13 ഡിസംബർ 2020

Edge of the World and Sun set…

23 September 2020 National Day of Saudi Arabia (ബുധനാഴ്ച) 



കൊല്ലാകൊല്ലങ്ങളിലും പോകുന്ന എഡ്ജ് ഓഫ് ദ വേൾഡ്, എന്ന മരൂഭൂമി യാത്ര ഇപ്രാവശ്യവും ഉണ്ടായീ. കൊല്ലാകൊല്ലങ്ങൾ എന്നൊക്കെ പറയുന്നത് കുറച്ച് അതിശയൊക്തി എന്ന് അറിയാമെങ്കിലും, കഴിഞ്ഞ കൊല്ലം പോയതിന്റെ പരിണിതഫലം ആണ് ഇപ്രാവശ്യത്തെ യാത്ര. അത് വ്യത്യസ്തവുമായിരുന്നു.


അങ്ങനെ നോക്കുമ്പോൾ, ഞാൻ, അല്ല ഞങ്ങൾ, സൗദിയിലെ പലഭാഗത്തും യാത്രകൾ നടത്തിയിട്ടുണ്ട്. അതൊക്കെ സ്വന്തം, ഗൂഗിൾ മാപ്പ് ഇട്ടും ഗൂഗിൾ മാപ്പ് ഇല്ലാത്ത കാലത്തും എല്ലാം യാത്രകൾ നടത്തിയിട്ടുണ്ട്. 


മുൻപും എഡ്ജ് ഓഫ് ദ വേൾഡിലേക്ക് പോയിട്ടുണ്ട്. അന്നൊന്നും ഗൂഗിൾ മാപ്പ് ഇല്ലായിരുന്നു. കഴിഞ്ഞ കൊല്ലം ഗൂഗിൾ മാപ്പ് ഒക്കെ വെച്ച് പോയതാ. എഞ്ചോയ് ചെയ്ത് തിരിച്ച് വരുന്ന സമയത്ത് മരുഭൂമിയിലെ ഒരു ടെന്റ് കണ്ടു. ആർക്കും പ്രകൃതിയുടെ വിളികൾ അധികസമയം കേൾക്കാതിരിക്കാനൊന്നും വയ്യല്ലൊ. അങ്ങനെ ആ കണ്ട ടെന്റിൽ കയറി. അവിടെ ഇരുന്ന് പ്രകൃതിയുടെ വിളികൾ കേട്ടു, കൊണ്ടുവന്ന ഭക്ഷണം കഴിച്ചു. ടെന്റ് നോക്കുന്ന ഒരാൾ അതിനനുവദിച്ചു കുഞ്ഞുകുട്ടി പ്രാരാബ്ധങ്ങൾ കണ്ടാൽ ഏതൊരു മനുഷ്യനും ഉണ്ടാകുന്ന ഫീലിങ്ങ്സ് വെച്ച് ആ ചങ്ങാതി സമ്മതിച്ചു. ഞങ്ങൾ അങ്ങിനെ ഇരിക്കുമ്പോൾ ഒരാൾ വന്ന് കശപിശ, ഞങ്ങളോടല്ല, ആ ടെന്റ് നോക്കുന്ന പാവം മനുഷ്യനോട് ആയിരുന്നു കശപിശ. ആളോട് കാര്യം ചോദിച്ചപ്പോൾ ആൾ പറഞ്ഞു ഇനീം ആളുകൾ വരും അവരൊക്കെ ബുക്ക് ചെയ്ത് വരുന്നതാണെന്നൊക്കെ. അതായത് സൗദിയിൽ, ടൂർ ഓപ്പറേഷന്റെ ഭാഗമായി, ഉണ്ടാക്കിയ ടെന്റ്, അതിൽ ഒരു ടൂർ ഓപ്പറേഷൻ കമ്പനിക്കും പൈസ കൊടുക്കാതെ ഞങ്ങൾ അവരുടെ ഫെസിലിറ്റി ഉപയോഗിക്കുന്നു എന്ന്. അപ്പോൾ ഞാൻ അവരുടെ കമ്പനിയെ പറ്റിയും എല്ലാം ചോദിച്ചു. അവരുടെ ബ്രോഷർ തന്നു. അത് ഞാൻ മൊബൈലിൽ ഫോട്ടോ എടുത്ത് വെച്ചു.
ഇപ്പോൾ സൗദിയിൽ ചൂട് വിട്ട കാലം. ആ ബ്രോഷർ ഓർമ്മിച്ചു. അതിലെ വാട്സപ്പ് നമ്പറിൽ ഞാൻ കോണ്ടാക്റ്റ് ചെയ്തു. അവർ എനിക്ക് പുതിയ ബ്രോഷർ അയച്ച് തന്നു. അതും എഡ്ജ് ഓഫ് ദ വേൾഡ് യാത്ര തന്നെ. പക്ഷെ അത് വൈകുന്നേരം. സൺ സെറ്റ്, അറ്റ് എഡ്ജ് ഓഫ് ദ വേൾഡ് എന്ന്. കേറി പിടിച്ചു ഞാൻ. ഒരാൾക്ക് 120 റിയാൽ. 8 പേരിലധികം ഉണ്ടെങ്കിൽ ഡിസ്കൗണ്ട് എന്ന് വാട്സപ്പ് മെസേജ്.. ഞാൻ കൊണ്ട് പിടിച്ച് നോക്കി 4 പേരെ കിട്ടി. അങ്ങനെ ഞങ്ങൾ യാത്ര തുടങ്ങി. ഞങ്ങടേ വണ്ടിയിൽ അല്ലാ അവരുടെ ബസ്സിൽ. ഞങ്ങടെ വണ്ടി എങ്കിൽ 50 റിയാൽ മാത്രം. അതിനു ഞങ്ങടെ കയ്യിൽ ഫോട് വീൽ ഡ്രൈവ് വണ്ടികൾ ഇല്ല.. അപ്പോൾ അവരുടെ ഒപ്പം എന്ന് തന്നെ തീരുമാനിച്ച് ധീരമായി ഞങ്ങൾ മുന്നോട്ട് പോയീ.


അവർ ഞങ്ങൾക്ക് മീറ്റിങ്ങ് പോയന്റ് ഗൂഗിൾ മാപ് കോർഡിനേറ്റ്സ് ഇട്ട് തന്നിറ്റുണ്ടായിരുന്നു. അത് പ്രകാരം കിങ്ങ് ഖാലിഡ് റോട്ടിലെ സാദ് സ്ക്വയറിലെ സ്റ്റാർബക്സ് കോഫീഹൗസ് ആയിരുന്നു ലക്ഷ്യം. അവിടെ എത്തി ഞങ്ങൾ. അന്യോന്യം പരിചയമില്ലാത്തതിനാൽ അവർ മൊബൈലിൽ വിളിച്ചു തൊട്ട് മുൻപിരുന്ന് ഞാൻ മൊബൈൽ ആൻസർ ചെയ്യുന്നത് കണ്ടപ്പോൾ അവർ വരൂ വരൂ എന്ന് പറഞ്ഞ് ഇരുത്തി. ഞങ്ങളുടെ കയ്യിൽ നിന്ന് പൈസ വാങ്ങി മാത്രമല്ല കയ്യിൽ കെട്ടാൻ ഒരു ടാഗ്, പിന്നെ വളപോലെ മറ്റൊരു ടാഗ്, അതും കൂടെ കഴിഞ്ഞ് രാത്രി സമയത്ത്‌  ഓൺ ചെയ്യണ്ട ഒരു മിന്നാമിനുങ്ങിയും തന്നു. അതൊക്കെ ഞങ്ങൾ ധരിച്ചു. മിന്നാമിനുങ്ങിയെ ഷർട്ടിന്റെ കാണാൻ പാകത്തവിധത്തിലും ധരിച്ചു. 


ഉച്ചയ്ക്ക് 2.40 സമയത്തിനു യാത്ര തുടങ്ങാം എന്നാ അവർ പറഞ്ഞത് എങ്കിലും മൂന്നുമണിയോടെ യാത്ര തുടങ്ങി. എന്റെ ബസ്സിൽ 8 പേർ. കൂടാതെ 3 ഗൈഡുകളും അതിൽ ഒരു പെൺകുട്ടിയും. ഡ്രൈവറും ഉൾപ്പെടും. ഞങ്ങളുടെ ബസ്സ് കൂടതെ ഒരു ബസ്സും കൂടെ ഉണ്ട്. അതിലെത്ര പേർ എന്ന് ചോദിച്ചാൽ ഒരു പതിനഞ്ച് മാക്സിമം ഉണ്ടാകും, അവർ കൂട്ടമായി ബുക്ക് ചെയ്തതാ എന്ന് തോന്നുന്നു. അത് കൂടാതെ അവനവന്റെ ഫോർ വീൽ ഡ്രൈവ് വാഹനങ്ങൾ ഒരു പത്തെണ്ണം ചുരുങ്ങിയത് ഉണ്ടായിരുന്നു. 


വൈകുന്നേരം മൂന്നുമണിയോടെ ഞങ്ങൾ യാത്ര പുറപ്പെട്ടു. മക്ക റോഡിലൂടെ ഷക്ര ഭാഗത്തേയ്ക്കാണ് യാത്ര. ഷക്രയിലേക്ക് അനവധി പോയതാണ് ഞാൻ. 

ടൂർ തുടങ്ങുന്നതിനു മുന്നെ ഞങ്ങൾക്ക് കയ്യിലിടാൻ രണ്ട് ബാന്റുകളും, പിന്നെ ഒരു ചെറിയ ലൈറ്റ്, ഷർട്ടിൽ പിൻ ചെയ്ത് വെക്കാൻ തന്നിരുന്നു. അത് ഇരുട്ടത്ത് നീലയും ചുവപ്പും ആയി നിറമുള്ള പ്രകാശം പരത്തും എന്നവർ പറഞ്ഞു.


പോയത് മക്ക റോഡ്, ഷക്ര വഴി ഒനയ്ന, വഴി. എന്നിട്ട് ഏതോ ഒരു പോയന്റിൽ യൂടേൺ അടിച്ച് പെട്ടെന്ന് തന്നെ ഓഫ് റോഡ് ആയി. ഞങ്ങൾ പണ്ട് പോയതൊക്കെ ഗൂഗിൾ മാപ്പ് നോക്കി. ഗൂഗിൾ മാപ്പ് ഇല്ലാതേയും പൊയീട്ടുണ്ട്. അതൊക്കെ വളരെ ശ്രദ്ധിച്ച്. എന്തൊക്കെ ശ്രദ്ധകളാന്നറിയില്ലാ!. ബ്ടെ അവർകൊന്നും ഒരു നോട്ടവുമില്ല, ഡ്രൈവിങ്ങിലേ ശ്രദ്ധിക്കുന്നില്ല എന്നപോലേയാ. എന്നാൽ അവർ നല്ല ഡ്രൈവേഴ്സ് ആണ് ട്ടൊ. അവരുടെ നാട്ടിൽ കണ്ണും കെട്ടി പോയാൽ അവരെവെഇടേയ്ക്കും എത്തും എന്നത് സത്യം!. ആ ഒരു ഫ്രീഡം അവരുടെ അനായാസ ഡ്രൈവിങ്ങിൽ ഉണ്ട്. അത് പക്ക റോഡ് ആയാലും അതല്ലാ പക്കാ മരുഭൂമി ആയാലും. ആ രീതി നമ്മളിലും ഒരു കോൺഫിഡൻസ് നിറയ്ക്കും. ഇത് ഞാൻ സ്വയം ഡ്രൈവ് ചെയ്ത് പോയാൽ ഉണ്ടാകില്ല, എന്നത് ഉറപ്പ്.


ആദ്യത്തെ ലക്ഷ്യം സൂര്യനസ്തമിക്കുന്നത് എഡ്ജ് ഓഫ് ദ വേൾഡിലെ ആ മുനമ്പിൽ ഇരുന്ന് കാണുക എന്നതായിരുന്നു. ഞങ്ങൾ അവിടെ സമയത്തിനെത്തി. ബേസ് ക്യാമ്പിൽ ധാരാളം പഴവർഗ്ഗങ്ങളും സ്നാക്സും വെള്ളവും എല്ലാമുണ്ടായിരുന്നു. അത്യാവശ്യം ഭക്ഷിച്ച് എന്റെ വയറിന്റെ ആളൽ ഒന്നടക്കി ഞങ്ങൾ. ബേസ് ക്യാമ്പിൽ ബസ്സിറങ്ങി പിന്നെ അത്യാവശ്യം ദൂരം നടക്കണം. ഉയർച്ചയും താഴ്ച്ചയും ഒരു ജാതി പാറക്കല്ലുകളും എല്ലാമുള്ള പാതയിലൂടെ ഞങ്ങൾ നടന്നു. മുനമ്പ് കണ്ടു. കണ്ടപ്പോൾ തന്നെ ഞാൻ പോകുന്നില്ല അവിടേക്ക് എന്ന് തീർച്ചയാക്കി. ഒന്ന്, ഉയർച്ച എനിക്ക് പേടി. പിന്നെ അത്ര സ്മൂത്ത് അല്ലാത്ത പാത. എപ്പോഴും തെന്നി വീഴാം. വീണാൽ പിന്നെ തുടച്ച് എടുക്കാൻ കൂടെ കിട്ടില്ല!. എന്റെ ചെരുപ്പ് എല്ലാം പഴേത് ഗ്രിപ്പ് ഒട്ടും ഇല്ലാ. ആകപ്പാടെ ഞാൻ പോകുന്നില്ല എന്ന് ഉറപ്പിച്ചു എങ്കിലും ഒപ്പം ഉള്ള രാജീവ് എന്ന സുഹൃത്ത് അവിടെ പോയി. ഞാൻ ദൂരെ ഇരുന്ന് കുറേ ഫോട്ടോസും വീഡിയോസും എല്ലാം എടുത്തു. തിരക്ക് കൂടിക്കൂടി വരുന്നു. വല്ലാതെ തിരക്ക് വരുന്നതിനു മുന്നേ ഞാൻ, മുനമ്പിന്റെ അടുത്ത് നിന്നും ഒറ്റയടിപ്പാതയിലൂടെ തിരിച്ച് സേഫ് ആയ സ്ഥലത്ത് എത്തി. ആ ഒറ്റയടിപ്പാതയുടെ ഒരു സൈഡ് അങ്ങ് തൂങ്ങാം കുഴിയാണ്, അവിടുന്ന് മരുഭൂമി വിശാലമായി മലർന്ന് വിരിഞ്ഞ് കിടക്കുന്നു. സത്യത്തിൽ ഒരു കടലിന്റെ അഗാധതയൊക്കെ ഉണ്ട്. അതിനുമപ്പുറം ആദിത്യൻ അസ്തമിക്കുന്നു. വല്ലാത്ത ഒരു കാഴ്ച ആയിരുന്നു അത്. പറഞ്ഞറിയിക്കാൻ വയ്യാ! ആ മുനമ്പ് കണ്ടപ്പോൾ ലയൺ കിങ്ങ് എന്ന സിനിമയിലെ കുട്ടി സിംഹം ഒരു ഉയരമുള്ള പാറയുടെ മുകളിൽ കയറി ഗർജ്ജിക്കുന്ന സീൻ ഓർമ്മ വന്നൂ. ആ സീനിന്റെ ചിത്രങ്ങളും ധാരാളം ആണല്ലൊ.


മുൻപും അവിടെ പോയിട്ടുണ്ടെങ്കിലും, സൂര്യാസ്തമയം അവിടെ ആദ്യം ആയി കാണുന്നു. പലപ്പോൾ പോയതും പകൽ സമയത്തായിരുന്നു. കാരണം സ്വന്തം വാഹനത്തിൽ ഇരുട്ടി തിരിച്ച് ഡ്രൈവ് ചെയ്യുന്നതിനു ആത്മവിശ്വാസം ഇല്ലാ. വഴിതെറ്റാം. കുടുങ്ങാം. ഇത് മരുഭൂമി അറിയുന്നവർ ആണ് നമ്മളേ കൊണ്ട് പോകുന്നത് എന്നതിന്റെ ഒരു ആത്മവിശ്വാസം ഉണ്ട്. കഴിഞ്ഞ കൊല്ലം പോയപ്പോൾ അവിടെ മൊബൈൽ സിഗ്നൽ കൂടെ കിട്ടിയില്ലായിരുന്നു. ഇപ്പോൾ പോയപ്പോൾ സിഗ്നലൊക്കെ കിട്ടി. എല്ലാ കമ്പനികളുടേയും മൊബൈലുകൾക്ക് സിഗ്നൽ ഇല്ലാ എന്നും മനസ്സിലായി.


ഞങ്ങൾ തിരിച്ച് ടൂർ ഓപ്പറേറ്ററുടെ ബേസ് ക്യാമ്പിലേക്ക് എത്തി. ഇരുട്ടായിരുന്നു. ഒന്ന് ഇരുന്ന് വിശ്രമിച്ചു. ഞങ്ങൾ പലരും ഫ്രൂട്സ്സ് എല്ലാം കഴിച്ച് വിശ്രമിച്ചപ്പോൾ ക്വാഡ് ബൈക്കുകൾ റെഡി, രണ്ട് പേരായി വന്ന് ബൈക്ക് റൈഡ് ചെയ്യാൻ അറിയിച്ചു. ഞാൻ മുൻപ് ബൈക്ക് റൈഡ് ചെയ്തിട്ടുണ്ട് എന്നതിനാലും മറ്റുള്ളവരുടെ ഉത്സാഹവും കൂടെ കണ്ടപ്പോൾ ഞാൻ ഒഴിഞ്ഞു. ലിംഗഭേദമന്യേ പലരും ബൈക്ക് ഓടിച്ചു. എന്റെ സുഹൃത്ത് പോയി ഒരു സ്ഥലത്ത് എത്തിയപ്പോൾ, പെട്രോൾ കഴിഞ്ഞ് ബൈക്ക് ഓഫായി. രാത്രി ആയപ്പോളാണ്, ഷർട്ടിൽ പിൻ ചെയ്യാൻ തന്ന ലൈറ്റിന്റെ ഗുണം അറിഞ്ഞത്. ബൈക്ക് അവിടെ ഇട്ട് ആൾ നടന്ന് വന്നു. ടൂർ ഗൈഡിനോട് പറഞ്ഞപ്പോൾ ആൾ പോയി ബൈക്ക് കൊണ്ട് വന്നു. 


പകുതി ചന്ദ്രൻ ആകാശത്ത് തിളങ്ങി നിൽക്കുന്നുണ്ടായിരുന്നു. അതി ദൂരത്ത് റോഡ് സൈഡിലെ മഞ്ഞ സ്റ്റ്രീറ്റ് ലൈറ്റുകൾ തെളിഞ്ഞ് നിൽക്കുന്നത് ഒരു നേരിയ രേഖപോലെ കാണാമായിരുന്നു. ഒരു കാറ്റ് എപ്പോഴും വീശുന്നുണ്ടായിരുന്നു. തണുപ്പുമില്ല ചൂടുമില്ല. നല്ല കാലാവസ്ഥ. ഫാമിലിയെ മിസ്സ് ചെയ്തു എന്ന് സിംഗിൾ ആയ ആരും വിചാർക്കും. അത്ര നല്ല മൂഡ് തരുന്ന അന്തരീക്ഷം.


ആളുകൾ ടെന്റിൽ ഇരുന്ന് പാട്ട് പാടുന്നു. റിലാക്സ് ചെയ്ത് ശീഷ (ഹുക്ക) വലിക്കുന്നു (പുകവലി തന്നെ) ഞാൻ ടെന്റുകളുടെ പിൻഭാഗത്ത് ചെന്നപ്പോൾ അവിടെ ഒരു വണ്ടി ഹെഡ്‌ലൈറ്റ് ഇട്ട് നിൽക്കുന്നു. മുന്നിൽ ചിലർ കൂടിയിട്ടുണ്ട്. ദൂരെ ഒരു നാലഞ്ച് സ്പൂൺ കുത്തിനിർത്തിയപോലെ ഒരു സംഗതിയും അതിനു മുന്നിൽ ഒരു ലൈറ്റും. കൂടിയിരുന്ന ആളുകൾ ഓരോരുത്തർ ആയി ഒരു എയർ ഗൺ പോലെ ഉള്ള ഒന്ന് ഉന്നം വെച്ച്, ലക്ഷ്യം ആയ ആസ്പൂൺ പോലുള്ളതിന്റെ ഭേദിക്കാൻ നോക്കുന്നു. ആർക്കും പറ്റിയില്ല. എനിക്കും പറ്റിയില്ല. ഉണ്ട അവിടം വരെ എത്തുന്നുണ്ടോ എന്ന് കൂടെ എനിക്ക് സംശയം ആയി. ഉണ്ട, ഗൈഡ് കയ്യിൽ വെച്ച് കാണിച്ച് തന്നു വളാരെ ചെറിയ ഒരു സാധനം. അതല്ല രസം, ഞാൻ ആദ്യമായി ഒരു തോക്ക് എടുത്ത് എന്റെ തോളിൽ വെക്കുന്നു, എന്നിട്ട് വെടി വെക്കുന്നു. എന്റെ കൈ വിറച്ചു എന്നത് വാസ്തവം. വെടിവെക്കുന്ന എന്റെ ഫോട്ടോ എടുക്കാൻ ഗൈഡിനോട് പറഞ്ഞിരുന്നു. അത് ആൾക്ക് പറ്റിയില്ല. അതിനാൽ ഞാൻ ഒന്ന് രണ്ട് വട്ടം പിന്നേയും പരിശ്രമിച്ചു. ഒന്നും വിജയിച്ചില്ലെങ്കിലും തോക്ക് ചൂണ്ടി നിൽക്കുന്ന എന്റെ ഒരു ഫോട്ടോ എടുക്കാൻ പറ്റീ.


അങ്ങിനെ രസമായി സമയം ചെലവഴിച്ച് ഇരിക്കുമ്പോൾ സമയം എട്ടര കഴിഞ്ഞു. ഡിന്നർ റെഡി എന്ന് പറഞ്ഞപ്പോൾ ഡിന്നർ കഴിക്കാൻ ഞങ്ങൾ പോയി. ഫഹാം, റൈസ്, ഹുമൂസ്, സലാഡ്, റൊട്ടി, പിന്നെ ഡ്രിങ്ക്സ് ആയി മിരിന്റ, പെപ്സി, സെവൻ അപ്പ് എന്നിത്യാദികളും വെള്ളവും. ഡിന്നർ അല്ലെ, അധികം ഒന്നും ഞാൻ കഴിച്ചില്ല. വിശക്കരുത് എന്നതിനു വേണ്ടി അല്പം കഴിച്ചു. ഡിന്നർ കഴിഞ്ഞ് ഒരു റാഫിൾ ഉണ്ടായിരുന്നു. അത് കിട്ടിയത് ഞാൻ അറിയാത്ത രണ്ട് പേർക്ക്. അൽ ഉലയിലേക്ക് ട്രിപ്പ് ഉണ്ട്, അത് മുഴുവനും അവർക്ക് സൗജന്യമായി ഞങ്ങടെ ടൂർ ഓപ്പറേറ്റർ ചെയ്ത് കൊടുക്കും. അതാണ്  റാഫിൾ സമ്മാനം. ഒട്ടും മോശമല്ല അത്. അൽ ഉലയിലേക്ക് ഞാൻ മുൻപ് പോയിട്ടുണ്ട് രണ്ട് തവണ. ഹിസ്റ്റോറിക്കൽ സ്ഥലം ആയ, യുനസ്കോ ഹെറിറ്റേജ് സൈറ്റുകളിൽ പെട്ട മദയിൻ സാലേ എന്ന പ്രദേശവും ഉൾപ്പെട്ട അൽ ഉല അതി സുന്ദരം തന്നെ. സൗദിയുടെ പിങ്ക് പ്രൊവിൻസ് ആണത്.


രാത്രി പത്ത് മണി കഴിയുന്നത് വരെ ഞങ്ങൾ മരുഭൂമിയുടെ രാത്രി സൗന്ദര്യം ആസ്വദിച്ച് ഇരുന്നു. അത് വല്ലാത്ത അനുഭൂതി തന്നെ ആയിരുന്നു. തിരിച്ചുള്ള യാത്ര തുടങ്ങി. ടൂർ ഓപ്പറേറ്ററുടെ സീനിയർ മാനേജർ/മുതലാളി എന്നൊക്കെ തോന്നിക്കുന്ന ഒരാൾ തന്റെ ടൊയോട്ട വണ്ടിയിൽ നിറയെ ലൈറ്റുകളുമൊക്കെ ആയി അവിടെ വന്നിരുന്നു. ഞങ്ങളുടെ ഒപ്പം ഒന്നുമല്ല. എപ്പോഴോ അവിടെ എത്തി. ഞങ്ങളുമായി സംസാരിച്ചു. എന്നിട്ട് അദ്ദേഹം എങ്ങനെ മരുഭൂമിയിലൂടെ യാത്ര ചെയ്യുന്നു എന്ന് ഞാൻ അന്തം വിടുന്ന രീതിയിൽ ഞങ്ങളെ വെട്ടിച്ച്, ഒരു ഗുഹാമുഖത്ത് കൊണ്ട് ചെന്ന് നിർത്തി. ഗുഹാമുഖം അദ്ദേഹത്തിന്റെ വണ്ടിയിലെ ലൈറ്റുകളുടെ പ്രകാശം മൂലം അത് മനോഹരമായി കാണപ്പെട്ടു. ഞങ്ങളും ബസ്സ് നിർത്തി. ഗുഹയിലേക്ക് കയറണ്ടവർ കയറി. അവിടേയും ഞാൻ ഒഴിഞ്ഞു. കാരണം ഞാൻ അവിടെ ആ ഗുഹയിൽ കഴിഞ്ഞ കൊല്ലം കയറിയിട്ടുണ്ട്. മനുഷ്യനിർമ്മിതം ഒന്നും അല്ല ഗുഹ. അതും പ്രകൃതിദത്തം തന്നെ. ഉള്ളിൽ ഇരുട്ടിനു അവരുടെ കയ്യിൽ ലൈറ്റ്സ് ഉണ്ടായിരുന്നു. എന്നാലും ഹ്യുമിഡിറ്റി അവിടെ ഗുഹയുടെ ഉള്ളിൽ കൂടും എന്നും അനുഭവം. സ്ത്രീകളാടക്കം മിക്കവരും ഉള്ളിലേക്ക് പോയി. ഞാൻ ഞങ്ങടെ ബസ്സിൽ ഉണ്ടായിരുന്ന, റ്റൂർ ഗൈഡ് എന്ന് എനിക്ക് തോന്നിയ ഒരു പെൺകുട്ടിയോട് സംസാരിച്ചു. അവളോട് ഞാൻ ഇത് പാർട്ട് ടൈം ജോലിയാണോ എന്ന് ചോദിച്ചപ്പോൾ, അവൾ പറാഞ്ഞു ഇംഗ്ലീഷ് അറിയില്ല എന്ന്. ഹയ എന്നാണ് പേരെന്ന് പറഞ്ഞ് ഓടിപ്പോയി, ഇംഗ്ലീഷ് അറിയുന്ന മറ്റ് ഗൈഡുകളിലെ ഒരാളെ വിളിച്ച് കൊണ്ട് വന്ന് എന്റെ ചോദ്യങ്ങൾ അറബിയിലേക്ക് ഭാഷാന്തരീകരണം നടത്തി. അവൾ ടൂർ കമ്പനിയുടെ മുതലാളിയുടെ മകൾ എന്ന് അറിഞ്ഞു. ഒരു ടീനേജർ,അതിന്റെ ഉത്സാഹം ഞാൻ ടൂർ തുടങ്ങുമ്പൊഴേ ശ്രദ്ധിച്ചിരുന്നു. ഗുഹയിൽ നിന്ന് യാത്ര തുടങ്ങിയപ്പോൾ അവൾ അവളുടെ സഹോദരന്റെ ഒപ്പം പോയി. ഞങ്ങൾ തിരിച്ച് റിയാദിലേക്ക് യാത്ര തുടങ്ങി. അപ്പോൾ സമയം 10.45 കഴിഞ്ഞിരുന്നു.


ഈ ഗുഹാമുഖത്തിനടുത്തായിരുന്നു, കഴിഞ്ഞ കൊല്ലം ടൂർ ഓപ്പറേറ്ററുടെ ക്യാമ്പ് ഉണ്ടായിരുന്നത്. അവിടെ ഞങ്ങൾ കയറി ഇരുന്ന് ഭക്ഷണം കഴിക്കൽ, പ്രകൃതിയുടെ വിളി കേൾക്കൽ എല്ലാമുണ്ടായതും ആണ്. അങ്ങനെ ആണ് എനിക്ക് ഇവരുടെ നമ്പർ കിട്ടുന്നതും. കഴിഞ്ഞ കൊല്ലം കൊരൊണ ഇല്ലായിരുന്നല്ലൊ.


രാത്രി 11.30നോടൊപ്പം ഞങ്ങൾ മരുഭൂമി വിട്ട് ടാറിട്ട റോഡിൽ കയറി. സുഡൂസ്, അൽ ഉനെയ്ന, അൽ ജുബേല എന്നീ ഗ്രാമങ്ങളിലൂടെ ആയിരുന്നു യാത്ര. ഉനെയ്നയിൽ ഒരു ട്രെഡിഷണൽ സൗദി വില്ലേജ് ഉണ്ട് എന്ന് ഗൈഡ് പറഞ്ഞപ്പോൾ തന്നെ, ഒറ്റയ്ക്കൊരു യാത്ര അവിടേക്ക് മനസ്സിൽ തീരുമാനിച്ചു. 


ദിരിയയ്ക്ക് പോകുന്ന വഴി, കിങ്ങ് ഖാലിദ് റോട്ടിലെ, സാദ് സ്ക്വയറിലുള്ള സ്റ്റാർബക്സ് കാപ്പി പീടിയകയിൽ നിന്നായിരുന്നു ഞങ്ങളുടെ യാത്രയുടെ തുടക്കം. 12.30 ഓടെ ഞങ്ങൾ അവിടെ തിരിച്ച് എത്തി. സൗദി നാഷണൽ ഡേ ആണ് സെപ്റ്റംബർ 23. സൗദിയുടെ തൊണ്ണൂറാം പിറന്നാൾ ദിവസം. സ്റ്റാർബക്സ് കാപ്പി പീടികയിൽ നിന്ന് ഞങ്ങൾ അവിടെ പാർക്ക് ചെയ്ത എന്റെ കാറിൽ തിരിച്ച് വീടുകളിലേക്ക് എത്താനായി പുറപ്പെട്ടു. നാഷണൽ ഡേ ആഘോഷത്തിന്റെ ഭാഗമായി അത്യാവശ്യം തിരക്ക് റോഡിലുടനീളം ഉണ്ടായിരുന്നു. എങ്കിലും ഞാൻ എന്റെ സൗദി “ഡ്രൈവിങ്ങ് സ്കിൽ“ പുറത്തെടുത്ത് കൂട്ടത്തിലുള്ളവരെ അവരുടെ വീടുകളിൽ ആക്കി, എന്റെ സ്ഥലത്ത് ഒരു ഒന്നേമുക്കാലിനു എത്തി. ഒന്ന് ഫ്രഷായി കിടന്നതേ ഓർമ്മ ഉള്ളൂ. അതിഗംഭീരമായ ഉറക്കം കിട്ടി. അങ്ങനെ ഒരു ട്രിപ്പ് അവസാനിച്ചു.


Sunset video

https://youtu.be/O-sZUm8F2Xc

Sunrise video
https://youtu.be/9qgVGjxcJIY





അഭിപ്രായങ്ങളൊന്നുമില്ല:

ശൂർപ്പണഖയുടെ മൂക്കും ചെവിയും മുലയും മുറിക്കൽ

ആദ്യമേ പറയട്ടെ, ഞാൻ ഉദ്ധരിയ്ക്കുന്നതെല്ലാം ഇന്റെർനെറ്റിൽ ലഭ്യമായ സ്രോതസ്സുകൾ ആണ്. അതിനാൽ ലിങ്ക് ഉണ്ട്. ശൂർപ്പണഖയുടെ അംഗവിഛേദം കഥകളിയിലും കൂട...