22 ഫെബ്രുവരി 2011

കുരുടന്‍ കൂമന്‍

വായന

കുരുടന്‍ കൂമന്‍

ബൈബിളിലെ വിലക്കപ്പെട്ട കനിയുടെ കഥ സൂചിപ്പിക്കുന്നത്‌ മനുഷ്യനെ മറ്റു ജീവികളില്‍ നിന്നും വേര്‍തിരിപ്പിക്കുന്നത്‌ അവന്റെ സവിശേഷ ചിന്തയാണ്‌,അതിനുള്ള കഴിവാണ്‌ എന്നതാണ്‌. ഈ ബുദ്ധിയുടെ സഹായത്തോടെ അവന്‍ സ്വന്തം വ്യക്തി താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ സമൂഹവുമായും, പ്രകൃതിയോടെന്ന പോലെ സമരം ചെയ്തു. അവന്‍ തിന്ന വിലക്കപ്പെട്ട കനിയുടെ രുചി ഒന്നു മാത്രമാണ്‌ അവന്‌ ഈ സമരത്തില്‍ പിന്‍ബലമായിട്ടുള്ളത്‌.
ജനനം മുതല്‍ മരണം വരെയുള്ള അവന്റെ യാത്രയില്‍ അവനെ, വിലക്കപ്പെട്ട കനി തിന്നാന്‍ പ്രേരിപ്പിച്ച പാമ്പും വളരെ പ്രധാനപ്പെട്ടതാണ്‌. ഒരു തരത്തില്‍ ഈ സങ്കല്‍പം കാണിക്കുന്നത്‌ മനുഷ്യന്റെ കേമത്തമായി അംഗീകരിച്ച സവിശേഷ ബുദ്ധിയുടെ പരിമിതികള്‍ കൂടിയാണ്‌. അഥവാ അവന്റെ ഭാവനാശക്തിയുടെ അനന്തസാധ്യതകളാണ്‌. ഏതൊരു ശാസ്ത്രവും പഠിക്കാന്‍ വളരെ അടിസ്ഥാനപരമായ ചില തത്വങ്ങള്‍ അല്ലെങ്കില്‍ ആശയങ്ങള്‍ ഊഹിക്കുകയും ആ ഊഹത്തില്‍ കണ്ണടച്ച്‌ വിശ്വസിക്കുകയും തുടര്‍ വിചിന്തനം ഈ ഊഹത്തിന്റെ അടിസ്ഥാനത്തില്‍ നടത്തുകയും ചെയ്യേണ്ടിയിരിക്കുന്നു. ഇങ്ങനെ ആശയങ്ങള്‍ ഊഹിക്കാനും അത്‌ ശരിയെന്ന്‌ ധരിക്കാനും അവന്‌ അവന്റെ ഭാവനയുടെ സഹായം ആവശ്യമായിരുന്നു. ഭാവന ഒരു സമയത്ത്‌ പരിമിതിയും അതേ സമയം അനന്തവുമാണ്‌. വാസ്തവികതയില്‍നിന്ന്‌ ഉണര്‍ത്താനും അതിനെ അതിജീവിക്കാനും ഭാവന വേണം. വിലക്കപ്പെട്ടകനി അവന്റെ സവിശേഷബുദ്ധിയുടെ അടിസ്ഥാനമാണെങ്കില്‍ അത്‌ തിന്നാന്‍ പ്രേരിപ്പിച്ച പാമ്പ്‌ പ്രകൃതിയുടെ അല്ലെങ്കില്‍ വാസ്തവികലോകത്തിന്റെ പ്രതീകമാണ്‌.
വ്യക്തിയായ മനുഷ്യന്റെ കണ്ണിലൂടെ നോക്കിയാല്‍, എല്ലായ്‌പ്പോഴും അവന്റെ പ്രതീക്ഷകള്‍ക്കൊത്തല്ല മനുഷ്യ സമൂഹം നിലകൊള്ളുന്നത്‌. അവന്റെ പ്രതീക്ഷകളും യാഥാര്‍ത്ഥ്യവും തമ്മിലുള്ള അന്തരം പലപ്പോഴും വ്യക്തിയ്ക്ക്‌ എകാന്തത എന്ന വികാരം കൂടി അനുഭവപ്പെടുത്തുന്നു. വ്യക്തിയുടെ ഏകാന്തതക്ക്‌ ഇന്നു ആഴം കൂടുതല്‍ ആയിട്ടുണ്ട്‌. ഇതിനു പലകാരണങ്ങളുമുണ്ട്‌. പ്രധാനമായും സാമ്പത്തിക സാമൂഹിക ചുറ്റുപാടുകള്‍തന്നെ. പ്രകൃതി നിയമങ്ങളില്‍ നിന്നും അകലുംതോറും മനുഷ്യന്റെ ഈ മോഹവ്യാമോഹങ്ങള്‍ കൂടിയതേയുള്ളൂ. വിലക്കപ്പെട്ട കനിയുടെ രുചി അവന്‌ ഭാരമായിത്തീരുന്ന അവസ്ഥ അങ്ങനെ ഉണ്ടാകുന്നു. അല്‍പ്പം സര്‍ഗാത്മകത കൂടിയുള്ള വ്യക്തി ഈ ഭാരം, ഈ വിടവ്‌, തീര്‍ക്കാന്‍ വിവിധ തരത്തില്‍ ശ്രമിക്കുന്നു.
ഏകാന്തതയില്‍ നിന്നൊഴിഞ്ഞു മാറാന്‍ അവന്‍ പലതും പ്രവര്‍ത്തിക്കുന്നു. ചിലര്‍ കൂടുതല്‍ കര്‍മ്മനിരതരാകുന്നു. ചിലര്‍ നിരാശയുടെ പടുകുഴിയില്‍ വീഴുന്നു. ചിലര്‍ അസ്തിത്വചിന്തകള്‍ക്കടിമപ്പെടുന്നു. ചിലര്‍ സങ്കല്‍പ്പ ലോകത്തെ സ്വപ്നം കാണുകയും യാഥാര്‍ത്ഥ്യമാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ചുറ്റുമുള്ള യാഥാര്‍ത്ഥ്യത്തെ അംഗീകരിക്കാനും അതില്‍ നിന്നും വേറിട്ടൊരെണ്ണം ഉണ്ടാക്കാനും മുകളില്‍ പറഞ്ഞ ഭാവനാവിലാസം അവനെ സഹായിക്കുന്നു. ഇത്തരത്തില്‍ ഭവനാവിലാസം അവന്റെ ലോകത്തെ തന്നെ മാറ്റിമറിക്കുന്നു. അപ്പോഴും അവന്‍ അതൃപ്തനായി വീണ്ടും വേറിട്ടൊരു ലോകം സ്വപ്നം കാണുന്നു. പലപ്പോഴും അവന്‍ സ്വപ്നലോകത്തുനിന്നും യഥാര്‍ത്ഥലോകത്തിലേക്ക്‌ തിരിച്ചുവരാന്‍ തന്നെ മറക്കുന്നു.
essay kurudan kooman
The Truth Of Existentialism
ഇന്നത്തെ ലോകത്ത്‌ ഇത്തരം വ്യാമോഹങ്ങള്‍ പകര്‍ന്നു നല്‍കാന്‍ ധാരാളം ഉപാധികള്‍ ഉണ്ട്‌. ജീവിതത്തെ നേര്‍ക്കുനേര്‍ കാണാതിരിക്കാന്‍ ഇത്തരം ഉപാധികള്‍ നമ്മെ പലപ്പോഴും പ്രേരിപ്പിക്കുന്നു. പലര്‍ക്കും ഇത്തരം സാഹചര്യത്തില്‍ കഥയും കവിതയുമൊക്കെ ഒരു സര്‍ഗ്ഗാത്മക ഒളിച്ചോട്ടവും അതിജീവനവുമൊക്കെയായി ഭവിക്കുന്നു.
ഇത്തരം വിചാരങ്ങളാണ്‌, സാദിഖ്‌ ഹിദായത്തിന്റെ "കുരുടന്‍ കൂമന്‍" എന്ന ഒരു ചെറിയ നോവലിന്റെ വായന എന്നില്‍ ഉണര്‍ത്തിയത്‌.
അസ്തിത്വചിന്ത അലട്ടിയിരുന്ന സാദിഖ്‌ ഹിദായത്തിന്‌ ഈ നോവല്ല ഒരു സര്‍ഗ്ഗാത്മക ഒളിച്ചോട്ടമായിരുന്നു. അതേസമയം താന്‍ ജീവിച്ചിരുന്ന കാലത്തേയും സാഹചര്യങ്ങളേയും അതിജീവിക്കാനുള്ള ഒരു പ്രവണതകൂടി ഈ കൃതിയില്‍ കാണുന്നുമുണ്ട്‌.
1903ല്‍ ജനിച്ച്‌ 1951ല്‍ അത്മഹത്യചെയ്ത സാദിഖ്‌ ഹിദായത്ത്‌ ഇറാനില്‍ വളരെ അറിയപ്പെടുന്ന ഒരു എഴുത്തുകാരനാണ്‌. അദ്ദേഹം ജീവിച്ചിരുന്നത്‌ ഇറാനിലെ റേസാ ഷായുടെ ഏകാധിപത്യഭരണകാലത്തായിരുന്നു. വളരെ സാമൂഹിക നിയന്ത്രണങ്ങള്‍ ഉള്ള അന്നത്തെ ലോകം തന്റെ സങ്കല്‍പ്പ ലോകമല്ല എന്ന്‌ ഹിദായത്ത്‌ ഈ കൃതിയിലൂടെ പറയുന്നു. തന്റെ ജീവിത സാഹചര്യങ്ങളെ യഥാതഥമായി അവതരിപ്പിക്കാന്‍ ബുദ്ധിമുട്ട്‌ അനുഭവിച്ചതിനാലായിരിക്കാം അസ്തിത്വബോധം അസാമാന്യമായി അലട്ടിയിരുന്ന സാദിഖ്‌ ഹിദായത്ത്‌ ഇങ്ങനെ ഒരു സര്‍റിയലിസ്റ്റ്‌ രചനാസങ്കേതം തെരഞ്ഞെടുത്തത്‌.
നിഴലിനോട്‌ കഥപറയുന്ന ഒരു കറുപ്പു തീറ്റക്കാരന്റെ കഥയാണ്‌ സാദിഖ്‌ ഹിദായത്തിന്റെ "കുരുടന്‍ കൂമന്‍" എന്ന ചെറു നോവല്‍. 1937-ല്‍ ഇന്ത്യയില്‍ പ്രസിദ്ധീകൃതമായ ഈ ഇറാനിയന്‍ നോവലിന്‌ ഇപ്പോഴും മുകളില്‍ പറഞ്ഞ കാരണങ്ങളാല്‍ പ്രസക്തിയുണ്ട്‌. നിഴലിനോട്‌ കഥപറയേണ്ട സാഹചര്യം സാദിക്ക്‌ ഹിദായതിന്‌ അന്നനുഭവപ്പെട്ടിരുന്നെങ്കില്‍ ഇന്നും സ്ഥിതി വിഭിന്നമല്ല. ഇതിലെ ഒരോ സംഭവങ്ങളും ഒരോ കഥപാത്രങ്ങളും പ്രതീകങ്ങളാണ്‌. നിഴലിനോട്‌ കഥപറയുന്ന പ്രധാന കഥപാത്രത്തിന്റെ പേരു തന്നെ ഇവിടെ അപ്രസക്തമാണ്‌. അത്‌ നാമായിരിക്കാം; വ്യാമോഹങ്ങള്‍ക്കടിമപ്പെട്ട നമ്മിലെ സാധാരണമനുഷ്യന്‍. ഇദ്ദേഹത്തിന്റെ പണിയോ പേനാക്കൂടില്‍ ചിത്രങ്ങള്‍ വരയ്ക്കുക!
അദ്ദേഹം വരയ്ക്കുന്ന ചിത്രങ്ങള്‍ എല്ലാം തന്നെ ഒരേ ചിത്രങ്ങളായിരുന്നു!. കാലാകാലങ്ങളിലായി മനുഷ്യവംശം അതാതു കാലത്തില്‍ ജീവിക്കുക എന്ന "ചിത്രരചന" അല്ലേ നടത്തിയിരുന്നത്‌? കാലത്തിന്റെ കാന്‍വാസിലുള്ള ചിത്രങ്ങള്‍! ദൈനംദിന ജീവിതത്തിന്റെ ആവര്‍ത്തന വിരസത!
ഇന്ത്യാക്കാരന്‍ സന്യാസി പോലെ ഒരു വൃദ്ധന്‍, പിന്നെ വൃദ്ധന്‌ കോളാമ്പിപ്പൂക്കള്‍ കൊടുക്കാനായുന്ന കറുപ്പു മൂടിയ ഒരു യുവതി, വൃദ്ധനും യുവതിയ്ക്കും മദ്ധ്യേ ഒരു അരുവി, പിന്നെ ഒരു സൈപ്രസ്സ്‌ മരം. അത്ഭുതം കൂറിയെട്ടന്നവണ്ണം ചുണ്ടില്‍ ചൂണ്ടുവിരല്‍ അമര്‍ത്തിപ്പിടിച്ചിരിക്കുന്ന ഈ വൃദ്ധനില്‍ പ്രകൃതിയും കാലവും ഭൂതകാല സാംസ്കാരികപാരമ്പര്യവും എല്ലാം സമ്മേളിച്ചിരിക്കുന്നു അഥവാ അതിന്റേയെല്ലാം പ്രതീകമാണ്‌ ഈ വൃദ്ധന്‍. യുവതി തികച്ചും ചിത്രകാരന്റെ കാല്‍പ്പനിക ലോകം തന്നെ. ഈ ചിത്രം, പ്രധാന കഥാപാത്രം യഥാര്‍ത്ഥജീവിതത്തില്‍ ഒരു നിമിഷനേരത്തെയ്ക്കെങ്കിലും തട്ടിന്‍പുറത്തുള്ള അലമാറയുടെ വിടവിലൂടെ കാണുന്ന മുതല്‍ക്കാണ്‌ കഥയുടെ ചുരുള്‍ നിവരുന്നത്‌. ഈ യുവതിയുടെ കണ്ണുകള്‍ കഥാപാത്രത്തെ വേട്ടയാടുകയാണ്‌. വിലക്കപ്പെട്ട കനിയുടെ രുചി തന്നെയാണ്‌ ഈ കണ്ണുകളുടെ മറക്കാത്ത ഓര്‍മ്മ പ്രതിനിധീകരിക്കുന്നത്‌. അയാള്‍ കൂടുതല്‍ കറുപ്പിനടിമയാകുന്നു. പിന്നീടയാള്‍ ഈ യുവതിയെ സ്വന്തം വീട്ടില്‍ യാദൃശ്ചികമായി കാണുന്നു. അവന്റെ സ്വത്വം തിരിച്ചറിഞ്ഞു. ആ യുവതി മരിച്ചതോടെ സ്വന്തം ആത്മാവ്‌ നഷ്ടപ്പെട്ടവനായാണ്‌ കഥാപാത്രം പെരുമാറുന്നത്‌. പുതിയ ഉള്‍ക്കാഴ്ച്ച മൂലം ഉണ്ടാകുന്ന വ്യര്‍ഥതാബോധത്തിന്റെ സൂചന ആണിത്‌. സ്വന്തം ജീവിതം പിഴിഞ്ഞ്‌ സത്തയെടുത്ത്‌ തന്റെ തന്നെ നിഴലിന്റെ ദാഹാര്‍ത്തമായ തൊണ്ടയിലൂടെ തുള്ളിതുള്ളിയായി ഒഴിച്ചുകൊടുക്കാന്‍ കഥാപാത്രം വെമ്പുന്നു.
ഈ യുവതി കഥാപാത്രത്തിന്റെ ഭാര്യയാണ്‌. കണ്ണില്‍കണ്ടവരുടെയൊക്കെ ഒപ്പം ശയിക്കുന്ന ഇവളെ കഥാപാത്രവും പ്രാപിക്കാന്‍ വെമ്പുന്നു. പക്ഷെ അവള്‍ പിടികൊടുക്കുന്നില്ല. സത്തയെ അല്ലെങ്കില്‍ അര്‍ത്ഥമന്വേഷിക്കുന്ന ജീവിതചിന്ത; അന്വേഷിക്കുന്നത്‌ കിട്ടാതെ, തൃപ്തിലഭിക്കാതെ അലയുന്ന ആത്മബോധത്തിന്റെ പിടച്ചിലാണിവിടെ കാണുന്നത്‌. അവസാനം അയാള്‍ അവളെ കൊല്ലുകയാണ്‌. പിടികൊടുക്കാത്ത സങ്കല്‍പ്പലോകം! ചങ്ങമ്പുഴയുടെ സ്മരണ ഇവിടെ മിന്നിമറയുന്നുണ്ടോ? അല്ലെങ്കില്‍ ഒമര്‍ ഖയ്യാമിന്റെ?
"നാലു ചുവരുകള്‍ക്കിടയ്ക്ക്‌ രൂപപ്പെടുന്ന മുറിയില്‍ (ജീവിതത്തിനും ചിന്തകള്‍ക്കും ചുറ്റും ഞാന്‍ പടുത്തുയര്‍ത്തിയിട്ടുള്ള കോട്ടയാണത്‌) ഒരു മെഴുകുതിരി കണക്കേ എന്റെ ജീവിതം ക്ഷയിച്ചുകൊണ്ടിരിക്കുന്നു. അല്ല തെറ്റി, അടുപ്പിന്റെ ഒരു വശത്തുകൂടെ തിരുകിക്കയറ്റുകയും മറ്റ്‌ മരക്കഷ്ണങ്ങളില്‍ നിന്ന്‌ തീപ്പടര്‍ന്ന്‌ ചൂടേറ്റ്‌ വിങ്ങിവെന്ത്‌ കരിക്കട്ടയായിത്തീരുകയും ചെയ്യുന്ന വിറകുകൊള്ളിപോലെയാണത്‌. കത്തുകയോ പച്ചയായിത്തന്നെ ഇരിക്കുകയോ ചെയ്യുന്നില്ല. മറ്റ്‌ വിറകുകൊള്ളികളില്‍നിന്നുള്ള ആവിയും പുകയുമേറ്റ്‌ സ്തംഭിച്ചങ്ങനെ കഴിയുകയാണ്‌"
മുകളില്‍ പറഞ്ഞ അന്‍പതാം പേജിലുള്ള ഖണ്ഡിക, സുനില്‍ കൃഷ്ണന്റെ അടുപ്പ്‌ എന്ന കവിതയിലെ ആശയവുമായി വളരെ സാമ്യം തോന്നി. "അടുപ്പ്‌" എന്ന കവിത നോക്കൂ:
അടുപ്പിന്‌
മൂന്നുകാല്‍
ഭാവി
ഭൂതം
വര്‍ത്തമാനം
മുകളില്‍ ഞാന്‍
ആവിയിലേക്ക്‌
തിളയ്ക്കും വരെ
മോചിതനാവാതെ
മുന്നടുപ്പില്‍
മാംസമെരിയുന്ന
പടനിലം
പിന്നടുപ്പില്‍
തണുത്തചാരത്തിലേയ്ക്ക്‌
ദ്രവിച്ചുപോയ കാലം
മറ്റൊന്നില്‍
നരകപ്രതീക്ഷയുടെ
വേട്ടനായ്ക്കള്‍
കുരല്‍ച്ചോര
മണത്തിരങ്ങുന്ന
ഗുഹാമുഖം
അടുപ്പുകത്തുമ്പോള്‍
പഴുത്തിരിക്കാന്‍ വയ്യ
പേനാക്കൂടില്‍ ചിത്രങ്ങള്‍ വരയ്ക്കുന്ന ഒരു സാധാരണക്കാരന്‌ തന്റെ ദാഹാര്‍ത്തമായ നിഴലിന്റെ തൊണ്ടയിലൂടെ ജീവിതസത്ത പിഴിഞ്ഞെടുത്ത്‌ തുള്ളിതുള്ളിയായി ഒഴിച്ചുകൊടുക്കാന്‍ തോന്നണമെങ്കില്‍ അവനെ തന്റെ അസ്തിത്വബോധം എത്രത്തോളം അലട്ടിയിരുന്നിരിയ്ക്കണം! അവന്‍ ജീവിച്ചിരുന്ന സാഹചര്യങ്ങള്‍ അവനെ എത്രത്തോളം വേദനിപ്പിക്കണം! ഖസാക്കിന്റെ ഇതിഹാസത്തിന്റെ ഒര്‍മ്മയും പലപ്പോഴും ഈ പുസ്തകം എന്നിലുണര്‍ത്തി. അതുകൊണ്ടുതന്നെ ഇത്തരം മാനസികാവസ്ഥകള്‍ കാലങ്ങളായി ഭൂമിയില്‍ ഉണ്ടായിരുന്നു എന്നതിന്റെ തെളിവായി ഇത്‌ കണക്കാക്കാം.
ഖസ്സാക്കുക്കാരനേക്കാളധികം അസ്തിത്വബോധം സാദിഖ്‌ ഹിദായത്തിനെ അലട്ടിയിരുന്നതിനുകാരണം അവര്‍ രണ്ടുപേരും ജീവിച്ചിരുന്ന സാഹചര്യങ്ങളുടെ അന്തരം തന്നെയായിരിക്കാം. സാദിഖ്‌ ഹിദായത്ത്‌ ജീവിച്ചിരുന്നത്‌ ഒരേകാധിപതിയുടെ കാലത്തായിരുന്നതിനാല്‍ അദ്ദേഹത്തിന്റെ സങ്കല്‍പ്പലോകവും യാഥര്‍ഥ്യലോകവും തമ്മിലും കൂടുതല്‍ അന്തരമുണ്ടായിരിക്കനുള്ള സാധ്യത കൂടുതലുമാണ്‌.
ഭൂതകാലം ഒരു ഭാരമായിരുന്നു കഥാപാത്രത്തിന്‌. ഏകാന്തത, മരണം, ഭയം തുടങ്ങിയ വികാരങ്ങള്‍ മഥിയ്ക്കുന്ന മനസ്സ്‌. കവിതയ്ക്കു സമാനമായ രീതിയില്‍ ബിംബകല്‍പ്പനകളാല്‍ അലങ്കരിച്ച എഴുത്ത്‌. ഒരേ തരത്തിലുള്ള ബിംബങ്ങള്‍ തന്നെ വിവിധ സന്ദര്‍ഭങ്ങളില്‍ അല്‍പ്പാല്‍പ്പവ്യത്യാസത്തോടെ അവതരിപ്പിച്ചിട്ടുണ്ട്‌. അതിനാല്‍ തന്നെ ഈ വിവിധ സന്ദര്‍ഭങ്ങളിലെ ബിംബങ്ങളെ വിവരിക്കുമ്പോള്‍ വിവര്‍ത്തകന്‍ അല്‍പം കൂടെ ശ്രദ്ധിക്കണമായിരുന്നു. സമാനമായ വാക്കുകള്‍ എല്ലായിടത്തും പ്രയോഗിച്ചിരിക്കുന്നത്‌ വായനക്കാരന്‌ ചര്‍വിതചര്‍വ്വണസുഖമേ തരുന്നുള്ളൂ.
നമ്മുടെ ആധുനിക കവികള്‍ ഉപയോഗിക്കുന്ന തരത്തില്‍ ബിംബങ്ങളും, വികാരങ്ങളെയും മാനസികസ്ഥിതിയെയും സംവദിക്കാന്‍ പ്രകൃതിയേയും വസ്തുക്കളുടെ അവസ്ഥാന്തരങ്ങളേയും വളരെ സമര്‍ത്ഥമായി അദ്ദേഹം ഉപയോഗിച്ചിരിക്കുന്നു.
വളരെ കുറച്ചു കഥാപാത്രങ്ങള്‍ ഉള്ള ഈ 'നോവല്ല'യില്‍ കഥാപാത്രത്തിന്റെ അമ്മയും അമ്മയ്ക്കു സമാനയായ കഥാപാത്രത്തെ നോക്കിവളര്‍ത്തുന്ന ആയയും മാത്രമാണ്‌ നല്ല സ്ത്രീ കഥാപാത്രങ്ങള്‍. കഥാപാത്രം ഇവരോടുമാത്രമെ അല്‍പ്പമെങ്കിലും വൈകാരികമായ അടുപ്പം കാണിക്കുന്നുള്ളൂ. ബക്കിയെല്ലാ സ്ത്രീകഥാപാത്രങ്ങളേയും അവിശ്വാസത്തിന്റെ കണ്ണിലൂടെയാണ്‌ അദ്ദേഹം കാണുന്നത്‌. പുതിയ കാലത്ത്‌ ഇത്തരം ആശയങ്ങളെ സ്ത്രീവിരോധമായി കാണാമെങ്കിലും, എല്ലാം വിവിധ ആശയങ്ങളുടെ മൂര്‍ത്തരൂപങ്ങളായി കാണുമ്പോള്‍ ഇതില്‍ വളരെ അപാകതയില്ല. എന്നിരുന്നാലും സാദിഖ്‌ ഹിദായത്തിന്റെ സ്ത്രീകളോടുള്ള കാഴ്ച്ചപ്പാട്‌ ഒരിത്തിരിയെങ്കിലും ഇതില്‍ ഒളിഞ്ഞിരിക്കാതെ നിര്‍വ്വാഹമില്ല.
Blind Owl Cover Page
കല്യാണം തന്നെ ഒരു വഞ്ചനയായാണ്‌ അദ്ദേഹം കാണുന്നതെങ്കിലും അവളെ പ്രാപിക്കാന്‍ അയാള്‍ക്ക്‌ വെമ്പലാണ്‌. അവള്‍ വഴങ്ങുന്നില്ലെങ്കില്‍ കൂടി. അവളാണ്‌ തന്റെ അവസ്ഥകള്‍ക്കെല്ലാം കാരണം എന്നാണ്‌ കഥാപാത്രത്തിന്റെ കണ്ടുപിടുത്തം. നമ്മുടെ മിത്തോളജിയിലെന്ന പോലെ പെണ്ണിനെ പാമ്പിനോടാണ്‌ ഉപമിച്ചിരിക്കുന്നത്‌. പെണ്ണാണ്‌ ഈ അവസ്ഥകള്‍ക്കെല്ലാം കാരണം എന്ന്‌ പറയുന്നതിലൂടെ പണ്ടുതിന്ന വിലക്കപ്പെട്ട കനിയുടെ ഓര്‍മ്മ നമ്മിലേക്ക്‌ കൊണ്ടുവരുന്നു.
വാസ്തവികതയില്‍ നിന്നും ഇത്തരത്തില്‍ മിത്തുണ്ടാക്കി അതിലൂടെ വളരെ ഫലപ്രദമായി തന്റെ ആശയങ്ങളെ സംവേദനം ചെയ്യാനുള്ള സാദിഖ്‌ ഹിദായത്തിന്റെ കഴിവിനെ എത്രപ്രകീര്‍ത്തിച്ചാലും മതിവരില്ല. അന്നത്തെ ചുറ്റുപാടുകള്‍ വിലയിരുത്തി, ജന്മാന്തരങ്ങളിലൂടെ കാലത്തില്‍ പിന്നോട്ടുള്ള യാത്രയുടെ വിവരണത്തിലൂടെ സാദിഖ്‌ ഹിദായത്തിന്റെ, കാലം അസ്തിത്വം തുടങ്ങിയ സങ്കല്‍പ്പങ്ങളെ കുറിച്ച്‌ നമുക്കറിവു ലഭിക്കുന്നു. അദ്ദേഹത്തിനെ മുജ്ജന്മവും പാപവും പുനര്‍ജന്മവുമൊക്കെ അലട്ടിയിട്ടുണ്ട്‌ എന്ന്‌ തോന്നുന്നു.
കഥാപാത്രം അലമാരയുടെ വിടവിലൂടെയാണ്‌ ആദ്യം സുന്ദരിയുടെ കണ്ണുകള്‍ കാണുന്നത്‌. അതിനുള്ള കാരണമോ, അമ്മാമന്‍ വന്നപ്പോള്‍ അദ്ദേഹത്തിന്‌ കുടിക്കാന്‍ വീഞ്ഞെടുക്കാന്‍ തട്ടിന്‍പുറത്തുകയറിയതും. ഇവിടെ അമ്മാമന്‍ ലൌകികജീവിതത്തിന്റെ പ്രതീകമാണ്‌. കനിതിന്നാന്‍ പ്രേരിപ്പിച്ച പാമ്പിന്റെ മണം ഇവിടെ അടിക്കുന്നുണ്ട്‌. സ്വത്വം തിറിച്ചറിഞ്ഞാല്‍ വരുന്ന കാലം എത്ര ഉള്‍ക്കാഴ്ച്ചയോടേ കാണാവുന്നതാണ്‌, അനുഭവിക്കാവുന്നതാണ്‌ എന്നതിന്റെ സൂചകമാണ്‌ രണ്ടാം ഭാഗത്തിന്റെ അവസാനം. കര്‍മ്മബന്ധങ്ങളുടെ ചരടഴിയുന്നു. പിന്നീടുള്ള യാത്രയില്‍ കര്‍മ്മബന്ധങ്ങളില്ല. ശാശ്വതസത്യം മാത്രം. ഇതാണ്‌ സ്വാതന്ത്ര്യം. ഇതിന്‌ സഹായിക്കുന്നതോ? വൃദ്ധന്‍ തന്നെ. ശവപ്പെട്ടി വലിക്കുന്ന കുതിരകളും വൃദ്ധനും പൂര്‍വജന്മങ്ങളുടെ, മനുഷ്യസംസ്കാരത്തിന്റെ പ്രതീകമാണ്‌.
ആത്മസത്തമനസ്സിലാക്കുന്നതിന്‌ മുന്‍പുള്ള ജീവിതം എന്തായിരുന്നുവെന്ന്‌ താഴെപ്പറയുന്ന വരികളിലൂടെ നമുക്ക്‌ മനസ്സിലാക്കാം. ഹൃദയം ശരീരത്തിനോട്‌ മാത്രമല്ല, മനസ്സിനോടും വിരോധത്തിലാണ്‌ (പേജ്‌ 65)ചേര്‍ച്ചയില്ലാത്ത വസ്തുക്കളുടെ വിചിത്രമായ ഒരു കൂട്‌! ഞാന്‍, പരിത്യജിക്കപ്പെട്ട ഒരാളെപ്പോലെ, ആള്‍ത്താമസമില്ലാത്ത വീട്‌ പോലെ ആണ്‌ എനിക്ക്‌ ജീവിതം (സാദിക്ക്‌ ഹിദായത്ത്‌ ആത്മഹത്യ ചെയ്തതാണ്‌ എന്നോര്‍ക്കുക) ഭരണി തിരിച്ചു കൊടുക്കുന്ന ലൊട്ടുലൊടുക്കുക്കാരന്‍ വൃദ്ധന്റെ ആത്മാവ്‌, കഥപാത്രത്തില്‍ പ്രവേശിക്കുന്നു. ശാശ്വതസത്യവുമായി കഥാപാത്രത്തിന്റെ സത്ത അലിഞ്ഞുചേര്‍ന്നതായി നമുക്ക്‌ ഇതിനെ വിവക്ഷിക്കാം. മതങ്ങള്‍ പറയുന്ന മോക്ഷമാര്‍ഗ്ഗമല്ലെ ഇത്‌? സവിശേഷമായ തിരിച്ചറിവിന്റെ പ്രതീകമാണ്‌ ഭരണി. ആത്മീയമായ മുറിവ്‌, അതുണ്ടാക്കുന്ന ഭ്രമാത്മകമായ വേദനകള്‍, സര്‍റിയലിസം പകരുന്ന വിഭ്രമാത്മകമായ നിറക്കൂട്ടുകള്‍, ഇതിന്റെയെല്ലാം ആകത്തുകയാണീ നോവെല്ല.
സാദിക്ക്‌ ഹിദായത്ത്‌ (1903-1951). 1927-ല്‍ പാരീസില്‍ വെച്ച്‌ ആത്മഹത്യയ്ക്ക്‌ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഒമര്‍ ഖയ്യാം കൃതികളും ബുദ്ധിസവും അദ്ദേഹത്തെ നല്ലപോലെ സ്വാധീനിച്ചിരുന്നു. കുരുടന്‍ കൂമന്‍ പ്രസിദ്ധീകരിച്ചതിനുശേഷം ഇറാനില്‍ ആതമഹത്യാനിരക്ക്‌ കൂടിയതായി പറയപ്പെടുന്നു. ഖസാക്കിലെ ഇതിഹാസം ഇറങ്ങിയതിനു ശേഷം നടന്ന സംഭവങ്ങള്‍ നമുക്ക്‌ വായിച്ചെങ്കിലും അറിയാമല്ലോ
കഥാപാത്രത്തിന്‌ ലൊട്ടുലൊടുക്കുകച്ചവടക്കാരന്റെ രൂപവുമായി സാദൃശ്യം വരുത്തി തുടര്‍ന്നുള്ള കഥാപാത്രത്തിന്റെ മാനസിക സ്ഥിതിയെ സൂചിപ്പിച്ചതുകൊണ്ടാണ്‌ സാദിക്ക്‌ ഹിദായത്ത്‌ ഈ നോവല്‍ അവസാനിപ്പിയ്ക്കുന്നത്‌. ലൊട്ടുലൊടുക്കുകച്ചവടക്കാരന്‍ ഭരണി തിരികെ നല്‍കിയതോടെ കഥപാത്രത്തിന്‌ ജീവിതസത്ത മനസ്സിലായി വിരക്തിയാണുണ്ടാവുന്നത്‌.
വിലക്കപ്പെട്ട കനിയുടെ രുചി, ഭാരമായി തീരാതിരിക്കാന്‍ ഫലേച്ഛ ഇല്ലാതെ കര്‍മ്മം ചെയ്യുക എന്ന ഭാരതീയ ചിന്തയെ ഉദ്ബോധിപ്പിക്കുന്നതാണ്‌ ഈ ചെറു ഇറാനിയന്‍ നോവല്‍. അശ്ലീലം പറയാതെ അശ്ലീലത്തെ ചിത്രീകരിക്കുന്ന ലൈംഗികതയെ വെറുപ്പിക്കുന്ന എന്തിന്‌ പെണ്ണിനെ തന്നെ വെറുപ്പിക്കുന്ന ഒരു തരം രചനാ ശൈലി ആണ്‌ സാദിഖ്‌ ഹിദായത്ത്‌ ഇവിടെ സ്വീകരിച്ചിരിക്കുന്നത്‌. പെണ്‍വര്‍ഗ്ഗത്തെ നാശമായി അദ്ദേഹം പറയാതെ പറയുന്നു. "എഴുത്തുകാരന്റെ മരണം" സംഭവിക്കുന്ന ഒരോവായനയിലും ഒരോതരത്തിലുള്ള ചിന്തകള്‍ ഉണര്‍ത്തിവിടുന്ന ഒരു മഹത്തായ കൃതിയാണ്‌ "കുരുടന്‍ കൂമന്‍". മാതൃഭൂമി ബുക്സ്‌ പ്രസിദ്ധീകരിച്ച ഈ കൃതി ശ്രീ എസ്‌. എ ഖുദ്‌സിയാണ്‌ മലയാളത്തിലേക്ക്‌ തര്‍ജ്ജമ ചെയ്തിട്ടുള്ളത്‌. വില നാല്‍പ്പത്തിയഞ്ചു രൂപ.

അഭിപ്രായങ്ങളൊന്നുമില്ല:

ശൂർപ്പണഖയുടെ മൂക്കും ചെവിയും മുലയും മുറിക്കൽ

ആദ്യമേ പറയട്ടെ, ഞാൻ ഉദ്ധരിയ്ക്കുന്നതെല്ലാം ഇന്റെർനെറ്റിൽ ലഭ്യമായ സ്രോതസ്സുകൾ ആണ്. അതിനാൽ ലിങ്ക് ഉണ്ട്. ശൂർപ്പണഖയുടെ അംഗവിഛേദം കഥകളിയിലും കൂട...