മകന്റെ ഫൈനൽ എഴുത്ത് പരീക്ഷയും കഴിഞ്ഞപ്പോൾ അവനെ ഹോസ്റ്റലിൽ നിന്നും അവന്റെ സാധനങ്ങൾ അടക്കം പൊക്കിക്കൊണ്ട് വരാനുള്ള യാത്ര ആയിരുന്നു അത്. പോണവഴിയ്ക്ക് ഏറ്റുമാനൂർ വഴി പോയി. റോഡ് സൈഡിൽ തന്നെ ഏറ്റുമാന്നൂരപ്പന്റെ വല്യേ ബോർഡ്. സമയം ഏകദേശം രാവിലെ പത്ത് മണിയേ ആയിട്ടുള്ളൂ അതിനാൽ തൊഴണമെന്ന് ഭാര്യയ്ക്ക് വലിയ നിർബന്ധം. കാർ ഗ്രൗണ്ടിലേക്ക് ഇറക്കി നിർത്തി നോക്കിയപ്പോ എനിക്കും സന്തോഷായി വല്യേ ഒരു പുസ്തകച്ചന്ത.
ചന്തയുടെ ഉള്ളിൽ കയറിയപ്പോഴാ ഓർമ്മ വന്നത് കയ്യിൽ പൈസ ആയിട്ട് അധികമില്ല എന്നത്. നാലഞ്ച് എ.ടി.എമ്മുകൾ തപ്പി ഒന്നിലും കാശില്ലാതെ കുഴഞ്ഞ് ഇരിക്കുകയായിരുന്നു. ചെന്നപ്പോൾ തന്നെ കടക്കാരൻ പൈസ ഇല്ലെങ്കിൽ പേടിയ്ക്കണ്ടാ സ്വൈപ്പ് ചെയ്യാം. വലിയ വലിയ പുസ്തകങ്ങൾക്ക് 30% വരെ വിലക്കിഴിവ് ചെറിയവയ്ക്ക് 10% വിലക്കിഴിവ് എന്ന് കടക്കാരന്റെ സ്വാഗതപ്രസംഗം കേട്ടപ്പോൾ വലിയ വലിയ പുസ്തകങ്ങൾ എന്താ എന്ന് നോക്കി. അത് മുഴുവൻ ഭക്തിമയമായതിനാൽ ആ സെക്ഷൻ ഞാൻ വിട്ടു. ചെറിയ പുസ്തകങ്ങൾ നോക്കാൻ ചെന്നപ്പോൾ ആദ്യം കിട്ടിയത് ഗീതയുടെ “എഴുത്തമ്മമാർ”. പിന്നെ നോക്കിയപ്പോൾ ജോണിയുടെ “വയനാടൻ രേഖകൾ” തൊട്ടടുത്ത് തന്നെ “ഉണ്ണിയച്ചീചരിതം” പിന്നേയും കുറെ പുസ്തകങ്ങൾ വാങ്ങി ഇറങ്ങി.
വയനാടൻ രേഖകളും ഉണ്ണിയച്ചീചരിതവും അടുത്തടുത്ത് ഇരിക്കുന്നതിൽ ഒരു കൗതുകമുണ്ട്. ഉണ്ണിയച്ചീചരിതം ചമ്പുവിൽ വയനാടിനെ പറ്റിയുള്ള വർണ്ണനകൾ ധാരാളമുണ്ട്. വയനാടൻ രേഖകളിലും ഉണ്ണിയച്ചീചരിതത്തെ ഉദ്ധരിയ്ക്കുന്നുണ്ട്.
ചമ്പുക്കൾ എന്നാൽ ഗദ്യവുമല്ല പദ്യവുമല്ല. താളം നിറഞ്ഞ, കവിത നിറഞ്ഞ ഗദ്യം എന്ന് പറയാം. ഗദ്യവും പദ്യവും ചേർന്നുള്ള കാവ്യരൂപമാണ് ചമ്പു എന്ന് വിക്കിപ്പീഡിയ.
സംസ്കൃതമാണ് ഈ കാവ്യരൂപത്തിന്റെ അവിർഭാവകേന്ദ്രം എങ്കിലും മലയാളത്തിലും മറ്റ് പ്രാദേശികഭാഷകളിലും ഈ കാവ്യരൂപം ഉണ്ട്.
ഉണ്ണിയച്ചീചരിതം മണിപ്രാവാളമാണ് ഉപയോഗിച്ചിരിക്കുന്നത്. പഴയ മണിപ്രവാളം ചമ്പുക്കളിൽ ഏറ്റവും പഴയത് ഉണ്ണിയച്ചീചരിതം ആണ്. ഉണ്ണിയച്ചീചരിതത്തിന്റെ പിൻതുടർച്ചക്കാരായി ഉണ്ണിച്ചിരുതേവീചരിതവും ഉണ്ണിയാടീചരിതവും ഉണ്ട്. ഒന്നും തന്നെ പൂർണ്ണരൂപത്തിൽ നമുക്ക് ലഭ്യമല്ല. ലഭ്യമായതും പലഭാഗങ്ങളും കാലപ്പഴക്കം കൊണ്ട് പൊടിഞ്ഞ് നശിച്ചിട്ടുണ്ട്. അതിനാൽ പലഭാഗത്തും വാക്കുകളോ അക്ഷരങ്ങളോ മുഴുവൻ ആയിട്ടില്ല.
ദേവൻ ശ്രീകുമാരൻ ചൊന്ന ചമ്പു മുഴുവൻ ആദരവോടെ രാമൻ ശ്രീകുമാരൻ ആയ ഇവൻ ഏട്ടിൽ എഴുതിക്കൂട്ടി എന്ന് ഉണ്ണിയച്ചീചരിതത്തിൽ അവസാനം പറയുന്നുണ്ട്. എ.ഡി 13ആം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധം ആണ് ഉണ്ണിയച്ചീചരിതത്തിന്റെ കാലയളവ് എന്ന് പണ്ഡിതന്മാർ പറയുന്നു. അതിനായി അവർ ഭാഷാപരമായ തെളിവുകളും ചരിത്രപരമായ തെളിവുകളും ഉദ്ധരിക്കുന്നുണ്ട്. ഉണ്ണിയച്ചീചരിതകാലത്ത് പാട്ട് സാഹിത്യം പ്രചാരത്തിൽ ഉണ്ടായിരുന്നു. പാട്ട് പാമരന്മാരുടേയും മണിപ്രവാളം പണ്ഡിതവർഗ്ഗത്തിന്റേയും സാഹിത്യമായാണ് പൊതുവെ കരുതപ്പെട്ടിരുന്നത്. പാട്ട് സാഹിത്യത്തിൽ ഭക്തി കാവ്യങ്ങൾ അധികവും രചിച്ചപ്പോൾ മണിപ്രവാളത്തിൽ ശൃംഗാര കവിതകളും സന്ദേശകാവ്യങ്ങളും ഒക്കെ ഉണ്ടായി.
ഭാഷ, സാഹിത്യം, സാമൂഹികം ദേശചരിത്രം എന്നിങ്ങനെ വിവിധതലങ്ങളിൽ ഗവേഷണപഠനം അർഹിക്കുന്ന കൃതിയാണ് ഉണ്ണിയച്ചീചരിതം. ഇത് മാത്രമല്ല മറ്റ് ചമ്പുക്കളും അതെ. അവകളിൽ ഉള്ള വർണ്ണനകൾ ആണ് അറിവിന്റെ വലിയ സ്രോതസ്സ്.
ഇതിനുള്ള ഒരു ഉദാഹരണമാണ് താഴെ പറയുന്നു. ഇതിൽ മലയാളമാസങ്ങൾ മേടം ഇടവം എന്നിങ്ങനെ ആണ് ഉദ്ധരിച്ചിരിക്കുന്നത്. അത് പ്രകാരം വിഷു വർഷാരംഭം തന്നെ. എന്നാൽ കേരളത്തിലെ മറ്റ് പലസ്ഥലത്തും ചിങ്ങം ഒന്നാണ് വർഷാരംഭമായി കണക്കാക്കുന്നത്.
ഉണ്ണിയച്ചീചരിതം ഗദ്യം 6
മഹിതകലേശ്വരസകലേശ്വരനുടതിരുമുടിയിൽക്കുടിപുവാനുപനത സുരനടിനീതിരമാലപരത്തിവ കടവിൽ വിളങ്ങു പളിങ്ങു മണിപ്പട പരിഗതശോഭം; പക്ല്പോമേട മൊഞ്ഞിട വന്നു കളിക്കുഞ്ചക്രവിഹംഗമ മിഥുനദ്യുതിമൽക്കർക്കടകോജ്വല ബാഹുമഹീപതിസിംഹവിഹാരസ്ഫുരിതം;
കന്നി കുഴൈഞ്ഞന്നടുവതുലാവ വിരിച്ചു കവിഞ്ഞ മലർക്കുഴലോടു നമത്തനു സമ കരകുംഭംകൊണ്ടു സ മീനം കോരുന്നീർപൂന്നേരം കുഹചനരചിതകുഹൂരവരമ്യാ;
തേവൻ ചീരീകുമാച്ചൊന്ന ചമ്പു മുറ്റവുമാദരാൽ രാമൻ ചിരീകുമാനേട്ടിലെഴുതിക്കൂട്ടിന ന…….
തിരുമരുതൂർ അമ്പലത്തിലെ ചിറയെ വർണ്ണിക്കുകയാണ്. കൂട്ടത്തിൽ മേടം മുതൽ ഉള്ള മലയാളമാസങ്ങളെ രസകരമായി വർണ്ണനയിൽ സന്നിവേശിപ്പിച്ചിരിക്കുന്നു.
മഹിതകലേശൻ=പരമശിവൻസകലേശ്വരനുട എന്നത് സകലേശ്വരനുടെ എന്ന് വായിക്കണം. ഇത് എ കാരം വിട്ട് എഴുതുന്ന പഴയ മലയാളരീതിയാണ്.
ഉപനതം=അടുത്തെത്തിയ
പരത്ത് + ഇവ=പരത്തിവ
വിളങ്ങു=വിളങ്ങുന്ന
പളിങ്ങ്=പളിക്
പരിഗതശോഭം=വ്യാപിച്ച ശോഭയോടുകൂടിയ
പകല്പോമേടം=പകൽ അവസാനിക്കുന്ന സമയം. (മേടം)
ഒഴിഞ്ഞിടവന്ന്= ഒഴിഞ്ഞസ്ഥലത്ത് വന്ന്, (ഇട വ-ഇടവം)
കുളിക്കുഞ്ചക്രവിഹംഗമിഥുനദ്യുതിവത്=കുളിയ്ക്കുന്ന ചക്രവാക മിഥുന(=ഇണകൾ)ങ്ങളുടെ ശോഭയോട് കൂടിയത് (മിഥുനം)
കർക്കടകോജ്വലബാഹു=കർക്കടകം=ഞണ്ട്=ഞണ്ടിനേപോലെയുള്ള കൈകളോടു കൂടിയ (നഖമാണ് ഉദ്ദേശിക്കുന്നത്)
മഹീപതി സിംഹം=സിംഹരാജൻ (സിംഹം=ചിങ്ങം)
സിഹാരസ്ഫുരിതം=വിഹാരം കൊണ്ട് ശോഭിയ്ക്കുന്നത്
ഞണ്ടിനെ പോലെ ഉള്ള കൂർത്തനഖങ്ങളോടുകൂടിയ സിംഹരാജന്റെ വിഹാരം കൊണ്ട് ശോഭിയ്ക്കുന്ന എന്ന് ചുരുക്കം. സിംഹത്തിന്റെ മുൻകാലുകളിലെ കൂർത്തനഖങ്ങളെയാണ് കർക്കടകം ആയി കൽപ്പിച്ചിട്ടുള്ളത്.
കന്യ്ക കുഴഞ്ഞ്=അലസഗമനം കൊണ്ട് ഉള്ളത്
നടു=അരഭാഗം
ഉലാവെ = ചലിക്കുമാറ്
കന്നി=കന്യക (കന്നി മാസം)
കന്നി കുഴൈഞ്ഞന്നടുവതുലാവ വിരിച്ചു കവിഞ്ഞ് മലർക്കുഴലോടു = കന്യക കുഴഞ്ഞ് അലസഗമനം കൊണ്ട് വിടർത്തി അരയും കവിഞ്ഞ് കിടക്കുന്ന മലരണിഞ്ഞ തലമുടിയോടുകൂടി
നടുവത് + ഉലാവ=നടുവതുലാവ് (തുലാമാസം) ഉലാവെ എന്ന് വേണം, പക്ഷെ എകാരം ലോപിച്ചു പഴയ രീതി
വിരിച്ചു = വിടർത്തി (വൃശ്ചികം)
സമകരകുംഭംകൊണ്ടു=കൈയ്ക്ക് ചേർന്ന കുംഭം (കുംഭമാസം)
കുംഭം=കുടം
സ മീനം = മീനോടുകൂടിയ (മീനമാസം)
കുഹചന = ഒരിടത്ത്
മഹിതകലേശ്വരസകലേശ്വരനുടതിരുമുടിയിൽക്കുടിപുവാനുപനത സുരനടിനീതിരമാലപരത്തിവ കടവിൽ വിളങ്ങു പളിങ്ങു മണിപ്പട പരിഗതശോഭം;
പരമേശ്വരന്റെ തിരുമുടിയിൽ ഇരിക്കുന്ന ദേവ നദി ഗംഗം തിരമാല പർത്തി പളുങ്കുമണികളാൽ ശോഭിച്ച് നിൽക്കുന്നപോലെ
പക്ല്പോമേട മൊഞ്ഞിട വന്നു കളിക്കുഞ്ചക്രവിഹംഗമ മിഥുനദ്യുതിമൽക്കർക്കടകോജ്വല ബാഹുമഹീപതിസിംഹവിഹാരസ്ഫുരിതം;
പകൽ അവസാനിക്കുന്ന സമയത്ത് ഒഴിഞ്ഞ സ്ഥലത്ത് വന്ന് കുളിക്കുന്ന ചക്രവാകപ്പക്ഷിക്കളുടെ ശോഭയോടുകൂടിയത്. ഞണ്ടുകളെ പോലെ കൂർത്ത മുൻ കാൽ നഖങ്ങളോട് ചേർന്ന സിംഹരാജന്റെ വിഹാരം കൊണ്ട് ശോഭിയ്ക്കുന്ന
കന്നി കുഴൈഞ്ഞന്നടുവതുലാവ വിരിച്ചു കവിഞ്ഞ മലർക്കുഴലോടു നമത്തനു സമ കരകുംഭംകൊണ്ടു സ മീനം കോരുന്നീർപൂന്നേരം കുഹചനരചിതകുഹൂരവരമ്യാ;
അലസഗാമികളായ, നിതംബവും കവിഞ്ഞ് കിടക്കുന്ന തലമുടിയുള്ള കന്യകമാർ വന്ന് കയ്യിലെ കുടത്തിൽ വെള്ളം കോരുമ്പോൾ ഉണ്ടാകുന്ന ശബ്ദംകൊണ്ട് മനോഹരമായ
തേവൻ ചീരീകുമാച്ചൊന്ന ചമ്പു മുറ്റവുമാദരാൽ രാമൻ ചിരീകുമാനേട്ടിലെഴുതിക്കൂട്ടിന ന…….
ദേവൻ ശ്രീകുമാരൻ ചൊന്ന ചമ്പു മുഴുവൻ ആദരവോടെ രാമൻ ശ്രീകുമാരൻ ആയ ഇവൻ ഏട്ടിൽ എഴുതിക്കൂട്ടി.
2 അഭിപ്രായങ്ങൾ:
UNNIYADI CHARITHAM I READ IT. UNNIYACHICHARITHAM NOT READ. WHAT IS THE CONTENT FOR THAT. GET TIME PLEASE MENTION THAT ALSO. IT'S APPRECIABLE.
SARAVAN MAHESWER
Writer.
വിജ്ഞാനപ്രദം...!
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ