Saturday, August 22, 2015

ഇന്നോ നീ സുമംഗലി

ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽ നിന്ന് കേരളത്തിൽ പ്രത്യേകമായ ഒരു സാമൂഹികസാഹചര്യമായിരുന്നു നിലവിലുണ്ടായിരുന്നത്. കേരളസമൂഹത്തിലും ജാതിയും മതവും തൊട്ടുകൂടായ്മയും മറ്റും തീക്ഷ്ണമായിരുന്നു. സമൂഹത്തിന്റെ പൊതുഘടനയിൽ നമ്പൂതിരിമാർ എന്ന പേരിലുള്ള ബ്രാഹ്മണരായിരുന്നു മുന്നിൽ ഉണ്ടായിരുന്നത്. അവരുടെ എണ്ണമാകട്ടെ വളരെ തുച്ഛവും. എന്നാൽ അളവറ്റ സ്വത്തിന്റെ ഉടമകളായിരുന്നു പല നമ്പൂതിരിമാരും. ഇവരുടെ ഇടയിലെ ഒരു പ്രത്യേകഘടന കാരണം ആയിരുന്നു നമ്പൂതിരിമാരുടെ എണ്ണം കുറവായി തന്നെ നിന്നിരുന്നത്.

ആചാരങ്ങളിൽ അന്ധമായി വിശ്വസിച്ച് ജീവിച്ചിരുന്ന ഇവരുടെ ഇടയിൽ കുടുംബത്തെ മൂത്തആൾക്കുമാത്രമേ നമ്പൂതിരിസമുദായത്തിൽ നിന്നും തന്നെ വിവാഹം ചെയ്യാൻ സാധിക്കുമായിരുന്നുള്ളൂ. ഇവരായിരുന്നു സ്വത്ത് നിയന്ത്രിച്ചിരുന്നത്. ഇളയസന്തതികൾ മറ്റ് സമുദായങ്ങളിൽ നിന്നായിരുന്നു "സംബന്ധം" എന്നറിയപ്പെടുന്ന വിവാഹം കഴിച്ചിരുന്നത്. സംബന്ധത്തിലുണ്ടായ സന്താനങ്ങൾക്ക് പിതാവിന്റെ സ്വത്തിൽ അധികാരവുമുണ്ടായിരുന്നില്യ. സ്വത്ത് കേന്ദ്രീകൃതമായി എന്നത് മാറ്റിവെച്ചാലും ഈ വിവാഹസമ്പ്രദായം അനവധി പ്രശ്നങ്ങൾക്ക് കാരണമായി. മൂത്തസന്തതിയ്ക്ക് മാത്രമേ
വിവാഹം അനുവദനീയമായുള്ളൂ എന്നതിനാൽ വിവാഹപ്രായമായ പെൺകുട്ടികൾ നമ്പൂതിരിഗൃഹങ്ങളിൽ വിവാഹം കഴിക്കാനാകാതെ "പുരനിറഞ്ഞ്" നിൽപ്പായി. മൂത്തസന്തതിയ്ക്ക് ഒന്നിലധികം വേളി ആവാമെന്നുള്ളതും ഈ "പുരനിറയുന്ന" പ്രശ്നത്തിനു പരിഹാരമായില്യാ. ആചാരങ്ങളിൽ അന്ധമായി വിശ്വസിച്ച് അത് പിന്തുടർന്നിരുന്ന ഇവരുടെ ഇടയിൽ വിധവാവിവാഹം അനുവദനീയമായിരുന്നില്യ. അതിനാൽ തന്നെ സ്ത്രീജനങ്ങളുടെ ജീവിതം ദുസ്സഹമായിരുന്നു അക്കാലത്ത്.

ഇന്ത്യൻ സ്വാതന്ത്രസമരത്തിന്റെ അവസാന ഘട്ടത്തിലായിരുന്നു നമ്പൂതിരി സമുദായത്തിലും മാറ്റങ്ങളുടെ കാറ്റ് വീശിയത്. സ്വാതന്ത്ര്യസമരം കത്തിജ്വലിച്ച് നിൽക്കുന്ന കാലം. സമൂഹത്തിന്റെ സകലതുരുത്തുകളും പരിഷ്കാരങ്ങളും പരിവർത്തനങ്ങളും കൊണ്ട് മാറാൻ വെമ്പുന്ന കാലം. നമ്പൂതിരിസമുദായത്തിലും ഇത് നിഴലിച്ചു. അവരുടെ ഇടയിൽ "ഉണ്ണി നമ്പൂതിരി" എന്ന പേരിൽ ഒരു പത്രം പ്രചാരത്തിൽ വന്നു. യോഗക്ഷേമസഭ രൂപീകരിക്കപ്പെട്ടു.

നമ്പൂതിരി സമുദായത്തിൽ മാറ്റത്തിന്റെ കൊടുങ്കാറ്റ് കൊണ്ടുവന്നതിൽ പ്രധാനികളിൽ ഒരാളായിരുന്നു വി.ടി.ഭട്ടതിരിപ്പാട് എന്ന വെള്ളിത്തിരുത്തിത്താഴത്തു മനയ്ക്കലെ രാമന്‍ ഭട്ടതിരിപ്പാട്. ഇദ്ദേഹം അന്ന് സ്വസമുദായത്തിൽ നിലനിന്നിരുന്നു നൂറുനൂറു ദുരാചാരങ്ങളെ പരസ്യമായി വെല്ല് വിളിച്ചു. അദ്ദേഹത്തിനൊപ്പം മറ്റ് പലരുമുണ്ടായിരുന്നു എന്ന പോലെ തന്നെ മുല്ലമംഗലത്ത് സഹോദരന്മാരായിരുന്ന എം.ആർ.ബി എന്ന മുല്ലമംഗലത്ത് രാമൻ ഭട്ടതിരിപ്പാട്, സഹോദരൻ മുല്ലമംഗലത്ത് പരമേശ്വരൻ ഭട്ടതിരിപ്പാട് എന്ന പ്രേംജി എന്നിവരും ഉണ്ടായിരുന്നു.

QUOTE:
പരിവര്‍ത്തനത്തിന്റെ പുതിയ വെളിച്ചം അന്തഃപുരങ്ങളിലെത്തിക്കാന്‍ യാതൊരു മാര്‍ഗ്ഗവുമുണ്ടായിരുന്നില്ല. ഒന്നും വായിക്കാന്‍ പാടില്ല. ആരെയും കാണാന്‍ പാടില്ല. ഒന്നും മോഹിക്കരുത്. വിവാഹം യോഗംപോലെ. ഇതായിരുന്നു അന്തര്‍ജ്ജനങ്ങളുടെ അവസ്ഥ. വി.ടി. അവരെ കഥാപാത്രങ്ങളാക്കി. ഉണ്ണി നമ്പൂതിരി, യോഗക്ഷേമം എന്നീ പ്രസിദ്ധീകരണങ്ങളില്‍ കള്ളപ്പേരുവെച്ച് ലേഖനങ്ങളും കഥകളുമെഴുതി. വാരത്തിനും കഥകളിക്കും മറ്റും അന്തര്‍ജ്ജനങ്ങള്‍ ഒത്തുകൂടുമ്പോള്‍ അവര്‍ക്കിടയില്‍ ആരുമറിയാതെ ലഘുലേഖകള്‍ വിതരണം ചെയ്തു. അതോടെ നമ്മളെപ്പറ്റിയും ആരോ ഉറക്കെ ചിന്തിക്കുന്നുണ്ട് എന്ന ആശ്വാസം അന്തഃപുരങ്ങളിലും, എന്തോ അപകടം വരാന്‍ പോകുന്നുവെന്ന ആശങ്ക കാരണവന്മാരിലും ഉണ്ടായി. വി.ടിയുടെ മനസ്സില്‍ കിടക്കുന്ന പ്രതിഷേധത്തിന്റെ വിത്തുകള്‍ അടുക്കളയില്‍നിന്ന് അരങ്ങത്തേക്ക് എന്ന നാടകമായി പുറത്തുവന്നു. 1929-ല്‍ എടക്കുന്നിലെ യോഗക്ഷേമസഭാ വാര്‍ഷികദിനത്തില്‍ ആദ്യമായി അവതരിപ്പിച്ച ആ നാടകം നമ്പൂതിരിസമുദായത്തിന്റെ അടിവേര് ഇളക്കി. നമ്പൂതിരിസമുദായത്തിലെ എല്ലാ പരിവര്‍ത്തനങ്ങള്‍ക്കും അതു കാരണമായി. സ്ത്രീകള്‍ക്കു വേഷപരിഷ്‌കാരം വന്നു. കൂട്ടുകുടുംബവ്യവസ്ഥകള്‍ തകര്‍ന്നു. യുവജനങ്ങള്‍ പൊതുവിദ്യാഭ്യാസം നേടിത്തുടങ്ങി. വിദൂഷകനില്ലാത്ത, പച്ചവേഷത്തില്‍ ജീവിതം വരച്ചുകാട്ടിയ ഒരു നാടകം, ഒരു സമുദായത്തിന്റെ മുഴുവന്‍ പരിവര്‍ത്തനത്തിനു കാരണമായത് അത്ഭുതകരമായിരുന്നു. കേരളത്തിന്റെ ഓരോ കോണിലും നാടകം കളിച്ചു, ഓരോ കളിയും നമ്പൂതിരിസമുദായത്തിലെ ചിതലുകള്‍ കൊഴിച്ചു.

അന്തഃപുരസ്ത്രീകളുടെ വിമോചനത്തോടെ മാത്രമേ നമ്പൂതിരിസമുദായത്തിലെ അന്ധതയെ തുടച്ചുമാറ്റുവാന്‍ കഴിയൂ എന്നു വിശ്വസിച്ച വി.ടി. തന്റെ സമുദായ പരിഷ്‌കരണശ്രമങ്ങള്‍ നാടകങ്ങളിലും ലേഖനങ്ങളിലും മാത്രം ഒതുക്കിനിറുത്തിയില്ല. വിപ്ലവകരമായ ഒരു വിവാഹത്തോടെ വി.ടി., താന്‍ എഴുതുകയും പ്രസംഗിക്കുകയും ചെയ്ത കാര്യങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തിക്കാട്ടി. ഇട്ട്യാംപറമ്പത്ത് ഇല്ലത്തെ ശ്രീദേവി അന്തര്‍ജ്ജനത്തെ ഒരു വൃദ്ധബ്രാഹ്മണന് വിവാഹം ചെയ്തുകൊടുക്കാന്‍ തീരുമാനിച്ചതായിരുന്നു. എട്ടു പെണ്‍കുട്ടികളുള്ള അച്ഛന്‍ ഗതികേടുകൊണ്ടാണ് അങ്ങനെ നിശ്ചയിച്ചത്.

ശ്രീദേവി അന്തര്‍ജ്ജനത്തിന്റെ സഹോദരനായ ഐ.സി.പി. നമ്പൂതിരി , വി.ടിയോടു വിവാഹക്കാര്യം പറഞ്ഞു. ശ്രീദേവിയെ താന്‍ വിവാഹം കഴിക്കാമെന്ന് വി.ടി. മറുപടി പറഞ്ഞു. അങ്ങനെ ശ്രീദേവി അന്തര്‍ജ്ജനം വി.ടിയുടെ ജീവിതത്തിന്റെ പങ്കുകാരിയായി. ഇതിനു മുമ്പ് വി.ടി സംബന്ധരീതിയിൽ വിവാഹം ചെയ്തിരുന്നു.

പക്ഷേ, ഇട്ട്യാംപറമ്പത്ത് മനയെ, വിപ്ലവത്തിന്റെ ഈറ്റില്ലമാക്കി മാറ്റിയ സംഭവം അതായിരുന്നില്ല. കേരളത്തിലെ നമ്പൂതിരിസമുദായത്തിന്റെ ചരിത്രത്തിലാദ്യമായി ഒരു വിധവാവിവാഹത്തിന് ഇട്ട്യാം പറമ്പത്ത് മന സാക്ഷ്യംവഹിക്കുമ്പോൾ‍, നൂറ്റാണ്ടുകള്‍ നെയ്തുവെച്ച ആചാരക്കോട്ടയ്ക്കുള്ളില്‍ ഒരു അഗ്‌നിസ്‌ഫോടനം നടക്കുകയായിരുന്നു.

"ഒരനാഥ വിധവ പുനര്‍വിവാഹത്തിന് തയ്യാറായാല്‍ അവരെ കൈക്കൊള്ളാന്‍ ആരെങ്കിലും തയ്യാറുണ്ടോ?" യോഗക്ഷേമസഭ ഉപസഭാ വാര്‍ഷികയോഗത്തില്‍ പാര്‍വതി നെന്മിനിമംഗലം തൊടുത്ത ചോദ്യം തറച്ചത് നമ്പൂതിരി സമുദായത്തിലെ പുരോഗമന വാദികളായ ചെറുപ്പക്കാരുടെ നെഞ്ചില്‍ . 1930കളുടെ തുടക്കത്തിലായിരുന്നു ഈ വെല്ലുവിളി. പുനര്‍വിവാഹത്തിന് സന്നദ്ധയായി ഒരു വിധവ വന്നാല്‍ സ്വീകരിക്കുമെന്ന് ഇതേ യോഗത്തില്‍ എം ആര്‍ ബിയുടെ (മുല്ലമംഗലത്ത് രാമൻ ഭട്ടതിരിപ്പാട്) പ്രഖ്യാപനം. ഈ വെല്ലുവിളിയും പ്രഖ്യാപനവും കഴിഞ്ഞ് കുറച്ചു വര്‍ഷങ്ങള്‍ക്കുശേഷം വിധവാവിവാഹം യാഥാര്‍ഥ്യമായി. 1935 ഏപ്രിലിലാണ് വി ടി ഭട്ടതിരിപ്പാടിന്റെ ഭാര്യാസഹോദരി ഉമയെ എം ആര്‍ ബി വിവാഹംചെയ്തത്. പിന്നീട് അദ്ദേഹത്തിന്റെ സഹോദരനായ പ്രേംജി (മുല്ലമംഗലത്ത് പരമേശ്വരൻ ഭട്ടതിരിപ്പാട്)യും വിധവയെ സ്വീകരിച്ചു.

വി.ടി. ആ ചരിത്രസംഭവം വിവരിക്കുന്നു: 'എന്റെ ഭാര്യയുടെ അനുജത്തി. പേര് ഉമ. വയസ്സ് 22. എടുമന നാരായണന്‍ നമ്പൂതിരി ഉമയെ വേളികഴിച്ചു. ആ ദാമ്പത്യം ഒരാഴ്ചയേ നീണ്ടുനിന്നുള്ളൂ. ആ ദുരന്തം ഞങ്ങളെ നടുക്കി. എങ്കില്‍ ശരി, ആദ്യത്തെ വിധവാവിവാഹം ഉമയുടേതാകട്ടെ എന്നു ഞങ്ങള്‍ നിശ്ചയിച്ചു. പക്ഷേ, ഉമ ആദ്യം വഴങ്ങിയില്ല. രണ്ടു കൊല്ലം അവള്‍ തടുത്തുനിന്നു. പിന്നീടൊരു ദിവസം പറഞ്ഞു, 'എം.ആര്‍.ബി. ആണെങ്കില്‍ സമ്മതമാണെ'ന്ന്. അങ്ങനെ എം.ആര്‍.ബി.യും ഉമയും തമ്മിലുള്ള വിവാഹം നമ്പൂതിരിസമുദായത്തിലെ ആദ്യത്തെ വിധവാവിവാഹമായി മാറി.'

അന്തഃപുരങ്ങള്‍ക്കുള്ളിലെ വിങ്ങലുകള്‍ ഹൃദയത്തില്‍ ഏറ്റുവാങ്ങിയ വി.ടി. തന്റെ വിപ്ലവകരമായ പ്രവര്‍ത്തനങ്ങള്‍ വിധവാവിവാഹത്തിലൊതുക്കിയില്ല. സ്വന്തം അനുജത്തിയായ വി.ടി. പാര്‍വ്വതി അന്തര്‍ജ്ജനത്തെ സ്വന്തം ഇല്ലത്തുവെച്ച് നായര്‍സമുദായാംഗമായ പി.കെ. രാഘവപ്പണിക്കര്‍ക്ക് വിവാഹം ചെയ്തുകൊടുത്തുകൊണ്ട് വി.ടി. ആദ്യത്തെ മിശ്രവിവാഹത്തിന് കാരണക്കാരനായി.
പില്‍ക്കാലത്ത് മറ്റൊരു മിശ്രവിവാഹംകൂടി വി.ടി. നടത്തിച്ചു. വി.ടിയുടെ ഭാര്യാസഹോദരിയുമായ ഐ.സി. പ്രിയദത്ത അന്തര്‍ജ്ജനത്തെ അറിയപ്പെടുന്ന ഒരു കമ്മ്യൂണിസ്റ്റുകാരനും തിയ്യനുമായ കല്ലാട്ട് കൃഷ്ണന്‍ വിവാഹം കഴിച്ചു.

വാക്കുകള്‍ക്ക് വര്‍ണ്ണിക്കാന്‍ കഴിയാത്ത രീതിയിലുള്ള ക്രൂരമായ എതിര്‍പ്പുകളായിരുന്നു സമുദായപ്രമാണിമാരില്‍നിന്നും മറ്റും വി.ടിക്ക് നേരിടേണ്ടിവന്നത്. ഒരു ഘട്ടത്തില്‍ വി.ടിയെ കൊലപ്പെടുത്താന്‍തന്നെ എതിരാളികള്‍ മുതിര്‍ന്നു.

UNQUOTE

ഇത്രയൊക്കെ എഴുതിയത് ആ വിധവാവിവാഹം എന്ന നമ്പൂതിരിസമുദായത്തിന്റെ അടിവേരിളക്കിയ ചടങ്ങിനെ പറ്റി ഓർമ്മിക്കാനാണ്. മുല്ലമംഗലത്ത് പരമേശ്വരൻ ഭട്ടതിരിപ്പാട് എന്ന പ്രേംജി വിധവാവിവാഹം ചെയ്തു എന്ന് മുന്നേ പറഞ്ഞല്ലൊ. എന്നാൽ അദ്ദേഹം സമുദായപരിവർത്തനം നടത്തിയത് നാടകം കവിത തുടങ്ങിയ സർഗ്ഗാത്മകരീതികൾ കൂടെ കൂട്ട് പിടിച്ചായിരുന്നു. നല്ലൊരു നടനായിരുന്ന അദ്ദേഹം.

ഷാജി എന്‍. കരുണ്‍ സംവിധാനം ചെയ്തത പിറവിയിലെ ചാക്യാര്‍ എന്ന കഥാപാത്രത്തെ അനശ്വരമാക്കിയതിന് അദ്ദേഹത്തിന് 1988ല്‍ മികച്ച നടനുള്ള ഭരത് അവാര്‍ഡും സംസ്ഥാന ഗവണ്മെന്റ് അവാര്‍ഡും ലഭിച്ചു. 1977ല്‍ കേരള സാഹിത്യ അക്കാദമി ഫെലോഷിപ്പ് ലഭിച്ച അദ്ദേഹത്തിന് കേരളസംഗീത നാടക അക്കാദമി ഫെല്ലോഷിപ്പും ലഭിച്ചിട്ടുണ്ട്. 1998 ഓഗസ്റ്റ് 10ന് അദ്ദേഹം അന്തരിച്ചു.

ഇത് കൂടാതെ അദ്ദേഹം കവിതകളും എഴുതിയിരുന്നു. "ഇന്നോ നീ സുമംഗലി" എന്ന അദ്ദേഹത്തിന്റെ കവിതയ്ക്കുള്ള ആമുഖമായിട്ടാണ് ഇത്രയും എഴുതിയത് :)

ഈ കവിത ഇവിടെ കേൾക്കാം. ആലാപനം: ദീപ പാലനാട്.

ഇന്നോ നീ സുമംഗലി
-പ്രേംജി (1908-1998 ആഗസ്റ്റ് 10)

കർക്കടെക്കെടുതികൾ
നീങ്ങവേ, മത്സങ്കല്പ-
സ്വർഗ്ഗദൂതൻപോലാരാൽ-
പ്പൊന്നുചിങ്ങവുമെത്തീ;

അന്നൊരു നിശാന്തത്തിൽ-
ച്ചങ്ങാതിമാരോടൊത്തു
വന്നു ഞാൻ വിധവയാം
നിന്നെ, വേൾക്കുവാ,നാര്യേ!

പിറ്റേന്നു, കത്തും കാല്യ-
കാന്തിതന്മുന്നിൽസൂര്യൻ
നിത്യകന്യയാമുഷ-
സ്സന്ധ്യയെ വേട്ടീടുമ്പോൾ,

തെക്കിനിയിങ്കൽ തിക്കി-
ത്തിരക്കിസ്സുഹൃത്തുക്ക-
ളൊക്കെയും നമുക്കായി
നന്മ നേർന്നിരിക്കുമ്പോൾ,

വിപ്ലവാവേശംകൊള്ളു-
മാസ്സാഖാക്കൾതൻ നടു-
ക്കുത്പതിഷ്ണുവായ്ക്കത്തു-
മഗ്നിദേവനു മുന്നിൽ,

ആനതാനനമൽപ്പം
പൊക്കി നീ കാട്ടിത്തന്നൊ-
രാനഗ്നഗളത്തിൽ ഞാൻ
കെട്ടിച്ചൂ ചെറുതാലി;

മൈലാഞ്ചിക്കുകപറ്റ
കൈവിരലഞ്ചും കൂട്ടി-
ച്ചേലഞ്ചും വെൺതാമര-
മൊട്ടുപോലുയർത്തവേ,

നിന്റെ കൈ പിടിച്ചു ഞാൻ
'ഗൃഭ്ണാമി'.. ചൊല്ലിഗ്ഗൃഹ-
ത്തിന്റെ സൗഭാഗ്യത്തിനും
നിൻസൗമംഗല്യത്തിനും;

നിന്മലർക്കുടന്നയിൽ
ദേവരൻ നിറച്ചതാം
നെന്മലർ മന്ത്രത്തോടേ
ചോർത്തൂ ഞാൻ ഹോമിപ്പിച്ചു;

'സ്ഥിരയാകാവൂ കല്ലു-
പോലെ നീ' - ജപിച്ചു നിൻ-
ചരണം പിടിച്ചു ഞാ-
നമ്മിമേൽ ചവിട്ടിച്ചു;

സഹധർമ്മിണി, നിന്നേ-
ഴടിയാലളന്നു ഞാൻ
ഗൃഹജീവിതത്തിന്റെ
ദീർഘദീർഘമാം മാർഗ്ഗം!

ക്രിയകളെല്ലാം തീർന്നു,
വിധവാവിവാഹത്തിൻ-
ജയഘോഷമ്പോ,ലാർപ്പു-
വിളികളുയർന്നപ്പോൾ

പൊട്ടിവീണില്ലാകാശം;
വറ്റിയില്ലലയാഴി;
പൊട്ടിയില്ലുന്നിദ്രമാം
കർമ്മസാക്ഷിതൻകണ്ണും!

നിന്നിലെന്തൊരു മാറ്റം
വരുത്തീ,ലാര്യേ,കാല:-
മിന്നലെ വിധവ നീ;-
യിന്നോ നീ സുമംഗലി!

ജാതിമര്യാദാഭംഗ-
ഭീതിവിഹ്വലരായ് നിൻ-
ജ്ഞാതികൾ കാട്ടിക്കൂട്ടീ-
ലെന്തുന്തു കാട്ടായങ്ങൾ!

ഭീകരമവരന്നാ-
ളിളക്കിവിട്ടീടിന
ഭൂകമ്പം വെറും ചായ-
ക്കോപ്പേലെക്കൊടുങ്കാറ്റായ്!

പാഞ്ഞുപോം കാലത്തിനെ-
ത്തളച്ചുനിർത്താം തന്റെ
ചീഞ്ഞ പൂണൂലാൽ-ഇതേ
നമ്പൂരിക്കിന്നും മോഹം!


പ്രേംജി മരിച്ചിട്ട് ആഗസ്റ്റ് പത്തിനു പതിനേഴ് കൊല്ലം കഴിഞ്ഞു. സ്മരണാഞ്ജലി !

1 comment:

DKM said...

Thank you for your write-up. I see the nampootiri samudAyam through a different lens. Please see below:

കേളല്ലൂർ

ഡി. കെ. എം. കർത്താ (dkmkartha@gmail.com> published in 2011


കുറിപ്പ് :-- രചനയുടെ ആദ്യഭാഗത്തെ ഞാൻ = കേരളംവിണ്ണിനെ വെറുത്തെങ്ങും അലഞ്ഞേൻ ഏറെക്കാലം;

ഭൂമിയാണെല്ലാമെല്ലാം; അവളിലുറകൂടിപ്പൊലിവൂ ഹരിതകം

ജീവനാധാരം സാന്ദ്രം; അവളിൽക്കിളർന്നാടിക്കൊഴുക്കും

വളവുകൾ അണിയും പുളകങ്ങൾ പുണർന്നേൻ ഏറെക്കാലം;

അവളിൽ നുരപതഞ്ഞുയരും രസമെല്ലാം നുകർന്നേൻ മധുഹൃദ്യം.ഭൂമിയിൽ നിഗൂഢമായൊഴുകിപ്പൂവിൽ പൊന്തും

ഗന്ധങ്ങളുത്തേജകം മുകർന്നേൻ; വേനൽക്കു ഞാൻ

മാന്പഴങ്ങളെയീന്പിക്കുടിച്ചും പൂക്കാലത്തിൽ

തേനട തേടിപ്പാഞ്ഞും, രാവുകൾ മദം തിക--

ഞ്ഞാന്പലിൽ വിളന്പുന്ന പൂന്പൊടിയുണ്ടും നെഞ്ചു---

നെഞ്ചിനോടുരുമ്മുന്ന നിർവൃതിപീഠം കേറി--

പ്പുളഞ്ഞും, ചുണ്ടിൻ തൃഷ്ണ ചുണ്ടിനാൽ തീർത്തും പൊട്ടി --

ക്കരഞ്ഞു വേർപാടിന്റെ പൊള്ളിക്കുമുമിത്തീയിൽ

നീറിയും ഏറെക്കാലം നടന്നേൻ പൊടിമണ്ണിൽ.അപ്പോഴാണല്ലോ കണ്ടേൻ, തൃക്കണ്ടിയൂരിൽ പുണ്യ---

ധൂളിയിൽ ഗണിതത്തിൻ ദിവ്യ രേഖകൾ കോറി

സോമയാജിയാമങ്ങു പുഞ്ചിരിച്ചിരിയ് ക്കുന്നൂ !

താരകളുടെ ഹ്രദം പൊഴിയ് ക്കും സൂക്ഷ്മസാമം

കാതിലും ഗ്രഹങ്ങൾ തൻ പൂനിലാവാകെത്തെളി---

കണ്ണിലും വെള്ളാരപ്പൂമണലിൻ കിരുകിരു--

പ്പോരോരോ വിരലിലും തുടിച്ചങ്ങിരിക്കവേ,

എന്നോടു പറയുന്നതെന്ത് ? ഞാൻ ചെവിയോർപ്പൂ !"നിന്റെ കാൽക്കീഴിൽ നനഞ്ഞമരും പൂഴിത്തരി

ആദ്യമാകാശം, പിന്നെ വാതകം, പിന്നെ ജ്വാല,

പിന്നീട് തിളയ് ക്കുന്ന ധാതുദ്രാവകം, തണു--

ത്തൊടുവിൽ പൊടിയുന്ന പാറ; യിങ്ങനെയല്ലോ

(1) പൂർണ്ണത്തിൽ നിന്നു രൂപം നേടിയ; തീ ഭൂമിയോ

ബഡവം അകത്താളും നക്ഷത്രം, അറിഞ്ഞാലും!

(2) ഗണിതം പ്രത്യക്ഷമായ് കണ്ടൊരാപ്പൊരുൾ വേദ --

ഹൃദയം പരോക്ഷമായ് പാടുന്നു; പൂജിച്ചാലും

വിണ്ണിനെ, ക്കുഞ്ഞേ, നീയും മണ്ണിനോടൊപ്പം;

ദ്വൈതമില്ലല്ലോ പൃഥിവിയും വാനവും തമ്മിൽ തീരെ!"

____________________________________________________________

കേരളത്തിലെ (തൃക്കണ്ടിയൂര്) കേളല്ലൂർ നീലകണ്ഠച്ചോമാതിരി -- പാശ്ചാത്യരും അങ് ഗീകരിയ് ക്കുന്ന പുതിയ ഗണിത ശാസ്ത്ര ചരിത്ര-പ്രകാരം പതിനാറാം നൂറ്റാണ്ടിൽ ലോകത്തിലെ ഏറ്റവും മികച്ച വാന/ഗണിത ശാസ്ത്രജ്ഞൻ. ഇദ്ദേഹത്തിന്റെ ഗണിത രീതികൾ (കാൽക്കുലസ് ഉൾപ്പെടെ) കൊച്ചിയിലെ ജസ്യൂട്ട് പാതിരിമാർ യൂറോപ്പിൽഎത്തിച്ചിരുന്നു എന്ന് ഗണിതചരിത്രകാരന്മാർ പറയുന്നു.

൧. പൂജ്യം എന്ന സംഖ്യയ് ക്ക് പൂർണ്ണം എന്നും ശൂന്യം എന്നു രണ്ടു പര്യായം

ഉണ്ടായിരുന്നു. ൨. ടൈക്കോ ബ്രാഹിയ്ക്ക് രണ്ടു നൂറ്റാണ്ടു മുമ്പ് സൂര്യകേന്ദ്രിതത്വത്തെ പറ്റി

കേളല്ലൂരിനു അറിയാമായിരുന്നു എന്ന് ചെന്നൈയിലെ രാമാനുജം ഇൻസ്റ്റിറ്റ്യൂട്ട് പറയുന്നു.