ഇന്നലെരാത്രി വെറുതെയിരുന്ന് രാവണോത്ഭവം കഥകളി കണ്ടു. സി.ഡിയുടെ ക്വാളിറ്റി അത്രപോരാ, എങ്കിലും രാമന്‍കുട്ടിനായരുടെ രാവണന്‍, കൃഷ്ണകുട്ടിപൊതുവാളുടെ ചെണ്ട,അപ്പുട്ടിപൊതുവാളുടെ മദ്ദളം, സിഡി ക്വാളിറ്റിയില്ലെങ്കിലും കണ്ടിരിക്കാനും രസിക്കാനും ഇതു ധാരളം. രസലയങ്ങളുടെ ഹാങ്ങോവര്‍ ഇതുവരെ മാറിയിട്ടില്ല. ചെവിയില്‍ ഇപ്പോളും മേളം കേള്‍ക്കുന്നു, കണ്ണില്‍ രാമന്‍കുട്ടിനായരുടെ വീരരാവണന്‍!
പൊതുവാള്‍ക്കും രാമന്‍കൂട്ടിനായര്‍ക്കും ഒരു പ്രത്യേക മനപ്പൊരുത്തം ഉണ്ട്. പൊതുവാള്‍ കണ്ണടച്ച് , നായരുടെ മുദ്രയ്ക്കനുസരിച്ച് കൊട്ടും. അപാര താളബോധല്ലേ രണ്ടുപേര്‍ക്കും! ഇനീപ്പൊ അതൊന്നും കാണാന്‍ പറ്റില്ല്യലോ..
ചന്ദ്രമന മന്നാടിയാരും നംമ്പീശന്‍ കുട്ടീം പൊതുവാള്‍ മാരുമൊക്കെ കൂടിയുള്ള മേളപ്പദം! ഹൌ!!
ചുരുങ്ങിയത് ഇരുപത്തിയഞ്ചുകൊല്ലം മുന്‍പത്തെ ഒരു കളിയാണേ,(കൃഷ്ണന്‍കുട്ടിപ്പൊതുവാള്‍ മരിച്ചത് എണ്‍പതുകളുടെ ആദ്യത്തിലല്ലേ?) അതിന്റെ സി.ഡി.ഫോം കിട്ടിയതുതന്നെ മഹാഭാഗ്യം! അപ്പോള്‍ തോന്നി കഥകളിയാട്ടപ്രകരം (കെ.പി.എസ് മേനോന്‍) ഒന്ന് പകര്‍ത്താമെന്ന്.
ഭാവനയിലെങ്കിലും ഈ രംഗങ്ങള്‍ കണ്ട് ഇതൊന്ന് വായിക്കൂ.
രാവണോത്ഭവം
സാഹിത്യം:കല്ലേക്കുളങ്ങര രാഘവപ്പിഷാരടി
ഉത്തരരാമായണത്തില്‍ രാക്ഷന്മാരുടെ വംശപാരമ്പര്യം പറഞ്ഞിട്ടുണ്ട്. ഹേതി, പ്രഹേതി എന്നീ രണ്ടുരാക്ഷസസഹോദരന്മാരില്‍ മൂത്തവനായ ഹേതിയ്ക്കു വിദ്യുല്‍കേശനെന്ന പുത്രനുണ്ടായി. അവനു സാലകടംകടയില്‍ ജനിച്ച പുത്രന്‍ സുകേശന്‍ ശിവകിങ്കരനായി. (രാക്ഷസര്‍ ശിവകിങ്കരന്മാരാണ്) സുകേശനു വേദവതിയില്‍ മാല്യവാന്‍,മാലി,സുമാലി എന്ന മൂന്നുപുത്രന്മാരുണ്ടായി. മഹാബലവാന്മാരായ ഈ രാക്ഷസന്മാര്‍ ലങ്കയില്‍ വസിച്ചുകൊണ്ടു ലോകോപദ്രവം ചെയ്തു തുടങ്ങി. മാല്യവാനു ഏഴുപുത്രന്മാരും ഒരു പുത്രിയും. മാലിക്കു നാലു പുത്രന്മാരും,സുമാലിക്കു പത്തുപുത്രന്മാരും നാലുപുത്രികളും ഉണ്ടായി. ദേവാസുരയുദ്ധത്തില്‍,ദേവന്മാരുടെയും ഋഷികളുടെയും അഭ്യര്‍ത്ഥനപ്രകാരം മഹാവിഷ്ണു യുദ്ധത്തില്‍ മാലിയെ വധിച്ചു. അനന്തരം മാല്യവാനും സുമാലിയും ലങ്കവിട്ട് പാതാളത്തില്‍ പോയി വസിച്ചു.
ബ്രഹ്മാവിന്റെ പുത്രനായ പുലസ്ത്യമഹര്‍ഷിയുടെ പുത്രനാണ് വിശ്രവസ്സ്. വിശ്രവസ്സിന്റെ പുത്രനായ വൈശ്രവണന്‍ യക്ഷേശനും ദിക്പാലകന്മാരില്‍ ഒരാളുമായി.സുമാലിയുടെ ഒടുവിലത്തെ മകള്‍ കൈകസി വിശ്രവസ്സിനെ ഭര്‍ത്താവായി വരിച്ചു. അവള്‍ക്കു രാവണന്‍,കുംഭകര്‍ണ്ണന്‍,വിഭീഷണന്‍ എന്നീ മൂന്നു പുത്രന്മാരും ശൂര്‍പ്പണഘ എന്നൊരു പുത്രിയും ഉണ്ടായി. രാവണന്‍ ബ്രഹ്മാവിനെ തപസ്സുചെയ്തു വരബലംകൊണ്ട് ലോകങ്ങലെല്ലാം ജയിച്ചു പ്രതാപലങ്കേശ്വരനായി വാണു.
എല്ലാംകൊണ്ടും അസാധാരണമായ ഒരു കഥയാണ് രാവണോത്ഭവം. മറ്റുകഥകളില്‍ പ്രധാനമായി ഒരു താടിയേ ഉണ്ടാകാറുള്ളൂ. അപൂര്‍വ്വമായി ബാലിവധം പോലെയുള്ള കഥകളില്‍ രണ്ട് താടികള്‍ ഒരുമിച്ചു വരും. രാവണോത്ഭവത്തില്‍, മാല്യവാന്‍, മാലി,സുമാലിമാരുടെ മൂന്ന് താടികള്‍ ഒന്നിച്ചാണ് വരുന്നത്. ഇവരുടെ പുറപ്പാട് ഗംഭീരമായൊരു രംഗം തന്നെയാണ്. ഇപ്പോള്‍ ഇതൊന്നും ആടാറില്ല. ഒരു മഹര്‍ഷിയുടെ ശൃംഗാരഭിനയം ഈ കഥയില്‍ മാത്രമേ ഉള്ളൂ. വിദ്യുജ്ജിഹ്വന്റെ പോലെ ഒരു വിനോദകഥാപാത്രത്തിന്റെ ഗോഷ്ഠികളും കോമാളിത്തവും വേറൊരു കഥയില്‍ കാണുകയില്ല. മേളക്കാര്‍ക്ക് പ്രാധാന്യമുള്ള കഥകളിലൊന്നാണ് രാവണോത്ഭവം.
തപസ്സാട്ടത്തില്‍ രാവണന്‍, കൈകസി, അനുജന്മാര്‍, ബ്രഹ്മാവ് തുടങ്ങിയ പലകഥാപാത്രങ്ങളായി പകര്‍ന്നാടുന്നു. പകര്‍ന്നാട്ടത്തിലൂടെ സംഭാഷണരൂപത്തില്‍ തന്റെ മുന്‍കഥ വിവരിക്കുകയാണ്. പകര്‍ന്നാട്ടത്തിന് നല്ലൊരു നടനും പറ്റിയ മേളവും ആയാല്‍ രസോത്ഭവത്തിന് മറ്റെന്താണ് വേണ്ടത്? പാട്ടുകാര്‍ക്ക് വലിയ പ്രാധാന്യമില്ലത്ത ഈ കളി അല്‍പ്പം കഥകളി ആസ്വാദനശേഷി ഉണ്ടെങ്കിലേ ശരിയായി മനസ്സിലാകൂ.
രാവണന്‍ ശരിയായ രാവണന്‍ തന്നെ. വീരന്‍! ബഹുകേമന്‍!
അടുത്ത കാലത്തായി രാവണോത്ഭവത്തിന് പ്രാധാന്യം കുറഞ്ഞിരിക്കുന്നു. വിശിഷ്യാ പൂര്‍വ്വഭാഗത്തിന് ഇപ്പോള്‍ രാവണോത്ഭവം നിശ്ചയിച്ചാല്‍ രാവണന്റെ തപസ്സാട്ടവും തുടര്‍ന്നുള്ള പദവും മാത്രമേ ഉണ്ടാകാറുള്ളൂ. അതുതന്നെ കുറവാണ്.
ആദ്യവസാനമായ രാവണന് പ്രധാനമായി ആടേണ്ടത് തപസ്സാട്ടം ആണ്. തൊട്ടുമുന്‍പുള്ള പതിനൊന്ന്,പന്ത്രണ്ട്,പതിമൂന്ന് രംഗങ്ങളുടെ ആവര്‍ത്തനമാണ് ഇത് എന്നൊരു ദോഷം ഈ കഥയ്ക്കുണ്ട്.
രംഗം പതിനാല് (തപസ്സാട്ടം)
രാവണന്‍,കുംഭകര്‍ണ്ണന്‍, വിഭീഷണന്‍.
ഘണ്ടാരം-അടന്ത
ലോകേശാത്തവരപ്രതാപബലവാന്‍ കുര്‍വ്വംസ്തു സര്‍വ്വം ജഗ-
ന്നാകേശാദിദിഗീശ്വരനിജവശേ ചിന്താവശേനാത്മനാ
ധൃഷ്ടഃ സ്വോഗ്രഭുജോഷ്മ്മണാ ദശമുഖസ്സംപ്രാപ്യ തസ്മിന്‍ പുനഃ
ശിഷ്ടൌ ലബ്ധവരു വരാവരജാവേവം ഭഭാഷേ ഗിരം
രാവണന്‍ തിരനോക്ക് (ഈ ഘട്ടത്തില്‍ മേലാപ്പും ആലവട്ടവും പിടിക്കാറില്ല) കഴിഞ്ഞ് പിന്നെ പീഠത്തിലിരുന്നു തന്റേടം: എനിക്ക് ഏറ്റവും സുഖം ഭവിച്ചു. അതിനു കാരണമെന്ത്?(വിചാരിച്ച്:മനസ്സിലായി)ഞാന്‍ പണ്ട് ലോകങ്ങള്‍ എല്ലാം സൃഷ്ടിച്ച ബ്രഹ്മാവിനെ തപസ്സുചെയ്തു. ഞാന്‍ ആഗ്രഹിച്ച വരങ്ങള്‍ ഒക്കെയും വാങ്ങി. അതിനാല്‍ ഏറ്റവും സുഖം ഭവിച്ചു. (കൃതാര്‍ഥനായിരുന്നു വിചാരിച്ചു) എന്നാല്‍ ഞാന്‍ ബ്രഹ്മാവിനോട് എനിക്ക് വരം തരണേ എന്നിങ്ങനെ യാചിച്ചിട്ടില്ല.(ബലവീര്യത്തോടെ ബ്രഹ്മാവിനെ നോക്കി) കൊണ്ടുവാ, കൊണ്ടുവാ എന്നു കണ്ണുകൊണ്ടും വെയ്ക്ക് വെയ്ക്ക് എന്ന് മുദ്രയാലും കാണിച്ച്, കിട്ടി എന്നു നടിച്ച്, ഇങ്ങനെ വാങ്ങിയതാകുന്നു. എന്നാല്‍ ഞാന്‍ ബ്രഹ്മാവിനെ തപസ്സു ചെയ്യുവാന്‍ കാരണമെന്ത്? (ഓര്‍ത്തുനോക്കി, മനസ്സിലായി-(ഇപ്പോള്‍ തന്റേടാട്ടം കഴിഞ്ഞു തിരശ്ശീല എടുക്കാം)ഞാന്‍ പണ്ട് അമ്മയോടും സോദരന്മാരോടും കൂടി മധുവനത്തില്‍ താമസിച്ചിരുന്നു. ഒരു ദിവസം ആദിത്യരശ്മിയേറ്റ് തളര്‍ന്ന ഞാന്‍ അമ്മയുടെ മടിയില്‍കിടന്നുറങ്ങി. (കൈകസിയായി പുത്രനെ നോക്കി വാത്സല്യത്തോടെ കയ്യും കാലും തടവിക്കൊണ്ട് സന്തുഷ്ടയായിരിക്കേ ഒരു ശബ്ദം കേട്ട് ചെവിയോര്‍ത്ത്, എന്തെങ്കിലുമാകട്ടെ എന്നു നടിച്ച്,വീണ്ടും ശബ്ദം കേട്ടതായി നടിച്ച് ചെവിയോര്‍ത്ത്) ഒരു ശബ്ദം കേള്‍ക്കുന്നതെന്ത്-എന്തോ ആകട്ടെ (എന്നു കാട്ടി പുത്രമുഖം നോക്കിയിരിക്കേ വീണ്ടും അടുത്തെത്തിയ ശബ്ദം കേട്ട്,ലഘുമുദ്രയില്‍) ഒട്ടും അസാരമല്ല-എന്താണെന്നറിയുക തന്നെ (ഇടതുവശം ഒരു വസ്തുകണ്ടു തന്റെ നേര കൊണ്ടുവന്നു സൂക്ഷിച്ചു നോക്കി)പെരുമ്പറ മുഴക്കിക്കൊണ്ട് പുഷ്പകവിമാനത്തില്‍ കയറി ആകാശമാര്‍ഗ്ഗം ഒരുവന്‍ പോകുന്നു. ഈ പ്രതാപി ആര്?(സൂക്ഷിച്ചു നോക്കി ആളെ അറിഞ്ഞു അസൂയയോടെ)ഓഹോ-വശ്രവണന്‍ തന്നെ. കഷ്ടം! അവന്റെയും ഇവന്റെയും അച്ഛന്‍ ഒന്നുതന്നെ. അവന്‍ ബലവാന്‍ ഇവന്‍ അശക്തന്‍, എന്റെ നിര്‍ഭാഗ്യം തന്നെ.(വിമാനയാത്രചെയ്യുന്ന വൈശ്രവണനെ അസൂയയോടും മടിയിലുള്ള പുത്രനെ ദുഃഖത്തോടും മൂന്നുപ്രാവശ്യം മാറിമാറി നോക്കി)വൈശ്രവണന്‍ മറഞ്ഞു എന്നു വലത്തെ കൈകൊണ്ടുകാണിച്ച് പുത്രനെ നോക്കി കരഞ്ഞിരിക്കുന്നു.
(രാവണനായി)ആ സമയം അമ്മയുടെ മടിയില്‍ സുഖമായി കിടന്നുറങ്ങുന്ന ഞാന്‍ ഞെട്ടി ഉണര്‍ന്നു മുഖം അല്‍പ്പം മലര്‍ത്തി കണ്ണു പകുതി തുറന്നു അമ്മയുടെ മുഖം നോക്കി ഉറക്കത്താല്‍ കണ്ണടച്ചു. പിന്നെയും ഞെട്ടിയുണര്‍ന്നു എഴുന്നേറ്റിരുന്നു കൈകള്‍ കോര്‍ത്ത് മേല്‍പ്പോട്ടുപൊക്കി വലിയുന്നതോടൊന്നിച്ച് വായ തുറക്കാതെ കോട്ടുവായ് നടിച്ച് കൈകള്‍ കീഴ്പ്പോട്ട് കുടഞ്ഞ് വെവ്വേറെ തിരുമ്മി പിന്നെയും ഉറങ്ങുന്ന നേരം മൂന്നാം പ്രാവശ്യം ഞെട്ടി ഉണര്‍ന്ന് അമ്മയുടെ മുഖത്തുനോക്കി-എഴുന്നേറ്റിരുന്നു തന്റെ മാറത്തു കണ്ണുനീര്‍ത്തുള്ളി കണ്ട് തുടച്ച് അമ്മയെ ഏഴുന്നേല്‍പ്പിച്ച് മാറ്റിയിരുത്തി. ഈ വിധം കരയുവാന്‍ കാരണമെന്ത്? വേഗം പറഞ്ഞാലും. അമ്മയെ വന്ദിച്ചു നിന്നു. അമ്മയുടെ മറുപടി ലഘുമുദ്രയില്‍ സ്വഗതമായി. വൈശ്രവണന്‍ വിമാനത്തില്‍കൂടി കടന്നുപോയി എന്നോ?(അമ്മയെ നോക്കി)ഛീ! വൈശ്രവണന്‍ നിസ്സാരന്‍. ആകട്ടെ ഒട്ടും വ്യസനിക്കേണ്ട. ഞാന്‍ ലോകേശനായ ബ്രഹ്മാവിനെ സേവിച്ച് പ്രസാദിപ്പിച്ച് വരങ്ങള്‍ വാങ്ങും. എന്നിട്ട് വൈശ്രവണനെ ജയിച്ച് അവന്റെ കയ്യും കാലും കൂട്ടിക്കെട്ടി അമ്മയുടെ കാല്‍ക്കല്‍ കൊണ്ടുവെച്ച് വന്ദിക്കാം-എന്നാല്‍ മതിയോ?(മറുപടികേട്ട്) എന്നാല്‍ ഞാന്‍ തപസ്സുചെയ്യുവാന്‍ പോകുന്നു. എന്നെ അനുഗ്രഹിച്ചാലും-അമ്മയെ വന്ദിച്ച് മാറ്റി രംഗത്തില്‍ പ്രവേശിച്ച്-ഇനി വേഗം ബ്രഹ്മാവിനെ തപസ്സുചെയ്യുവാന്‍ പുറപ്പെടുകതന്നെ. തപസ്സുചെയ്യേണ്ട സ്ഥലം എവിടെ? (വിചാരിച്ച്) ഗോകര്‍ണ്ണത്തില്‍തന്നെ. ഇനി സോദരന്മാരുടെ മനസ്സും അറിയുകതന്നെ. പീഠത്തില്‍ ഒറ്റകാല്‍ ചവുട്ടി സോദരന്മാര്‍ എവിടെ എന്നുകാട്ടി അവരെകണ്ട്, അനുഗ്രഹിച്ച് അല്ലയോ സോദരന്മാരെ ഞാന്‍ ബ്രഹ്മാവിനെ തപസ്സുചെയ്‌വാന്‍ പോകുന്നു. നിങ്ങാളും തപസ്സ് ചെയ്ത് വരങ്ങള്‍ ലഭിക്കുവാനായി എന്റെ കൂടെ പോരുകയല്ലെ(മറുപടികേട്ട് സന്തുഷ്ടനായി വിഭീഷണനെ വലത്തുവശത്തും കുംഭകര്‍ണ്ണനെ ഇടത്തുവശത്തും പിടിച്ചുനിര്‍ത്തി)അല്ലയോ കുംഭകര്‍ണ്ണാ നാം ഗോകര്‍ണ്ണത്ത് എത്തി-പരമിശിവന്റെ സാന്നിധ്യമുള്ള ഭൂമിയാണിത്. ഇവിടെവെച്ചാണ് ഞാന്‍ ബ്രഹ്മാവിനെ തപസ്സുചെയ്യുന്നത്. നീയും ബ്രഹ്മാവിനെ തപസ്സുചെയ്ത് ദേവകളെ ജയിക്കാനുള്ള വരം വാങ്ങിയാലും. അല്ലയോ വിഭീഷണാ നീയും അങ്ങിനെ ചെയ്താലും(രണ്ടുപേരേയും അനുഗ്രഹിച്ചു).
പിന്നെ തപസ്സുചെയ്യാനുള്ള സ്ഥലം രണ്ടുകൈകൊണ്ടും ഉണ്ടാക്കി ഓരോ കൈകൊണ്ടും അതിന്റെ വക്കുകളില്‍ നാലുഹോമകുണ്ഡവും തീര്‍ത്തു. ഇനി സ്നാനം ചെയ്യുകതന്നെ എന്നുകാട്ടി സ്നാനം ചെയ്ത് ഭസ്മം ധരിച്ച്,ഇനി അഗ്നി ജ്വലിപ്പിക്കുക തന്നെ എന്നു കാണിച്ച് നാലുകുണ്ഡങ്ങളിലും വിറകുനിറച്ച്. നെയ്യൊഴിച്ച് തീ കത്തിക്കുന്നു. പൂജയുടെ ഛായ കാണിച്ച് തപസ്സുചെയ്യുന്ന നിലയില്‍ (നാലു താളവട്ടം) ഇരുന്നശേഷം ധ്യാനത്തില്‍ നിന്നു വിരമിച്ച് ബ്രഹ്മാവ് പ്രത്യക്ഷമായോ എന്നു നോക്കി. ബ്രഹ്മാവ് പ്രത്യക്ഷമായില്ല. എന്നു കാട്ടി, ഇനി എന്തുചെയ്യണം. മനസ്സ് ബ്രഹ്മാവില്‍തന്നെ ഉറപ്പിക്കുക തന്നെ. എന്നു കാട്ടി വീണ്ടും തപസ്സിലിരിക്കുന്നു. കുറെ കഴിഞ്ഞശേഷം പിന്നെയും ഉണര്‍ന്ന് ഗൌരവത്തോടും ഉല്‍ക്കണ്ഠയോടും കൂടെ മുകളില്‍ രണ്ടുദിക്കിലും നോക്കി..-ബ്രഹ്മാവ് ഇനിയും പ്രത്യക്ഷമായില്ലല്ലോ എന്റെ തപസ്സിനു ശക്തിപോരാ-അതുകൊണ്ട് എനിക്ക് പത്തുശിരസ്സുകളുള്ളതില്‍ ഒന്നിനെ അറുത്ത് ഹോമിക്കുകതന്നെ. എന്നാല്‍ ബ്രഹ്മാവ് പ്രസാദിക്കും-തീര്‍ച്ചയാണ്-എന്നു കാട്ടി വാള്‍ ഇടത്തെ കയ്യിലെടുത്ത് വലത്തുകൈ മാറിന്നുനേര്‍ക്ക് കമിഴ്ത്തിപ്പിടിച്ച് ശിരസ്സുകള്‍ വേറെ വേറെ നോക്കി ഒരു ശിരസ്സുപിടിച്ച് താളവട്ടക്കണക്കില്‍ അറുത്ത് തലമുടി വലിച്ച് കളഞ്ഞ് വലഭാഗം കുണ്ഡത്തില്‍ ഹോമിച്ച് പൊട്ടുന്നു എന്നികാണിച്ച് അഗ്നി രണ്ടുകൈകൊണ്ടും ജ്വലിപ്പിച്ച് ഇനിയും തപസ്സുചെയ്യുകതന്നെ.(മുന്‍പോലെ തപസ്സിലിരുന്നു-നാലു താളവട്ടം-വിരമിച്ച്, ബ്രഹ്മാവിനെ എല്ലാടവം നോക്കി മൌഢ്യത്തോടെ)ബ്രഹ്മാവ് ഇനിയും പ്രത്യക്ഷമായില്ല, എന്നെ പരീക്ഷിക്കുകയാണ്. ഇനി ചെയ്യേണ്ടതെന്ത്? ആകട്ടെ, എന്റെ ശിരസ്സുകകള്‍ ഒരോന്നായി അറുത്ത് ഹോമിക്കുകതന്നെ. കക്ഷത്തില്‍ നിന്ന് വാളെടുത്ത്, തല ഒന്നു പിടിക്കുന്നു,വെട്ടുന്നു,വാള്‍ തുടക്കുന്നു എന്നിട്ട് കക്ഷത്തില്‍ തന്നെ വെയ്ക്കുന്നു. തല ഹോമകുണ്ഡത്തില്‍ ഇടുന്നു. ഈ ക്രിയകള്‍ മുറുകിയ ത്രിപുട(തത്തയ്യം തെയ്യം തെയ്യം)രണ്ടു താളവട്ടംകൊണ്ടു മുഴുമിക്കും-ഇങ്ങനെ എട്ടാമത്തെ ശിരശ്ശറുത്തു ഹോമിച്ച് പൊട്ടുന്നു എന്നു കാണിച്ച് നാലു കുണ്ഡങ്ങളിലും തീ ജ്വലിപ്പിച്ച് അലറിക്കൊണ്ട്-ഇനി തപസ്സു ചെയ്യുകതന്നെ.
പിന്നെ ഒരു കാലിന്മേല്‍ നിന്ന് മുന്‍പോലെ ദൃഷ്ടിനിര്‍ത്തി(എട്ടു താളവട്ടം) വിരമിച്ച്, കണ്ണെടുത്ത് ബ്രഹ്മാവ് വന്നുവോ എന്നു നോക്കി,കാണാതെ നൈരാശ്യത്തോടെ ഇനി തപസ്സുനിര്‍ത്തി പോവുക തന്നെ. എഴുന്നേറ്റ് എല്ലാടവും ഒന്നുകൂടിനോക്കി ബ്രഹ്മാവിനെ കാണുന്നില്ലെന്ന മൌഢ്യത്തില്‍ ശിരസ്സുകുറച്ച് താഴ്ത്തിയും കൈ രണ്ടും പിന്നോക്കം പിടിച്ച് മാറി മുഖവും ശരീരവും പിന്നോക്കം തിരിവാന്‍ തുടങ്ങുന്ന സമയം പെട്ടെന്ന് ധൈര്യത്തോടെ മുന്നോട്ട് വന്ന് ഉറപ്പോടെ പാടില്ല- ഞാന്‍ ഒരിക്കലും തപസ്സ് ഉപേക്ഷിക്കരുത്. പ്രത്യക്ഷമായില്ലെങ്കില്‍ വേണ്ട-അതിന്റെ ദോഷം ബ്രഹ്മാവിനായിത്തീരും. പണ്ട് ഒരു രാക്ഷസന്‍ നിന്നെ സേവിക്കയാല്‍ ആത്മനാശം പ്രാപിച്ചു എന്ന് അപകീര്‍ത്തി നിനക്കുണ്ടാക്കുന്നുണ്ട്. ശേഷിച്ച എന്റെ ശിരസ്സുകൂടി അറുത്ത് ഹോമിക്കുകതന്നെ.
വാളെടുത്ത് നാലാമിരട്ടി ചവുട്ടി കലാശിക്കുന്നതിനോടൊപ്പം ശിരസ്സുപിടിച്ച് വാള്‍ വീശുന്ന സമയം കഴുത്തില്‍ തട്ടുന്നതിനുമുന്‍പ് വാള്‍ പിടിച്ച കരം മറ്റെ കൈകൊണ്ട് തടഞ്ഞ് ഒരുമിച്ചൊന്നലറി കണ്ണടഞ്ഞ് നില്‍ക്കുന്ന നേരത്ത് താന്‍ തന്നെ കുറഞ്ഞൊന്നമര്‍ന്ന് അല്‍പ്പം പിന്നോക്കം മാറി ഇടത്തുവശത്തേയ്ക്കു കെട്ടിച്ചാടി പെട്ടെന്നു വലത്തുവശത്തേയ്ക്കു തിരിഞ്ഞ് ബ്രഹ്മാവെന്ന നിലയില്‍ പ്രത്യക്ഷമുദ്ര പിടിച്ച് രാവണന്റെ കൈ തടഞ്ഞ്-അരുതരുത്- ഞാന്‍ നിന്റെ തപസ്സുകൊണ്ട് സന്തുഷ്ടനായി. നിനക്ക് ഇഷ്ടമുള്ള വരങ്ങള്‍ തന്നേയ്ക്കാം. പറഞ്ഞാലും-
പിന്നെ രാവണന്‍ തന്നെയായി വലത്തുവശത്തേയ്ക്കുമാറിയിട്ട് മുന്നെപ്പോലെ കൈ തടഞ്ഞും കണ്ണടഞ്ഞുനിന്നും,പെട്ടെന്നു കണ്ണുതുറന്ന് ബ്രഹ്മാവിന്റെ തേജസ്സുകണ്ട് അത്ഭുതത്തോടെ വട്ടത്തില്‍ നോക്കി, തേജസ്സ് എന്നു കാണിച്ച് ഇടതുവശത്തെയ്ക്കുമാറി ബ്രഹ്മാവിനെ കണ്ട് ശിരസ്സുതാഴ്ത്തി ഭക്തിയോടെ തല പൊന്തിച്ചു നോക്കി, തന്റെ അറുത്ത ശിരസ്സുകള്‍ രണ്ടാമതും മുന്‍സ്ഥാനങ്ങളിുണ്ടായതുകണ്ട് സന്തോഷിച്ച് ബ്രഹ്മാവിനോട്-അല്ലയോ ബ്രഹ്മാവേ, ലോകങ്ങളൊക്കെ ജയിപ്പാനുള്ള വരം തന്നാലും(വാങ്ങി)ഇനി ഐശ്വര്യം തന്നലും(വാങ്ങി)ഇനി കീര്‍ത്തിയുണ്ടാവാനുള്ള വരം തന്നാലും(വാങ്ങി,വിചാരിച്ച്)എല്ലാമായി എന്നുതോന്നുന്നു(എന്നു ലഘു മുദ്രയില്‍ കാണിച്ച്)ബ്രഹ്മാവിനെ കുമ്പിടുവാന്‍ തുടങ്ങുമ്പോള്‍,മനുഷ്യനല്ലാതെ മറ്റാരാലും എനിക്കു മരണം വരരുത്, ആ വരം കൂടി തന്നാലും. കൊണ്ടുവാ, വെയ്ക്ക് ഇങ്ങിനെ കാണിച്ച് വലംകൈകൊണ്ട് മാത്രം വാങ്ങി(സ്വഗതം)ഈ വരങ്ങള്‍ മതി-പിന്നെ ബ്രഹ്മാവിനോട് തിരിഞ്ഞ് ഇനി തപസ്സുചെയ്യുന്ന എന്റെ അനുജന്മാര്‍ക്കും പ്രത്യക്ഷപ്പെട്ട് വരങ്ങള്‍ കൊടുത്താലും എന്നുകാണിച്ച് കൈകള്‍ കൂപ്പി ബ്രഹ്ഹ്മാവ് മറയുന്നതായി അഭിനയിച്ച് മറഞ്ഞശേഷം രംഗത്തില്‍ പ്രവേശിച്ച് സന്തുഷ്ടി,ഗര്‍വ്വ് ഇവ നടിച്ചുകൊണ്ട് ഇനി എനിക്കു തുല്യബലവീര്യമുള്ളവര്‍ ലോകങ്ങളില്‍ ആരും ഇല്ല. ആകട്ടെ ഇനി സോദരന്മാരെ കണ്ട് അവര്‍ക്ക് ലഭിച്ച വരങ്ങള്‍ അറിയുക തന്നെ. നാലാമിരട്ടിയെടുത്ത് രംഗത്തില്‍ നിന്നുമാറുന്നു.
തിരശ്ശീല
പിന്നെ തിരശ്ശീലയെടുക്കുമ്പോള്‍ കുംഭകര്‍ണ്ണനും വിഭീഷണനും ഇടത്തുവശം നില്‍ക്കുന്നു. രാവണന്‍ എടുത്തുകലാശത്തോടെ പ്രവേശിച്ച് വലത്തുവശം വന്നുനിന്ന ഉടനെ കുംഭകര്‍ണ്ണനും വിഭീഷണനും വന്ദിക്കുന്നു രാവണന്‍ അനുഗ്രഹിച്ച് പദം:
ഇവിടെ രാവണനും അനുജന്മാരുമായ സംഭാഷണമാണ്. കുംഭകര്‍ണ്ണനും വിഭീഷണനും തങ്ങള്‍ക്കുകിട്ടിയ വരങ്ങള്‍ പറയുന്നു.
കുംഭകര്‍ണ്ണന്‍:
നിര്‍ദ്ദേവത്വം വേണമെന്നു നിനച്ചു ഞാ-
നര്‍ത്ഥിക്ക കാരണമായതു
നിദ്രാവത്വമല്ലോ വന്നു സിദ്ധിച്ചതും
വിഭീഷണന്‍:
ഭക്തപ്രിയന്‍തങ്കല്‍ നിശ്ചലമായൊരു
ഭക്തിയുണ്ടാകേണമേ എന്ന-
അര്‍ത്ഥിക്കയാലതു സിദ്ധിച്ചതും
പറയുന്നു.
പദാവസാനം:
തന്നെ വന്ദിച്ചുനില്‍ക്കുന്ന കുംഭകര്‍ണ്ണനെ കൈകൊണ്ട് പിടിച്ച് ആപാദചൂഡം നോക്കി(സ്വഗതം)ഇവന്‍ കണ്ടാലതിയോഗ്യന്‍-ജന്മം നിഷ്ഫലമാക്കിയല്ലോ. കഷ്ടം തന്നെ. കുംഭകര്‍ണ്ണനോട്-നീ എന്റെ മുന്‍പില്‍ വന്ദിച്ചു നില്‍ക്കരുത്. നിനക്കുസുഖമായി ഉറങ്ങുവാന്‍ ഒരു ഗൃഹം തരുന്നുണ്ട്-അവിടെ പോയി വഴിപോലെ ഉറങ്ങിയാലും-പോ,പോ, എന്നുകാട്ടി കുംഭകര്‍ണ്ണനെ അയച്ചശേഷം വിഭീഷണന്റെ കൈക്പിടിച്ച് അകെ നോക്കി(സ്വഗതം)ഇവന്‍ കണ്ടാല്‍ സുന്ദരന്‍-ജന്മം വെറുതെ പോയല്ലോ(പ്രകാശം)കഷ്ടം, ജാതിമഹിമ ലവലേശം വിചാരിക്കാതെയല്ലെ നീ വരം വാങ്ങിയത്-നിന്നെ എന്റെ മുന്‍പില്‍ കാണരുത്-നിനക്കു താമസിക്കാന്‍ ഒരു ഗൃഹം തരാം.അവിടെ ചെന്നിരുന്ന് വിഷ്ണുവിനെ ഭജിച്ചാലും,പോ,പോ-പോവില്ലേ? എന്നാല്‍ കണ്ടോ എന്നു കാട്ടി കഴുത്തില്‍ പിടിച്ചുതള്ളി അയച്ചശേഷം രംഗത്തില്‍ പ്രവേശിച്ച്(വിചാരിച്ച്)കഷ്ടം,സഹോദര്‍ന്മാരെക്കൊണ്ട് എനിക്ക് ഒരു ഫലവും ഇല്ലാതായി-എനിക്കാരും വേണ്ട. ലോകങ്ങള്‍ ജയിപ്പാന്‍ ഞാനൊരുവന്‍ മതി. ഇനി സഹോദരിയുടെ കല്യാണം നടത്തുക തന്നെ-അവള്‍ക്ക് അനുരൂപനായ ഭര്‍ത്താവ് പാതാളരാജനായ വിദ്യുജ്ജിഹ്വന്‍ തന്നെ. അദ്ദേഹത്തെ കൂട്ടിക്കൊണ്ടുവരുവാന്‍ ഒരു ദൂതനെ അയയ്ക്കുക തന്നെ. ക്ഷണപത്രം കൊടുത്തയയ്ക്കുന്നതായി അഭിനയിച്ച്‌രംഗം വിടുന്നു.
വാല്‍ കഷ്ണം:
കഥകളിയ്ക്കു മാത്രമായി ഒരു ബ്ലോഗ് തുടങ്ങിയാല്‍ കോണ്ട്രിബ്യൂട്ട് ചെയ്യാന്‍ റെഡിയായുള്ളവര്‍ ദയവായി അറിയിക്കൂ...
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
ശൂർപ്പണഖയുടെ മൂക്കും ചെവിയും മുലയും മുറിക്കൽ
ആദ്യമേ പറയട്ടെ, ഞാൻ ഉദ്ധരിയ്ക്കുന്നതെല്ലാം ഇന്റെർനെറ്റിൽ ലഭ്യമായ സ്രോതസ്സുകൾ ആണ്. അതിനാൽ ലിങ്ക് ഉണ്ട്. ശൂർപ്പണഖയുടെ അംഗവിഛേദം കഥകളിയിലും കൂട...
-
അമ്മയ്ക്കുനല്‍കുവാന്‍ ചെമ്മുള്ള ചേലകള്‍ നന്ദന്തങ്കൈയിലെ നല്‍കിച്ചെന്നോന്‍: നല്‍ച്ചേലനാലുമെന്നമ്മതങ്കൈയിലേ ഇച്ഛയില്‍ നല്കേണമിന്നുതന്നെ എന്നമ...
-
ഈ കവിത ഉമേഷ് മുന്‍പ് മൊഴിമാറ്റം നടത്തിട്ടുണ്ട്. ദാ ഇപ്പൊ ബെന്നിയും. ഇതിന്റെ ഏറ്റവും ന്അല്ല മൊഴിമാറ്റത്തിന് എന്റെ വക ഒരു സമ്മാനം ഉണ്ട്. മ...
-
തലക്കെട്ടില്‍ പറഞ്ഞവരും ഞാനുമൊക്കെയായുള്ള ബന്ധം എന്താണ്? പ്രവാസി ജീവിതത്തില്‍ എന്റെ സാമൂഹിക വൃത്തം വളരെ ചെറുതാണ്. വ്യക്തിഗതമായ പല ഇഷ്ടാനിഷ...
8 അഭിപ്രായങ്ങൾ:
വാല്‍ കഷ്ണം:
കഥകളിയ്ക്കു മാത്രമായി ഒരു ബ്ലോഗ് തുടങ്ങിയാല്‍ കോണ്ട്രിബ്യൂട്ട് ചെയ്യാന്‍ റെഡിയായുള്ളവര്‍ ദയവായി അറിയിക്കൂ...-su-
സുനിലേട്ടാ എനിക്ക് അതിയായ താല്പര്യമുണ്ട്. പക്ഷേ വിഷയത്തില്‍ ആഴത്തിലുള്ള ഞാനമില്ല. എന്നാലാവുന്നവിധം പങ്ക് ചേരാന്‍ ആഗ്രഹമുണ്ട്.
ദില്‍ബാ, കാണാനും പഠിക്കാനും മനസ്സുണ്ടെങ്കില്‍ കഥകളിയും വലിയകാര്യമൊന്നുമല്ല. ഏതുവിദ്യയും പഠിക്ക്ന്‍ ഒരു താല്‍പ്പര്യം വേണമല്ലോ അടിസ്ഥാനപരമായ ചില സംഗതികളുടെ വിവരവും അത്രതന്നേ ഇതിലും വേണ്ടൂ...സഹായിക്കാന്‍ അനവധി ആളുകളുണ്ട്. എന്തായാലും ഞാനൊരു ബ്ലോഗ് തുടങ്ങാന്‍ തീരുമാനിച്ചു. ക്ഷണപത്രം അയക്കാം ട്ടൊ. ആദ്യം കുറച്ച് പോസ്റ്റുകള്‍ എഴുതിയുണ്ടാക്കട്ടെ.-സു-
സുനിലേട്ടാ,
എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുന്നു. എന്റെ വിലാസം: dilbaasuran@ജിമെയില്‍.കോം. :-)
കഥകളിയെക്കുറിച്ചുള്ള ബ്ലോഗിന് എല്ലാ ആശംസകളും എന്നാലാവുന്ന വിധം സൌഹൃദവും.
സുനില്‍,
സമയക്കുറവുണ്ടെങ്കിലും കാര്യം നല്ലതായതിനാല്‍ ഞാനും കഴിയുമ്പോലെ സഹകരിക്കാം.
ഈയിടെ പ്രത്യക്ഷപ്പെട്ട, ഹരീയുടെ 'ഗ്രഹണം' എന്ന ബ്ലോഗില്‍ 'കലാമണ്ഡലം ഹൈദരാലി'യെക്കുറിച്ച് ഒരു അനുസ്മരണമുണ്ട് കഴിയുമെങ്കില്‍ ലിങ്ക് ചെയ്യൂ.
ഇതു വായിച്ചപ്പൊള്‍ .പണ്ടു വകയിലെ ഒരു പംഡിതന്നമ്മാവന്‍ വീട്ടില്‍ വന്നതും, ടി.വി യില്‍ കഥകളി കണ്ടു അസ്വാദനം പരിധിവിട്ടു "ഗ്.ഘാാാ..ഓ...." എന്നു അവേശത്തൊടെ തുടയില്‍ അടിച്ചിരുന്നതും, അമ്മാവന്‍ ഇത്രത്തോളം കണിക്കുമ്പൊ എന്തെങ്കിലും പറഞ്ഞില്ലെങ്കില്‍ മോശമല്ലെ എന്നു നിനച്ചു കൊച്ചച്ചന്‍ "എന്തൊരു വരവാ ആ ഭീമസേനണ്റ്റെ" അല്ലെ അമ്മാവ എന്നു പറഞ്ഞതും, "കൊരങ്ങാ... ഞാന്‍ താളമ ശ്രധിച്ചതു" എന്നു അമ്മാവന്‍ തിരികെച്ചൊന്നതും ഓറ്‍ത്തു പോയി
brijviharam.blogspot.com
writing in english because i don't know how to type in Malayalam in computer. Does it need any software?
Also it is very difficult to read Malayalam in this form.
I am very much interested in Kathakali blogs. I think I can contribute to some extent.
The Udbhavam you had seen will be the one which was recorded in VHS format (For the shashtibdapoorthi of "suprend", Killimangalam Vasudevan Namboodirippad. It was later converted to CD later.
This is from Jayan Madassery, Lecturer, Govt. Engg.College, Thrissur, Presently on deputation at IISc bangalore
E_mail mvjayjay@yahoo.com or jayan@ee.iisc.ernet.in
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ