മലയാളം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
മലയാളം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

13 ഡിസംബർ 2020

Edge of the World and Sun set…

23 September 2020 National Day of Saudi Arabia (ബുധനാഴ്ച) 



കൊല്ലാകൊല്ലങ്ങളിലും പോകുന്ന എഡ്ജ് ഓഫ് ദ വേൾഡ്, എന്ന മരൂഭൂമി യാത്ര ഇപ്രാവശ്യവും ഉണ്ടായീ. കൊല്ലാകൊല്ലങ്ങൾ എന്നൊക്കെ പറയുന്നത് കുറച്ച് അതിശയൊക്തി എന്ന് അറിയാമെങ്കിലും, കഴിഞ്ഞ കൊല്ലം പോയതിന്റെ പരിണിതഫലം ആണ് ഇപ്രാവശ്യത്തെ യാത്ര. അത് വ്യത്യസ്തവുമായിരുന്നു.


അങ്ങനെ നോക്കുമ്പോൾ, ഞാൻ, അല്ല ഞങ്ങൾ, സൗദിയിലെ പലഭാഗത്തും യാത്രകൾ നടത്തിയിട്ടുണ്ട്. അതൊക്കെ സ്വന്തം, ഗൂഗിൾ മാപ്പ് ഇട്ടും ഗൂഗിൾ മാപ്പ് ഇല്ലാത്ത കാലത്തും എല്ലാം യാത്രകൾ നടത്തിയിട്ടുണ്ട്. 


മുൻപും എഡ്ജ് ഓഫ് ദ വേൾഡിലേക്ക് പോയിട്ടുണ്ട്. അന്നൊന്നും ഗൂഗിൾ മാപ്പ് ഇല്ലായിരുന്നു. കഴിഞ്ഞ കൊല്ലം ഗൂഗിൾ മാപ്പ് ഒക്കെ വെച്ച് പോയതാ. എഞ്ചോയ് ചെയ്ത് തിരിച്ച് വരുന്ന സമയത്ത് മരുഭൂമിയിലെ ഒരു ടെന്റ് കണ്ടു. ആർക്കും പ്രകൃതിയുടെ വിളികൾ അധികസമയം കേൾക്കാതിരിക്കാനൊന്നും വയ്യല്ലൊ. അങ്ങനെ ആ കണ്ട ടെന്റിൽ കയറി. അവിടെ ഇരുന്ന് പ്രകൃതിയുടെ വിളികൾ കേട്ടു, കൊണ്ടുവന്ന ഭക്ഷണം കഴിച്ചു. ടെന്റ് നോക്കുന്ന ഒരാൾ അതിനനുവദിച്ചു കുഞ്ഞുകുട്ടി പ്രാരാബ്ധങ്ങൾ കണ്ടാൽ ഏതൊരു മനുഷ്യനും ഉണ്ടാകുന്ന ഫീലിങ്ങ്സ് വെച്ച് ആ ചങ്ങാതി സമ്മതിച്ചു. ഞങ്ങൾ അങ്ങിനെ ഇരിക്കുമ്പോൾ ഒരാൾ വന്ന് കശപിശ, ഞങ്ങളോടല്ല, ആ ടെന്റ് നോക്കുന്ന പാവം മനുഷ്യനോട് ആയിരുന്നു കശപിശ. ആളോട് കാര്യം ചോദിച്ചപ്പോൾ ആൾ പറഞ്ഞു ഇനീം ആളുകൾ വരും അവരൊക്കെ ബുക്ക് ചെയ്ത് വരുന്നതാണെന്നൊക്കെ. അതായത് സൗദിയിൽ, ടൂർ ഓപ്പറേഷന്റെ ഭാഗമായി, ഉണ്ടാക്കിയ ടെന്റ്, അതിൽ ഒരു ടൂർ ഓപ്പറേഷൻ കമ്പനിക്കും പൈസ കൊടുക്കാതെ ഞങ്ങൾ അവരുടെ ഫെസിലിറ്റി ഉപയോഗിക്കുന്നു എന്ന്. അപ്പോൾ ഞാൻ അവരുടെ കമ്പനിയെ പറ്റിയും എല്ലാം ചോദിച്ചു. അവരുടെ ബ്രോഷർ തന്നു. അത് ഞാൻ മൊബൈലിൽ ഫോട്ടോ എടുത്ത് വെച്ചു.
ഇപ്പോൾ സൗദിയിൽ ചൂട് വിട്ട കാലം. ആ ബ്രോഷർ ഓർമ്മിച്ചു. അതിലെ വാട്സപ്പ് നമ്പറിൽ ഞാൻ കോണ്ടാക്റ്റ് ചെയ്തു. അവർ എനിക്ക് പുതിയ ബ്രോഷർ അയച്ച് തന്നു. അതും എഡ്ജ് ഓഫ് ദ വേൾഡ് യാത്ര തന്നെ. പക്ഷെ അത് വൈകുന്നേരം. സൺ സെറ്റ്, അറ്റ് എഡ്ജ് ഓഫ് ദ വേൾഡ് എന്ന്. കേറി പിടിച്ചു ഞാൻ. ഒരാൾക്ക് 120 റിയാൽ. 8 പേരിലധികം ഉണ്ടെങ്കിൽ ഡിസ്കൗണ്ട് എന്ന് വാട്സപ്പ് മെസേജ്.. ഞാൻ കൊണ്ട് പിടിച്ച് നോക്കി 4 പേരെ കിട്ടി. അങ്ങനെ ഞങ്ങൾ യാത്ര തുടങ്ങി. ഞങ്ങടേ വണ്ടിയിൽ അല്ലാ അവരുടെ ബസ്സിൽ. ഞങ്ങടെ വണ്ടി എങ്കിൽ 50 റിയാൽ മാത്രം. അതിനു ഞങ്ങടെ കയ്യിൽ ഫോട് വീൽ ഡ്രൈവ് വണ്ടികൾ ഇല്ല.. അപ്പോൾ അവരുടെ ഒപ്പം എന്ന് തന്നെ തീരുമാനിച്ച് ധീരമായി ഞങ്ങൾ മുന്നോട്ട് പോയീ.


അവർ ഞങ്ങൾക്ക് മീറ്റിങ്ങ് പോയന്റ് ഗൂഗിൾ മാപ് കോർഡിനേറ്റ്സ് ഇട്ട് തന്നിറ്റുണ്ടായിരുന്നു. അത് പ്രകാരം കിങ്ങ് ഖാലിഡ് റോട്ടിലെ സാദ് സ്ക്വയറിലെ സ്റ്റാർബക്സ് കോഫീഹൗസ് ആയിരുന്നു ലക്ഷ്യം. അവിടെ എത്തി ഞങ്ങൾ. അന്യോന്യം പരിചയമില്ലാത്തതിനാൽ അവർ മൊബൈലിൽ വിളിച്ചു തൊട്ട് മുൻപിരുന്ന് ഞാൻ മൊബൈൽ ആൻസർ ചെയ്യുന്നത് കണ്ടപ്പോൾ അവർ വരൂ വരൂ എന്ന് പറഞ്ഞ് ഇരുത്തി. ഞങ്ങളുടെ കയ്യിൽ നിന്ന് പൈസ വാങ്ങി മാത്രമല്ല കയ്യിൽ കെട്ടാൻ ഒരു ടാഗ്, പിന്നെ വളപോലെ മറ്റൊരു ടാഗ്, അതും കൂടെ കഴിഞ്ഞ് രാത്രി സമയത്ത്‌  ഓൺ ചെയ്യണ്ട ഒരു മിന്നാമിനുങ്ങിയും തന്നു. അതൊക്കെ ഞങ്ങൾ ധരിച്ചു. മിന്നാമിനുങ്ങിയെ ഷർട്ടിന്റെ കാണാൻ പാകത്തവിധത്തിലും ധരിച്ചു. 


ഉച്ചയ്ക്ക് 2.40 സമയത്തിനു യാത്ര തുടങ്ങാം എന്നാ അവർ പറഞ്ഞത് എങ്കിലും മൂന്നുമണിയോടെ യാത്ര തുടങ്ങി. എന്റെ ബസ്സിൽ 8 പേർ. കൂടാതെ 3 ഗൈഡുകളും അതിൽ ഒരു പെൺകുട്ടിയും. ഡ്രൈവറും ഉൾപ്പെടും. ഞങ്ങളുടെ ബസ്സ് കൂടതെ ഒരു ബസ്സും കൂടെ ഉണ്ട്. അതിലെത്ര പേർ എന്ന് ചോദിച്ചാൽ ഒരു പതിനഞ്ച് മാക്സിമം ഉണ്ടാകും, അവർ കൂട്ടമായി ബുക്ക് ചെയ്തതാ എന്ന് തോന്നുന്നു. അത് കൂടാതെ അവനവന്റെ ഫോർ വീൽ ഡ്രൈവ് വാഹനങ്ങൾ ഒരു പത്തെണ്ണം ചുരുങ്ങിയത് ഉണ്ടായിരുന്നു. 


വൈകുന്നേരം മൂന്നുമണിയോടെ ഞങ്ങൾ യാത്ര പുറപ്പെട്ടു. മക്ക റോഡിലൂടെ ഷക്ര ഭാഗത്തേയ്ക്കാണ് യാത്ര. ഷക്രയിലേക്ക് അനവധി പോയതാണ് ഞാൻ. 

ടൂർ തുടങ്ങുന്നതിനു മുന്നെ ഞങ്ങൾക്ക് കയ്യിലിടാൻ രണ്ട് ബാന്റുകളും, പിന്നെ ഒരു ചെറിയ ലൈറ്റ്, ഷർട്ടിൽ പിൻ ചെയ്ത് വെക്കാൻ തന്നിരുന്നു. അത് ഇരുട്ടത്ത് നീലയും ചുവപ്പും ആയി നിറമുള്ള പ്രകാശം പരത്തും എന്നവർ പറഞ്ഞു.


പോയത് മക്ക റോഡ്, ഷക്ര വഴി ഒനയ്ന, വഴി. എന്നിട്ട് ഏതോ ഒരു പോയന്റിൽ യൂടേൺ അടിച്ച് പെട്ടെന്ന് തന്നെ ഓഫ് റോഡ് ആയി. ഞങ്ങൾ പണ്ട് പോയതൊക്കെ ഗൂഗിൾ മാപ്പ് നോക്കി. ഗൂഗിൾ മാപ്പ് ഇല്ലാതേയും പൊയീട്ടുണ്ട്. അതൊക്കെ വളരെ ശ്രദ്ധിച്ച്. എന്തൊക്കെ ശ്രദ്ധകളാന്നറിയില്ലാ!. ബ്ടെ അവർകൊന്നും ഒരു നോട്ടവുമില്ല, ഡ്രൈവിങ്ങിലേ ശ്രദ്ധിക്കുന്നില്ല എന്നപോലേയാ. എന്നാൽ അവർ നല്ല ഡ്രൈവേഴ്സ് ആണ് ട്ടൊ. അവരുടെ നാട്ടിൽ കണ്ണും കെട്ടി പോയാൽ അവരെവെഇടേയ്ക്കും എത്തും എന്നത് സത്യം!. ആ ഒരു ഫ്രീഡം അവരുടെ അനായാസ ഡ്രൈവിങ്ങിൽ ഉണ്ട്. അത് പക്ക റോഡ് ആയാലും അതല്ലാ പക്കാ മരുഭൂമി ആയാലും. ആ രീതി നമ്മളിലും ഒരു കോൺഫിഡൻസ് നിറയ്ക്കും. ഇത് ഞാൻ സ്വയം ഡ്രൈവ് ചെയ്ത് പോയാൽ ഉണ്ടാകില്ല, എന്നത് ഉറപ്പ്.


ആദ്യത്തെ ലക്ഷ്യം സൂര്യനസ്തമിക്കുന്നത് എഡ്ജ് ഓഫ് ദ വേൾഡിലെ ആ മുനമ്പിൽ ഇരുന്ന് കാണുക എന്നതായിരുന്നു. ഞങ്ങൾ അവിടെ സമയത്തിനെത്തി. ബേസ് ക്യാമ്പിൽ ധാരാളം പഴവർഗ്ഗങ്ങളും സ്നാക്സും വെള്ളവും എല്ലാമുണ്ടായിരുന്നു. അത്യാവശ്യം ഭക്ഷിച്ച് എന്റെ വയറിന്റെ ആളൽ ഒന്നടക്കി ഞങ്ങൾ. ബേസ് ക്യാമ്പിൽ ബസ്സിറങ്ങി പിന്നെ അത്യാവശ്യം ദൂരം നടക്കണം. ഉയർച്ചയും താഴ്ച്ചയും ഒരു ജാതി പാറക്കല്ലുകളും എല്ലാമുള്ള പാതയിലൂടെ ഞങ്ങൾ നടന്നു. മുനമ്പ് കണ്ടു. കണ്ടപ്പോൾ തന്നെ ഞാൻ പോകുന്നില്ല അവിടേക്ക് എന്ന് തീർച്ചയാക്കി. ഒന്ന്, ഉയർച്ച എനിക്ക് പേടി. പിന്നെ അത്ര സ്മൂത്ത് അല്ലാത്ത പാത. എപ്പോഴും തെന്നി വീഴാം. വീണാൽ പിന്നെ തുടച്ച് എടുക്കാൻ കൂടെ കിട്ടില്ല!. എന്റെ ചെരുപ്പ് എല്ലാം പഴേത് ഗ്രിപ്പ് ഒട്ടും ഇല്ലാ. ആകപ്പാടെ ഞാൻ പോകുന്നില്ല എന്ന് ഉറപ്പിച്ചു എങ്കിലും ഒപ്പം ഉള്ള രാജീവ് എന്ന സുഹൃത്ത് അവിടെ പോയി. ഞാൻ ദൂരെ ഇരുന്ന് കുറേ ഫോട്ടോസും വീഡിയോസും എല്ലാം എടുത്തു. തിരക്ക് കൂടിക്കൂടി വരുന്നു. വല്ലാതെ തിരക്ക് വരുന്നതിനു മുന്നേ ഞാൻ, മുനമ്പിന്റെ അടുത്ത് നിന്നും ഒറ്റയടിപ്പാതയിലൂടെ തിരിച്ച് സേഫ് ആയ സ്ഥലത്ത് എത്തി. ആ ഒറ്റയടിപ്പാതയുടെ ഒരു സൈഡ് അങ്ങ് തൂങ്ങാം കുഴിയാണ്, അവിടുന്ന് മരുഭൂമി വിശാലമായി മലർന്ന് വിരിഞ്ഞ് കിടക്കുന്നു. സത്യത്തിൽ ഒരു കടലിന്റെ അഗാധതയൊക്കെ ഉണ്ട്. അതിനുമപ്പുറം ആദിത്യൻ അസ്തമിക്കുന്നു. വല്ലാത്ത ഒരു കാഴ്ച ആയിരുന്നു അത്. പറഞ്ഞറിയിക്കാൻ വയ്യാ! ആ മുനമ്പ് കണ്ടപ്പോൾ ലയൺ കിങ്ങ് എന്ന സിനിമയിലെ കുട്ടി സിംഹം ഒരു ഉയരമുള്ള പാറയുടെ മുകളിൽ കയറി ഗർജ്ജിക്കുന്ന സീൻ ഓർമ്മ വന്നൂ. ആ സീനിന്റെ ചിത്രങ്ങളും ധാരാളം ആണല്ലൊ.


മുൻപും അവിടെ പോയിട്ടുണ്ടെങ്കിലും, സൂര്യാസ്തമയം അവിടെ ആദ്യം ആയി കാണുന്നു. പലപ്പോൾ പോയതും പകൽ സമയത്തായിരുന്നു. കാരണം സ്വന്തം വാഹനത്തിൽ ഇരുട്ടി തിരിച്ച് ഡ്രൈവ് ചെയ്യുന്നതിനു ആത്മവിശ്വാസം ഇല്ലാ. വഴിതെറ്റാം. കുടുങ്ങാം. ഇത് മരുഭൂമി അറിയുന്നവർ ആണ് നമ്മളേ കൊണ്ട് പോകുന്നത് എന്നതിന്റെ ഒരു ആത്മവിശ്വാസം ഉണ്ട്. കഴിഞ്ഞ കൊല്ലം പോയപ്പോൾ അവിടെ മൊബൈൽ സിഗ്നൽ കൂടെ കിട്ടിയില്ലായിരുന്നു. ഇപ്പോൾ പോയപ്പോൾ സിഗ്നലൊക്കെ കിട്ടി. എല്ലാ കമ്പനികളുടേയും മൊബൈലുകൾക്ക് സിഗ്നൽ ഇല്ലാ എന്നും മനസ്സിലായി.


ഞങ്ങൾ തിരിച്ച് ടൂർ ഓപ്പറേറ്ററുടെ ബേസ് ക്യാമ്പിലേക്ക് എത്തി. ഇരുട്ടായിരുന്നു. ഒന്ന് ഇരുന്ന് വിശ്രമിച്ചു. ഞങ്ങൾ പലരും ഫ്രൂട്സ്സ് എല്ലാം കഴിച്ച് വിശ്രമിച്ചപ്പോൾ ക്വാഡ് ബൈക്കുകൾ റെഡി, രണ്ട് പേരായി വന്ന് ബൈക്ക് റൈഡ് ചെയ്യാൻ അറിയിച്ചു. ഞാൻ മുൻപ് ബൈക്ക് റൈഡ് ചെയ്തിട്ടുണ്ട് എന്നതിനാലും മറ്റുള്ളവരുടെ ഉത്സാഹവും കൂടെ കണ്ടപ്പോൾ ഞാൻ ഒഴിഞ്ഞു. ലിംഗഭേദമന്യേ പലരും ബൈക്ക് ഓടിച്ചു. എന്റെ സുഹൃത്ത് പോയി ഒരു സ്ഥലത്ത് എത്തിയപ്പോൾ, പെട്രോൾ കഴിഞ്ഞ് ബൈക്ക് ഓഫായി. രാത്രി ആയപ്പോളാണ്, ഷർട്ടിൽ പിൻ ചെയ്യാൻ തന്ന ലൈറ്റിന്റെ ഗുണം അറിഞ്ഞത്. ബൈക്ക് അവിടെ ഇട്ട് ആൾ നടന്ന് വന്നു. ടൂർ ഗൈഡിനോട് പറഞ്ഞപ്പോൾ ആൾ പോയി ബൈക്ക് കൊണ്ട് വന്നു. 


പകുതി ചന്ദ്രൻ ആകാശത്ത് തിളങ്ങി നിൽക്കുന്നുണ്ടായിരുന്നു. അതി ദൂരത്ത് റോഡ് സൈഡിലെ മഞ്ഞ സ്റ്റ്രീറ്റ് ലൈറ്റുകൾ തെളിഞ്ഞ് നിൽക്കുന്നത് ഒരു നേരിയ രേഖപോലെ കാണാമായിരുന്നു. ഒരു കാറ്റ് എപ്പോഴും വീശുന്നുണ്ടായിരുന്നു. തണുപ്പുമില്ല ചൂടുമില്ല. നല്ല കാലാവസ്ഥ. ഫാമിലിയെ മിസ്സ് ചെയ്തു എന്ന് സിംഗിൾ ആയ ആരും വിചാർക്കും. അത്ര നല്ല മൂഡ് തരുന്ന അന്തരീക്ഷം.


ആളുകൾ ടെന്റിൽ ഇരുന്ന് പാട്ട് പാടുന്നു. റിലാക്സ് ചെയ്ത് ശീഷ (ഹുക്ക) വലിക്കുന്നു (പുകവലി തന്നെ) ഞാൻ ടെന്റുകളുടെ പിൻഭാഗത്ത് ചെന്നപ്പോൾ അവിടെ ഒരു വണ്ടി ഹെഡ്‌ലൈറ്റ് ഇട്ട് നിൽക്കുന്നു. മുന്നിൽ ചിലർ കൂടിയിട്ടുണ്ട്. ദൂരെ ഒരു നാലഞ്ച് സ്പൂൺ കുത്തിനിർത്തിയപോലെ ഒരു സംഗതിയും അതിനു മുന്നിൽ ഒരു ലൈറ്റും. കൂടിയിരുന്ന ആളുകൾ ഓരോരുത്തർ ആയി ഒരു എയർ ഗൺ പോലെ ഉള്ള ഒന്ന് ഉന്നം വെച്ച്, ലക്ഷ്യം ആയ ആസ്പൂൺ പോലുള്ളതിന്റെ ഭേദിക്കാൻ നോക്കുന്നു. ആർക്കും പറ്റിയില്ല. എനിക്കും പറ്റിയില്ല. ഉണ്ട അവിടം വരെ എത്തുന്നുണ്ടോ എന്ന് കൂടെ എനിക്ക് സംശയം ആയി. ഉണ്ട, ഗൈഡ് കയ്യിൽ വെച്ച് കാണിച്ച് തന്നു വളാരെ ചെറിയ ഒരു സാധനം. അതല്ല രസം, ഞാൻ ആദ്യമായി ഒരു തോക്ക് എടുത്ത് എന്റെ തോളിൽ വെക്കുന്നു, എന്നിട്ട് വെടി വെക്കുന്നു. എന്റെ കൈ വിറച്ചു എന്നത് വാസ്തവം. വെടിവെക്കുന്ന എന്റെ ഫോട്ടോ എടുക്കാൻ ഗൈഡിനോട് പറഞ്ഞിരുന്നു. അത് ആൾക്ക് പറ്റിയില്ല. അതിനാൽ ഞാൻ ഒന്ന് രണ്ട് വട്ടം പിന്നേയും പരിശ്രമിച്ചു. ഒന്നും വിജയിച്ചില്ലെങ്കിലും തോക്ക് ചൂണ്ടി നിൽക്കുന്ന എന്റെ ഒരു ഫോട്ടോ എടുക്കാൻ പറ്റീ.


അങ്ങിനെ രസമായി സമയം ചെലവഴിച്ച് ഇരിക്കുമ്പോൾ സമയം എട്ടര കഴിഞ്ഞു. ഡിന്നർ റെഡി എന്ന് പറഞ്ഞപ്പോൾ ഡിന്നർ കഴിക്കാൻ ഞങ്ങൾ പോയി. ഫഹാം, റൈസ്, ഹുമൂസ്, സലാഡ്, റൊട്ടി, പിന്നെ ഡ്രിങ്ക്സ് ആയി മിരിന്റ, പെപ്സി, സെവൻ അപ്പ് എന്നിത്യാദികളും വെള്ളവും. ഡിന്നർ അല്ലെ, അധികം ഒന്നും ഞാൻ കഴിച്ചില്ല. വിശക്കരുത് എന്നതിനു വേണ്ടി അല്പം കഴിച്ചു. ഡിന്നർ കഴിഞ്ഞ് ഒരു റാഫിൾ ഉണ്ടായിരുന്നു. അത് കിട്ടിയത് ഞാൻ അറിയാത്ത രണ്ട് പേർക്ക്. അൽ ഉലയിലേക്ക് ട്രിപ്പ് ഉണ്ട്, അത് മുഴുവനും അവർക്ക് സൗജന്യമായി ഞങ്ങടെ ടൂർ ഓപ്പറേറ്റർ ചെയ്ത് കൊടുക്കും. അതാണ്  റാഫിൾ സമ്മാനം. ഒട്ടും മോശമല്ല അത്. അൽ ഉലയിലേക്ക് ഞാൻ മുൻപ് പോയിട്ടുണ്ട് രണ്ട് തവണ. ഹിസ്റ്റോറിക്കൽ സ്ഥലം ആയ, യുനസ്കോ ഹെറിറ്റേജ് സൈറ്റുകളിൽ പെട്ട മദയിൻ സാലേ എന്ന പ്രദേശവും ഉൾപ്പെട്ട അൽ ഉല അതി സുന്ദരം തന്നെ. സൗദിയുടെ പിങ്ക് പ്രൊവിൻസ് ആണത്.


രാത്രി പത്ത് മണി കഴിയുന്നത് വരെ ഞങ്ങൾ മരുഭൂമിയുടെ രാത്രി സൗന്ദര്യം ആസ്വദിച്ച് ഇരുന്നു. അത് വല്ലാത്ത അനുഭൂതി തന്നെ ആയിരുന്നു. തിരിച്ചുള്ള യാത്ര തുടങ്ങി. ടൂർ ഓപ്പറേറ്ററുടെ സീനിയർ മാനേജർ/മുതലാളി എന്നൊക്കെ തോന്നിക്കുന്ന ഒരാൾ തന്റെ ടൊയോട്ട വണ്ടിയിൽ നിറയെ ലൈറ്റുകളുമൊക്കെ ആയി അവിടെ വന്നിരുന്നു. ഞങ്ങളുടെ ഒപ്പം ഒന്നുമല്ല. എപ്പോഴോ അവിടെ എത്തി. ഞങ്ങളുമായി സംസാരിച്ചു. എന്നിട്ട് അദ്ദേഹം എങ്ങനെ മരുഭൂമിയിലൂടെ യാത്ര ചെയ്യുന്നു എന്ന് ഞാൻ അന്തം വിടുന്ന രീതിയിൽ ഞങ്ങളെ വെട്ടിച്ച്, ഒരു ഗുഹാമുഖത്ത് കൊണ്ട് ചെന്ന് നിർത്തി. ഗുഹാമുഖം അദ്ദേഹത്തിന്റെ വണ്ടിയിലെ ലൈറ്റുകളുടെ പ്രകാശം മൂലം അത് മനോഹരമായി കാണപ്പെട്ടു. ഞങ്ങളും ബസ്സ് നിർത്തി. ഗുഹയിലേക്ക് കയറണ്ടവർ കയറി. അവിടേയും ഞാൻ ഒഴിഞ്ഞു. കാരണം ഞാൻ അവിടെ ആ ഗുഹയിൽ കഴിഞ്ഞ കൊല്ലം കയറിയിട്ടുണ്ട്. മനുഷ്യനിർമ്മിതം ഒന്നും അല്ല ഗുഹ. അതും പ്രകൃതിദത്തം തന്നെ. ഉള്ളിൽ ഇരുട്ടിനു അവരുടെ കയ്യിൽ ലൈറ്റ്സ് ഉണ്ടായിരുന്നു. എന്നാലും ഹ്യുമിഡിറ്റി അവിടെ ഗുഹയുടെ ഉള്ളിൽ കൂടും എന്നും അനുഭവം. സ്ത്രീകളാടക്കം മിക്കവരും ഉള്ളിലേക്ക് പോയി. ഞാൻ ഞങ്ങടെ ബസ്സിൽ ഉണ്ടായിരുന്ന, റ്റൂർ ഗൈഡ് എന്ന് എനിക്ക് തോന്നിയ ഒരു പെൺകുട്ടിയോട് സംസാരിച്ചു. അവളോട് ഞാൻ ഇത് പാർട്ട് ടൈം ജോലിയാണോ എന്ന് ചോദിച്ചപ്പോൾ, അവൾ പറാഞ്ഞു ഇംഗ്ലീഷ് അറിയില്ല എന്ന്. ഹയ എന്നാണ് പേരെന്ന് പറഞ്ഞ് ഓടിപ്പോയി, ഇംഗ്ലീഷ് അറിയുന്ന മറ്റ് ഗൈഡുകളിലെ ഒരാളെ വിളിച്ച് കൊണ്ട് വന്ന് എന്റെ ചോദ്യങ്ങൾ അറബിയിലേക്ക് ഭാഷാന്തരീകരണം നടത്തി. അവൾ ടൂർ കമ്പനിയുടെ മുതലാളിയുടെ മകൾ എന്ന് അറിഞ്ഞു. ഒരു ടീനേജർ,അതിന്റെ ഉത്സാഹം ഞാൻ ടൂർ തുടങ്ങുമ്പൊഴേ ശ്രദ്ധിച്ചിരുന്നു. ഗുഹയിൽ നിന്ന് യാത്ര തുടങ്ങിയപ്പോൾ അവൾ അവളുടെ സഹോദരന്റെ ഒപ്പം പോയി. ഞങ്ങൾ തിരിച്ച് റിയാദിലേക്ക് യാത്ര തുടങ്ങി. അപ്പോൾ സമയം 10.45 കഴിഞ്ഞിരുന്നു.


ഈ ഗുഹാമുഖത്തിനടുത്തായിരുന്നു, കഴിഞ്ഞ കൊല്ലം ടൂർ ഓപ്പറേറ്ററുടെ ക്യാമ്പ് ഉണ്ടായിരുന്നത്. അവിടെ ഞങ്ങൾ കയറി ഇരുന്ന് ഭക്ഷണം കഴിക്കൽ, പ്രകൃതിയുടെ വിളി കേൾക്കൽ എല്ലാമുണ്ടായതും ആണ്. അങ്ങനെ ആണ് എനിക്ക് ഇവരുടെ നമ്പർ കിട്ടുന്നതും. കഴിഞ്ഞ കൊല്ലം കൊരൊണ ഇല്ലായിരുന്നല്ലൊ.


രാത്രി 11.30നോടൊപ്പം ഞങ്ങൾ മരുഭൂമി വിട്ട് ടാറിട്ട റോഡിൽ കയറി. സുഡൂസ്, അൽ ഉനെയ്ന, അൽ ജുബേല എന്നീ ഗ്രാമങ്ങളിലൂടെ ആയിരുന്നു യാത്ര. ഉനെയ്നയിൽ ഒരു ട്രെഡിഷണൽ സൗദി വില്ലേജ് ഉണ്ട് എന്ന് ഗൈഡ് പറഞ്ഞപ്പോൾ തന്നെ, ഒറ്റയ്ക്കൊരു യാത്ര അവിടേക്ക് മനസ്സിൽ തീരുമാനിച്ചു. 


ദിരിയയ്ക്ക് പോകുന്ന വഴി, കിങ്ങ് ഖാലിദ് റോട്ടിലെ, സാദ് സ്ക്വയറിലുള്ള സ്റ്റാർബക്സ് കാപ്പി പീടിയകയിൽ നിന്നായിരുന്നു ഞങ്ങളുടെ യാത്രയുടെ തുടക്കം. 12.30 ഓടെ ഞങ്ങൾ അവിടെ തിരിച്ച് എത്തി. സൗദി നാഷണൽ ഡേ ആണ് സെപ്റ്റംബർ 23. സൗദിയുടെ തൊണ്ണൂറാം പിറന്നാൾ ദിവസം. സ്റ്റാർബക്സ് കാപ്പി പീടികയിൽ നിന്ന് ഞങ്ങൾ അവിടെ പാർക്ക് ചെയ്ത എന്റെ കാറിൽ തിരിച്ച് വീടുകളിലേക്ക് എത്താനായി പുറപ്പെട്ടു. നാഷണൽ ഡേ ആഘോഷത്തിന്റെ ഭാഗമായി അത്യാവശ്യം തിരക്ക് റോഡിലുടനീളം ഉണ്ടായിരുന്നു. എങ്കിലും ഞാൻ എന്റെ സൗദി “ഡ്രൈവിങ്ങ് സ്കിൽ“ പുറത്തെടുത്ത് കൂട്ടത്തിലുള്ളവരെ അവരുടെ വീടുകളിൽ ആക്കി, എന്റെ സ്ഥലത്ത് ഒരു ഒന്നേമുക്കാലിനു എത്തി. ഒന്ന് ഫ്രഷായി കിടന്നതേ ഓർമ്മ ഉള്ളൂ. അതിഗംഭീരമായ ഉറക്കം കിട്ടി. അങ്ങനെ ഒരു ട്രിപ്പ് അവസാനിച്ചു.


Sunset video

https://youtu.be/O-sZUm8F2Xc

Sunrise video
https://youtu.be/9qgVGjxcJIY





11 ഏപ്രിൽ 2020

നിലാവഴിയെ...

ശിരുവാണി ഡാം കണ്ടിട്ടുണ്ടോ? മണ്ണാർക്കാട്
ഇല്ല
കാഞ്ഞിരപ്പുഴ ഡാം മുറിച്ച് പിന്നേം പോണം
ങ്ഹും
മണ്ണാർക്കാട് ആ ഭാഗമൊക്കെ വലിയ കുന്നുകളും സഹ്യനും കാടും
ങ്ഹും
സഹ്യന്റെ മുകളിലൂടെ മേഘങ്ങൾ പോകുന്നത് കാണാനെന്ത് രസാന്നറിയുമൊ?
മഴക്കാലം ആണേ. നല്ല ടാറിട്ട റോഡ് രണ്ട് സൈഡിലും ധാരാളം പച്ചപ്പുംമരങ്ങളും
ങ്ഹും
ലക്ഷ്യമില്ലാതെ വഴിയൊന്നും അറിയാതെ ബോർഡ് വായിച്ച് പോകുന്നൂ
ങ്ഹും
അങ്ങനെ കാഞ്ഞിരപ്പുഴ ഡാമിൽ എത്തുന്നു അവിടെ ഗംഭീരമായ പൂന്തോട്ടം
ങ്ഹും
അവിടെ നിർത്തി അതിലൂടെ കറങ്ങി നടക്കുന്നൂ അപ്പുറത്ത് സഹ്യൻ തലയുയർത്തി നിൽക്കുന്നു
അതിന്റെ മുകളിലൂടേയും അല്പം താഴേയുമായി മഴ മേഘങ്ങൾ മെല്ലെ മെല്ലെ നമ്മൾ നടക്കുന്ന
പോലെ തന്നെ നീങ്ങുന്നൂ
ങ്ഹും
ഇടയ്ക്ക് ചാറ്റൽ മഴയുണ്ട് കാര്യമാക്കുന്നില്ലാ
😛
നോക്കുമ്പൊ അവിടെ ഒരു ആയുർവേദ ഉദ്യാനം കൂടെ ഉണ്ട് കോട്ടക്കൽ ആര്യവൈദ്യശാലയുടെ
അതിലും കേറുന്നൂ
ങ്ഹും
മഴ നനഞ്ഞ് നിന്റെ നിമ്നോന്നതങ്ങൾ ഞാൻ നോക്കിയപ്പോൾ നീ പോടാ എന്നൊരാട്ട് തന്നൂ
😄 സത്യം
അതിലൂടെ കൈപിടിച്ച് കറങ്ങി തിരിച്ചിറങ്ങിയപ്പോൾ ദേഹത്തിനും ഒരു ആയുർവേദ ഗന്ധം
ങ്ഹും
എന്നിട്ട് കാറിൽ കയറി ഡാമിന്റെ നടുക്ക് കാർ നിർത്തി ഇറങ്ങി പുഴ കാണുമ്പൊൾ ഞാൻ പറഞ്ഞൂ
എന്തൊരു ഭംഗിയാണു എന്റെ പുഴയ്ക്ക് അലസയായി ഒരു തരം മാദകലഹരിയിലാണവൾ ഒഴുകുന്നത്
നല്ല തെളി വെള്ളം കണ്ടില്ലേ? ഉള്ളിലുള്ളതൊക്കെ കാണാം എന്ന്.  "ഉവ്വുവ്വ് മനസ്സിലായീ" എന്ന് നീ
അർത്ഥം വെച്ചൊരു കമന്റ്
😃😃
അതും കഴിഞ്ഞ് റോഡ് പോകുന്നു പിന്നേയും വളഞ്ഞും പുളഞ്ഞും ഇടുപ്പ് ഇടുങ്ങിയും തടിച്ചും
ങ്ഹും
നമുക്ക് ഇനിയും പോയാലെന്താ എന്ന് നീ ചോദിക്കുന്നു
ങ്ഹും
എന്നിട്ട് മുന്നോട്ട് പുറപ്പെടുന്നു നാം. ആ യാത്രയിൽ നമ്മൾ കേട്ടിരുന്ന പാട്ട് ഏതാണെന്ന് അറിയുമൊ?
ഇല്ല
പ്രിയേ ചാരുശീലേ.. കൃഷ്ണ പാടുന്നു. https://youtu.be/cQG0kLVESgo?t=2059
ങ്ഹും
വളഞ്ഞും പുളഞ്ഞും പോകുന്ന റോഡിലൂടെ കയറ്റങ്ങൾ കയറി പോകുന്നു. കേട്ടിരിക്കുന്ന കൃഷ്ണ
ലയിച്ച് പാടുന്നു “വദസി യദി കിംചിദപി ദന്തരുചി കൌമുദീ ഹരതി ദരതിമിരമതിഘോരം 
സ്ഫുരദധരസീധവേ തവ വദനചന്ദ്രമാ രോചയതു ലോചനചകോരം 
പ്രിയേ ചാരുശീലേ മുഞ്ച മയിമാനമനിദാനം 
സപദി മദനാനലോ ദഹതി മമ മാനസം ദേഹി മുഖകമല മധുപാനം” അതിനർത്ഥം അറിയുമോ?
ഇല്ല
എടീ ചക്കീ, എന്തിനാ ഇങ്ങനെ ശുണ്ഠി എടുത്തമാതിരി മുഖം കൂർപ്പിച്ച് ഇരിക്കണത്? നീ
വായതുറന്നെന്തെങ്കിലും പറയുമ്പൊൾ കാണുന്ന നിന്റെ ആ മനോഹരങ്ങളായ പല്ലുകളിൽ നിന്ന്
ഒഴുകുന്ന നിലാവിനു സമമായ പ്രഭയ്ക്ക് എന്റെ ദുഃഖങ്ങളെ മാറ്റാനാകും. അർത്ഥം മുഴുവനുമായില്ലെങ്കിലും
അവസാനം കൂടെ പറയാം
ങ്ഹും
പ്രണയംകൊണ്ട് നിന്റെ മുഖമാകുന്ന താമരയിലെ തേൻ കുടിക്കാൻ എനിക്ക് കൊതിയാകുന്നു
ഒഹ്
കാർ ഡ്രൈവ് ചെയ്യുമ്പൊൾ ഞാൻ നിന്റെ തുടയിൽ കൈ വെച്ചു. ആദ്യമൊക്കെ തട്ടി മാറ്റി പിന്നെ
മൈന്റ് ചെയ്യാതെ ആയീ
🧐 യാത്രക്കിടയിലോ? ഡ്രൈവിങ്ങിനിടയിൽ! ഭയങ്കരം
കയറി കയറി ഒരു പൊയന്റ് എത്തിയപ്പോൾ പ്രവേശനം നിഷിദ്ധം എന്ന ബോർഡ് അവിടെ
ഫോറസ്റ്റുകാർ നിൽക്കുന്നു
ങ്ഹും
ഫോറസ്റ്റുകാർ പറയുന്നു നിങ്ങടെ കാറിനു പോകാൻ പറ്റില്ല വേണമെങ്കിൽ ഫീ കൊടുത്ത്
ഫോറസ്റ്റ് വണ്ടിയിൽ പോകാമെന്ന്
ങ്ഹും
നിർത്തണൊ?
വേണ്ട
എന്നിട്ട് ഫോറസ്റ്റ് വണ്ടിയിൽ പോകുന്നു. അല്പം കൂടെ കാട്ടിലൂടെ ആദിവാസി കുടിലുകളിന്റെ
മുകളിലൂടെ പോയാലാണു ഫീസ് കൊടുക്കേണ്ട ഓഫീസ്. അവിടെ നിർത്തി ഫീസ് കൊടുത്തിറങ്ങി
മുകളിലേക്ക് വണ്ടിയിൽ യാത്ര
ങ്ഹും
കോടമഞ്ഞ് ചുറ്റും ആ കേറ്റം നല്ല രസായിരുന്നു
ങ്ഹും
ഒട്ടിപ്പിടിച്ചുകൊണ്ട്
🧐
കുറെ കേറിയപ്പോൾ സൈറ്റ് സീയിങ്ങിനുള്ള പോയന്റ് എത്തി ഡ്രൈവർ കാർ നിർത്തി
ഇറങ്ങിക്കണ്ടോളാൻ പറഞ്ഞു
ങ്ഹും
നിർത്തി ഇറങ്ങുമ്പോൾ കണ്ട കാഴ്ച അതിമനോഹരം കോട മഞ്ഞ് നമ്മളെ ചുറ്റിക്കൊണ്ട് മുന്നിലേക്ക്
അധികം കാണുന്നില്ലാ
ങ്ഹും
അങ്ങിനെ രണ്ട് മൂന്ന് സ്ഥലങ്ങളും കൂടെ കഴിഞ്ഞപ്പോൾ ഒരു ഡാം വീണ്ടും
ങ്ഹും
അതിനപ്പുറത്ത് തല ഉയർത്തി നിൽക്കുന്ന സഹ്യൻ. സഹ്യന്റെ മാറിലൂടെ അനവധി വെള്ളി
വരകളായി ജലപാതങ്ങൾ അത് കണ്ട് കണ്ട് നിന്ന് സമയം പോയതറിഞ്ഞതേ ഇല്ലാ
ങ്ഹും
അപ്പോഴാണു ഡ്രൈവർ പറയുന്നത് അല്പം കൂടെ മുകളിലേക്ക് പോകാം വണ്ടിയിൽ അവിടുന്ന
നിങ്ങൾ കാൽ നടയായി പോയാൽ കേരളമേട് എന്ന വിശാലമായ പുല്പരപ്പ് കാണം നിങ്ങൾ പോയി
വരുന്നത് വരെ ഞാൻ കാത്ത് നിൽക്കും വല്ലാതെ വൈകരുത് വൈകുന്നേരം മൂന്നുമണിക്ക് ഈ വഴി
അടയ്ക്കും അതിനു മുൻപ് തിരിച്ച് ഇറങ്ങണം എന്ന്
ങ്ഹും
എന്നിട്ട് മുകളിലേക്ക് പോയി വണ്ടി പാർക്ക് ചെയ്തപ്പോൾ അവിടുന്ന് ഫോറസ്റ്റുകാർ നമുക്ക് അസ്സൽ
ചക്കരക്കാപ്പിയും പൊക്കവട പരിപ്പ് വട ഒക്കെയും തന്നൂ ആ തണുപ്പത്ത് അതിന്റെ സ്വാദ്
അസാദ്ധ്യമായിരുന്നു
ഈശ്വരാ കൊതിപ്പിച്ചു😋😋😋😋
നമ്മൾ നടക്കാൻ തുടങ്ങിയപ്പോൾ അട്ട ഉണ്ടാകുമെന്ന് പറഞ്ഞ് ഫോറസ്റ്റുകാർ അല്പം പുകല നമുക്ക് തന്നു
ബോറടിച്ചുവൊ? നിർത്താം
ഇല്ല പറയൂ
എന്നിട്ട് രണ്ട് പേരും അല്പം കുത്തനെയുള്ള മലകയറി അതിവിശാലമായ കേരളമേട് എന്ന പുല്പരപ്പിൽ
എത്തി ചുറ്റും കാണേണ്ട കാഴ്ച തന്നെ അങ്ങപ്പുറത്ത് കോയമ്പത്തൂർ സഹ്യന്റെ പ്രൗഢി! മേഘങ്ങളുടെ നനവ്
ഇത്രേം നടക്കാൻ വയ്യാട്ടോ
ങ്ഹും
വലിച്ച് കേറ്റുകയായിരുന്നൂ. ചുറ്റും നോക്കും ഇടയ്ക്ക് ഒന്ന് നിൽക്കും ഭംഗികൊണ്ട് നിന്റെ കാലുകൾ മുന്നോട്ട്
തന്നെ ഞാൻ പിടിക്കും ആ പുല്പരപ്പിൽ ഉള്ള ഭംഗി! അത് പറയാൻ സാദ്ധ്യമല്ലാ
😄
കോടയുടെ തണുപ്പോ ഇടയ്ക്കുള്ള മഴച്ചാറൽ
ങ്ഹും
തണുത്ത് വിറച്ച് എന്നാലും രസം അവിടുന്നാ ആദ്യമായി നീയെന്നെ ഉമ്മ വെച്ചത്
🧐😳🤔 എപ്പ ?
തിരിച്ചിറങ്ങുമ്പോൾ ഇറക്കമല്ലേ സ്പീഡ് കൂടിയിരുന്നു അട്ടകളെ മാറ്റാൻ പുകല വെയ്ക്കും ഇടയ്ക്ക്
😄
രസം കൊല്ലരുത് പ്ലീസ്
ഒകെ 😄😄😄
തിരിച്ചിറങ്ങി ഫോറസ്റ്റുകാർ വീണ്ടും ചക്കരക്കാപ്പിയും മറ്റും തന്നു
ങ്ഹും
എന്നിട്ട് താഴ്വരത്തിലേക്ക് അവർ കൊണ്ട് വിട്ടു. താഴെ ഓഫീസിന്റെ അവിടെ‌നിർത്തി നമ്മളോട്
വേണമെങ്കിൽ ഇനി നിങ്ങൾക്ക് ഈ കാണുന്ന കാട്ടിലൂടെ നടക്കാം എന്ന് പറഞ്ഞു
ങ്ഹും
അത് പ്രകാരം സൈഡിൽ കണ്ട ഒരു നടവഴിയിലൂടെ ഇറങ്ങിയപ്പോൾ കാടിന്റെ ഭംഗി വീണ്ടും വലിയ
വലിയ മരങ്ങൾ അതിൽ നിന്നും തൂങ്ങി നിൽക്കുന്ന വള്ളികൾ അതിലിരുന്ന് ഊഞ്ഞാലാടി നീ
ങ്ഹും😛
അല്പം കൂടെ ഉള്ളിലേക്ക് നടന്നപ്പോൾ വെള്ളം ഒഴുകുന്ന ശബ്ദം കേട്ട് അത് നോക്കി പോയീ
ഒരു ചെറിയ വെള്ളച്ചാട്ടം
ങ്ഹും
അത്ര വലുതൊന്നുമായിരുന്നില്ല അത് എന്നാലത് നീണ്ട് നീണ്ട് മരങ്ങളുടേയും വേരുകളുടേയും ഇടയിലൂടെ
ഞെളിഞ്ഞ് പിരിഞ്ഞ് ചെലപ്പോൾ മെല്ലിച്ച് ചെലപ്പോൾ തടിച്ച് ഉരുണ്ട് അങ്ങനെ താഴേക്ക് പോകുന്നൂ
ങ്ഹും
അതിലൂടെ നമ്മൾ ഇറങ്ങി നിന്നു മുട്ടെറ്റം വെള്ളം
ങ്ഹും
കൈകാലുകൾ കഴുകി
ങ്ഹും
അപ്പോഴാ വിചാരിച്ചത് വല്ലതും കൊറിക്കാൻ കയ്യൊലെടുക്കാമായിര്യ്ന്നു എന്ന് എങ്കിൽ അവിടെ
ഇരുന്ന് കാടിന്റെ ഭംഗിയാസ്വദിച്ച് കഴിക്കാമായിരുന്നു എന്ന്
😄
പക്ഷെ ഒന്നും വിചാരിക്കാതെ ഇറങ്ങിയ യാത്ര ആയതിനാൽ ഒന്നും കയ്യിലുണ്ടായിരുന്നില്ല
😛
അല്പനേരം അവിടെ ഇരുന്ന് സമയം വൈകും എന്ന് തോന്നിയപ്പോൾ തിരിച്ച് കയറി ഫോറസ്റ്റ്
വണ്ടിയിൽ തന്നെ നമ്മടെ വണ്ടി പാർക്ക് ചെയ്ത ഭാഗത്ത് എത്തി
ങ്ഹും
കാറിൽ കയറിയപ്പോഴാണു സമയം അഞ്ചുമണി എന്നും ഉച്ച ഭക്ഷണം ഉണ്ടായില്ല എന്നും ഓർമ്മിപ്പിച്ചുകൊണ്ട്
വിശപ്പുന്റെ കൊലവിളി തുടങ്ങിയത്
😄
കാറിൽ കയറി റോഡ് സൈഡിലെ ഒരു നാടൻ എന്ന് തോന്നിക്കുന്ന ചായമക്കാനിയിൽ കയറാം എന്ന് നീ
പറഞ്ഞപ്പോൾ എന്റെ മനസ്സിൽ മറ്റൊരു ഐഡിയ ആയിരുന്നൂ നീ പറഞ്ഞിടത്തൊന്നും നിർത്താതെ
ഞാൻ രണ്ട് സൈഡും നോക്കി നോക്കി അവസാനം ഒരു സ്ഥലത്ത് നിർത്തി അതൊരു കള്ള് ഷാപ്പായിരുന്നു 
😄
നിനക്ക് ശുണ്ഠി ആയി ഞാൻ കെയർ ചെയ്യാതെ ഉള്ളിൽ കയറി കഴിക്കാനുള്ള ഭക്ഷണം ചോദിച്ചു
പൊറാട്ടയും നാളികേരകൊത്തലിട്ട് ബീഫ് ഫ്രൈയും വാങ്ങി വന്ന് കാറിന്റെ ബോണറ്റിൽ വെച്ചു കഴിച്ചു
വെള്ളം നമ്മുടെ കയ്യിലുണ്ടായിരുന്നു 
(നിശബ്ദം)
പോയോ? ശ്ശെ എന്നാ ശരി ഭാവന കഴിഞ്ഞൂട്ട്വൊ
അയ്യോ ഞാൻ പോയീട്ടില്ല നെറ്റ് പോയതാ
ങ്ഹും
എന്നിട്ട് ബീഫും പൊറാട്ടയും കഴിച്ച് വെള്ളവും കുടിച്ച് നമ്മൾ അവിടെ നിന്നും വീണ്ടും യാത്ര തുടർന്നു.
സമയം അപ്പൊഴേക്കും വൈകിയിരുന്നു. രണ്ട് പേർക്കും പിരിയാനുള്ളാതാണ്.
ങ്ഹും
യാത്ര തുടരുന്നതിനിടയിലാണ് റോഡ് സൈഡിൽ തന്നെ ഒരു പഴയ കെട്ടിടവും അതിൽ നിരപ്പലകകൾ
കൊണ്ട് അടയ്ക്കാവുന്ന തരത്തിലുള്ള പീടികയും കണ്ടത്.
ങ്ഹും
ഞാൻ വണ്ടി നിർത്തി സുഹൃത്തേ വെറ്റിലയും അടയ്ക്കയും കിട്ടുമോ എന്ന് ചോദിച്ചു. അവിടെ ഇരുന്നിരുന്ന ഒരു
വയസ്സായ തലേക്കെട്ടുകാരൻ മനുഷ്യൻ എനിക്ക് വെറ്റിലയും നല്ല കളിയടയ്ക്കയും തന്നു ചുണ്ണാമ്പ് അവിടെ ഉണ്ട് എന്ന് കെട്ടിത്തൂക്കി വെച്ച ചുണ്ണാമ്പ് പാത്രം കാണിച്ചു തന്നു
ഒഹ്
നല്ല നാടൻ വെറ്റിലയുടേയും കളിയടക്കയുടേയും ഗന്ധം എന്റെ വായിൽ നിന്ന് വരുന്നത് കൊണ്ട് നിനക്കും
കൊതിയായി ഒന്ന് മൂന്നും കൂട്ടി മുറുക്കാൻ. ഞാൻ പിന്നേയും അവിടെ ചെന്ന് ഒരു മുറുക്കാൻ കൂടെ ഉണ്ടാക്കി
നിനക്ക് തന്നു. അല്ല നിന്റെ വായിലിട്ട് തന്നു എന്റെ കൈകൾ കൂട്ടി കടിച്ചു നീ.
😄😄 
റോഡ് നീണ്ടു നിവർന്നു കിടക്കുന്നു. സൂര്യൻ പശ്ചിമഘട്ടത്തിനപ്പുറത്തേക്ക് പോയിക്കൊണ്ടിരിക്കുന്നു.
ആകാശം മങ്ങി മേഘങ്ങൾ കൂട്ടം കൂടി വരുന്നു. കാർ നീങ്ങി. രണ്ട് പേരും ഒന്നും മിണ്ടുന്നില്ലെങ്കിലും കൃഷ്ണ ഒരാവർത്തി പാടിക്കഴിഞ്ഞ് വീണ്ടും വദസി യദി കിംചിദപി എന്ന് പടാൻ തുടങ്ങി
ങ്ഹും
അടുത്ത ടൗണിലെത്തിയാൽ എനിക്ക് അവിടെ നിന്നും ബസ്സ് പിടിച്ച് വേണം പോകാൻ. ഞാൻ ടൗൺ
എത്തുന്നതിനു മുന്നേ തന്നെ കാർ നിർത്തി. എന്നിട്ട് ഡ്രൈവിങ്ങ് സീറ്റിൽ നിന്നിറങ്ങി നിന്നോട് ഡ്രൈവ്
ചെയ്തോളാൻ പറഞ്ഞു.
ങ്ഹും
നീ ഡ്രൈവർ സീറ്റിൽ ഇരുന്നു. കാർ മുന്നോട്ട് പോയീ
ങ്ഹും
ടൗണിലെത്തിയപ്പോൾ കാർ നിർത്തി ശ്രദ്ധിച്ച് ഓടിച്ച് പോകാൻ ഞാൻ പറഞ്ഞു. പെട്ടെന്നായിരുന്നു
നിന്റെ ആക്ഷൻ. കാർ നിർത്തലും എന്റെ മുഖം പിടിച്ച് തിരിച്ച് ചുണ്ടിൽ ഒരുമ്മയും. ആ വെറ്റില നീരിന്റെ സ്വാദ്
എനിക്കിപ്പോഴും ഓർമ്മയുണ്ട് അറിയുമോ?
പിന്നെ നമ്മൾ കണ്ടിട്ടില്ല അല്ലേ?
അതെ പിന്നെ കണ്ടിട്ടില്ല
എന്നാലിനിയും കാണണ്ടാ
അതെന്താ അങ്ങിനെ?

ഞാൻ ചെയ്യാത്ത കാര്യങ്ങൾ, നമ്മൾ പോകാത്ത യാത്രകൾ പറഞ്ഞില്ലേ നീ? കണ്ടാൽ ആ മോന്തയ്ക്ക് ഒന്ന്
തരും ആദ്യം. അത് വേണ്ടാ എന്ന് വിചാരിച്ചിട്ടാണ്.

23 ജനുവരി 2020

Into that heaven of freedom, my Father, let my country awake

ഇന്ന് വിരിപ്പുകൾ ഒന്ന് മാറ്റി പതിവു പോലെ. അപ്പോഴാ ശ്രദ്ധിക്കുന്നത് കഴിഞ്ഞ ഒരു 25 കൊല്ലമായി ഞാനിവകൾ തന്നെ ഉപയോഗിക്കുന്നുള്ളൂ എന്നത്. വിവാഹം കഴിഞ്ഞ് ഭര്യ ഇവിടേയ്ക്ക് വരുന്ന കാലത്ത് വാങ്ങിയ നല്ല കോട്ടൺ മേയ്ഡ് ഇൻ പാകിസ്ഥാൻ വിരിപ്പുകൾ, അന്ന് പത്ത് റിയാലിനു വാങ്ങിയതാ ഓരോന്നും. പല സൈസുകൾ ഉണ്ടെങ്കിലും മിക്കതും ക്വീൻ സൈസ്. ഇന്നും ഒരു കുഴപ്പവുമില്ലാതെ ഇരിക്കുന്നു. ദുർലഭം ചെലത് അവിടെ ഇവിടെ ചില ചെറിയ ഓഠകൾ വീണിട്ടുണ്ട്. ഞാനത് സാരമാക്കാറില്ല. കാരണം കോസറി വിരിപ്പിൽ അത് അത്ര പ്രശ്നമായി എനിക്ക് തോന്നിയിട്ടില്ല അത്രയും ചെറുതാണ് എന്നതിനാൽ. അത് പോലെ കോട്ടൺ സാധനങ്ങൾ മെയ്ഡ് ഇൻ പാകിസ്ഥാൻ ധാരാളം കിട്ടുമായിരുന്നു അന്ന്. പക്ഷെ അധികം വാങ്ങിവെക്കുന്ന ശീലമില്ല. അത്യാവശ്യത്തിനുള്ളത് മാത്രം. പറഞ്ഞ് വന്നത് made in pakisthan അത്ര മോശമൊന്നും അല്ല. പാകിസ്ഥാനികളും എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. ഉപദ്രവിച്ചിട്ടുമുണ്ട്, അത് വർക്കിലങ്ങനെ എല്ലാം ഉണ്ടാകും എന്ന് ബോധവുമുണ്ട്. വെറുതെ പറഞ്ഞൂന്ന് മാത്രം. എനിക്ക് ആരോടും ശത്രുത്ര ഇല്ല. ശത്രുത തോന്നിയാൽ സ്വയം മനസ്സമാധാനം ആണ് നഷ്ടപ്പെടുക എന്ന് കൂടെ ഉണ്ട്. പാക്കിസ്ഥാനിലേക്ക് പറഞ്ഞയക്കും എന്നൊക്കെ കേൾക്കുമ്പോൾ എനിക്ക് ഇഷ്ടമാകുന്നില്ല എന്നത് സത്യം. പിന്നെ അവിടത്തെ രാഷ്ട്രീയ കാലാവസ്ഥ എന്നത് പ്രശ്നമായിരിക്കാം. പക്ഷെ അതല്ലല്ലൊ ഈ പറയുന്നവർ ഉദ്ദേശിക്കുന്നതും. അത്രയും കലുഷിതമായ രാഷ്ട്രീയ കാലാവസ്ഥ ഉള്ള മറ്റ് അനവധി രാജ്യങ്ങൾ ഉണ്ട്, അവിടേക്ക് പൊക്കോ എന്നല്ല ആരും പറയുന്നത്. Where the mind is without fear and the head held high; Where knowledge is free; Where the world has not been broken up into fragments by narrow domestic walls; Where words come out from the depth of truth; Where tireless striving stretches its arms towards perfection; Where the clear stream of reason has not lost its way into the dreary desert sand of dead habit; Where the mind is led forward by Thee into ever-widening thought and action; Into that heaven of freedom, my Father, let my country awake.
Rabindranath Tagore (1861-1941) ടാഗോർ ഒരു വിശ്വപൗരൻ എന്ന നിലയിലാ ഞാൻ വായിക്കുന്നത്.. വെറുതെ പറഞ്ഞൂ ന്ന് മാത്രം..

21 ഡിസംബർ 2019

YouTube Content ID explained


കഴിഞ്ഞ പോസ്റ്റിനു തുടർച്ച ആയി ഒരു വീഡിയോ കൂടെ. ഇതുകൂടെ കണ്ടാൽ തൃശ്ശൂർ പൂരം യൂട്യൂബിൽ എങ്ങനെ സോനി മ്യൂസിക്കിന്റെ ആകും എന്നതിനെ കുറിച്ച് കൂടുതൽ അറിയാൻ സാധിക്കുന്നതാണ്.

നമ്മളുടെ ഓറൽ ട്രെഡിഷനെ പറ്റിയും പരമ്പരാഗതമായി നാം അഭ്യസിക്കുന്ന രീതിയെ പറ്റിയും യൂട്യൂബ് പോലുള്ള പ്ലാറ്റ്ഫോം കൂടുതൽ ബോധവാനാവുകയേ നിവൃത്തിയുള്ളൂ. മുഴുവൻ അവരുടെ നിയന്ത്രണങ്ങൾ തെറ്റ് എന്ന് പറയാനാകില്ല എങ്കിലും ചില എക്സപ്ഷൻസ് ആവശ്യമാണ്.


15 ഡിസംബർ 2019

Cover songs and Copyright Content ID claims in Youtube

What is cover version of a song?
കവർ സോങ്സ് എന്ന സങ്കല്പം (കൺസപ്റ്റ്) പാശ്ചാത്യജനപ്രിയ സംഗീതത്തിൽ നിന്നും വന്നതാണ്. 

മുൻപ് ഒരാളോ ഒരു ഗ്രൂപ്പോ കമ്പോസ് ചെയ്ത് റിക്കോർഡിങ്ങ് കഴിഞ്ഞ് വിറ്റുകൊണ്ടിരുന്ന ഒരു ജനപ്രിയഗാനത്തിന്റെ യഥാർത്ഥ നിർമ്മാതാക്കൾ അല്ലാതെ മറ്റൊരാൾ സംഗീതം പുതിയതായി നിർമ്മിച്ച് പാടുന്നതാണ് കവർ സോങ്ങ് എന്ന് വിക്കിപീഡിയ പറയുന്നു. 
ഇത് ഭാരതീയപരമ്പരാഗത ഗാനശാഖയിൽ ഇല്ലാത്ത ഒന്നാണ്. യോജിക്കാത്തതും ആണ്. കാരണം ത്യാഗരാജന്റേയോ പുരന്ദരദാസന്റേയോ ദീക്ഷിതരുടേയോ ഒരു കൃതി അതേ രാഗത്തിൽ തന്നെ ആണ് മിക്കവരും ഇപ്പോഴും ആലപിക്കുന്നത്. എന്നാൽ ഭാരതീയസംഗീതത്തിന്റെ പ്രത്യേകത കൊണ്ട് അങ്ങനെ ഉള്ള ഓരോ ആലാപനവും വ്യത്യസ്തത പുലർത്തുന്നു. അത് ഒരാൾ പലപ്പോഴായി പാടിയാൽ തന്നെ വ്യത്യാസമായിരിക്കുകയും ചെയ്യും. ഓരോ പാട്ടും അങ്ങനെ നോക്കുമ്പോൽ യൂണിക്ക് ആണെന്ന് വരും. അതുകൊണ്ടാണ് ഭാരതീയ പരമ്പരാഗത ഗാനമേഖലയിൽ കവർ സോങ്ങ് എന്ന സങ്കല്പം യോജിക്കാത്തതും. ഇവിടെ സൂചിപ്പിക്കുന്നത് സിനിമാമേഖല അല്ലെങ്കിൽ അതുപോലുള്ള മേഖലകളെ പറ്റിയല്ല എന്നോർക്കുക.

നിങ്ങൾ മാർക്കറ്റിൽ നിന്നും സാധാരണ വാങ്ങുന്ന സിഡികളോ നെറ്റിൽ നിന്നും വാങ്ങുന്ന എം. പി3 സംഗീതഫയലുകളോ വാങ്ങുമ്പോൾ അവ നിങ്ങളുടെ സ്വകാര്യൗപയോഗത്തിനുമാത്രമാണ് അവകാശമുള്ളത്. അത് മറ്റൊരാൾക്ക് കൈമാറാനോ പൊതുവേദിയിൽ അവതരിപ്പിക്കാനൊ നിയമാനുസൃതമായി നിങ്ങൾക്ക് അവകാശം ഇല്ല.

ഇവിടെ യൂട്യൂബിൽ അപ്ലോഡ് ചെയ്യുമ്പോൾ ആണുപ്രശ്നം വരുന്നത്. തൃശ്ശൂർ പൂരം മേളം അല്ലെങ്കിൽ കർണ്ണാടകസംഗീതത്തിലെ പാടിപ്രചാരം സിദ്ധിച്ച  ഒരു കൃതി കവർ സോങ്ങ് ആയി യൂട്യൂബ് കണക്കാക്കിയാൽ എങ്ങനെ ഇരിക്കും?

ഈ പ്രശ്നത്തെ ആണിവിടെ അഭിസംബോധന ചെയ്യാൻ ശ്രമിക്കുന്നത്. ആദ്യമായി യൂട്യൂബിന്റെ നിലവിലുള്ള സംവിധാനത്തെ പറ്റി നോക്കാം.

പുതിയ https://studio.youtube.com/channel/ എന്ന ലിങ്കിൽ ലോഗിൻ ചെയ്ത ശേഷം നാം വീഡിയോകൾ അപ്ലോഡ് ചെയ്ത് അവയിൽ പകർപ്പവകാശം പ്രശ്നം നേരിടുന്നു എന്ന് യൂട്യൂബിന്റെ അലോഗരിതം വെച്ച് അവർ തീരുമാനിക്കുന്നുവെങ്കിൽ ആ വീഡിയോയുടെ യഥാർത്ഥ പകർപ്പവകാശിക്ക് Content ID claim ചെയ്യാം. അപ്പോൾ ആ വീഡിയോക്കെതിരായിട്ട് ഇങ്ങനെ കാണാം:


$ sign & Sharing എന്ന് കാണിക്കുന്നുവെങ്കിൽ അത് നിങ്ങൾ ആ വീഡിയോ മോനിട്ടൈസ് ചെയ്തെങ്കിൽ മാത്രം. 

Copyright claim എന്നതിൽ അമർത്തിയാൽ 

എന്നോ ക്ലെയിമനുസരിച്ച് താഴെ ഉള്ളതോ കാണാം



Ineligible എന്ന് കണ്ടാൽ പിന്നെ ഒരു രക്ഷയുമില്ലാ. അതല്ലാ Sharing എന്ന് കണ്ടാൽ SELECT ACTION അമർത്തിയാൽ


എന്ന് കാണാം അതിൽ SELECT ACTION എന്നതിൽ അമർത്തിയശേഷം സ്ക്രീനിൽ തെളിയുന്നത് പോലേയും സൂചക നിർദ്ദേശങ്ങൾ പോലെയും നിങ്ങൾക്ക് ഉചിതം എന്നത് പോലെ ചെയ്യുക. അതിൽ എന്തുകൊണ്ട് Dispute ചെയ്യുന്നു എന്നതിനു കാരണം കാണിക്കാനും നമ്മുടെ ഭാഗം വിശദീകരിക്കാനും ഉചിതമായ സ്ഥലങ്ങൾ ഉള്ളവ നല്ലപോലെ ശ്രദ്ധിച്ച് പൂരിപ്പിക്കണം. അവസാനം നിങ്ങളുടെ ചാനലിന്റെ പേരും വെച്ച് ഡിജിറ്റൽ ഒപ്പും ചെയ്യണം.

അത് സബ്മിറ്റ് ബട്ടൺ അമർത്തി സബ്മിറ്റ് ചെയ്താൽ ഒരു മാസത്തിനുള്ളിൽ Content ID claim നടത്തിയവർ അതിൽ ആക്ഷനെടുക്കണം എന്നാണ് യൂട്യൂബ് പോളിസി. അതെന്തായാലും നമുക്ക് ഇമെയിൽ നോട്ടിഫിക്കേഷൻ വരുന്നതാണ്. 

കഥകളി, കർണ്ണാടകസംഗീതക്കച്ചേരി തുടങ്ങിയവകൾക്ക് ഞാൻ മുൻപ് സൂചിപ്പിച്ച തൃശ്ശൂർ പൂരം, ത്യാഗരാജർ തുടങ്ങിയവരുടെ സംഗീത(രാഗ)ധ്വനികളും വരികളും ആകും പ്രശ്നം. അതിനു തക്കതായി വിശദീകരണം കൊടുക്കണം. പലപ്പോഴും അല്പം സെക്കന്റുകൾ ഉള്ളതോ അല്ലെങ്കിൽ മിനുട്ടുകൾ മാത്രമുള്ളതോ ആയ വരികൾക്കോ സംഗീതത്തിനോ ആകും അവർ Content ID claim ചെയ്യുന്നത് എന്ന് വിരോധാഭാസം ആയി തോന്നാം.

Content ID owner എന്നതിനു യൂട്യൂബുമായി കരാറിലുള്ളവർ യാന്ത്രികമായി മറ്റുള്ളവർക്ക് അവകാശലംഘന നോട്ടീസുകൾ അയക്കുകയാണ് ചെയ്യുന്നത് എന്നാണെന്റെ പരിമിതമായ അറിവ്. എന്നാൽ ഇത്തരം പരമ്പരയാ നാം അനുഭവിച്ചുവരുന്നവ ആരുടേയും അവകാശമായി വരുന്നില്ല. ഉദാഹരണത്തിനു അജിതാഹരേ ജയ മാധവ.. എന്ന് തുടങ്ങുന്ന കഥകളിപ്പദവും സ്വര രാഗസുധാ.. എന്നുതുടങ്ങുന്ന കർണ്ണാടക സംഗീതകൃതിയും പൊതുസഞ്ചയത്തിൽ ഉള്ളതാണ്. അവ ആർക്കും വേണമെങ്കിൽ ഉപയോഗിക്കാം ആലാപനം ചെയ്യാം. Improvisationഉം നടത്താം. Content ID ഡിസ്പ്യൂട്ട് ചെയ്യുന്നവർക്ക് അവരുടെ കയ്യിലുള്ള റിക്കോർഡിങ്ങുകളുടെ അവകാശം മാത്രമേ ഉള്ളൂ. അതേ പ്രയോക്താക്കൾക്ക് തന്നെ മറ്റൊരു വേദിയിൽ ഇവകൾ ആലാപനം ചെയ്യാവുന്നതാണല്ലൊ. എന്നാൽ ഇത്തരം ഒന്നും പലപ്പോഴും യൂട്യൂബിന്റെ പോളിസിയിൽ പെടുന്നില്ല എന്നതാണ് തൃശ്ശൂർ പൂരത്തിന്റേയും ഒരു കർണ്ണാടകസംഗീതചാനലിന്റേയും പ്രശ്നമായി ഉയർന്ന് വന്നത്.

നിങ്ങൾ ഫയൽ ചെയ്ത ഡിസ്പ്യൂട്ട് പകർപ്പവകാശികൾക്ക് പരിശോധിച്ച് നിരാകരിക്കാം. അപ്പോൾ നിങ്ങളുടെ ചാനൽ സ്റ്റാറ്റസിനു തൽക്കാലം ഒന്നും സംഭവിക്കുകയൊന്നുമില്ല. പക്ഷെ അവർ നിരാകരിച്ചതിനെതിരെ വീണ്ടും നിങ്ങൾ ഡിസ്പ്യൂട്ട് ഫയൽ ചെയ്ത് നിങ്ങൾ തോറ്റാൽ അത് കോപ്പീറൈറ്റ് സ്റ്റ്രൈക്ക് ആകും. മൂന്ന് സ്റ്റ്രൈക്ക് കിട്ടിയാൽ പിന്നീട് നിങ്ങളുടെ എക്കൗണ്ട് തന്നെ യൂട്യൂബ് എടുത്ത് കളയും. നിങ്ങളുടെ വീഡിയോകളും പോകും. അങ്ങനെ വന്നാൽ പിന്നീട് യൂട്യൂബ് പറയുന്ന പോലെ ചെയ്ത്, മൂന്നുമാസം എങ്കിലും കാലയളവ് കഴിഞ്ഞ ശേഷമേ നിങ്ങൾക്ക് യൂട്യൂബ് എക്കൗണ്ട് തുറക്കാൻ പറ്റുകയുള്ളൂ. 

ഇത്രയും പറഞ്ഞത് പകർപ്പവകാശനിയമങ്ങളുടെ ഒരു ഏകദേശ രൂപം ഉണ്ടാവാൻ മാത്രമാണ്. ഞാൻ നിയമജ്ഞനല്ല. അതിനാൽ എന്റെ ഉപദേശം സ്വീകരിക്കുകയോ അതിനനുസരിച്ച് നിങ്ങൾ ആക്ഷൻ എടുക്കുകയോ അരുത്.  ഞാൻ യാതൊരുകാരണവശാലും നിങ്ങളുടെ ചെയ്തികൾക്കൊന്നിനും ഉത്തരവാദി അല്ല എന്ന് പ്രത്യേകം പറഞ്ഞുകൊള്ളട്ടെ. എനിക്ക് പലതും തെറ്റ് പറ്റിയിരിക്കാം പലതും എന്റെ ശ്രദ്ധയിൽ പെടാതെ പോയതായും ഉണ്ടാകാം. നിങ്ങൾ നിയമജ്ഞരുടെ സഹായം തേടുകയും യൂട്യൂബ് അക്കാദമിയിലെ ഹെല്പ് ആർട്ടിക്കിളുകൾ നോക്കി വായിച്ച് മനസ്സിലാക്കി അതിനനുസരിച്ച് മാത്രം പ്രവർത്തിക്കുകയും ചെയ്യുക.

വിവരങ്ങൾക്ക് കടപ്പാട്: https://creatoracademy.youtube.com/page/search?v4=&hl=en-GB&q=copyright

റസൂൽ പൂക്കുട്ടിയുടെ “The sound story” (Malayalam/Hindi) “Oru Kadhai Sollatuma” (Tamil) സിനിമയെ കുറിച്ചുള്ള മലയാളമനോരമ വാർത്ത.

പ്രശസ്തമായ ഒരു കർണ്ണാടകസംഗീത യൂറ്റ്യൂബ് ചാനൽ പ്രശ്നത്തെ തുടർന്ന്  https://www.change.org/l ൽ നടന്ന പെറ്റീഷനും ഹിന്ദുവിലെ ന്യൂസും.



ശൂർപ്പണഖയുടെ മൂക്കും ചെവിയും മുലയും മുറിക്കൽ

ആദ്യമേ പറയട്ടെ, ഞാൻ ഉദ്ധരിയ്ക്കുന്നതെല്ലാം ഇന്റെർനെറ്റിൽ ലഭ്യമായ സ്രോതസ്സുകൾ ആണ്. അതിനാൽ ലിങ്ക് ഉണ്ട്. ശൂർപ്പണഖയുടെ അംഗവിഛേദം കഥകളിയിലും കൂട...