യാത്രാവിവരണം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
യാത്രാവിവരണം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

13 ഡിസംബർ 2020

Edge of the World and Sun set…

23 September 2020 National Day of Saudi Arabia (ബുധനാഴ്ച) 



കൊല്ലാകൊല്ലങ്ങളിലും പോകുന്ന എഡ്ജ് ഓഫ് ദ വേൾഡ്, എന്ന മരൂഭൂമി യാത്ര ഇപ്രാവശ്യവും ഉണ്ടായീ. കൊല്ലാകൊല്ലങ്ങൾ എന്നൊക്കെ പറയുന്നത് കുറച്ച് അതിശയൊക്തി എന്ന് അറിയാമെങ്കിലും, കഴിഞ്ഞ കൊല്ലം പോയതിന്റെ പരിണിതഫലം ആണ് ഇപ്രാവശ്യത്തെ യാത്ര. അത് വ്യത്യസ്തവുമായിരുന്നു.


അങ്ങനെ നോക്കുമ്പോൾ, ഞാൻ, അല്ല ഞങ്ങൾ, സൗദിയിലെ പലഭാഗത്തും യാത്രകൾ നടത്തിയിട്ടുണ്ട്. അതൊക്കെ സ്വന്തം, ഗൂഗിൾ മാപ്പ് ഇട്ടും ഗൂഗിൾ മാപ്പ് ഇല്ലാത്ത കാലത്തും എല്ലാം യാത്രകൾ നടത്തിയിട്ടുണ്ട്. 


മുൻപും എഡ്ജ് ഓഫ് ദ വേൾഡിലേക്ക് പോയിട്ടുണ്ട്. അന്നൊന്നും ഗൂഗിൾ മാപ്പ് ഇല്ലായിരുന്നു. കഴിഞ്ഞ കൊല്ലം ഗൂഗിൾ മാപ്പ് ഒക്കെ വെച്ച് പോയതാ. എഞ്ചോയ് ചെയ്ത് തിരിച്ച് വരുന്ന സമയത്ത് മരുഭൂമിയിലെ ഒരു ടെന്റ് കണ്ടു. ആർക്കും പ്രകൃതിയുടെ വിളികൾ അധികസമയം കേൾക്കാതിരിക്കാനൊന്നും വയ്യല്ലൊ. അങ്ങനെ ആ കണ്ട ടെന്റിൽ കയറി. അവിടെ ഇരുന്ന് പ്രകൃതിയുടെ വിളികൾ കേട്ടു, കൊണ്ടുവന്ന ഭക്ഷണം കഴിച്ചു. ടെന്റ് നോക്കുന്ന ഒരാൾ അതിനനുവദിച്ചു കുഞ്ഞുകുട്ടി പ്രാരാബ്ധങ്ങൾ കണ്ടാൽ ഏതൊരു മനുഷ്യനും ഉണ്ടാകുന്ന ഫീലിങ്ങ്സ് വെച്ച് ആ ചങ്ങാതി സമ്മതിച്ചു. ഞങ്ങൾ അങ്ങിനെ ഇരിക്കുമ്പോൾ ഒരാൾ വന്ന് കശപിശ, ഞങ്ങളോടല്ല, ആ ടെന്റ് നോക്കുന്ന പാവം മനുഷ്യനോട് ആയിരുന്നു കശപിശ. ആളോട് കാര്യം ചോദിച്ചപ്പോൾ ആൾ പറഞ്ഞു ഇനീം ആളുകൾ വരും അവരൊക്കെ ബുക്ക് ചെയ്ത് വരുന്നതാണെന്നൊക്കെ. അതായത് സൗദിയിൽ, ടൂർ ഓപ്പറേഷന്റെ ഭാഗമായി, ഉണ്ടാക്കിയ ടെന്റ്, അതിൽ ഒരു ടൂർ ഓപ്പറേഷൻ കമ്പനിക്കും പൈസ കൊടുക്കാതെ ഞങ്ങൾ അവരുടെ ഫെസിലിറ്റി ഉപയോഗിക്കുന്നു എന്ന്. അപ്പോൾ ഞാൻ അവരുടെ കമ്പനിയെ പറ്റിയും എല്ലാം ചോദിച്ചു. അവരുടെ ബ്രോഷർ തന്നു. അത് ഞാൻ മൊബൈലിൽ ഫോട്ടോ എടുത്ത് വെച്ചു.
ഇപ്പോൾ സൗദിയിൽ ചൂട് വിട്ട കാലം. ആ ബ്രോഷർ ഓർമ്മിച്ചു. അതിലെ വാട്സപ്പ് നമ്പറിൽ ഞാൻ കോണ്ടാക്റ്റ് ചെയ്തു. അവർ എനിക്ക് പുതിയ ബ്രോഷർ അയച്ച് തന്നു. അതും എഡ്ജ് ഓഫ് ദ വേൾഡ് യാത്ര തന്നെ. പക്ഷെ അത് വൈകുന്നേരം. സൺ സെറ്റ്, അറ്റ് എഡ്ജ് ഓഫ് ദ വേൾഡ് എന്ന്. കേറി പിടിച്ചു ഞാൻ. ഒരാൾക്ക് 120 റിയാൽ. 8 പേരിലധികം ഉണ്ടെങ്കിൽ ഡിസ്കൗണ്ട് എന്ന് വാട്സപ്പ് മെസേജ്.. ഞാൻ കൊണ്ട് പിടിച്ച് നോക്കി 4 പേരെ കിട്ടി. അങ്ങനെ ഞങ്ങൾ യാത്ര തുടങ്ങി. ഞങ്ങടേ വണ്ടിയിൽ അല്ലാ അവരുടെ ബസ്സിൽ. ഞങ്ങടെ വണ്ടി എങ്കിൽ 50 റിയാൽ മാത്രം. അതിനു ഞങ്ങടെ കയ്യിൽ ഫോട് വീൽ ഡ്രൈവ് വണ്ടികൾ ഇല്ല.. അപ്പോൾ അവരുടെ ഒപ്പം എന്ന് തന്നെ തീരുമാനിച്ച് ധീരമായി ഞങ്ങൾ മുന്നോട്ട് പോയീ.


അവർ ഞങ്ങൾക്ക് മീറ്റിങ്ങ് പോയന്റ് ഗൂഗിൾ മാപ് കോർഡിനേറ്റ്സ് ഇട്ട് തന്നിറ്റുണ്ടായിരുന്നു. അത് പ്രകാരം കിങ്ങ് ഖാലിഡ് റോട്ടിലെ സാദ് സ്ക്വയറിലെ സ്റ്റാർബക്സ് കോഫീഹൗസ് ആയിരുന്നു ലക്ഷ്യം. അവിടെ എത്തി ഞങ്ങൾ. അന്യോന്യം പരിചയമില്ലാത്തതിനാൽ അവർ മൊബൈലിൽ വിളിച്ചു തൊട്ട് മുൻപിരുന്ന് ഞാൻ മൊബൈൽ ആൻസർ ചെയ്യുന്നത് കണ്ടപ്പോൾ അവർ വരൂ വരൂ എന്ന് പറഞ്ഞ് ഇരുത്തി. ഞങ്ങളുടെ കയ്യിൽ നിന്ന് പൈസ വാങ്ങി മാത്രമല്ല കയ്യിൽ കെട്ടാൻ ഒരു ടാഗ്, പിന്നെ വളപോലെ മറ്റൊരു ടാഗ്, അതും കൂടെ കഴിഞ്ഞ് രാത്രി സമയത്ത്‌  ഓൺ ചെയ്യണ്ട ഒരു മിന്നാമിനുങ്ങിയും തന്നു. അതൊക്കെ ഞങ്ങൾ ധരിച്ചു. മിന്നാമിനുങ്ങിയെ ഷർട്ടിന്റെ കാണാൻ പാകത്തവിധത്തിലും ധരിച്ചു. 


ഉച്ചയ്ക്ക് 2.40 സമയത്തിനു യാത്ര തുടങ്ങാം എന്നാ അവർ പറഞ്ഞത് എങ്കിലും മൂന്നുമണിയോടെ യാത്ര തുടങ്ങി. എന്റെ ബസ്സിൽ 8 പേർ. കൂടാതെ 3 ഗൈഡുകളും അതിൽ ഒരു പെൺകുട്ടിയും. ഡ്രൈവറും ഉൾപ്പെടും. ഞങ്ങളുടെ ബസ്സ് കൂടതെ ഒരു ബസ്സും കൂടെ ഉണ്ട്. അതിലെത്ര പേർ എന്ന് ചോദിച്ചാൽ ഒരു പതിനഞ്ച് മാക്സിമം ഉണ്ടാകും, അവർ കൂട്ടമായി ബുക്ക് ചെയ്തതാ എന്ന് തോന്നുന്നു. അത് കൂടാതെ അവനവന്റെ ഫോർ വീൽ ഡ്രൈവ് വാഹനങ്ങൾ ഒരു പത്തെണ്ണം ചുരുങ്ങിയത് ഉണ്ടായിരുന്നു. 


വൈകുന്നേരം മൂന്നുമണിയോടെ ഞങ്ങൾ യാത്ര പുറപ്പെട്ടു. മക്ക റോഡിലൂടെ ഷക്ര ഭാഗത്തേയ്ക്കാണ് യാത്ര. ഷക്രയിലേക്ക് അനവധി പോയതാണ് ഞാൻ. 

ടൂർ തുടങ്ങുന്നതിനു മുന്നെ ഞങ്ങൾക്ക് കയ്യിലിടാൻ രണ്ട് ബാന്റുകളും, പിന്നെ ഒരു ചെറിയ ലൈറ്റ്, ഷർട്ടിൽ പിൻ ചെയ്ത് വെക്കാൻ തന്നിരുന്നു. അത് ഇരുട്ടത്ത് നീലയും ചുവപ്പും ആയി നിറമുള്ള പ്രകാശം പരത്തും എന്നവർ പറഞ്ഞു.


പോയത് മക്ക റോഡ്, ഷക്ര വഴി ഒനയ്ന, വഴി. എന്നിട്ട് ഏതോ ഒരു പോയന്റിൽ യൂടേൺ അടിച്ച് പെട്ടെന്ന് തന്നെ ഓഫ് റോഡ് ആയി. ഞങ്ങൾ പണ്ട് പോയതൊക്കെ ഗൂഗിൾ മാപ്പ് നോക്കി. ഗൂഗിൾ മാപ്പ് ഇല്ലാതേയും പൊയീട്ടുണ്ട്. അതൊക്കെ വളരെ ശ്രദ്ധിച്ച്. എന്തൊക്കെ ശ്രദ്ധകളാന്നറിയില്ലാ!. ബ്ടെ അവർകൊന്നും ഒരു നോട്ടവുമില്ല, ഡ്രൈവിങ്ങിലേ ശ്രദ്ധിക്കുന്നില്ല എന്നപോലേയാ. എന്നാൽ അവർ നല്ല ഡ്രൈവേഴ്സ് ആണ് ട്ടൊ. അവരുടെ നാട്ടിൽ കണ്ണും കെട്ടി പോയാൽ അവരെവെഇടേയ്ക്കും എത്തും എന്നത് സത്യം!. ആ ഒരു ഫ്രീഡം അവരുടെ അനായാസ ഡ്രൈവിങ്ങിൽ ഉണ്ട്. അത് പക്ക റോഡ് ആയാലും അതല്ലാ പക്കാ മരുഭൂമി ആയാലും. ആ രീതി നമ്മളിലും ഒരു കോൺഫിഡൻസ് നിറയ്ക്കും. ഇത് ഞാൻ സ്വയം ഡ്രൈവ് ചെയ്ത് പോയാൽ ഉണ്ടാകില്ല, എന്നത് ഉറപ്പ്.


ആദ്യത്തെ ലക്ഷ്യം സൂര്യനസ്തമിക്കുന്നത് എഡ്ജ് ഓഫ് ദ വേൾഡിലെ ആ മുനമ്പിൽ ഇരുന്ന് കാണുക എന്നതായിരുന്നു. ഞങ്ങൾ അവിടെ സമയത്തിനെത്തി. ബേസ് ക്യാമ്പിൽ ധാരാളം പഴവർഗ്ഗങ്ങളും സ്നാക്സും വെള്ളവും എല്ലാമുണ്ടായിരുന്നു. അത്യാവശ്യം ഭക്ഷിച്ച് എന്റെ വയറിന്റെ ആളൽ ഒന്നടക്കി ഞങ്ങൾ. ബേസ് ക്യാമ്പിൽ ബസ്സിറങ്ങി പിന്നെ അത്യാവശ്യം ദൂരം നടക്കണം. ഉയർച്ചയും താഴ്ച്ചയും ഒരു ജാതി പാറക്കല്ലുകളും എല്ലാമുള്ള പാതയിലൂടെ ഞങ്ങൾ നടന്നു. മുനമ്പ് കണ്ടു. കണ്ടപ്പോൾ തന്നെ ഞാൻ പോകുന്നില്ല അവിടേക്ക് എന്ന് തീർച്ചയാക്കി. ഒന്ന്, ഉയർച്ച എനിക്ക് പേടി. പിന്നെ അത്ര സ്മൂത്ത് അല്ലാത്ത പാത. എപ്പോഴും തെന്നി വീഴാം. വീണാൽ പിന്നെ തുടച്ച് എടുക്കാൻ കൂടെ കിട്ടില്ല!. എന്റെ ചെരുപ്പ് എല്ലാം പഴേത് ഗ്രിപ്പ് ഒട്ടും ഇല്ലാ. ആകപ്പാടെ ഞാൻ പോകുന്നില്ല എന്ന് ഉറപ്പിച്ചു എങ്കിലും ഒപ്പം ഉള്ള രാജീവ് എന്ന സുഹൃത്ത് അവിടെ പോയി. ഞാൻ ദൂരെ ഇരുന്ന് കുറേ ഫോട്ടോസും വീഡിയോസും എല്ലാം എടുത്തു. തിരക്ക് കൂടിക്കൂടി വരുന്നു. വല്ലാതെ തിരക്ക് വരുന്നതിനു മുന്നേ ഞാൻ, മുനമ്പിന്റെ അടുത്ത് നിന്നും ഒറ്റയടിപ്പാതയിലൂടെ തിരിച്ച് സേഫ് ആയ സ്ഥലത്ത് എത്തി. ആ ഒറ്റയടിപ്പാതയുടെ ഒരു സൈഡ് അങ്ങ് തൂങ്ങാം കുഴിയാണ്, അവിടുന്ന് മരുഭൂമി വിശാലമായി മലർന്ന് വിരിഞ്ഞ് കിടക്കുന്നു. സത്യത്തിൽ ഒരു കടലിന്റെ അഗാധതയൊക്കെ ഉണ്ട്. അതിനുമപ്പുറം ആദിത്യൻ അസ്തമിക്കുന്നു. വല്ലാത്ത ഒരു കാഴ്ച ആയിരുന്നു അത്. പറഞ്ഞറിയിക്കാൻ വയ്യാ! ആ മുനമ്പ് കണ്ടപ്പോൾ ലയൺ കിങ്ങ് എന്ന സിനിമയിലെ കുട്ടി സിംഹം ഒരു ഉയരമുള്ള പാറയുടെ മുകളിൽ കയറി ഗർജ്ജിക്കുന്ന സീൻ ഓർമ്മ വന്നൂ. ആ സീനിന്റെ ചിത്രങ്ങളും ധാരാളം ആണല്ലൊ.


മുൻപും അവിടെ പോയിട്ടുണ്ടെങ്കിലും, സൂര്യാസ്തമയം അവിടെ ആദ്യം ആയി കാണുന്നു. പലപ്പോൾ പോയതും പകൽ സമയത്തായിരുന്നു. കാരണം സ്വന്തം വാഹനത്തിൽ ഇരുട്ടി തിരിച്ച് ഡ്രൈവ് ചെയ്യുന്നതിനു ആത്മവിശ്വാസം ഇല്ലാ. വഴിതെറ്റാം. കുടുങ്ങാം. ഇത് മരുഭൂമി അറിയുന്നവർ ആണ് നമ്മളേ കൊണ്ട് പോകുന്നത് എന്നതിന്റെ ഒരു ആത്മവിശ്വാസം ഉണ്ട്. കഴിഞ്ഞ കൊല്ലം പോയപ്പോൾ അവിടെ മൊബൈൽ സിഗ്നൽ കൂടെ കിട്ടിയില്ലായിരുന്നു. ഇപ്പോൾ പോയപ്പോൾ സിഗ്നലൊക്കെ കിട്ടി. എല്ലാ കമ്പനികളുടേയും മൊബൈലുകൾക്ക് സിഗ്നൽ ഇല്ലാ എന്നും മനസ്സിലായി.


ഞങ്ങൾ തിരിച്ച് ടൂർ ഓപ്പറേറ്ററുടെ ബേസ് ക്യാമ്പിലേക്ക് എത്തി. ഇരുട്ടായിരുന്നു. ഒന്ന് ഇരുന്ന് വിശ്രമിച്ചു. ഞങ്ങൾ പലരും ഫ്രൂട്സ്സ് എല്ലാം കഴിച്ച് വിശ്രമിച്ചപ്പോൾ ക്വാഡ് ബൈക്കുകൾ റെഡി, രണ്ട് പേരായി വന്ന് ബൈക്ക് റൈഡ് ചെയ്യാൻ അറിയിച്ചു. ഞാൻ മുൻപ് ബൈക്ക് റൈഡ് ചെയ്തിട്ടുണ്ട് എന്നതിനാലും മറ്റുള്ളവരുടെ ഉത്സാഹവും കൂടെ കണ്ടപ്പോൾ ഞാൻ ഒഴിഞ്ഞു. ലിംഗഭേദമന്യേ പലരും ബൈക്ക് ഓടിച്ചു. എന്റെ സുഹൃത്ത് പോയി ഒരു സ്ഥലത്ത് എത്തിയപ്പോൾ, പെട്രോൾ കഴിഞ്ഞ് ബൈക്ക് ഓഫായി. രാത്രി ആയപ്പോളാണ്, ഷർട്ടിൽ പിൻ ചെയ്യാൻ തന്ന ലൈറ്റിന്റെ ഗുണം അറിഞ്ഞത്. ബൈക്ക് അവിടെ ഇട്ട് ആൾ നടന്ന് വന്നു. ടൂർ ഗൈഡിനോട് പറഞ്ഞപ്പോൾ ആൾ പോയി ബൈക്ക് കൊണ്ട് വന്നു. 


പകുതി ചന്ദ്രൻ ആകാശത്ത് തിളങ്ങി നിൽക്കുന്നുണ്ടായിരുന്നു. അതി ദൂരത്ത് റോഡ് സൈഡിലെ മഞ്ഞ സ്റ്റ്രീറ്റ് ലൈറ്റുകൾ തെളിഞ്ഞ് നിൽക്കുന്നത് ഒരു നേരിയ രേഖപോലെ കാണാമായിരുന്നു. ഒരു കാറ്റ് എപ്പോഴും വീശുന്നുണ്ടായിരുന്നു. തണുപ്പുമില്ല ചൂടുമില്ല. നല്ല കാലാവസ്ഥ. ഫാമിലിയെ മിസ്സ് ചെയ്തു എന്ന് സിംഗിൾ ആയ ആരും വിചാർക്കും. അത്ര നല്ല മൂഡ് തരുന്ന അന്തരീക്ഷം.


ആളുകൾ ടെന്റിൽ ഇരുന്ന് പാട്ട് പാടുന്നു. റിലാക്സ് ചെയ്ത് ശീഷ (ഹുക്ക) വലിക്കുന്നു (പുകവലി തന്നെ) ഞാൻ ടെന്റുകളുടെ പിൻഭാഗത്ത് ചെന്നപ്പോൾ അവിടെ ഒരു വണ്ടി ഹെഡ്‌ലൈറ്റ് ഇട്ട് നിൽക്കുന്നു. മുന്നിൽ ചിലർ കൂടിയിട്ടുണ്ട്. ദൂരെ ഒരു നാലഞ്ച് സ്പൂൺ കുത്തിനിർത്തിയപോലെ ഒരു സംഗതിയും അതിനു മുന്നിൽ ഒരു ലൈറ്റും. കൂടിയിരുന്ന ആളുകൾ ഓരോരുത്തർ ആയി ഒരു എയർ ഗൺ പോലെ ഉള്ള ഒന്ന് ഉന്നം വെച്ച്, ലക്ഷ്യം ആയ ആസ്പൂൺ പോലുള്ളതിന്റെ ഭേദിക്കാൻ നോക്കുന്നു. ആർക്കും പറ്റിയില്ല. എനിക്കും പറ്റിയില്ല. ഉണ്ട അവിടം വരെ എത്തുന്നുണ്ടോ എന്ന് കൂടെ എനിക്ക് സംശയം ആയി. ഉണ്ട, ഗൈഡ് കയ്യിൽ വെച്ച് കാണിച്ച് തന്നു വളാരെ ചെറിയ ഒരു സാധനം. അതല്ല രസം, ഞാൻ ആദ്യമായി ഒരു തോക്ക് എടുത്ത് എന്റെ തോളിൽ വെക്കുന്നു, എന്നിട്ട് വെടി വെക്കുന്നു. എന്റെ കൈ വിറച്ചു എന്നത് വാസ്തവം. വെടിവെക്കുന്ന എന്റെ ഫോട്ടോ എടുക്കാൻ ഗൈഡിനോട് പറഞ്ഞിരുന്നു. അത് ആൾക്ക് പറ്റിയില്ല. അതിനാൽ ഞാൻ ഒന്ന് രണ്ട് വട്ടം പിന്നേയും പരിശ്രമിച്ചു. ഒന്നും വിജയിച്ചില്ലെങ്കിലും തോക്ക് ചൂണ്ടി നിൽക്കുന്ന എന്റെ ഒരു ഫോട്ടോ എടുക്കാൻ പറ്റീ.


അങ്ങിനെ രസമായി സമയം ചെലവഴിച്ച് ഇരിക്കുമ്പോൾ സമയം എട്ടര കഴിഞ്ഞു. ഡിന്നർ റെഡി എന്ന് പറഞ്ഞപ്പോൾ ഡിന്നർ കഴിക്കാൻ ഞങ്ങൾ പോയി. ഫഹാം, റൈസ്, ഹുമൂസ്, സലാഡ്, റൊട്ടി, പിന്നെ ഡ്രിങ്ക്സ് ആയി മിരിന്റ, പെപ്സി, സെവൻ അപ്പ് എന്നിത്യാദികളും വെള്ളവും. ഡിന്നർ അല്ലെ, അധികം ഒന്നും ഞാൻ കഴിച്ചില്ല. വിശക്കരുത് എന്നതിനു വേണ്ടി അല്പം കഴിച്ചു. ഡിന്നർ കഴിഞ്ഞ് ഒരു റാഫിൾ ഉണ്ടായിരുന്നു. അത് കിട്ടിയത് ഞാൻ അറിയാത്ത രണ്ട് പേർക്ക്. അൽ ഉലയിലേക്ക് ട്രിപ്പ് ഉണ്ട്, അത് മുഴുവനും അവർക്ക് സൗജന്യമായി ഞങ്ങടെ ടൂർ ഓപ്പറേറ്റർ ചെയ്ത് കൊടുക്കും. അതാണ്  റാഫിൾ സമ്മാനം. ഒട്ടും മോശമല്ല അത്. അൽ ഉലയിലേക്ക് ഞാൻ മുൻപ് പോയിട്ടുണ്ട് രണ്ട് തവണ. ഹിസ്റ്റോറിക്കൽ സ്ഥലം ആയ, യുനസ്കോ ഹെറിറ്റേജ് സൈറ്റുകളിൽ പെട്ട മദയിൻ സാലേ എന്ന പ്രദേശവും ഉൾപ്പെട്ട അൽ ഉല അതി സുന്ദരം തന്നെ. സൗദിയുടെ പിങ്ക് പ്രൊവിൻസ് ആണത്.


രാത്രി പത്ത് മണി കഴിയുന്നത് വരെ ഞങ്ങൾ മരുഭൂമിയുടെ രാത്രി സൗന്ദര്യം ആസ്വദിച്ച് ഇരുന്നു. അത് വല്ലാത്ത അനുഭൂതി തന്നെ ആയിരുന്നു. തിരിച്ചുള്ള യാത്ര തുടങ്ങി. ടൂർ ഓപ്പറേറ്ററുടെ സീനിയർ മാനേജർ/മുതലാളി എന്നൊക്കെ തോന്നിക്കുന്ന ഒരാൾ തന്റെ ടൊയോട്ട വണ്ടിയിൽ നിറയെ ലൈറ്റുകളുമൊക്കെ ആയി അവിടെ വന്നിരുന്നു. ഞങ്ങളുടെ ഒപ്പം ഒന്നുമല്ല. എപ്പോഴോ അവിടെ എത്തി. ഞങ്ങളുമായി സംസാരിച്ചു. എന്നിട്ട് അദ്ദേഹം എങ്ങനെ മരുഭൂമിയിലൂടെ യാത്ര ചെയ്യുന്നു എന്ന് ഞാൻ അന്തം വിടുന്ന രീതിയിൽ ഞങ്ങളെ വെട്ടിച്ച്, ഒരു ഗുഹാമുഖത്ത് കൊണ്ട് ചെന്ന് നിർത്തി. ഗുഹാമുഖം അദ്ദേഹത്തിന്റെ വണ്ടിയിലെ ലൈറ്റുകളുടെ പ്രകാശം മൂലം അത് മനോഹരമായി കാണപ്പെട്ടു. ഞങ്ങളും ബസ്സ് നിർത്തി. ഗുഹയിലേക്ക് കയറണ്ടവർ കയറി. അവിടേയും ഞാൻ ഒഴിഞ്ഞു. കാരണം ഞാൻ അവിടെ ആ ഗുഹയിൽ കഴിഞ്ഞ കൊല്ലം കയറിയിട്ടുണ്ട്. മനുഷ്യനിർമ്മിതം ഒന്നും അല്ല ഗുഹ. അതും പ്രകൃതിദത്തം തന്നെ. ഉള്ളിൽ ഇരുട്ടിനു അവരുടെ കയ്യിൽ ലൈറ്റ്സ് ഉണ്ടായിരുന്നു. എന്നാലും ഹ്യുമിഡിറ്റി അവിടെ ഗുഹയുടെ ഉള്ളിൽ കൂടും എന്നും അനുഭവം. സ്ത്രീകളാടക്കം മിക്കവരും ഉള്ളിലേക്ക് പോയി. ഞാൻ ഞങ്ങടെ ബസ്സിൽ ഉണ്ടായിരുന്ന, റ്റൂർ ഗൈഡ് എന്ന് എനിക്ക് തോന്നിയ ഒരു പെൺകുട്ടിയോട് സംസാരിച്ചു. അവളോട് ഞാൻ ഇത് പാർട്ട് ടൈം ജോലിയാണോ എന്ന് ചോദിച്ചപ്പോൾ, അവൾ പറാഞ്ഞു ഇംഗ്ലീഷ് അറിയില്ല എന്ന്. ഹയ എന്നാണ് പേരെന്ന് പറഞ്ഞ് ഓടിപ്പോയി, ഇംഗ്ലീഷ് അറിയുന്ന മറ്റ് ഗൈഡുകളിലെ ഒരാളെ വിളിച്ച് കൊണ്ട് വന്ന് എന്റെ ചോദ്യങ്ങൾ അറബിയിലേക്ക് ഭാഷാന്തരീകരണം നടത്തി. അവൾ ടൂർ കമ്പനിയുടെ മുതലാളിയുടെ മകൾ എന്ന് അറിഞ്ഞു. ഒരു ടീനേജർ,അതിന്റെ ഉത്സാഹം ഞാൻ ടൂർ തുടങ്ങുമ്പൊഴേ ശ്രദ്ധിച്ചിരുന്നു. ഗുഹയിൽ നിന്ന് യാത്ര തുടങ്ങിയപ്പോൾ അവൾ അവളുടെ സഹോദരന്റെ ഒപ്പം പോയി. ഞങ്ങൾ തിരിച്ച് റിയാദിലേക്ക് യാത്ര തുടങ്ങി. അപ്പോൾ സമയം 10.45 കഴിഞ്ഞിരുന്നു.


ഈ ഗുഹാമുഖത്തിനടുത്തായിരുന്നു, കഴിഞ്ഞ കൊല്ലം ടൂർ ഓപ്പറേറ്ററുടെ ക്യാമ്പ് ഉണ്ടായിരുന്നത്. അവിടെ ഞങ്ങൾ കയറി ഇരുന്ന് ഭക്ഷണം കഴിക്കൽ, പ്രകൃതിയുടെ വിളി കേൾക്കൽ എല്ലാമുണ്ടായതും ആണ്. അങ്ങനെ ആണ് എനിക്ക് ഇവരുടെ നമ്പർ കിട്ടുന്നതും. കഴിഞ്ഞ കൊല്ലം കൊരൊണ ഇല്ലായിരുന്നല്ലൊ.


രാത്രി 11.30നോടൊപ്പം ഞങ്ങൾ മരുഭൂമി വിട്ട് ടാറിട്ട റോഡിൽ കയറി. സുഡൂസ്, അൽ ഉനെയ്ന, അൽ ജുബേല എന്നീ ഗ്രാമങ്ങളിലൂടെ ആയിരുന്നു യാത്ര. ഉനെയ്നയിൽ ഒരു ട്രെഡിഷണൽ സൗദി വില്ലേജ് ഉണ്ട് എന്ന് ഗൈഡ് പറഞ്ഞപ്പോൾ തന്നെ, ഒറ്റയ്ക്കൊരു യാത്ര അവിടേക്ക് മനസ്സിൽ തീരുമാനിച്ചു. 


ദിരിയയ്ക്ക് പോകുന്ന വഴി, കിങ്ങ് ഖാലിദ് റോട്ടിലെ, സാദ് സ്ക്വയറിലുള്ള സ്റ്റാർബക്സ് കാപ്പി പീടിയകയിൽ നിന്നായിരുന്നു ഞങ്ങളുടെ യാത്രയുടെ തുടക്കം. 12.30 ഓടെ ഞങ്ങൾ അവിടെ തിരിച്ച് എത്തി. സൗദി നാഷണൽ ഡേ ആണ് സെപ്റ്റംബർ 23. സൗദിയുടെ തൊണ്ണൂറാം പിറന്നാൾ ദിവസം. സ്റ്റാർബക്സ് കാപ്പി പീടികയിൽ നിന്ന് ഞങ്ങൾ അവിടെ പാർക്ക് ചെയ്ത എന്റെ കാറിൽ തിരിച്ച് വീടുകളിലേക്ക് എത്താനായി പുറപ്പെട്ടു. നാഷണൽ ഡേ ആഘോഷത്തിന്റെ ഭാഗമായി അത്യാവശ്യം തിരക്ക് റോഡിലുടനീളം ഉണ്ടായിരുന്നു. എങ്കിലും ഞാൻ എന്റെ സൗദി “ഡ്രൈവിങ്ങ് സ്കിൽ“ പുറത്തെടുത്ത് കൂട്ടത്തിലുള്ളവരെ അവരുടെ വീടുകളിൽ ആക്കി, എന്റെ സ്ഥലത്ത് ഒരു ഒന്നേമുക്കാലിനു എത്തി. ഒന്ന് ഫ്രഷായി കിടന്നതേ ഓർമ്മ ഉള്ളൂ. അതിഗംഭീരമായ ഉറക്കം കിട്ടി. അങ്ങനെ ഒരു ട്രിപ്പ് അവസാനിച്ചു.


Sunset video

https://youtu.be/O-sZUm8F2Xc

Sunrise video
https://youtu.be/9qgVGjxcJIY





11 ഏപ്രിൽ 2020

നിലാവഴിയെ...

ശിരുവാണി ഡാം കണ്ടിട്ടുണ്ടോ? മണ്ണാർക്കാട്
ഇല്ല
കാഞ്ഞിരപ്പുഴ ഡാം മുറിച്ച് പിന്നേം പോണം
ങ്ഹും
മണ്ണാർക്കാട് ആ ഭാഗമൊക്കെ വലിയ കുന്നുകളും സഹ്യനും കാടും
ങ്ഹും
സഹ്യന്റെ മുകളിലൂടെ മേഘങ്ങൾ പോകുന്നത് കാണാനെന്ത് രസാന്നറിയുമൊ?
മഴക്കാലം ആണേ. നല്ല ടാറിട്ട റോഡ് രണ്ട് സൈഡിലും ധാരാളം പച്ചപ്പുംമരങ്ങളും
ങ്ഹും
ലക്ഷ്യമില്ലാതെ വഴിയൊന്നും അറിയാതെ ബോർഡ് വായിച്ച് പോകുന്നൂ
ങ്ഹും
അങ്ങനെ കാഞ്ഞിരപ്പുഴ ഡാമിൽ എത്തുന്നു അവിടെ ഗംഭീരമായ പൂന്തോട്ടം
ങ്ഹും
അവിടെ നിർത്തി അതിലൂടെ കറങ്ങി നടക്കുന്നൂ അപ്പുറത്ത് സഹ്യൻ തലയുയർത്തി നിൽക്കുന്നു
അതിന്റെ മുകളിലൂടേയും അല്പം താഴേയുമായി മഴ മേഘങ്ങൾ മെല്ലെ മെല്ലെ നമ്മൾ നടക്കുന്ന
പോലെ തന്നെ നീങ്ങുന്നൂ
ങ്ഹും
ഇടയ്ക്ക് ചാറ്റൽ മഴയുണ്ട് കാര്യമാക്കുന്നില്ലാ
😛
നോക്കുമ്പൊ അവിടെ ഒരു ആയുർവേദ ഉദ്യാനം കൂടെ ഉണ്ട് കോട്ടക്കൽ ആര്യവൈദ്യശാലയുടെ
അതിലും കേറുന്നൂ
ങ്ഹും
മഴ നനഞ്ഞ് നിന്റെ നിമ്നോന്നതങ്ങൾ ഞാൻ നോക്കിയപ്പോൾ നീ പോടാ എന്നൊരാട്ട് തന്നൂ
😄 സത്യം
അതിലൂടെ കൈപിടിച്ച് കറങ്ങി തിരിച്ചിറങ്ങിയപ്പോൾ ദേഹത്തിനും ഒരു ആയുർവേദ ഗന്ധം
ങ്ഹും
എന്നിട്ട് കാറിൽ കയറി ഡാമിന്റെ നടുക്ക് കാർ നിർത്തി ഇറങ്ങി പുഴ കാണുമ്പൊൾ ഞാൻ പറഞ്ഞൂ
എന്തൊരു ഭംഗിയാണു എന്റെ പുഴയ്ക്ക് അലസയായി ഒരു തരം മാദകലഹരിയിലാണവൾ ഒഴുകുന്നത്
നല്ല തെളി വെള്ളം കണ്ടില്ലേ? ഉള്ളിലുള്ളതൊക്കെ കാണാം എന്ന്.  "ഉവ്വുവ്വ് മനസ്സിലായീ" എന്ന് നീ
അർത്ഥം വെച്ചൊരു കമന്റ്
😃😃
അതും കഴിഞ്ഞ് റോഡ് പോകുന്നു പിന്നേയും വളഞ്ഞും പുളഞ്ഞും ഇടുപ്പ് ഇടുങ്ങിയും തടിച്ചും
ങ്ഹും
നമുക്ക് ഇനിയും പോയാലെന്താ എന്ന് നീ ചോദിക്കുന്നു
ങ്ഹും
എന്നിട്ട് മുന്നോട്ട് പുറപ്പെടുന്നു നാം. ആ യാത്രയിൽ നമ്മൾ കേട്ടിരുന്ന പാട്ട് ഏതാണെന്ന് അറിയുമൊ?
ഇല്ല
പ്രിയേ ചാരുശീലേ.. കൃഷ്ണ പാടുന്നു. https://youtu.be/cQG0kLVESgo?t=2059
ങ്ഹും
വളഞ്ഞും പുളഞ്ഞും പോകുന്ന റോഡിലൂടെ കയറ്റങ്ങൾ കയറി പോകുന്നു. കേട്ടിരിക്കുന്ന കൃഷ്ണ
ലയിച്ച് പാടുന്നു “വദസി യദി കിംചിദപി ദന്തരുചി കൌമുദീ ഹരതി ദരതിമിരമതിഘോരം 
സ്ഫുരദധരസീധവേ തവ വദനചന്ദ്രമാ രോചയതു ലോചനചകോരം 
പ്രിയേ ചാരുശീലേ മുഞ്ച മയിമാനമനിദാനം 
സപദി മദനാനലോ ദഹതി മമ മാനസം ദേഹി മുഖകമല മധുപാനം” അതിനർത്ഥം അറിയുമോ?
ഇല്ല
എടീ ചക്കീ, എന്തിനാ ഇങ്ങനെ ശുണ്ഠി എടുത്തമാതിരി മുഖം കൂർപ്പിച്ച് ഇരിക്കണത്? നീ
വായതുറന്നെന്തെങ്കിലും പറയുമ്പൊൾ കാണുന്ന നിന്റെ ആ മനോഹരങ്ങളായ പല്ലുകളിൽ നിന്ന്
ഒഴുകുന്ന നിലാവിനു സമമായ പ്രഭയ്ക്ക് എന്റെ ദുഃഖങ്ങളെ മാറ്റാനാകും. അർത്ഥം മുഴുവനുമായില്ലെങ്കിലും
അവസാനം കൂടെ പറയാം
ങ്ഹും
പ്രണയംകൊണ്ട് നിന്റെ മുഖമാകുന്ന താമരയിലെ തേൻ കുടിക്കാൻ എനിക്ക് കൊതിയാകുന്നു
ഒഹ്
കാർ ഡ്രൈവ് ചെയ്യുമ്പൊൾ ഞാൻ നിന്റെ തുടയിൽ കൈ വെച്ചു. ആദ്യമൊക്കെ തട്ടി മാറ്റി പിന്നെ
മൈന്റ് ചെയ്യാതെ ആയീ
🧐 യാത്രക്കിടയിലോ? ഡ്രൈവിങ്ങിനിടയിൽ! ഭയങ്കരം
കയറി കയറി ഒരു പൊയന്റ് എത്തിയപ്പോൾ പ്രവേശനം നിഷിദ്ധം എന്ന ബോർഡ് അവിടെ
ഫോറസ്റ്റുകാർ നിൽക്കുന്നു
ങ്ഹും
ഫോറസ്റ്റുകാർ പറയുന്നു നിങ്ങടെ കാറിനു പോകാൻ പറ്റില്ല വേണമെങ്കിൽ ഫീ കൊടുത്ത്
ഫോറസ്റ്റ് വണ്ടിയിൽ പോകാമെന്ന്
ങ്ഹും
നിർത്തണൊ?
വേണ്ട
എന്നിട്ട് ഫോറസ്റ്റ് വണ്ടിയിൽ പോകുന്നു. അല്പം കൂടെ കാട്ടിലൂടെ ആദിവാസി കുടിലുകളിന്റെ
മുകളിലൂടെ പോയാലാണു ഫീസ് കൊടുക്കേണ്ട ഓഫീസ്. അവിടെ നിർത്തി ഫീസ് കൊടുത്തിറങ്ങി
മുകളിലേക്ക് വണ്ടിയിൽ യാത്ര
ങ്ഹും
കോടമഞ്ഞ് ചുറ്റും ആ കേറ്റം നല്ല രസായിരുന്നു
ങ്ഹും
ഒട്ടിപ്പിടിച്ചുകൊണ്ട്
🧐
കുറെ കേറിയപ്പോൾ സൈറ്റ് സീയിങ്ങിനുള്ള പോയന്റ് എത്തി ഡ്രൈവർ കാർ നിർത്തി
ഇറങ്ങിക്കണ്ടോളാൻ പറഞ്ഞു
ങ്ഹും
നിർത്തി ഇറങ്ങുമ്പോൾ കണ്ട കാഴ്ച അതിമനോഹരം കോട മഞ്ഞ് നമ്മളെ ചുറ്റിക്കൊണ്ട് മുന്നിലേക്ക്
അധികം കാണുന്നില്ലാ
ങ്ഹും
അങ്ങിനെ രണ്ട് മൂന്ന് സ്ഥലങ്ങളും കൂടെ കഴിഞ്ഞപ്പോൾ ഒരു ഡാം വീണ്ടും
ങ്ഹും
അതിനപ്പുറത്ത് തല ഉയർത്തി നിൽക്കുന്ന സഹ്യൻ. സഹ്യന്റെ മാറിലൂടെ അനവധി വെള്ളി
വരകളായി ജലപാതങ്ങൾ അത് കണ്ട് കണ്ട് നിന്ന് സമയം പോയതറിഞ്ഞതേ ഇല്ലാ
ങ്ഹും
അപ്പോഴാണു ഡ്രൈവർ പറയുന്നത് അല്പം കൂടെ മുകളിലേക്ക് പോകാം വണ്ടിയിൽ അവിടുന്ന
നിങ്ങൾ കാൽ നടയായി പോയാൽ കേരളമേട് എന്ന വിശാലമായ പുല്പരപ്പ് കാണം നിങ്ങൾ പോയി
വരുന്നത് വരെ ഞാൻ കാത്ത് നിൽക്കും വല്ലാതെ വൈകരുത് വൈകുന്നേരം മൂന്നുമണിക്ക് ഈ വഴി
അടയ്ക്കും അതിനു മുൻപ് തിരിച്ച് ഇറങ്ങണം എന്ന്
ങ്ഹും
എന്നിട്ട് മുകളിലേക്ക് പോയി വണ്ടി പാർക്ക് ചെയ്തപ്പോൾ അവിടുന്ന് ഫോറസ്റ്റുകാർ നമുക്ക് അസ്സൽ
ചക്കരക്കാപ്പിയും പൊക്കവട പരിപ്പ് വട ഒക്കെയും തന്നൂ ആ തണുപ്പത്ത് അതിന്റെ സ്വാദ്
അസാദ്ധ്യമായിരുന്നു
ഈശ്വരാ കൊതിപ്പിച്ചു😋😋😋😋
നമ്മൾ നടക്കാൻ തുടങ്ങിയപ്പോൾ അട്ട ഉണ്ടാകുമെന്ന് പറഞ്ഞ് ഫോറസ്റ്റുകാർ അല്പം പുകല നമുക്ക് തന്നു
ബോറടിച്ചുവൊ? നിർത്താം
ഇല്ല പറയൂ
എന്നിട്ട് രണ്ട് പേരും അല്പം കുത്തനെയുള്ള മലകയറി അതിവിശാലമായ കേരളമേട് എന്ന പുല്പരപ്പിൽ
എത്തി ചുറ്റും കാണേണ്ട കാഴ്ച തന്നെ അങ്ങപ്പുറത്ത് കോയമ്പത്തൂർ സഹ്യന്റെ പ്രൗഢി! മേഘങ്ങളുടെ നനവ്
ഇത്രേം നടക്കാൻ വയ്യാട്ടോ
ങ്ഹും
വലിച്ച് കേറ്റുകയായിരുന്നൂ. ചുറ്റും നോക്കും ഇടയ്ക്ക് ഒന്ന് നിൽക്കും ഭംഗികൊണ്ട് നിന്റെ കാലുകൾ മുന്നോട്ട്
തന്നെ ഞാൻ പിടിക്കും ആ പുല്പരപ്പിൽ ഉള്ള ഭംഗി! അത് പറയാൻ സാദ്ധ്യമല്ലാ
😄
കോടയുടെ തണുപ്പോ ഇടയ്ക്കുള്ള മഴച്ചാറൽ
ങ്ഹും
തണുത്ത് വിറച്ച് എന്നാലും രസം അവിടുന്നാ ആദ്യമായി നീയെന്നെ ഉമ്മ വെച്ചത്
🧐😳🤔 എപ്പ ?
തിരിച്ചിറങ്ങുമ്പോൾ ഇറക്കമല്ലേ സ്പീഡ് കൂടിയിരുന്നു അട്ടകളെ മാറ്റാൻ പുകല വെയ്ക്കും ഇടയ്ക്ക്
😄
രസം കൊല്ലരുത് പ്ലീസ്
ഒകെ 😄😄😄
തിരിച്ചിറങ്ങി ഫോറസ്റ്റുകാർ വീണ്ടും ചക്കരക്കാപ്പിയും മറ്റും തന്നു
ങ്ഹും
എന്നിട്ട് താഴ്വരത്തിലേക്ക് അവർ കൊണ്ട് വിട്ടു. താഴെ ഓഫീസിന്റെ അവിടെ‌നിർത്തി നമ്മളോട്
വേണമെങ്കിൽ ഇനി നിങ്ങൾക്ക് ഈ കാണുന്ന കാട്ടിലൂടെ നടക്കാം എന്ന് പറഞ്ഞു
ങ്ഹും
അത് പ്രകാരം സൈഡിൽ കണ്ട ഒരു നടവഴിയിലൂടെ ഇറങ്ങിയപ്പോൾ കാടിന്റെ ഭംഗി വീണ്ടും വലിയ
വലിയ മരങ്ങൾ അതിൽ നിന്നും തൂങ്ങി നിൽക്കുന്ന വള്ളികൾ അതിലിരുന്ന് ഊഞ്ഞാലാടി നീ
ങ്ഹും😛
അല്പം കൂടെ ഉള്ളിലേക്ക് നടന്നപ്പോൾ വെള്ളം ഒഴുകുന്ന ശബ്ദം കേട്ട് അത് നോക്കി പോയീ
ഒരു ചെറിയ വെള്ളച്ചാട്ടം
ങ്ഹും
അത്ര വലുതൊന്നുമായിരുന്നില്ല അത് എന്നാലത് നീണ്ട് നീണ്ട് മരങ്ങളുടേയും വേരുകളുടേയും ഇടയിലൂടെ
ഞെളിഞ്ഞ് പിരിഞ്ഞ് ചെലപ്പോൾ മെല്ലിച്ച് ചെലപ്പോൾ തടിച്ച് ഉരുണ്ട് അങ്ങനെ താഴേക്ക് പോകുന്നൂ
ങ്ഹും
അതിലൂടെ നമ്മൾ ഇറങ്ങി നിന്നു മുട്ടെറ്റം വെള്ളം
ങ്ഹും
കൈകാലുകൾ കഴുകി
ങ്ഹും
അപ്പോഴാ വിചാരിച്ചത് വല്ലതും കൊറിക്കാൻ കയ്യൊലെടുക്കാമായിര്യ്ന്നു എന്ന് എങ്കിൽ അവിടെ
ഇരുന്ന് കാടിന്റെ ഭംഗിയാസ്വദിച്ച് കഴിക്കാമായിരുന്നു എന്ന്
😄
പക്ഷെ ഒന്നും വിചാരിക്കാതെ ഇറങ്ങിയ യാത്ര ആയതിനാൽ ഒന്നും കയ്യിലുണ്ടായിരുന്നില്ല
😛
അല്പനേരം അവിടെ ഇരുന്ന് സമയം വൈകും എന്ന് തോന്നിയപ്പോൾ തിരിച്ച് കയറി ഫോറസ്റ്റ്
വണ്ടിയിൽ തന്നെ നമ്മടെ വണ്ടി പാർക്ക് ചെയ്ത ഭാഗത്ത് എത്തി
ങ്ഹും
കാറിൽ കയറിയപ്പോഴാണു സമയം അഞ്ചുമണി എന്നും ഉച്ച ഭക്ഷണം ഉണ്ടായില്ല എന്നും ഓർമ്മിപ്പിച്ചുകൊണ്ട്
വിശപ്പുന്റെ കൊലവിളി തുടങ്ങിയത്
😄
കാറിൽ കയറി റോഡ് സൈഡിലെ ഒരു നാടൻ എന്ന് തോന്നിക്കുന്ന ചായമക്കാനിയിൽ കയറാം എന്ന് നീ
പറഞ്ഞപ്പോൾ എന്റെ മനസ്സിൽ മറ്റൊരു ഐഡിയ ആയിരുന്നൂ നീ പറഞ്ഞിടത്തൊന്നും നിർത്താതെ
ഞാൻ രണ്ട് സൈഡും നോക്കി നോക്കി അവസാനം ഒരു സ്ഥലത്ത് നിർത്തി അതൊരു കള്ള് ഷാപ്പായിരുന്നു 
😄
നിനക്ക് ശുണ്ഠി ആയി ഞാൻ കെയർ ചെയ്യാതെ ഉള്ളിൽ കയറി കഴിക്കാനുള്ള ഭക്ഷണം ചോദിച്ചു
പൊറാട്ടയും നാളികേരകൊത്തലിട്ട് ബീഫ് ഫ്രൈയും വാങ്ങി വന്ന് കാറിന്റെ ബോണറ്റിൽ വെച്ചു കഴിച്ചു
വെള്ളം നമ്മുടെ കയ്യിലുണ്ടായിരുന്നു 
(നിശബ്ദം)
പോയോ? ശ്ശെ എന്നാ ശരി ഭാവന കഴിഞ്ഞൂട്ട്വൊ
അയ്യോ ഞാൻ പോയീട്ടില്ല നെറ്റ് പോയതാ
ങ്ഹും
എന്നിട്ട് ബീഫും പൊറാട്ടയും കഴിച്ച് വെള്ളവും കുടിച്ച് നമ്മൾ അവിടെ നിന്നും വീണ്ടും യാത്ര തുടർന്നു.
സമയം അപ്പൊഴേക്കും വൈകിയിരുന്നു. രണ്ട് പേർക്കും പിരിയാനുള്ളാതാണ്.
ങ്ഹും
യാത്ര തുടരുന്നതിനിടയിലാണ് റോഡ് സൈഡിൽ തന്നെ ഒരു പഴയ കെട്ടിടവും അതിൽ നിരപ്പലകകൾ
കൊണ്ട് അടയ്ക്കാവുന്ന തരത്തിലുള്ള പീടികയും കണ്ടത്.
ങ്ഹും
ഞാൻ വണ്ടി നിർത്തി സുഹൃത്തേ വെറ്റിലയും അടയ്ക്കയും കിട്ടുമോ എന്ന് ചോദിച്ചു. അവിടെ ഇരുന്നിരുന്ന ഒരു
വയസ്സായ തലേക്കെട്ടുകാരൻ മനുഷ്യൻ എനിക്ക് വെറ്റിലയും നല്ല കളിയടയ്ക്കയും തന്നു ചുണ്ണാമ്പ് അവിടെ ഉണ്ട് എന്ന് കെട്ടിത്തൂക്കി വെച്ച ചുണ്ണാമ്പ് പാത്രം കാണിച്ചു തന്നു
ഒഹ്
നല്ല നാടൻ വെറ്റിലയുടേയും കളിയടക്കയുടേയും ഗന്ധം എന്റെ വായിൽ നിന്ന് വരുന്നത് കൊണ്ട് നിനക്കും
കൊതിയായി ഒന്ന് മൂന്നും കൂട്ടി മുറുക്കാൻ. ഞാൻ പിന്നേയും അവിടെ ചെന്ന് ഒരു മുറുക്കാൻ കൂടെ ഉണ്ടാക്കി
നിനക്ക് തന്നു. അല്ല നിന്റെ വായിലിട്ട് തന്നു എന്റെ കൈകൾ കൂട്ടി കടിച്ചു നീ.
😄😄 
റോഡ് നീണ്ടു നിവർന്നു കിടക്കുന്നു. സൂര്യൻ പശ്ചിമഘട്ടത്തിനപ്പുറത്തേക്ക് പോയിക്കൊണ്ടിരിക്കുന്നു.
ആകാശം മങ്ങി മേഘങ്ങൾ കൂട്ടം കൂടി വരുന്നു. കാർ നീങ്ങി. രണ്ട് പേരും ഒന്നും മിണ്ടുന്നില്ലെങ്കിലും കൃഷ്ണ ഒരാവർത്തി പാടിക്കഴിഞ്ഞ് വീണ്ടും വദസി യദി കിംചിദപി എന്ന് പടാൻ തുടങ്ങി
ങ്ഹും
അടുത്ത ടൗണിലെത്തിയാൽ എനിക്ക് അവിടെ നിന്നും ബസ്സ് പിടിച്ച് വേണം പോകാൻ. ഞാൻ ടൗൺ
എത്തുന്നതിനു മുന്നേ തന്നെ കാർ നിർത്തി. എന്നിട്ട് ഡ്രൈവിങ്ങ് സീറ്റിൽ നിന്നിറങ്ങി നിന്നോട് ഡ്രൈവ്
ചെയ്തോളാൻ പറഞ്ഞു.
ങ്ഹും
നീ ഡ്രൈവർ സീറ്റിൽ ഇരുന്നു. കാർ മുന്നോട്ട് പോയീ
ങ്ഹും
ടൗണിലെത്തിയപ്പോൾ കാർ നിർത്തി ശ്രദ്ധിച്ച് ഓടിച്ച് പോകാൻ ഞാൻ പറഞ്ഞു. പെട്ടെന്നായിരുന്നു
നിന്റെ ആക്ഷൻ. കാർ നിർത്തലും എന്റെ മുഖം പിടിച്ച് തിരിച്ച് ചുണ്ടിൽ ഒരുമ്മയും. ആ വെറ്റില നീരിന്റെ സ്വാദ്
എനിക്കിപ്പോഴും ഓർമ്മയുണ്ട് അറിയുമോ?
പിന്നെ നമ്മൾ കണ്ടിട്ടില്ല അല്ലേ?
അതെ പിന്നെ കണ്ടിട്ടില്ല
എന്നാലിനിയും കാണണ്ടാ
അതെന്താ അങ്ങിനെ?

ഞാൻ ചെയ്യാത്ത കാര്യങ്ങൾ, നമ്മൾ പോകാത്ത യാത്രകൾ പറഞ്ഞില്ലേ നീ? കണ്ടാൽ ആ മോന്തയ്ക്ക് ഒന്ന്
തരും ആദ്യം. അത് വേണ്ടാ എന്ന് വിചാരിച്ചിട്ടാണ്.

08 ജൂലൈ 2016

റിയാദിലെ സമീപ്രദേശങ്ങളിലേക്ക് ഉള്ള ഒരു യാത്ര

യാത്രകൾ പോകുന്നത് തന്നെ യാത്രയുടെ കഥ എഴുതാനാ. അത് എന്റെ കാര്യം. മറ്റ് ചിലർ പടം പിടിയ്ക്കാൻ. വേറെ ചിലർക്ക് ആദ്യമായി കാണുന്നത് കാണാനുള്ള കൗതുകം. എല്ലാവർക്കും പൊതുവായുള്ളത് അവധി ദിവസങ്ങൾ സന്തോഷത്തോടെ ചിലവഴിക്കുക എന്നത് തന്നെ. അത് എല്ലാ യാത്രകളേം പോലെ ഇന്നും സാധിച്ചു. കഥ എഴുതാൻ ഞാൻ ബാക്കി. :)

ഇനി എഴുതട്ടെ എന്റെ കർമ്മം ചെയ്യട്ടെ. ഓർമ്മിക്കാൻ പറ്റുമല്ലൊ. നാളെ മറ്റുള്ളവർക്ക് പറഞ്ഞ് കൊടുക്കാനും. മുൻപത്തെ യാത്രകൾ പോലെ അത്ര രസകരം ഒന്നും ആയിരുന്നില്ല ഇന്നതെ യാത്ര. എന്നാൽ മോശവും ഇല്ലായിരുന്നു. മുന്നേ യാത്രകളൊക്കെ അധികവും തണുപ്പ് കാലത്താവും ഉണ്ടാവുക. ഇത് അതല്ല. അസ്സൽ ചൂട്. പോകുന്നത് മലർന്ന് കിടക്കുന്ന മരുഭൂമിയുടെ മാറിലേക്കും. അത് അനുഭവിച്ചു. ഉച്ച നേരത്ത് ആ ഉപ്പുപാടം കാണൽ.

അത്ഭുതം ഈ മലർന്ന് കിടക്കുന്ന മരുഭൂയിടെ ചുകന്ന മാറിനുനടുവിൽ എങ്ങനെ ഉപ്പിന്റെ വെളുപ്പ് വന്നു എന്നാണ്. വെള്ളത്തിനു നനവും. ആ വെള്ളം ചുട്ടുപൊള്ളുന്ന സൂര്യരശ്മിയിൽ തന്നെ ആണ് ഘനീഭവിപ്പിച്ച് ഉപ്പ് ആക്കി മാറ്റുന്നത്. ഉപ്പ് ജെസിബി ഉപയോഗിച്ച് കുന്നുകുന്നായി കൂട്ടുന്നു. ആ ഉപ്പ് പാടങ്ങളിനു ചുറ്റുമുള്ള മണ്ണും വെള്ളവും കലർന്ന സ്ഥലമെല്ലാം തന്നെ നമ്മൾ നടക്കുമ്പൊൾ കുഴിഞ്ഞ് കുഴിഞ്ഞ് പോകും. ഒരു ഭാഗം വറ്റിയാൽ ഉപ്പ് പാടം അടുത്ത ഭാഗത്തേയ്ക്ക് പോകും. ആ ഭാഗം വറ്റുമ്പൊഴേക്കും മുന്നത്തെ ഭാഗം നനവാർന്ന മാറിടവുമായി നമുക്ക് മരുഭൂമി ഒരുക്കി വെച്ചിട്ടുണ്ടാകും. ആ ഏരിയ തന്നെ ഉപ്പ് കിട്ടുന്നുള്ളൂ എന്നതാണ് അത്ഭുതം. മരുഭൂമിയുടെ മനുഷ്യർക്കായി സൂക്ഷിച്ച് വെച്ച അത്ഭുതങ്ങൾ. സബ്ഖസ് അല്ലെങ്കിൽ സാൾട്ട് ഫ്ലാറ്റ്സ് (sabkhas or salt flats) ഈ ഏരിയയിൽ സുലഭം ആണ്. മരുഭൂമിയുടെ മറ്റൊരു പ്രതിഭാസം.

ഇതാണ് കൃത്യമായ സ്ഥലംഗൂഗിൾ മാപ്പിൽ. https://www.google.com/maps/place/Al+Qasab+Salt+Flats/@25.2707774,45.5161428,15z/data=!3m1!4b1!4m5!3m4!1s0x3e2a497e1038e111:0xdc6ae2a8c382155d!8m2!3d25.2731471!4d45.5228404?hl=en-GB

കോർഡിനേറ്റ്സ് 25°16'14.9"N 45°30'58.1"E

ഇതെന്ന് മുതൽ അവിടുന്ന് ഉപ്പ് ഉണ്ടാക്കാൻ തുടങ്ങി കണ്ട് പിടിച്ചു എന്നൊന്നും ചരിത്രം അറിയില്ല. ആരോട് അതൊക്കെ അന്വേഷിക്കാൻ? sabkha യെ പറ്റി കൂടുതൽ അറിയാൻ ഇവിടെ വായിക്കുക http://www.southampton.ac.uk/~imw/sabkha.htm

ആ ചൂടിലെ ഋഷി കപ്ളി പതിവുപോലെ അവസരോചിതമായി ചെയ്തു. കൂട്ട് മാത്തൂരാന്മാരും. ഉച്ച ഭക്ഷണം കഴിഞ്ഞ് ഇറങ്ങിയവർക്ക് മോരും വെള്ളം അതി ഗംഭീരം തന്നെ. പണ്ടത്തെ കടന്നേങ്കാവ് താലപ്പൊലി. വല്യേ തോണി പോലെ ഉള്ള പാത്തി. നിറച്ച് സംഭാരം. ഒക്കെ ഓർമ്മ വന്നു. അന്ന് ഒഴിച്ച് കൊടുക്കകയേ വേണ്ടിയിരുന്നുള്ളൂ. ഇന്ന് അത് കഴിച്ച്, പൊള്ളുന്ന വെയിലിൽ സംഭാരം കുടിച്ചതിന്റെ കേമത്തം ഗംഭീരം എന്ന് ഉറപ്പിച്ചു. അതിനൊരു കൈ കൂപ്പ് തന്നെ വേണം പ്രത്യേകിച്ച്. മോരും വെള്ളം കൊണ്ട് നമ്മൾ എത്ര നേരം ഒന്നും കഴിക്കാതെ ജീവിച്ചു ! ഇറ്റ് ഈസ് സൂപ്പർ സംശല്യ.

ശേഷം വണ്ടി വിട്ട് മാരത്ത് എന്ന കൊച്ചുടൗൺ.. ഫുൾ ഗ്രീൻ. ക്ലീൻ. ബ്യൂട്ടിഫുൾ. അവിടത്തെ ഒരു തടാകം ആണ് ലക്ഷ്യം. അതിനു ചരിത്രപ്രസിദ്ധിയുണ്ട് എന്ന് എനിക്ക് ഇതിനു മുന്നേ പോയപ്പോകണ്ടവർ പറഞ്ഞ് തന്നിരുന്നു. അത് വെച്ച് ഗീർവാണം അടിയ്ക്കാൻ ഒന്നും ഞാൻ പോയില്ല. അതിലേറേ, ബ്യൂട്ടി ഫോട്ടോസ് ഒക്കെ എടുക്കാനുള്ളത് അവിടെ ഉണ്ട്. ആ വെള്ളം നിറഞ്ഞ തടാകം കാണാൻ ഞങ്ങൾ അതിനു ചുറ്റും അനവധി പ്രദക്ഷിണം വെച്ചു. കാണാൻ പറ്റിയില്ല. അനവധി പേരോട് ചോദിച്ചു. അവർ പറഞ്ഞു തന്നു. എന്നാലും ഞങ്ങൾക്ക് അവിടെ എത്താൻ പറ്റിയില്ല. അവസാനം ഒരുത്തൻ സ്വദേശി വന്നു. അദ്ദേഹം ഞങ്ങടെ കൂട്ടത്തിലെ ഒരുത്തനെ ഒപ്പം കൊണ്ട് പോയി കാണിച്ച് തന്നു. നോക്കുമ്പോ മെയിൻ റോഡിനോട് സമീപം. ഞങ്ങൾ അതും കണ്ടു.

മാരത്ത് ടൗണിൽ തന്നെ ഒരു കുന്നു അവിടെ ഒരു ചെറിയ പാർക്കും ഒക്കെ ഉണ്ട്. അതിനുമുകളിൽ കയറിയാൽ ചുറ്റും കാണാൻ ബഹുരസകരം ആണ്. അതിനാൽ ഞങ്ങൾ വണ്ടി ഓടിച്ച് തന്നെ കുന്നിനുമുകളിൽ കയറി ചുറ്റുപാടും നിരീക്ഷിച്ചു. ഫോട്ടോകളും എടുത്തു. മാരത്ത് ടൗൺ ചെറുതെങ്കിലും പച്ചപ്പുള്ള ഭംഗിയുള്ള ഒരു ടൗൺ ആണ്. ഇതാണു കോർഡിനേറ്റ്സ്.

പിന്നെ മടക്കം.

ശാസ്ത്രീയമായി കാര്യങ്ങൾ അറിയാൻ ഡീപ്പ് വായന വേണം. അതിനുതകുന്ന ഒരു ലിങ്ക് ഇവിടെ പങ്ക് വെയ്ക്കട്ടെ. http://pubs.usgs.gov/pp/0560d/report.pdf ചിലതെല്ലാം മനസ്സിലാകും ഇത് വായിച്ചാൽ. യാത്രയുടെ സുഖം അനുഭവിക്കൻ ഇതൊന്നും വേണ്ടാ എങ്കിലും. യാത്ര വെറും യാത്ര ആകില്ല ഒരിക്കലും. പലർക്കും പല ഇന്ററസ്റ്റുകൾ അണല്ലൊ.

തിരിച്ച് വരണ വഴി... അനവധി യാത്രകൾ വന്ന വഴി. അപ്പോഴുന്നും കരാരാഗ് നാഷണൽ പാർക്ക് ഹിഫ്ന വാട്ടർ ഫാൾ ചിത്രത്തിൽ വന്നതേ ഇല്ല. ഇതാണ് കോർഡിനേറ്റ്സ്
24o 26.95’ N, 46o 15.38’ E. ഇതും കറക്റ്റ് ആകണം. 24.4114954,46.2449466 മുസാമിയ ഇറക്കം കഴിഞ്ഞ് തിരിയ്ക്കണം. പിന്നെ നല്ലതല്ലാത്ത റോഡിലൂടെ കുറച്ച് ഉള്ളിലേക്ക്. റിയാദിൽ നിന്ന് പോകുമ്പോൾ ഇടതുവശത്താണ്. Lake Kharrarah Park and Hifna Waterfall എന്നും Karraragh Waterfall എന്നുമൊക്കെ ഇംഗ്ലീഷിൽ കാണാം. റെഡ് സാന്റ് കൊണ്ട് കുന്നുകളും മലകളും തകിടികളും പ്രകൃതി ഉണ്ടാക്കി വെച്ചിരിക്കുന്നത് കാണാൻ നല്ല ഭംഗി. അവിടെ തണുപ്പ് കാലത്ത് പോയാലേ വെള്ളമൊക്കെ കാണൂ. ഇല്ലെങ്കിൽ ഫോർ വീൽ ഡ്രൈവ് വാഹനമുണ്ടെങ്കിൽ നല്ല പോലെ രസിക്കാം.

ഞങ്ങൾ എത്തിയപ്പോഴേക്കും ഇരുട്ട് വീഴാൻ തുടങ്ങിയിരുന്നതിനാൽ അധികം കാണാൻ പറ്റിയില്ല. എന്നാലും ഒരാൾ ക്വാഡ് ബൈക്ക് (all-terrain vehicle) പത്ത് പതിനഞ്ച് മിനുട്ട് ഓടിച്ച് രസിച്ചു. അപ്പോ ഞാൻ പഴേത് ഓർത്തു, ശരത്തിനെ പറ്റി ഒക്കെ. അവൻ വീണതേ, അവനും മൈഗ്രേൻ വന്നതും. ആയതുകൊണ്ടൊക്കെ എനിക്ക് പിന്നീട് നയാ പൈസയ്ക്ക് ഓടിയ്ക്കാൻ പറ്റാത്ത സാധനവും. പതിനഞ്ചു മിനിട്ടിനു 20 റിയാൽ അത് അന്നും ഇന്നും വല്യേ വത്യാസമില്ല തന്നെ. ഇരുട്ട് വീഴാൻ തുടങ്ങിയപ്പോൾ ഞങ്ങൾ അവിടെ നിന്നും തിരിച്ചു. ഇനിയും ഒരു ദിവസം വരും ഇവിടെ എന്ന് തീരുമാനിച്ചുകൊണ്ട്.
ശേഷം യാത്രാമംഗളം പാടി പിരിഞ്ഞു.

12 ജൂൺ 2014

ഓര്‍മകളുടെ സഞ്ചാരവഴികളില്‍ - വി.ടി. വാസുദേവന്‍

http://www.madhyamam.com/weekly/1946

ഈയിടെ രാത്രിയില്‍ അറിയപ്പെടുന്ന ഒരെഴുത്തുകാരന്‍ എന്നെ വിളിച്ച് വി.ടി മരിക്കുമ്പോള്‍ വാസുദേവന് എത്ര വയസ്സായിരുന്നു എന്നു ചോദിച്ചു. നാല്‍പത് കൊല്ലം ഒരാളുടെ കൂടെ ജീവിക്കുന്നത് പരമ ബോറല്ലേ എന്നായി പിന്നത്തെ പരിഹാസം. താങ്കളുമായി സംസാരിക്കുമ്പോഴാണ് ബോറായിതോന്നുന്നത് എന്ന് തികട്ടിവന്നെങ്കിലും അച്ഛനെ മുന്‍നിര്‍ത്തി അന്യരെ അനാദരിക്കാന്‍ ആഗ്രഹിക്കാത്തതിനാല്‍ ഞാന്‍ ഫോണ്‍ താഴെവെച്ചു.
താന്‍ പുലര്‍ത്തിപ്പോരുന്ന മാനുഷികമൂല്യങ്ങള്‍ക്ക് കുടുംബാംഗങ്ങളില്‍നിന്നുതന്നെ എടത്തടിച്ചുകാണുമ്പോള്‍ പ്രസവവും തീണ്ടാരിയുമില്ലാത്ത വല്ലേടത്തേക്കും  നിഷ്ക്രമിക്കുമെന്ന് അച്ഛന്‍ ഞങ്ങളോടു പ്രതിഷേധിച്ചിട്ടുണ്ട്. ക്ഷോഭം ആറിയ ദുര്‍ഭരനിമിഷങ്ങളില്‍ പുത്രവാത്സല്യം വാരിത്തന്നിട്ടുമുണ്ട്. എന്നാല്‍, വീടിനകത്തല്ല, പുറത്ത് അച്ഛന്‍െറകൂടെ യാത്രചെയ്ത അവസരങ്ങളിലാണ് ആ വ്യക്തിത്വത്തെ കൂടുതല്‍ അടുത്തറിഞ്ഞത്. ഓര്‍മകളുടെ പിന്നാലെയുള്ള ആ യാത്രകളുടെ മാധുര്യം ജീവിതബാക്കിയിലും നുണയുകയാണ് ഞാന്‍.
അമ്പലത്തിലേക്കും അമ്മാത്തേക്കും തിരിച്ച് ഇല്ലത്തേക്കും മാത്രം യാത്ര ചെയ്തിരുന്ന ഇട്ട്യാസുനമ്പൂതിരിമാരുടെകാലത്ത് കോരപ്പുഴ കടന്നും കുലക്രമം ലംഘിച്ചും തനിക്കുവേണ്ടിയല്ലാത്ത ഒട്ടേറെ സഞ്ചാരവഴികളിലലഞ്ഞ ജീവിതമായിരുന്നുവല്ലോ അച്ഛന്‍േറത്. പതിനെട്ടാം വയസ്സില്‍ അരച്ചക്രം മടിയില്‍തിരുകി ഭൂമിമലയാളം തൃപ്പൂണിത്തുറയും കടന്ന് മുറജപയാത്ര ചെയ്തു. ഭാരതപ്പുഴയുടെ തീരത്തുള്ള ഒരു ശാസ്താംകാവിലെ കൊല്ലത്തില്‍ 365 പറ നെല്ലും മാസാമാസം വേറെ പണവുമുള്ള ശാന്തിവൃത്തിയുപേക്ഷിച്ച് ചുറ്റിയ മുണ്ടിന് ഇണപോലുമില്ലാതെ ആരുമറിയാതെ മുങ്ങുകയായിരുന്നു വെള്ളിത്തിരുത്തിത്താഴത്ത് തുപ്പന്‍ രാമന്‍ ഭട്ടതിരിപ്പാട്. പിന്നെ പൊങ്ങിയത് തിരുവനന്തപുരത്ത് ശ്രീ പത്മനാഭദാസസന്നിധിയിലും. പഠിക്കാനുള്ള മോഹവും ഇനി കല്ലുമോറി കാലംകഴിക്കുക എന്ന ഗതികേടിലേക്ക് മടങ്ങില്ലെന്ന നിശ്ചയവുമാണ് അച്ഛനെ തിരുവനന്തപുരത്തെത്തിച്ചത്.
തിരുവനന്തപുരം പട്ടണം അച്ഛന് അപരിചിതമായിരുന്നില്ല. മുതിര്‍ന്നവരുടെ നേതൃത്വത്തില്‍ മുമ്പും പട്ടത്താനത്തിനു വന്നിട്ടുണ്ട്. ചട്ടമ്പിക്കവലകളില്‍ ചുറ്റിക്കറങ്ങിയിട്ടുണ്ട്. എന്നാല്‍, അറിവിലും സ്വാശ്രയത്തിലും മറ്റ് പൗരന്മാരെക്കാള്‍ എത്രയോ താഴെയാണെന്ന് സ്വയം തിരിച്ചറിഞ്ഞത് ഒരു മാസത്തോളം നീണ്ട മുറജപവാസക്കാലത്താണ്. ബ്രാഹ്മണവൃത്തിയല്ലാതെ മറ്റൊന്നും താന്‍ ശീലിച്ചിട്ടില്ല എന്നും.
രാജാവ് എഴുന്നള്ളുമ്പോള്‍ മാത്രം ചമ്രംപടിഞ്ഞിരുന്ന് വേദമുരുവിടും. മറ്റു സമയങ്ങളിലെല്ലാം വൈദികമൊഴിച്ചുള്ള ആസക്തികളില്‍ മുഴുകും. മുറജപത്തിനെത്തുന്ന സമുദായത്തിന്‍െറ ഈ സാംസ്കാരിക ശൂന്യത നേരില്‍കണ്ടു. പൊതുഖജനാവില്‍നിന്നുള്ള ഈ ദാനോത്സവംകൊണ്ട് രാജ്യത്തിനോ പ്രജകള്‍ക്കോ എന്തെങ്കിലും നന്മയോ മേന്മയോ ഉണ്ടായില്ലെന്നും ബോധ്യപ്പെട്ടു. സമുദായപരിഷ്കാരത്തിന്‍െറ ചാലിലിറങ്ങാന്‍ പ്രേരിപ്പിച്ച ഈ ചരിത്രപരിസരം ഒന്നുകൂടി കാണാന്‍ പതിറ്റാണ്ടുകള്‍ക്കുശേഷം അച്ഛനാഗ്രഹിച്ചെങ്കിലും എഴുപതുകളില്‍ നെയ്യാറില്‍ നടന്ന ഒരു സാഹിത്യക്യാമ്പില്‍ (ഗാന്ധിസ്മാരകനിധി) പങ്കെടുത്ത് മടങ്ങുമ്പോഴാണ് സാധിച്ചതെന്നുമാത്രം.
കോട്ടക്കകത്ത് ഞങ്ങള്‍ ചുറ്റിയടിച്ചു. ക്ഷേത്രത്തിന്‍െറ പടിഞ്ഞാറുള്ള മിത്രാനന്ദപുരം മഠം കണ്ടെത്തി. തിരുനാവായോഗക്കാരായ ബ്രാഹ്മണരുടെ ആസ്ഥാനമാണത്. കിടപ്പ് ഈ ബ്രഹ്മസ്വാമഠത്തില്‍. തേച്ചുകുളി തെക്കെ കോട്ടക്കടുത്തുള്ള സമചതുരന്‍ ശ്രീവരാഹം കുളത്തില്‍. ഭക്ഷണം ശീവേലിപ്പുരയിലും.
ഉണ്ണാനിരുന്നപ്പോഴുണ്ടായ ഒരു തീവ്രാനുഭവത്തിന്‍െറ ഓര്‍മ അയവിറത്തു. കാലത്ത് ലഘുഭക്ഷണം തരപ്പെടായ്കയാല്‍ കലശലായി വിശന്ന ഒരു ദിവസം. ഇലയില്‍ ചോറും കറിയും നിരന്നപ്പോള്‍ ആര്‍ത്തിയോടെ രണ്ടുരുള അകത്താക്കി. അപ്പോഴാണ് കല്‍ത്തൂണുകളില്‍കയറി കലപലകൂട്ടുന്ന കാക്കക്കൂട്ടത്തിലൊന്നിന്‍െറ പുരീഷം ഇലയിലെ ചോറിന്‍കൂമ്പാരത്തില്‍ വീണത്. തുടര്‍ന്ന് ഉണ്ണാന്‍ സാധിക്കാത്ത പാരവശ്യം, അറപ്പ്, ദേഷ്യം, വ്യസനം എന്നീ വികാരങ്ങളോടെ എഴുന്നേറ്റു. ഭക്ഷണസമൃദ്ധിയിലും പട്ടിണിയുടെ വേദന അനുഭവിക്കേണ്ടിവന്നു.
ചോറ്റുകച്ചവടം നടത്തുന്ന ബ്രാഹ്മണഗൃഹങ്ങള്‍ തെക്കെ തെരുവിലുണ്ടായിരുന്നു. പടച്ചോറിന് ഒരു ചക്രം. തൈര്, മുളകുവറുത്തത്, കൊണ്ടാട്ടന്‍ എന്നീ വിഭവങ്ങള്‍കൂടിയായാല്‍ രണ്ടു ചക്രം. പക്ഷേ, കൈയില്‍ കാശില്ലാത്ത അവസ്ഥ.
കോട്ടക്കകത്ത് ബ്രാഹ്മണകുട്ടികള്‍ക്കുമാത്രം പ്രവേശനമുള്ള നേറ്റീവ് സ്കൂള്‍ പരിസരവും ഞങ്ങള്‍ കണ്ടു. അവിടെ ചേര്‍ന്നു പഠിക്കാനുള്ള അച്ഛന്‍െറ ആഗ്രഹം സാധിച്ചില്ല. മുരിങ്ങത്തേരി വെങ്കടേശ്വരയ്യരുടെയടുത്ത് തെല്ലിട ട്യൂഷനുപോയ മള്ളിയൂര്‍ റോഡിലെ സ്ഥലം, പടിഞ്ഞാറെ കോട്ടവാതിലിനുസമീപം അന്ന് വായനശാലാ പ്രവര്‍ത്തകനായികൂടിയ ഇടം, മഹാരാജാവ് ഇന്നും സമയം തെറ്റാതെ തുടര്‍ന്നുവരുന്ന ക്ഷേത്രദര്‍ശനവരവ്- എല്ലാം കാട്ടിത്തന്നു. പത്മതീര്‍ഥക്കരയിലെ മത്തേന്‍മണിയൊഴികെ ക്ഷേത്രപരിസരത്തിന് കാലത്തിന്‍െറ ഭാവപ്പകര്‍ച്ച സംഭവിച്ചതായി അച്ഛന്‍ ഓര്‍മിച്ചു.
പൂണൂലിട്ടവര്‍ക്കെല്ലാം പൊതുഖജനാവില്‍നിന്ന് നാലു ചക്രം വീതം ദിവസംപ്രതി ദാനം കിട്ടും. ഈ മുറജപപ്രതിഫലം വാങ്ങാന്‍ രണ്ടുദിവസം നടന്നിട്ടും കണക്കപ്പിള്ള ഓരോ ഒഴിവ് പറഞ്ഞ് വട്ടം തിരിച്ചു. അയാള്‍ക്ക് രണ്ടുചക്രം കൈക്കൂലി കിട്ടണം. ഒടുവില്‍, അതു കൊടുത്തപ്പോള്‍ കാര്യം നടന്നു. ജീവിതത്തില്‍ ആദ്യമായും അവസാനമായും കൊടുത്ത കൈക്കൂലിയാണതെന്ന് അച്ഛന്‍ പറഞ്ഞു. അഴിമതിയുടെ ഈ പിന്തുടര്‍ച്ച ജനായത്ത ഭരണത്തിലും വമ്പിച്ചതോതില്‍ വളര്‍ന്നുവെന്ന് പരിഭവിക്കുകയും ചെയ്തു. സ്റ്റാച്യു ജങ്ഷനില്‍നിന്ന് സെക്രട്ടേറിയറ്റിനെ ചൂണ്ടി അച്ഛന്‍ ഞങ്ങളോട് ചോദിച്ചു: ‘‘പണമോ ശിപാര്‍ശയോ ഇല്ലാതെ അവിടെ കാര്യങ്ങള്‍ നീങ്ങുമോ?’’
താന്‍ ശാന്തി കുളിച്ച ശുചീന്ദ്രം ക്ഷേത്രം കാണാനായി പിന്നത്തെ താല്‍പര്യം. ശുചീന്ദ്രത്ത് ഇടക്കാലത്ത് ശാന്തി ചെയ്തിരുന്ന മുത്തപ്ഫന്‍ (അച്ഛന്‍െറ പിതൃസഹോദരന്‍) മുട്ടുശാന്തി വേണ്ടിവരുമ്പോള്‍ സഹായമാവുമല്ലോ എന്നുകരുതി രാമനെ ശുചീന്ദ്രത്ത് കൊണ്ടുപോയി ശാന്തി കുളിപ്പിച്ചിരുന്നു. ക്ഷേത്രത്തിന്‍െറ അകത്തുള്ളത് പുറത്തോ പുറത്തുള്ളത് അകത്തോ പറയരുതെന്നാണത്രെ ശാന്തികുളികൊണ്ട് ഉദ്ദേശിക്കുന്നത്.
സത്യാസത്യവിവേചനത്തിന് കൈമുക്കലും ശുചീന്ദ്രം ക്ഷേത്ര നടപടിയായിരുന്നു. തിളച്ചുമറിയുന്ന നെയ്യില്‍നിന്ന് ഒരു സാധനം (ചെറിയ ഗണപതിവിഗ്രഹമാവാം) കൈക്കൊള്ളുന്നതിലൂടെയാണ് കള്ളന്മാര്‍ പരീക്ഷിക്കപ്പെടുന്നത്. എടുത്ത മാത്രയില്‍ കൈ ഭദ്രമായി കെട്ടും. മൂന്നാംദിവസമേ അഴിക്കുകയുള്ളൂ. സത്യമുണ്ടെങ്കില്‍ കൈക്ക് ലേശംപോലും പൊള്ളലേല്‍ക്കില്ല എന്നാണ് വിശ്വാസം. പൊലീസ്സ്റ്റേഷനിലും ക്ഷേത്രത്തിലും മാത്രമല്ല വീടുകളിലും ഇനി നുണപരിശോധനാ യന്ത്രങ്ങള്‍ സ്ഥാപിക്കേണ്ടിവരുമെന്ന് അന്നുതന്നെ അച്ഛന്‍ നസ്യം പറഞ്ഞിരുന്നു.
സത്യാസത്യങ്ങളെ ആര്‍ക്ക് തിരിച്ചറിയാം? ക്ഷേത്രഭാരവാഹിയും വൈദ്യനുമായ വട്ടപ്പള്ളി മൂസ് അന്ന് ഒരു ശ്ളോകം ചൊല്ലിക്കേള്‍പ്പിച്ചു:
‘‘ആദിത്യ ചന്ദ്രാവനിലാനലൌച
ദ്യോര്‍ഭൂമിരാപോ ഹൃദയം യമശ്ച
അഹശ്ച രാത്രിശ്ച ഉഭേചസന്ധ്യേ
ധര്‍മശ്ച ജാനാതി നരസ്യവൃത്തം.’’
ആദിത്യന്‍, ചന്ദ്രന്‍, വായു, അഗ്നി, ആകാശം, ഭൂമി, ജലം, ഹൃദയം, യമന്‍, പകല്‍, രാത്രി, രണ്ടു സന്ധ്യ, ധര്‍മം- ഈ ലോകസാക്ഷികളില്‍ കവിഞ്ഞ് മനുഷ്യരുടെ ശുഭാശുഭങ്ങള്‍ അറിയാനാരുണ്ട്? ഈ ശ്ളോകത്തിന്‍െറ അര്‍ഥതലങ്ങളെയാണ് അന്ന് സന്ധ്യക്ക് അച്ഛന്‍ വിവരിച്ചത്. ‘‘മാകുരു ധനജനയൗവന ഗര്‍വം എന്നു കേട്ടിട്ടില്ലേ? അത് പാലിച്ചാല്‍ സത്യാനുഷ്ഠാനം എളുപ്പമാവും.’’ മേലേ അനന്തമഹിമാവേന്തുമാകാശവും താഴെ ഇളകിമറിയുന്ന ജലരാശിയും കൂടെയുണ്ടായിരുന്ന അധ്യാപകസുഹൃത്തും ആ വാക്കുകള്‍ക്ക് സാക്ഷി.
പിന്നീടൊരവസരത്തില്‍ തിരുവനന്തപുരത്തുതന്നെ നടന്ന സമസ്ത കേരള സാഹിത്യ പരിഷത്ത് വാര്‍ഷികം. ഒരു സമ്മേളനത്തില്‍ പ്രസംഗിക്കാന്‍ അച്ഛനെയും ക്ഷണിച്ചു. ഉച്ചക്ക് മൂന്നുമണിക്കാണ് യോഗം. ഇന്നത്തെപ്പോലെ തെക്ക്-വടക്ക് തീവണ്ടിസര്‍വിസുകള്‍ അന്ന് സുലഭമല്ല. രാത്രി തൃശൂരില്‍നിന്ന് പുറപ്പെടുന്ന തിരുവനന്തപുരം ട്രാന്‍സ്പോര്‍ട്ട് ബസില്‍ കയറിപ്പറ്റാനേ കഴിഞ്ഞുള്ളൂ. പിന്നില്‍ പത്രക്കെട്ടുകള്‍ക്കിടയിലാണ് ഇരിപ്പിടം കിട്ടിയത്. പുലര്‍ച്ചക്ക് ആലപ്പുഴയില്‍ പ്രഭാതകൃത്യങ്ങള്‍ക്ക് പത്തു മിനിറ്റ് നിര്‍ത്തി. തട്ടുകടയില്‍നിന്ന് പ്രാതല്‍, പൊതുടാപ്പില്‍നിന്ന് വെള്ളമെടുത്ത് ശൗചം- ഇങ്ങനെ ക്ളേശകരമായ യാത്രക്കുശേഷം വിശ്രമംപോലുമില്ലാതെ പരിഷത്ത്വേദിയിലെ പ്രസംഗപീഠത്തില്‍. പത്രപ്രവര്‍ത്തകസമ്മേളനത്തിലെ അധ്യക്ഷതയാണ് അച്ഛന്‍ ചെയ്യേണ്ടത്. പത്രം എല്ലാവര്‍ക്കും വേണം, പത്രധര്‍മം ആര്‍ക്കുംവേണ്ട എന്ന പത്രമുതലാളിത്തത്തിന്‍െറ നേര്‍ക്കുള്ള അച്ഛന്‍െറ വിമര്‍ശം അന്ന് ഒച്ചപ്പാടുണ്ടാക്കി. എന്നാല്‍, യാത്രാക്ളേശമോ യാത്രാ പ്രതിഫലമോ അല്ല വിചാരിച്ച കാര്യങ്ങള്‍ മുഴുവന്‍ പറയാന്‍ കഴിഞ്ഞുവോ എന്ന ഉത്കണ്ഠ മാത്രമേ മടങ്ങുമ്പോള്‍ അച്ഛന്‍െറ മനസ്സിലുണ്ടായിരുന്നുള്ളൂ.
വടകരക്കടുത്തുള്ള ഒരു കലാസമിതി വാര്‍ഷികത്തിനെത്തിയത് അല്‍പം നേരത്തേയായി. സ്റ്റേജിന്‍െറ നിര്‍മാണംപോലും മുഴുമിക്കുന്നതേയുള്ളൂ. അച്ഛനെ തിരിച്ചറിയാവുന്നവര്‍ ഇല്ല. മൈതാനത്തിനടുത്തുള്ള ചായക്കടയിലെ ബെഞ്ചില്‍ കയറിയിരുന്നു. നാട്ടിന്‍പുറത്തെ കലാപ്രവര്‍ത്തകരുടെ പരാധീനതകളില്‍ ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് അച്ഛന്‍ എന്നെ സാന്ത്വനിപ്പിക്കുകയായിരുന്നു. അപ്പോഴേക്കും അച്ഛന്‍ കണ്ടുപിടിക്കപ്പെട്ടു. നിറഞ്ഞ സദസ്സില്‍ അന്ന് ചെയ്ത പ്രസംഗവും ഉള്ളില്‍തട്ടുന്നതായിരുന്നു. പ്രസംഗം കഴിഞ്ഞ് താഴത്തിറങ്ങിയാല്‍ ചൂടുപിടിച്ച തല തലോടി പതിവുസ്വകാര്യമുണ്ട്: ‘‘പ്രസംഗത്തില്‍ അബദ്ധമൊന്നും പറഞ്ഞില്ലല്ലോ?’’ ആ ചോദ്യനിഷ്കപടതക്ക് ഒരു ബഹുമതിപോലെ ഞാന്‍ കാത്തിരിക്കാറുണ്ട് എന്നതാണ് വാസ്തവം.
അച്ഛന്‍െറ നര്‍മസംഭാഷണത്തിലും ബാല്യസ്മൃതിയിലും അലിഞ്ഞ മറ്റൊരു പകലും എന്‍െറ ഓര്‍മസ്വത്താണ്. നോക്കിയാല്‍ കണ്ണെത്താത്ത കുന്നിന്‍പുറങ്ങളിലൂടെ താഴെ തൂതപ്പുഴയുടെ മര്‍മരവും കേട്ട് അച്ഛന്‍െറ കൂടെ ഒരു കാല്‍നട. മുതുകുറുശ്ശി കുഞ്ചുണ്ണി നമ്പൂതിരിപ്പാട് ശിഷ്യനെ ഓത്തുചൊല്ലിക്കാന്‍ പണ്ട് കൊണ്ടുപോയ ചിത്രം പിന്നീട് അച്ഛന്‍ എഴുതിയിട്ടുണ്ട്. വിശ്വാമിത്രന്‍ രാമലക്ഷ്മണന്മാര്‍ക്ക് വനാന്തരത്തില്‍ മാര്‍ഗദര്‍ശനം ചെയ്തതുപോലെ എന്നാണ് അന്നത്തെ യാത്രയെ അച്ഛന്‍ വിശേഷിപ്പിച്ചത്. ആ സ്മരണ അറുപത് കൊല്ലത്തിനുശേഷം ആവര്‍ത്തിച്ചപ്പോള്‍ അകമ്പടിക്കാരന്‍ മകനായി എന്നുമാത്രം.
കുടുംബപുരോഹിതന്‍ വടക്കേടത്തിന്‍െറ കീഴില്‍ അതിബാല്യത്തില്‍തന്നെ അക്ഷരവും അര്‍ഥവുമറിയാതെ മൂന്നുകൊല്ലം പടിഞ്ഞിരുന്ന് വേദം പയറ്റി. വീണ്ടും വേദാഭ്യാസത്തിന് ഒമ്പതുവയസ്സുള്ള അച്ഛനെ പെരിന്തല്‍മണ്ണ പാതാക്കരമനയില്‍ കൊണ്ടുചെന്നാക്കി. പഴമയും പുതുമയും മേളിച്ച പാതാക്കരയില്‍ മേലേടത്തിന്‍െറ കീഴില്‍ പിന്നെയും രണ്ടുകൊല്ലത്തോളം വേദാധ്യയനം. മേലേടത്തിന് വയ്യാതായപ്പോള്‍ മുതുകുറുശ്ശി കുഞ്ചുണ്ണി നമ്പൂതിരിപ്പാടായി ഗുരു. പുതിയ ഗുരുനാഥന്‍ ശിഷ്യനെ മുതുകുറുശ്ശി മനയിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. മറഞ്ഞുപോയ ആ വിദൂര കൗമാരാനുഭവത്തെ പുന$സ്മരിക്കാന്‍ വീണ്ടുമൊരു യാത്ര.
അച്ഛനെ വാഹനത്തില്‍ മുതുകുറുശ്ശിയിലെത്തിക്കാന്‍ പാതാക്കര നമ്പൂതിരിപ്പാട് തയാറായിരുന്നു. ‘‘കാറിലല്ല, നടന്നുതന്നെ എനിക്ക് എല്ലാം ഓര്‍മിക്കണം’’ എന്നുപറഞ്ഞ് കാല്‍മുട്ടിന്‍െറ വേദന കൂട്ടാക്കാതെ അഞ്ചു നാഴികയിലധികം നടക്കാന്‍ അച്ഛന്‍ സോത്സാഹം സന്നദ്ധനായി. പിറ്റേന്ന് മുതുകുറുശ്ശിയിലെ ഉണ്ണിനമ്പൂതിരിമാരുടെ ഉത്സാഹത്തില്‍ നടത്തുന്ന കലാസമിതി വാര്‍ഷികത്തിലും പങ്കെടുക്കേണ്ടതുണ്ട്. നടത്തത്തിന് ഊന്നുവടിയായി ഉപയോഗിക്കാവുന്ന നീളന്‍ ശീലക്കുട അച്ഛന്‍െറ കൈയില്‍. തലയും ചെവിയും മൂടി തോര്‍ത്തുമുണ്ടുകൊണ്ടുള്ള മുറുക്കിക്കെട്ടും. അച്ഛന്‍െറ തോല്‍ബാഗ് എന്‍െറ തോളത്തും.
കിഴക്കോട്ട് നോക്കിയാല്‍ നീലിച്ച പശ്ചിമപര്‍വതനിര. പടിഞ്ഞാറ് വെള്ളിനൂലുപോലെ കടല്‍. മേട്ടിന്‍പുറങ്ങളിലൂടെയുള്ള ഈ നടത്തം എന്‍െറ ആദ്യാനുഭവമായിരുന്നു. തലയുയര്‍ത്തിയ പാറക്കൂട്ടനിരകള്‍, അവക്കിടയില്‍ പടുമരങ്ങള്‍, ചിലേടത്ത് നെല്‍പാടങ്ങളായി പച്ചച്ച പള്ളിയാന്‍ നിലങ്ങള്‍, പാറയില്‍ തട്ടിയൊഴുകുന്ന നീരൊലി മര്‍മരം താഴെയും. പല പറമ്പുകളും വളച്ചുകെട്ടിയപ്പോള്‍ പഴയ ഒറ്റയടിപ്പാതപോലും വളഞ്ഞുപുളഞ്ഞ് വികൃതമായെന്ന് അച്ഛന് പരാതി.
അകലെ കുന്നിന്‍ചരിവില്‍ കാണപ്പെട്ട വഴി ചൂണ്ടിക്കാണിച്ചു: ‘‘അത് മലപ്പുറത്തേക്ക് പോകുന്ന നിരത്താണ്.’’ കുട മറ്റൊരിടത്തേക്ക് ചൂണ്ടി: ‘‘കൊളത്തൂര്‍ കുന്നാണത്. വള്ളി ഇഴഞ്ഞുകിടക്കുന്നതുപോലുള്ള ആ വഴി പുലാമന്തോള്‍നിന്ന് കൊളത്തൂര്‍ക്ക് പോകുന്ന പുതിയ റോഡാണ്. കാളവണ്ടികളല്ല, മോട്ടോര്‍വാഹനങ്ങളാണ് ഇപ്പോള്‍ എന്നുമാത്രം.’’
കെട്ടിടങ്ങള്‍ നിറഞ്ഞുകാണുന്ന ഭാഗം അങ്ങാടിപ്പുറമാണെന്നും അവക്കിടയില്‍ തിളങ്ങുന്നത് തിരുമാന്ധാംകുന്നമ്പലത്തിലെ താഴികക്കുടമാണെന്നും വിവരിച്ചു. ദേവന്മാരുടെ തട്ടകമാണെന്നാണ് അവിടത്തുകാരുടെ വിശ്വാസം. പൂരം പുറപ്പാട് കഴിഞ്ഞാല്‍ അന്യദേശങ്ങളിലേക്ക് പോവുകയോ കുളിച്ചുതൊഴാതെ വീട്ടിലിരിക്കുകയോ തട്ടകത്തില്‍ പതിവില്ലെന്ന് പാതാക്കര താമസിക്കുമ്പോള്‍ കേട്ട കഥകളും പറഞ്ഞു.
യാത്ര ഒരു വളവിലെത്തിയപ്പോള്‍ പുഴയിലിറങ്ങി കാലും മുഖവും കഴുകി തെല്ലിട വിശ്രമിച്ചു. പുഴയുടെ തീരത്തെ വാഴക്കൂട്ടങ്ങളും കൃഷിനിലങ്ങളും കണ്ടപ്പോള്‍ മാവിണ്ടിരിക്കടവിലും മുതുകുറുശ്ശിമനയിലും എത്താറായെന്ന് അറിയിച്ചു. ഇന്ന് ആ കടവുതന്നെയില്ല. പാലവും പുതിയ റോഡുകളും കെട്ടിടങ്ങളും വാഹനങ്ങളും കൈയേറിയപ്പോള്‍ സസ്യനിബിഡയതയാര്‍ന്ന ആ ഭൂപ്രകൃതി വഴിമാറിക്കൊടുത്തു എന്ന് ഈയിടെ മുതുകുറുശ്ശിമന വീണ്ടും സന്ദര്‍ശിച്ചപ്പോള്‍ എനിക്കുതോന്നി. ആ നദീതീരത്തിന്‍െറ ഭംഗിയും ഗ്രാമീണതയും മാറ്റിമറിക്കപ്പെട്ടു.
(കോപ്പീറൈറ്റ് ലംഘനം ഒന്നും ഇതുകൊണ്ട് ഉദ്ദേശിച്ചിട്ടില്യാ. അങ്ങനെ ചൂണ്ടിക്കാണിച്ചാല്‍ ഡിലീറ്റ് ചെയ്യാം)

ശൂർപ്പണഖയുടെ മൂക്കും ചെവിയും മുലയും മുറിക്കൽ

ആദ്യമേ പറയട്ടെ, ഞാൻ ഉദ്ധരിയ്ക്കുന്നതെല്ലാം ഇന്റെർനെറ്റിൽ ലഭ്യമായ സ്രോതസ്സുകൾ ആണ്. അതിനാൽ ലിങ്ക് ഉണ്ട്. ശൂർപ്പണഖയുടെ അംഗവിഛേദം കഥകളിയിലും കൂട...