26 ഡിസംബർ 2007

എരിഞ്ഞു തീരുന്ന സ്നേഹ തീരങ്ങളില്‍

ഓര്‍മ്മ/അനുഭവം
ബാലഗോപാല്‍ പുതിയവീട്ടില്‍

എരിഞ്ഞു തീരുന്ന സ്നേഹ തീരങ്ങളില്‍

ഒരു പ്രവാസജീവിതം സ്വപ്നം പോലും കാണാതിരുന്നകാലം. ഭേദപ്പെട്ട ജോലിയും നാട്ടിലെ സുഹൃദ്‌വലയവും ആയി സംതൃപ്ത ജീവിതം നയിക്കുകയായിരുന്നു. അപ്പോഴാണ്‌ പാലക്കാറ്റുനിന്ന്‌ ഒരു ഏജന്‍സി, അതും ഒരു കുടുംബസുഹൃത്ത്‌ പുറം നാട്ടിലേക്ക്‌ ജോലിക്കാരെ എടുക്കാന്‍ ആരംഭിച്ചത്‌. അതിന്റെ ഭാഗമായി ഇറക്കി സര്‍ക്കാറിന്റെ ആവശ്യാര്‍ത്ഥം അവിടത്തെ പെറ്റ്രോളിയം വകുപ്പിലെക്ക്‌ വിദഗ്‌ധരയ എഞ്ചിനീയര്‍മാരെ തെരഞ്ഞെടുക്കാനുള്ള അഭിമുഖങ്ങള്‍ ചെയ്യാന്‍ തുടങ്ങി.

നിയമന സംഘത്തിന്റെ തലവനായി വന്നത്‌ ഇറാഖി പെട്രോളിയം മന്ത്രാലയത്തിലെ വൈസ്‌ പ്രസിഡന്റ്‌ സബഹാ മുഹമ്മദ്‌ അലി ജുമാ എന്നൊരു ഇറാഖിയായിരുന്നു. പാലക്കാട്ട്‌ നടന്ന അഭിമുഖത്തില്‍ ഇരുനൂറോളം പേരില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടത്‌ വെറും ആറുപേര്‍. ഈ ഏജന്‍സിക്ക്‌ ഡീ ആസ്ഥാനമായ തോമസ്‌ കുക്ക്‌ എന്ന മറ്റൊരു ഏജന്‍സിയുമായിട്ടായിരുന്നു വ്യാപാരബന്ധം. അതുകൊണ്ട്‌ ദീയില്‍ നിന്നായിരിക്കും യാത്ര. ടിക്കുറ്റും മറ്റു രേഖകളും അവരുടെ ഓഫീസില്‍ പോയി കൈപ്പറ്റണം എന്ന്‌ പാലക്കാട്ടെ ഏജന്‍സി അറിയിച്ചു.

മൂന്നുവര്‍ഷമായി തുടരുന്ന ഇറാന്‍-ഇറാഖ്‌ യുദ്ധം മൂര്‍ച്ഛിച്ചു നില്‍ക്കുന്ന സമയം. നഴ്സുമാരും മറ്റുമടങ്ങിയ ഒരു സംഘം ഇന്ത്യയില്‍ നിന്നും യാത്രതുടങ്ങി, ബാഗ്‌ദാദില്‍ ഇറങ്ങാതെ മടങ്ങിയെന്ന്‌ വാര്‍ത്ത! ഒട്ടും മോശമല്ലാത്ത നാട്ടിലെ ജോലി ഉപേക്ഷിച്ച്‌ ഇങ്ങനെ ഒരു യുദ്ധഭൂമിയിലേക്ക്‌ പോകേണ്ട എന്ന മാതാപിതാക്കടക്കം സ്വന്തക്കാര്‍. എന്നിട്ടും പോകാന്‍ തന്നെ തീരുമാനിച്ച അന്നത്തെ മാനസികാവസ്ഥ എന്തായിരുന്നു, എന്ന്‌ ഇന്നും ഒരു ചോദ്യചിഹ്നമായി അവശേഷിക്കുന്‍. ധനസമ്പാദനമോ, ഉള്ളിന്റെ ഉള്ളില്‍ ഉറങ്ങി കിടന്നിരുന്ന സാഹസികതയോ? അതോ അതിനെല്ലാമുപരി എന്നും മനസ്സിന്റെ ഒരു കോണില്‍ താലോലിച്ചിരുന്ന പട്ടാളക്കാരോടുള്ള അഭിനിവേശമോ? എഞ്ചിനീയറിങ്ങിന്റെ അവസാനവര്‍ഷം ഇന്ത്യന്‍ ആര്‍മിയിലേക്ക്‌ സെലക്ഷന്‍ കിട്ടിയതായിരുന്നു; എന്‍.സി.സി.യിലെ മികച്ച പ്രകടനം അതിന്‌ വഴിതെളിച്ചു. പക്ഷെ അമ്മയുടെ കണ്ണുനീരിനുമുമ്പില്‍ ഒറ്റമകന്റെ തീരുമാനം മാറ്റേണ്ടിവന്നു.
സംകുടുംബം യാത്രക്കുള്ള സൗകര്യങ്ങളാണ്‌ ഒരുക്കിയിരുന്നങ്കിലും, യുദ്ധസാഹചര്യങ്ങള്‍ കണക്കിലെടുത്ത്‌, കുടുംബത്തെ കൊണ്ടുപോകുന്നത്‌ നേരിട്ട്‌ ചെന്ന്‌ ലാര്യങ്ങള്‍ ഗ്രഹിച്ചതിനുശേഷം മതി എന്നു തീരുമാനിച്ചു.
അങ്ങിയനെ കൊടും തണുപ്പുള്ള ഫെബ്രുവരി മസത്തിലെ പ്രഭാതത്തില്‍ ഞങ്ങള്‍ ഇന്ത്യയുടെ വിവ്ധഭാഗത്തും നിന്നുമുള്ള പതിരുപത്‌ എഞ്ചിനീയേഴ്സ്‌ അടങ്ങുന്ന സംഘം, ബാഗ്‌ദാദ്‌ സദ്ദാം ഇന്റര്‍നാഷണല്‍ എയര്‍പ്പോര്‍ട്ടില്‍ ചെന്നിറങ്ങി. പുറത്തെ താപനില -8 ദിഗ്രീ!!! വിമാനത്തിനുള്ളില്‍ നിന്നുതന്നെ ജാക്കറ്റും കയ്യുറയും മറ്റും എടുത്ത്‌ ധരിച്ചിരുന്നു. ആധുനിക രീതിയില്‍ പനികഴിപ്പിച്ച അതിവിശാലമായ ഒരു എയര്‍പ്പോര്‍ട്ട്‌ ആണ്‌ ബാഗ്ദാദ്‌ സദ്ദം ഇന്റര്‍നഷണല്‍ എയര്‍പ്പോര്‍ട്ട്‌`. ബാഗ്ദാദിനെ മറ്റൊരു പാരീസാക്കാനുള്ള സദ്ദാമിന്റെ ശ്രമത്തിന്റെ ഔര്‍ ഭാഗമാണ്‌, പാരിസിലെ ചാള്‍സ്‌ ഡിഗല്ലേ എയര്‍പ്പോര്‍ട്ടിന്റെ മാതൃകയിലുള്ള ബാഗ്ദാദ്‌ എയര്‍പ്പോര്‍ട്ട്‌. യാത്രക്കാര്‍ വളരെ കുറവായിരുന്നു. എവിടെ തിരിഞ്ഞാലും പട്ടാളവേഷത്തിലുള്ള ഉദ്യോഗസ്ഥര്‍! അന്തരീക്ഷത്തിലാകെ ഒരു സംഘട്ടനത്തിന്റെ തരംഗങ്ങള്‍. വായുവിനുപോലും ഒരു പ്രത്യേകമണം. ഉദ്യോഗസ്ഥര്‍ വളരെ ഹൃദ്യമായാണ്‌ പെരുമാരിയത്‌. അവര്‍ തന്നെ, പുറത്തുകാത്തുനിന്നിരുന്ന മിനിസ്റ്റ്രി ഓഫ്‌ ഓയിലിന്റെ മിനിബസ്സ്‌ കാണിച്ചുതന്നു.

ഇരുവശവും വൃക്ഷങ്ങള്‍ വച്ചുപിടിപ്പിച്ച വിശാലമായ റോഡില്ലൊടെ ബസ്‌ അക്ഷരാര്‍ത്ഥത്തില്‍ ചീറിപ്പാഞ്ഞു. സ്പീഡോമീറ്ററിലെ സൂചി 120 കഴിഞ്ഞ്‌ നില്‍ക്കുന്നു. പുലര്‍ച്ചെയായതിനാല്‍ റോഡ്‌ ഏറെക്കുറെ വിജനമായിരുന്നു. പോരാത്തതിന്‌ മഞ്ഞുകാലവും. സമയം 6 മണി കഴിഞ്ഞെങ്കിലും സൂര്യന്‍ ഉദിക്കണമെങ്കില്‍ 9 മണിയെങ്കിലുമാകുമെന്നും ഉച്ചകഴിഞ്ഞ്‌ 3 മണിയാകുന്നതോടെ അസ്തമിക്കുകയും ചെയ്യും എന്നൊക്കെ ഈജിപ്ഷ്യന്‍ ഡ്രൈവറുടെ മുറി ഇംഗ്ലീഷില്‍ നിന്ന്‌ മനസ്സിലാക്കി. ഇറാഖില്‍ മഞ്ഞുകാലമായാല്‍ ഒരു മണിക്കൂര്‍ പുറകോട്ട്‌ തിരിച്ച്‌ സമയം ക്ലിപ്തപ്പെടുത്തണം. വേനല്‍ക്കാലത്ത്‌ അത്‌ പഴയപടി ആക്കുകയും വേണം.

നാലും നാലും എട്ടുട്രാക്കുകളുള്ള റോഡിനെ വിഭജിച്ചുകൊണ്ട്‌ കിലോമീറ്ററോളം നീണ്ടുകിടക്കുന്ന വളരെ ചിട്ടയോടും പരിചരണത്തോടെയും ഉള്ള ഉദ്യാനങ്ങള്‍ തെരുവുവിളക്കിന്റെ ശോഭയില്‍ കണ്ണിനാനന്ദം പകര്‍ന്നു. നമ്മുടെ നാട്ടിലെ ചില പ്രധാന കവലകളില്‍ പ്രമുഖ വ്യവസായികളാലോ, കമ്പനികളാലോ പരിരക്ഷിക്കപ്പെടുന്ന ചില ഉദ്യാന കഷണങ്ങളെ ഓര്‍ത്തു പോയി. ചെടികളുടെ എണ്ണത്തെക്കാളേറെ അവയുടെ പേരുകളും വഹിച്ചുകൊണ്ട്‌ നില്‍ക്കുന്ന ബോര്‍ഡുകളുടെ വികൃതരൂപം മനസ്സില്‍ തെളിഞ്ഞു.

മിനിസ്റ്റ്രി ഓഫ്‌ ഓയിലിന്റെ ആസ്ഥാനത്തിലെ ഏറ്റവും മുകളിലത്തെ നിലയിലായിരുന്നു ഞങ്ങള്‍ താമസിച്ചിരുന്ന ഗസ്റ്റ്‌ ഹൗസ്‌. വെള്ളിയാശ്ച്ചയായതിനാല്‍ പ്രത്യേകിച്ച്‌ പരിപാടികളൊന്നും ഇല്ല. കുറച്ച്‌ നേരം വിശ്രമിച്ചതിനുശേഷം താഴെക്കിറങ്ങി. നാട്ടില്‍ വിളിച്ച്‌ എത്തിയ വിവരം അറിയിക്കുകയായിരുന്നു ലക്ഷ്യം. കൂട്ടത്തില്‍ ഒന്നുപറയട്ടെ. ഐ.എസ്‌.ഡി സൗകര്യമുള്ള പബ്ലിക്ക്‌ ടെലഫോണ്‍ ബൂത്തുകള്‍ അവിടെ ഉണ്ടായിരുന്നില്ലെന്നു തന്നെ പറയാം. സുരക്ഷാപ്രശ്നങ്ങളായിരുന്നു കാരണം. പ്രവാസികള്‍ നേരിട്ടിരുന്ന ഒരു വലിയ പ്രശ്നവും ഇതുതന്നെ ആയിരുന്നു. റിസപ്ഷനില്‍ ഒരു പെണ്‍കുട്ടി തന്റെ മേക്ക്‌ അപ്പ്‌ സാധനങ്ങള്‍ തുറന്നുവെച്ച്‌ മുഖം മിനുക്കുന്നു. ഞങ്ങളെ കണ്ടതും എഴുന്നേറ്റ്‌ ഹസ്തദാനം ചെയ്ത്‌ വിശേഷങ്ങള്‍ തിരക്കി. കൂട്ടത്തില്‍ സ്വയം പരിചയപ്പെടുത്തി. പേര്‍ നജാത്ത്‌. ഞങ്ങള്‍ കാര്യം അവതരിപ്പിച്ചപ്പോള്‍ അവളുടെ മറുപടിയില്‍ നിന്നും അന്തര്‍ദ്ദേശീയ ടെലഫോണ്‍ ചെയ്യണമെങ്കില്‍ പ്രസിഡന്റിന്റെ മുറിയില്‍ നിന്നും അദ്ദേഹത്തിന്റെ അനുവാദത്തോടെ മാത്രമേ നടക്കൂ എന്നാണ്‌ മനസ്സിലായത്‌. കൂട്ടത്തില്‍ ആള്‍ അദ്ദേഹത്തിന്റെ മുറിയിലേക്കെത്തുന്നതിനുള്ള വഴിയും പറഞ്ഞുതന്നു. വലിയ വിശാലമായൊരു ഹാളില്‍ പട്ടാളവേഷധാരിയായി ഒരാള്‍ ഇരിക്കുന്നു. ആറടിയിലധികം പൊക്കവും ഒത്ത ശരീരവും ആയി സുമുഖനായൊരു ചെറുപ്പക്കാരന്‍. യൂണിഫോമില്‍ ധാരാളം അലങ്കാരങ്ങളും ഉണ്ട്‌. ഞങ്ങള്‍ ഭവ്യതയോടേ ആശംസകള്‍ കൈമാരി, കാര്യം അവതരിപ്പിച്ചപ്പോള്‍, നോ, നോ,നോ എന്നൊരുവാക്കല്ലാതെ അദ്ദേഹത്തിന്റെ വായില്‍ നിന്നും മറ്റൊന്നും വന്നില്ല! ഇനിയങ്ങോട്ട്‌ ഭാഷാപ്രശ്നമാകുമല്ലോ എന്നൊരു വ്യാകുലതയോടെ ഞങ്ങള്‍ വീണ്ടും നജാത്തീ കണ്ട്‌ കാര്യം പറഞ്ഞു. നിങ്ങള്‍ പ്രസിഡന്റിനെ കണ്ടുകാണില്ല, ഇന്ന്‌ വെള്ളിയാഴ്ച്ചയല്ലെ? എന്നും പറഞ്ഞ്‌ അവള്‍ ഞങ്ങളുടെ കൂടെ വന്നു. അപ്പോഴാണ്‌ ഞങ്ങള്‍ക്ക്‌ അമളി മനസ്സിലായത്‌. ഞങ്ങള്‍ കണ്ട ആള്‍ ജെയ്ഷാബി (പോപ്പുലര്‍ ആര്‍മി)യില്‍പ്പെട്ട അദ്ദേഹം അവിടത്തെ ക്ലീനര്‍ ആയിരുന്നു. ക്ലീനിംഗ്‌ കഴിഞ്ഞ്‌ പ്രസിഡന്റിന്റെ കസേരയില്‍ ഇരുന്ന്‌ വിശ്രമിക്കുകയായിരുന്നു!

പൈറ്റ്ദിവസം രാവിലെ ജോലി സ്ഥലത്തേക്ക്‌ പോയി. ഞങ്ങളില്‍ നാലുപേര്‍ ഒഴിച്ച്‌ ബാക്കി ഉള്ളവര്‍ക്ക്‌, ബെയ്ജി, ബസ്ര,റ്റികൃത്‌ മുതലായ സ്ഥലങ്ങളിലായിരുന്നു നിയമനം. എനിക്ക്‌ ബാഗ്ദാദില്‍ ഉള്ള ഡൊറാഹ്‌ റിഫൈനറിയില്‍ ചേരാനുള്ള ആജ്ഞ കിട്ടി. കൂട്ടത്തില്‍ രണ്ടുമാസത്തെ ശംബളം മുന്‍കൂറായിത്തരുകയും ചെയ്തു. അതില്‍ പറഞ്ഞ പ്രകാരമുള്ള ഫാമില്‍ അലവന്‍സ്‌ ഇല്ലാതിരുന്നതിന്റെ കാരണം ആരാഞ്ഞപ്പോള്‍ കിട്ടിയ മറുപടി വളരെ രസാവഹമായിരുന്നു. If you are alone, you get this much and if you sleep with my wife, you get 20% extra ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.കുടുംബം വന്നതിനുശേഷമേ അലവന്‍സ്‌ തരൂ എന്നാട്‌ ഇഷ്ടന്‍ പറഞ്ഞൊപ്പിച്ചത്‌. you, you,me,mine,my എന്നിങ്ങനെയുള്ള വാക്കുകള്‍ പരസ്പരം തെറ്റിച്ചാണ്‌ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ പോലും ഉപയോഗിച്ചിരുന്നത്‌. What is my (your) name? എന്ന ചോദ്യം എപ്പോഴും ആരില്‍ നിന്നും പ്രതീക്ഷിക്കാം.

റിഫൈനറിയിലെ കാന്റീനില്‍ നിന്ന്‌ ഉച്ചഭക്ഷണം കഴിക്കുന്നതിനിടയില്‍ ഇറച്ചുീ, ഒട്ടകത്തിന്റെതെന്ന്‌ കൂടെയുണ്ടായിരുന്ന മറാത്തിക്കാരന്‍ രത്ന പാണ്ഡേക്ക്‌ സംശയം. വേണ്ടാത്ത സംശയങ്ങളും ആകാംഷയും പ്രവാസികളുടെ കൂടെപ്പിറപ്പണല്ലോ.

കുടുംബം എത്താത്തതിനാല്‍ ക്വാര്‍ട്ടേഴ്സ്‌ തയ്യാറായിരുന്നെങ്കിലും താമസം ഗസ്റ്റ്‌ ഹൗസില്‍ തന്നെ തുടരാന്‍ ഞങ്ങള്‍ നാലുപേരും തീരുമാനിച്ചു. മറ്റുള്ളവരെല്ലാം യാത്രപറഞ്ഞ്‌ പിരിഞ്ഞിരുന്നു. മാത്രമല്ല, ഞങ്ങള്‍ക്കനുവദിച്ച വണ്ടിയും കിട്ടിയിരുന്നില്ല. ഇവിടുന്നാണെങ്കില്‍ പൊതുവഹനസൗകര്യം ഉപയോഗപ്പെടുത്താം. വൈകീട്ട്‌ ഞങ്ങള്‍ നഗരം കാണാന്‍ ഇറങ്ങി. കേരളത്തിനെ വെല്ലുന്ന ഹരിതഭാവമാണ്‌ ബാഗ്ദാദ്‌ നഗരത്തിന്റെ മുഖമുദ്ര. ടൈഗ്രിസ്‌ നദിയുടെ ഇരുകരകളിലും ആയി ഉയര്‍ന്നു നില്‍ക്കുന്ന അത്യാധുനിക രീതിയിലുള്ള നഗരം, ഒരു സ്വപ്നഭൂമി തന്നെയാണ്‌. നദികിരുവശവും നോക്കെത്താദൂരത്തോളം ശ്രദ്ധയോടെ പരിചരിക്കപ്പെടുന്ന പുല്‍ത്തകിടികളും വിശ്രമകേന്ദ്രങ്ങളും പാര്‍ക്കുകളും മറ്റും. അതിനോട്‌ ചേര്‍ന്ന്‌ ഏതൊരു വികസിത രാജ്യത്തോടും കിടപിടിക്കത്തക്കഗതാഗത സൗകര്യങ്ങള്‍. പ്രവര്‍ത്തന ക്ഷമത അങ്ങേയറ്റം വച്ചുപുലര്‍ത്തുന്ന പൊതുഗതാഗതം. ഷറാട്ടണ്‍, ലേമേറീഡിയന്‍ മുതലായ പഞ്ച നക്ഷത്ര ഹോട്ടലുകള്‍ 1980കളില്‍ അവിടെ പ്രവര്‍ത്തിച്ചിരുന്നു.

ബാഗ്ദാദ്‌ സിറ്റി നഗര കേന്ദ്രം ബാബി ഷര്‍ജി എന്നാണ്‌ അറിയപ്പെട്ടിരുന്നത്‌. അവിടെ തല ഉയര്‍ത്തി നിന്നിരുന്ന കോണ്‍ക്രീറ്റില്‍ തീര്‍ത്ത ആലിബാബയുടെ പരിചാരികയും 41 ഭരണികളും അതിമനോഹരമാണ്‌. പരിചാരിക ഭരനികളുല്‍ എണ്ണ ഒഴിക്കുന്നപോലെ ഒരു ജലധാരയുടെ മാതൃകയാണ്‌ ആ ശില്‍പ്പത്തിന്‌.

ഇറാഖില്‍ നിന്ന്‌ പുറത്തേക്ക്‌ പണം അയക്കുന്നതിന്‌ ചില നിബന്ധനകള്‍ ഉണ്ടായിരുന്നു. ശംബളത്തിന്റെ എഴുപതുശതമാനം മാത്രമെ അയക്കാവൂ. ബാക്കി അവിടെ ചിലവാക്കാനുള്ളതാണ്‌. ഔദ്യോഗിക വാഹനം കൂടി ശരിയായപ്പോള്‍ കുടുംബത്തെ കൊണ്ടുവരാന്‍ തന്നെ തീര്‍ച്ചയാക്കി. നഗരപ്രാന്തത്തിലുള്ള വില്ല പോയി നോക്കി, തൃപ്തിയായി. ടി.വി ഒഴിച്ചുള്ള എല്ലാ ഗൃഹോപകരണങ്ങളും ഉണ്ട്‌. ലോക്കല്‍ കാള്‍ സൗകര്യമുള്ള ടെലഫോണ്‍ അടക്കം. എങ്ങോട്ട്‌ തിരിഞ്ഞാലും ട്രാഫിക്ക്‌ പോലീസിന്റെ പരിശോധനയില്‍ നിന്ന് രക്ഷപ്പെടാന്‍ മിനിസ്റ്റ്രി ഓഫ്‌ ഓയിലിന്റെ സ്റ്റിക്കര്‍ ഉപകരിച്ചു.

കുടുബമെത്തിയതോടെ വാരാന്ത്യത്തിലെ ബോറടിയും മാറിക്കിട്ടി. മകന്റെ സ്കൂള്‍ പ്രവേശനവും പതിപ്പും ഒക്കെയായി ദിവസങ്ങള്‍ പറന്നു പോയി. യുദ്ധം ഇടക്കൊക്കെ മുറുകിയും അയഞ്ഞും അങ്ങിനെ നടന്നു. ടി.വിയില്‍ ഇറാഖി ചാനല്‍ അല്ലാതെ മറ്റൊന്നും ലഭ്യമല്ല. അറബിയും ഇംഗ്ലീഷും രണ്ട്‌ ചാനല്‍ ഉണ്ട്‌. യുദ്ധ വര്‍ത്തമാനങ്ങളാണ്‌ അധികവും. പിന്നെ സദ്ദാമിനെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള പാട്ടുകളും, സദ്ദാമിന്റെ പട്ടാളവേഷവും ധരിച്ചുള്ള രാജ്യത്തുടനീളമുള്ള സന്ദര്‍ശനങ്ങളും ഒഴിച്ചാല്‍ കാര്യമായിട്ടൊന്നുമില്ല. വല്ലപ്പോഴും ചില ഈജിപ്ഷ്യന്‍ സിനിമകള്‍ കാണിക്കും. ആയിടക്കാണ്‌ ഇന്ദിരാഗാന്ധി കൊലചെയ്യപ്പെട്ടത്‌. ഇറാഖി ന്യൂസ്‌ വളരെ വിപുലമായി തന്നെ തല്‍സമയദൃശ്യങ്ങള്‍ കാണിച്ചിരുന്നു.

എല്ലാത്തുറകളിലും സ്ത്രീ പ്രാതിനിധ്യം വലിയൊരളവില്‍ ഉള്ള രാജ്യമാണ്‌ ഇറാഖ്‌. പ്രത്യെകിച്ചും യുദ്ദഹ്ത്തിന്റെ അനന്തര ഫലമെന്നോണം സ്ത്രീകള്‍ ധാരാളമായി പൊതുസ്ഥലങ്ങളില്‍ പ്രവര്‍ത്തിചിരുന്നു. റിഫൈനറിയിലെ ക്രേന്‍ ഓപറേറ്റര്‍ മുതല്‍ റിസപ്ഷനിസ്റ്റ്‌ വരെ സ്റ്റൃീകളായിരുന്നു. പൊതുവാഹനങ്ങളില്‍ ധാരാളം സ്ത്രീകള്‍ ഡ്രൈവറായി ജോലി നോക്കുന്നുണ്ടായിരുന്നു.

പാശ്ചാത്യ രീതിയിലാണ്‌ ഇറാഖ്‌ സ്ത്രീകള്‍ പൊതുവെ വസ്ത്രം ധരിച്ചിരുനത്‌. പ്രത്യേകിച്ചും ചെറുപ്പക്കാര്‍ക്ക്‌ സൂട്ടും സ്കര്‍ട്ടും ആണ്‌ പ്രിയം. സ്ത്രീകളില്‍ പര്‍ദ്ദ ധരിക്കുന്നവര്‍ വളരെ കുറവായിരുന്നു. ആരെങ്കിലും പര്‍ദ്ദ ധരിച്ചു പോകുന്നതു കണ്ടാല്‍ ഉറപ്പിക്കാ, ഏതോ ഒരു വയസ്സായ സ്ത്രീ ആണെന്ന്‌. ജോലി സ്ഥലത്ത്‌ ആരും തന്നെ പര്‍ദ്ദ ധരിച്ചിരുന്നില്ല.

വിദേശികളും അവരുടെ കുടുംബങ്ങളും ആയി ഇറാഖികള്‍ക്ക്‌ നല്ല ബന്ധമായിരുന്നു. അതിഥി ദേവോ ഭവഃ എന്ന ആപ്തവാക്യം അക്ഷരാര്‍ത്ഥത്തില്‍ പാലിച്ചിരുന്നത്‌ ഇവരായിരുന്നു എന്നു തോന്നും. അതിഥികള്‍ക്ക്‌ എന്തു കൊറ്റുത്താലും മതിവരാത്ത പ്രകൃതം. സ്ത്രീകള്‍ക്കു പോലും ബിയറും മറ്റും കൊടുത്താണ്‌ സല്‍ക്കരിക്കുക! വിശേഷ അവസരങ്ങളിലെല്ലാം അവര്‍ വന്ന്‌ നമ്മെ നിര്‍ബന്ധമായി കൂട്ടിക്കൊണ്ട്‌ പോകും. കല്യാണങ്ങളും മറ്റും ആഘോഷിക്കുന്നതു കണ്ടാല്‍ ഒരു യുദ്ധഭൂമിയിലാണ്‌ നടക്കുന്നതെന്ന് കരുതുക പ്രയാസം. ഒരു ചെറിയ വ്യത്യാസം മാത്രം. വരന്റെ സ്ഥാനത്ത്‌ മുങ്ങണന ലഭിക്കുക, മുറ്റുന്തനോ, ചെറിയ രീതിയിലുള്ള അംഗഭംഗമുള്ളവനോ ആയിരിക്കും. കാരണം ഇങ്ങനെയുള്ളവര്‍ യുദ്ധത്തില്‍ നിന്ന്‌ ഒഴിവാക്കപ്പെട്ടിരുന്നു. പൂര്‍ണ്ണ ആരോഗ്യമുള്ളവര്‍ നിര്‍ബന്ധമായും പട്ടാളത്തില്‍ ചേരണം.

ഒരു മൃതദേഹമെങ്കിലും ദിവസവും കാനുക അന്നത്തെ പതിവായിരുന്നു. പട്ടാളജീപ്പില്‍, പതാകയില്‍ പൊതിഞ്ഞ മൃതദേഹം അടുത്തുള്ള ഏതെങ്കിലും വീടിലേക്ക്‌ കയറുന്നതോടൊപ്പം അലമുറയും കേള്‍ക്കാം. ഒരു മണിക്കൂറിനകം എല്ലാം ശാന്തം. പിന്നെ ജീവിതം പഴയ പറ്റി. ഏതോ ഒരമ്മക്ക്‌ നഷ്ടപ്പെട്ട മകനെയോ, ഭാര്യക്ക്‌ നഷ്ടപ്പെട്ട ഭര്‍ത്താവിനേയോ മക്കള്‍ക്ക്‌ നഷ്ടപ്പെട്ട അഛനെയോ ഓര്‍ത്ത്‌ ദുഃഖിക്കാന്‍ അവര്‍ക്ക്‌ അധികം സമയമില്ല. അതോ യുദ്ധം ദൈനം ദിനം ജീവിതത്തെ തികച്ചും യാന്ത്രികമാക്കിയതോ?

ഒരു ദിവസം സാധാരണ ജോലി സമയത്തില്‍ എല്ലാവരും ജോലി തുടങ്ങി. അല്‍പ സമയം കഴിഞ്ഞപ്പോള്‍ നീണ്ടാ എയര്‍ റെയിഡ്‌ വാണിംഗ്‌ കേട്ട്‌ പകച്ചു നിന്ന ഞാനടക്കം എല്ലാവരേയും അന്നത്തെ കണ്ട്രോള്‍ റൂം ഷിഫ്റ്റ്‌ ഇന്‍ ചാര്‍ജ്ജ്‌ ആയ സല്‍മാന്‍ ഭൂഗര്‍ഭത്തിലുള്ള കോണ്‍ക്രീറ്റ്‌ ഷെള്‍ട്ടറിലേക്ക്‌ നയിച്ചു. അവിടെ വൈസ്‌ പ്രസിഡണ്ട്‌ അടക്കം എല്ലാവരും സന്നിഹതരായിരുന്നു. എയര്‍പോര്‍ട്ടിലെ പാസഞ്ചേഴ്സ്‌ ലോന്‍സീന്‍ വെല്ലുന്ന സംവിധാനങ്ങളായിരുന്നു അവിടെ കണ്ടത്‌. ടി.വിയും കുടിവെള്ളവും ടോയ്‌ലറ്റും അനിങ്ങെ എല്ലാം. ആന്റി എയര്‍ക്രാഫ്റ്റ്‌ തോക്കുകളുടെ നിലക്കാത്ത ശബ്ദത്തില്‍ നിന്നും എവിടെയോ ബോംബിംഗ്‌ സാദ്ധ്യതയുള്ളതായി മനസ്സിലായി. ഒട്ടൊരു പരിഭ്രമത്തോടെ നിമിഷങ്ങള്‍ തള്ളി നീക്കിയപ്പോള്‍ കേട്ടു ഒരു കാതടപ്പിക്കുന്ന ശബ്ദം. ബോംബിംഗ്‌ നടന്നു ക്ശഹിഞ്ഞിരുന്നു. എവിടെയാണ്‍? എന്താണ്‍? എന്നൊരു രൂപവും ഇല്ലാതെ മണിക്കൂറുകള്‍ ഞങ്ങള്‍ അവിടെ കഴിച്ചുകൂട്ടി. പിന്നീട്‌ എല്ലാം ശരിയായെന്നറിയുപ്പുണ്ടായപ്പോള്‍ ജോലിസ്ഥലത്തേക്ക്‌ തിരിച്ചുപോയപ്പോഴും ഭയം വിട്ടു മാരിയിരുന്നില്ല. കുറെക്കഴിഞ്ഞ്‌ അറിഞ്ഞു, ബോംബിങ്ങില്‍ കാര്യമായ നാശനഷ്ടമോ ആളപായമോ ഇല്ലെന്നും ബോംബ്‌ ചെയ്യാന്‍ വന്ന രണ്ട്‌ ഇറാനിയന്‍ യുദ്ധവിമാനങ്ങളില്‍ ഒന്ന്‌ വെടി വെച്ചിട്ടെന്നും പെയിലറ്റിനെ ബന്ദിയാക്കി പിടിച്ചെന്നും.

വൈകുന്നേരങ്ങളില്‍ നഗരത്തില്‍ കൂടെ ഉലാത്തുമ്പോള്‍ ഒരു യുദ്ധഭൂമിയാണെന്ന പ്രതീതി ഇല്ല മദ്യഷാപ്പുകള്‍ പോലും വളരെ സജീവം. കാഫെറ്റീരിയ സ്റ്റെയിലില്‍ മദ്യഷാപ്പുകള്‍ക്കുമുമ്പിലും മേശയും കസേരയും ഇട്ടിരിക്കുന്നത്‌ അവിടത്തെ പ്രത്യേകതയാണ്‌. കാഴ്ച്ചകളും കണ്ട്‌ ഇരിക്കാം. എങ്കിലും അപമര്യാദയായിട്ടൊരു പ്രവൃത്തിയോ നോട്ടം പോലുമോ അവിടുത്തുകാരില്‍ നിന്ന്‌ ഉണ്ടാകാറില്ല. സ്വദേശികള്‍ക്ക്‌ ഇന്ത്യക്കാരോട്‌ വലിയ സ്നേഹമാണ്‌, ബഹുമാനമാണ്‌. ഒരിക്കല്‍ ഒരു സംഭവമുണ്ടായി. ഒരു ബാറില്‍ കണ്ടാ കാശ്ച്ചയാണ്‌. ഒരു ഇന്ത്യക്കാരന്‍ ബീര്‍ അടികുകയാണ്‌. അഞ്ചോ ആറോ കുപ്പി അകത്താക്കി കാനും. പെട്ടെന്ന്‌ മേശപ്പുറത്തുണ്ടായിരുന്ന കാലി കുപ്പികളില്‍ നിന്ന്‌ രണ്ടെണ്ണം ഉരുട്ടി മേശക്കടിയില്‍ തള്ളുന്നു! എല്ലാം കഴിഞ്ഞ്‌ കാലി കുപ്പികള്‍ എണ്ണിയാണ്‌ സാധാരണ കടക്കാരന്‍ പൈസ വാങ്ങുക. അയാള്‍ ബില്‍ എഴുതാന്‍ വന്നപ്പോള്‍ സംശയം പ്രകടിപ്പുക്കുകയും ചെയ്തു. നമ്മുടെ ഭാരതീയന്‍ ഞെളിഞ്ഞു നിന്നു. ചുറ്റും ഇരുന്നവരെല്ലാം ശരിവെച്ചു. അവര്‍ പറഞ്ഞത്‌, അയാള്‍ ഒരു ഇന്ത്യക്കാരനായതുകൊണ്ട്‌ നുണ പറയുകയില്ല എന്നാണ്‌. ഈജിപ്തുകാരനായ കടക്കാരന്‌ തെറ്റിയതാകാമത്രേ! ലജ്ജയാലും കുറ്റബോധത്താലും എന്റെ തല കുനിഞ്ഞുപോയി.

വാരാന്ത്യങ്ങള്‍ ഉല്ലാസപൂര്‍ണ്ണമായിരുന്നു. ടൈഗ്രീസ്‌ നദിയുടെ ഇരുകരകളിലുമുള്ള പച്ച പുല്‍ത്തകിടിയില്‍ ഇടക്കൊക്കെ പോയിരിക്കും. അവിടെ നദിയില്‍ ചൂണ്ട ഇടാനും മീനിനെ അവൈടെത്തന്നെ ഒരു പ്രത്യേകതരം ചൂളയില്‍ വെച്ച്‌ പാകപ്പെടുത്തി എടുക്കാനും മറ്റുമുള്ള സംവിധാനങ്ങളുണ്ട്‌. മീനിനെ കഴുകി വൃത്തിയാക്കി പൊള്ളിച്ചെടുക്കുന്നത്‌ ഒരനുഭവമായിരുന്നു. അതല്ലെങ്കില്‍ ഞങ്ങള്‍ വിരലിലെണ്ണാവുന്ന ഇന്ത്യന്‍ കുടുംബങ്ങള്‍ ഒത്തു ചേര്‍ന്ന് പിക്നിക്കോ യാത്രയോ സംഘടിപ്പിക്കും. അങ്ങിനെ ഇറാഖിന്റെ മുക്കും മൂലയും വരെ കാനുകയുണ്ടായി. ചരിത്രപ്രധാന്യമുള്ള എത്രയെത്ര സ്ഥലങ്ങള്‍!

മതേതര രാജ്യമായ ഇന്ത്യയെക്കാളേറെ മതസഹിഷ്ണുത പുലര്‍ത്തിയിരുന്ന ഒരു രാജ്യമാണ്‌ ഇറാഖ്‌. മതത്തിനെ വ്യക്തികളുടെ സ്വകാര്യത്തക്കോ സ്വന്തം ജീവിതചര്യക്കോ അപ്പുറം സമൂഹത്തിലേക്ക്‌ വലിച്ചിഴക്കപ്പെട്ടിരുന്നില്ല. അഞ്ചാറുവര്‍ഷത്തെ ഇറാഖി ജീവിതത്തിനിടയില്‍ ഒരിക്കലെങ്ക്ലിയം മതമേതെന്ന് ഒരാള്‍ ചോദിച്ചിട്ടില്ല. മതപരമായ ഉത്സവങ്ങള്‍ മതഭേദമന്യേ ആഘോഷിച്ചിരുന്നു. കൃസ്തുമസ്സിന്‍ കൃസ്തുമസ്സ്‌ ട്രീ ഇല്ലാത്ത ഒരൊറ്റ വീടുപോലും കാണുമായിരുന്നില്ല. വലിയ പെരുന്നാളിന്‌ ആടിനെ അറുത്ത്‌ അടുത്തുള്ള വിദേശികളുടെ വീട്ടിലെത്തിച്ചിരുന്നത്‌ സ്വദേശികള്‍ ഒരു തരം മത്സര സ്വഭാവത്തോടെ ആയിരുന്നു!

ബാഗ്ദാദില്‍ ജഫ്രാനിയ എന്ന സ്ഥലത്താണ്‌ ഞങ്ങള്‍ താമസിച്ചിരുന്നത്‌. നഗരഹൃദയത്തില്‍ നിന്നും രണ്ട്‌ കിലോമീറ്റര്‍ അകലെ. അവിടെ അടുത്തുതന്നെ ഉള്ള സാല്‍മാന്‍ പാര്‍ക്കിലെ ഭൂമിക്കടിയിലുള്ളന്യൂക്ലിയര്‍ പവര്‍ സ്റ്റേഷന്‍ 24 മണിക്കൂറും പട്ടാളത്തിന്റെ നേരിട്ടുള്ള നിയന്തണത്തില്‍ അതിശക്തമായ സുരക്ഷാക്രമീകരണങ്ങളുള്ള ഇടമായിരുന്നു. ഒരു ദിവസം ടി.വി ടെലഫോണ്‍ ബന്ധം വിച്ഛേദിക്കപ്പെടുകയും ഇസ്രായേലി യുദ്ധവിമാനങ്ങള്‍ വന്ന്‌ അവിടം ബോംബ്‌ ചെയ്ത്‌ തകര്‍ക്കപ്പെറ്റുകയും ഉണ്ടായി.

ഇതിനിടയില്‍ പ്രസിഡന്റ്‌ സദ്ദാം ഹുസ്സൈനിന്റെ രാഷ്ട്രത്തോടുള്ള ആഹ്വാനം ടി.വി.യില്‍ സംപ്രേക്ഷണം ചെയ്യുകയുണ്ടായി. രാഷ്ട്രം ഒരു പ്രതിസന്ധിയെ തരണം ചെയ്യുകയാണെന്നും പുരുഷന്മാര്‍ അധികവും യുദ്ധത്തിലേര്‍പ്പെട്ടതിനാല്‍ നാറ്റിനെ സഹായിക്കാനായി വന്ന വിദേശികളെ വേണ്ട രീതിയില്‍ പരിപാലിക്കേണ്ടത്‌ ഓരോ പൗരന്റെയും കര്‍ത്തവ്യമാണെന്നും മറ്റും. ഇതോടെ വിദേശികള്‍ കൂടുതല്‍ ബഹുമാനിതരായി.

നാലഞ്ചു വര്‍ഷങ്ങള്‍ പോയതറിഞ്ഞതേയില്ല. സദ്ദാമിന്റെ ജന്മദേശമായ ടികൃത്തിനടുത്ത്‌ ബെയ്ജി എന്ന സഥലത്ത്‌ ഒരു വലിയ റിഫൈനറി കോംപ്ലക്സ്‌ നിര്‍മ്മിക്കപ്പെടുകയും ബാഗ്ദാദിലെ പരിചയസമ്പന്നരെ അങ്ങോട്ട്‌ സ്ഥലം മാറ്റുകയും ചെയ്തു. ഞാനും അക്കൂട്ടത്തില്‍ പെട്ടു. റിഫൈനറി കമ്മീഷന്‍ ചെയ്യാനെത്തിയ സദ്ദാമിനെ പത്തടി അകലെ കാണാനുള്ള ഭാഗ്യവും കിട്ടി. ക്വാര്‍ട്ടേഴ്സും ടൗണ്‍ഷിപ്പും എല്ലാം ഉണ്ടായിരുന്നെങ്കിലും ഇന്ത്യന്‍ സ്കൂളിന്റെ അഭാവത്താല്‍ കുടുംബത്തിന്‌ നാട്ടിലേക്ക്‌ തിരിക്കേണ്ടിവന്നു. പക്ഷേ പിന്നീറ്റുള്ള നാളുകളില്‍ യുദ്ധം മുറുകുന്നതു കണ്ടപ്പോള്‍ ആ തീരുമാനം എന്തുകൊണ്ടും നന്നായി എന്നും തോന്നി. ഞാനും ഏറിയാല്‍ ഒരു വര്‍ഷത്തിനകം മടക്കയാത്രക്കുള്ള മാനസിക തയാറെടുപ്പിലായി.

ബെയ്ജിയില്‍ ചെന്നതിനുശേഷം ബസ്രാ റിഫൈനറിയിലേക്കും കുര്‍ദ്ദുകള്‍ ധാരളമുള്ള സുലൈമാനിയ എന്ന സ്ഥലത്തെക്കും മറ്റും ഔദ്യോഗിക സന്ദര്‍ശനത്തിനായി പോവുക പതിവായിരുന്നു. അന്ന്‌ കൂടെ ജോലി ചെയ്തിരുന്ന ചിലരുടെ ആതിഥ്യം സ്വീകരിച്ച്‌ അവരുടെ വീറ്റുകളില്‍ പോകാന്‍ അവസരം ലഭിച്ചിട്ടുണ്ട്‌. ബാഗ്ദാദിലും മറ്റുമുള്ള ഇറാഖികളില്‍ നിന്ന്‌ വ്യത്യസഥമായി ഇക്കൂട്ടര്‍ ഒരു തരം സ്ഥന്‍ ഭാഷയാണ്‌ സംസാരിച്ചിരുന്നത്‌. ഹിന്ദിയുമായി അവരുടെ ഭാഷക്ക്‌ സാമ്യമുള്ളതായി അവര്‍ അവകാശപ്പെട്ടിരുന്നു. ഹിന്ദുസ്ഥാന്‍, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ മുതലായ ദേശപ്പേരുതന്നെ ഈ ഭാഷയെ അടിസ്ഥാനപ്പെടുത്തി ആണെന്നാണ്‌ അവരുടെ വിയലയിരുത്തല്‍. യുദ്ദഹ്ത്റ്റിന്റെ ഫലമായി സ്വദേശികളുടെ ശംബളവും മറ്റും പകുതിയാക്കി കുറച്ചിരുന്നു. എങ്കിലും ഇങ്ങനെയുള്ള യാത്രകളില്‍ അവര്‍ നമ്മെ, ഒന്നും ചെലവാക്കാന്‍ സമ്മതിക്കില്ല. അവരുടെ കണ്ണില്‍ നമ്മള്‍ അതിഥികളാണ്‌.

റിഫൈനറി നഗരപ്രഡേശം കഴിഞ്ഞാല്‍ ബെയ്ജി തികച്ചും ഒരു ഗ്രാമപ്രദേശമാണ്‌. വാരാന്ത്യങ്ങളില്‍ ഷോപ്പിങ്ങിനും മറ്റുമായി റിഫൈനറിയുടെ ബസ്സില്‍ ടികൃത്തില്‍ പോകും. എലക്ട്രോണിക്ക്‌ ഉപകരണങ്ങള്‍ വരെ ഗവണ്‍മന്റ്‌ ഡിപ്പാര്‍ട്ട്‌മന്റ്‌ സ്ടോരുകള്‍ വഴി വിതരണം ചെയ്തിരുന്നു.

ഒറ്റക്കായപ്പോള്‍ രാത്രികാലങ്ങളില്‍ എയര്‍ റേയ്ഡ്‌ സൈറണ്‍ മുഴങ്ങുമ്പോള്‍ ടെറസ്സില്‍ പോയി നോക്കും. മുകളിലുള്ള ബോംബര്‍ വിമാനങ്ങള്‍ കാണുന്നതിനായി ട്രേസര്‍ ബുള്ളറ്റ്‌ ആകാശത്തിലേക്ക്‌ പായിക്കുന്നതിന്റെ ഫലമായി ഉണ്ടാകുന്ന പ്രകാസവര്‍ഷം, തൃശ്ശൂര്‍ പൂരത്തിന്റെ പ്രതീതി ഉളവാക്കിയിരുന്നു.

യുദ്ധം കടുത്തു. ഇറാഖികള്‍ ഭൂരിഭാഗവും പട്ടാളത്തിലേക്ക്‌ പോയി. നാട്ടില്‍ ആദ്യമായി ദാരിദ്ര്യത്തിന്റെ അടയാളങ്ങള്‍ കണ്ടു തുടങ്ങി. ചില അത്യാവശ്യ സാധനങ്ങളായ നിഡോ പാല്‍, മുട്ട മുതലായവ ഇടക്കൊക്കെ വിപണിയില്‍ നിന്നും അപ്രത്യക്ഷമായിക്കൊണ്ടിരുന്നു. അതിര്‍ത്തി പ്രദേശമായ ബസ്രഹ്യില്‍ നിന്നും വരുന്ന ദേശീയപതാകയില്‍ പൊതിഞ്ഞ മൃതദേഹങ്ങളുടെ എണ്ണം കൂടി. ഓരോദിവസവും ഓഫീസില്‍ ചെല്ലുമ്പോള്‍ കൂറ്റുതല്‍ സ്ത്രീകളെ കറുത്ത വേശത്തില്‍ കാണാന്‍ തുടങ്ങി. ഉറ്റവര്‍ നഷ്ടപ്പെട്ടതിന്റെ ആഘാതത്താല്‍ അവരുടെ സുന്ദരമുഖങ്ങള്‍ക്ക്‌ ഐസുകട്ടയുടെ നിര്‍വ്വികാരതയായിരുന്നു. ഇതിനിടയില്‍ റിഫൈനറിയെ ലക്സ്യമിട്ട്‌ മിസ്സൈല്‍ വര്‍ഷവും തുടങ്ങി. ഒരു ദിവസം പകല്‍ സമയം ജോലി സ്ഥലത്തായിരുന്നപ്പോള്‍ എന്റെ കൂടെ ജോലി ചെയ്തിരുന്ന അബു നയാല്‍ എന്നൊരാളുടെ വീറ്റിന്റെ ഭാഗത്ത്‌ മിസ്സൈല്‍ വീണതറിഞ്ഞ്‌ അയാള്‍ ഓഫീസില്‍ നിന്ന്‌ ഫയര്‍ ജീപ്പ്പെടുത്ത്‌ പായിച്ചു പോയി. ഉച്ചകഴിഞ്ഞ്‌ അയാള്‍ മടങ്ങി വരികയും ചെയ്തു. കുഴപ്പമൊന്നുമില്ലല്ലോ എന്ന്‌ ചോദിച്ചപ്പോള്‍ പറയുകയാണ്‌ വീടിന്റെ ഒത്ത മുകളിലാണ്‌ മിസ്സൈല്‍ വീണതെന്ന്‌! ഭാര്യയും മക്കളും കൂടാതെ അവിടെ വിരുന്നുവന്നിരുന്ന ഭാര്യയുടെ അനുജത്തിയും ഭര്‍ത്താവും മക്കളും എല്ലാവരും പോയത്രേ! എന്റെ വിഷമം മറക്കാന്‍ പാടുപെട്ടപ്പോള്‍ അയാള്‍ പറയുന്നു, എന്തു ചെയ്യാം ദൈവം തന്നതെല്ലാം ദൈവം തന്നെ തിരിച്ചെടുത്തു!!!!

മിസ്സൈല്‍ വീണ സ്ഥലങ്ങള്‍ അപ്പാള്‍ തന്നെ ഗവണ്‍മന്റ്‌ ജീവനക്കാര്‍ ഷവലും മറ്റുമായി വന്ന്‌ ഇടിച്ചുനിരത്തി വൃത്തിയാക്കും. ഇങ്ങനെ ഒരു സംഭവം നടന്നതായിപ്പോലും പിന്നീട്‌ കണ്ടാല്‍ അറിയുകയില്ല. ഒരു വെള്ളിയാഴ്ച്ച രാവിലെ ഒന്നു നടക്കാനിറങ്ങിയപ്പോള്‍ ഒരു കാശ്ച്ച കണ്ടു. ഒരു തെരുവുനായ വളയിട്ട ഒരു കൈയ്യും കടുച്ചുപിടിച്ചുകൊണ്ട്‌ ഓടി പോകുന്നു!
ആ വര്‍ഷത്തെ കോണ്ട്രാക്റ്റ്‌ തീരാന്‍ രണ്ടോ മൂന്നോ മാസങ്ങള്‍ മാത്രം ബാക്കി നില്ല്കെ ഒരു ദിവസം രാത്രി- പലതും ആലോചിച്ചുകിടന്നതിനാല്‍ ഉറക്കം വന്നില്ല. പെട്ടെന്ന് യാതൊരു മുന്നറിയിപ്പും ഇല്ലാതെ, കാതടപ്പിക്കുന്ന ഒരു ശബ്ദം കേട്ടു. അതോടുകൂടി എന്തൊക്കെയോ കട്ടിലില്‍ വന്നു വീഴുന്നു. പേടിച്ച്‌ രണ്ട്‌ കണ്ണുകളും ഇറുക്കി അടച്ച്‌ കിടന്നു. എത്രസമയം അങ്ങിനെ കിടന്നു എന്ന്‌ അറിയില്ല. പുറത്ത്‌ എന്തൊക്കെയോ നടന്നിട്ടുണ്ട്‌. കൂട്ടക്കരച്ചില്‍ കേള്‍ക്കാം. പക്ഷെ എഴുന്നേല്‍ക്കാന്‍ സാധിക്കുന്നില്ല. ആകെ മരവിച്ചതുപോലെ. അവസാനം സര്‍വ്വശക്തിയും എടുത്ത്‌ പതുക്കെ കണ്ണുതുറന്നു. എഴുന്നേല്‍ക്കാന്‍ ഭാവിച്ചപ്പോള്‍, പുതച്ചിരുന്ന പുതപ്പിന്റെ മുകളില്‍ വല്ലാത്ത ഒരു ഘനം. തലപൊക്കി നോക്കിയപ്പോള്‍ കട്ടിലിനടുത്തുള്ള ജനല്‍ പാളികള്‍ ചിതറിത്തെറിച്ചു വീണിരിക്കുകയാണ്‌. നിറച്ചും ചില്ലുകള്‍! പതുക്കെ എഴുന്നേറ്റ്‌ പുതപ്പുകുടഞ്ഞ്‌ ചുറ്റും നോക്കി. നേരെ എതിര്‍വശത്തുള്ള ഭിത്തി, ചില്ലുകള്‍ തറച്ച്‌ അടര്‍ന്നു വീണിരിക്കുന്നു. ആസമയം അവിടെ എഴുന്നേറ്റുനില്‍ക്കുകയായിരുന്നെങ്കില്‍ സംഭവിച്ചേക്കാവുന്നത്‌ ഓര്‍ത്ത്‌ ഞെട്ടിപ്പോയി. അടുത്ത ബ്ലോക്കില്‍ മിസ്സൈല്‍ പതിച്ചിരികുന്നു! പിന്നെ ഒന്നും ആലോചിച്ചില്ല. കയ്യില്‍ കിട്ടിയതെല്ലം കൂടി പെട്ടിയിലാക്കി പാക്ക്‌ ചെയ്തു.

പിറ്റെ ദിവസം തന്നെ ഓഫീസില്‍ നോട്ടീസ്‌ കൊടുത്തു. യാതൊരു എതിര്‍പ്പുമില്ലാതെ തിരിച്ചുപോകാനുള്ള എല്ലാ കടലാസുകളും ദിവസങ്ങള്‍ക്കകം അവര്‍ ശരിയാക്കി തന്നു. നന്മകള്‍ നേര്‍ന്ന് എല്ലാവരും കൂടിയാത്രയാക്കിയപ്പോള്‍ എഞ്ഞാന്‍ ഗദ്ഗദകണ്ഠനായി. നടപടിക്രമങ്ങളെല്ലാം കഴിഞ്ഞ്‌ വിമാനത്താവളത്തില്‍ ഇരിക്കുമ്പോള്‍ ഓര്‍ത്തു എത്ര നല്ല ഡേശം.. എന്തു നല്ല മനുഷ്യര്‍... പക്ഷേ....


ശ്രീ ബാലഗോപാല്‍ പുതിയ വീട്ടില്‍ എന്റെ ഒരു സുഹൃത്താണ്. അദ്ദേഹത്തിന്റെ അനുഭവങ്ങള്‍ വായിച്ചപ്പോള്‍, പലരാലും ഇത് വായിക്കപ്പെടേണ്ടതാണെന്ന് തോന്നി. അങ്ങനെ ഇവിടെ പ്രസിദ്ധീകരിക്കുന്നു. അക്ഷരം മാസികയില്‍ ഇത് കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ചതാണ്.

6 അഭിപ്രായങ്ങൾ:

ഒരു “ദേശാഭിമാനി” പറഞ്ഞു...

ഹൃദയ സ്പര്‍ശിയായ വിവരണം!

യുദ്ധങ്ങളും, അതു മൂലമുണ്ടാകുന്ന നാശങ്ങളും എത്രയോ ഭീകരം! രാഷ്ട്രങ്ങളെ തന്നെ ഇല്ലായ്മ ചെയ്യുന്ന യുദ്ധാങ്ങള്‍!

എന്തിനായുദ്ധം? - സമാധാനം ഉണ്ടാക്കാന്‍!

ആര്‍ക്ക് സമാധാനം കിട്ടാന്‍? ഏതോ ഒരു തല തിരിഞ്ഞ ഭരണാധികാരിക്കോ, അയാളുടെ വെപ്പാട്ടിക്കോ- അവരുടെ “ഈഗോ” തീര്‍ക്കാന്‍!

ലോകം നശിപ്പിക്കാന്‍ ചിലവാക്കുന്നതിന്റെ 25% പണം കൊണ്ടു, ലോകം സന്തോഷപൂര്‍ണമാക്കാം!

കലികാലത്തിലെ തല തിരിഞ്ഞലോകം!

Sherlock പറഞ്ഞു...

സുനില്‍...ബാലഗോപാലിന്റെ ഈ അനുഭവക്കുറിപ്പ്
ഇവിടെ പോസിറ്റിയതിനു നന്ദി...അല്ലേല്‍ മിസ്സ് ചെയ്യുമായിരുന്നു...

പ്രിയ ഉണ്ണികൃഷ്ണന്‍ പറഞ്ഞു...

അനുഭവക്കുറിപ്പ് നന്നായി, പിന്നെ ആ ഇംഗ്ലീഷും.

Gopan | ഗോപന്‍ പറഞ്ഞു...

സുനിലിനും ശ്രീ ബാലഗോപാലിനും നന്ദി.
അനുഭവം ഓര്‍മക്കുറിപ്പാകുമ്പോള്‍ വാക്കുകള്‍ക്കും അതുള്‍ക്കൊള്ളുന്ന വികാരങ്ങള്‍ക്കും നൂറു മടങ്ങ്‌ തീക്ഷണത.. ദേശാഭിമാനി പറഞ്ഞതു പോലെ.. യുദ്ധം എന്തിനാനെന്നത് ന്യായ മായ ചോദ്യം..

ശ്രീ പറഞ്ഞു...

രണ്ടു പേര്‍‌ക്കും പുതുവത്സരാശംസകള്‍‌!
:)

സു | Su പറഞ്ഞു...

:)

ശൂർപ്പണഖയുടെ മൂക്കും ചെവിയും മുലയും മുറിക്കൽ

ആദ്യമേ പറയട്ടെ, ഞാൻ ഉദ്ധരിയ്ക്കുന്നതെല്ലാം ഇന്റെർനെറ്റിൽ ലഭ്യമായ സ്രോതസ്സുകൾ ആണ്. അതിനാൽ ലിങ്ക് ഉണ്ട്. ശൂർപ്പണഖയുടെ അംഗവിഛേദം കഥകളിയിലും കൂട...