12 ഏപ്രിൽ 2019

സായ - ഫെമിന ജബ്ബാർ

സായ

ഫെമിന ജബ്ബാർ
DC Books November 2012
Price:Rs70.00
Pages: 103

ISBN: 978-81-264-3967-6

ജീവിതത്തിൽ മനുഷ്യർ പല പല ഘട്ടങ്ങളിലൂടെ കടന്ന് പോകും. സ്വാഭാവികം മാത്രം ആണത്. എനിക്കും തോന്നിയിട്ടുണ്ട്, ജീവിതത്തിൽ ഒരു കാലത്ത് (ഇപ്പോഴും വലിയ വ്യത്യാസമില്ല,) മനസ്സ് ഒരു തരം നിസ്സംഗതയുടെ തോടുകൊണ്ട് ആവരണം ചെയ്യപ്പെടും. ഞാൻ അതിനെ ചകിരി പോലെ ഉള്ള അവസ്ഥ എന്നാ വിശേഷിപ്പിക്കാറുണ്ടായിരുന്നത്. എന്തും മനസ്സിൽ അടിക്കാം മനസ്സ് അതിനെ ബൗൺസ് ചെയ്യും. ചകിരി അങ്ങനെ ആണല്ലൊ. ഒന്നും ബാധിക്കില്ല മനസ്സിനെ. അത് പ്രായത്തിന്റെ കൂടെ ആകാം എന്ന് എനിക്ക് തോന്നാറുണ്ട്. ജീവിതാനുഭവങ്ങളും ബാധകമായിരിക്കാം. ജീവിതശൈലിയും.

ഗൾഫ് പ്രവാസികളുടെ ജീവിതം ഒരു തരണം ബ്ലാക് ആന്റ് വൈറ്റ് സിനിമപോലെ ആണ് അനുഭവത്തിൽ. അതിൽ കളർ വരുന്നത് വെക്കേഷനു പോകുമ്പോൾ മാത്രമായിരിക്കും. അപ്പോഴൊക്കെ ആയിരിക്കാം ഈ ചകിരി പോലെ ഉള്ള മനസ്സ് ആകുന്നതും. എന്നിരുന്നാലും ആ മാനസികാവസ്ഥയെ മറികടക്കാൻ ശ്രമിക്കുക എന്ന കടമ മനുഷ്യൻ എന്ന നിലക്കും ഇനിയും ജീവിക്കണം എന്ന നിലക്കും നമുക്കുണ്ട്. അതിനു നമ്മൾ മാനസികോല്ലാസം തരുന്ന പ്രവൃത്തികളിൽ ഏർപ്പെടുകയേ നിവൃത്തി ഉള്ളൂ. അതായിരിക്കാം സായ എന്ന നോവലിലെ ഫർസാന ചെയ്യുന്നതും.

നോവലിലെ പശ്ചാത്തലം നാട്ടിലേക്ക് പറിച്ച് നടാൻ വെമ്പുന്ന ഫർസാന എന്ന ഗൾഫ് പ്രവാസിയുടേതാണ്. ഫർസാന ജീവിക്കുന്നത് യു.എ.ഇയിലാണ്. ഇവിടെ യു.എ.ഇ എന്ന ഗൾഫ് രാജ്യത്തിനു പ്രത്യേകത ഉണ്ട്. ഞാൻ താമസിക്കുന്ന ഗൾഫ് രാജ്യത്തിൽ നിന്നും തികച്ചും വിഭിന്നമാണ് യു.എ.ഇ എന്ന രാജ്യത്തിലെ അവസ്ഥകൾ എന്നത് തന്നെ ആണ് ആ പ്രത്യേകതയും. അതായത് ഓരോരോ ഗൾഫ് രാജ്യവും തമിൽ വ്യത്യാസമുണ്ട് എന്നത് കേരളത്തിൽ ജീവിക്കുന്ന പലർക്കും അറിയില്ല തന്നെ.

ജാൻവരി 1 2008 മുതൽ ഏപ്രിൽ 11 വരെയുള്ള കാലയളവിലാണു നോവലിലെ കഥ നടക്കുന്നത്. ഞാൻ ഇത് വായിക്കാനെടുത്തത് ഏപ്രിൽ 11 നും.

ഒന്നൊന്നരമണിക്കൂറിനുള്ളിൽ വായിച്ച് തീർത്തു. പുസ്തകം ഇറങ്ങിയ കാലത്ത് വാങ്ങിയെങ്കിലും ഇതുവരെ തൊട്ടിട്ടുണ്ടായിരുന്നില്ലാ എന്നും ഇന്ന് ഏപ്രിൽ 11 നു വായിക്കാനെടുത്തു വായിച്ച് തീർക്കുകയും ചെയ്തു! ഒരു കൊച്ചു നോവൽ. എഴുതിയത് എനിക്ക് ഓൺലൈനായി അറിയുന്ന ഫെമിന ജബ്ബാർ. ഫെമിനയെ ഞാൻ എനിക്ക് കൂടെ താല്പര്യമുള്ള സബ്ജക്റ്റുകൾ വെച്ച് ഫോളൊ ചെയ്യാറുണ്ട്. സായ എന്ന സ്ത്രീ കഥാപാത്രമായി വരുന്ന നോവൽ എഴുതാൻ ഒരുമ്പെടുന്ന കവയത്രി കൂടി ആയ ഒരു എഴുത്തുകാരിയുടെ ജീവിതവും സായ എന്ന എഴുതാൻ പോകുന്നനോവലിലെ കഥാപാത്രമായ സായയും ആയി കുഴഞ്ഞ് കിടക്കുന്ന ഒരു പക്കാ സ്ത്രീ രചന എന്ന് ഒറ്റ വാചകത്തിൽ പറയാം. നോവൽ വായിച്ചാൽ അതെഴുതിയത് ഒരു സ്ത്രീ തന്നെ എന്ന് അത്യാവശ്യം സഹൃദയത്വമുള്ളവർക്ക് മനസ്സിലാകും. അതിപ്പോൾ ഫെമിന പേരുമാറ്റി പുരുഷന്റെ പേരുവെച്ചാലും ശരി.

സ്ത്രീമനസ്സ് പെട്ടെന്ന് എന്നല്ലാ, പുരുഷനു പിടികിട്ടാത്തത് തന്നെ, എന്ന് പണ്ടേ പ്രസിദ്ധമായത് ശരിയാണെന്ന് തോന്നും ഇത് വായിച്ചാൽ. എഴുത്തുകാരി
"മനുഷ്യമനസ്സ്" എന്ന് പറഞ്ഞ് അന്തം വിടുന്നുണ്ട് ഒരിടത്ത്! ആദ്യ ചില പേജുകളിൽ അക്ഷരത്തെറ്റ് വന്നുകൂടിയുട്ടെണ്ടെന്ന് തോന്നുന്നു. ആകെ 103 പേജുകളെ ഉള്ളൂ.

നോവലിന്റെ കഥയ്ക്കൊ പരിണാമഗുപ്തിയ്ക്കോ പ്രാധാന്യം തോന്നിയില്ല. മറിച്ച് അതിന്റെ ഭാഷയിലൂടെ തരുന്ന ചിത്രങ്ങളും ഭാഷ തന്നെയും ആണു എടുത്ത് പറയാനുള്ളത്. ഒരു ഇന്റീരിയർ ഡിസൈനറെ പോലെ പലതും സൂക്ഷ്മമായി ശ്രദ്ധിച്ച് എഴുതിയിരിക്കുന്നു. ഗൃഹപീഡനവും ബാലപീഡനവും ആണു അടിസ്ഥാനപശ്ചാത്തലം എങ്കിലും അതിൽ നിന്നും മോചിതനായി എന്നാൽ അത് മനസ്സിനെ ബാധിച്ചിരിക്കുന്ന നിരവധി പേരുടെ കഥകൾ ആണ് ഈ ചെറിയ കഥാതന്തുവിലൂടെ ഫെമിന കാണിക്കുന്നത്.

2012ൽ പ്രസിദ്ധീകരിച്ച നോവലിൽ നവമാദ്ധ്യമങ്ങളുടെ സ്വാധീനം സ്വാഭാവികം ആണ്. അത് ധാരാളം ഉണ്ട്. അവയുടെ ഉപയോഗവും ഭംഗിയാക്കിയിരിക്കുന്നു. മഞ്ഞ്, സിൽവിയപ്ലാത്ത് ഇവരണ്ടും അദൃശ്യ സാന്നിദ്ധ്യമായി ഇരിക്കുന്നു ഈ നോവലിൽ. മഞ്ഞ് യു.എ.യിലേയല്ല അങ്ങ് ദൂരെ ടെക്സാസിൽ എങ്കിൽ മഴ, യു.എ.ഇ മഴയും സിൽവിയ പ്ലാത്ത് മറ്റൊരു ദൂരസാന്നിദ്ധ്യവും. പ്രണയം എന്ന "മിഥ്യ" ആണ് മറ്റൊന്ന്. പ്രണയമാണ് ചകിരി പോലെ ഉള്ള മാനസികാവസ്ഥയെ മാറ്റി മനസ്സിനെ കളർഫുൾ ആക്കുന്നത് എന്ന് നോവലിസ്റ്റ് ദ്യുതിപ്പിക്കുന്നു.

ഈ മഞ്ഞ്, ‌സിൽവിയ പ്ലാത്ത്, പ്രണയം എന്നിവ പറയുമ്പോൾ എനിക്ക് കഥകളിയുമായി ഒന്ന് ബന്ധിപ്പിക്കാൻ തോന്നി. അതില്ലാതെ എനിക്ക് പറ്റില്ലല്ലൊ :) കല്യാണസൗഗന്ധികം ആട്ടക്കഥയിലെ അദൃശ്യനായ കാറ്റുപോലെ ആയിരുന്നു അവകൾ. ആ ബന്ധം നിങ്ങൾ നോവൽ വായിച്ചും കഥകളി കണ്ടും വായിച്ചും മനസ്സിലാക്കിക്കോളൂ.

അഭിപ്രായങ്ങളൊന്നുമില്ല:

ശൂർപ്പണഖയുടെ മൂക്കും ചെവിയും മുലയും മുറിക്കൽ

ആദ്യമേ പറയട്ടെ, ഞാൻ ഉദ്ധരിയ്ക്കുന്നതെല്ലാം ഇന്റെർനെറ്റിൽ ലഭ്യമായ സ്രോതസ്സുകൾ ആണ്. അതിനാൽ ലിങ്ക് ഉണ്ട്. ശൂർപ്പണഖയുടെ അംഗവിഛേദം കഥകളിയിലും കൂട...