സ്വപ്നമാണോ യാഥാർത്ഥ്യമാണോ എന്ന് സ്വയം നുള്ളിനോക്കിക്കൊണ്ട് ഇരിക്കുന്ന ഒരു അവസ്ഥയിലൂടെ ആണ് ഞാനിപ്പൊ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ഒന്ന് നുള്ളട്ടെ നിയ്ക്ക് വേദനിയ്ക്കുമോ എന്നറിയാലൊ..
ഒരുപാടു കാലമായല്ലൊ ഞാൻ ഇവിടെ. ഞങ്ങൾ ഒരുപാട് യത്നിച്ചതാ കഥകളി ഇവിടെ ഈ മണ്ണിൽ ഒന്നു കാണാൻ. ഇതുവരെ ഫലിച്ചില്ല. ദേ ഇപ്പോൾ കഴിഞ്ഞ രണ്ട് ദിവസം കൃത്യമായി ഫെബ്രുവരി 8,9 2018 തീയ്യതികളിൽ ആ സ്വപ്നം യാഥാർത്ഥ്യമായി!
ജനദ്രിയ ഉത്സവം എന്ന് പറഞ്ഞാൽ സൗദി അറേബ്യയുടെ ദേശീയ ഉത്സവമായി കൊണ്ടാടാൻ തുടങ്ങീട്ട് കൊല്ലങ്ങൾ ആയി. പലപ്രാവശ്യം ഞാൻ പോയി കണ്ടിരിക്കുന്നു. എല്ലാ കൊല്ലവും ഫെബ്രുവരിയിൽ ആണ് ഈ ഉത്സവം. ഓരോകൊല്ലവും ഓരോ രാജ്യങ്ങൾ പ്രത്യേക അതിഥികൾ ആകാറുണ്ട്. ഇക്കൊല്ലം ഇന്ത്യ എന്ന എന്റെ രാജ്യമാണ് പ്രത്യേക അതിഥി. എന്റെ ഭാഗ്യം!. ആയതുകൊണ്ട് ഇക്കൊല്ലം എനിക്ക് കഥകളി സൗദി അറേബ്യയുടെ മണ്ണിൽ ഇരുന്നു കാണാനുണ്ടായ ചരിത്ര മുഹൂർത്തത്തിനു സാക്ഷ്യം വഹിക്കാനായി!
ഇക്കൊല്ലത്തെ ജനദ്രിയ ഉത്സവത്തിനു ഇന്ത്യയാണു അതിഥി എന്ന് ഞാൻ അറിഞ്ഞത് പത്രങ്ങളിലൂടെ ആണ്. ആ വാർത്തയിൽ സാംസ്കാരികമായ വിനിമയത്തിൽ ഇന്ത്യയിലെ മറ്റ് കലകളും കഥകളിയും ഉണ്ടാകും എന്നറിഞ്ഞപ്പൊൾ മുതൽ, കഥകളി കലാകാരന്മാർ ആരൊക്കെ വരുന്നു എന്ന് ഞാൻ എന്റെ ചെറിയ നെറ്റ്‌വർക്കിലൂടെ അന്വേഷിച്ചിരുന്നു. അപ്പൊൾ ചോദിക്കുന്നവർ ഒക്കെ ങ്ഹേ സൗദിയിലേക്കോ? അറിയില്ലാ എന്നേ മറുപടി കിട്ടിയിരുന്നുള്ളൂ.
അങ്ങനെ ഇളിഭ്യനും വിഷണ്ണനുമായി ഇരിക്കുമ്പൊൾ ആണ് എനിക്ക് ഫേസ്ബുക്കിലൂടെ എന്റെ അനിയന്റെ ഒരു വോയ്സ് മെസേജ് വരുന്നത്. അത് കേട്ടപ്പൊൾ സമാധാനായി പിന്നെ ആരൊക്കെ എന്തൊക്കെ എന്ന് അന്വേഷിച്ചു. ഒപ്പം തന്നെ സുദീപ് പിഷാരോടി സദനം സുരേഷ് വരുന്നുണ്ട് എന്നും പറഞ്ഞു.
ഇന്റർനാഷണൻ സെന്റർ ഫോർ കഥകളി, ഡെൽഹിയിലെ കലാകാരന്മാർക്കൊപ്പം രണ്ട് മൂന്നു പേർ നാട്ടിൽ നിന്നും അണ് സൗദിയിൽ കഥകളി ആദ്യമായി അവതരിപ്പിക്കാൻ വന്നത്. ജനദ്രിയ ഫെസ്റ്റിവലിൽ പൊതുജനങ്ങൾക്ക് പ്രവേശനാനുമതി കൊടുത്ത ആദ്യദിവസം അതായത് ഫെബ്രുവരി 8നു രണ്ടാം ദിവസം ഒമ്പതിനും ആണ് കഥകളി അവതരണം ഉണ്ടായത്. പിന്നീടുള്ള ദിവസങ്ങളിൽ ഇന്ത്യയിലെ മറ്റ് കലകളും നമ്മുടെ കളരിപ്പയറ്റും ഒക്കെ ഉണ്ട്. സമയം വൈകുന്നേരം ആറുമുതൽ ഏഴുവരേയും പിന്നെ എട്ടുമുതൽ ഒമ്പത് വരേയും ആയി രണ്ട് ടൈം സ്ലോട്ടുകൾ ആയിരുന്നു. തുടർച്ചയില്ലാത്തതിനു കാരണം അതിനിടയ്ക്ക് വരുന്ന ഇഷ പ്രെയർ ആണ്. ജനദ്രിയ ഉത്സവം ആദ്യത്തെ നാലുദിവസം, അതായത് ഫെബ്രുവരി 11 വരെ ആണുങ്ങൾക്ക് മാത്രവും പിന്നെ 12 മുതൽ 24 വരെ കുടുംബങ്ങൾക്കും സന്ദർശിക്കാൻ ആണ് അനുമതി ഉള്ളത്. അതായത് കഥകളി ആണുങ്ങളേ കണ്ടുള്ളൂ എന്നതാണ് വാസ്തവം. ആദ്യ ദിവസം കുറച്ചു സ്ത്രീജനങ്ങളും കുട്ടികളും ഉണ്ടായിരുന്നു.
ആദ്യദിവസം പറശ്ശിനിക്കടവ് മനോജിന്റെ മദ്ദളകേളിയോടെ കളി ആരംഭിച്ചു. അതിനു മുന്നേ പാട്ടുകാരും മേളക്കാരും മാത്രമായി ഒരു വാദ്യമഞ്ജരി പോലെ രണ്ട് ദിവസവും ഉണ്ടായി. അതൊക്കെ കാണികൾ ആയ അറബ് വംശജർ, സന്ദർശകരായി ജി സി സി രാജ്യങ്ങളിൽ നിന്ന് പലരും വരാറുണ്ട് ഈ ഉത്സവത്തിനു, നന്നായി ആസ്വദിച്ചു. സൗദികളും ധാരാളം ആസ്വദിച്ചു. പ്രത്യേകിച്ച് രാഗം പാടുമ്പൊൾ ഒക്കെ നല്ല കയ്യടി ആയിരുന്നു.
ഈ ഉത്സവത്തിനു ഉത്സവപ്പറമ്പിൽ അവിടെ ഇവിടെ ആയി സൗദി ഡാൻസുകൾ അടക്കം പലവേദികളിലും പലസ്ഥലങ്ങളിലെ പവലിയനുകളിലും ആയി പല പല പരിപാടികൾ നടന്നുകൊണ്ടിരിക്കും. കാണികൾ ഇരുന്ന് ഒരു പരിപാടി കാണുന്നത് നന്നേ കമ്മി ആകും. എല്ലാവരും നടന്നു, ഒരു സ്ഥലത്തും നിൽക്കാതെ, കാണുകയാണ് പതിവ്. എന്നാൽ നമ്മുടെ കഥകളിയ്ക്ക് പലരും വേദിയ്ക്ക് മുന്നിൽ നിന്ന് തന്നെ കളി കണ്ടു കയ്യടിച്ചു ആരവത്തോടെ പ്രോത്സാഹിപ്പിച്ചു.
കഥകളി കാണാൻ ഇന്ത്യക്കാരായിട്ട് ഇന്ത്യൻ എംബസി അംബാസഡർ അടക്കം ഞങ്ങൾ കുറച്ച് ഇന്ത്യക്കാരേ ഉണ്ടായിരുന്നുള്ളൂ എന്നത് മറ്റൊരു വാസ്തവം.
വാദ്യമഞ്ജരി കഴിഞ്ഞ് ചുവന്നാടിയും സ്ത്രീയും കൃഷ്ണമുടിയും ചേർന്ന് ഒരു പുറപ്പാട് ആണ് നടന്നത്. സംഗതി കളിവിളക്ക് ഇല്ലാതെയും. ആരാണ് ഇങ്ങനെ ഇതു വേണ്ടാ അതുവേണ്ടാ എന്ന് നിശ്ചയിക്കുന്നത് എന്ന് എനിക്കറിയില്ല. ഇത് പ്രത്യേകിച്ചും ഗവണ്മെന്റുകൾ തമ്മിലുള്ള ഔദ്യോഗികമായ സാംസ്കാരിക വിനിമയം ആയതിനാൽ അനാവശ്യമായ റെസ്റ്റ്രിക്ഷൻസ് എന്ന് എനിക്ക് തോന്നി.അണിയറയിൽ ചെറിയ വിളക്ക് കത്തിച്ചുവെച്ചിരുന്നു എന്നത് ശ്രദ്ധേയം.
പുറപ്പാടിനു ശേഷം പരിപാഹി മുതൽ ദുശ്ശാസനവധം വരെ ദുര്യോധനവധം ആട്ടക്കഥ അരങ്ങേറി. ദുശ്ശാസനനെ കൊന്ന് കൊടൽമാല ചോര ഇല്ലാതെ കൊടൽമാലയും ഇല്ലാതെ, വലിച്ച് ചോരകുടിച്ചു എന്ന് കാണിച്ച്, അൽപ്പം ചോര ചുണ്ടിൽ മാത്രം പുരട്ടി, പാഞ്ചാലിയുടെ മുടി കെട്ടിക്കൊടുത്തു. അതിനൊക്കെ ഭയങ്കര കയ്യടി ആയിരുന്നു.
കൃഷ്ണൻ ആയി കലാമണ്ഡലം ആർ അനിൽകുമാർ, പാഞ്ചാലി ആയി കലാമണ്ഡലം വിവേക്, കത്തി വേഷം സദനം സുരേഷ്, താടി കലാഭാരതി കല്യാണകൃഷ്ണൻ, രൗദ്രഭീമനായി തിരുവട്ടാർ ജഗദീശൻ, മദ്ദളം പറശ്ശിനിക്കടവ് വി വി മനോജ്, ചെണ്ട ചെറുതാഴം കുഞ്ഞിരാമൻ മാരാർ, കലാമണ്ഡലം വാഴേങ്കട കൃഷ്ണദാസ്, പാട്ട് കോട്ടക്കൽ ജയൻ, കലാമണ്ഡലം കെ മണികണ്ഠൻ, ഇടക്ക, പി. വി കൃഷ്ണദാസ്, ചുട്ടി കലാമണ്ഡലം രാജേഷ്, കലാനിലയം നിധീഷ്, അണിയറ ഗോവിന്ദൻ ജി എന്നിവരുമാണ് ഉണ്ടായത്.
ഒന്നാം ദിവസമായ ഫെബ്രുവരി എട്ടിലെ കളി ആകമൊത്തം നന്നായി എന്നു തന്നെ ഞാൻ പറയും. ഇനി രണ്ടാം ദിവസം.
രണ്ടാം ദിവസവും വാദ്യമഞ്ജരിയോടെ പരിപാടി തുടങ്ങി. ബണ്ടുരീതികോലു.. പാടി തുടങ്ങി ഒരു തനിയാവർത്തനം മദ്ദളം ചെണ്ടകൾ രണ്ട്, ഇടയ്ക്ക എന്നിവ കൂടി ഉണ്ടായി. അതിനൊക്കെ നല്ല കയ്യടി ആയിരുന്നു. രാഗം ആലപിക്കുമ്പൊൾ ഉള്ള കയ്യടി പ്രത്യേകം ശ്രദ്ധിച്ചു ഞാൻ.
തുടർന്ന് കഥകളി പകുതി പുറപ്പാടോടെ തുടങ്ങി. കിർമ്മീരവധത്തിലെ ശ്ലോകം ചൊല്ലി തുടങ്ങിയ പകുതി പുറപ്പാടിൽ രണ്ട് കൃഷ്ണന്മാർ മാത്രം. ഒരു കൃഷ്ണൻ നാമമായി ശംഖ് ആയിരുന്നു വരച്ചിരുന്നത്. അത് ചെയ്തത് കലാഭാരതി കല്യാണകൃഷ്ണനും കലാമണ്ഡലം അഭിഷേകും ആയിരുന്നു.ശേഷം നളചരിതം ഒന്നാം ദിവസത്തിലെ ദമയന്തി തോഴി സാരി നൃത്തം ആയിരുന്നു. ദമയന്തി ആയി കലാമണ്ഡലം അനിൽ കുമാറും തോഴി ആയി സദനം സുരേഷും വന്നു. അതും നന്നായി എന്ന് തന്നെ പറയാം.
പിന്നെ അടുത്ത സ്ലോട്ടിൽ (എട്ടു മണി മുതൽ) അതിലെ ഒരു കൃഷ്ണനും (കലാ.അഭിഷേക്) അർജ്ജുനനും കൂടിയുള്ള ദുര്യോധനവധം യുദ്ധരംഗം ഗീതോപദേശസഹിതം. ഇത് കീഴ്പ്പടം കുമാരൻ നായർ ഐ സി കെയിൽ ഉണ്ടായിരുന്നപ്പോൾ ചിട്ടപ്പെടുത്തിയത്. അത് പോലെ കളിച്ചു. നല്ലൊരു അനുഭവം ആയിരുന്നു. അർജ്ജുനനായി വന്നത് കലാമണ്ഡലം വിവേക് ആയിരുന്നു. അദ്ദേഹത്തിന്റെ നല്ല പ്രവൃത്തിയും ആയിരുന്നു. പാട്ടിനും മേളത്തിനും മുൻപുള്ളവർ തന്നെ. നല്ലൊരു രംഗം ആയിരുന്നു അത്. കലാ.വിവേക് പ്രത്യേകിച്ചും നന്നായി. കൃഷ്ണൻ സ്വതേ ഉള്ളപോലെ കുട്ടികൃഷ്ണൻ കുസൃതി മുഖം.
പക്ഷെ അതിൽ അർജ്ജുനന്റെ വില്ലും അമ്പും രൂപം ഒരു പ്രശ്നം തന്നെ ആയിരുന്നു. സാദാ കഥകളി പ്രോപ്പർട്ടി പാക്ക് ചെയ്ത് ഇവിടെ എത്തെണ്ടതിനാലാകും ഇങ്ങനെ വളഞ്ഞ വില്ല് ഉണ്ടാക്കി കൊണ്ട് വന്നത്. അത് സഹിച്ചു ഞാൻ. അതിനൊക്കെ ഉള്ള കയ്യടികൾ! കഥകളിയെ അത്രയും സ്വീകരിച്ചു സൗദി ജനത. സാക്ഷി ഞാനുണ്ട്.
അറബിക്കിലും ഇംഗ്ലീഷിലും അനൗൺസ്മെന്റ് ഉണ്ടായിരുന്നു. കളി കഴിഞ്ഞ് ഓരോ കലാകാരന്മാരുടേയും പേരു അറബിക്കിൽ പറഞ്ഞ് സ്റ്റേജിൽ അവർ വരുമ്പൊൾ വമ്പിച്ച ആരവം ആയിരുന്നു! എല്ലാവർക്കും നല്ല പ്രോത്സാഹനം! ആരും പ്രതീക്ഷിക്കാത്തത്!
ശേഷം കലാകാരന്മാരോട് ഞാൻ സംസാരിച്ചപ്പോൾ, ഹൊ എന്തൊക്കെയാ സൗദി എന്ന് പറഞ്ഞ് ഞങ്ങളെ പേടിപ്പിച്ചിരുന്നത്, ഒരു വസ്തും ഇല്യാ. എല്ലാവരും നല്ല പ്രോത്സാഹനം എന്ന് അവർ സാക്ഷി!
ഇഷപ്രെയറിനു ശേഷം ആണല്ലൊ ആദ്യത്തേത് കഴിഞ്ഞ് തുടങ്ങുക. അതായത് എട്ട് മുതൽ ഒമ്പത് വരെ. ആറുമുതൽ ഏഴുവരെ പകുതി പുറപ്പാട് & സാരി നൃത്തം. കഴിഞ്ഞ് ഇരിക്കുന്നു. അണിയറയിൽ കൃഷ്ണമുടി അഴിച്ച് അഭിഷേക് ഇരിക്കുന്നു. കാണാൻ ഒപ്പം ഫോട്ടോ എടുക്കാൻ അനവധി പേർ വരുന്നുണ്ട്. അഭിഷേക് വർത്തമാനം പറയുന്നുണ്ട്. ഫോട്ടോ സെഷൻ ഒക്കെ നടക്കുന്നുണ്ട്. അതിനിടയ്ക്ക് ഒരു കൊച്ചു പയ്യനും ഒരു പയ്യനും ഒരച്ഛനും കേറി വന്നു. കൊച്ചു പയ്യൻ & പയ്യൻ പേടിച്ച് വരുന്നില്ല. കൃഷ്ണമുടി കണ്ട് പേടിക്കുന്നത് ആദ്യായിട്ടാ ഞാൻ കാണുന്നത്!. ഒപ്പം ഉള്ള സൗദികൾ പറയുന്നുണ്ട് അവസസാനം പയ്യൻ സൗദി ഒകെ ആയി ഫോട്ടോ ഒന്നും എടുത്തില്ലാന്ന് തോന്നുന്നു. അവർ എന്തായാലും കൊച്ചു പയ്യൻ അടക്കം കണ്ടു കഥകളി.
സ്വകാര്യമായി അഭിമാനിക്കാൻ തോന്നിയത് കളിക്കാർ എല്ലാവരും നമ്മടെ മൊബൈൽ അപ്ലിക്കേഷൻ ഉപയോഗിക്കുന്നവർ ആയിരുന്നു എന്നതാണ്. കച്ചേരി & ലെക് ഡെമോ സമയം പല കാണികളും അത് നോക്കുന്നത് കണ്ടു.
1 അഭിപ്രായം:
സൗദിയും നിയന്ത്രണങ്ങൾ കുറഞ്ഞു മനുഷ്യപ്പറ്റുള്ള രാജ്യമായി വരുന്നു എന്നാണ് പല സുഹൃത്തുക്കളും പിന്നെ കഴിഞ്ഞ 25 വർഷമായി അവിടെ ജോലിചെയ്യുന്ന ഭാര്യാപിതാവും പറഞ്ഞുള്ള അറിവ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ