പാലൂരിന്റെ കവിതകൾ ഒന്നും ഞാൻ വായിച്ചിട്ടില്ല. ഈ ആത്മകഥയല്ലാതെ അദ്ദേഹത്തിന്റെ മറ്റൊരു കൃതി വായിച്ച ഓർമ്മയും ഇല്ല. അതെന്തായാലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലങ്ങളിൽ ജനിച്ച് വളർന്ന ഒരു നമ്പൂതിരി സമുദായാംഗത്തിന്റെ വേദനകളും സുഖങ്ങളും എനിക്കിതിൽ വായിച്ചറിയാൻ കഴിഞ്ഞു. അതെനിക്ക് പരിചിതമാണല്ലൊ. എന്നാൽ അത് മാത്രമല്ല. പാലൂർ എന്ന മാധവൻ, അച്ഛനമ്മമാർക്ക് ഒമ്പതാമത്തെ കുട്ടിയായിട്ടാണ് ജനിക്കുന്നത്. ജനിക്കുന്നതിനു മുന്നേ തന്നെ അച്ഛനു ബുദ്ധിഭ്രമം തുടങ്ങി. ഒരനിയത്തി ബാല്യത്തിലേ മരിച്ചു. അത് മുതലാണ് പാലൂർ തന്റെ കഥ തുടങ്ങുന്നത് തന്നെ. ജന്മിത്തവ്യവസ്ഥിതിയുടെ അവസാന കാലഘട്ടം. ജന്മിയായിരിക്കാനല്ലാതെ മറ്റൊരു തൊഴിലും അറിയാത്ത സമുദായം. എന്നാലും ഉപനയനം സമാവർത്തനം ഓത്ത് ചൊല്ലൽ എന്നിവയൊക്കെ ഉണ്ടായി പാലൂരിനും.
പിന്നീട് ജീവിക്കാനുള്ള, സ്വന്തം കാലിൽ നിൽക്കാനുള്ള അദ്ധ്വാനം ആണ് ജീവിതകഥയിൽ ആദ്യഭാഗം എന്ന് പറയാം. ഔപചാരിക വിദ്യഭ്യാസം ഒന്നും കിട്ടിയിട്ടില്ല. അതിനായി സമുദായം പറഞ്ഞ തൊഴിൽ അല്ലാതെ മറ്റ് പലതും പഠിച്ചു. കഥകളിയാണ് ഒന്ന് അദ്ദേഹം പഠിച്ചത്. അത് കഥകളി ഇന്നു കാണുന്ന രീതിയിലേക്ക് ആക്കിമാറ്റുന്നതിൽ പ്രധാന പങ്കുവഹിച്ച ഗുരു സാക്ഷാൽ പട്ടിക്കാംതൊടി രാവുണ്ണി മേനോന്റെ അവസാന കാലശിഷ്യനായി! അന്നത്തെ കഥകളി അഭ്യസനം മഹാദുഷ്കരം ആയിരുന്നു. പട്ടിക്കാംതൊടി പല പ്രത്യേകസ്വഭാവവിശേഷങ്ങളും ഉള്ള മഹാഗുരുവും. അദ്ദേഹത്തിന്റെ അടുത്ത് കഥകളി അഭ്യസിക്കുന്ന കാലത്തെ പറ്റി പാലൂർ വികാരപരമായി തന്നെ ഓർക്കുന്നുണ്ട്. അവസാനം പട്ടിക്കാംതൊടി അന്തരിച്ചശേഷം ഇനി എന്തുവേണ്ടൂ എന്നറിയാതെ മുംബായിലേക്ക് വണ്ടി കയറിയതിനു ശേഷമുള്ള ഭാഗങ്ങൾ അത്രതന്നെ വികാരപരമായി തോന്നിയില്ല.
പട്ടിക്കാംതൊടിയുടെ അവസാന നാളിൽ എങ്ങിനേയോ അദ്ദേഹത്തിന്റെ വീട്ടിലെത്തി അദ്ദേഹത്തിനു ഗംഗാജലം നൽകലും അടുത്തിരുന്ന് വിഷ്ണുസഹസ്രനാമം ചൊല്ലലും എല്ലാം പാലൂർ വൈകാരികമായി തന്നെ വർണ്ണിച്ചിരിക്കുന്നു. ഈ സംഭവം ഞാൻ ആദ്യം വായിക്കുന്നത്, പട്ടിക്കാം തൊടിയുടെ ജീവിചരിത്രത്തിലാണ്. (നാട്യാചാര്യന്റെ ജീവിതമുദ്രകൾ; കലാമണ്ഡലം പദ്മനാഭൻ നായരും ഞായത്ത് ബാലനും കൂടി എഴുതിയത്)
മറ്റൊന്ന് എനിക്ക് തോന്നിയത്, അദ്ദേഹത്തിന്റെ മഹാഭാരതം വായന ആണ്. സാധാരണ കുടുംബങ്ങളിൽ മഹാഭാരതം വായിക്കാറില്ല എന്നാണ് പറയുക. അദ്ദേഹം മഹാഭാരതം പത്തൊൻപത് തവണവായിച്ചു എന്നത് അത്ഭുതപ്പെടുത്തി!
ഇതൊക്കെ എങ്കിലും അദ്ദേഹം, തന്റെ കവിത വന്ന വഴികളെ പറ്റി അധികം പറഞ്ഞിട്ടില്ല എന്നതു എന്നെ നിരാശപ്പെടുത്തി. ഞാനദ്ദേഹത്തിന്റെ കവിത വായിച്ചിട്ടില്ലെങ്കിലും; അവ വന്ന വഴി അറിയാൻ കവിത വായിക്കണമെന്നില്ലല്ലൊ എന്ന പക്ഷം ആണ് ഞാൻ. ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള സമരം തന്നെ ആണ് പാലൂരിനു ജീവിതം എന്നത് എന്ന് അവതാരിക എഴുതിയ പി. എം നാരായണൻ പറയുന്നു. ആ സമരത്തിന്റെ കഥ ആകട്ടെ കഥയില്ലാത്തവന്റെ കഥ എന്ന് പാലൂരും!
പലരും എഴുതുന്നു ജീവിതപ്പാത (ചെറുകാടിന്റെ ആത്മകഥ) പോലെ മലയാളത്തിൽ മറ്റൊന്നാണ് പാലൂരിന്റെ കഥയില്ലാത്തവന്റെ കഥ എന്ന്. എനിക്ക് ആ അഭിപ്രായം ഒട്ടും ഇല്ലതന്നെ. ഒന്നും മറ്റൊന്ന് പോലെ അല്ല.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ