07 മാർച്ച് 2017

സുന്ദരീസ്വയംവരം

സുന്ദരീസ്വയംവരം നോട്ട്സ് മഹാഭാരതം ഒരു ജീവിയ്ക്കുന്ന ഇതിഹാസം ആണെന്ന് സുനിൽ പി ഇളയിടത്തിന്റെ പ്രഭാഷണപരമ്പരയിൽ കേട്ടപ്പോൾ നാട്ടറിവുകളും നാടൻ പാട്ടുകളും അധികം അറിയാത്ത എനിക്ക് ഈ പറഞ്ഞതിൽ വലിയ കാര്യമുണ്ടെന്നൊന്നും തോന്നിയില്ല. ഇനിയും സംഭവിയ്ക്കും എന്ന് പറഞ്ഞതിന്റെ പൊരുൾ എനിക്ക് മനസ്സിലാക്കിത്തരാനെന്നവണ്ണം ഞാൻ ഇപ്പോൾ ഒരു ആട്ടക്കഥ വായിച്ചു. കഥകളി ഡോട്ട് ഇൻഫോയുടെ ഡവലപ്മെന്റ് കാരണം കൊണ്ട് അങ്ങനെ പലതും പഠിക്കാം എന്നൊരു ഗുണവും ഉണ്ട്. മലബാറുകാരനായ ഒരു സുബ്രഹ്മണ്യൻ പോറ്റി പതിനെട്ടാം നൂറ്റാണ്ടിൽ ടിപ്പുവിന്റെ പടയോട്ടക്കാലത്ത് മലബാറുവിട്ട് തിരുവിതാംകൂറിലെ മാവേലിക്കരയ്ക്ക് അടുത്ത് ചെന്നിത്തലയിൽ ചെന്ന് പാർക്കാൻ ആരംഭിച്ചുവത്രെ. അദ്ദേഹം കുന്നത്ത് സുബ്രഹ്മണ്യൻ പോറ്റി എന്ന് അറിയപ്പെട്ടു. നാട്യകലയിലും വാദ്യവാദനത്തിലും വിദഗ്ദ്ധനായിരുന്ന അദ്ദേഹം സ്വാതി തിരുനാളിന്റെ പ്രീതിഭാജനമായിരുന്നു. അദ്ദേഹം 'സുന്ദരീസ്വയംവരം' എന്ന പേരിൽ ഒരു ആട്ടക്കഥ രചിച്ചിട്ടുണ്ട്. ഈ കഥ വള്ളുവനാട്ടുകാരനായ ഞാൻ അരങ്ങത്ത് കണ്ടിട്ടില്ല. എന്നാൽ തിരുവല്ല അമ്പലത്തിൽ ധാരാളം കളിയ്ക്കാറുണ്ടത്രെ. ഈ ആട്ടക്കഥ വായിച്ച ഞാൻ ഇതിന്റെ മൂലം എന്താ എന്ന് എന്നെക്കൊണ്ടാവുന്നവിധത്തിൽ ഇന്റെർനെറ്റിൽ പരതി. എവിടേയും സുന്ദരി എന്ന പേരിൽ ഒരു മകൾ ശ്രീക്ഷ്ണനുള്ളതായി പറഞ്ഞ് കണ്ടില്ല. ഒരു ഇന്റോനേഷ്യൻ മഹാഭാരതനാട്ടുപാട്ടിൽ ഉണ്ട് എന്നും ഇവിടെ വായിച്ചു. അവിടെ കൃഷ്ണന്റെ മകൾ ക്സിതി സുന്ദരിയെ, ഘടോൽക്കചന്റെ സഹായത്തോടെ അഭിമന്യു വേൾക്കുന്നതായി പ്രസിദ്ധമാണ്. ഘടോൽക്കചൻ അർജ്ജുനന്റെ മകൾ പെരിഗ്വയെ വിവാഹം ചെയ്യ്തുവെന്നും കഥയുണ്ട്. ഇന്റോനേഷ്യൻ മഹാഭാരതവും നമ്മൾ കേട്ട മഹാഭാരതവും തമ്മിൽ പലവ്യത്യാസങ്ങളും ഉണ്ട്. വ്യത്യാസങ്ങൾ കാണാൻ ഇന്റോനേഷ്യവരെ ഒന്നും പോകണ്ട ആവശ്യമില്ല. ഈ സുന്ദരിയുടെ കഥ മഹാഭാരതത്തിലോ ഭാഗവതത്തിലോ മറ്റ് പുരാണങ്ങളിലോ ഒന്നും ഇല്ല. എന്നാൽ കുറച്ച് വ്യത്യാസപ്പെട്ട ഒരു കഥ ആന്ധ്ര, കർണ്ണാടക ഭാഗങ്ങളിൽ ഫോക്ക്‌ലോർ ആയി പാടിവരുന്നുണ്ട്. കൃഷ്ണനു, ജാംബവതിയിൽ ഉണ്ടായ മകൻ, സാംബൻ, ദുര്യോധനന്റെ മകളായ ലക്ഷ്മണയെ (ഒരു ഇരട്ടസഹോദരൻ ഉണ്ട് ലക്ഷ്മണയ്ക്ക്. ലക്ഷ്മണൻ എന്നോ ലക്ഷ്മണകുമാരൻ എന്നോ വിളിക്കാം.ലക്ഷ്മണനെ അഭിമന്യു ഭാരതയുദ്ധത്തിൽ പതിമൂന്നാം ദിവസം നാഗശിരാസ്ത്രം കൊണ്ട് വധിക്കുന്നു.) തട്ടിക്കൊണ്ട് വന്ന് വിവാഹം ചെയ്തതായി ശ്രീമദ്ഭാഗവതം (10.68) പറയുന്നുണ്ട്. ഭാഗവതത്തിൽ കൃഷ്ണനു രുക്മിണിയിൽ ഉണ്ടായ ചാരുമതി എന്ന മകളെ, സുതവർമ്മാവിന്റെ മകൻ ബാലി വിവാഹം ചെയ്തു എന്നും പറയുന്നുണ്ട്. (10.61.24) ഇത്രയുമാണ് കൃഷ്ണന്റെ പെണ്മക്കളെ പറ്റി ഭാഗവതം പറയുന്നത്. എന്നാൽ നേർത്തെ പറഞ്ഞ ആന്ധ്രയുടെ ചില പ്രദേശങ്ങളിൽ പ്രചാരമുള്ള കഥ മറ്റൊന്നാണ്. അത്: ബലരാമനു രേവതിയിൽ ഉണ്ടായ മകൾ ആണ് ശശിരേഖ അല്ലെങ്കിൽ വത്സല. ഈ ശശിരേഖ എന്ന വത്സലയെ ബലരാമനും രേവതിയും അഭിമന്യുവിനു നൽകാൻ തീരുമാനിച്ചു. അവർ തമ്മിൽ പ്രേമമവുമായിരുന്നു. അക്കാലത്ത് കസിൻസ് തമ്മിൽ കല്യാണം കഴിക്കാൻ വിരോധമൊന്നും ഉണ്ടായിരുന്നില്ലല്ലൊ. (ഇക്കാലത്തും അത് പലസ്ഥലത്തും നടക്കുന്നുണ്ട്) അഭിമന്യു അർജ്ജുന-സുഭദ്രയുടെ മകൻ ആണ്, സുഭദ്ര ആകട്ടെ ബലരാമകൃഷ്ണന്മാരുടെ പെങ്ങളും. അങ്ങിനെ ഇരിക്കുമ്പോഴാണ് ചൂതുകളിയും അതിനെ തുടർന്ന് രാജ്യം നഷ്ടപ്പെട്ട് ധർമ്മപുത്രാദികൾക്ക് വനവാസവും വേണ്ടി വന്നത്. രാജ്യം നഷ്ടപ്പെട്ട ഒരാളുടെ മകനു തന്റെ മകളെ കൊടുക്കാൻ രേവതി തയ്യാറായില്ല. രേവതി ബലരാമനോടു പറഞ്ഞു അത്. ബലരാമനും ദുര്യോധനനും ഗുരുശിഷ്യന്മാരും ദുര്യോധനനോട് ബലരാമനു വളരെ ഇഷ്ടവും ആണ്. ബലരാമൻ അങ്ങിനെ ദുര്യോധനന്റെ മകനായ ലക്ഷ്മണകുമാരനെ കൊണ്ട് വത്സലയെ വേളികഴിപ്പിക്കാൻ ഉറപ്പിച്ചു. അതറിഞ്ഞ അഭിമന്യു കൃഷ്ണനോട് ചെന്ന് സങ്കടം പറഞ്ഞു. ശ്രീകൃഷ്ണൻ തന്നെക്കൊണ്ട് ഒന്നും ചെയ്യാൻ പറ്റില്ല, നീ പോയി നിന്റെ കസിൻ ആയ ഘടോൽക്കചനോട് ചെന്ന് പറയൂ എന്ന് അഭിമന്യുവിനെ ഉപദേശിച്ചു. ഭീമനു ഹിഡുംബി (ഹിഡുംബ എന്നും പേരുകാണാറുണ്ട്, കഥകളിയിൽ ഹിഡുംബി തന്നെ) എന്ന രാക്ഷസിയിൽ ഉണ്ടായ മകനാണ് ഘടോൽക്കചൻ. അപ്പോൾ ഘടോൽക്കചൻ, അഭിമന്യുവിന്റെ മൂത്ത കസിനാണ്. എന്നാൽ ഇവർ തമ്മിൽ മുൻപ് കണ്ടിട്ടുമില്ല. പരസ്പരം അറിയുകയുമില്ല. അങ്ങനെ അഭിമന്യു വാരണാവതത്തിൽ ഹിഡുംബവനത്തിൽ എത്തി. ഘടോൽക്കചൻ ആണ് ആ വനത്തിന്റെ അധിപൻ. അവിടെ വന്ന മനുഷ്യനെ കണ്ടപ്പോൾ രാക്ഷസത്വരയോടെ അഭിമന്യുവിനെ കൊന്ന് തിന്നാൻ വന്നു. അഭിമന്യു ശരവർഷം നടത്തി ഘടോൽക്കചനെ ബോധരഹിതനാക്കി വീഴ്ത്തു. മകൻ വീഴുന്നത് കണ്ട് ഹിഡുംബി ഓടി വന്ന് മകനെ മടിയിൽ ഇരുത്തി ഭീമസേനന്റെ മകനേ എന്ന് അഭിസംബോധന ചെയ്ത് കരയാൻ തുടങ്ങി. ഇത് കേട്ട അഭിമന്യു വന്ന് സോറി പറഞ്ഞ് അവർ തമ്മിൽ സഖ്യത്തിൽ ആയി. ഹിഡുംബിയും ഘടോൽക്കചനോട് അഭിമന്യുവിനെ സഹായിക്കാൻ പറഞ്ഞു. ഘടോൽക്കചൻ ഹസ്തിനപുരിയിൽ ദുര്യോധനന്റെ കൊട്ടാരത്തിൽ എത്തി. ഘടോൽക്കചൻ രാക്ഷസനാണ് മായാവിയാണ്. ഘടോൽക്കചൻ തന്റെ മായവിദ്യകൊണ്ട് വത്സലയുടെ രൂപം ധരിച്ചു. എന്നിട്ട് വിവാഹമണ്ഡപത്തിൽ വെച്ച് മായാവിദ്യകൾ കൊണ്ട് ലക്ഷ്മണകുമാരനെ പേടിപ്പിച്ചു. ഭയപ്പെട്ട ലക്ഷ്മണകുമാരൻ താനിനി ജീവിതത്തിൽ വിവാഹം കഴിക്കില്ല എന്ന് സത്യം ചെയ്ത് ഓടിപ്പോയത്രെ. ആ സമയം ഘടോൽക്കചൻ തന്റെ മായാവിദ്യകൊണ്ട് വത്സലയെ തട്ടിക്കൊണ്ട് പോയി ഹിഡംബവനത്തിൽ എത്തിച്ചു. അവിടെ അഭിമന്യു വത്സലമാരുടെ വിവാഹം ഗംഭീരമായി കഴിഞ്ഞു. ഇതറിഞ്ഞ ദുര്യോധനനു പാണ്ഡവരോട് സ്വതേ ഉള്ള ദേഷ്യം ഒന്ന് കൂടെ കൂടി. ബലരാമനു വലിയ പ്രശ്നങ്ങൾ ഒന്നും ഉണ്ടായില്ല. ഇനി ഉണ്ടെങ്കിലും അത് ശ്രീകൃഷ്ണൻ മാറ്റിക്കോളും. പണ്ട് സുഭദ്രയുടെ കാര്യത്തിലും അതാണല്ലൊ ഉണ്ടായത്. ബലരാമൻ സുഭദ്രയെ ദുര്യോധനനു കെട്ടിച്ച് കൊടുക്കാൻ നിശ്ചയിച്ചു. കൃഷ്ണൻ അർജ്ജുനനു സുഭദ്രയെ കള്ളസന്യാസിവേഷത്തിൽ വന്ന് തട്ടിക്കൊണ്ട് പോകാനുള്ള സൗകര്യം ഉണ്ടാക്കി കൊടുത്തു. എന്നിട്ട് സുഖമായി ബലരാമനെ തന്റെ വാക്ചാതുരികൊണ്ട് സമാശ്വസിപ്പിച്ചു. സുഭദ്രാഹരണം പോലെ തന്നെ ആണ് വത്സലാഹരണവും. തലമുറ ഒന്ന് മാറി എന്ന് മാത്രം. മുകളിൽ പറഞ്ഞ കഥയിലും മാറ്റങ്ങൾ ഉണ്ട്. കൃഷ്ണൻ ഘടോൽക്കചനെ സമീപിക്കാൻ അഭിമന്യുവിനോട് പറയുന്നതിനു പകരം, സുഭദ്ര അർജ്ജുനനുസംഭവിച്ച കഥ അറിഞ്ഞ്, കാട്ടിൽ തന്റെ ഭർത്താവിനെ അന്വേഷിക്കാൻ, മകനായ അഭിമന്യുവിനോടൊപ്പം വന്നു. വന്നത് ഹിഡംബവനത്തിൽ തന്നെ. അവിടെ വെച്ച് ഘടോൽക്കചനും അഭിമന്യുവും തമ്മിൽ യുദ്ധമുണ്ടായി എന്നും ഘടോൽക്കചൻ വീണു എന്നും വീഴുന്ന ശബ്ദം കേട്ട് ഹിഡുംബി വന്നു എന്നും ഭീമസേനന്റെ മകനേ എന്ന് വിളിച്ച് കരഞ്ഞു എന്നും സുഭദ്രയും അഭിമന്യുവും അത് കേട്ട് ഞെട്ടലോടെ എങ്കിലും പരസ്പരം തിരിച്ചറിഞ്ഞു എന്നും ഒരു വേർഷൻ ഉണ്ട്. സുഭദ്ര കാട്ടിൽ വരുന്നുണ്ട് അഭിമന്യുവിനോടൊപ്പം എന്നതാണ് ഒരു പ്രധാന മാറ്റം. സുഭദ്രയും ഹിഡുംബിയും തമ്മിൽ കാണുന്നുണ്ട്, പരിചയപ്പെട്ട് പരസ്പരം മനസ്സിലാക്കുന്നുണ്ട്. ബലരാമൻ തന്റെ മകളെ പാണ്ഡവരുടെ ദുഃഖത്തിനു കാരണക്കാരനായ ദുര്യോധനന്റെ മകനു വിവാഹം ചെയ്ത് കൊടുക്കാൻ തീരുമാനിച്ചു എന്നത് കേട്ടാണ് ഘടോൽക്കചനു ദേഷ്യം വരുന്നത്. എന്നിട്ടാണ് ഘടോൽക്കചൻ അഭിമന്യുവിനെ സഹായിക്കാൻ പുറപ്പെടുന്നത്. സുഭദ്രയും അഭിമന്യുവും വനത്തിൽ തന്നെ വാഴുന്നു. ഘടോൽക്കചൻ വത്സലയെ തട്ടിക്കൊണ്ട് പോകുന്നു, ലക്ഷ്മണകുമാരനെ ഭയപ്പെടുത്തുന്നു. ഇത് നാടൻ പാട്ടുകളും ഹരികഥയും പറയുന്നത്. എന്നാൽ ഇതിലും വ്യത്യാസമുള്ളതാണ് സുന്ദരീസ്വയംവരം എന്ന ആട്ടക്കഥ. അതിന്റെ കർത്താവു ഒരു പരദേശബ്രാഹ്മണൻ ആയ കുന്നത്ത് സുബ്രഹ്മണ്യൻ പോറ്റി ആണ്. അദ്ദേഹം കേട്ട് പരിചയിച്ച ഹരികഥകളിൽ നിന്നോ കണ്ട് പരിചയിച്ച നാടൻ കലാരൂപങ്ങളിൽ നിന്നോ കടം എടുത്ത കഥാതന്തു ആകാം ഈ കഥയ്ക്ക് മൂലം. എന്നാൽ അവിടേയും വ്യത്യാസമുണ്ട് എന്നത് മഹാ‍ാഭാരതത്തിന്റെ പലമകളിൽ നമുക്ക് വിശ്വാസം കൂട്ടുന്നു. മൂലം എന്നത് പുരാണങ്ങൾക്ക് ഇല്ല. അതിന്റെ മൂലം പാണന്മാർ പാടിനടക്കുന്ന പാട്ട് തന്നെ. അത് തലമുറതോറും പരിഷ്കരിച്ച് വരുകയും ചെയ്യും. മഹാഭാരതകവികൾ ആരും ഘടോൽക്കചനെയോ അഭിമന്യുവിനേയോ അധികം പാടിപ്പുകഴ്ത്തിയിട്ടില്ല. യുദ്ധത്തിൽ ഘടോൽക്കചൻ കർണ്ണന്റെ വേലുകൊണ്ട് വീണപ്പോൾ, പാൺദവപക്ഷം ആകെ ശോകമൂകമായി. എന്നാൽ ശ്രീകൃഷ്ണൻ മാത്രം ഏകനായി സന്തോഷത്തോടേ തുള്ളിച്ചാടി നടന്നു എന്ന് വ്യാസഭാരതം പറയുന്നു. ഘടോൽക്കചൻ പാണ്ഡവപക്ഷത്ത് നിന്ന് നന്നായി യുദ്ധം ചെയ്തെങ്കിലും രാക്ഷസനായിപ്പോയി എന്ന ഏക കാരണത്താലായിരുന്നു അത്. മഹാഭാരതം പാണ്ഡവരുടെ കഥയേ പറയുന്നുള്ളൂ, അവരുടെ മക്കളുടെ (അടുത്ത തലമുറ) കഥ പറയുന്നില്ല. അത് നമ്മടെ നാടൻ സമൂഹമനസ്സിന്റെ ഭാവന ഏറ്റെടുത്തതാവാം ഈ തരം ഒരു കഥ ഉണ്ടായത് തന്നെ. ഇതിലൊന്നും ഈരാവാൻ ഒരു ഭാഗമാകുന്നതേ ഇല്ല. ഈരാവാന്റെ കഥ മറ്റൊന്നാണ്. എന്നാൽ ആട്ടക്കഥയിൽ മൂവരും ചേർന്നിരിക്കുന്നു എന്നത് കൗതുകകരമാണ്. സുന്ദരീസ്വയംവരം കഥാസംഗ്രഹം: ശ്രീകൃഷ്ണനും പത്നിമാരുമായുള്ള ശൃംഗാരപ്പദത്തോടെ കഥ തുടങ്ങുന്നു. അക്കാലത്ത് ശ്രീകൃഷ്ണൻ സത്യഭാമയിൽ ഉണ്ടായ സുന്ദരി എന്ന് പേരായ മകൾക്ക് വിവാഹപ്രായം എത്തി എന്ന് മനസ്സിലാക്കി കൃഷ്ണൻ സഹോദരനായ ബലരാമനോട് ചെന്ന് ഇക്കാര്യം അറിയിക്കുന്നു. താനത് മുൻപേ അറിഞ്ഞു എന്നും കൃഷ്ണന്റെ മനസ്സിൽ എന്താണ് ഉള്ളത് എന്നറിയാത്തതിനാൽ ഒന്നും പറഞ്ഞില്ല എന്നും ബലരാമൻ കൃഷ്ണനോട് പറയുന്നു. ബലരാമൻ പറയുന്നത് പോലെ എന്താണെങ്കിലും ചെയ്യാം എന്ന് കൃഷ്ണൻ സമ്മതിയ്ക്കുന്നു. അത് പ്രകാരം ബലരാമൻ ദുര്യോധനന്റെ മകനായ ലക്ഷണനു സുന്ദരിയെ വിവാഹം ചെയ്ത് കൊടുക്കാം എന്ന തന്റെ മനോഗതം കൃഷ്ണനെ അറിയിക്കുന്നു. മാത്രമല്ല ഈ വിവരം ദുര്യോധനനെ അറിയിക്കാനായി ഒരു ദൂതനേയും അയക്കുന്നു. അടുത്തരംഗത്ത് ദുര്യോധനന്റെ പാടി രാഗത്തിൽ ഉള്ള ശൃംഗാരപ്പദം ആണ്. അടുത്ത രംഗത്തിൽ ദുര്യോധനനും മന്ത്രിമാരും കൂടെ ഉള്ള സഭ ആണ്. തന്റെ ബാഹുപരാക്രമത്തെ കുറിച്ചും, പാണ്ഡവന്മാരെ കാട്ടിലേയ്ക്കയച്ചതിനാൽ ശത്രുക്കൾ ഇല്ലാതായതും വരാൻ പോകുന്ന യുദ്ധത്തിൽ അവരെ കാലപുരിയ്ക്കായക്കാൻ തയ്യാറാകുനും ദുര്യോധനൻ മന്ത്രിമാരോട് പറയുന്നു. മന്ത്രിമാർ ദുര്യോധനനെ തിരിച്ച് സ്തുതിയ്ക്കുന്നു. ആ സമയം ബലരാമൻ അയച്ച ദൂതൻ ദുര്യോധനസമീപം വരുന്നതാണ് അടുത്ത രംഗം. ദൂതൻ വന്ന് ദുര്യോധനനെ സ്തുതി ചെയ്ത്, സുന്ദരിയുടെ വിവാഹം ദുര്യോധനപുത്രനായ ലക്ഷണനോടൊത്ത് ചെയ്യാൻ ബലരാമൻ തീർച്ചയാക്കിയ വിവരം അറിയിക്കുന്നു. അത് പ്രകാരം ദ്വാരകയിലേക്ക് ലക്ഷണസമേതം ചെല്ലുവാനും പറയുന്നതോടൊപ്പം ബലരാമൻ നൽകിയ എഴുത്തും കൊടുക്കുന്നു. ദുര്യോധനൻ സഭയിൽ ഈ വിവരം ഭീഷ്മ കർണ്ണാദികളോടൊക്കെ അറിയിക്കുന്നു. ആയതിനായി സൈന്യസമേതം പുറപ്പെടുവാൻ കല്പിക്കുന്നു.ശ്രീകൃഷ്ണന്റെ ബന്ധുത്വത്തെ പറ്റി ദുശ്ശാസനൻ സംശയം പ്രകടിപ്പിക്കുന്നു. പാണ്ഡവരോട് കൂട്ടുള്ള കൃഷ്ണന്റെ മനസ്സിൽ ഇതായിരിക്കില്ല, അതിനാൽ അവിടെ പോകേണ്ട ആവശ്യമില്ല, ബലരാമനെ പറ്റിയ്ക്കും കൃഷ്ണൻ, സുഭദ്രയുടെ ഹരണം ഉദാഹരണമില്ലേ എന്നൊക്കെ ഭീഷ്മർ തന്റെ മനസ്സിലുള്ളത് വ്യക്തമാക്കുന്നു. വൃദ്ധനായ ഭീഷ്മരെ ശ്രദ്ധിക്കേണ്ടതില്ലെ നമുക്ക് പോകാം എന്ന് ദുര്യോധനൻ നിശ്ചയിക്കുന്നു. ആ സമയം സുന്ദരിയുടെ വിവാഹം ലക്ഷണനോട് ഒത്ത് എന്നറിഞ്ഞ സത്യഭാമയും സുഭദ്രയും ഒന്നിച്ച് ശ്രീകൃഷ്ണനെ കാണാൻ എത്തുന്നു. സത്യഭാമയും സുഭദ്രയും പണ്ട് സത്യം ചെയ്തതാണ്, സുന്ദരിയെ, അഭിമന്യുവിനു വിവാഹംചെയ്ത് കൊടുക്കാം എന്നത്. ആ സത്യഭംഗം വരും ആയത് ഉണ്ടായാൽ ഇരുവരും ആത്മാഹുതി ചെയ്യും എന്ന് കൃഷ്ണനെ ഇരുവരും ചേർന്ന് അറിയിക്കുന്നു. കൃഷ്ണൻ പതിവുപോലെ അവരെ സമാധാനിപ്പിച്ച് വിടുന്നു. സുന്ദരിയുടെ വിവാഹവാർത്ത കേട്ട് നിരാശനായ അഭിമന്യു കാട്ടിലേക്ക് പോകുന്നു. അവിടെ വെച്ച് വജ്രദംഷ്ട്രൻ എന്നൊരു രാക്ഷനെ യുദ്ധത്തിൽ കൊല്ലുന്നു. വജ്രദംഷ്ടൻ, ഭീമപുത്രനായ ഘടോൽക്കചന്റെ ഭൃത്യനായിരുന്നു. ഭൃത്യനെ കൊന്ന വിവരം അറിഞ്ഞ് ഘടോൽക്കചൻ അഭിമന്യുവുമായി ഏറ്റുമുട്ടുന്നു. യുദ്ധസമയത്ത് അങ്ങോട്ടും ഇങ്ങോട്ടും താങ്കൾ ആരാണെന്ന് പറയുന്നു. തമ്മിൽ തമ്മിൽ തിരിച്ചറിയുന്നു. അഭിമന്യു സുന്ദരിയുടെ വിവാഹവാർത്ത ഘടോൽക്കചനോട് പറയുന്നു. ഘടോൽക്കചൻ അഭിമന്യുവിനെ അമ്മയായ ഹിഡുംബയുടെ അടുത്ത് കൊണ്ട് പോകുന്നു. വാർത്തകൾ പറയുന്നു. ഹിഡംബ, ഘടോൽക്കചനോട് അഭിമന്യുവിനൊപം ദ്വാരകയിൽ പോയി സുന്ദരീസ്വയംവരം നടത്തി വരാൻ പറയുന്നു. അതനുസരിച്ച് അവർ പുറപ്പെടുന്നു. അങ്ങനെ ഘടോൽക്കചനും അഭിമന്യുവും കൂടെ ദ്വാരകയിലേക്ക് പോകുന്ന വഴിയിൽ, ഓരോമലയിലും ഓരോപാദം വെച്ച്, തന്റെ ആയുധം മിനുക്കുന്ന ഇരാവാനെ കാണുന്നു. അർജ്ജുനനും ഉലൂപിയിൽ ഉണ്ടായ സന്താനമാണ് ഇരാവാൻ. എന്നാൽ അവർ പരസ്പരം അറിയാതെ കലഹിക്കുന്നു. കാലുകൾ മാറ്റി വഴിതരാൻ ആവശ്യപ്പെടുന്ന ഘടോൽക്കച അഭിമന്യുമാരോട് തന്റെ കാൽ തൊഴുത് പോകാൻ ഇരാവാൻ പറയുകയാണ് ചെയ്യുന്നത്. അതാണ് കലഹത്തിനു കാരണം. എന്തായാലും യുദ്ധത്തിൽ ഇരാവാൻ ക്ഷീണിക്കുന്നു. തനിയ്ക്ക് ഇങ്ങനെ ഒരു അനുഭവം മുൻപ്, പാദം മാറ്റാൻ പറഞ്ഞവരോട് കലഹിച്ചിട്ടൊന്നും ഒരിക്കലും ഉണ്ടായിട്ടില്ല, അതിനാൽ നിങ്ങൾ ആരാണ് എന്ന് ഇരാവാൻ, ഘടോൽക്കചാദികളോട് ചോദിയ്ക്കുന്നു. അങ്ങനെ പരസ്പരം പരിചയപ്പെട്ട് അവർ മൂവരും കൂടെ ദ്വാരകയിലേക്ക് പോകുന്നു. ആ സമയം, ദ്വാരകയിലേക്ക് സൈന്യസമേതം പുറപ്പെട്ട ദുര്യോധനസമീപം നാരദൻ എത്തുന്നു. എന്നിട്ട് നാരദൻ, താനെ ദ്വാരകാപുരിയിൽ നിന്നാണ് വരുന്നതെന്നും അഭിമന്യു വിവാഹത്തിനായി വരുന്നുണ്ട് എന്നും ദുര്യോധനനെ അറിയിക്കുന്നു. ദുര്യോധനൻ ഇക്കാര്യം കർണ്ണനോട് പറയുന്നു. കർണ്ണൻ ശത്രുക്കളെ ജയിക്കാൻ ഞാനുണ്ട് എന്ന് ദുര്യോധനനെ സമാശ്വസിപ്പിക്കുന്നു. കർണ്ണന്റെ വാക്കുകൾ കേട്ട ഭീഷ്മൻ പതിവുപോലെ കർണ്ണനെ ഭർത്സിക്കുന്നു. കർണ്ണനും തിരിച്ച് ഭീഷ്മരോട് ചൂടാവുന്നെങ്കിലും ദുര്യോധനൻ ഇടയിൽ വന്ന് രണ്ട് പേരേയും സമാധാനിപ്പിക്കുന്നു. ദുര്യോധനനും കൂട്ടരും വരുന്നത് കാണുന്ന അഭിമന്യുവും സഹോദരന്മാരും അവരോട് യുദ്ധം ചെയ്ത് അവരെ ഓടിയ്ക്കുന്നു. അതറിഞ്ഞ ദുര്യോധനപുത്രനായ ലക്ഷണൻ അഭിമന്യുവിനോടും സഹോദരന്മാരോടും എതിരിടുന്നു. അഭിമന്യു ലക്ഷണനെ ബന്ധനസ്ഥനാക്കുന്നു. ശേഷം ശ്രീകൃഷ്ണന്റെ ആജ്ഞയാൽ അഭിമന്യു സുന്ദരിയെ വിവാഹം ചെയ്യുന്നു. ഇതറിഞ്ഞ് ബലരാമൻ കോപിക്കുന്നുവെങ്കിലും സൂത്രശാലിയായ ശ്രീകൃഷ്ണൻ പതിവുപോലെ ബലരാമനെ സമാധാനിപ്പിക്കുന്നു. അർജ്ജുനപുത്രന്മാർ ശ്രീകൃഷ്ണനെ സ്തുതിയ്ക്കുന്നു. അവരോട് ദ്വാരകയിൽ അൽപ്പകാലം താമസിക്കാനായി കൃഷ്ണൻ പറയുന്നു. അതവർ സമ്മതിയ്ക്കുന്നതോടെ കഥ പരിസമാപ്തിയിൽ എത്തുന്നു. ഈ കഥ നടക്കുന്നത് വനവാസക്കാലത്തെന്നിരിക്കെ ദുര്യോധനൻ കർണ്ണനെ, സൂര്യനന്ദന, സുരതടിനിമകൻ എന്നൊക്കെ അഭിസംബോധനചെയ്യുന്നതിൽ യുക്തിക്കുറവ് ഉണ്ട്. ദുര്യോധനപുത്രന്റെ പേർ ലക്ഷണൻ എന്ന് ആട്ടക്കഥയിൽ, മറ്റ് പല ഇടത്തും ലക്ഷ്മണൻ എന്നും കാണുന്നു. ഇതിലെ പ്രധാനകാര്യം എന്താണെങ്കിൽ ഇത് പാണ്ഡവരുടെ പുത്രന്മാരുടെ കഥ ആണെന്നാണ്. മഹാഭാരതം പാണ്ഡവരുടെ അടുത്ത തലമുറയെ പറ്റി അധികം ഒന്നും പറയുന്നില്ല. ഈരാവാൻ എന്ന നാഗബാലൻ മുന്നേ പറഞ്ഞ കഥകളിൽ ഒന്നും വരുന്നില്ല. ഇവിടെ ഈരാവാനെ കൂടെ ഉൾക്കൊള്ളിച്ചിരിക്കുന്നു ആട്ടക്കഥയിൽ. നാഗകന്യയായ ഉലൂപിയിൽ അർജ്ജുനനുണ്ടായ പുത്രനാണ് ഈരാവാൻ. ഈരാവാൻ ഹിജഡകളുടെ ദൈവമാണ്. അത് ഐതിഹ്യം വേറെ. പിന്നേയും എഴുതാനുണ്ട്. അതിലേറെ ആട്ടക്കഥ അവസാനിക്കുന്നതിൽ ദ്വാരകയിൽ താമസിക്കാൻ പാർത്ഥസൂനുക്കളോടെ കൃഷ്ണൻ പറയുന്നുള്ളൂ. അപ്പൊ ഘടോൽക്കചൻ എന്ന മൂത്ത ആൾ എവിടെ പോയി? കഥാകാരൻ പറയുന്നില്ല അത്. പാർത്ഥന്മാരെ.. എന്ന് പാണ്ഡുപുത്രർക്ക് മുഴുവനായി പറയുന്ന ഒരു സംബോധന ഉണ്ട് (ദുര്യോധനവധം?) എന്ന് മറക്കുന്നില്ല. പക്ഷെ, ഘടോൽക്കചൻ മരിച്ചപ്പോൾ തുള്ളിച്ചാടിയ ശ്രീകൃഷ്ണനെ (ശ്രീകൃഷ്ണനുമാത്രം സന്തോഷം, ബാക്കി പാണ്ഡവപക്ഷം മുഴുവൻ ശോകമൂകം എന്ന് ഭാരതം) മഹാഭാരതം കാണിക്കുന്നുണ്ട്. രാക്ഷസൻ എന്ന ഒരുഒറ്റ കാര്യം കൃഷ്ണനു സന്തോഷിക്കാൻ. പിന്നെ മറ്റൊന്ന് ഉള്ളത് കർണ്ണൻ അർജ്ജുനനു വെച്ച ശക്തി എന്ന വേൽ/കുന്തം/ആയുധം എറ്റുത്ത് ഘടോൽക്കചനു നേരെ പ്രയോഗിച്ചപ്പോൾ ആണ് ഘടോൽക്കചന്റെ അന്ത്യം സംഭവിച്ചത് എന്നതാ. ആയതുകൊണ്ട് അർജ്ജുനൻ രക്ഷപ്പെട്ടല്ലൊ. പക്ഷെ ആ വിചാരം എങ്കിൽ മറ്റെല്ലാവരും സന്തോഷിച്ചേനേ. ഇത് കൃഷ്ണൻ മാത്രം തൊള്ളയിട്ട് തുള്ളിച്ചാടി ഘടോൽക്കചന്റെ മരണം ആഘോഷിക്കുന്നു. അതിൽ ‘രാക്ഷസൻ’ എന്നത് തന്നെ ആയിരിക്കണം കാരണം. നെടുമ്പള്ളി രാമൻ എനിക്ക് മെസേജ് ചെയ്തപോലെ നിഴൽക്കുത്ത് വ്യാസമഹാഭാരതത്തിൽ ഇല്ല, വേലമഹാഭാരത്തിലാണുള്ളത്. ഇനി വേലമഹാഭാരത്തിൽ ഇങ്ങനെ പാണ്ഡവരുടെ പുത്രന്മാരെ പറ്റി, അടുത്ത തലമുറയെ പറ്റി പറയുന്നുവോ എന്ന് എനിക്ക് അറിയില്ല. വേലമഹാഭാരതം എവിടുന്ന് കിട്ടും ഒന്ന് വായിക്കാൻ? ആ!!! അറിയില്ല ആരെങ്കിലും അത് വായിച്ചിട്ടുണ്ടോ കണ്ടിട്ടുണ്ടോ? ഗവേഷകന്മാർക്ക് അറിയുമായിരിക്കാം.

ശൂർപ്പണഖയുടെ മൂക്കും ചെവിയും മുലയും മുറിക്കൽ

ആദ്യമേ പറയട്ടെ, ഞാൻ ഉദ്ധരിയ്ക്കുന്നതെല്ലാം ഇന്റെർനെറ്റിൽ ലഭ്യമായ സ്രോതസ്സുകൾ ആണ്. അതിനാൽ ലിങ്ക് ഉണ്ട്. ശൂർപ്പണഖയുടെ അംഗവിഛേദം കഥകളിയിലും കൂട...