കല്ല്യാണസൌഗന്ധികം ആട്ടക്കഥ
രചന: കോട്ടയത്ത് തമ്പുരാൻ
പുറപ്പാട്
ശങ്കരാഭരണം-ചെമ്പട
പ്രാപ്തും പാശുപതാസ്ത്രമീശകൃപയാ യാതേർജ്ജുനേ ധർമ്മഭൂഃ
ശ്രൃണ്വൻ പുണ്യകഥാശ്ച കർണ്ണമധുരാസ്സത്ഭിഃ സദാ വർണ്ണിതാഃ
ഘോരാരാതിവിഹിംസനോദ്യതമനാഃകോദണ്ഡവാൻകാനനേ
രേമേ രാമ ഇവാഭിരാമചരിതഃ പത്ന്യാസമം സാനുജഃ
ചന്ദ്രവംശ ജലനിധി ചാരുരത്നങ്ങളാം
ചന്ദ്രികാവിശദസഹജോരുകീർത്തിയുള്ളോർ
ചിന്തപെയ്യുന്നവരുടെ ചീർത്ത പാപജാലം
ചന്തമോടകറ്റുവോർ കീർത്തികൊണ്ടു നിത്യം
ദുർമ്മദനാം ദുര്യോധനദുർന്ന്യായേന കാട്ടിൽ
ധർമ്മസുതാദികൾ മുനിധർമ്മമാചരിച്ചു
ഇന്ദുമൌലി സേവചെയ്യാനിന്ദ്രജൻ പോയപ്പോൾ
മന്ദതയകന്നു തീർത്ഥവൃന്ദാടനം ചെയ്തു
തിരശ്ശീല
രംഗം ഒന്ന്
ധർമ്മപുത്രൻ, ഭീമൻ
സാരംഗം-ചമ്പ
ശസ്ത്രാർത്ഥം ശക്രസൂനോ ഗതവതി ശകുനേ-
സ്താദൃശം ഛത്മവൃത്തം
സ്മാരം സ്മാരം സമസ്തപ്രതിഭടപടലീ-
ഘസ്മരോഷ്മാ സ ഭീമഃ
ബദ്ധാമർഷാതിരേകഭുമിതപരിഘദ-
ത്താദിരൂക്ഷാക്ഷികോണ-
ശ്ചിന്താസന്താപിതാന്തഃ ശമനസുതമസൌ
വാചമിത്യാചചക്ഷേ
പല്ലവി
2 ശൌര്യഗുണനീതിജലധേ ചരണയുഗം
ആര്യ തവ കൈതൊഴുന്നേൻ
അനുപല്ലവി
ഭാര്യയോടുമിഹ വിഗതവീര്യരായി മുനികളുടെ
ചര്യാ സുഖമെന്നമതി മര്യാദയോ തേ
ധർമ്മസുത നിർമ്മലമതേ നമ്മുടയ
കർമ്മഗതി കാൺക നൃപതേ
ചർമ്മവുമുടുത്തു വനചാരികളോടൊത്തു നിജ
ധർമ്മവുമൊഴിച്ചു ഗതധൈര്യമുഴലുന്നു
സത്യരതനാകിയ ഭവാൻ സഹജരൊടും
നിത്യമുഴലുന്നു വിപിനേ
ഭൃത്യരൊടുമംബികാപത്യതനയൻ കപട-
കൃത്യനിധി വാഴുന്നു ഹസ്തിനപുരത്തിൽ
എത്രയുമശക്തരായ് നാം വൃത്രരിപുപുത്ര-
വിരഹേണ വിപിനേ
നേത്രമില്ലാത്തവനു നേരോടെ മറ്റുള്ള
ഗാത്രങ്ങൾകൊണ്ടെന്തു കാര്യം മഹീപതേപ
ശസ്ത്രാർത്ഥമെന്തിനധുനാ ശക്രജനെ
യാത്രയാക്കിയതു പഴുതേ
ശത്രുക്കളെ വിരവിൽ ഒക്കെ ജയിപ്പതി-
ന്നത്രാലമേകനഹമെന്നറിക വീര
നിശ്ശങ്കമഹിതരെ രണേ വെന്നു ഞാൻ
ദുശ്ശാസനന്റെ രുധിരം
ആശ്വാസമോടു ബഹു പീത്വാ കരേണ മുഹൂ-
രാശ്വേവ ദാരകചമുത്തംസയാമ്യഹം
എങ്കലൊരു കരുണയൊരുനാളുണ്ടാകു-
മെങ്കിലിതനുജ്ഞചെയ്ക
ഹുംകൃതിയോടരികടെയഹംകൃതികളഞ്ഞു യമ-
കിങ്കരനു നൽകവതിനിന്നു തടവരുതേ
ഭൈരവി-ചെമ്പട
ധർമ്മസൂനുരപി നിർമ്മലചേതാ
ധർമ്മതത്വസഹിതം മൃദുവാക്യം
സന്മനോഗതമിതി സ്മ രുഷാന്ധം
തം മുദാ സഹജമാഹ മഹാത്മാ
പല്ലവി
സഹജ സമീരണസൂനോ സൽഗുണശീല
സംഹര കോപമധുനാ
അനുപല്ലവി
സാഹസം ചെയ്തീടൊല്ല സമയം കഴിവോളവും നീ
സഹസൈവ കാര്യം സാധിപ്പാൻ സംഗതി വരും
അനലനൂഷ്മാ വെടികിലുമാലോകന്തന്നെ
ദിനകരൻ കൈവെടികിലും
അനിലനന്ദന സത്യമനുജ ലംഘിപ്പതിനു
അനലനഹമെന്നറിക ചൊല്ലീടായ്കേവം
ദിനകരകുലാധിപൻ ദശരഥനും
ദീനമാനസനായ്ത്തന്നെ
അനൃതഭീതി കൊണ്ടല്ലോ ആത്മജന്മാരെ
ഘോരവനമതിലയച്ചീലയോ പാർത്തുകണ്ടാലും
ദിവ്യാസ്ത്രങ്ങൾ ലഭിച്ചു ദീനമെന്നിയെ
സവ്യസാചി വരും നൂനം
സേവ്യനാമീശൻതന്നെ സേവിച്ചീടുന്നവർക്കു
ദുർവ്യാപാരങ്ങൾ ഫലിയാ ശങ്കിയായ്കേവം
തിരശ്ശീല
പൃഥാസുതാനാശു ധനഞ്ജയസ്യ
വിയോഗദാവാനലതപ്യമാനാൻ
ആഹ്ളാദയന്നാവിരഭൂന്നഭസ്തഃ
ശക്രാജ്ഞയാ രോമശനീരവാഹഃ
രംഗം രണ്ട്
ധർമ്മപുത്രൻ, രോമശൻ
മുഖാരി-പഞ്ചാരി
ദൃഷ്ട്വാ തമാലോകമിവാന്ധകാരേ
ജൂഷ്ടസ്സഗർഭ്യൈഃ പ്രയതഃ പ്രണമ്യ
പൃഷ്ടോ മുനേ വാർത്തമജാതശത്രുഃ
ഹൃഷ്ടസ്തമാചഷ്ട ഗിരം ഗരിഷ്ഠാം
പല്ലവി
താപസേന്ദ്ര ജയ കൃപാനിധേ
താവകമേകിയ ദർശനം ഞങ്ങൾക്കു
താപഹരമായി വന്നു മഹാമുനേ
ദാവാനലങ്കൽ പതിച്ച മൃഗങ്ങൾക്കു
ദൈവനിയോഗത്താൽ വർഷമെന്നുപോലെ
ഏതൊരു ദിക്കിൽനിന്നിവിടെക്കെഴുന്നള്ളി
ഹേതുവെന്തിങ്ങെഴുന്നള്ളുവാനുമിപ്പോൾ
ശ്വേതവാഹനൻതന്റെ ചരിതം പരമാർത്ഥ-
മേതാനുമുണ്ടോ ധരിച്ചു മഹാമുനേ
ത്രിപുട
രോമശൻ
ഇന്ദുകുലാധിപ കേൾക്കെടോ ഞാനു-
മിന്ദ്രനിയോഗത്താലർജ്ജുനവൃത്താന്തം
ഇന്നു നിങ്ങളോടുരചെയ്വതിനായി
ഇന്ദ്രലോകത്തീന്നു വന്നതും ഞാനിപ്പോൾ
ഖേദമാശു കളക സാമ്പ്രതം
പാർവ്വതീവല്ലഭൻ തന്റെ പ്രസാദത്താൽ
പാശുപതാസ്ത്രം ലഭിച്ചു വിജയനും
ഗീർവ്വാണലോകത്തു ചെന്നു സുരജന-
ഗീതപരാക്രമനായി വിളങ്ങുന്നു
വൃത്രാസുരാന്തകൻ തങ്കന്നനവധി
ശസ്ത്രജാലങ്ങളൊക്കെ ലഭിച്ചുടൻ
പുത്രനായുള്ള ജയന്തനേക്കാളുമ-
ങ്ങെത്രയും പ്രീതനായ് വസിച്ചീടുന്നു
വാസവൻ തന്റെ സമീപത്തിങ്കൽതന്നെ
വാസഞ്ചെയ്തീടുന്നു ബാധയകന്നവൻ
വാസരം നാലഞ്ചു ചെല്ലുന്നതിൻമുമ്പെ
വാസവനന്ദൻ വന്നീടുമിവിടെ
പാരിടംതന്നിൽ പ്രസിദ്ധങ്ങളായേറ്റം
പാപഹരങ്ങളായുള്ള തീർത്ഥങ്ങളെ
പാരാതെചെന്നു നിഷേവണം ചെയ്വാനായ്
പൌരവപുംഗവ പോക നാമെല്ലാരും
കല്യാണി-ചെമ്പട
വൃത്തം വൃത്രാരിസൂനോർമ്മുനിതിലകമുഖാ-
ദേവമാകർണ്യ മോദാൽ
പാർത്ഥാസ്തീർത്ഥാഭിഷേകപ്രണിഹിതമനസഃ
പ്രസ്ഥിതാസ്തേന സാകം
ഗോത്രാസത്രാശനാനാം തതിഭിരപി സമം
സഞ്ചരന്തഃ സമന്താൽ
സ്വച്ഛപ്രച്ഛായവൃക്ഷാപ്രചുരമുനിവനം
വീക്ഷ്യ പപ്രച്ഛുരേനം
പല്ലവി
മാമുനിമാർ അണിയുന്ന
മൌലി രത്നമേ നീ
മാനസം തെളിഞ്ഞുകേൾക്ക മാമകവചനം
അനുപല്ലവി
ആരുടെ തപോവനമിതാകാശത്തോളമുയർന്ന
ദാരുനിവഹങ്ങളോടും ആരാൽ കാണാകുന്നു
ആഹുതിസുഗന്ധിധൂമം ആഹരിച്ചു മന്ദംമന്ദം
ആഹ്ളാദിപ്പിക്കുന്നു ഗന്ധവാഹനനിതാ നമ്മെ
സന്മാനസം പോലെകാൺക നിർമ്മലതരമായുള്ള
നിമ്നഗാജലമാശ്രിതകല്മഷനാശനം
നിത്യവൈരമുളവായ സത്വസഞ്ചയങ്ങളെല്ലാ-
മൊത്തു സഞ്ചരിച്ചീടുന്നതോർത്താലെത്രചിത്രം
എത്രയും മഹത്വമുള്ളോരുത്തമതപോധനൻതാൻ
അത്ര വാഴുന്നെന്നു ഞാനും ചിത്തേ കരുതുന്നേൻ
നീലാംബരി-മുറിയടന്ത
പല്ലവി
കുന്തീകുമാരന്മാരേ കുംഭസംഭവൻതാനും
അന്തികെ വാഴുന്നിവിടെ ഈ വനന്തന്നിൽ-അന്തികേ-
വിന്ധ്യാചലോന്നതിയെ വീതഖേദേന പണ്ടു
വന്ധ്യയാക്കിയതുമിവൻ തപോബലേന-വന്ധ്യ-
വാതാപി തന്നെക്കൊന്നു വാരുറ്റ മുനികൾക്കു
ബാധയകറ്റിയതിവൻ പാരം വളർന്ന-ബാധ
ആഴികളേഴുമൊന്നിച്ചാചമിച്ചതും പാർത്താൽ
ഊഴിയിലേവമാരുള്ളു താപസന്മാരിൽ-ഊഴി-
ഭാഗ്യവാന്മാരേയിനിപ്പാർക്കാതെ പോക പഥി
ഭാർഗ്ഗവാശ്രമമുണ്ടല്ലോ മാർഗ്ഗത്തിൽതന്നെ-ഭാർഗ്ഗ
ആശ്രമം കാൺക മുന്നിലശ്രമമിഹ തൊഴാ-
മാശ്രിതപാപനാശനം കണ്ടാലും നിങ്ങളാ-ശ്രിത
തിരശ്ശീല
ആഗസ്ത്യമാശ്രമമതഃ പ്രണിപത്യ വേഗാ-
ദാഗത്യ ഭാർഗ്ഗവതപോവനമസ്തഖേദം
ശസ്തം മുനീന്ദ്രമകൃതവ്രണദർശിതം ത-
മാസ്താവിഷുർദ്ധൃത പരശ്വധചാപബാണം
രംഗം മൂന്ന്
ശങ്കരാഭരണം-ചെമ്പട
പ്രയുക്താശിഷസ്തേന തേ പാണ്ഡുപുത്രാഃ
പ്രയാതാഃ പ്രഭാവപ്രഭാസഞ്ചിതാംഗാഃ
സ്വഭക്താനുപായാദുപായാദ്ധതാരിഃ
സഭോജഃ സമേതാൻ സമാകർണ്ണ്യ ശൌരിഃ
ഭൂഭാരം തീർപ്പതിനായി ഭൂമിയിൽ വന്നവതരിച്ചു
ഭുവനൈകനായകന്മാർ ഭൂരികൃപാസാഗരന്മാർ
വിണ്ണവർനാഥാർച്ചിതന്മാരുണ്ണികളായായർകുലേ
പുണ്യവധൂഭവനന്തോറും വെണ്ണകവർന്നുണ്ണുന്നോർ
കാലിണകൈതൊഴുന്നവരെ കാലഭയാൽ വേർപെടുപ്പോർ
കാലികളും മേച്ചുവനേ ബാലകന്മാരായ് നടപ്പോർ
വാരിധിയിൽ വിലസീടും ദ്വാരകയാം പുരിതന്നിൽ
പൌരജനങ്ങളുമായി സ്വൈരമുറങ്ങീടുന്നോർ
അന്തികമാഗതരായ കുന്തീതനുജന്മാരെ
ഹന്ത തദാ കാണ്മതിനായ് ചന്തമോടങ്ങെഴുന്നള്ളി
രംഗം നാല്
ധർമ്മപുത്രൻ, ശ്രീകൃഷ്ണൻ
സാവേരി-അടന്ത
അഥ സമാഗതമാശു വിലോക്യ തം
മധുരിപും സഹലിം സമഹോക്തിഭിഃ
അജിതമാശ്രിതകല്പതരും ഹരിം
നിജഗദേ പ്രണിപത്യ പൃഥാസുതഃ
പല്ലവി
രണം ഭവ സരസീരുഹലോചന
ശരണാഗതവത്സല ജനാർദ്ദന
ശരദിന്ദുവദന നരകവിഭഞ്ജന
മുരദാനവമഥന ജനാർദ്ദന
ജയ ജയ ഗോവിന്ദ ജയ നാഥ മുകുന്ദ
ജയ ജയ ജനിതാനന്ദ ഹേ ജനാർദ്ദന
കൌരവന്മാരുടെ കപടംകൊണ്ടിങ്ങനെ
പാരം വലഞ്ഞു ഞങ്ങൾ ജനാർദ്ദന
ബന്ധുജനങ്ങളിൽ വാത്സല്യമില്ലായ്വാൻ
ബന്ധമെന്തഹോ ഭഗവൻ ജനാർദ്ദന
കരുണാസിന്ധോ കമനീയബന്ധോ
കാരണപുരുഷ വിഭോ ജനാർദ്ദന
ശങ്കാരാഭരണം - ചെമ്പട
ഗാന്ധാരദുർന്നയനിരസ്തസമസ്തഭോഗാൻ
കാന്താരചംക്രമണകർശിതചാരുഗാത്രാൻ
ശ്രാന്താൻ നിരീക്ഷ്യ വിധിവൽ പ്രതിപൂജ്യ പാർത്ഥാൻ
ശാന്തം ജഗാദ സഹലീ വചനം മുകുന്ദഃ
പല്ലവി
പരിതാപിക്കരുതേ പാണ്ഡവന്മാരേ
പരിതാപിക്കരുതേ
അനുപല്ലവി
ഭരതാന്വയതിലക ഭാഷിതം മമകേൾക്ക
പരനെന്നുമഹമെന്നും ഭാവഭേദമുള്ളവർ
പരിതാപിച്ചീടുന്നതും പാർക്കിലതുചിതം
പരമാത്മാവേകനെന്നു പരമാർത്ഥബോധമുള്ളിൽ
പരിചോടുള്ളോരു നിങ്ങൾ പ്രാകൃതന്മാരെപ്പോലെ
പരമേശൻ ഭിക്ഷയേറ്റു പാരിൽ നടന്നീലയോ
പുരുഹൂതൻ ശാപംകൊണ്ടു പാരം വലഞ്ഞീലയോ
വീരമൌലി രാഘവൻ വിപിനേ വസിച്ചീലയോ
ശിരസിലിഖിതമാർക്കും ശിവശിവ നീക്കിടാമോ
നീലാംബരി-അടന്ത
അവനീകന്മാരായുള്ളോരവനീശനിഗ്രഹാർത്ഥം
അവതരിച്ചെന്നുള്ളതും അറിഞ്ഞേനെന്നാലും
അവസരമതുവേണം അടിയങ്ങളെ രക്ഷിപ്പാൻ
അവമാനമെത്രകാലം അനുഭവിക്കേണ്ടു നാഥാ
കുത്സിതമായ മത്സ്യകൂർമ്മാദികളായതും
വത്സപാലനംചെയ്തു വനത്തിൽ നടന്നതും
മാത്സര്യമാർന്നുള്ളോരു മാതുലനെക്കൊന്നതും
ചിത്സ്വരൂപ നിൻ ഭക്തവാത്സല്യമല്ലോ നാഥ
നിൻ കൃപയുണ്ടെന്നാകിൽ നിരൂപിച്ചതു സാധിപ്പാൻ
സങ്കടമുണ്ടോ ഭുവി സകലലോകർക്കും
കിങ്കരരാം ഞങ്ങളിൽ കൃപയില്ലാത്തതിനാലെ
പങ്കജേക്ഷണ പാരമുഴന്നീടുന്നു
ശൃണു മാമക വചനം ഗോപികാനാഥ
മോഹനം- അടന്ത ഇടവട്ടം
ചെന്താർ ബാണാരിതന്റെ ചേവടി സേവിപ്പാനായി
ചന്തമോടുപോയ സവ്യസാചിതാൻ
ഹന്ത വരായ്കകൊണ്ടു സന്താപം വളരുന്നു
ബന്ധുവത്സല ഭവബന്ധമോചന നാഥ
കല്യാണി-ചെമ്പട
ശ്രീകൃഷ്ണൻ:
ഇന്ദുമൌലിയോടസ്ത്രം ഹിതമോടെ ലഭിച്ചുടൻ
ഇന്ദ്രനന്ദനൻ വരും അതിനില്ല സംശയം
മന്ദത കൈവെടിഞ്ഞു മന്നിലുള്ള തീർത്ഥങ്ങളെ
ചെന്നു സേവിച്ചീടുമ്പോൾ ജയമാശു ലഭിച്ചീടും
തിരശ്ശീല
ആപൃച്ഛ്യ യാദവവരാൻ ബലകേശവാദ്യാ-
നാപാവാനോരുയശസോ യയുരുത്തരാശാം
യാതാ വിലംഘ്യ ബഹുദേശനദീർഗ്ഗിരീംശ്ച
പാർത്ഥാ നിഷേദുരഥ ഘോരതരേ വനാന്തേ
രംഗം അഞ്ച്
ജടാസുരൻ
കേദാരഗൌഡം-ചമ്പ
ജടാസുരോ നാമ വനേത്ര കശ്ചിൽ
ശഠാന്തരാത്മാ സമവേക്ഷ്യ പാർത്ഥാൻ
കഠോരചേഷ്ടോ യമവോചദേവം
ഹഠാദിമാൻ ഹർത്തുമനാഃ പടീയാൻ
പല്ലവി
മർത്ത്യരിഹ വന്നതതിചിത്രതരമോർത്താൽ
മൃത്യു വരുമെന്നുള്ളൊരത്തൽ കൂടാതെ
വനവർത്മമതിൽ നാരിയോടൊത്തു ധൈര്യേണ
ധർമ്മസുതനാദിയാം ധരണിപന്മാരിവരിൽ
ഭീമനിവനെത്രയും ഭീമബലനല്ലോ
പോരിലിവരോടിന്നു നേരിടുവതിനു ഭുവി
ആരുമില്ലിവരുടയ വീര്യമതു പാർത്താൽ
ഭൂമിസുരനായിച്ചെന്നു ഭീമനറിയാതെ ഞാൻ
ഭൂപതികളെ കൊണ്ടുപോരുവനിദാനീം
മുറുകിയ കാലം
രഭസമൊടിവരുടയ രമണിയെ കൈക്കൊണ്ടു
നഭസി പോന്നീടുവൻ നിർണ്ണയമിദാനീം
തിരശ്ശീല
രംഗം ആറ്
ധർമ്മപുത്രൻ, പാഞ്ചാലി, കപടബ്രാഹ്മണൻ
മാരധനാശി-ചെമ്പട
മഹാസുരോ വീക്ഷ്യ വിപശ്ചിതസ്താൻ
മഹീസുരാകാര തിരോഹിതാത്മാ
വിഹീയമാനായുരുവാച ഗത്വാ
മഹനീയമാനാനതി മോഹയംസ്താൻ
പല്ലവി
മാനവേന്ദ്രന്മാരേ കേൾപ്പിൻ മാമകവചനം
മാന്യരാം നിങ്ങളോടൊത്തു മന്നിലെല്ലാം സഞ്ചരിപ്പാൻ
മാനസമതിലാഗ്രഹം മന്നവരെ വളരുന്നു
ധർമ്മപുത്രൻ:
അന്തണർകുലദീപമേ എന്തിഹ സന്ദേഹമതി-
നന്തരമില്ലല്ലോ ഭവാൻ അന്തികേ വന്നാലുമിപ്പോൾ
(സന്തോഷം വളരുന്നു നിന്നെ സൌമ്യ കാൺകയാൽ)
എത്രയും നിപുണനഹമസ്ത്രശസ്ത്രങ്ങളിലെല്ലാം
അത്രയുമല്ലല്ലോ മന്ത്രശക്തിമാനെന്നറിഞ്ഞാലും
ബാഡവേന്ദ്ര വിദ്യകളിൽ പാടവമുള്ളോരു ഭവാൻ
കൂടവേ സഞ്ചരിച്ചാലും ഊഢമോദത്തോടെ നിത്യം
ജടാസുരൻ:
ഭൂസുരന്മാരുടെ കാമം പൂരിപ്പതിനിന്നു കല്പ-
ഭൂരുഹതുല്യന്മാരായി ഭൂരികീർത്തിയുള്ളോർ നിങ്ങൾ
ഇതീദമുക്ത്വാ സഹതൈർവ്വനേചരൻ
പ്രതീക്ഷ്യ കാലാഗമനം കദാചന
തതസ്തദാ ഖേടഗതേ ബകാന്തകേ
സ താനുപാദായ യയൌ വനാദ്വനം
വേകട-മുറിയടന്ത
സഹജാൻ ദനുജേന നീയമാനാൻ
സഹദേവാദവഗമ്യ വായുസൂനുഃ
സഹസേതി വദൻ ഗദാസഹായോ
നൃഹരിർദ്ദൈത്യമിവാഭ്യയാൽ സരോഷഃ
പല്ലവി
നില്ലെടാ ദാനവാധമ നില്ലെടാ നില്ലുനില്ലെടാ
നില്ലു നില്ലെടാ വീര നല്ലതല്ലിതു തവ
മെല്ലെ ഇവരെ വെടിഞ്ഞല്ലാതെ ഗമിക്കൊല്ല
എല്ലുകൾ നുറുങ്ങുമാറു തല്ലുകൊണ്ടു യമലോകേ
ചെല്ലുനീയന്തകനോടു ചൊല്ലുകയെൻ ഭുജവീര്യം
ജടാസുരൻ:
ബാലനായ ഹിഡിംബനും ബകനുമല്ലെടാ നിന്റെ
കാലനായ ജടാസുരൻ കല്യനെന്നതറിഞ്ഞാലും
(നില്ലെടാ മാനുഷാധമ നില്ലെടാ)
ഭീമൻ:
അല്പവീര്യനെന്നുപോലെ വിപ്രവേഷം ധരിച്ചുവ-
ന്നിപ്രകാരം ചതിച്ചതിനിപ്പോഴെ കൊല്ലുവൻ നിന്നെ
ജടാസുരൻ:
വൃത്രവൈരിയതെന്നാലും വിത്തനാഥനതെന്നാലും
ഉൾത്തളിരിലിനിക്കേതുമത്തലില്ലെന്നറിഞ്ഞാലും
ഭീമൻ:
ഘോരതാഡനങ്ങൾകൊണ്ടു ചോരനായ നീയുമിന്നു
ചോര വമിച്ചു കാലന്റെ ചാരവെ ചെന്നീടുമല്ലോ
ഭീരുതയില്ലനിന്റെ ആരവംകൊണ്ടെനിക്കേതും
ഫേരവനാദങ്ങൾ കേട്ടാൽ പേടിയുണ്ടോ കേസരിക്കു
വീരവാദങ്ങളെക്കൊണ്ടു വൃഥാ കാലംകളയാതെ
പോരിനാളെങ്കിലോ വന്നു ഭീതിവെടിഞ്ഞെതിർത്താലും
തിരശ്ശീല
ഹത്വാ ജടാസുരമമും നിജമുഷ്ടിപാതൈർ
ഗത്വാ സുദൂരമഥ ദാരസഹോദരാദ്യൈഃ
നീത്വാ നദീശ്ച ബഹുശൈലവനാദി ഭൂയഃ
പ്രാപ്തോ മഹദ്വനമസൌ പവനാത്മ ജന്മാ
രംഗം ഏഴ്
ഭീമൻ, പാഞ്ചാലി
സുരുട്ടി-ചെമ്പട
പരിതാപമിതാഃ പരന്തപാസ്തേ
പരമാരണ്യഗതാശ്ചിരം ചരന്തഃ
തരുമൂലതലേ നിഷേദുരാർത്താ
ഹരിണാക്ഷീ നിജഗാദ ഭീമസേനം
പല്ലവി
അല്ലൽ വളർന്നീടുന്നല്ലോ വല്ലാതെയുള്ളിൽ
അല്ലൽ വളർന്നീടുന്നല്ലോ
അനുപല്ലവി
മുല്ലസായകനോടു തുല്യന്മാരാകുമെന്റെ
വല്ലഭന്മാരേ കേൾപ്പിൻ മെല്ലവെ സല്ലാപങ്ങൾ
ഉത്തമവിപ്രന്മാർക്കു നിത്യ സഞ്ചാരം ചെയ്വാൻ
അത്തൽ കണ്ടീടുകയാൽ ഉൾത്താരിലെനിക്കേറ്റം
ആതപംകൊണ്ടുടലിൽ ആധി വളർന്നീടുന്നു
പാദചാരം ചെയ്വാനും പാരമരുതായ്കയാൽ
ദുർഗ്ഗമമായീടും വനമാർഗ്ഗമിനിയും പോവാൻ
ആർക്കുമെളുതല്ലതിനോർത്തൊരുപായമിപ്പോൾ
ആശരന്മാരാലേറ്റമാകുലമാമീ വന-
മാശുവെടിഞ്ഞീടുവാനാവതില്ലല്ലോ പാർത്താൽ
പല്ലവി
അത്തലിതുകൊണ്ടു നിൻ ചിത്തതാരിലരുതേ
മത്തേഭഗമനേ കേൾ സത്വരമുണ്ടുപായം
(അത്തലുണ്ടാകരുതൊട്ടും വല്ലാതെയുള്ളിൽ)
ശക്തൻ ഘടോൽക്കചൻ എന്നുത്തമനായിട്ടൊരു
നക്തഞ്ഛരനുണ്ടവനത്ര വന്നീടും പാർത്താൽ
വാഞ്ഛിതദിക്കുകളിൽ ബാധയകന്നു നമ്മെ
സഞ്ചരിപ്പിക്കുമവൻ സാദരമറിഞ്ഞാലും
തിരശ്ശീല
രംഗം എട്ട്
ഘടോൽക്കചൻ, ഭീമൻ, പാഞ്ചാലി
ബലഹരി-മുറിയടന്ത
ഉക്ത്വൈവമേവ മഹിഷീം മഹിതാനുഭാവ-
ശ്ചിത്തേ ഘടോൽക്കചമചിന്തയദാത്മജന്തം
നക്തഞ്ചരോപി സഗണൈസ്സമുപേത്യ പാർത്ഥാൻ
നത്വാ പദേ പിതരമിത്ഥമുവാച ധീരം
പുത്രനായുള്ള ഘടോല്ക്കചൻ തവ
പാദയുഗം തൊഴുന്നേൻ മാം
പാത്രമറിക ഭവന്നിയോഗത്തിനു
ബാധയില്ലൊന്നിനുമേ
മന്ദതകൂടാതെ നിന്റെ മനോരഥ-
മമ്പോടുചൊല്ലീടുകിലതു
സന്ദേഹമെന്നിയെ സാധിപ്പിച്ചീടുവൻ
ഇന്ദുകുലാധിപ ഞാൻ
സങ്കടമില്ലൊരു കാര്യത്തിനും മമ
നിൻ കരുണയുണ്ടെങ്കിലതു
ശങ്കവെടിഞ്ഞരുളീടേണം നിന്നുടെ
കിങ്കരനാമെന്നോടു
ഗാന്ധാരീപുത്രന്മാരല്ലോ കപടത്താൽ
കാന്തയോടും നിങ്ങളെ ഘോര-
കാന്താരന്തന്നിലയച്ചതവരെ
കൃതാന്തനു നൽകീടുവൻ
അഷ്ടദിക്ക്പാലകന്മാരൊക്കെ നടുങ്ങുമാറ്
അട്ടഹാസം ചെയ്തു ഞാൻ കാല-
മൊട്ടും കളയാതെ ചെന്നവരെ
വെന്നു പെട്ടെന്നു വന്നീടുവൻ
കാമോദരി-അടന്ത
ഭീമൻ:
അർച്ചനം ചെയ്തു പരമേശ്വരൻ തന്നോ-
ടസ്ത്രം ലഭിച്ചുടനെ വരും
അർജ്ജുനനപ്പോൾ സമയം കഴിഞ്ഞീടും
അത്രനാളും പാർക്കെടോ
മല്ലവിലോചനയാമിവൾ നിന്നുടെ
മാതാവെന്നറിഞ്ഞീടെടോ മുറ്റും
കല്ലിൽ നടന്നുള്ളിലല്ലൽ പെരുകുന്നു
കല്യാണശീല കാൺക
ആർത്തന്മാരാകിയ ഞങ്ങളിന്നോരോരോ
തീർത്ഥങ്ങൾ സേവിപ്പാനായി തവ
ചീർത്തബലമാശ്രയിച്ചു നടക്കാമെ-
ന്നോർത്തു നിനച്ചു നിന്നെ
ഘടോൽക്കചൻ:
കാൽക്ഷണം വൈകാതെ നിങ്ങളെയിന്നു
കഴുത്തിലെടുത്തുടനെ ഭുവി
കാംക്ഷിതദിക്കിൽ ചരിപ്പിച്ചീടാമല്ലോ
കാമഗനാകിയ ഞാൻ
തിരശ്ശീല
പുനരാശു ഘടോൽക്കചോദ്ധൃതാസ്തേ
വനജാക്ഷ്യാ വസുധാസുരൈഃ സമേതാഃ
ബദരികാനനമേത്യ രേമിരേ
നരനാരായണസന്നിധൌ നരേന്ദ്രാഃ
രംഗം ഒമ്പത്
ഭീമൻ, പാഞ്ചാലി
ശങ്കരാഭരണം-ചെമ്പട-പതിഞ്ഞകാലം
കാലേ കദാചിദഥ കാമിജനാനുകൂലേ
മാലേയമാരുതവിലോളിതമാലതീകേ
ലീലാരസേന വിചരൻ വിപിനേ വിനോദ-
ലോലാം സമീരണസുതോ രമണീമഭാണീൽ
പല്ലവി
പാഞ്ചാലരാജതനയേ
പങ്കജേക്ഷണേ
പഞ്ചസായകനിലയേ
അനുപല്ലവി
തഞ്ചാതെ വിപിനേ സഞ്ചരിച്ചീടുകയാൽ
നെഞ്ചകമതിലഴലരുതരുതയി തേ
പൂഞ്ചോലതോറും നടന്നു
നല്ല പൂമണം മെല്ലെ
നുകർന്നു ചാഞ്ചാടി
മോദം കലർന്നു നല്ല
ചാരു പവനൻ വരുന്നു
പഞ്ചമകൂജിതസുകോകിലേ
പരമിഹ ദേവി സുമംഗലേ
കിഞ്ചന രന്തുമനാകുലേ
കിളിമൊഴി വരിക ശിലാതലേ
നിൻചലലോചന നിർജ്ജിത മധുരിമ
സഞ്ചിതഭയചലദഞ്ചിതകമലേ
കണ്ടാലും മധുസമയം നല്ല കാമിനീജനഹൃദയം
കൊണ്ടാടീടുന്നു സദയം നല്ല കോമളകുസുമമയം
ഇണ്ടലകന്നുടനാശയേ ഇഹ പരിചൊടു ജലാശയേ
കുണ്ഠത നീക്കി ഗുണോദയേ കുതുകമൊടാശു കുശേശയേ
വണ്ടുകൾനന്മധുവുണ്ടുമദിച്ചുമുരണ്ടുവനങ്ങളിൽമണ്ടുന്നിതയേ
ചന്ദനശിഖരിചരം നല്ല ചംപകാമോദരുചിരം
മന്ദപവനകിശോരം നല്ല മാനിനി കാൺകസുചിരം
സുന്ദരി മനസിജവരസമരം സുഖമൊടു മുതിരുകസരസതരം
മന്ദരസദൃശപയോധരം മൃദുരസിചേർക്ക മനോഹരം
മന്ദത നീക്കി വിനിന്ദിതകിസലയം
ഇന്ദുസുമുഖി മമ തന്നീടുകധരം
വാതേന വത്സലതയേവ കിലോപനീതം
ചേതോഹരം പരിമളാനുസൃതാളിവൃന്ദം
ആദായ പുഷ്പമതിമോഹനമത്ര ദിവ്യം
മോദാൽ ജഗാദ പവനാത്മജമേത്യ കൃഷ്ണാ
പല്ലവി
എൻകണവ കണ്ടാലും എങ്കലൊരു കുസുമം
നിൻ കരുണയുണ്ടെന്നാകിൽ നിർണ്ണയമിനിയും മമ
സംഗതി വരും ലഭിപ്പാൻ സരസ സൌഗന്ധികങ്ങൾ
പാരിലില്ല പാർത്താലെങ്ങും ചാരുതരമാമിവണ്ണം
പാരം വളരുന്നു മോദം വാരിജദളനയന
വല്ലതെന്നാലും നിജ വല്ലഭന്മാരോടല്ലാതെ
ചൊല്ലുമാറില്ലഭിലാഷം ചൊല്ലേറുന്ന തരുണിമാർ
ധന്യാസി-ചെമ്പട
മാഞ്ചേൽമിഴിയാളെ നിന്നാൽ വാഞ്ഛിതങ്ങളായീടുന്നോ-
രഞ്ചിതസൌെഗന്ധികങ്ങൾ അഞ്ചാതെകൊണ്ടന്നീടാം
(ചഞ്ചലാക്ഷിമാരണിയും മൌലിരത്നമേ)
ശൈലമുകളിലെന്നാലും ശക്രലോകത്തെന്നാകിലും
വേലയില്ല തവ ഹിതം വിക്രമേണ സാധിപ്പാനും
തിരശ്ശീല
രംഗം പത്ത്
ഹനുമാൻ, ഭീമൻ
മദ്ധ്യമാവതി-ചമ്പ
അഭ്യർത്ഥിതോ ദയിതയേവമദീനകാന്തി-
രഭ്യുൽപപാത ഗുരുശൈലവനം ഗദാവാൻ
തൽഭൂരിവേഗസത്വരവച്ഛലേന
പത്ഭ്യാം ഹതേന രുദിതം ഗിരിണാഭിയേവ
ശാതോദരീചടുലചാരുകടാക്ഷപാത-
പാഥേയവാൻ പ്രവിചരൻ പ്രിയസാഹസോസൌ
പാദപ്രപാതചകിതാഖിലസ്വത്വജാതം
വാതാത്മജോപി കദളീവനമാസസാദ
ആയാസഹീനമതിഘോരഗദാസഹായ-
മായാന്തമാശു ഹനുമാൻ ഭുജശക്തിമന്തം
രാമം സ്മരൻ സസുഖമത്ര തപഃ പ്രകുർവ്വൻ
ഭീമം സമീക്ഷ്യ സമചിന്തയ ദേവമന്തഃ
പല്ലവി
ആരിഹ വരുന്നതിവനാരുമെതിരില്ലയോ
പാരമിയലുന്ന മദമാർന്നു വിപിനേ
അനുപല്ലവി
വീരരസമേവ വിരവോടൊരു നരാകൃതി
ചാലവേ കൈക്കൊണ്ടു വന്നപോലെ
ഊരുവേഗംകൊണ്ടു ഭൂരിതരമായുള്ള
ഭൂരുഹസഞ്ചയം ഭൂമിയിൽ വീഴുന്നു
ഭീരുത കലർന്നിത ചമൂരുക്കളോടുന്നു
ചാരുതരമിവനുടയ ചാതുര്യമോർത്താൽ
മാതംഗയൂഥമഭിമാനം വെടിഞ്ഞുള്ളിൽ
ആതംഗമോടവശം ഓടുന്നഹോ
ഖേദേന കേസരികൾ കേവലം പേടിച്ചു
മേദുരഗുഹാന്തരേ മേവീടുന്നു
മനസി മമ കിമപി ബത മമത പെരുകുന്നിവനിൽ
അനിലസുതനിവനെന്റെ അനുജനല്ലോ
എടവട്ടം
കനിവൊടിവനുടെ ശക്തി കാൺകയും മമ തത്വം
ഇവനെ അറിയിക്കയും വേണമല്ലോ
മുൻകാലം
രാമജയ രാമജയ ലോകാഭിരാമ ജയ
രാവണാന്തക രാമ സീതാപതേ
കാമോദരി-ചെമ്പട
നിശ്ചിത്യ സോയമിതി തൽപഥി നിശ്ചലാത്മാ
പുച്ഛം നിധായ ജരസാർത്ത ഇവാത്ര ശിശ്യേ
ഗച്ഛൻ ഗദാഹതിപതൻ കദളീകദംബഃ
സ്വച്ഛന്ദശായിനമുവാച രുഷാ സ ഭീമഃ
വഴിയിൽനിന്നു പോക വൈകാതെ വാനരാധമ
വഴിയിൽനിന്നു പോക വൈകാതെ
പോകായ്കയിൽ നിന്നെ
മുഴുത്ത കോപമോടടുത്തു ഞാൻ നിന്റെ
കഴുത്തിലമ്പൊടു പിടിച്ചുടൻ
തഴച്ച നിന്നെ എറിഞ്ഞു ഞാൻ
വഴിക്കു പോവതിനനാകുലം
അറിഞ്ഞാലും നീ
കനത്ത ഹിമകരകുലത്തിൽ ഞാൻ
ജനിച്ച ഭൂപതി മരുൽസുതൻ
തനിച്ച വൈരിവിമർദ്ദനൻ
അതു നിനയ്ക്ക സമ്പ്രതി സുദുർമ്മതേ
കേട്ടാലുമെങ്കിൽ
വരിഷ്ഠനാകിയ നൃപോത്തമൻ
യുധിഷ്ഠിരന്റെ ഹിതേരതൻ
കനിഷ്ഠനാകിയ വൃകോദരൻ
ബലിഷ്ഠനെന്നതുമവേഹി മാം
പേടികൂടാതെ
മടിച്ചു മേ പഥി കിടക്കിലോ
തടിച്ച മർക്കട ജളപ്രഭോ
പടുത്വമോടുടനടുത്തു ഞാൻ
അടിച്ചു നിന്നുടൽ പൊടിച്ചിടും
നീലാംബരി-അടന്ത
രൂക്ഷാക്ഷരൈരിതി മുഹുർമ്മുഹുരാക്ഷിപന്തം
വീക്ഷന്നഥാർദ്ധവനിനിമീലിതചക്ഷുഷാ തം
പ്രക്ഷീണശക്തിരിവ വേപഥുമാൻ വിലക്ഷോ
ദക്ഷോപി ദീനവദുവാച തമൃക്ഷനാഥഃ
പല്ലവി
നൃപതേ ഞാനും ഉപചാരാദികൾ ചെയ്യാ-
ഞ്ഞതിനാലരുതു കോപം നൃപതേ
അനുപല്ലവി
ജരകൊണ്ടു നടപ്പാനും അരുതാതെ വലഞ്ഞുഞാൻ
ചിരകാലമിഹവാഴുന്നതു ഭവാനറിഞ്ഞാലും
നരന്മാരിലൊരുവനുമിതിലൂടെ വഴി
നടപ്പാറില്ലതു വീര ധരിച്ചാലും
സുരജനപരിഭവം വരുമിഹ ചരിക്കിലോ
നരവര വിരവോടു പുരമേവ ഗമിച്ചാലും
ഭീമൻ:
മുറിയടന്ത
നരന്മാരും സുരന്മാരുമൊരുമിച്ചു നേരെ
വരികിലുമൊരുഭയം നഹി മമ
വിരുതുള്ള മരുത്സുതനഹമെന്നതറിയാതെ
പറയായ്ക കപേ ഭീരുജനത്തോടെന്നതുപോലെ
(കുമതേ കാലം കളയാതെ ഗമിച്ചാലും കപിവര
വഴിയിൽ നിന്നു കുമതേ)
ഹനുമാൻ:
ഉലകിതിൽ ബലവാൻ ആകിയ ഭവാനെന്നെ
വിലംഘിച്ചു വിരവോടു ഗമിച്ചാലും
കലുഷതയതുകൊണ്ടു നഹി മമ മനതാരിൽ
അലസരിൽ കൃപ തവ കുലധർമ്മമറിഞ്ഞാലും
ഭീമൻ
വനചര തവ കുലമതിലുണ്ടു വായു-
തനയനായ്ക്കപികുലവരനാകും
ഹനുമാനാകിയ മമ സഹജനെ നിനച്ചെന്റെ
മനതാരിൽ മടി നിന്നെക്കടന്നുപോവതിനിപ്പോൾ
ഹനൂമാൻ
ഹനുമാനെന്നൊരു കപിവരനുണ്ടെന്നല്ലോ
മനുജപുംഗവ ഭവാൻ ചൊന്നതും
വിനയവാരിധേ മമ കൌതുകം വളരുന്നു
കനിവോടവനാരെന്നു പറക നീയെന്നോട്
ഭീമൻ
ഭുവനകണ്ടകനായ ദശകണ്ഠൻ തന്റെ
ഭവനം ചുട്ടെരിച്ചൊരു മഹാത്മാവാം
പവനന്ദനനായ ഹനുമാനെറയറിയാതെ
അവനിയിലൊരുവനിന്നേവനുള്ളു ശിവ ശിവ
ഹനൂമാൻ
മഹനീയഗുണ കരുണാംബുധേ മന്ദം
മമ വാലമപനീയ പോകെടോ നഹി
മമ ബലമിളക്കീടുവതിനുപോലും
നരവര വിലോകയ ജരകൊണ്ടു വിവശനായ്
നാട്ടുക്കുറുഞ്ഞി-ചെമ്പട
വാചം നിശമ്യ സമുപേത്യ കപേർബ്ബലീയാൻ
വാലാഗ്രമസ്യ നഹി ചാലയിതും ശശാക
വ്രീളാനതോ ഗതധൃതിർവ്വിവശോ വിവേകീ
പ്രോവാച വാനരവരം വചനം സശങ്കഃ
പല്ലവി
വാചം ശ്രൃണു മേ വാനരപുംഗമ
തേജോരാശേ സാദരമിപ്പോൾ
പാശധരനോ നീ ചൊൽക പാകവൈരിതാനോ വീര
കീശവരനല്ലെന്നതും കേവലം കരുതീടുന്നേൻ
സത്വസഞ്ചയങ്ങളിലും സത്വം നിന്നോളമില്ലാർക്കും
സത്വരമെന്നോടിദാനീം തത്വമുരചെയ്തീടേണം
ഹനുമാൻ:
രാവണാന്തകനായീടും രാമന്റെ ദൂതനാകും ഞാൻ
കാലം പതിഞ്ഞ്
താവകസഹജൻ മമ നാമം ഹനുമാനല്ലോ
(വാചം ശ്രൃണു മേ മാനുഷപുംഗവ)
എടവട്ടം
ബാലിഭയംകൊണ്ടു ഭാനുനന്ദനൻ വാഴുമ്പോൾ
വേല പലതും ചെയ്തവൻ വേദന കളഞ്ഞതും ഞാൻ
ജലവിലോചനയായ ജനകയെ കാൺമതിനായി
ജലധി ലംഘിച്ചു ലങ്കയെ ജ്വലനാൽ
സംഹരിച്ചതും ഞാൻ
ഭീമൻ:
ബാലതകൊണ്ടു ഞാൻ ചൊന്ന വാക്കുകൾ കരുതീടായ്ക
കാലിണ കൈവണങ്ങുന്നേൻ കാരുണ്യാംബുധേ സോദര
അഗ്രജ നീ ജലധിയെ വ്യഗ്രം കൂടാതെ കടന്ന
വിഗ്രഹം കാൺമതിനുള്ളിലാഗ്രഹം വളർന്നീടുന്നു
ഹനൂമാൻ
ആശയമതെങ്കിലിപ്പോൾ ആലോകയ മമ ദേഹം
കാലം പതിഞ്ഞ്
ആയാസമുണ്ടായീടൊല്ല ആവോളം ചുരുക്കീടുന്നേൻ
ധസമുദ്രസംലംഘരൂപദർശനേ
സമുത്സുകാ യാതികഠോരഭീഷണാം
സമീരജന്മാപി സമീപവർത്തിനേ
സമീരജായാത്മതനൂദർശയൽ
തതഃ സ്വരൂപം ഭയദം ഹനൂമതഃ
പ്രസിദ്ധകീർത്തേഃ പ്രസമീക്ഷ്യ പാണ്ഡവഃ
അതീവ ഭീതഃ പ്രണിപത്യ പാദയോ-
രിതീദമേനം വചനം ബഭാഷെപ
ശങ്കരാഭരണം-അടന്ത
ഭീയേതി ഭീമം പതിതം പദാന്തേ
പ്രഭഞ്ജനാത്മപ്രഭവഃ പ്രസാദാൽ
നിജാനുജം നീതിനിധിർന്നിരീക്ഷ്യ
സ സൌമ്യരൂപഃ സമവോചദേവം
പല്ലവി
ഭീതിയുള്ളിലരുതൊട്ടുമേ തവ
ഭീമസേന ശ്രൃണു ഭാഷിതം
അനുപല്ലവി
പ്രീതി പൂണ്ടീടുക മാനസേ രിപു-
ഭൂതിനാശന ഭവാനെടോ
സൌഹൃദേന തവ ദർശിതം മമ ദേഹമീദൃശമറികെടോ
ദേഹികളതിനെ കാൺകിലോ ബത മോഹമോടവശരായിടും
കാണിനേരമിനി വൈകാതെ ശുക
വാണിയാകിയൊരു നിന്നുടെ
പ്രാണവല്ലഭേടെ വാഞ്ഛിതം ജഗൽ-
പ്രാണനന്ദന ലഭിച്ചാലും
വന്യമാർഗ്ഗമിതു കാൺകെടോ ഭവദന്യദുർഗ്ഗമിതറിഞ്ഞാലും
ധന്യശീല പോക വൈകാതെ ഹൃദി ദൈന്യമാശുകളഞ്ഞീടുക
ശ്രീരാഗം-മുറിയടന്ത
ഭീമൻ:
കൌരവന്മാരോടു സംഗരമിനി ഘോരമായി മുതിരുമന്നു നീ
വീര ഞങ്ങളുടെ ചാരവേവന്നു വൈരിവീരരെ ഒടുക്കണം
മാരുതാത്മജ മഹാമതേ മയി ഭൂരി തേ കരുണവേണമേ
മാന്യനായ തവ സോദരൻ ശത-
മന്യുനന്ദനന്റെ കേതനേ
നിന്നു ഭീഷണരവേണ ഞാൻ
യുധി ശൂന്യമാക്കുവനരികളെ
തിരശ്ശീല
രംഗം പതിനൊന്ന്
മുഖാരി-ചെമ്പട
പരിരഭ്യ ഹനുമതോ വിസൃഷ്ടഃ
പരിഹൃഷ്ടഃ പ്രണതോ മരുത്തനുജഃ
പരിതോഥ വിലോകയൻ പ്രതസ്ഥേ
വനശോഭാമിതി വിസ്മിതോ ബഭാഷേ
ചൈത്രരഥകാനനത്തെ സത്രപമാക്കീടും
ചിത്രമാകുമീ വിപിനം എത്രയും മോഹനം
സ്നിഗ്ദ്ധതണൽപൂണ്ടു പൂത്തുനിൽക്കുന്നു തരുക്കൾ
മിത്രാംശുക്കൾപോലുമാഗമിക്കുന്നില്ലിവിടെ
കോമളാലാപകളായ കോകിലാംഗനമാർ
പൂമരങ്ങൾതോറും നിന്നു കൂകുന്നു മധുരം
വാമത കളഞ്ഞു സുരവാമലോചനമാർ
കാമുകന്മാരോടുംചേർന്നു കാമം രമിക്കുന്നു
കാസാരമിതല്ലോ മുമ്പിൽ കാണുന്നു വിപുലം
ഭാസുരകുസുമജാലവാസിതമമലം
ചഞ്ചരീകതതി വായു സഞ്ചലിതമായി
തേഞ്ചൊരിയും പൂവിലാർത്തു സഞ്ചരിക്കുന്നു
വേഗേന ചെന്നിതിനുടെ വേലാമാർഗ്ഗത്തൂടെ
ആഗമനം ചെയ്തീടുവാനാർത്തവത്തിനായി
രംഗം പന്ത്രണ്ട്
പന്തുവരാളി-അടന്ത
കുസുമാന്യപഹർത്തുമുദ്യതന്തം
കുരുവര്യം കുധിയഃ കുബേരഭൃത്യാഃ
കുതുകാത്സമുപേത്യ യോദ്ധുകാമാഃ
കുസൃതിജ്ഞാഃ പരിഭാഷിണോ ന്യരുന്ധൻ
ചോരനെപ്പോലെ മിണ്ടാതെ
കണ്ടുടനാരെടാ വന്നു പൂവറുക്കുന്നു
ഭീമനെന്നറിഞ്ഞീടുക മാം പ്രതി
ഭീതിയുള്ളവർ പോക വൈകാതെ
കൽഹാരങ്ങൾ തൊടായ്കെടാ നിന്നെ
കൊല്ലുന്നില്ല ഭയപ്പെടവേണ്ട
കഷ്ടവാക്കുകൾ ചൊല്ലുന്നതിന്നൊരു
മുഷ്ടിപോലും സഹിക്കാത്ത കൂട്ടം
പുഷ്ടിയുള്ളോരു നിന്റെ ശരീരം
മൃഷ്ടമായി ഞങ്ങളഷ്ടികഴിക്കും
ആശരന്മാരാം കാടു ദഹിപ്പിച്ചോരാശു-
ശുക്ഷണി ഞാനറിഞ്ഞാലും
നാടുവിട്ടിഹ നാണവുംകൂടാതെ
കാടുവാഴുന്ന ശൂരനല്ലോ നീ
മൃത്യുകാലത്തു ചൊല്ലുന്ന വാക്കുകൾക്കുത്തരം
ഗദകൊണ്ടറിഞ്ഞാലും
തിരശ്ശീല
രംഗം പതിമൂന്ന്
നാഥനാമാഗ്രി-ചെമ്പട
നിശമ്യ പൌലസ്ത്യനിദേശകാരിണാം
നിശാചരാണാം രുദിതം രുഷാന്വിതഃ
രുശന്നഥ ക്രോധവശസ്സമേയിവാ-
നശാന്തധീരക്ഷ ഇവാനിലാത്മജം
വാടാ പോരിന്നായി വൈകാതെ മാനുഷാധമ
ആടലകന്നു നിശാടകുലത്തൊടു
കൂടാ നരാധമ കപടപടുത്വം
നക്തഞ്ചരരുടെ ഭുക്തിക്കുള്ളൊരു
മർത്ത്യൻ വരവിതു ചിത്രമിദാനീം
രാത്രിഞ്ചരരെയമർത്തുതിമിർത്തൊരു
മർത്ത്യ നിനക്കൊരു മൃത്യുസമൻ ഞാൻ
ചെകിടുടയും പടി ചടുലചപേടകൾ
പൊടുപോടെയാമെന്നടികളിനാലെ
എന്തിഹ വന്നതെടാ നിശാചര എന്തിഹ വന്നതെടാ
ചിന്തയിലുള്ളൊരഹന്തകൾകൊണ്ടു
കൃതാന്തപുരത്തിനു യാത്രയായി നീ
ഗന്ധമിയന്ന സൌഗന്ധികമോഹം
വന്ധ്യം നിനക്കു നിനയ്ക്കിലവശ്യം
ഉദ്ധതവാക്കുകൾ ഉച്ചരിച്ചീടായ്ക
യുദ്ധത്തിനായി നടിച്ചു വന്നാലും
തിരശ്ശീല
രംഗം പതിന്നാല്
ഭീമൻ, പാഞ്ചാലി
ബലഹരി-ചമ്പ
സ്നിഗ്ദ്ധേരണ്യേ സുബഹുവിചരൻ വാനരേന്ദ്രാത്തസഖ്യോ
യുദ്ധേ ഹത്വാ നിശിചരവരം സാശരൌഘം കൃതാർത്ഥഃ
ബദ്ധാമോദൈരഖിലസുമനസ്സഞ്ചയൈരഞ്ചിതോയം
ശുദ്ധാം കാന്താം രഘുപതിരിവാവാപ ശുദ്ധാത്മികാം താം
മല്ലലോചനേ മാ കുരു ഖേദം
കല്യാണാലയേ നിന്നാൽ കാമിതങ്ങളായുള്ള
കൽഹാരകുസുമങ്ങൾ കണ്ടാലും നീ
മെല്ലവേ ധരിച്ചാലും ഉല്ലാസമോടുതന്നെ
മല്ലവേണിയിൽ മമ വല്ലഭേ വൈകാതെ
സുരവരതരുണിമാർ സുഖമോടു രമിച്ചീടും
സരണിയൂടെ ചെന്നു ഞാൻ സരസി വേഗാൽ
സരഭസമോടു വന്ന സകലാശരരെക്കൊന്നു
തരസാ സൌെഗന്ധികങ്ങൾ സപദി കൊണ്ടന്നേൻ
അനുപമരൂപനാകും അനിലനന്ദനനായ
ഹനുമാനെ പഥി കണ്ടേൻ ഹരിണാക്ഷി ഞാൻ
അനുസരിച്ചവനുടെ അനുജ്ഞയോടും കൂടി
മനുജഹീനമാം വഴി പുനരാശു ഗമിച്ചേൻ ഞാൻ
പാഞ്ചാലി:
സുരഭികളായുള്ള സുമങ്ങളിതെത്രയും
സുരുചിങ്ങളാകുന്നു സുമുഖ നൂനം
സുരവരലോകത്ത് സുദുർല്ലഭമാകുന്നു
സരസിജേക്ഷണ വായുതനയ നൂനം
(വല്ലഭ മോദം വളരുന്നതധികം)
കല്യാണസൌെഗന്ധികം സമാപ്തം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള് (Atom)
ശൂർപ്പണഖയുടെ മൂക്കും ചെവിയും മുലയും മുറിക്കൽ
ആദ്യമേ പറയട്ടെ, ഞാൻ ഉദ്ധരിയ്ക്കുന്നതെല്ലാം ഇന്റെർനെറ്റിൽ ലഭ്യമായ സ്രോതസ്സുകൾ ആണ്. അതിനാൽ ലിങ്ക് ഉണ്ട്. ശൂർപ്പണഖയുടെ അംഗവിഛേദം കഥകളിയിലും കൂട...
-
അമ്മയ്ക്കുനല്കുവാന് ചെമ്മുള്ള ചേലകള് നന്ദന്തങ്കൈയിലെ നല്കിച്ചെന്നോന്: നല്ച്ചേലനാലുമെന്നമ്മതങ്കൈയിലേ ഇച്ഛയില് നല്കേണമിന്നുതന്നെ എന്നമ...
-
ഈ കവിത ഉമേഷ് മുന്പ് മൊഴിമാറ്റം നടത്തിട്ടുണ്ട്. ദാ ഇപ്പൊ ബെന്നിയും. ഇതിന്റെ ഏറ്റവും ന്അല്ല മൊഴിമാറ്റത്തിന് എന്റെ വക ഒരു സമ്മാനം ഉണ്ട്. മ...
-
തലക്കെട്ടില് പറഞ്ഞവരും ഞാനുമൊക്കെയായുള്ള ബന്ധം എന്താണ്? പ്രവാസി ജീവിതത്തില് എന്റെ സാമൂഹിക വൃത്തം വളരെ ചെറുതാണ്. വ്യക്തിഗതമായ പല ഇഷ്ടാനിഷ...
1 അഭിപ്രായം:
ഒരു കാര്യം വളരെ വ്യക്തം, ഇന്നത്തെ കാലത്ത് ആരും താല്പര്യം കാണിക്കാതെ പോകുന്ന കഥകളി എന്ന അത്ഭുതത്തിന് വേണ്ടി ഇത്രയും ആത്മാര്ഥമായി ചിന്തിക്കുന്ന താങ്കള് ഒരു നല്ല കഥകളിപ്രിയന് തന്നെ.
പിന്നെ, വെറുതെ എന്ന് ലേബല് ചെയ്തിട്ടുണ്ടെങ്കിലും വെറുതെയാവില്ല ഈ പരിശ്രമം.
ആത്മാര്ഥമായ ഈ പ്രയത്നത്തിനു എന്റെ ആശംസകള്....
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ