05 ജൂലൈ 2019

പകർന്നാട്ടം - കോട്ടക്കൽ ശശിധരൻ

പകർന്നാട്ടം
കോട്ടക്കൽ ശശിധരൻ
ആത്മകഥ
ഫസ്റ്റ് എഡിഷൻ - ആഗസ്റ്റ് 2018
രണ്ട് വോള്യങ്ങൾ
ISBN: 978-81-8267-576-6
GRASS ROOTS - AN IMPRINT OF MATHRUBHUMI BOOKS
KOZHIKODE
PAGES: FIRST VOLUME: 632
              SECOND VOLUME:560 (Total: 1192)
HARD COVER
PRICE: Rs.1500 (Set of two books)
Malayalam - Autobiography
Cover Photo: Keerthik Sasidharan
Cover Design: Das Ads, Kottakkal


കഥകളി പഠിച്ച് കേരളത്തിൽ നിന്നും പുറത്ത് പോയി മറ്റ് ഡാൻസ്, തീയറ്റർ സാങ്കേതികരീതികളും പഠിച്ച് വിശ്വപ്രസിദ്ധരായ മലയാളികൾ പലരുമുണ്ട്. ചിലർ തിരിച്ച് കേരളത്തിലേക്ക് തന്നെ മടങ്ങി വന്ന് കഥകളി തന്നെ ജീവിതോപാസന എന്ന് വിചാരിച്ച് കഥകളിയുടെ തട്ടകത്തിൽ തന്നെ ശിഷ്ടജീവിതം കഴിച്ചു കൂട്ടി. മറ്റ് പലരും കേരളത്തിനു പുറത്ത് തന്നെ അരങ്ങുകൾ കണ്ടെത്തിയും പുതിയ നാടകസങ്കേതങ്ങൾ പഠിച്ചും അവ നൂതനമായ രീതിയിൽ പ്രയോഗിച്ചും വളർന്ന് വിശ്വപ്രസിദ്ധരായി തീർന്നു. അങ്ങിനെ കേരളത്തിനു പുറത്ത് തീയറ്റർ ഉപാസനയുമായി ജീവിച്ച് പ്രസിദ്ധരായവരിൽ അവസാന കണ്ണി ആയിരിക്കും ശ്രീ കോട്ടക്കൽ ശശിധരൻ. അദ്ദേഹത്തിന്റെ ആത്മകഥ ആണ് “പകർന്നാട്ടം”.
പുസ്തകത്തിന്റെ പ്രിന്റിങ്ങും ബൈന്റിങ്ങും അച്ചടി നിരത്തും എല്ലാം ഗംഭീരം തന്നെ എന്ന് പറയാതെ വയ്യ. അച്ചടിപ്പിശാച് വളരെ കുറവ്, ഇല്ല എന്ന് തന്നെ പറയാം. എനിക്ക് തോന്നുന്നത്, മറ്റൊരു കേരളീയ നൃത്ത/കഥകളി കലാകാരനും/കാരിയും ഇങ്ങനെ ആത്മകഥയായി എഴുതി ഇത്രനല്ല രീതിയിൽ പുസ്തകമാക്കി പ്രസിദ്ധീകരിച്ചിട്ടുണ്ടാവുകയില്ല എന്നതാണ്. ചിലപ്പോൾ ഞാൻ കാണാത്തതും ആകാം.
കഥകളിക്കാരുടേയും അല്ലാതേയും ആത്മകഥകൾ വായിച്ചിട്ടുണ്ട്. അവയിൽ നിന്നും ഇത് വ്യത്യസ്തമായി നിൽക്കുന്നതിൽ പ്രധാനമായ ഒന്ന്, ഈ പുസ്തകത്തിന്റെ വലിപ്പം തന്നെ. രണ്ട് വാല്യങ്ങളിലായി ആയിരത്തോളം പേജുകൾ ഉണ്ട് ഈ പുസ്തകത്തിൽ! അദ്ദേഹത്തിന്റെ ബാല്യം മുതൽ ഷഷ്ടിപൂർത്തി ആഘോഷം വരെയുള്ള കാലയളവാണ് ആത്മകഥയിലെ പ്രതിപാദ്യം. മറ്റൊരു എടുത്തുപറയേണ്ടുന്ന കാര്യം അതാത് കാലത്തെ പ്രധാനസംഭവങ്ങൾ പുസ്തകത്തിൽ എടുത്ത് പറയുന്നു എന്നതാണ്. കൂടാതെ പോയ സ്ഥലങ്ങളിലെ വായിച്ച് അറിഞ്ഞ മറ്റ് ചരിത്ര സംഭവങ്ങളും അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്. ചില നിരീക്ഷണങ്ങൾ കൗതുകകരമായി തോന്നി.
അദ്ദേഹം പറയുന്നു, ലെഫ്റ്റും റൈറ്റും കുഴക്കാറുണ്ട് എന്ന്. ആ ദിശകൾ എന്നേയും കുഴക്കാറുള്ളതാണല്ലൊ എന്നോർത്തപ്പോൾ എനിക്ക് കൗതുകം തോന്നി. അടിയന്താരവസ്ഥക്കാലത്തെ കുപ്രസിദ്ധമായ പോലീസ് മുറ “ഉഴിച്ചിൽ” പിന്നീട് കഥകളിയിൽ പ്രഹ്ലാദനെ പഠിപ്പിക്കുന്ന സമയത്ത് കാണിക്കാറുള്ളത് ശശിധരൻ ചൂണ്ടിക്കാണിച്ചപ്പോഴുമുണ്ടായി ഈ കൗതുകം. പ്രവാസിദുഃഖത്തെ പറ്റി പേജ് 210ലെഴുതിയത് വായിച്ചപ്പോളും, അഹോ, ഇതെനിക്കും ഉള്ളതാണല്ലൊ എന്ന് തോന്നീ. നഷ്ടസ്വപ്നങ്ങളുടെ ജീവിതകഥ എന്ന് ഈ ആത്മകഥയെ ചുരുക്കി പറയാം എന്ന് തോന്നും.
ഇക്കാലത്തെ എഴുത്തായ #me too ഹാഷ്ടാഗ് വെച്ച് എഴുതാവുന്ന ചില സംഭവങ്ങൾ ശ്രീ ശശിധരൻ വിവരിക്കുന്നുണ്ട്. അത് പോലെ തന്നെ, തന്റെ കഥകളി അഭ്യസനകാലത്തെ ശിക്ഷാവിധികളും മറ്റും അദ്ദേഹം പുനർവിചിന്തനം ചെയ്യുന്നുണ്ട്. ദർപ്പണയിൽ, ശ്രീ ചാത്തുണ്ണിപ്പണിക്കരുടെ ശൗര്യം, പഠിക്കാൻ വരുന്ന കുട്ടികൾക്ക് ദോഷമേ ഉണ്ടാക്കൂ, അത്തരം ശിക്ഷാനടപടികൾ വേണ്ടാ എന്ന് തന്നെ ശ്രീ ശശിധരൻ അസന്ദിഗ്ദ്ധമായി പറയുന്നു. മകന്റെ പ്രസവസമയത്ത് ആശുപത്രിയിലെ ചില നഴ്സുമാരുടെ കളിയാക്കൽ രീതി അരോചകം തന്നെ. എന്നാൽ ഇന്നും പലപ്പോഴും അത് നടക്കുന്നു എന്ന് പലരും ഇന്റർനെറ്റിൽ എഴുതിയത് വായിച്ചിട്ടുണ്ട് എന്നതും സത്യം തന്നെ. എതിർക്കപ്പെടേണ്ടത് തന്നെയാണവ.
കഥകളി ഒരു മുഴുനീള ദൃശ്യകലയാണെന്നും അത് ആവിഷ്കരിക്കുന്നതിലെ ദൃശ്യഭംഗി ആണ് പ്രധാനം എന്നും ശശിധരൻ പറയുന്നതിനോട് യോജിപ്പ് തോന്നി. ഏതാണ്ട് മുന്നൂറുവർഷം മാത്രം കാലപ്പഴക്കമേ ഇന്ന് കാണുന്ന കഥകളിക്ക് ഉള്ളൂ. എന്നാലതൊരു പ്രാചീന കലയാണെന്ന് മഹാകവി ടാഗോർ പറഞ്ഞതായും അതിനോട് യോജിക്കുന്ന ശശിധരനേയും ആണ് എനിക്ക് പുസ്തകം വായിച്ചപ്പോൾ കാണാൻ കഴിഞ്ഞത്. അതിനോടെനിക്ക് യോജിപ്പുമില്ല. എന്നാൽ ഭരതനാട്യം എന്ന ഇന്നത്തെ നൃത്തകലയെ പറ്റി അങ്ങനെ അല്ല പേജ് 194ൽ എഴുതിയിരിക്കുന്നത്. അത് ചരിത്രവായന തന്നെ. പേജ് 327ൽ ഗംഗാജലത്തിന്റെ ശുദ്ധീകരണ ശക്തിയെ പറ്റി എഴുതിയതിനോടൊന്നും എനിക്ക് യോജിക്കാൻ പറ്റില്ല.
ഇങ്ങനെ പേജ് നമ്പർ വെച്ച് എഴുതാനിരുന്നാൽ ഇത് തീരില്ല. അതിനാൽ പൊതുവായി ചിലത് പറയാം. ആദ്യം വോള്യത്തിൽ മണ്മറഞ്ഞ വെണ്മണി ഹരിദാസ് എന്ന പ്രസിദ്ധകഥകളി ഗായകനെ പറ്റി അദ്ദേഹം ധാരാളം പറയുന്നുണ്ട്. വെണ്മണി ഹരിദാസും ദർപ്പണയിൽ ശശിധരന്റെ കൂടെ ഉണ്ടായിരുന്നുവല്ലൊ. പിന്നീട് വെണ്മണി ഹരിദാസ് കേരളത്തിലേക്ക് തിരിച്ച് പോരികയും ശ്രീ ശശിധരൻ അഹമ്മദാബാദിൽ തന്നെ തുടരുകയും ചെയ്തു. രണ്ടാം വോള്യത്തിലായപ്പോഴേക്കും അത് ഇപ്പോഴത്തെ പ്രസിദ്ധ ഗായകൻ ശ്രീ കോട്ടക്കൽ മധുവിനെ പറ്റി ആയി. രണ്ടുപേരും എനിക്കിഷ്ടപ്പെട്ടവർ എന്ന നിലക്ക് അവരെ പറ്റി എഴുതുന്നത് വായിക്കാൻ രസമായിരുന്നു. വെണ്മണി ഹരിദാസിന്റെ മകൻ ശരത്തിന്റെ ചോറൂണിനു ചെന്നതും അന്ന് നടന്ന ബാണയുദ്ധം കഥകളിയിലേ ഹരിദാസിന്റെ പാട്ട് റിക്കോർഡ് ചെയ്ത് സൂക്ഷിക്കുന്നതും എഴുതിയത് വായിച്ചപ്പോൾ, ആ റിക്കോർഡിങ്ങ്, ശ്രീ ശശിധരൻ, കഥകളിലോകത്തിനു സമർപ്പിക്കണം എന്ന് പറയാൻ എനിക്ക് തോന്നി. അങ്ങിനെ കയ്യിലുള്ള പഴയ ഓഡിയോ/വീഡിയൊ റിക്കോർഡുകൾ ഡിജിറ്റൈസ് ചെയ്ത് എല്ലാം പ്രസിദ്ധീകരിക്കണം എന്ന് ഒരു സാദാ കഥകളി കമ്പക്കാരൻ എന്ന നിലക്ക് ഞാൻ താൽപ്പര്യപ്പെടും.
ശശിയുടെ വായനയിലൂന്നിയും താൻ പഠിച്ച കഥകളി ശൈലിയിൽ ഊന്നിയും നടത്തുന്ന ചില നിരീക്ഷണങ്ങൾ കൗതുകങ്ങൾ തന്നെ ആണ്. “കോശസ്ഥിതി” എന്ന ഉപയോഗിച്ച് മറന്ന ഒരു പ്രയോഗം (കയ്യിലെ സാമ്പത്തികത്തിനെ പറ്റി സൂചിപ്പിക്കുന്ന) വായിച്ചപ്പോൾ, അയ്യോ ഇതൊക്കെ മറന്നതാണല്ലൊ എന്ന് ഞാൻ ഓർത്തു പോയി. പണ്ട് നാട്ടിൽ നടന്നിരുന്ന പരമ്പിട്ട കളിയരങ്ങുകളെ പറ്റിയും ഈ അടുത്ത കാലത്ത് ഞാൻ കൂടെ കണ്ട ആനമങ്ങാട് നളായനം അരങ്ങിനെ പറ്റിയും ശശിധരൻ എഴുതിയത് വായിച്ചപ്പോളും കൗതുകം തോന്നി. വളരെ പഴയതിനെ പറ്റി പറഞ്ഞപ്പോൾ ഓർമ്മയും നളായനത്തെ പറ്റി പറഞ്ഞപ്പോൾ ഞാൻ കൂടെ കണ്ടതാണല്ലൊ എന്നതും ആയിരുന്നു കൗതുകം. അവ ആസ്വാദനക്കുറിപ്പുകൾ എന്ന് പറയാൻ പറ്റില്ല എങ്കിലും ഓർമ്മക്കുറിപ്പുകൾ തന്നെ. അങ്ങിനെ പല അരങ്ങുകളെ പറ്റിയും ഉണ്ട്. നൊസ്റ്റാൾജിയ തോന്നും.
2012ൽ അന്തരിച്ച ഡേവിണ്ട് ബോളണ്ട് എന്ന ബ്രിട്ടീഷുകാരനുമായുള്ള സമ്പർക്കവും അദ്ദേഹത്തിന്റെ വീട്ടിൽ ചെല്ലുമ്പോൾ ഉണ്ടാകുന്ന അനുഭവങ്ങളും നമ്മുടെ ഹൃദയത്തെ തൊടുന്നതാണ്. അദ്ദേഹത്തിന്റെ റിക്കോർഡിങ്ങ് ശേഖരം ശബ്ദരേഖ നൽകി സൂക്ഷിക്കാൻ സഹായിച്ച വിവരമൊക്കെ ആർക്കും അധികം അറിയാവുന്നതാകില്ല. (ഇപ്പോൾ അവ Rose Bruford College, UK യിൽ സൂക്ഷിച്ചിരിക്കുന്നു)
കോട്ടക്കൽ ക്ഷേത്രത്തിലെ വിശ്വംഭരനെ (പ്രതിഷ്ഠ) ഓർക്കുമ്പോൾ ശശിധരനു ഭക്തിയുടേതായ ഒരു നിഷ്കളങ്കത ഉണ്ട്. അത് മനസ്സിൽ തട്ടും. ശശിധരൻ പുസ്തകത്തിൽ കഥകളി ചെണ്ടയെ പറ്റി ധാരാളം പറയുന്നുണ്ടെങ്കിലും മദ്ദളം എന്ന വാദ്യത്തിനു കഥകളിയിൽ ഉള്ള സ്ഥാനത്തെ പറ്റി ഒന്നും പറഞ്ഞ് കണ്ടില്ല. കഥകളി കേരളത്തിലും കേരളത്തിനു പുറത്തും ഉണ്ട്. രണ്ടും രണ്ട് രീതിയിലാണ് എന്ന് എനിക്ക് തോന്നാറുണ്ട്. കേരളത്തിലെ കഥകളിക്കാരൻ മറ്റ് നൃത്തരൂപങ്ങളും നാടകാദി അഭിനയവും അറിഞ്ഞിരിക്കുമെങ്കിലും കഥകളി അരങ്ങത്തല്ലാതെ അധികം പ്രത്യക്ഷപ്പെട്ട് കാണാറില്ല. എന്നാൽ മറുനാട്ടിലെ കഥകളിക്കാരനു വെറും കഥകളി അരങ്ങ് മാത്രമായാൽ ജീവിക്കാൻ സാധിക്കില്ല. മറുനാടൻ കഥകളിക്കാരൻ താൻ പഠിച്ച കഥകളിയ്ക്ക് പുറമെ മറ്റ് പല അഭിനയസങ്കേതങ്ങളും വശമാക്കുന്നുണ്ട്. അങ്ങനെ പഠിച്ചവർ പലതും തിരിച്ച് അവ കഥകളിയ്ക്ക് സംഭാവന ചെയ്യുന്നുമുണ്ട്. ഉദാഹരണം ശ്രീ കീഴ്പ്പടം കുമാരൻ നായർ തന്നെ. കോട്ടക്കൽ ശശിധരൻ കഥകളിയ്ക്കു നൽകിയ സംഭാവനകൾ അദ്ദേഹം മറുനാട്ടിൽ ആവിഷ്കരിച്ച നൃത്താവിഷ്കാരങ്ങൾ എല്ലാം കണ്ടതിനു ശേഷമേ വിലയിരുത്താൻ സാധിക്കുകയുള്ളൂ. അതിനു കാലാന്തരത്തിൽ സാധിക്കും എന്ന് വിശ്വസിക്കുന്നു.
ഭാഷ അറിയാതെ ശശിധരൻ മറ്റുള്ളവരുമായി സംവദിക്കുന്നതിനെ പറ്റി എഴുതിയത് വായിക്കുമ്പോൾ ഒക്കെ തന്നെ എനിക്ക് പ്രസിദ്ധമായ “സോർബ ദ ഗ്രീക്ക്” എന്ന നോവലിലെ ഡാൻസുകാരനായ സോർബയുടെ വരികൾ ഓർമ്മ വരും. അൽപ്പം ദീർഘമായ വരികൾ തന്നെ. Isadora Duncan തുടങ്ങി മറ്റ് പല നൃത്തവിദഗ്ധരുടേയും കഥ വായിക്കുമ്പോൾ എനിക്ക് തോന്നിയ വരികൾ തന്നെ അവ.
ചുരുക്കത്തിൽ എന്താണ് നൃത്തം? അത് ആത്മപ്രകാശനം തന്നെ എന്ന് ശ്രീ കോട്ടക്കൽ ശശിധരന്റെ ഈ ആത്മകഥ വായിച്ചപ്പോഴും തോന്നി. ജീവിതത്തിനേക്കാൾ വലിയ നൃത്തമേത്?

സോർബ ദ ഗ്രീക്കിലെ വരികൾ വേണ്ടവർക്ക് വായിക്കാം:

"Another time.... I was in Russia then... yes, I've been there,
too, for the mines again, copper this time, near Novo Rossisk ... I had
learnt five or six words of Russian, just enough for my work: no; yes;
bread; water; I love you; come; how much... 
But I got friendly with a Russian, a thorough-going Bolshevik.
We went every evening to a tavern in the port. We knocked back a
good number of bottles of vodka, and that put us into high spirits.
Once we began to feel good we wanted to talk. He wanted to
tell me everything that had happened to him during the Russian
revolution, and I wanted to let him know what I had been up to....
We had got drunk together, you see, and had become
brothers.

"We had come to an arrangement as well as we could by
gestures. He was to speak first. As soon as I couldn't follow him, I
was to shout: 'Stop!' Then he'd get up and dance. D'you get me,
boss? He danced what he wanted to tell me. And I did the same.
Anything we couldn't say with our mouths we said with our feet, our
hands, our belly or with wild cries: Hi! Hi! Hop-la! Ho-heigh!
"The Russian began. How he had taken a rifle; how war had
spread; how they arrived in Novo Rossisk. When I couldn't follow any
more, I cried: 'Stop!' The Russian straight away bounded up and
away he went dancing! He danced like a madman. And I watched his
hands, his feet, his chest, his eyes, and I understood everything. How
they had entered Novo Rossisk; how they had looted shops; how
they had gone into houses and carried off the women. At first the
hussies cried and scratched their own faces with their nails and
scratched the men, too, but gradually they became tamed they shut
their eyes and yelped with pleasure. They were women, in fact....
"And then, after that, it was my turn. I only managed to get out
a few words--perhaps he was a bit dense and his brain didn't work
properly--the Russian shouted: 'Stop!' That's all I was waiting for.
I leapt up, pushed the chairs and tables away and began dancing.
Ah, my poor friend, men have sunk very low, the devil take
them!

They've let their bodies become mute and they only speak
with their mouths. But what d'you expect a mouth to say? What can it
tell you? If only you could have seen how the Russian listened to me
from head to foot, and how he followed everything! I danced my
misfortunes; my travels; how many times I'd been married; the trades
I'd learned--quarrier, miner, pedlar, potter, comitadji, santuri-player,
passa-tempo hawker, blacksmith, smuggler--how I'd been shoved
into prison; how I escaped; how I arrived in Russia....
"Even he, dense as he was, could understand everything,
everything. My feet and my hands spoke, so did my hair and my
clothes.

And a clasp-knife hanging from my waistband spoke, too.
When I had finished, the great blockhead hugged me in his arms; we
filled up our glasses with vodka once more; we wept and we laughed
in each other's arms. At daybreak we were pulled apart and went
staggering to our beds.

And in the evening we met again.
"Are you laughing? Don't you believe me, boss? You're saying
to yourself: Whatever are these yarns this Sinbad the Sailor is
spinning? Is it possible to talk by dancing? And yet I dare swear
that's how the gods and devils must talk to each other.
"But I can see you're sleepy. You're too delicate. You've no
stamina. Go on, go to sleep, and tomorrow we'll speak about this
again. I've a plan, a magnificent plan. I'll tell you about it tomorrow.

ഇതൊക്കെ പറഞ്ഞാലും ഒരു പുസ്തകം എന്ന നിലക്ക് വായനക്കാരനാണ് അത് വിലയിരുത്താനുള്ള അവകാശം. ആ നിലക്ക് ചിലലതുകൂടെ പറയാതെ വയ്യ.

എന്തിനു എഴുതണം എന്നതിനെ പറ്റി റിൽക്കേ പറയുന്നത്, “Go into yourself and test the deeps in which your life takes rise; at its source you will find the answer to the question whether you must create.” എന്നാണ്. കോട്ടക്കല്‍ ശശിധരന്‍ എഴുതിയ പകര്‍ന്നാട്ടം എന്ന ആത്മകഥയെ നോക്കിയാല്‍, ആ ആത്മകഥ എഴുതുവാന്‍ ശ്രീ ശശിധരനുണ്ടായ കാരണം, താന്‍ നാലാം ക്ലാസ്സ് വരെ ഔപചാരിക വിദ്യഭ്യാസം നേടിയിട്ടുള്ളൂ എന്നും പിന്നീട് കഥകളി, ഭരതനാട്യം, കൂടിയാട്ടം എന്നിവ പഠിച്ച് വിശ്വപ്രസിദ്ധവിദ്യാലയങ്ങളില്‍ പലതും വിസിറ്റിങ്ങ് പ്രൊഫസറായതും വലിയ പലതരത്തിലുള്ള ഡാന്‍സ് പ്രൊഡക്ഷനുകള്‍ നടത്തിയതും അവ ലോകത്ത് പല ഭാഗത്തും അവതരിപ്പിച്ച് പ്രശംസ നേടിയതും, ആയതുകൊണ്ട് ഔപചാരികമായ വിദ്യാഭ്യാസം മാത്രമല്ല ജീവിതത്തില്‍ വിജയിക്കാന്‍ ഉപാധി എന്ന് ഇനി വരുന്ന തലമുറയോട് ശ്രീ ശശിധരന്‍ പറഞ്ഞ് വെക്കുന്നു.

എന്തിനെഴുതണം എന്നത് പോലെ പ്രധാനമാണ് എങ്ങിനെ എഴുതണം എന്നതും. എഴുത്തില്‍ എഡിറ്റിങ്ങ് വേണം. അതിനൊരു പ്രൊഫഷണല്‍ എഡിറ്റര്‍ ഉണ്ടെങ്കില്‍ നന്ന്. അത് മലയാളത്തില്‍ ഇല്ല. പക്ഷെ അപ്പോള്‍ സ്വയം എഡിറ്റ് ചെയ്യാന്‍ തയ്യാറാകണം. ആ സമയം ഒരു സാധാരണ വായനക്കാരന്റെ വീക്ഷണകോണില്‍ നിന്ന് വേണം എഴുതാനും വിലയിരുത്താനും. എഡിറ്റിങ്ങിനെ പറ്റി ശ്രീ അഭിലാഷ് മേലേതിൽ എഴുതിയ കുറിപ്പ് ഇവിടെ വായിക്കാം.

ഈ പുസ്തകത്തിൽ ആവർത്തനവിരസത വല്ലാതെ വരുന്നുണ്ട്. യൂറോപ്യൻ റോഡുകളെ പറ്റി എഴുതിയതൊക്കെ (ഒരു ഉദാഹരണം മാത്രം) ഇന്നുള്ള വായനക്കാർ വായിച്ചാൽ അരോചകമായി തന്നെ തോന്നും. പല ഭാഗത്തും വരവു ചെലവുകണക്കുകൾ കാണുമ്പോൾ ഇത്രയൊക്കെ ഒരു വായനക്കാരനു അറിയേണ്ടതാണോ എന്ന് സന്ദേഹം വരും. അദ്ദേഹത്തിന്റെ ദൈനംദിന ഡയറിക്കുറിപ്പുകൾ വിസ്തരിച്ചാക്കി പുസ്തകരൂപത്തിൽ പുറത്തിറക്കിയതാണോ എന്നു ശങ്കിക്കുമാറുള്ള വിശദാംശങ്ങൾ എല്ലാം തന്നെ എഡിറ്റ് ചെയ്ത് ചുരുക്കേണ്ടതായിരുന്നു എന്ന് എന്റെ വ്യക്തിപരമായ അഭിപ്രായം.

സുനിൽ ഏലംകുളം മുതുകുറുശ്ശി
05-ജൂലൈ-2019


അഭിപ്രായങ്ങളൊന്നുമില്ല:

ശൂർപ്പണഖയുടെ മൂക്കും ചെവിയും മുലയും മുറിക്കൽ

ആദ്യമേ പറയട്ടെ, ഞാൻ ഉദ്ധരിയ്ക്കുന്നതെല്ലാം ഇന്റെർനെറ്റിൽ ലഭ്യമായ സ്രോതസ്സുകൾ ആണ്. അതിനാൽ ലിങ്ക് ഉണ്ട്. ശൂർപ്പണഖയുടെ അംഗവിഛേദം കഥകളിയിലും കൂട...