്യായത്തിലേക്ക് അതിന്റെ കൂർപ്പിലേക്ക്, അതിനു മുൻപുള്ള അദ്ധ്യായങ്ങൾ മെല്ലെ മെല്ലെ കൂർപ്പിച്ച് കൂർപ്പിച്ച് എത്തിക്കും. ഈ ആവിഷ്കാരരീതിയിൽ ഒരു ദൃശ്യാവിഷ്കാരത്തിനുള്ള സാദ്ധ്യത ഉണ്ട്. നാടകമായി ആദ്യം എഴുതിയത് അതുകൊണ്ടാകാം. കാളിദാസ ഐതിഹ്യങ്ങൾ ആവിഷ്കരിക്കുന്നതിനു പറ്റിയ ഭാഷാശൈലിയും ശ്രീ നന്ദകുമാർ ഉപയോഗിച്ചിരിക്കുന്നു. കുഞ്ഞ്യേ പുസ്തകം ആയി പേജുകൾ കുറച്ച് എഴുതിയതും ഗംഭീരമായി. ഒരു ദീർഘനോവൽ ആയിരുന്നെങ്കിൽ ബോറടിച്ചേനേ എന്ന് എനിക്ക് തോന്നുന്നു.

പകർന്നാട്ടം - കോട്ടക്കൽ ശശിധരൻ

പകർന്നാട്ടം
കോട്ടക്കൽ ശശിധരൻ
ആത്മകഥ
ഫസ്റ്റ് എഡിഷൻ - ആഗസ്റ്റ് 2018
രണ്ട് വോള്യങ്ങൾ
ISBN: 978-81-8267-576-6
GRASS ROOTS - AN IMPRINT OF MATHRUBHUMI BOOKS
KOZHIKODE
PAGES: FIRST VOLUME: 632
              SECOND VOLUME:560 (Total: 1192)
HARD COVER
PRICE: Rs.1500 (Set of two books)
Malayalam - Autobiography
Cover Photo: Keerthik Sasidharan
Cover Design: Das Ads, Kottakkal


കഥകളി പഠിച്ച് കേരളത്തിൽ നിന്നും പുറത്ത് പോയി മറ്റ് ഡാൻസ്, തീയറ്റർ സാങ്കേതികരീതികളും പഠിച്ച് വിശ്വപ്രസിദ്ധരായ മലയാളികൾ പലരുമുണ്ട്. ചിലർ തിരിച്ച് കേരളത്തിലേക്ക് തന്നെ മടങ്ങി വന്ന് കഥകളി തന്നെ ജീവിതോപാസന എന്ന് വിചാരിച്ച് കഥകളിയുടെ തട്ടകത്തിൽ തന്നെ ശിഷ്ടജീവിതം കഴിച്ചു കൂട്ടി. മറ്റ് പലരും കേരളത്തിനു പുറത്ത് തന്നെ അരങ്ങുകൾ കണ്ടെത്തിയും പുതിയ നാടകസങ്കേതങ്ങൾ പഠിച്ചും അവ നൂതനമായ രീതിയിൽ പ്രയോഗിച്ചും വളർന്ന് വിശ്വപ്രസിദ്ധരായി തീർന്നു. അങ്ങിനെ കേരളത്തിനു പുറത്ത് തീയറ്റർ ഉപാസനയുമായി ജീവിച്ച് പ്രസിദ്ധരായവരിൽ അവസാന കണ്ണി ആയിരിക്കും ശ്രീ കോട്ടക്കൽ ശശിധരൻ. അദ്ദേഹത്തിന്റെ ആത്മകഥ ആണ് “പകർന്നാട്ടം”.
പുസ്തകത്തിന്റെ പ്രിന്റിങ്ങും ബൈന്റിങ്ങും അച്ചടി നിരത്തും എല്ലാം ഗംഭീരം തന്നെ എന്ന് പറയാതെ വയ്യ. അച്ചടിപ്പിശാച് വളരെ കുറവ്, ഇല്ല എന്ന് തന്നെ പറയാം. എനിക്ക് തോന്നുന്നത്, മറ്റൊരു കേരളീയ നൃത്ത/കഥകളി കലാകാരനും/കാരിയും ഇങ്ങനെ ആത്മകഥയായി എഴുതി ഇത്രനല്ല രീതിയിൽ പുസ്തകമാക്കി പ്രസിദ്ധീകരിച്ചിട്ടുണ്ടാവുകയില്ല എന്നതാണ്. ചിലപ്പോൾ ഞാൻ കാണാത്തതും ആകാം.
കഥകളിക്കാരുടേയും അല്ലാതേയും ആത്മകഥകൾ വായിച്ചിട്ടുണ്ട്. അവയിൽ നിന്നും ഇത് വ്യത്യസ്തമായി നിൽക്കുന്നതിൽ പ്രധാനമായ ഒന്ന്, ഈ പുസ്തകത്തിന്റെ വലിപ്പം തന്നെ. രണ്ട് വാല്യങ്ങളിലായി ആയിരത്തോളം പേജുകൾ ഉണ്ട് ഈ പുസ്തകത്തിൽ! അദ്ദേഹത്തിന്റെ ബാല്യം മുതൽ ഷഷ്ടിപൂർത്തി ആഘോഷം വരെയുള്ള കാലയളവാണ് ആത്മകഥയിലെ പ്രതിപാദ്യം. മറ്റൊരു എടുത്തുപറയേണ്ടുന്ന കാര്യം അതാത് കാലത്തെ പ്രധാനസംഭവങ്ങൾ പുസ്തകത്തിൽ എടുത്ത് പറയുന്നു എന്നതാണ്. കൂടാതെ പോയ സ്ഥലങ്ങളിലെ വായിച്ച് അറിഞ്ഞ മറ്റ് ചരിത്ര സംഭവങ്ങളും അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്. ചില നിരീക്ഷണങ്ങൾ കൗതുകകരമായി തോന്നി.
അദ്ദേഹം പറയുന്നു, ലെഫ്റ്റും റൈറ്റും കുഴക്കാറുണ്ട് എന്ന്. ആ ദിശകൾ എന്നേയും കുഴക്കാറുള്ളതാണല്ലൊ എന്നോർത്തപ്പോൾ എനിക്ക് കൗതുകം തോന്നി. അടിയന്താരവസ്ഥക്കാലത്തെ കുപ്രസിദ്ധമായ പോലീസ് മുറ “ഉഴിച്ചിൽ” പിന്നീട് കഥകളിയിൽ പ്രഹ്ലാദനെ പഠിപ്പിക്കുന്ന സമയത്ത് കാണിക്കാറുള്ളത് ശശിധരൻ ചൂണ്ടിക്കാണിച്ചപ്പോഴുമുണ്ടായി ഈ കൗതുകം. പ്രവാസിദുഃഖത്തെ പറ്റി പേജ് 210ലെഴുതിയത് വായിച്ചപ്പോളും, അഹോ, ഇതെനിക്കും ഉള്ളതാണല്ലൊ എന്ന് തോന്നീ. നഷ്ടസ്വപ്നങ്ങളുടെ ജീവിതകഥ എന്ന് ഈ ആത്മകഥയെ ചുരുക്കി പറയാം എന്ന് തോന്നും.
ഇക്കാലത്തെ എഴുത്തായ #me too ഹാഷ്ടാഗ് വെച്ച് എഴുതാവുന്ന ചില സംഭവങ്ങൾ ശ്രീ ശശിധരൻ വിവരിക്കുന്നുണ്ട്. അത് പോലെ തന്നെ, തന്റെ കഥകളി അഭ്യസനകാലത്തെ ശിക്ഷാവിധികളും മറ്റും അദ്ദേഹം പുനർവിചിന്തനം ചെയ്യുന്നുണ്ട്. ദർപ്പണയിൽ, ശ്രീ ചാത്തുണ്ണിപ്പണിക്കരുടെ ശൗര്യം, പഠിക്കാൻ വരുന്ന കുട്ടികൾക്ക് ദോഷമേ ഉണ്ടാക്കൂ, അത്തരം ശിക്ഷാനടപടികൾ വേണ്ടാ എന്ന് തന്നെ ശ്രീ ശശിധരൻ അസന്ദിഗ്ദ്ധമായി പറയുന്നു. മകന്റെ പ്രസവസമയത്ത് ആശുപത്രിയിലെ ചില നഴ്സുമാരുടെ കളിയാക്കൽ രീതി അരോചകം തന്നെ. എന്നാൽ ഇന്നും പലപ്പോഴും അത് നടക്കുന്നു എന്ന് പലരും ഇന്റർനെറ്റിൽ എഴുതിയത് വായിച്ചിട്ടുണ്ട് എന്നതും സത്യം തന്നെ. എതിർക്കപ്പെടേണ്ടത് തന്നെയാണവ.
കഥകളി ഒരു മുഴുനീള ദൃശ്യകലയാണെന്നും അത് ആവിഷ്കരിക്കുന്നതിലെ ദൃശ്യഭംഗി ആണ് പ്രധാനം എന്നും ശശിധരൻ പറയുന്നതിനോട് യോജിപ്പ് തോന്നി. ഏതാണ്ട് മുന്നൂറുവർഷം മാത്രം കാലപ്പഴക്കമേ ഇന്ന് കാണുന്ന കഥകളിക്ക് ഉള്ളൂ. എന്നാലതൊരു പ്രാചീന കലയാണെന്ന് മഹാകവി ടാഗോർ പറഞ്ഞതായും അതിനോട് യോജിക്കുന്ന ശശിധരനേയും ആണ് എനിക്ക് പുസ്തകം വായിച്ചപ്പോൾ കാണാൻ കഴിഞ്ഞത്. അതിനോടെനിക്ക് യോജിപ്പുമില്ല. എന്നാൽ ഭരതനാട്യം എന്ന ഇന്നത്തെ നൃത്തകലയെ പറ്റി അങ്ങനെ അല്ല പേജ് 194ൽ എഴുതിയിരിക്കുന്നത്. അത് ചരിത്രവായന തന്നെ. പേജ് 327ൽ ഗംഗാജലത്തിന്റെ ശുദ്ധീകരണ ശക്തിയെ പറ്റി എഴുതിയതിനോടൊന്നും എനിക്ക് യോജിക്കാൻ പറ്റില്ല.
ഇങ്ങനെ പേജ് നമ്പർ വെച്ച് എഴുതാനിരുന്നാൽ ഇത് തീരില്ല. അതിനാൽ പൊതുവായി ചിലത് പറയാം. ആദ്യം വോള്യത്തിൽ മണ്മറഞ്ഞ വെണ്മണി ഹരിദാസ് എന്ന പ്രസിദ്ധകഥകളി ഗായകനെ പറ്റി അദ്ദേഹം ധാരാളം പറയുന്നുണ്ട്. വെണ്മണി ഹരിദാസും ദർപ്പണയിൽ ശശിധരന്റെ കൂടെ ഉണ്ടായിരുന്നുവല്ലൊ. പിന്നീട് വെണ്മണി ഹരിദാസ് കേരളത്തിലേക്ക് തിരിച്ച് പോരികയും ശ്രീ ശശിധരൻ അഹമ്മദാബാദിൽ തന്നെ തുടരുകയും ചെയ്തു. രണ്ടാം വോള്യത്തിലായപ്പോഴേക്കും അത് ഇപ്പോഴത്തെ പ്രസിദ്ധ ഗായകൻ ശ്രീ കോട്ടക്കൽ മധുവിനെ പറ്റി ആയി. രണ്ടുപേരും എനിക്കിഷ്ടപ്പെട്ടവർ എന്ന നിലക്ക് അവരെ പറ്റി എഴുതുന്നത് വായിക്കാൻ രസമായിരുന്നു. വെണ്മണി ഹരിദാസിന്റെ മകൻ ശരത്തിന്റെ ചോറൂണിനു ചെന്നതും അന്ന് നടന്ന ബാണയുദ്ധം കഥകളിയിലേ ഹരിദാസിന്റെ പാട്ട് റിക്കോർഡ് ചെയ്ത് സൂക്ഷിക്കുന്നതും എഴുതിയത് വായിച്ചപ്പോൾ, ആ റിക്കോർഡിങ്ങ്, ശ്രീ ശശിധരൻ, കഥകളിലോകത്തിനു സമർപ്പിക്കണം എന്ന് പറയാൻ എനിക്ക് തോന്നി. അങ്ങിനെ കയ്യിലുള്ള പഴയ ഓഡിയോ/വീഡിയൊ റിക്കോർഡുകൾ ഡിജിറ്റൈസ് ചെയ്ത് എല്ലാം പ്രസിദ്ധീകരിക്കണം എന്ന് ഒരു സാദാ കഥകളി കമ്പക്കാരൻ എന്ന നിലക്ക് ഞാൻ താൽപ്പര്യപ്പെടും.
ശശിയുടെ വായനയിലൂന്നിയും താൻ പഠിച്ച കഥകളി ശൈലിയിൽ ഊന്നിയും നടത്തുന്ന ചില നിരീക്ഷണങ്ങൾ കൗതുകങ്ങൾ തന്നെ ആണ്. “കോശസ്ഥിതി” എന്ന ഉപയോഗിച്ച് മറന്ന ഒരു പ്രയോഗം (കയ്യിലെ സാമ്പത്തികത്തിനെ പറ്റി സൂചിപ്പിക്കുന്ന) വായിച്ചപ്പോൾ, അയ്യോ ഇതൊക്കെ മറന്നതാണല്ലൊ എന്ന് ഞാൻ ഓർത്തു പോയി. പണ്ട് നാട്ടിൽ നടന്നിരുന്ന പരമ്പിട്ട കളിയരങ്ങുകളെ പറ്റിയും ഈ അടുത്ത കാലത്ത് ഞാൻ കൂടെ കണ്ട ആനമങ്ങാട് നളായനം അരങ്ങിനെ പറ്റിയും ശശിധരൻ എഴുതിയത് വായിച്ചപ്പോളും കൗതുകം തോന്നി. വളരെ പഴയതിനെ പറ്റി പറഞ്ഞപ്പോൾ ഓർമ്മയും നളായനത്തെ പറ്റി പറഞ്ഞപ്പോൾ ഞാൻ കൂടെ കണ്ടതാണല്ലൊ എന്നതും ആയിരുന്നു കൗതുകം. അവ ആസ്വാദനക്കുറിപ്പുകൾ എന്ന് പറയാൻ പറ്റില്ല എങ്കിലും ഓർമ്മക്കുറിപ്പുകൾ തന്നെ. അങ്ങിനെ പല അരങ്ങുകളെ പറ്റിയും ഉണ്ട്. നൊസ്റ്റാൾജിയ തോന്നും.
2012ൽ അന്തരിച്ച ഡേവിണ്ട് ബോളണ്ട് എന്ന ബ്രിട്ടീഷുകാരനുമായുള്ള സമ്പർക്കവും അദ്ദേഹത്തിന്റെ വീട്ടിൽ ചെല്ലുമ്പോൾ ഉണ്ടാകുന്ന അനുഭവങ്ങളും നമ്മുടെ ഹൃദയത്തെ തൊടുന്നതാണ്. അദ്ദേഹത്തിന്റെ റിക്കോർഡിങ്ങ് ശേഖരം ശബ്ദരേഖ നൽകി സൂക്ഷിക്കാൻ സഹായിച്ച വിവരമൊക്കെ ആർക്കും അധികം അറിയാവുന്നതാകില്ല. (ഇപ്പോൾ അവ Rose Bruford College, UK യിൽ സൂക്ഷിച്ചിരിക്കുന്നു)
കോട്ടക്കൽ ക്ഷേത്രത്തിലെ വിശ്വംഭരനെ (പ്രതിഷ്ഠ) ഓർക്കുമ്പോൾ ശശിധരനു ഭക്തിയുടേതായ ഒരു നിഷ്കളങ്കത ഉണ്ട്. അത് മനസ്സിൽ തട്ടും. ശശിധരൻ പുസ്തകത്തിൽ കഥകളി ചെണ്ടയെ പറ്റി ധാരാളം പറയുന്നുണ്ടെങ്കിലും മദ്ദളം എന്ന വാദ്യത്തിനു കഥകളിയിൽ ഉള്ള സ്ഥാനത്തെ പറ്റി ഒന്നും പറഞ്ഞ് കണ്ടില്ല. കഥകളി കേരളത്തിലും കേരളത്തിനു പുറത്തും ഉണ്ട്. രണ്ടും രണ്ട് രീതിയിലാണ് എന്ന് എനിക്ക് തോന്നാറുണ്ട്. കേരളത്തിലെ കഥകളിക്കാരൻ മറ്റ് നൃത്തരൂപങ്ങളും നാടകാദി അഭിനയവും അറിഞ്ഞിരിക്കുമെങ്കിലും കഥകളി അരങ്ങത്തല്ലാതെ അധികം പ്രത്യക്ഷപ്പെട്ട് കാണാറില്ല. എന്നാൽ മറുനാട്ടിലെ കഥകളിക്കാരനു വെറും കഥകളി അരങ്ങ് മാത്രമായാൽ ജീവിക്കാൻ സാധിക്കില്ല. മറുനാടൻ കഥകളിക്കാരൻ താൻ പഠിച്ച കഥകളിയ്ക്ക് പുറമെ മറ്റ് പല അഭിനയസങ്കേതങ്ങളും വശമാക്കുന്നുണ്ട്. അങ്ങനെ പഠിച്ചവർ പലതും തിരിച്ച് അവ കഥകളിയ്ക്ക് സംഭാവന ചെയ്യുന്നുമുണ്ട്. ഉദാഹരണം ശ്രീ കീഴ്പ്പടം കുമാരൻ നായർ തന്നെ. കോട്ടക്കൽ ശശിധരൻ കഥകളിയ്ക്കു നൽകിയ സംഭാവനകൾ അദ്ദേഹം മറുനാട്ടിൽ ആവിഷ്കരിച്ച നൃത്താവിഷ്കാരങ്ങൾ എല്ലാം കണ്ടതിനു ശേഷമേ വിലയിരുത്താൻ സാധിക്കുകയുള്ളൂ. അതിനു കാലാന്തരത്തിൽ സാധിക്കും എന്ന് വിശ്വസിക്കുന്നു.
ഭാഷ അറിയാതെ ശശിധരൻ മറ്റുള്ളവരുമായി സംവദിക്കുന്നതിനെ പറ്റി എഴുതിയത് വായിക്കുമ്പോൾ ഒക്കെ തന്നെ എനിക്ക് പ്രസിദ്ധമായ “സോർബ ദ ഗ്രീക്ക്” എന്ന നോവലിലെ ഡാൻസുകാരനായ സോർബയുടെ വരികൾ ഓർമ്മ വരും. അൽപ്പം ദീർഘമായ വരികൾ തന്നെ. Isadora Duncan തുടങ്ങി മറ്റ് പല നൃത്തവിദഗ്ധരുടേയും കഥ വായിക്കുമ്പോൾ എനിക്ക് തോന്നിയ വരികൾ തന്നെ അവ.
ചുരുക്കത്തിൽ എന്താണ് നൃത്തം? അത് ആത്മപ്രകാശനം തന്നെ എന്ന് ശ്രീ കോട്ടക്കൽ ശശിധരന്റെ ഈ ആത്മകഥ വായിച്ചപ്പോഴും തോന്നി. ജീവിതത്തിനേക്കാൾ വലിയ നൃത്തമേത്?

സോർബ ദ ഗ്രീക്കിലെ വരികൾ വേണ്ടവർക്ക് വായിക്കാം:

"Another time.... I was in Russia then... yes, I've been there,
too, for the mines again, copper this time, near Novo Rossisk ... I had
learnt five or six words of Russian, just enough for my work: no; yes;
bread; water; I love you; come; how much... 
But I got friendly with a Russian, a thorough-going Bolshevik.
We went every evening to a tavern in the port. We knocked back a
good number of bottles of vodka, and that put us into high spirits.
Once we began to feel good we wanted to talk. He wanted to
tell me everything that had happened to him during the Russian
revolution, and I wanted to let him know what I had been up to....
We had got drunk together, you see, and had become
brothers.

"We had come to an arrangement as well as we could by
gestures. He was to speak first. As soon as I couldn't follow him, I
was to shout: 'Stop!' Then he'd get up and dance. D'you get me,
boss? He danced what he wanted to tell me. And I did the same.
Anything we couldn't say with our mouths we said with our feet, our
hands, our belly or with wild cries: Hi! Hi! Hop-la! Ho-heigh!
"The Russian began. How he had taken a rifle; how war had
spread; how they arrived in Novo Rossisk. When I couldn't follow any
more, I cried: 'Stop!' The Russian straight away bounded up and
away he went dancing! He danced like a madman. And I watched his
hands, his feet, his chest, his eyes, and I understood everything. How
they had entered Novo Rossisk; how they had looted shops; how
they had gone into houses and carried off the women. At first the
hussies cried and scratched their own faces with their nails and
scratched the men, too, but gradually they became tamed they shut
their eyes and yelped with pleasure. They were women, in fact....
"And then, after that, it was my turn. I only managed to get out
a few words--perhaps he was a bit dense and his brain didn't work
properly--the Russian shouted: 'Stop!' That's all I was waiting for.
I leapt up, pushed the chairs and tables away and began dancing.
Ah, my poor friend, men have sunk very low, the devil take
them!

They've let their bodies become mute and they only speak
with their mouths. But what d'you expect a mouth to say? What can it
tell you? If only you could have seen how the Russian listened to me
from head to foot, and how he followed everything! I danced my
misfortunes; my travels; how many times I'd been married; the trades
I'd learned--quarrier, miner, pedlar, potter, comitadji, santuri-player,
passa-tempo hawker, blacksmith, smuggler--how I'd been shoved
into prison; how I escaped; how I arrived in Russia....
"Even he, dense as he was, could understand everything,
everything. My feet and my hands spoke, so did my hair and my
clothes.

And a clasp-knife hanging from my waistband spoke, too.
When I had finished, the great blockhead hugged me in his arms; we
filled up our glasses with vodka once more; we wept and we laughed
in each other's arms. At daybreak we were pulled apart and went
staggering to our beds.

And in the evening we met again.
"Are you laughing? Don't you believe me, boss? You're saying
to yourself: Whatever are these yarns this Sinbad the Sailor is
spinning? Is it possible to talk by dancing? And yet I dare swear
that's how the gods and devils must talk to each other.
"But I can see you're sleepy. You're too delicate. You've no
stamina. Go on, go to sleep, and tomorrow we'll speak about this
again. I've a plan, a magnificent plan. I'll tell you about it tomorrow.

ഇതൊക്കെ പറഞ്ഞാലും ഒരു പുസ്തകം എന്ന നിലക്ക് വായനക്കാരനാണ് അത് വിലയിരുത്താനുള്ള അവകാശം. ആ നിലക്ക് ചിലലതുകൂടെ പറയാതെ വയ്യ.

എന്തിനു എഴുതണം എന്നതിനെ പറ്റി റിൽക്കേ പറയുന്നത്, “Go into yourself and test the deeps in which your life takes rise; at its source you will find the answer to the question whether you must create.” എന്നാണ്. കോട്ടക്കല്‍ ശശിധരന്‍ എഴുതിയ പകര്‍ന്നാട്ടം എന്ന ആത്മകഥയെ നോക്കിയാല്‍, ആ ആത്മകഥ എഴുതുവാന്‍ ശ്രീ ശശിധരനുണ്ടായ കാരണം, താന്‍ നാലാം ക്ലാസ്സ് വരെ ഔപചാരിക വിദ്യഭ്യാസം നേടിയിട്ടുള്ളൂ എന്നും പിന്നീട് കഥകളി, ഭരതനാട്യം, കൂടിയാട്ടം എന്നിവ പഠിച്ച് വിശ്വപ്രസിദ്ധവിദ്യാലയങ്ങളില്‍ പലതും വിസിറ്റിങ്ങ് പ്രൊഫസറായതും വലിയ പലതരത്തിലുള്ള ഡാന്‍സ് പ്രൊഡക്ഷനുകള്‍ നടത്തിയതും അവ ലോകത്ത് പല ഭാഗത്തും അവതരിപ്പിച്ച് പ്രശംസ നേടിയതും, ആയതുകൊണ്ട് ഔപചാരികമായ വിദ്യാഭ്യാസം മാത്രമല്ല ജീവിതത്തില്‍ വിജയിക്കാന്‍ ഉപാധി എന്ന് ഇനി വരുന്ന തലമുറയോട് ശ്രീ ശശിധരന്‍ പറഞ്ഞ് വെക്കുന്നു.

എന്തിനെഴുതണം എന്നത് പോലെ പ്രധാനമാണ് എങ്ങിനെ എഴുതണം എന്നതും. എഴുത്തില്‍ എഡിറ്റിങ്ങ് വേണം. അതിനൊരു പ്രൊഫഷണല്‍ എഡിറ്റര്‍ ഉണ്ടെങ്കില്‍ നന്ന്. അത് മലയാളത്തില്‍ ഇല്ല. പക്ഷെ അപ്പോള്‍ സ്വയം എഡിറ്റ് ചെയ്യാന്‍ തയ്യാറാകണം. ആ സമയം ഒരു സാധാരണ വായനക്കാരന്റെ വീക്ഷണകോണില്‍ നിന്ന് വേണം എഴുതാനും വിലയിരുത്താനും. എഡിറ്റിങ്ങിനെ പറ്റി ശ്രീ അഭിലാഷ് മേലേതിൽ എഴുതിയ കുറിപ്പ് ഇവിടെ വായിക്കാം.

ഈ പുസ്തകത്തിൽ ആവർത്തനവിരസത വല്ലാതെ വരുന്നുണ്ട്. യൂറോപ്യൻ റോഡുകളെ പറ്റി എഴുതിയതൊക്കെ (ഒരു ഉദാഹരണം മാത്രം) ഇന്നുള്ള വായനക്കാർ വായിച്ചാൽ അരോചകമായി തന്നെ തോന്നും. പല ഭാഗത്തും വരവു ചെലവുകണക്കുകൾ കാണുമ്പോൾ ഇത്രയൊക്കെ ഒരു വായനക്കാരനു അറിയേണ്ടതാണോ എന്ന് സന്ദേഹം വരും. അദ്ദേഹത്തിന്റെ ദൈനംദിന ഡയറിക്കുറിപ്പുകൾ വിസ്തരിച്ചാക്കി പുസ്തകരൂപത്തിൽ പുറത്തിറക്കിയതാണോ എന്നു ശങ്കിക്കുമാറുള്ള വിശദാംശങ്ങൾ എല്ലാം തന്നെ എഡിറ്റ് ചെയ്ത് ചുരുക്കേണ്ടതായിരുന്നു എന്ന് എന്റെ വ്യക്തിപരമായ അഭിപ്രായം.

സുനിൽ ഏലംകുളം മുതുകുറുശ്ശി
05-ജൂലൈ-2019


Mr. Dude aka Dood, my Companion


--- Sithara Sunil  

I got an idea to buy a dog ever since I saw videos of golden retrievers. I was attracted to their cuteness, cleverness and beauty.



                                                       My Dude

The golden retriever is an athletic dog and they are strong. They were named 'retriever' because of their ability to retrieve shot game undamaged due to their soft mouth. Golden retrievers have an instinctive love of water, and are easy to train to basic or advanced obedience standards. They are a long-coated breed, with a dense inner coat that provides them with adequate warmth in the outdoors, and an outer coat that lies flat against their bodies and repels water. Golden retrievers are well suited to residency in suburban or country environments. They are capable of carrying heavy game over land and water. For this, they need a broad powerful neck and well developed fore and hindquarters. It is just slightly longer than tall. The gait is powerful, smooth and ground covering. They live with their owner and sleep with them. They are intelligent and friendly. They are also cute. (information from Wikipedia)

Therefore, when we moved to our own village I thought to have one of them and I did. We got him as a present from my father's friend, Vinod uncle who is also a dog trainer. We named him Dude 😋. The pronunciation in Malayalam is Dood. We got him when he was 43 days old. He was born on March 26, 2018. His father's name is Romeo and his mother's name is the Winner. He was a cute little puppy who loves to put head outside the car and enjoy the fresh air.
 
Vinod uncle has a golden retriever named Hunky. Unfortunately he is deaf, but at the same time, he is intelligent. Hunky is a champion. My pet Dude is also having a gene of his parents and grandparents who were champions as well.

We got him on the day when my father was coming from Saudi Arabia on his vacation. Vinod uncle had brought him to the airport. After we took him we went to my Perasyamma’s home because we have not raised a puppy. They had experience of raising puppies. Their daughter is a big fan of animals so we asked her for help.

I remember, that day was a rainy day. Whenever we opened the car window, he would lick the rainwater with his tongue. In the evening, we bought him to my home. My grandparents were surprised because they did not know that we would bring a puppy. After a few days, they got attached to him. They started to play with him.

He loves tennis ball. Whenever we give him a tennis ball, he will not give it back. If we try to take it back, he starts to look us in a strange playful way. Dude is so friendly and helpful. He is having an adventurous soul. He never fails to make us laugh.

 The first time when we brought him home, he ate the dog food but when he started to grow up, we gave him rice, dosa, podiyari kanji, etc. To be honest he eats every single food that we give.

When we first put him to the ground, he ran to the gate and went outside. I was afraid of the vehicles running there on the road and ran after him.
My mother was not at all interested in dogs. However, when we got him she started loving him. When Muthasyamma starts to make dosa early in the morning, he will crawl on the window and stand up to sniff. When Muthasyamma comes out of the kitchen and stand near its cage at car porch, immediately he will look at Muthasyamma with a hopeful eye because he does know that early morning first dosa will go for him. If Muthasyamma did not give him a piece of dosa he will start crying.

My Valyachan used to play with him every single day. Whatever he eats he will give to Dude. Actually, he had made everyone happy. Now in my village, we are well known as Dood’s (as they pronounce in Malayalam) family. 
                                              
We do not know what we would have done without him. He had become a big part of our life and a member of our family. He does know how to get things from us; also, he knows how to get attention from us. We are so thankful to have him in our life. Even though my relatives are afraid of him, they all started to love him now. He had made them fall by his cuteness.
Now Vinod uncle is training him, while we are here on vacation. I really miss him a lot and every other day, I ask Vinod uncle to send photos or videos.
I do suggest you to buy a pet and give them a chance whether you like it or not. Because they will help us in any situation.

I am the proud owner of my companion Dude. 

കാലാന്തരങ്ങളിലൂടെ...


--- സോയ മുരിയമംഗലത്ത്

സൗദിയില്‍ നിന്നും സ്ഥിരവാസം നാട്ടിലേക്കാക്കിയശേഷം ഒരു വ്യാഴവട്ടം കഴിഞ്ഞു പോയി! സമയം അനുസ്യൂതം പ്രവഹിച്ചുകൊണ്ടിരിക്കുന്നു. ആ പ്രവാഹത്തിലും ചിലത് നാം അറിയാതെ തന്നെ മനസ്സില്‍ അടിഞ്ഞുകൂടും. കാലം ഖനീഭവിച്ച് അത് അങ്ങിനെ അവിടെ കിടക്കും. അങ്ങിനെ ഇരിക്കുമ്പോള്‍ ഇടയ്ക്ക് ഒന്ന് തിരിഞ്ഞ് നോക്കുന്നത് രസകരമാകും.

2007ല്‍ അച്ഛന്റെ മരണം കഴിഞ്ഞാണ് ഞാനും കുട്ടികളും നാട്ടിലേക്ക് സ്ഥിരതാമസം മാറ്റുന്നത്. അതിനു മുന്‍പ് തിരുവനന്തപുരത്ത് ഒരു ആറുമാസം താമസിച്ച് തിരിച്ച് വന്ന ചരിത്രം ഉണ്ട്. ഒരു പ്രവാസിയുടെ കുടുംബത്തിനു നാട്ടിലേക്ക് പറിച്ച് നടപ്പെടാന്‍ പല കാരണങ്ങളും കാണുമെന്ന് ഏവര്‍ക്കും അറിയാമല്ലൊ. ഞങ്ങളും അങ്ങിനെ നാട്ടിലേക്ക് താമസം മാറ്റി. തിരുവനന്തപുരത്ത് നിന്നും തൃശൂരിലേക്ക് ആയി എന്ന് മാത്രം. തിരുവനന്തപുരത്ത് സുനിഏട്ടന്റെ ഓപ്പോളും കുടുംബവും ഉണ്ടായിരുന്നു എങ്കില്‍ തൃശൂരില്‍ എനിക്ക് ഞാന്‍ സ്വന്തം ആയി ഒന്നുമുതലില്‍ നിന്ന് തുടങ്ങേണ്ടിയിരുന്നു. കുട്ടികളുടെ വിദ്യഭ്യാസം ആയിരുന്നു ഒന്നാം കടമ്പ. അത് ശരിയാക്കിയപ്പോള്‍ താമസത്തിനുള്ള വസതി കൂടെ സംഘടിപ്പിക്കാനായി നെട്ടോട്ടം. അങ്ങനെ അയ്യന്തോളിൽ ഇപ്പോളുള്ള ഫ്ലാറ്റിലേക്ക് എത്തി. സുനി ഏട്ടന്‍ ഒപ്പമില്ലാതെ ഒറ്റക്ക് ഓരോ സ്കൂള്‍ അന്വേഷിച്ചതും അവസാനം അപ്പുവിനു ഐ ഇ എസ്സിലും ശ്രീകുട്ടിയ്ക്ക് ശ്രീശ്രീരവിശങ്കര്‍ വിദ്യാമന്ദിറിലും പ്രവേശനം കിട്ടിയതും അതിനു ശേഷം ഒരു വസതി തിരഞ്ഞെടുക്കാനുള്ള മണ്ടിപ്പാച്ചിലും എല്ലാം ഇന്ന് ആലോചിച്ചാല്‍അന്ന് ഞാന്‍ എങ്ങനെ അതൊക്കെ ഒറ്റയ്ക്ക് ചെയ്തു എന്ന് അത്ഭുതം തോന്നും. ജീവിതം ആണ് നമ്മെ സുഖങ്ങളോടും സന്തോഷങ്ങളോടും മുഖാമുഖം നില്‍ക്കാന്‍ പഠിപ്പിക്കുന്നത് എന്ന ചെറിയ പാഠം ആണ് ഞാന്‍ പഠിച്ചത്.

അത് കഴിഞ്ഞ് തൃശൂരില്‍ ഫ്ലാറ്റ് ജീവിതം പത്ത് കൊല്ലത്തോളം ഉണ്ടായി. പറയത്തക്ക പ്രശ്നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. നഗരജീവിതത്തിന്റേതായ സൗകര്യങ്ങള്‍ ഉണ്ടായിരുന്നു എന്ന് മാത്രമല്ല മുതുകുറുശ്ശിയിലും പാലൂരും ഉള്ളവരെ സഹായിക്കാനും പരിചരിക്കാനും സൗദിയിലേക്കാള്‍ എളുപ്പത്തില്‍ പറ്റുമായിരുന്നു. സ്വന്തമായി ഒരു കാര്‍ വാങ്ങിയത് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പത്തിലാക്കി. ഡ്രൈവിങ്ങ് സ്വയം ചെയ്യാറായി എന്നത് എനിക്ക് അല്പമല്ലാത്ത ആത്മവിശ്വാസം ആണ് തന്നത് എന്ന് പറയാതെ വയ്യ. ആരേയും ആശ്രയിക്കാതെ സ്വന്തം ഇഷ്ടത്തിനനുസരിച്ച് പോകാനും വരാനും പറ്റുന്നത് ഒരു സ്ത്രീയെ സംബന്ധിച്ച് ചെറിയ കാര്യമല്ല. ഡ്രൈവിങ്ങ് പഠിക്കാനും കാറെടുത്ത് ഡ്രൈവ് ചെയ്ത് പോകാനും സുനിഏട്ടനും നല്ലതായി സപ്പോര്‍ട്ട് ചെയ്തിരുന്നു. കുട്ടികള്‍ക്കും സന്തോഷമായിരുന്നു. സ്വന്തമായി കാറ് ഡ്രൈവിങ്ങ് ചെയ്യാന്‍ തുടങ്ങിയതോടെ പാലൂര്‍ക്കും മുതുകുറുശ്ശിയ്ക്കും സൗകര്യം പോലെ എത്താം എന്നുമായി. മാസത്തില്‍ പലപ്രാവശ്യം അവിടെ ഒക്കെ പോയി വരിക പതിവായി. അതില്‍ സുനിഏട്ടനും സന്തോഷമായിരുന്നു.

തൃശൂരിലെ ഫ്ലാറ്റ് ജീവിതം ഒരു പിടി നല്ല സൗഹൃദങ്ങള്‍ സമ്മാനിച്ചു. നഗരജീവിതസൗകര്യങ്ങള്‍ നന്നായി ആസ്വദിച്ചിരുന്നു. എപ്പോള്‍ തോന്നിയാലും എങ്ങോട്ടും പോയി വരാനും സൗകര്യമായിരുന്നു. കുട്ടികള്‍ക്ക് റ്റ്യൂഷന്‍ സൗകര്യങ്ങളും ലഭ്യമായിരുന്നു. ഹോട്ടല്‍ ഭക്ഷണം വേണമെന്നു തോന്നിയാല്‍ അതിനുള്ള സൗകര്യംസിനിമ കാണാന്‍ സൗകര്യംകച്ചേരി/കഥകളിതുടങ്ങിയവയ്ക്ക്സൗകര്യം. പാര്‍ക്കില്‍ പോകാം, വടക്കുംനാഥന്‍ഗുരുവായൂര്‍ അങ്ങനെ അമ്പലസൗകര്യം തുടങ്ങി പല ഗുണങ്ങളും അനുഭവിച്ചു. കൂടാതെ അപ്പുവിന്റെ ഡിഗ്രി പഠനം കോട്ടയത്ത് ആയതോടെ അവന്റെ കോട്ടയം പോക്കുവരവിനും എളുപ്പമായി. ബന്ധുജനങ്ങളിക്കിടയിലെ മിക്ക വിവാഹാദികളും തൃശൂര്‍ വെച്ച് തന്നെ ആണ് പലപ്പോഴും ഉണ്ടാവുക എന്നതും സൗകര്യമായി. മുതുകുറുശ്ശി നിന്നും അച്ഛനമ്മമാര്‍ വല്ലപ്പോഴും തൃശൂര്‍ വന്ന് നില്‍ക്കും. പാലൂരില്‍ നിന്നും അമ്മയും. റയില്‍‌വേ സ്റ്റേഷനും കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റും അടുത്തായതിനാല്‍ ആ സൗകര്യവും അനുഭവിച്ചു. അസമയങ്ങളില്‍ യാത്രചെയ്യേണ്ടി വന്നിരുന്ന ബന്ധുമിത്രാദികള്‍ക്കും ആശ്രയിക്കാന്‍ ഒരിടമായി ഞങ്ങളുടെ അയ്യന്തോള്‍ ഫ്ലാറ്റ്. ഞാന്‍ സ്വയം കാറോടിക്കുന്നത് കൂടുതല്‍ അവര്‍ക്ക് പ്രയോജനകരവുമായി.

അപ്പുവിന്റെ ഡിഗ്രി കഴിഞ്ഞതും ശ്രീകുട്ടിയുടെ പത്താം ക്ലാസ്സ് കഴിഞ്ഞതും കൂടാതെ നാട്ടില്‍ അച്ഛനമ്മമാര്‍ക്ക് വയസ്സായി വരുന്നു എന്നുള്ള തിരിച്ചറിവും കൂടെ ആയപ്പോള്‍ ഞാന്‍ ഒന്നുകൂടെ പറിച്ച് നടപ്പെടാന്‍ തയ്യാറെടുത്തു. അങ്ങിനെ കഴിഞ്ഞ കൊല്ലം മുതുകുറുശ്ശി വന്ന് സ്ഥിരതാമസമാക്കി. കുട്ടികള്‍ക്ക് ഫ്ലാറ്റ് ജീവിതം അല്ലാതെ ഞങ്ങള്‍ വളര്‍ന്ന നാടന്‍ ജീവിതരീതി പരിചയപ്പെടുത്താനുള്ള അവസരവും ആയി അത്. ഒറ്റയ്ക്കുള്ള നഗരജീവിതത്തില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് നാടന്‍ ഗ്രാമജീവിതം. ശ്രീകുട്ടി പെരിന്തല്‍മണ്ണയിലേക്ക് ഒറ്റയ്ക്ക് ബസ്സില്‍ പോയി വരാന്‍ തുടങ്ങി. കുട്ടികളേയും എന്നേയും നാട്ടിലുള്ള പൊതുജനങ്ങള്‍ കൂടുതല്‍ അറിയാന്‍ തുടങ്ങി. പലര്‍ക്കും ഞങ്ങളെ അറിയാമായിരുന്നെങ്കിലും ഞങ്ങള്‍ നാട്ടില്‍ ഇല്ലാ എന്ന വിചാരം ആയിരുന്നു. അത് മാറി. പുതിയ ആശയവിനിമയസൗകര്യങ്ങള്‍ ഉള്ളതിനാല്‍ ഞാനൊക്കെ എവിടെ പോയാലും എന്ത് ചെയ്താലും അപ്പോഴപ്പോഴേക്ക് സൗദിയില്‍ ഇരിക്കുന്ന സുനി ഏട്ടന്‍ അറിയും എന്ന അവസ്ഥ ആയി. ഞങ്ങള്‍ അറിയാത്തഎന്നാല്‍ ഞങ്ങളെ അറിയുന്ന ഒരുപാട് ആളുകള്‍ നാട്ടിലുണ്ട് എന്ന് അങ്ങിനെ മനസ്സിലാക്കി.

തൃശൂര്‍ ആണെങ്കില്‍ ഞാനൊറ്റയ്ക്ക് ചെയ്യേണ്ടി വരുന്ന പലതും ഞാന്‍ അറിയാതെ, എന്റെ പരിശ്രമം ഇല്ലാതെ തന്നെ ചെയ്ത് തരാന്‍ ആളുകള്‍ ഉണ്ട് എന്നത് ഒരു പുതിയ അനുഭവമായി. അപ്പു കാര്‍ ഡ്രൈവ് ചെയ്യാന്‍ തുടങ്ങിയ സമയം. അപ്പു ഒറ്റയ്ക്ക് ഡ്രൈവ് ചെയ്ത് പെരിന്തല്‍മണ്ണയിലേക്ക് പോകുന്ന ഒരു സമയത്ത് എതിരെ വന്ന ഒരു ലൈന്‍ ബസ്സ് കാറില്‍ ഇടിച്ച് പോയി. ബസ്സുകാരുടെ തെമ്മാടിത്തരം ആയിരുന്നു അത്. അപ്പു ബസ്സ് വരുന്നത് കണ്ടപ്പോഴേക്കും കാര്‍ സൈഡില്‍ ഒതുക്കി നിര്‍ത്തി ഇട്ടിരുന്നു എങ്കിലും ബസ്സ് സ്പീഡില്‍ വന്ന് ഇടിച്ച് പോയി. മിനിട്ടുകള്‍ക്കകം വാര്‍ത്ത റിയാദില്‍ ഇരിക്കുന്ന സുനിഏട്ടനറിഞ്ഞു! സുനിഏട്ടന്റെ അനിയന്മാരും സുഹൃത്തുക്കളും അടക്കം വേണ്ടപ്പെട്ടവര്‍ അവിടെ ഒത്തു കൂടിബസ്സ് ജീവനക്കാരുമായി പ്രശ്നം തീര്‍ത്തുമുന്‍‌ഭാഗം അല്പം കേടുവന്ന ഞങ്ങളുടെ കാര്‍ പെരിന്തല്‍മണ്ണയില്‍ കൊണ്ട് പോയി ശരിയാക്കി കൊണ്ട് വന്ന് മുറ്റത്ത് ഇട്ട് തന്നു. ഒന്നും ഞാനറിഞ്ഞില്ലഎനിക്ക് ഒന്നിനും ഓടി നടക്കേണ്ടി വന്നതും ഇല്ല.

ഇങ്ങനെ പലതും പറയാനുണ്ട് വിസ്തരിക്കാതെ ചിലത് മാത്രം പറയാം. അതില്‍ ഒന്ന് ഉള്ളത്ഫ്ലാറ്റ് ജീവിതത്തില്‍ വിചാരിക്കുക കൂടെ ചെയ്യാത്ത ഒന്നാണ്. ശ്രീകുട്ടിയ്ക്ക് ഒരു പെറ്റ് നായയെ വേണം. ഒരു ഗോള്‍ഡന്‍ റിട്രീവര്‍ തന്നെ വേണം. നാട്ടില്‍ ആയതിനാല്‍ അതും സാധിച്ചു. ഡ്യൂഡ് എന്ന പേരുള്ളഎന്നാല്‍ മലയാളത്തില്‍ ഡൂഡ് എന്ന് വിളിക്കുന്ന അതിനെ പറ്റി ശ്രീകുട്ടി തന്നെ എഴുതിയിട്ടുണ്ടല്ലൊ.  അതിന്റെ വികൃതിയും കുസൃതിയും കണ്ടിരിക്കാൻ നല്ല രസമാണ്. സമയം പോകുന്നതറിയില്ല. ഇങ്ങനെ ഒന്നിനേയും വളര്‍ത്തി പരിചയമില്ലാത്ത ഞങ്ങള്‍ക്ക് ഡ്യൂഡും ഇപ്പോള്‍ കുടുംബാംഗമായി. ഡ്യൂഡിനു ലൈസന്‍സ് എടുക്കാനും വാക്സിനെടുക്കാനും പഞ്ചായത്ത് ഓഫീസില്‍ പോയപ്പോള്‍ സഹായിക്കാന്‍ ആളുകള്‍ വന്നു. ബാങ്കിലും റേഷന്‍ ഷോപ്പിലും പലചരക്ക് കടയിലും പച്ചക്കറിക്കടയിലും എല്ലാം അറിയുന്ന ആളുകള്‍ ആയി.

മുതുകുറുശ്ശിയില്‍ തന്നെ ഞങ്ങള്‍ക്ക് വേണ്ടുന്ന സാധനങ്ങള്‍ എല്ലാം കിട്ടും എന്നത് പെരിന്തല്‍മണ്ണനഗരസന്ദര്‍ശനം ഒഴിവാക്കി. എനിക്ക് നിത്യേന ധാരാളം ഡ്രൈവ് ചെയ്യണ്ട ആവശ്യം ഇല്ലാതെ ആയി. സ്വയം നഗരത്തിലേക്ക് പോകാതെ തന്നെപോകുന്നവര്‍ നമ്മളെ സഹായിക്കാന്‍ ഉണ്ട് എന്നതും അതിനു കാരണമായി. വീടുക്ലീന്‍ ചെയ്യല്‍ മാത്രമല്ല ഗൃഹഭരണം എന്നായി. അത്യാവശ്യം തൊടി നോക്കുകനാളികേരം ഇടുകവളം ചെയ്യുകനനയ്ക്കുക തുടങ്ങി കൃഷിരീതികളും വേണ്ടി വന്നു. അത് മാത്രമല്ലനഗരത്തില്‍ ചെയ്തിരുന്ന പോലെ വിചാരിച്ചാല്‍ പെട്ടെന്ന് ഇറങ്ങി പോകാന്‍ പറ്റാത്ത അവസ്ഥ ആയി. സുനി എട്ടന്റെ അച്ഛന്റേയും അമ്മയുടേയും കാര്യം മാത്രം നോക്കിയാല്‍ പോര എന്നായി. പാലൂര്‍ എന്റെ അമ്മ അടുത്താണ്മറ്റ് അഫന്മാരും വല്യച്ഛന്മാരും ഒക്കെ അടുത്ത് തന്നെ ആണ്. അവരുമൊക്കെ ആയി ഒരു പുതിയ ലോകം ഞാന്‍ ഉണ്ടാക്കി. കുട്ടികള്‍ക്കും കൂട്ടായി അവരുടെ കുട്ടികള്‍ ഉണ്ട്. ഒരു ചെറിയ പിറന്നാള്‍ ആണെങ്കില്‍ കൂടെ അഫന്മാരുടേയും വല്യച്ഛന്മാരുടേയും അടുത്ത് നിന്നും അവരുടെ മക്കളും ആത്തേമ്മാരുകളും കുട്ടികളും വന്ന് ആഘോഷമാക്കി മാറ്റും. തിരിച്ചും അത് തന്നെ.

സാമൂഹികജീവിതം അങ്ങനെ കൂടുതല്‍ ഉണ്ടായി എന്ന് തന്നെ പറയാം. അത് കൂടാതെ നാട്ടില്‍ വിവാഹം മറ്റ് വിശേഷങ്ങള്‍ ധാരാളം ഉണ്ടല്ലൊ. വിവാഹത്തിനു മുന്‍പ് എനിക്ക് നാട്ടുകാരുമായി അടുപ്പമുണ്ടായിരുന്നത്ശേഷം ഇപ്പോഴാണ് തുടരാന്‍ സംഗതി വന്നത് എന്നതും സത്യമാണ്. അതിനിടയ്ക്ക് മുതുകുറുശ്ശിയില്‍ ഞങ്ങള്‍ മാത്രമായ കൈക്കൊട്ടിക്കളി ഗ്രൂപ്പും ആയി എന്നത് ഞങ്ങളുടെ കൂട്ടായ്മയുടെ വിജയം തന്നെ ആണ്. മുതുകുറുശ്ശിയില്‍ എല്ലാ വിശേഷങ്ങള്‍ക്കും ഞങ്ങളുടെ കൈകൊട്ടിക്കളിയും പാട്ടും ഡാന്‍സും ഒക്കെ പതിവായി.

മുതുകുറുശ്ശി ഗ്രാമവാസി ആയിരിക്കുന്ന സമയത്ത് ആണ് കേരളം നടുക്കിയ പ്രളയം (2018) വന്നത്. മുതുകുറുശ്ശിയിലും പുഴവെള്ളം കയറി എന്നിരുന്നാലും ഞങ്ങളുടെ സ്ഥലം ഉയരത്തിലായതിനാല്‍ പ്രശ്നമുണ്ടായില്ല. ഏലംകുളം പഞ്ചായത്തില്‍ താരതമ്യേനപ്രശ്നം കുറവായിരുന്നു. വൈദ്യുതി ബന്ധം നാലഞ്ച് ദിവസം കഴിഞ്ഞേ വന്നുള്ളൂ എന്ന് മാത്രം. എന്നാല്‍ പാലൂര്‍ക്ക് യാത്ര ബുദ്ധിമുട്ടായിരുന്നു. അവിടെ റോഡില്‍ തോട് കരകവിഞ്ഞ് ഒഴുകുകയായിരുന്നു. ബോട്ട് സര്‍വീസ് നടത്തിയിരുന്നു എന്നറിഞ്ഞു. ഞാന്‍ സ്കൂളില്‍ പോകുമ്പോള്‍ കടന്നിരുന്ന തോടായിരുന്നു അത്. തൃശൂരില്‍ ആയിരുന്നെങ്കില്‍ അച്ഛനമ്മമാര്‍ക്ക് പരിഭ്രമം ആയിരുന്നേനേ എന്ന് ഓര്‍ത്തു.  

പ്രളയം മാറി. ജീവിതം പഴയപോലെ ആയി. ഞങ്ങളും ഗ്രാമജീവിതം ആസ്വദിക്കാന്‍ തുടങ്ങി. പഴയപോലെ എയർപ്പോര്‍ട്ട് കോഴിക്കോട് തന്നെ ആക്കി. അത്യാവശ്യം പച്ചക്കറികളും മറ്റും കൃഷി ചെയ്യാന്‍ പ്ലാന്‍ ഉണ്ട്. അത് പോലെ മഴവെള്ളസംഭരണിയും. നഗരത്തില്‍ ഇതിന്റെ ഒന്നും ആവശ്യമില്ലായിരുന്നെങ്കില്‍ ഗ്രാമത്തില്‍ അതല്ലല്ലൊ. ഞാനും കുട്ടികളും സന്ദര്‍ഭത്തിനനുസരിച്ച് മാറി വരുന്നു. കാലമിനിയും വരും വിഷു വരും തിരുവോണം വരും. ഫ്ലാറ്റിലെ പോലെ അല്ലവിഷുവിനു പടക്കം പൊട്ടിക്കാനും ഓണത്തിനു മാതേവരെ വെക്കാനും ഒക്കെ സാധിക്കുമല്ലൊ. കൂടാതെ ഞങ്ങടെ ഡ്യൂഡുമുണ്ട്.

സമയം എന്നതിനു പലമാനങ്ങളും ഉണ്ട്. അത് ചലിച്ച്കൊണ്ടിരിക്കുകയാണ്. പ്രപഞ്ചത്തിന്റെ മറ്റൊരു കോണില്‍ എത്തിയാല്‍ സമയം എന്ന സങ്കല്പമേ അര്‍ത്ഥശൂന്യമാകും. ചലനംമാറ്റം അത് മാത്രമാണ് വാസ്തവം. എവിടേക്ക് എന്തിന് എന്നിത്യാദി ചോദ്യങ്ങള്‍ക്കൊന്നും അര്‍ത്ഥമില്ലഎങ്ങിനെ എന്നൊരു ചോദ്യത്തിനേ അര്‍ത്ഥമുള്ളൂ. നഗരത്തിലും ഗ്രാമത്തിലും ഉള്ള എന്റെ ജീവിതം എങ്ങിനെ എന്ന് എഴുതിയിടാനാണ് ഞാന്‍ ശ്രമിച്ചത്.

ശൂർപ്പണഖയുടെ മൂക്കും ചെവിയും മുലയും മുറിക്കൽ

ആദ്യമേ പറയട്ടെ, ഞാൻ ഉദ്ധരിയ്ക്കുന്നതെല്ലാം ഇന്റെർനെറ്റിൽ ലഭ്യമായ സ്രോതസ്സുകൾ ആണ്. അതിനാൽ ലിങ്ക് ഉണ്ട്. ശൂർപ്പണഖയുടെ അംഗവിഛേദം കഥകളിയിലും കൂട...