05 ജൂലൈ 2019

കാലാന്തരങ്ങളിലൂടെ...


--- സോയ മുരിയമംഗലത്ത്

സൗദിയില്‍ നിന്നും സ്ഥിരവാസം നാട്ടിലേക്കാക്കിയശേഷം ഒരു വ്യാഴവട്ടം കഴിഞ്ഞു പോയി! സമയം അനുസ്യൂതം പ്രവഹിച്ചുകൊണ്ടിരിക്കുന്നു. ആ പ്രവാഹത്തിലും ചിലത് നാം അറിയാതെ തന്നെ മനസ്സില്‍ അടിഞ്ഞുകൂടും. കാലം ഖനീഭവിച്ച് അത് അങ്ങിനെ അവിടെ കിടക്കും. അങ്ങിനെ ഇരിക്കുമ്പോള്‍ ഇടയ്ക്ക് ഒന്ന് തിരിഞ്ഞ് നോക്കുന്നത് രസകരമാകും.

2007ല്‍ അച്ഛന്റെ മരണം കഴിഞ്ഞാണ് ഞാനും കുട്ടികളും നാട്ടിലേക്ക് സ്ഥിരതാമസം മാറ്റുന്നത്. അതിനു മുന്‍പ് തിരുവനന്തപുരത്ത് ഒരു ആറുമാസം താമസിച്ച് തിരിച്ച് വന്ന ചരിത്രം ഉണ്ട്. ഒരു പ്രവാസിയുടെ കുടുംബത്തിനു നാട്ടിലേക്ക് പറിച്ച് നടപ്പെടാന്‍ പല കാരണങ്ങളും കാണുമെന്ന് ഏവര്‍ക്കും അറിയാമല്ലൊ. ഞങ്ങളും അങ്ങിനെ നാട്ടിലേക്ക് താമസം മാറ്റി. തിരുവനന്തപുരത്ത് നിന്നും തൃശൂരിലേക്ക് ആയി എന്ന് മാത്രം. തിരുവനന്തപുരത്ത് സുനിഏട്ടന്റെ ഓപ്പോളും കുടുംബവും ഉണ്ടായിരുന്നു എങ്കില്‍ തൃശൂരില്‍ എനിക്ക് ഞാന്‍ സ്വന്തം ആയി ഒന്നുമുതലില്‍ നിന്ന് തുടങ്ങേണ്ടിയിരുന്നു. കുട്ടികളുടെ വിദ്യഭ്യാസം ആയിരുന്നു ഒന്നാം കടമ്പ. അത് ശരിയാക്കിയപ്പോള്‍ താമസത്തിനുള്ള വസതി കൂടെ സംഘടിപ്പിക്കാനായി നെട്ടോട്ടം. അങ്ങനെ അയ്യന്തോളിൽ ഇപ്പോളുള്ള ഫ്ലാറ്റിലേക്ക് എത്തി. സുനി ഏട്ടന്‍ ഒപ്പമില്ലാതെ ഒറ്റക്ക് ഓരോ സ്കൂള്‍ അന്വേഷിച്ചതും അവസാനം അപ്പുവിനു ഐ ഇ എസ്സിലും ശ്രീകുട്ടിയ്ക്ക് ശ്രീശ്രീരവിശങ്കര്‍ വിദ്യാമന്ദിറിലും പ്രവേശനം കിട്ടിയതും അതിനു ശേഷം ഒരു വസതി തിരഞ്ഞെടുക്കാനുള്ള മണ്ടിപ്പാച്ചിലും എല്ലാം ഇന്ന് ആലോചിച്ചാല്‍അന്ന് ഞാന്‍ എങ്ങനെ അതൊക്കെ ഒറ്റയ്ക്ക് ചെയ്തു എന്ന് അത്ഭുതം തോന്നും. ജീവിതം ആണ് നമ്മെ സുഖങ്ങളോടും സന്തോഷങ്ങളോടും മുഖാമുഖം നില്‍ക്കാന്‍ പഠിപ്പിക്കുന്നത് എന്ന ചെറിയ പാഠം ആണ് ഞാന്‍ പഠിച്ചത്.

അത് കഴിഞ്ഞ് തൃശൂരില്‍ ഫ്ലാറ്റ് ജീവിതം പത്ത് കൊല്ലത്തോളം ഉണ്ടായി. പറയത്തക്ക പ്രശ്നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. നഗരജീവിതത്തിന്റേതായ സൗകര്യങ്ങള്‍ ഉണ്ടായിരുന്നു എന്ന് മാത്രമല്ല മുതുകുറുശ്ശിയിലും പാലൂരും ഉള്ളവരെ സഹായിക്കാനും പരിചരിക്കാനും സൗദിയിലേക്കാള്‍ എളുപ്പത്തില്‍ പറ്റുമായിരുന്നു. സ്വന്തമായി ഒരു കാര്‍ വാങ്ങിയത് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പത്തിലാക്കി. ഡ്രൈവിങ്ങ് സ്വയം ചെയ്യാറായി എന്നത് എനിക്ക് അല്പമല്ലാത്ത ആത്മവിശ്വാസം ആണ് തന്നത് എന്ന് പറയാതെ വയ്യ. ആരേയും ആശ്രയിക്കാതെ സ്വന്തം ഇഷ്ടത്തിനനുസരിച്ച് പോകാനും വരാനും പറ്റുന്നത് ഒരു സ്ത്രീയെ സംബന്ധിച്ച് ചെറിയ കാര്യമല്ല. ഡ്രൈവിങ്ങ് പഠിക്കാനും കാറെടുത്ത് ഡ്രൈവ് ചെയ്ത് പോകാനും സുനിഏട്ടനും നല്ലതായി സപ്പോര്‍ട്ട് ചെയ്തിരുന്നു. കുട്ടികള്‍ക്കും സന്തോഷമായിരുന്നു. സ്വന്തമായി കാറ് ഡ്രൈവിങ്ങ് ചെയ്യാന്‍ തുടങ്ങിയതോടെ പാലൂര്‍ക്കും മുതുകുറുശ്ശിയ്ക്കും സൗകര്യം പോലെ എത്താം എന്നുമായി. മാസത്തില്‍ പലപ്രാവശ്യം അവിടെ ഒക്കെ പോയി വരിക പതിവായി. അതില്‍ സുനിഏട്ടനും സന്തോഷമായിരുന്നു.

തൃശൂരിലെ ഫ്ലാറ്റ് ജീവിതം ഒരു പിടി നല്ല സൗഹൃദങ്ങള്‍ സമ്മാനിച്ചു. നഗരജീവിതസൗകര്യങ്ങള്‍ നന്നായി ആസ്വദിച്ചിരുന്നു. എപ്പോള്‍ തോന്നിയാലും എങ്ങോട്ടും പോയി വരാനും സൗകര്യമായിരുന്നു. കുട്ടികള്‍ക്ക് റ്റ്യൂഷന്‍ സൗകര്യങ്ങളും ലഭ്യമായിരുന്നു. ഹോട്ടല്‍ ഭക്ഷണം വേണമെന്നു തോന്നിയാല്‍ അതിനുള്ള സൗകര്യംസിനിമ കാണാന്‍ സൗകര്യംകച്ചേരി/കഥകളിതുടങ്ങിയവയ്ക്ക്സൗകര്യം. പാര്‍ക്കില്‍ പോകാം, വടക്കുംനാഥന്‍ഗുരുവായൂര്‍ അങ്ങനെ അമ്പലസൗകര്യം തുടങ്ങി പല ഗുണങ്ങളും അനുഭവിച്ചു. കൂടാതെ അപ്പുവിന്റെ ഡിഗ്രി പഠനം കോട്ടയത്ത് ആയതോടെ അവന്റെ കോട്ടയം പോക്കുവരവിനും എളുപ്പമായി. ബന്ധുജനങ്ങളിക്കിടയിലെ മിക്ക വിവാഹാദികളും തൃശൂര്‍ വെച്ച് തന്നെ ആണ് പലപ്പോഴും ഉണ്ടാവുക എന്നതും സൗകര്യമായി. മുതുകുറുശ്ശി നിന്നും അച്ഛനമ്മമാര്‍ വല്ലപ്പോഴും തൃശൂര്‍ വന്ന് നില്‍ക്കും. പാലൂരില്‍ നിന്നും അമ്മയും. റയില്‍‌വേ സ്റ്റേഷനും കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റും അടുത്തായതിനാല്‍ ആ സൗകര്യവും അനുഭവിച്ചു. അസമയങ്ങളില്‍ യാത്രചെയ്യേണ്ടി വന്നിരുന്ന ബന്ധുമിത്രാദികള്‍ക്കും ആശ്രയിക്കാന്‍ ഒരിടമായി ഞങ്ങളുടെ അയ്യന്തോള്‍ ഫ്ലാറ്റ്. ഞാന്‍ സ്വയം കാറോടിക്കുന്നത് കൂടുതല്‍ അവര്‍ക്ക് പ്രയോജനകരവുമായി.

അപ്പുവിന്റെ ഡിഗ്രി കഴിഞ്ഞതും ശ്രീകുട്ടിയുടെ പത്താം ക്ലാസ്സ് കഴിഞ്ഞതും കൂടാതെ നാട്ടില്‍ അച്ഛനമ്മമാര്‍ക്ക് വയസ്സായി വരുന്നു എന്നുള്ള തിരിച്ചറിവും കൂടെ ആയപ്പോള്‍ ഞാന്‍ ഒന്നുകൂടെ പറിച്ച് നടപ്പെടാന്‍ തയ്യാറെടുത്തു. അങ്ങിനെ കഴിഞ്ഞ കൊല്ലം മുതുകുറുശ്ശി വന്ന് സ്ഥിരതാമസമാക്കി. കുട്ടികള്‍ക്ക് ഫ്ലാറ്റ് ജീവിതം അല്ലാതെ ഞങ്ങള്‍ വളര്‍ന്ന നാടന്‍ ജീവിതരീതി പരിചയപ്പെടുത്താനുള്ള അവസരവും ആയി അത്. ഒറ്റയ്ക്കുള്ള നഗരജീവിതത്തില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് നാടന്‍ ഗ്രാമജീവിതം. ശ്രീകുട്ടി പെരിന്തല്‍മണ്ണയിലേക്ക് ഒറ്റയ്ക്ക് ബസ്സില്‍ പോയി വരാന്‍ തുടങ്ങി. കുട്ടികളേയും എന്നേയും നാട്ടിലുള്ള പൊതുജനങ്ങള്‍ കൂടുതല്‍ അറിയാന്‍ തുടങ്ങി. പലര്‍ക്കും ഞങ്ങളെ അറിയാമായിരുന്നെങ്കിലും ഞങ്ങള്‍ നാട്ടില്‍ ഇല്ലാ എന്ന വിചാരം ആയിരുന്നു. അത് മാറി. പുതിയ ആശയവിനിമയസൗകര്യങ്ങള്‍ ഉള്ളതിനാല്‍ ഞാനൊക്കെ എവിടെ പോയാലും എന്ത് ചെയ്താലും അപ്പോഴപ്പോഴേക്ക് സൗദിയില്‍ ഇരിക്കുന്ന സുനി ഏട്ടന്‍ അറിയും എന്ന അവസ്ഥ ആയി. ഞങ്ങള്‍ അറിയാത്തഎന്നാല്‍ ഞങ്ങളെ അറിയുന്ന ഒരുപാട് ആളുകള്‍ നാട്ടിലുണ്ട് എന്ന് അങ്ങിനെ മനസ്സിലാക്കി.

തൃശൂര്‍ ആണെങ്കില്‍ ഞാനൊറ്റയ്ക്ക് ചെയ്യേണ്ടി വരുന്ന പലതും ഞാന്‍ അറിയാതെ, എന്റെ പരിശ്രമം ഇല്ലാതെ തന്നെ ചെയ്ത് തരാന്‍ ആളുകള്‍ ഉണ്ട് എന്നത് ഒരു പുതിയ അനുഭവമായി. അപ്പു കാര്‍ ഡ്രൈവ് ചെയ്യാന്‍ തുടങ്ങിയ സമയം. അപ്പു ഒറ്റയ്ക്ക് ഡ്രൈവ് ചെയ്ത് പെരിന്തല്‍മണ്ണയിലേക്ക് പോകുന്ന ഒരു സമയത്ത് എതിരെ വന്ന ഒരു ലൈന്‍ ബസ്സ് കാറില്‍ ഇടിച്ച് പോയി. ബസ്സുകാരുടെ തെമ്മാടിത്തരം ആയിരുന്നു അത്. അപ്പു ബസ്സ് വരുന്നത് കണ്ടപ്പോഴേക്കും കാര്‍ സൈഡില്‍ ഒതുക്കി നിര്‍ത്തി ഇട്ടിരുന്നു എങ്കിലും ബസ്സ് സ്പീഡില്‍ വന്ന് ഇടിച്ച് പോയി. മിനിട്ടുകള്‍ക്കകം വാര്‍ത്ത റിയാദില്‍ ഇരിക്കുന്ന സുനിഏട്ടനറിഞ്ഞു! സുനിഏട്ടന്റെ അനിയന്മാരും സുഹൃത്തുക്കളും അടക്കം വേണ്ടപ്പെട്ടവര്‍ അവിടെ ഒത്തു കൂടിബസ്സ് ജീവനക്കാരുമായി പ്രശ്നം തീര്‍ത്തുമുന്‍‌ഭാഗം അല്പം കേടുവന്ന ഞങ്ങളുടെ കാര്‍ പെരിന്തല്‍മണ്ണയില്‍ കൊണ്ട് പോയി ശരിയാക്കി കൊണ്ട് വന്ന് മുറ്റത്ത് ഇട്ട് തന്നു. ഒന്നും ഞാനറിഞ്ഞില്ലഎനിക്ക് ഒന്നിനും ഓടി നടക്കേണ്ടി വന്നതും ഇല്ല.

ഇങ്ങനെ പലതും പറയാനുണ്ട് വിസ്തരിക്കാതെ ചിലത് മാത്രം പറയാം. അതില്‍ ഒന്ന് ഉള്ളത്ഫ്ലാറ്റ് ജീവിതത്തില്‍ വിചാരിക്കുക കൂടെ ചെയ്യാത്ത ഒന്നാണ്. ശ്രീകുട്ടിയ്ക്ക് ഒരു പെറ്റ് നായയെ വേണം. ഒരു ഗോള്‍ഡന്‍ റിട്രീവര്‍ തന്നെ വേണം. നാട്ടില്‍ ആയതിനാല്‍ അതും സാധിച്ചു. ഡ്യൂഡ് എന്ന പേരുള്ളഎന്നാല്‍ മലയാളത്തില്‍ ഡൂഡ് എന്ന് വിളിക്കുന്ന അതിനെ പറ്റി ശ്രീകുട്ടി തന്നെ എഴുതിയിട്ടുണ്ടല്ലൊ.  അതിന്റെ വികൃതിയും കുസൃതിയും കണ്ടിരിക്കാൻ നല്ല രസമാണ്. സമയം പോകുന്നതറിയില്ല. ഇങ്ങനെ ഒന്നിനേയും വളര്‍ത്തി പരിചയമില്ലാത്ത ഞങ്ങള്‍ക്ക് ഡ്യൂഡും ഇപ്പോള്‍ കുടുംബാംഗമായി. ഡ്യൂഡിനു ലൈസന്‍സ് എടുക്കാനും വാക്സിനെടുക്കാനും പഞ്ചായത്ത് ഓഫീസില്‍ പോയപ്പോള്‍ സഹായിക്കാന്‍ ആളുകള്‍ വന്നു. ബാങ്കിലും റേഷന്‍ ഷോപ്പിലും പലചരക്ക് കടയിലും പച്ചക്കറിക്കടയിലും എല്ലാം അറിയുന്ന ആളുകള്‍ ആയി.

മുതുകുറുശ്ശിയില്‍ തന്നെ ഞങ്ങള്‍ക്ക് വേണ്ടുന്ന സാധനങ്ങള്‍ എല്ലാം കിട്ടും എന്നത് പെരിന്തല്‍മണ്ണനഗരസന്ദര്‍ശനം ഒഴിവാക്കി. എനിക്ക് നിത്യേന ധാരാളം ഡ്രൈവ് ചെയ്യണ്ട ആവശ്യം ഇല്ലാതെ ആയി. സ്വയം നഗരത്തിലേക്ക് പോകാതെ തന്നെപോകുന്നവര്‍ നമ്മളെ സഹായിക്കാന്‍ ഉണ്ട് എന്നതും അതിനു കാരണമായി. വീടുക്ലീന്‍ ചെയ്യല്‍ മാത്രമല്ല ഗൃഹഭരണം എന്നായി. അത്യാവശ്യം തൊടി നോക്കുകനാളികേരം ഇടുകവളം ചെയ്യുകനനയ്ക്കുക തുടങ്ങി കൃഷിരീതികളും വേണ്ടി വന്നു. അത് മാത്രമല്ലനഗരത്തില്‍ ചെയ്തിരുന്ന പോലെ വിചാരിച്ചാല്‍ പെട്ടെന്ന് ഇറങ്ങി പോകാന്‍ പറ്റാത്ത അവസ്ഥ ആയി. സുനി എട്ടന്റെ അച്ഛന്റേയും അമ്മയുടേയും കാര്യം മാത്രം നോക്കിയാല്‍ പോര എന്നായി. പാലൂര്‍ എന്റെ അമ്മ അടുത്താണ്മറ്റ് അഫന്മാരും വല്യച്ഛന്മാരും ഒക്കെ അടുത്ത് തന്നെ ആണ്. അവരുമൊക്കെ ആയി ഒരു പുതിയ ലോകം ഞാന്‍ ഉണ്ടാക്കി. കുട്ടികള്‍ക്കും കൂട്ടായി അവരുടെ കുട്ടികള്‍ ഉണ്ട്. ഒരു ചെറിയ പിറന്നാള്‍ ആണെങ്കില്‍ കൂടെ അഫന്മാരുടേയും വല്യച്ഛന്മാരുടേയും അടുത്ത് നിന്നും അവരുടെ മക്കളും ആത്തേമ്മാരുകളും കുട്ടികളും വന്ന് ആഘോഷമാക്കി മാറ്റും. തിരിച്ചും അത് തന്നെ.

സാമൂഹികജീവിതം അങ്ങനെ കൂടുതല്‍ ഉണ്ടായി എന്ന് തന്നെ പറയാം. അത് കൂടാതെ നാട്ടില്‍ വിവാഹം മറ്റ് വിശേഷങ്ങള്‍ ധാരാളം ഉണ്ടല്ലൊ. വിവാഹത്തിനു മുന്‍പ് എനിക്ക് നാട്ടുകാരുമായി അടുപ്പമുണ്ടായിരുന്നത്ശേഷം ഇപ്പോഴാണ് തുടരാന്‍ സംഗതി വന്നത് എന്നതും സത്യമാണ്. അതിനിടയ്ക്ക് മുതുകുറുശ്ശിയില്‍ ഞങ്ങള്‍ മാത്രമായ കൈക്കൊട്ടിക്കളി ഗ്രൂപ്പും ആയി എന്നത് ഞങ്ങളുടെ കൂട്ടായ്മയുടെ വിജയം തന്നെ ആണ്. മുതുകുറുശ്ശിയില്‍ എല്ലാ വിശേഷങ്ങള്‍ക്കും ഞങ്ങളുടെ കൈകൊട്ടിക്കളിയും പാട്ടും ഡാന്‍സും ഒക്കെ പതിവായി.

മുതുകുറുശ്ശി ഗ്രാമവാസി ആയിരിക്കുന്ന സമയത്ത് ആണ് കേരളം നടുക്കിയ പ്രളയം (2018) വന്നത്. മുതുകുറുശ്ശിയിലും പുഴവെള്ളം കയറി എന്നിരുന്നാലും ഞങ്ങളുടെ സ്ഥലം ഉയരത്തിലായതിനാല്‍ പ്രശ്നമുണ്ടായില്ല. ഏലംകുളം പഞ്ചായത്തില്‍ താരതമ്യേനപ്രശ്നം കുറവായിരുന്നു. വൈദ്യുതി ബന്ധം നാലഞ്ച് ദിവസം കഴിഞ്ഞേ വന്നുള്ളൂ എന്ന് മാത്രം. എന്നാല്‍ പാലൂര്‍ക്ക് യാത്ര ബുദ്ധിമുട്ടായിരുന്നു. അവിടെ റോഡില്‍ തോട് കരകവിഞ്ഞ് ഒഴുകുകയായിരുന്നു. ബോട്ട് സര്‍വീസ് നടത്തിയിരുന്നു എന്നറിഞ്ഞു. ഞാന്‍ സ്കൂളില്‍ പോകുമ്പോള്‍ കടന്നിരുന്ന തോടായിരുന്നു അത്. തൃശൂരില്‍ ആയിരുന്നെങ്കില്‍ അച്ഛനമ്മമാര്‍ക്ക് പരിഭ്രമം ആയിരുന്നേനേ എന്ന് ഓര്‍ത്തു.  

പ്രളയം മാറി. ജീവിതം പഴയപോലെ ആയി. ഞങ്ങളും ഗ്രാമജീവിതം ആസ്വദിക്കാന്‍ തുടങ്ങി. പഴയപോലെ എയർപ്പോര്‍ട്ട് കോഴിക്കോട് തന്നെ ആക്കി. അത്യാവശ്യം പച്ചക്കറികളും മറ്റും കൃഷി ചെയ്യാന്‍ പ്ലാന്‍ ഉണ്ട്. അത് പോലെ മഴവെള്ളസംഭരണിയും. നഗരത്തില്‍ ഇതിന്റെ ഒന്നും ആവശ്യമില്ലായിരുന്നെങ്കില്‍ ഗ്രാമത്തില്‍ അതല്ലല്ലൊ. ഞാനും കുട്ടികളും സന്ദര്‍ഭത്തിനനുസരിച്ച് മാറി വരുന്നു. കാലമിനിയും വരും വിഷു വരും തിരുവോണം വരും. ഫ്ലാറ്റിലെ പോലെ അല്ലവിഷുവിനു പടക്കം പൊട്ടിക്കാനും ഓണത്തിനു മാതേവരെ വെക്കാനും ഒക്കെ സാധിക്കുമല്ലൊ. കൂടാതെ ഞങ്ങടെ ഡ്യൂഡുമുണ്ട്.

സമയം എന്നതിനു പലമാനങ്ങളും ഉണ്ട്. അത് ചലിച്ച്കൊണ്ടിരിക്കുകയാണ്. പ്രപഞ്ചത്തിന്റെ മറ്റൊരു കോണില്‍ എത്തിയാല്‍ സമയം എന്ന സങ്കല്പമേ അര്‍ത്ഥശൂന്യമാകും. ചലനംമാറ്റം അത് മാത്രമാണ് വാസ്തവം. എവിടേക്ക് എന്തിന് എന്നിത്യാദി ചോദ്യങ്ങള്‍ക്കൊന്നും അര്‍ത്ഥമില്ലഎങ്ങിനെ എന്നൊരു ചോദ്യത്തിനേ അര്‍ത്ഥമുള്ളൂ. നഗരത്തിലും ഗ്രാമത്തിലും ഉള്ള എന്റെ ജീവിതം എങ്ങിനെ എന്ന് എഴുതിയിടാനാണ് ഞാന്‍ ശ്രമിച്ചത്.

അഭിപ്രായങ്ങളൊന്നുമില്ല:

ശൂർപ്പണഖയുടെ മൂക്കും ചെവിയും മുലയും മുറിക്കൽ

ആദ്യമേ പറയട്ടെ, ഞാൻ ഉദ്ധരിയ്ക്കുന്നതെല്ലാം ഇന്റെർനെറ്റിൽ ലഭ്യമായ സ്രോതസ്സുകൾ ആണ്. അതിനാൽ ലിങ്ക് ഉണ്ട്. ശൂർപ്പണഖയുടെ അംഗവിഛേദം കഥകളിയിലും കൂട...