Thursday, December 06, 2018

Ravana’s Sister (Meenakshi)

Book Title:Ravana’s Sister (Meenakshi)
Author:Anand Neelakantan
Publisher:Westland Published: (18 January 2018)
# of Pages:14Pages : 426.0 KB (Kindle Edition)
https://amzn.to/2GeculO
എനിക്ക് പുരാണകഥകൾ വായിക്കാനിഷ്ടം എന്നതിലേറെ അതിന്റെ പുനരാഖ്യാനങ്ങൾ ആണ് കൂടുതൽ ഇഷ്ടം. പുനരാഖ്യാനങ്ങൾ ഏത് മീഡിയത്തിൽ വരുന്നുവൊ എന്നതനുസരിച്ച് ആഖ്യാനരീതിയും മാറും. അപ്പോൾ അത് മറ്റൊരു വേർഷൻ ആകും. മാത്രമല്ല പുനരാഖ്യാനം ചെയ്യുന്ന കാലത്തിനനുസരിച്ച് പുരാണകഥാപാത്രങ്ങളുടെ ചിന്താരീതികളും മാറുന്നത് കാണാം.
കഥകളിയിലെ രാവണവേഷം പ്രസിദ്ധമാണ്. ബ്രഹ്മാവിനോട് ഇരന്ന് വരങ്ങൾ വാങ്ങുകയല്ല കഥകളിയിലെ രാവണൻ ചെയ്യുന്നത്. തപസ്സ് ചെയ്ത് ബ്രഹ്മാവ് പ്രത്യക്ഷപ്പെടാതിരുന്നപ്പോൾ, താൻ തപസ്സുമൂലം മരിച്ചാൽ ഉള്ള ദുഷ്കീർത്തി ബ്രഹ്മാവിനിരിക്കട്ടെ എന്ന് രണ്ടും കല്പിച്ച് അവസാനത്തെ തലയും വെട്ടി ഹോമിക്കുന്ന രാവണന്റെ മുന്നിൽ ബ്രഹ്മാവ് പ്രത്യക്ഷപ്പെടുകയാണ്. ആ ബ്രഹ്മാവിനോട് അപ്പോൾ വരങ്ങൾ ഇരന്ന് വാങ്ങേണ്ട ആവശ്യമില്ലല്ലൊ. മര്യാദയ്ക്ക് എന്റെ കയ്യിൽ താ എന്ന് വളരെ അഹങ്കാരത്തോടെ പറയുന്ന രാവണൻ ആണ് കഥകളിയിൽ. കൂടിയാട്ടത്തിൽ നിന്ന് വന്നതായിരിക്കാം എങ്കിലും അതിനു ദൃശ്യഭംഗി കൂടും. അതാണ് ഞാൻ പറഞ്ഞത് പുനരാഖ്യാനത്തിനു ഉപയോഗിക്കുന്ന മീഡിയത്തിനനുസരിച്ച് ആഖ്യാന രീതിയും മാറും എന്ന്.
എന്റെ അഭിപ്രായത്തിൽ വാല്മീകി രാമായണം ആണ് മൂലം എന്നൊന്നും ഇല്ല. നടപ്പുള്ള കഥകൾ പലരും പലരീതിയിൽ ശൈലിയിൽ എഴുതി എന്ന് മാത്രം. അതിൽ കമ്പരാമായണം ദൃശ്യപരമായി അടുത്തുനിൽക്കുന്നതിനാൽ അതാണ് കൂടിയാട്ടത്തിലേക്ക് സന്നിവേശിപ്പിച്ചത് എന്ന് എവിടേയോ വായിച്ചിട്ടുണ്ട്.
പുരാണങ്ങൾക്കുള്ള പ്രത്യേകത എന്താണെന്ന് വെച്ചാൽ അവ എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാം എന്നത് തന്നെ എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. നൂറ്റാണ്ടുകൾക്ക് ശേഷവും അവകളുടെ പുനരാഖ്യാനങ്ങൾ പലരീതിയിൽ ഇന്നും വരുന്നത് അതുകൊണ്ട് കൂടെ ആണല്ലൊ.
എഴുത്തിൽ അമീഷ് ത്രിപാഠിയുടെ ശിവ ട്രിലോളജി ആണ് ഈ വകയിൽ ആദ്യമായി ഞാൻ വായിച്ചത്. ഇമ്മോർട്ടൽസോഫ് മെലൂഹ ഇഷ്ടായി. ആ ശൈലി തന്നെ ഇഷ്ടായി. ഭാഷയും. പിന്നെ പിന്നെ മടുപ്പിച്ചു. ഞാൻ നിർത്തി.
ഈ വകയിൽ ഇപ്പോൾ വായിച്ചത് ആനന്ദ് നീലകണ്ഠനെ ആണ്. ആനന്ദ് നീലകണ്ഠന്റെ മീനാക്ഷി, രാവണാസ് സിസ്റ്റർ എന്ന ചെറുകഥ വായിച്ചു. ആദ്യമാണ് ഞാൻ ആനന്ദിനെ വായിക്കുന്നത്.
ശൂർപണഖ എന്ന് വെച്ചാൽ മുറപോലെ ഉള്ള നഖം ഉള്ളവൾ എന്നാണത്രെ. കൈകസിയുടെ ഏകപുത്രി ആണ്. അവളെ ദാനവരാജാവായ വിദ്യുജിഹ്വനാണ് വിവാഹം ചെയ്ത് കൊടുക്കുന്നത്. രാക്ഷസന്മാരും ദാനവന്മാരും ഒക്കെ ശത്രുക്കളും. ശൂർപ്പണഖ ബാല്യകാലത്ത്, അച്ഛനായ വിശ്രവസ്സ് പോകുമ്പോൾ തന്നെ അദ്ദേഹത്തോട് ചോദിക്കുന്നത് എനിക്ക് നല്ല ഭർത്താവിനെ കിട്ടണം എന്നാണ്. വിശ്രവസ്സ് അതൊക്കെ സഹോദരന്മാർ അറേഞ്ച് ചെയ്യും എന്നും. വിദ്യുജിഹ്വനു വിവാഹം കഴിച്ച് കൊടുത്തു എങ്കിലും വിദ്യുജിഹ്യ്വനെ രാവണൻ തന്നെ വധിക്കും. വിദ്യുജിഹ്വനും ദുരുദ്ദേശത്തോടെ ആയിരുന്നു ശൂർപ്പണഖയെ വിവാഹം ചെയ്തതും. ശൂർപ്പണഖയുടെ മകനെ കൊല്ലുന്നത് ലക്ഷ്മണനും. അങ്ങനെ ഏകയായി ലോകസഞ്ചാരം നടത്തുമ്പോൾ ആണ് രാമലക്ഷ്മണന്മാർ വനത്തിൽ കറങ്ങുന്നത് കാണുന്നതും രാമനിൽ ശൂർപ്പണഖയ്ക്ക് പ്രേമം ജനിക്കുന്നതും. രാമനോട് പ്രേമാഭ്യർത്ഥന നടത്തുന്ന ശൂർപ്പണഖയെ ലക്ഷ്മണന്റെ അടുക്കലേക്ക് രാമൻ വിടും. അവർ തമ്മിൽ ശൂർപ്പണഖയെ തട്ടി കളിയ്ക്കും. അവസാനം ലക്ഷ്മണൻ ശൂർപ്പണഖയുടെ കുചനാസികാകർണ്ണങ്ങൾ മുറിച്ച് മാറ്റും.
വാല്മീകിരാമായണത്തിലുള്ളതിൽ നിന്നും ഈ ശൂർപ്പണഖ കുചനാസികാകർണ്ണവിച്ഛേദനം മറ്റ് പലതിലും വ്യത്യാസമുണ്ട്. ചിലതിൽ കുചം ഛേദിക്കുന്നില്ലാ. ഇങ്ങനെ അല്ലറചില്ലറ വ്യത്യാസങ്ങൾ.
ഇതാണ് ആനന്ദ് നീലകണ്ഠന്റെ കഥയ്ക്ക് ഉള്ള പൊതു ബാക്ഗ്രൗണ്ട്. ഇത് അറിഞ്ഞ ശേഷം വേണം ഈ കഥ വായിക്കാൻ. അല്ലെങ്കിൽ ജസ്റ്റ് അനദർ “മൂല്യാധിഷ്ഠിത” കഥ. ഇത്തരം പശ്ചാത്തലകഥകൾ എനിക്ക് അറിയാവുന്നതുകൊണ്ട് ഈ കഥയുടെ സന്ദർഭം, ആവിഷ്കാരം, ഭാഷ, ശൂർപ്പണഖയുടെ മാനസിക സ്ഥിതി എന്നിവ മനസ്സിലായി എന്നല്ല ഉൾക്കൊണ്ടു.
ഇതും മറ്റൊരു പുരാണാഖ്യാനരീതി. കൗതുകം ഉണ്ട് കാലികവും ആണ്. ആനന്ദിന്റെയും അമീഷ് ത്രിപാഠിയുടെയും ഭാഷ സിമ്പിൾ ഇംഗ്ലീഷ്. ആർക്കും മനസ്സിലാകും. ലോകതത്വം പറയുമ്പോഴും അതിനായുള്ള പശ്ചാത്തലം ഒരുക്കുമ്പോഴും സിമ്പിൾ ആയ ഭാഷ.
എന്നിട്ട് ഞാൻ ഇപ്പോ അസുര എന്ന പുസ്തകം ആനന്ദിന്റെ കിന്റിൽ വേർഷൻ വാങ്ങി. എന്റെ മുൻ പരിചയം അമീഷിനെ വായിച്ചതിനാൽ, ഒന്ന് രണ്ട് ഇത്തരം രീതികളിലുള്ള പുസ്തകം വായിച്ചാൽ നമുക്ക് ഞെരടിപ്പ്, മടുപ്പ് ഒക്കെ വരും എന്നാണ്. അതിനാൽ അധികം ഈ വക വായിക്കാൻ ഞാൻ ഇല്ലാ. ദൃശ്യമായെങ്കിൽ, അതും അപ്പപ്പോൾ നടിക്കുന്നതെങ്കിൽ കാണാം എന്നുണ്ട്. പക്ഷെ വായന പറ്റില്ലല്ലൊ. എഴുത്തല്ലെ.
വായന ആണ് എഴുത്താണ് എന്നതുകൊണ്ടാണ് ഞാൻ പുരാണങ്ങളിൽ എഴുതിയ കഥകൾ മുന്നെ വിളമ്പിയതും. ഈ കഥയിലെ സന്ദർഭം ചെലപ്പോൾ മറ്റൊരു പുരാണത്തിലും കാണുക ഉണ്ടാവില്ലാ. പക്ഷെ പുരാണകഥ അറിഞ്ഞിരുന്നാൽ ഇത് വായിക്കുമ്പോൾ, ഹോ ഇങ്ങനേം പുനരാഖ്യാനം ചെയ്യാം അല്ലേ എന്ന് നമുക്ക് തോന്നും. അതിൽ കൂടുതൽ ഒന്നും ഇല്ലാ. ആനന്ദിന്നത്തെ ലോകത്തിൽ ഇരുന്ന് ശൂർപ്പണഖയേയും സീതയേയും കൂട്ടിയോജിപ്പിച്ചിരിക്കുന്നു.
സീതാപരിത്യാഗസമയത്ത് വികൃതശരീരയായ ശൂർപ്പണഖ വന്ന് സീതയെ കാണുന്നതാണ് സന്ദർഭം. അതിൽ ഒരു ചണ്ഡാലനും കുടുംബവും കൂടെ ഉണ്ട്. ശൂർപ്പണഖ സംസാരിക്കുന്നതും സീത സംസാരിക്കുന്നതും എല്ലാം ആധുനിക മനുഷ്യരെ പൊലെ തന്നെ ആണ്. അതായത്, അവർക്ക് ജീവിതാനുഭവം കൊണ്ട് കിട്ടി എന്ന് പറയുന്ന തത്വചിന്ത ഇന്നുള്ള മനുഷ്യർക്ക് കിട്ടാവുന്നത് തന്നെ എന്നാണ് ഞാൻ ഉദ്ദേശിച്ചത്. രാക്ഷസിയും മനുഷ്യനും എല്ലാം മനുഷ്യനെ പോലെ ചിന്തിക്കുന്നു. അതാണല്ലൊ കാലികമായ പുനരാഖ്യാനവും.
ആമസോൺ പ്രൈമിൽ കിന്റിൽ വേർഷൻ വായിച്ചതിനാൽ പേജുകളുടെ എണ്ണം ഒന്നും കൃത്യമാവില്ല. വിലയും ഇല്ല. സൗജന്യമായിരുന്നു. മുകളിൽ കൊടുത്ത വിലയും പേജുകളുടെ എണ്ണവും ഗുഡ്രീഡ്സിൽ നിന്നും പ്രിന്റ് എഡിഷന്റെ വിശദാംശങ്ങൾ എടുത്തതാണ്. ചെറുകഥ ആയതിനാൽ പെട്ടെന്ന് വായിച്ച് തീർക്കാം എന്ന ഗുണവുമുണ്ട്. പുരാണപുനരാഖ്യാനം ഇഷ്ടമുള്ളവർക്ക് വായിക്കാം.

വീരഭദ്രം - കഥകളി നടൻ പരിയാനം‌പറ്റ ദിവാകരന്റെ അരങ്ങും ജീവിതവും


വീരഭദ്രം
കഥകളി നടൻ പരിയാനം‌പറ്റ ദിവാകരന്റെ അരങ്ങും ജീവിതവും
എഴുത്തുകാരൻ: പി. എം ദിവാകരൻ.
പ്രസിദ്ധീകരണം: പാഠശാല, ആറങ്ങോട്ടുകര. കൊല്ലം:2018
136 പേജുകൾ.
വില: 170.00 രൂപ

പരിയാനമ്പറ്റ ദിവാകരൻ 1955ൽ ജനിച്ച് 2017ൽ അന്തരിച്ചു. അദ്ദേഹം പണ്ട് കാലത്തെ പ്രസിദ്ധനായ ഇന്ദ്രജാലക്കാരനും നടനും മേക്കപ്പ് ആർട്ടിസ്റ്റും നാടകനടനും ഒക്കെ ആയിരുന്ന ശ്രീ പരിയാനമ്പറ്റ കുഞ്ചുണ്ണി നമ്പൂതിരിപ്പാടിന്റെ മകൻ ആണ്. അമ്മാമൻ പ്രസിദ്ധനായ കരകൗശലവിദഗ്ധൻ ചൊവ്വൂർ നീലകണ്ഠൻ നമ്പൂതിരിപ്പാടും. പ്രസിദ്ധനായ ചുവന്നതാടിക്കാരൻ ആയിരുന്നു പരിയാനമ്പറ്റ ദിവാകരൻ.

കെ. പി. എസ് മേനോന്റെ കഥകളിരംഗം എന്ന പുസ്തകത്തിൽ ഒരു കാലത്ത് ആദ്യവസാനമായ വേഷം കെട്ടി പേരെടുക്കുക എന്ന് പറഞ്ഞാൽ ബാലി (ചുവന്നതാടി തന്നെ) ആയിരുന്നു എന്ന് പറയുന്നുണ്ട്. ബാലി ഓതിക്കൻ എന്ന പ്രസിദ്ധനായ നടനെ പറ്റിയും ഒപ്പം സുഗ്രീവൻ കെട്ടുന്ന കാർത്ത്യായനി എന്ന സ്ത്രീയെ പറ്റിയും പറയുന്നുണ്ട്. കെ. പി. എസ് മേനോന്റെ പ്രസ്തുത പുസ്തകം തയ്യാറാക്കിയത്, അന്നുണ്ടായിരുന്ന പലർക്കും കത്തെഴുതിയും നിലവിൽ കേട്ടറിഞ്ഞ കഥകളും ഒക്കെ വെച്ചാണെന്ന് അദ്ദേഹം ആമുഖത്തിൽ പറയുന്നുണ്ട്. ഇന്ന് കാലം മാറി, അതുകൊണ്ട് തന്നെ പല പ്രസിദ്ധരുടേയും അരങ്ങുകൾ നമുക്ക് നേരിട്ടല്ലെങ്കിലും വീഡിയോവിൽ കൂടെ കാണാം, ലൈവ് ആയി ഇന്റർനെറ്റിലൂടെയും കാണാം. (ഇതെഴുതുമ്പൊൾ ഞാൻ ദുബായിൽ നടക്കുന്ന തോരണയുദ്ധം കഥകളി ലൈവ് ആയി നെറ്റിലൂടെ കാണുന്നു!) അങ്ങനെ നേരിട്ട് നമുക്ക് അവരുടെ അഭിനയപാടവത്തെയും പ്രത്യേകതകളെയും അറിയാൻ പറ്റും. പരിയാനമ്പറ്റ ദിവാകരന്റെ ചില വീഡിയോസ് യൂറ്റ്യൂബിൽ കിട്ടും. ഞാൻ തന്നെ അപ്ലോഡ് ചെയ്തതും കിട്ടും.

പറഞ്ഞ് വന്നത് ഒരു അഭിനേതാവിന്റെ ജീവിതവും കലയെ പറ്റിയുള്ള, സമൂഹത്തിനെ പറ്റിയുള്ള ഉൾക്കാഴ്ചയും ഒന്നും ഇത്തരം വീഡിയോകളിൽ നിന്ന് മാത്രമായി കിട്ടില്ല. അതിനു നേരിട്ടു അവരുടെ പരിസരത്ത് ഇറങ്ങി ചെന്ന് അന്വേഷിച്ച് കണ്ടെത്തണം. അത്തരം ഒരു സംരഭം ആണ് പി.എം ദിവാകരൻ ഇവിടെ നിർവഹിച്ചിരിക്കുന്നത്. പൂർണ്ണമായ വിജയം എന്നൊന്നില്ലെങ്കിലും കുറച്ചൊക്കെ ഗ്രന്ഥകർത്താവ് ചെയ്തിട്ടുണ്ട്. (ഗ്രന്ഥകർത്താവിന്റെ പേരും ദിവാകരൻ, ആരെ പറ്റി അദ്ദേഹം എഴുതുന്നുവൊ ആ നടന്റെ പേരും ദിവാകരൻ എന്നത് കൺഫ്യൂഷൻ ഇത് വായിക്കുന്നവർക്ക് ഉണ്ടാകാം. എന്നാൽ ഗ്രന്ഥം വായിക്കുന്നവർക്ക് ഉണ്ടാകില്ല.)

എനിക്ക് അനവധി കഥകളി അരങ്ങുകൾ കണ്ട് ശീലം ഉണ്ട് എന്ന് അവകാശപ്പെടാൻ ഒന്നും ഇല്ലാ. എന്നിരുന്നാലും ഇപ്പോഴും എനിക്ക് ഇഷ്ടവും കാണാൻ മോഹിക്കുന്നതും കഥകളി തന്നെ ആണ്. പരിയാനമ്പറ്റ ദിവാകരന്റെ വേഷങ്ങൾ കണ്ട ഓർമ്മ ചെറുതായി ഉണ്ട്. വ്യക്തിപരമായി സംസാരിച്ചിരുന്നതും എല്ലാം ഓർമ്മ ഉണ്ട്. ചുവന്നതാടി എന്നവേഷം ഒരു കോമാളി ആയിട്ടാണ് ഇന്നത്തെ കഥകളിയിൽ. അതിൽ മാറ്റം പരിയാനമ്പറ്റ ദിവാകരന്റെ വേഷം കാണുമ്പോൾ അറിയാം. ഏറ്റവും മുദ്ര ചെയ്യുന്ന രീതിയിലാണ് അറിയുക എന്ന് ഞാൻ പറയും.

ഒരു പുസ്തകത്തിൽ ഒരു നടനെ എങ്ങനെ രേഖപ്പെടുത്താം എന്നതിനു എഴുത്തിന്റേതായ പരിമിതികൾ ഉണ്ട്. നടൻ നടിക്കുന്ന നാട്യത്തിന്റെ, നമ്മൾ കാണുന്ന അനുഭവം എഴുതിവെക്കാനേ പറ്റൂ. അപ്പോൾ അത് എഴുതുന്ന ആളുടെ ആയി മാറുകയും ചെയ്യും. ആയതിനാൽ ഇവിടെ പി.എം ദിവാകരൻ ചെയ്ത രീതി ശരി തന്നെ. അത് പലരോടും വിവിധമേഘലകളിൽ ഉള്ള പലരോടും ചോദിച്ച് അവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തി വെക്കുകയാണ്. അത് എഴുത്തു രീതിയിൽ ശരി തന്നെ എന്ന് എനിക്ക് തോന്നുന്നു.

ഇവിടെ എഴുത്തുകാരൻ, നടൻ പഠിച്ച വിദ്യാലയങ്ങളിൽ നിന്നുള്ളവർ, നടന്റെ ജീവിതപരിസരത്ത് നിന്നുള്ളവർ, നടന്റെ ഒപ്പം അരങ്ങ് പങ്കിട്ടവർ, കലാസ്വാദകർ, കലാവിമർശകർ എന്നിവരോടെല്ലാം അന്വേഷിച്ച് അവരുടെ മൗലികമായ അഭിപ്രായങ്ങൾ ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആയതിനാൽ അത് ശരി തന്നെ.

പുസ്തകത്തിന്റെ ഉള്ളടക്കം കൂടുതൽ അറിയണമെങ്കിൽ അത് വായിക്കുക തന്നെ വേണം. ആറങ്ങോട്ടുകര പാഠശാല ഒരു പ്രസിദ്ധീകരണ സമിതി ഒന്നും അല്ല. അവർ എന്നാലും പുസ്തകങ്ങൾ ഇറക്കുന്നുണ്ട്. അവർ കൃഷി, കല എന്നിത്യാദികളിൽ എല്ലാം സജീവമായി ഇടപെടുന്നവർ തന്നെ ആണ്. പരിയാനമ്പറ്റ ദിവാകരനും അങ്ങനെ വെറും കഥകളിക്കാരൻ അല്ലാ. അദ്ദേഹം സമൂഹത്തിൽ കാര്യമായി തന്നെക്കൊണ്ട് പറ്റുന്ന പോലെ ഇടപെട്ടിരുന്നു എന്നത് പുസ്തകം വായിച്ചാൽ മനസ്സിലാകും.Thursday, November 29, 2018

ഗുണ്ടർട്ട് ലെഗസി പദ്ധതി - മലയാളം

ഹെർമ്മൻ ഗുണ്ടർട്ടിനെ മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. അദ്ദേഹം ഹെർമൻ ഹെസ്സെ എന്ന നോബൽ സമ്മാനജേതാവ് (സിദ്ധാർത്ഥ എന്ന നോവലിന്റെ കർത്താവ്) ആയ വിഖ്യാത നോവലിസ്റ്റിന്റെ മുത്തച്ഛൻ കൂടെ ആണ്. അദ്ദേഹം 1859ൽ ഇന്ത്യയിൽ നിന്ന് ജെർമ്മനിയിലേക്ക് മടങ്ങി പോകുമ്പോൾ ഇന്ത്യൻ ഭാഷകളിലെ നിരവധി ഗ്രന്ഥങ്ങൾ അദ്ദേഹം കൊണ്ടുപോയിരുന്നു. അതാകട്ടെ ജെർമ്മനിയിലെ ട്യൂബിങ്ങൻ സർവ്വകലാശാലയിലേക്ക് അദ്ദേഹം സംഭാവന ചെയ്യുകയും ചെയ്തു. അവിടെ ഇരിക്കുന്ന ഗ്രന്ഥങ്ങളിൽ ചെലത് ഡോ. സ്കറിയ സക്കറിയ മലയാളത്തിൽ പുനഃപ്രസിദ്ധീകരിച്ചിട്ടുമുണ്ട്. ആ പുസ്തകങ്ങൾ ഇന്ന് നമുക്ക് പൊതുസഞ്ചയത്തിൽ ലഭ്യമാക്കാനായുള്ള പദ്ധതിയാണ് ഗുണ്ടർട്ട് ലെഗസി പദ്ധതി. അതിനെ കുറിച്ചാണ് ഞാൻ പറയാൻ പോകുന്നതും.

ഈപദ്ധതിയുടെ ഇന്ത്യയിലെ കോർഡിനേറ്റർ ശ്രീ ഷിജു അലക്സ് ആയിരുന്നു. ഷിജുവിന്റെ ഇത്തരം പ്രവർത്തനങ്ങളെ പറ്റിയും ഞാൻ പ്രത്യേകം പറയണ്ടതില്ല. എന്നാണ് നെറ്റിലൂടെ ഷിജുവുമായി ആശയവിനിമയം നടത്താൻ തുടങ്ങിയത് എന്ന് എനിക്ക് ഓർമ്മ ഇല്ല. 2005-2009 കാലഘട്ടത്തിൽ ആയിരിക്കണം. ഒന്നുറപ്പാണ് ഞാൻ ഷിജുവിനെ ഫോളൊ ചെയ്തിരുന്നു. അങ്ങനെ ഇരിക്കുമ്പോൾ ആണ് ഫേസ്ബുക്കിൽ ഷിജു ഗുണ്ടർട്ട് പ്രൊജക്റ്റിൽ പ്രവർത്തിക്കാൻ ആളുകൾ വേണം എന്ന് പോസ്റ്റ് ഇടുന്നത്. പോസ്റ്റിൽ തന്നെ അത്യാവശ്യം വിവിരങ്ങളും ഉണ്ടായിരുന്നതിനാൽ ഞാൻ റെഡി എന്ന് പറഞ്ഞു.

അപരിചിതമായ ഏതൊരു പ്രൊജക്റ്റിലും എന്നപോലെ ഇതിലും ഞാൻ ആദ്യം അത്യാവശ്യം തപ്പിത്തടഞ്ഞു. മലയാളം ടൈപ്പിങ്ങ് എനിക്ക് പ്രശ്നമായിരുന്നില്ല. എന്നാൽ വിക്കി എഡിറ്റിങ്ങ് വശമില്ലായിരുന്നു. (ഇപ്പോഴും വലിയ വശമൊന്നും ഇല്ല.) പണ്ട് കുറച്ച് ലേഖനങ്ങൾ മലയാളം വിക്കിയിൽ എഴുതിയിരുന്നു. കോമൺസിൽ ഫോട്ടോസും അപ്ലോഡ് ചെയ്തിരുന്നു എന്നതല്ലാതെ, വിക്കി ലേഖനങ്ങൾ എഡിറ്റ് ചെയ്യുകയോ ഫോർമാറ്റ് ചെയ്യുകയോ ഒരിക്കലും ചെയ്തിരുന്നില്ല. അതുകൂടാതെ പ്രൊജക്റ്റിന്റേതായ നീണ്ട ഗൈഡ്‌ലൈനുകളും. അതൊക്കെ മനഃപാഠമാക്കാനും അതിനനുസരിച്ച് ചെയ്ത് ശീലിക്കാനും ആദ്യമാദ്യം ബുദ്ധിമുട്ടി. അതിനൊക്കെ പുറമെ, എന്ത് ചെയ്താലും അത് പറഞ്ഞ പോലെ ശരിയായിയൊ എന്ന വിട്ടുമാറാത്ത ഒരു “നമ്പൂരി ശങ്ക”, അതിന്റെ അസുഖവും. ചെയ്ത് ശീലിച്ചപ്പോൾ അതെല്ലാം മാറി, എനിക്കും കിട്ടി സ്പീഡ്.

പക്ഷെ അതിനിടയിൽ നാട്ടിൽപോക്ക് രണ്ട് തവണ, ഒരു ആക്സിഡന്റ് ഒക്കെ ആയി സമയം അല്പം വെറുതെ പോയി. അതിനാൽ ചെയ്യാൻ ഏറ്റ പേജുകളുടെ എണ്ണം കുറക്കേണ്ടി വന്നു എന്നൊരു സങ്കടം ഉണ്ട്. എന്നിരുന്നാലും ഒരുകൊല്ലത്തിൽ അധികം എടുത്ത് 1500ൽ കൂടുതൽ പേജുകൾ ചെയ്തു തീർത്തു. ഇക്കാലമത്രയും ജോലി കഴിഞ്ഞ് വന്നാൽ മറ്റൊന്നിനെ പറ്റി ആലോചിക്കാൻ തന്നെ സമയം ഇല്ലായിരുന്നു എന്നത് വാസ്തവം. കഥകളി വീഡിയോ കാണലൊ, കഥകളി സംബന്ധമായ പ്രവൃത്തികളൊ, എന്തിനു ഒരു വായന പോലും ഉണ്ടായിരുന്നില്ല! ഇത് എന്റെ കാര്യം മാത്രം ആകില്ല, പ്രൊജക്റ്റിൽ സംബന്ധിച്ച മറ്റുള്ളവരുടെ കാര്യവും ഇതൊക്കെ തന്നെ ആയിരിക്കും എന്ന് എനിക്ക് ഉറപ്പുണ്ട്. അതിരിക്കട്ടെ.

ഹൈക്കെ മോസർ ആണ് ട്യൂബിങ്ങനിൽ ഈ പ്രൊജക്റ്റ് ഹെഡ് എന്ന് അറിഞ്ഞപ്പോൾ സന്തൊഷമായി. കാരണം ഞാൻ അവരുടെ പേർ ഒരു കൂടിയാട്ടം കലാകാരി എന്ന നിലയിൽ മുന്നെ കേട്ടിരുന്നു. ഇപ്പൊൾ ഈ പ്രൊജക്റ്റ് മുഖാന്തിരം ഒന്നുകൂടെ അറിയാൻ പറ്റി. മറ്റൊരു കോർഡിനേറ്റർ ആയ എലേനക്കും കേരളവുമായി അടുപ്പമുണ്ട്. രണ്ട് പേരും ഇടയ്ക്കിടക്ക് കേരളം സന്ദർശിക്കുന്നവർ തന്നെ.

പ്രൊജക്റ്റ് മുഴുമിപ്പിച്ചപ്പോൾ ഞങ്ങൾ ചെയ്തത് ഒന്ന് ചുരുക്കി പറയാം.

ആകെ പുസ്തകങ്ങളുടെ എണ്ണം: 136 പുസ്തകങ്ങൾ
ഈ പുസ്തകങ്ങളിലുള്ളതും യൂണിക്കോടിലേക്ക് മാറ്റിയതുമായ താളുകൾ:24,000 താളുകൾ

കഴിഞ്ഞ ഒന്നര വർഷത്തിനോടുത്തായി ഏതാണ്ട് 40 ഓളം ആളുകൾ ആണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇരുന്ന് ഈ ചരിത്ര പദ്ധതിയുടെ ഭാഗം ആയത്. പങ്കെടുത്തവരുടെ വിശദാംശങ്ങൾ ഗുണ്ടർട്ട് പോർട്ടലിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അത് ഇവിടെ കാണാം. https://www.gundert-portal.de/?page=staff.

ഈ പ്രൊജക്റ്റിൽ പലതരത്തിൽ പെട്ട പുസ്തകങ്ങൾ ഉണ്ടായിരുന്നു. അവകളിലെ വിഷയങ്ങളിൽ ഞാൻ ജാതിയൊ മതമൊ ഒന്നും നോക്കിയിട്ടില്ല. ഇപ്പൊഴത്തെ കേരളീയ പരിസ്ഥിതി വിചാരിച്ചാണ് ഞാൻ ഇത് പ്രത്യേകം പറയാൻ കാരണം. അതിൽ ഞാൻ വളാർന്ന ചുറ്റുവട്ടത്തിൽ നിന്നല്ലാത്ത, എന്റെ വായനയിൽ ഇതുവരെ ഉൾപ്പെട്ടിട്ടില്ലാത്ത പലതും ഉണ്ടായിരുന്നതും, പ്രൊജക്റ്റിന്റെ ഭാഗമായി അവകളിൽ ചിലത് ഭാഗികമായും മറ്റ് ചിലത് മുഴുവനായും വായിക്കുകയും (ടൈപ്പ് ചെയ്യുമയും) വേണ്ടിവന്നതിനാൽ ആവകകളിലെ വിഷയങ്ങളിൽ അല്പം വിജ്ഞാനം ഉണ്ടായി എനിക്ക് എന്നതാണ് ആദ്യമായി ഈ പ്രൊജക്റ്റുകൊണ്ട് എനിക്കുണ്ടായ ഗുണം.

അതുകൂടാതെ മലയാള ഭാഷയിൽ എനിക്കിതുവരെ അജ്ഞാതമായിരുന്ന ചിഹ്നങ്ങളും (വടിവിരാമം, കുഞ്ഞുവട്ടം, കാൽ-അര-മുക്കാലിന്റെ വിവിധരൂപത്തിലുള്ള ചിഹ്നങ്ങൾ, “ഈ” എന്നതിന്റെ പഴയ ലിഘിതരൂപം, നാല് എട്ട് തുടങ്ങിയ അക്കങ്ങളുടെ കയ്യെഴുത്ത് രൂപം, മ, യ തുടങ്ങിയ അക്ഷരങ്ങളുടെ ചില്ല് രൂപം എന്നിവയെല്ലാം പെടും) എനിക്ക് പരിചിതമായി. രണ്ടിലധികം അക്ഷരങ്ങൾ ഉൾപ്പെടുത്തി കൂട്ടക്ഷരം നിർമ്മിക്കാം എന്നും അറിഞ്ഞു.

മറ്റൊന്നുള്ളത് അച്ചടി, ലിത്തോഗ്രാഫി തുടങ്ങി അതിന്റെ സാങ്കേതികത്വം കുറച്ച് മനസ്സിലാക്കി എന്നതാണ്.

എല്ലാറ്റിലും മീതെ ഭാഷഎഴുത്തിലെ സ്പെല്ലിങ്ങിനു വേണ്ടിയുള്ള കടും പിടുത്തം എനിക്ക് കുറച്ചൊക്കെ ഒഴിവാക്കാൻ പറ്റി. കാരണം ഇന്നു നാം കാണുന്ന എഴുത്തു രീതിയുടെ ചരിത്രത്തിലൂടെ ആയിരുന്നു ഞാൻ സഞ്ചരിച്ചിരുന്നത് എന്നത് തന്നെ. ഭാഷയുടെ ഗതകാലചരിത്രം അറിയുക എന്നത് രാഷ്ട്രത്തിന്റെ ചരിത്രം അറിയുക എന്നത് പോലെ തന്നെ പ്രധാനപ്പെട്ടതാണു. ഗുണ്ടർട്ട് പ്രൊജക്റ്റ് നമുക്ക് തെളിവുസഹിതം മലയാളഭാഷയുടെ ലിപി പരിണാമം എഴുത്തുരീതി (സ്പെല്ലുങ്ങ്) പരിണാമം എന്നിവ മാത്രമല്ല ഇന്നു നമ്മൾ മറന്ന പല വാക്കുകളും ചിഹ്നങ്ങളും നമ്മെ ഓർമ്മപ്പെടുത്തുന്നു. കൂടാതെ മലയാളം അച്ചടിയുടെ ചരിത്രവും കാണിച്ച് തരുന്നു. ഇതുവരെ കാണാത്ത ചില പുസ്തകങ്ങളും ഈ പ്രൊജക്റ്റ് നമുക്ക് തന്നു. എല്ലാംകൊണ്ട് നോക്കിയാലും ചരിത്രപരമായ ഒരു കാൽവെപ്പാണിത് എന്നാണെന്റെ അഭിപ്രായം. എനിക്ക് ഉണ്ടായ പ്രധാന അനുഭവം, മുന്നെ സൂചിപ്പിച്ചപോലെ ഭാഷാപരമായ പിടിവാശി അയഞ്ഞു എന്നത് ആണ്.

ഇത്രയും എഴുതിയത് മുഴുവൻ ഞാൻ എന്റെ അനുഭവങ്ങളും ഞാൻ പഠിച്ച പാഠങ്ങളും മാത്രം. അതുകൊണ്ട് ഈ പ്രൊജക്റ്റിന്റെ പ്രാധാന്യം തീരുന്നില്ലാ. ഇനി ഭാവിയിൽ ഈ പദ്ധതികൊണ്ട് എന്തൊക്കെ പ്രയോജങ്ങൾ ഉണ്ടാകും എന്നത് പ്രവചിക്കാൻ പറ്റില്ല. എന്നിരുന്നാലും ടെക്സ്റ്റ് റ്റു സ്പീച്ച്, മലയാളം ഒ.സി.ആർ മുതലായ സാങ്കേതിക വിദ്യ മലയാളത്തിൽ വികസിപ്പിക്കാൻ യൂണിക്കോടിലേക്ക് മാറ്റിയ വലിയ പൊതുസഞ്ചയ മലയാളം ടെക്സ്റ്റുകൾ ഉപകരിക്കും എന്നത് ഉറപ്പ്. അത് മാത്രമല്ല സ്കാനുകൾ നോക്കി മലയാളം അച്ചടിയുടെ ചരിത്രം പഠിക്കാം. അതിലെ ഭാഷാപരമായ പഠനങ്ങൾ വേറെ കിടക്കുന്നു. സാമൂഹികചരിത്രം പഠിക്കാൻ ഉതകുന്ന പാഠങ്ങൾ അതും ഉണ്ട്.  അനന്തസാദ്ധ്യതകൾ നമ്മുടെ മുന്നിൽ തുറന്നിട്ടിരിക്കുന്നു ഈ പദ്ധതി എന്നേ ഇപ്പോൾ പറയാൻ എന്നൊക്കെണ്ട് പറ്റൂ.

Friday, July 27, 2018

Ajitha harE! jaya maadhava... meaning

മുരിങ്ങൂർ ശങ്കരൻ പോറ്റി എഴുതിയ ആട്ടക്കഥ ആണ് കുചേലവൃത്തം.
ഭക്തിപ്രധാനമായ ഈ ആട്ടക്കഥയിലെ പ്രസിദ്ധമായ ഒരു പദം ആണ് അജിതാ ഹരേ.. എന്നു തുടങ്ങുന്ന പദം.
ഈ കഥയെ പറ്റി കൂടുതൽ ഇവിടെ വായിക്കാം. കഥമുഴുവനും വായിക്കാം
http://www.kathakali.info/ml/stories/kuchelavrutham
അജിതഹരേ! ജയ മാധവ! വിഷ്ണോ! അജമുഖദേവനത!
വിജയ സാരഥേ ! സാധു ദ്വിജനൊന്നു പറയുന്നു
സുജന സംഗമമേറ്റം സുകൃതനിവഹ സുലഭമതനു നിയതം
പലദിനമായി ഞാനും ബലഭദ്രാനുജാ ! നിന്നെ
നലമൊടു കാണ്മതിന്നു കളിയല്ലേ രുചിക്കുന്നു
കാലവിഷമം കൊണ്ടു കാമം സാധിച്ചതില്ലേ
നീലനീരദവർണ്ണ! മൃദുല (ലളിത -എന്ന് പാഠഭേദം) കമലരുചിരനയന! നൃഹരേ!
അദ്യാപി ഭവൽകൃപാ വിദ്യോതമാനമാകും
പാദ്യാദി ഏൽപ്പതിന്നു ഭാഗ്യമുണ്ടാക മൂലം
ചൈദ്യാരേ ! ജന്മഫലമിദ്വിജനെന്തു വേണ്ടൂ
ഹൃദ്യം താവക വൃത്തം മൊഴികിലുലയുമുരഗപതിയുമധുനാ
മേദുര ഭക്തിയുള്ള മാദൃശാം സുഖമെന്യേ
വാദമില്ലഹോ ദുഃഖം ബാധിക്കയില്ല നൂനം
യാദവാധിപാ ! നിന്നെ ഹൃദിചിന്താ നിദാനേന
മോദം മേ വളരുന്നു കരുണ വരണമരുണസഹജകേതന !
ajithaharE! jaya maadhava! vishNO! ajamukhadEvanatha!
vijaya saarathhE ! saadhu dvijanonnu parrayunnu
sujana sam_gamamEtam sukRthanivaha sulabhamathanu niyatham
paladinamaayi njaanum balabhadraanujaa ! ninne
nalamoTu kaaNmathinnu kaLiyallE ruchikkunnu
kaalavishamam koNTu kaamam saadhichchathillE
neelaneeradavarNNa! mRdula (laLitha -enn~ paaThabhEdam) kamalaruchiranayana! nRharE!
adyaapi bhaval_kRpaa vidyOthamaanamaakum
paadyaadi Elppathinnu bhaagyamuNTaaka moolam
chaidyaarE ! janmaphalamidvijanenthu vENToo
hRdyam thaavaka vRththam mozhikilulayumuragapathiyumadhunaa
mEdura bhakthiyuLLa maadRSaam sukhamenyE
vaadamillahO duHkham baadhikkayilla noonam
yaadavaadhipaa ! ninne hRdichinthaa nidaanEna
mOdam mE vaLarunnu karuNa varaNamaruNasahajakEthana !


അജിത=ആരാലും ജയിക്കാൻ പറ്റാത്തവൻ
ഹരരേ, ഹരി=വിഷ്ണു സംബോധനയാണിത്
ജയ=ജയിക്കുക
മാധവ! വിഷ്ണോ!=ഇതും സംബോധന ആണ്
അജമുഖദേവ=ബ്രഹ്മാവ് തുടങ്ങിയദേവന്മാരാൽ
നത=നമിക്കപ്പെട്ടവൻ ആരാധിക്കപ്പെടുന്നവൻ, സംബോധന തന്നെ.
വിജയ സാരഥേ= ഇതു സംബോധനതന്നെ. വിജയൻ, അർജ്ജുനൻ. പണ്ട് മഹാഭാരതയുദ്ധത്തിൽ അർജ്ജുനന്റെ തേർ തളിക്കുന്ന സാരഥി ആയിരുന്നു കൃഷ്ണൻ
സാധു ദ്വിജനൊന്നു പറയുന്നു=മാഹാസാധുവായ ഈ ബ്രാഹ്മണൻ ഒന്ന് പറയട്ടെ.
സുജന സംഗമം=നല്ലവരായ ജനങ്ങളുമായുള്ള കൂടിച്ചേരൽ
സുകൃതനിവഹം=സുകൃതം നൽകുന്നതാണ്
സുലഭമതനു നിയതം=ധാരാളം കിട്ടുന്നത ല്ല തീർച്ച
പലദിനമായി ഞാനും=കുറെ ദിവസമായി ഞാനും
ബലഭദ്രാനുജാ=ബലഭദ്രരുറ്റെ അനിയാ നിന്നെ
നലമൊടു കാണ്മതിന്നു=നന്നായി ഒന്ന് കാണുവാൻ
കളിയല്ലെ രുചിക്കുന്നു=തമാശയല്ല വിചാരിക്കുന്നു
കാലവിഷമംകൊണ്ട് =കാലത്തിന്റെ വിഷമം അഥവാ ഓരോരോ തടസ്സങ്ങൾ കൊണ്ട്
കാമം സാധിച്ചതില്ലേ=എന്റെ ഇഷ്ടം (അങ്ങയെ വന്ന് കാണുവാനായുള്ള) സാധിച്ചില്ലാ
നീല നീരദവർണ്ണ=നീലമേഘങ്ങളുടെ നിറമുള്ളവനെ (നീരദം-മേഘം, നീലം=കറുപ്പ് എന്നും അർത്ഥമുണ്ട്)
മൃദുല കമലരുചിരനയന=മൃദുലമായ താമരയുടെ ഇതളിനെ പോലെ ഉള്ള കണ്ണുകൾ ഉള്ളവനെ
നൃഹരേ=സിംഹരൂപം ധരിച്ചവനെ, പണ്ട് നരസിംഹരൂപം അവതാരം ഓർത്തുകൊണ്ട്.
അദ്യാപി=ഇപ്പോൾ
ഭവൽ കൃപാ=അങ്ങയുടെ കൃപകൊണ്ട്
വിദ്യോതമാനമാകും=പ്രകാശപൂരിതമായ
പാദ്യാദി=പദരേണുക്കൾ,കൃഷ്ണന്റെ കാല്പാദങ്ങൾ പതിഞ്ഞ മൺപൊടികൾ
ഏൽപ്പതിന്നു ഭാഗ്യം ഉണ്ടാക മൂലം= ഏൽക്കുന്നതിനുള്ള ഭാഗ്യം ഉണ്ടായ കാരണം
ചൈദ്യാരേ=ചേദിരാജാവിന്റെ ശത്രുവേ.. ശിശുപാലന്റെ ശത്രു
ജന്മഫലം ഈ ദ്വിജനെന്തു വേണ്ടൂ=എന്റെ ജന്മത്തിന്റെ നല്ലവശം ആണിത് എന്നല്ലാതെ ഈ ബ്രാഹ്മണൻ എന്താ പറയുക!
ഹൃദ്യം താവക വൃത്തം=അങ്ങയുടെ വാർത്തകൾ എന്റെ ഹൃദയത്തിനു ഏറ്റവും ഇഷ്ടമുള്ളതാണ്.
മൊഴികിലുലയും ഉരഗ പതിയും അധുനാ= ആ വാർത്തകൾ പറഞ്ഞാൽ അനന്തൻ പോലും ഇളകും
മേദുരഭക്തിയുള്ള=ഏറ്റവും ഭക്തിയുള്ള
മാദൃശാം=എന്നെ പോലെ ഉള്ളവർക്ക്
സുഖമന്യേ=സുഖം അല്ലാതെ, സുഖം കൂടാതെ (ദുഃഖം വരില്ലാ എന്ന് വ്യഗ്യം)
വാദമില്ലഹോ=അതിൽ വാദിക്കാൻ ഇല്ലാ.
ദുഃഖം ബാധിക്കാ ഇല്ല നൂനം=ദുഃഖം ഒട്ടും വരില്ല
യാദവാധിപ=യാദവന്മാരുടെ നേതാവേ
നിന്ന് ഹൃദി ചിന്താ നിദാനേന=നിന്നെ എപ്പോഴും മനസ്സിൽ വിചാരിച്ചിരുന്നാൽ
മോദം മേ വളരന്നു=എനിക്ക് സന്തോഷം വലുതാകുന്നു
കരുണ വരണമരുണസഹജകേതന=(എന്നിൽ) കരുണ ഉണ്ടാകണം അല്ലയോ അരുണ സഹോദരൻ (ഗരുഡൻ) കൊടിയടയാളമായുള്ളവനെ.

കുചേലവൃത്തം മുഴുവൻ അർത്ഥം എഴുതണം എന്നുണ്ട്. പക്ഷെ…