ആത്മകഥയും ജീവചരിത്രവുമെല്ലാം എഴുതുന്നത് എന്തിനാണ്, എന്തു പ്രയോജനം? "യയാതി" എന്ന വിഖ്യാത നോവല്‍ തുടങ്ങുന്നതു തന്നെ ഇങ്ങനെ ഒരു ചോദ്യം ഉയര്‍ത്തിക്കൊണ്ടാണ്. അതില്‍ പറയുന്നത്, സ്വന്തം മുറിവ് തുറന്നുകാണിച്ചല്‍ ദു:ഖം ലഘൂകരിയ്ക്കപ്പെടും എന്നും, ആത്മകഥ കേട്ട് ആരെങ്കിലും സ്വന്തം ജീവതപ്പാതയിലെ കുണ്ടും കുഴികളും കാണുകയും യഥാസമയം ജാഗ്രത പുലര്‍ത്തുകയും ചെയ്തേയ്ക്കാമെന്ന വിചാരം കൊണ്ടാണ് എന്നും ആണ്. ഒരാളെപ്പറ്റി മറ്റൊരാള്‍ എഴുതിയ ജീവചരിത്രത്തിനോട്, അടുത്തുനില്‍ക്കുന്ന കഥയാണെങ്കിലോ?. എങ്കില്‍, പറയപ്പെടുന്ന ആളുടെ കഥയില്‍ നിന്നും എന്തോ പഠിയ്ക്കാനുണ്ട് എന്നുള്ള ചിന്തയില്‍നിന്നാകും അത്തരത്തിലുള്ള കൃതി ഉടലെടുക്കുന്നത്.
വി ടി ഭട്ടതിരിപ്പാടിന്റെ ആത്മകഥയായ "കണ്ണീരും കിനാവും" ഇപ്പോഴും കേരളത്തിലെ സര്‍വ്വകലാശാലകളില്‍ പാഠ്യവിഷയമാണ്. ഒരു ഇരുപതുകൊല്ലം മുന്‍പും അങ്ങനെയായിരുന്നു. എന്താണതിന് ഇത്ര പ്രാധാന്യം എന്നന്വേഷിച്ചപ്പോള്‍ അതിന്റെ ഭാഷ ഒരു കാരണമായി കണ്ടു. സാക്ഷാല്‍ വാരഫലം കൃഷ്ണന്‍ നായര്‍ കൂടി വി ടി യുടെ ഭാഷയെ പുകഴ്ത്തിയിട്ടുണ്ട്. അതുമാത്രമല്ല എന്ന്, കൂടുതല്‍ പഠിച്ചപ്പോള്‍ കണ്ടു. ഒരു ശരിയായ വിലയിരുത്തല്‍ വേണമെങ്കില്‍ ആ വ്യക്ത്തി ജീവിച്ചിരുന്ന
കാലഘട്ടത്തേയും സമൂഹത്തിന് പ്രസ്തുത വ്യക്ത്തിയുടെ സംഭാവനകളേയും വിലയിരുത്തണം.. ഇതെല്ലാം മഹത്താണ് എന്നുവന്നാലേ ഒരു വ്യക്ത്തിയുടെ ജീവചരിത്രത്തിന് മാഹത്മ്യം വരുകയുള്ളൂ. സമൂഹത്തിന്റെ ശരിയാദിശയിലേക്കുള്ള പരിവര്‍ത്തനത്തില്‍ അദ്ദേഹവും ഒരു പങ്കാളിയായിരിയ്ക്കണം എന്നു വരുന്നു അപ്പോള്‍.
ഇവിടെ പ്രതിപാദ്യവിഷയമായിട്ടുള്ളത് ശ്രീ പരിയാനമ്പറ്റ ദിവാകരന്‍ നമ്പൂതിരിപ്പാട് എന്ന കുഞ്ചുണ്ണി നമ്പൂതിരിപ്പാടിന്റെ ജീവിത രേഖകളാണ്. അദ്ദേഹം പൊതുവേ അറിയപ്പെടുന്നത് "പരിയാനമ്പറ്റ" എന്ന നാമധേയത്തില്‍ ആണ്. 1930-കള്‍, സ്വാതന്ത്രസമരപ്രസ്ഥനം കൊടുമ്പിരികൊണ്ടിരിക്കുന്ന കാലം. അതിന്റെ ഭാഗമായും കൂടാതെ ചില ഉല്‍പതിക്ഷ്ണുക്കളുടെ പ്രവര്‍ത്തനഫലമായും കേരളജനതയും പരിവര്‍ത്തനത്തിന്റെ രുചി അനുഭവിച്ചു. കേരളസമൂഹത്തില്‍ ഏറ്റവും വലിയ മാറ്റമുണ്ടായത് ബ്രാഹ്മണസമൂഹത്തിലായിരുന്നു. ഈ ഒരു ചെറിയ സമൂഹത്തിന്റെ മാറ്റം വളരെ ദൂരവ്യാപകമായ ചലനങ്ങളാണ് കേരളത്തില്‍ സൃഷ്ടിച്ചത്.
കേരളത്തിലെ ബ്രാഹ്മണസമൂഹത്തിലെ മാറ്റങ്ങള്‍ക്കു കാരണമായ, അല്ലെങ്കിലതിനെ പ്രോത്സാഹിപ്പിച്ചിട്ടുള്ള അനവധിവ്യക്ത്തികള്‍ ഉണ്ട്. പലരും ഇന്നു ജീവിച്ചിരിപ്പില്ല. അതിലൊരാളായിരുന്നു ശ്രീ പരിയാനമ്പറ്റ.
ശ്രീ പരിയാനമ്പറ്റ സാമൂഹികമായി ഒരു പരിവര്‍ത്തനത്തിന് മുന്‍കയ്യെടുത്തു എന്ന് പറയാന്‍ വയ്യ. ഒരു സഹനടന്റെ ഭാഗമായിരുന്നു ഇക്കാര്യങ്ങളില്‍ അദ്ദേഹത്തിനുണ്ടായിരുന്നത്. പക്ഷെ തന്റേതായ ചില പ്രവര്‍ത്തനമണ്ഡലങ്ങളില്‍ അദ്ദേഹം തികച്ചും തിളങ്ങി. കലയായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനമണ്ഡലം. ഇത് തീര്‍ച്ചയായും മാറ്റങ്ങള്‍ക്കായുള്ള പ്രവര്‍ത്തനങ്ങളെ സഹായിച്ചു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ജീവചരിത്രം ഇക്കാലങ്ങളുടെ ചരിത്രമാണ്.
അടുക്കളയില്‍നിന്ന് അരങ്ങത്തേയ്ക്ക് തുടങ്ങിയ നാടകങ്ങള്‍ അവതരിപ്പിക്കുന്ന കാലത്ത് മേയ്ക്കപ്പിന്റെ സാങ്കേതിക വിദ്യ ഇത്രവളര്‍ന്നിട്ടൊന്നുമുണ്ടായിരുന്നില്ല. ഉണ്ടെങ്കില്‍ തന്നെ അത് നമ്മുടെ കൊച്ചുകേരളത്തില്‍ എത്തിയിട്ടുണ്ടായിരുന്നില്ല. അന്നത്തെ കാലത്ത് ഒരു ആണിനെ, മാറുമറയ്ക്കാത്ത പെണ്ണാക്കി വേഷംകെട്ടിയ്ക്കുക എന്നത് ഒരു വെല്ലുവിളിതന്നെയായിരുന്നു. അവിടെയാണ് പരിയാനമ്പറ്റ കടന്നുവരുന്നത്.
ഇന്ദ്രജാലക്കാരനായിരുന്ന പരിയാനമ്പറ്റ, മേയ്ക്കപ്പുകാരനായിരുന്ന പരിയാനമ്പറ്റ, ഹാസ്യനടനായിരുന്ന പരിയാനമ്പറ്റ, ഏകാഭിനയകലയെ ജനകീയമാകിയ പരിയാനമ്പറ്റ തുടങ്ങി അദ്ദേഹത്തിന്റെ വിവിധ വ്യക്തിത്വങ്ങള്‍ ശ്രീ പി.എം ദിവാകരന്‍, ചിലപ്പോള്‍ കഥാരൂപത്തിലും ചിലപ്പോള്‍ ലേഖനരൂപത്തിലും മറ്റുചിലപ്പോള്‍ ആഖ്യാനരൂപത്തിലും കാണിച്ചു തരുന്നു.
ഇന്ദജാലത്തില്‍ അദ്ദേഹത്തിന്റെ കയ്യടക്കമായിരുന്നു പ്രസിദ്ധമായിരുന്നത്. പക്ഷേ നാടകത്തില്‍ അദ്ദേഹത്തിന്റെ അഭിനയചാരുതപോലെ തന്നെ മേയ്കപ്പിനുള്ള കഴിവും പ്രസിദ്ധമായിരുന്നു. ഇതിനുപോല്‍ബലകമായി ശ്രീ ദിവാകരന്‍ അനവധി സന്ദര്‍ഭങ്ങള്‍ കഥാരൂപേണയും അല്ലാതേയും കാണിച്ചുതരുന്നുണ്ട് ഈ കൃതിയില്‍. കുഞ്ഞുങ്ങള്‍ക്കുകൂടി വായനാസുഖം തരുന്നത്ര ലളിതമാണ് ശ്രീ ദിവാകരന്റെ ഭാഷ. ഒരു തികഞ്ഞ കലാകാരനായതുകൊണ്ടാണ് അദ്ദേഹം അവസാനം വരെ കര്‍മ്മനിരതനായിരുന്നു.
ശ്രീ പരിയാനമ്പറ്റയുടെ ജീവിതരേഖകള്‍ക്ക്, 1930കളില്‍ കേരളത്തില്‍ നടന്ന പല ചരിത്രസംഭവങ്ങള്‍ക്കും എന്നപോലെ ആധികാരികമായ രേഖകള്‍ ലഭിയ്ക്കാന്‍ വിഷമമാകും. അന്നു നടന്ന പലസംഭവങ്ങളും വാമൊഴിയായിട്ടാണ് ഇന്നും പ്രചരിയ്ക്കുന്നത്. അത്യാവശ്യം ചിലഫോട്ടൊകള്‍, കയ്യെഴുത്തു പ്രതികളില്‍ നിന്നുള്ള ഉദ്ധരണികള്‍ എന്നിവ ഈ പുസ്തകത്തില്‍ ചേര്‍ത്തിട്ടുള്ളത് ചരിത്രത്തിലേക്കു തിരിഞ്ഞുനോക്കുന്ന നമുക്കു സഹായകരമാണ്. അത്തരം വാമൊഴികളിലൂടേയും, ചില കുടുംബങ്ങളുടെ സ്മരണികകളിലൂടേയും കിട്ടിയ അറിവ്ചേര്‍ത്തെഴുതിയ ഗ്രന്ഥമാണിത്. ഫോട്ടോകള്‍ക്ക് ചിലതില്‍ അടിക്കുറിപ്പില്ലാത്തത് കഷ്ടമായിപ്പോയി എന്ന് തോന്നി. നമ്മുടെ ഭാഗ്യം കൊണ്ട് അദ്ദേഹവുമായി ഇടപഴകിയ പലരും ഇന്ന് ജീവിച്ചിരിപ്പുണ്ടെന്നതിനാലും
നമ്മുടെ പലരുടേയും തന്നെ അച്ഛനമ്മമാര്‍ ഇക്കാര്യങ്ങളൊക്കെ കേട്ട് വളര്‍ന്നവരാകും എന്നതിനാലും ആധികാരികതയെ സംശയിക്കേണ്ടതില്ല. എന്നിരുന്നാല്‍തന്നേയും, ശ്രീ ഇ.എം.എസ്, വാഴകുന്നം തുടങ്ങിയവരെ പറ്റിയെല്ലാം പലവിധത്തിലുള്ള കഥകളും മലബാര്‍ ഭാഗത്ത് പ്രചാരമുണ്ട് എന്നതിനാല്‍ ഒരു ശങ്ക തോന്നായ്കയില്ല. ലേഖകന്‍, മുന്‍പ് പ്രസിദ്ധീകരിച്ചിട്ടുള്ള മാസികകളുടെ പേര്‍, കൊല്ലം തുടങ്ങിയവയെല്ലാം ഉദ്ധരിച്ചുകൊണ്ട് ആധികാരികതയ്ക്ക് ശ്രമിയ്ക്കുന്നുണ്ട്. ഒരിടത്ത് ശ്രീ ഇ.എം.എസ് കഥകളിയിലെ ഹനൂമാനയി വേഷംകെട്ടി എന്നുപറഞ്ഞിട്ടുണ്ട്. ഇത്തരം കാര്യങ്ങള്‍ നേരിട്ടൊ അല്ലാതേയോ അറിയുന്നവര്‍ വിശ്വസിയ്ക്കും. പക്ഷെ ഇന്നത്തെ പൊതുജനം എങ്ങനെ വിശ്വസിയ്ക്കും? മുന്‍പ് ദേശാഭിമാനിവാരികയില്‍ അദ്ദേഹം ഒരു ചേങ്ങലയും പിടിച്ച് കഥകളിപ്പാട്ടുകാരനായി നില്‍കുന്ന ഫോട്ടോ കണ്ടതു ഞാന്‍ ഓര്‍ക്കുന്നു. ചിലപേജുകളില്‍ (ഉദാ:പേജ് 75ഉം110ഉം) ആശയങ്ങള്‍ ആവര്‍ത്തിച്ചുവോ എന്ന് സംശയിക്കാം.
2004ന്റെ അവസാനദിവസങ്ങളില്‍ ദൂരദര്‍ശന്‍ മലയാളം ചാനലില്‍ 2004ലെ മലയാളപ്രസാധകരംഗത്തെപറ്റി ഒരു അവലോകനം ഉണ്ടായിരുന്നു. അതില്‍ 2004ലെ ശ്രദ്ധേയമായ ജീവചരിത്രകൃതികളെ പരമാര്‍ശിച്ചിടത്ത് ഈ കൃതിയും സ്ഥാനം പിടിച്ചിരുന്നു. അത് ഒരസ്ഥാനമാണ് എന്ന് ഈ കൃതിവായിയച്ചപ്പോള്‍ തോന്നിയില്ല.
"പരിയാനമ്പറ്റ" പ്രസിദ്ധീകരിച്ചത്: പാപ്പിയോണ്‍, കോഴിക്കോട്. വില:65 രൂപ
-സു-
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
ശൂർപ്പണഖയുടെ മൂക്കും ചെവിയും മുലയും മുറിക്കൽ
ആദ്യമേ പറയട്ടെ, ഞാൻ ഉദ്ധരിയ്ക്കുന്നതെല്ലാം ഇന്റെർനെറ്റിൽ ലഭ്യമായ സ്രോതസ്സുകൾ ആണ്. അതിനാൽ ലിങ്ക് ഉണ്ട്. ശൂർപ്പണഖയുടെ അംഗവിഛേദം കഥകളിയിലും കൂട...
-
അമ്മയ്ക്കുനല്‍കുവാന്‍ ചെമ്മുള്ള ചേലകള്‍ നന്ദന്തങ്കൈയിലെ നല്‍കിച്ചെന്നോന്‍: നല്‍ച്ചേലനാലുമെന്നമ്മതങ്കൈയിലേ ഇച്ഛയില്‍ നല്കേണമിന്നുതന്നെ എന്നമ...
-
ഈ കവിത ഉമേഷ് മുന്‍പ് മൊഴിമാറ്റം നടത്തിട്ടുണ്ട്. ദാ ഇപ്പൊ ബെന്നിയും. ഇതിന്റെ ഏറ്റവും ന്അല്ല മൊഴിമാറ്റത്തിന് എന്റെ വക ഒരു സമ്മാനം ഉണ്ട്. മ...
-
തലക്കെട്ടില്‍ പറഞ്ഞവരും ഞാനുമൊക്കെയായുള്ള ബന്ധം എന്താണ്? പ്രവാസി ജീവിതത്തില്‍ എന്റെ സാമൂഹിക വൃത്തം വളരെ ചെറുതാണ്. വ്യക്തിഗതമായ പല ഇഷ്ടാനിഷ...
3 അഭിപ്രായങ്ങൾ:
1990-kalil swaathanthryasamaramo?
Sorry, corrected
വായിച്ചു. ഇനി ബുക്ക് വാങ്ങി വായിക്കാം. :)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ