Sunday, May 15, 2005

ദു:ഖമാണഖിലസാരമൂഴിയില്‍...

അങ്കണത്തയ്മാവില്‍നിന്നാദ്യത്തെപ്പഴം വീഴ്കെ-
യമ്മതന്‍ നേത്രത്തില്‍ നിന്നുതിര്‍ന്നൂ ചുടുകണ്ണീര്‍
നാലുമാസത്തിന്‍ മുന്‍പിലേറെനാള്‍ കൊതിച്ചിട്ടി-
ബ്ബാല മാകന്ദം പൂവിട്ടുണ്ണികള്‍ വിരിയവേ,
അമ്മ തന്‍ മണിക്കുട്ടന്‍ പൂത്തിരി കത്തിച്ച പോ-
ലമ്മലര്‍ച്ചെണ്ടൊന്നൊടിച്ചാഹ്ലാദിച്ചടുത്തെത്തി
ചൊടിച്ചു മാതാവപ്പോള്‍ 'ഉണ്ണികള്‍ വിരിഞ്ഞ പൂ-
വൊടിച്ചു കളഞ്ഞല്ലോ കുസൃതിക്കുരുന്നേ നീ
മാങ്കനി വീഴുന്നേരമോടിച്ചെന്നെടുക്കേണ്ടോന്‍
പൂങ്കുല തല്ലുന്നതു തല്ലു കൊള്ളാഞ്ഞിട്ടല്ലേ?'
പൈതലിന്‍ ഭാവം മാറി, വദനാംബുജം വാടി
കൈതവം കാണാക്കണ്ണു കണ്ണുനീര്‍ത്തടാകമായ്‌
'മാമ്പഴം പെറുക്കുവാന്‍ ഞാന്‍ വരുന്നില്ലെ'ന്നവന്‍
മാണ്‍പെഴും മലര്‍ക്കുലയെറിഞ്ഞു വെറും മണ്ണില്‍
വാക്കുകള്‍ കൂട്ടിച്ചൊല്ലാന്‍ വയ്യാത്ത കിടാങ്ങളേ,
ദീര്‍ഘദര്‍ശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങള്‍!

തുംഗമാം മീനച്ചൂടാല്‍ തൈമാവിന്‍ മരതക
ക്കിങ്ങിണി സൌഗന്ധിക സ്വര്‍ണ്ണമായ്ത്തീരും മുന്‍പേ
മാങ്കനി വീഴാന്‍ കാത്തുനില്‍ക്കാതെ, മാതാവിന്റെ
പൂങ്കുയില്‍ കൂടും വിട്ടു പരലോകത്തെപ്പൂകി

വാനവര്‍ക്കാരോമലായ്‌, പ്പാരിനെക്കുറിച്ചുദാ-
സീനനായ്‌, ക്രീഡാരസ ലീനനായവന്‍ വാഴ്കെ,
അങ്കണത്തൈമാവില്‍ നിന്നാദ്യത്തെപ്പഴം വീഴ്കെ,
അമ്മതന്‍ നേത്രത്തില്‍ നിന്നുതിര്‍ന്നൂ ചുടുകണ്ണീര്‍
തന്‍ മകന്നമൃതേകാന്‍ താഴോട്ടു നിപതിച്ച
പൊന്‍പഴം മുറ്റത്താര്‍ക്കും വേണ്ടാതെ കിടക്കവേ,
അയല്‍പക്കത്തെക്കൊച്ചു കുട്ടികളുത്സാഹത്തോ-
ടവര്‍ തന്‍ മാവിന്‍ ചോട്ടില്‍ കളിവീടുണ്ടാക്കുന്നു;
"പൂവലനണ്ണാര്‍ക്കണ്ണാ, മാമ്പഴം തരികെ"ന്നുള്‍-
പ്പൂവാളും കൊതിയോടെ വിളിച്ചു പാടീടുന്നു.
ഉതിരും മധുരങ്ങളോടിച്ചെന്നെടുക്കുന്നു
മുതിരും കോലാഹല മംഗലധ്വാനത്തോടും
വാസന്ത മഹോത്സവമാണവര്‍ക്കെന്നാലവള്‍-
ക്കാഹന്ത! കണ്ണീരിനാലന്ധമാം വര്‍ഷാകാലം

പുരതോ നിസ്തബ്ധയായ്‌ തെല്ലിട നിന്നിട്ടുതന്‍
ദുരിതഫലം പോലുള്ളപ്പഴമെടുത്തവള്‍
തന്നുണ്ണിക്കിടാവിന്റെ താരുടല്‍ മറചെയ്ത
മണ്ണില്‍ത്താന്‍ നിക്ഷേപിച്ചു മന്ദമായേവം ചൊന്നാള്‍:
"ഉണ്ണിക്കൈയ്ക്കെടുക്കുവാനുണ്ണിവായ്ക്കുണ്ണാന്‍ വേണ്ടി,
വന്നതാണീ മാമ്പഴം വാസ്തവമറിയാതെ,
നീരസം ഭാവിച്ചു നീ പോയിതെങ്കിലും കുഞ്ഞേ,
നീയിതു നുകര്‍ന്നാലേ അമ്മയ്ക്കു സുഖമാവൂ.
പിണങ്ങിപ്പോയീടിലും പിന്നെ ഞാന്‍ വിളിയ്ക്കുമ്പോള്‍-
ക്കിണുങ്ങിക്കിണുങ്ങി നീയുണ്ണുവാന്‍ വരാറില്ലേ?
വരിക
കണ്ണാല്‍ക്കാണാന്‍ വയ്യാത്തൊരെന്‍ കണ്ണനേ,
തരസാ നുകര്‍ന്നാലും തായ തന്‍ നൈവേദ്യം നീ"
ഒരു തൈക്കുളിര്‍ കാറ്റായരികെത്തണഞ്ഞപ്പോ
ളരുമക്കുഞ്ഞിന്‍ പ്രാണനമ്മയെയാശ്ലേഷിച്ചൂ.

---പൊതുവെ ബ്ലോഗ്ഗില്‍ ദു:ഖം കയറിവന്നപ്പോള്‍ ഈ കവിത ഓര്‍മ്മ വന്നു. ആരേയും കരയിപ്പിക്കാനല്ല. എനിക്കിതു കണ്ണില്‍ വെള്ളം നിറയതെ വായിക്കാനോ ഓര്‍മ്മിക്കനോ പറ്റാറില്ല. അതിനാല്‍ പറഞ്ഞതാണ്‌. അതുകൊണ്ടു തന്നെ അധികം ഈ കവിത ഓര്‍മ്മിക്കാറില്ല. ആരാണെഴുതിയത്‌, എന്താണുപേര്‌ എന്നൊന്നും പ്രത്യേകിച്ചുപറയേണ്ട ആവശ്യമില്ലല്ലൊ. ഈ കവിതയെപറ്റി ഒരു കാലത്തുവന്ന സംവാദങ്ങള്‍ അതുമെല്ലാവര്‍ക്കുമറിയാം. ഓര്‍മ്മ പുതുക്കുന്നോ?

4 comments:

Anonymous said...

ആരാണെഴുതിയത്‌, എന്താണുപേര്‌ എന്നൊന്നും പ്രത്യേകിച്ചുപറയേണ്ട ആവശ്യമില്ലല്ലൊ

The above comment of yours is right.. though I was looking for this for long time.. Thanks Sunil..for taking me back to my school days.. Sasneham RK

സു | Su said...

enthinaa maashe veruthe aalkkare karayippikkan oronnu chayyunnathu .

sudheer said...

yeah man am frm perintalmanna
u can reach me at sudheerpmna@yahoo.com

Sunil said...

ezhuthiyath~ "vailOppiLLi SreedharamenOn" kavithayuTe pER:"maampazham"