ഓര്‍മ്മയിലെ കളികള്‍
കുട്ടിക്കാലത്തെ കുറിച്ച് ഞാന്‍ അധികം ഓര്‍ക്കാറില്ല. അതു കഴിഞ്ഞു പോയി എന്നൊരു വിചാരം മാത്രമേ ഉള്ളൂ. പക്ഷെ ഞാന്‍ എപ്പോഴും ആലോചിക്കാറുള്ള ഒരു കാര്യം ഉണ്ട്, എന്തുകൊണ്ട് ഞാന്‍ കഥകളി ഇഷ്ടപ്പെടുന്നു?
വളരെ നേര്‍ത്ത ഓര്‍മ്മയേ ഉള്ളൂ. മുത്തച്ഛന്റെ അമ്മാത്ത് ആണെന്നു തോന്നുന്നു. ഒരിക്കലേ പോയിട്ടുള്ളൂ. അതു ഒരു വിശേഷത്തിനാണ്. അന്ന് കഥകളിയും ഉണ്ടായിരുന്നു. ഉറക്കം ഒഴിച്ച് ഇരിക്കാന്‍ പഠിക്കാത്ത കാലം. കുറെ ഉറങ്ങിയും കുറെ കളി കണ്ടും കഴിഞ്ഞു. പക്ഷെ അതിലെ കാട്ടാളന്റെ രൂപഭാവങ്ങളും നടത്തവും നേര്‍ത്ത അലര്‍ച്ചയും പാട്ടിലെ രീതിയും എല്ലാം എന്നെ ആകര്‍ഷിച്ചു എന്നു തോന്നുന്നു. അപ്പോള്‍ ഉറങ്ങിയില്ല. ദമയന്തി കാട്ടാളനെ ശപിച്ചു, ഭസ്മമായി. ഈ രംഗം എന്റെ മനസ്സിലെവിടേയോ ഇരുന്നു. ഒന്നും മനസ്സിലായതുകൊണ്ടല്ല, അതൊരുതരം അത്ഭുതവും വിഭ്രന്തിയും ഒക്കെ ആണ് എന്റെ മനസ്സില്‍ പകര്‍ത്തിയത്.് പിന്നീട് അമ്മ അതിലെ കഥവിസ്തരിച്ച് പറഞ്ഞുതന്നു.
അന്നൊക്കെ കൂട്ടുകുടുംബമായിരുന്നു. അമ്മമാരേ ഉള്ളൂ. അവര്‍ അടുക്കളയില്‍ പണിയെടുക്കുന്ന സമയം അവര്‍ പഠിച്ച മലയാളപദ്യങ്ങള്‍ അധികവും വെറുതെ ഈണത്തില്‍ ചൊല്ലുമായിരുന്നു. വിജനേ ബത അമ്മയെ പഠിപ്പിച്ച മാഷെപറ്റി അമ്മ പറയാറുണ്ട്. പഠിപ്പിക്കുന്നതിന്റെ രീതി കാരണം അമ്മ, കരഞ്ഞതായി പറയാറുണ്ട്.
പിന്നീട് ഇതുപോലെ എന്റെ അമ്മാത്ത് പോയി അടുത്ത് നടന്ന ഒരു കളികണ്ടു. ഉറക്കമൊഴിച്ച് ശീലമില്ലത്തതിനാല്‍ അന്നൊക്കെ പായയും തലയിണയും(സ്മെയിലി ഉണ്ടേ)കൊണ്ടേ കളിക്കുപോകുമായിരുന്നുള്ളൂ. പകുതി ഉറക്കത്തില്‍. ഒന്ന് മൂത്രമൊഴിക്കാന്‍ പോയതായിരൂന്നു. ഒരു ഗംഭീര അലര്‍ച്ച കേട്ട് മൂത്രം അറിയാതെ പോയി. ആ വേഷം ഹിരണ്യകശിപുവിനെ കൊല്ലാന്‍ തയ്യാറെടുക്കുന്ന നരസിംഹവേഷക്കാരന്‍ അണിയറയില്‍ കിരീടം തലയില്‍ വെച്ചതിനുശേഷം നടത്തിയ ഒരു അലര്‍ച്ചയായിരുന്നു. അന്ന് ആദ്യം പേടിച്ചു. പിന്നീട് പണ്ടത്തെ അത്ഭുതം വീണ്ടും തോന്നി. ഇദ്ദേഹം നമ്മളെ പോലെ മനുഷ്യനാണെന്നും വേഷം കെട്ടിയതാണെന്നുമൊക്കെ ആരൊക്കെയോ പറഞ്ഞു തന്നു. അങ്ങനെയെങ്കില്‍ എന്തൊരു വേഷവിധാനമാണപ്പാ! എന്നൊരു തോന്നലായിരുന്നു ആദ്യം. പിന്നെ ആണ് അറിഞ്ഞത് വേഷം മാത്രമല്ല അവര്‍ കാണിക്കുന്ന എല്ലാം അതുഭുതം തന്നെ ആണെന്ന്. തമ്മില്‍ തമ്മില്‍ വര്‍ത്തമാനം പറഞ്ഞായതെ, കൈകാലുകള്‍ കൊണ്ട് പലവിധവിക്രസ്സുകളും കാണിക്കുന്നു. എന്നിട്ടിതിനൊക്കെ അര്‍ത്ഥമുണ്ട് എന്നും പറയുന്നു. അവര്‍ പറഞ്ഞു തന്ന പല മുദ്രാര്‍ത്ഥങ്ങളും പിടികിട്ടിയില്ല. എങ്ങനെ പിടികിട്ടും മുദ്ര എന്താണ്, എപ്പോള്‍ എങ്ങനെ ഏത് മുദ്ര പിടിക്കും എന്നൊന്നും ഒരു ധാരണയും ഇല്ല്യല്ലോ.
അത് ശരിക്കും ഒരു സൌകര്യമായിരുന്നു. കുറേശ്ശേ മുദ്രകള്‍ തമ്മിലുള്ള വ്യത്യാസങ്ങള്‍ കണ്ട് പിടിക്കാന്‍ പറ്റിയപ്പോഴേക്കും അര്‍ത്ഥം ഊഹിക്കാന്‍ തുടങ്ങി. പലപ്പോഴും ഞാന്‍ കണ്ടുപിടിച്ച അര്‍ത്ഥങ്ങള്‍ ശരിയാവണമെന്നില്ല. അതിനാരോടെങ്കിലും ചോദിക്കുകയോ അവര്‍ ശരിയായി ഉത്തരം പറയുകയോ ചെയ്യണ്ടേ? അപ്പോഴേക്കും ആ മുദ്ര കഴിഞ്ഞിരിക്കും, അത് റിപ്പീറ്റ് ചെയ്ത് കാണിച്ച് കൊടുക്കാന്‍ എനിക്കറിയുകയുമില്ല. ഈ സൌകര്യം മുതലെടുത്ത് ഞാന്‍ എന്റേതായ ഒരു ലോകം ഉണ്ടാക്കി. കൂട്ടിന് മുത്തശ്ശ്യമ്മ പറഞ്ഞുതരാറുള്ള കഥകളും ഉണ്ട്. പുരാണപരിചയം മുത്തശ്ശ്യമ്മ വളര്‍ത്തിയെടുത്തിരുന്നു.
എന്റെ ലോകത്തില്‍ ഞാന്‍ മാത്രമല്ലേ ഉള്ളൂ. അവിടെ നിനക്കിതിന്റെ അര്‍ത്ഥം അറിയുമോ എന്നാരും ചോദിക്കില്ല. ഭാവനാവിലാസത്തിന്റെ ഒരു കളി തന്നെ! ഏറ്റവും രസം അവിടെ ചോദ്യങ്ങളില്ല, ശിക്ഷണമില്ല, ശിക്ഷയില്ല പക്ഷഭേദങ്ങളില്ല. ഒരു തരം ഐഡിയല്‍ കമ്യൂണ്‍ വ്യവസ്ഥ! കംസനെ കൊന്നാല്‍ കംസന്റെ അമ്മയും അച്ഛനും കരയില്ല, കാരണം അതങ്ങനെയാണ്. ഇന്നിപ്പോള്‍ കംസവധം ഒരു നിയോഗമാണ് എന്നൊക്കെ പറയാം. പക്ഷെ എന്റെ സ്വന്തം ലോകത്ത് എന്റെ ഭാവനയെ ചോദ്യം ചെയ്യുന്നവന്‍ ആര്? തെറ്റും ശരിയുമെല്ലാം എനിക്കറിയാവുന്ന സംഭവങ്ങളുടെ ഗതിയനുസരിച്ചാണ്. ഗതി മുത്തശ്ശ്യമ്മ പറഞ്ഞുതരുന്ന കഥകള്‍ക്കനുസരിച്ചും. അതുകൊണ്ട് തന്നെ കൃഷ്ണന്‍ സ്യമന്തകം കട്ട കഥ എനിക്കിഷ്ടമല്ല. കാരണം അതെത്രചോദിച്ചാലും മുത്തശ്ശ്യമ്മ പറഞ്ഞുതരില്ല! എനി പറഞ്ഞുതന്നാലും ഒഴുക്കന്‍ മട്ടില്‍ പറയും. അത് മറ്റ് കഥകള്‍ പറയുന്ന രീതിയില്‍ അല്ല.
കാലം കഴിഞ്ഞു. അല്‍പ്പസ്വല്‍പ്പം മുദ്രകളും പദാര്‍ത്ഥങ്ങളും ഒക്കെ അറിഞ്ഞുതുടങ്ങി. എന്നാലും എന്റെ സ്വന്തം ലോകം ഞാന്‍ വിട്ടിട്ടില്ല. അതിപ്പോഴും അങ്ങനെതന്നെ ആണ്. അതാണെന്റെ ബ്രഹ്മസങ്കല്‍പ്പം. ആ പാട്ടും മേളവും വേഷവുമെല്ലാം കൂടെ എന്നെ വേറൊരു ലോകത്തേക്ക് കൊണ്ട് പോകുന്നു. അവിടെ എനിക്ക് അവ്യാച്യമായ ഒരു അനുഭൂതി ലഭിക്കുന്നു. കളികഴിഞ്ഞാലും ഈ അനുഭൂതി മനസ്സില്‍ തളം കെട്ടിനില്‍ക്കുന്നു. അത് എന്നെ ഇഹലോകത്തെ കൂടുതല്‍ പക്വമായ ഒരു മനസ്സോടെ നോക്കിക്കാണാന്‍ സഹായിക്കുന്നു. ഈയൊരു അനുഭൂതി അനുഭവം എനിക്ക് കഥകളിയാണ് ആദ്യമായി തന്നത്. അതിനുകാരണം കലയുടെ ധ്വന്യാത്മകതയാണ്. ഈ പ്രയോഗാത്തിന് വികടശിരോമണിയുടെ വികടത്തത്തിനോട് കടപ്പാട്. മാത്രമല്ല കഥകളിയുടെ ലോകം അലൌകീകമാണ്. ഒരു അലൌകികലോകത്തോട് സംവദിക്കാന്‍ യുക്തി ഉപയോഗ്യമല്ല, വികാരം തന്നെ ഉപയോഗ്യം. പിന്നീട് കാലങ്ങള്‍ കഴിഞ്ഞ് ക്ലാസ്സിക്കല്‍ സംഗീതം ശ്രവിക്കാന്‍ തുടങ്ങിയപ്പോള്‍ നാദവീചികളും എന്നെ എന്റെ ലോകത്തേക്ക് കൊണ്ട് പോയിട്ടുണ്ട്.
വളര്‍ന്നതിനുശേഷം പലതവണ ഞാന്‍ സിനിമകാണാന്‍ നോക്കിയിടുണ്ട്. പലപ്പോഴും കൂട്ടുകാരുടെ നിര്‍ബന്ധമായിരിക്കും അതിന് പിന്നില്‍. എനിക്കെന്റെ ലോകം കിട്ടാത്തതിനാല്‍ ഞാന്‍ അവരുടെ കൂടെ സിനിമക്കു പോകും, പക്ഷെ കാണാറില്ല. ഇന്നും അത് കണ്ടിരിക്കാന്‍ എനിക്ക് ക്ഷമയില്ല.
ഇന്നും എന്റെ വിശ്വാസം കഥകളി കണ്ടാസ്വദിക്കാനോ സംഗീതം കേട്ടാസ്വദിക്കാനോ അതില്‍ അഗാധപാണ്ഡിത്യം ഒന്നും വേണ്ട എന്നുതന്നെയാണ്. അറിഞ്ഞാസ്വദിച്ചാലും അറിയാതെ ഒരു ചെറിയ ബോധം വെച്ചാസ്വദിച്ചാലും അനുഭൂതിനേടും. അത് നമ്മെ സംസ്കരിച്ച് ശുദ്ധമാക്കുകയെ ഉള്ളൂ. പക്ഷെ എല്ലാത്തിനും ഒരു സന്നദ്ധത വേണം. ക്രിക്കറ്റ് ആസ്വദിക്കണമെങ്കിലും വേണമല്ലോ ഒരു ചെറിയ സഹനശക്തി.
ഇത്രയും എഴുതാന്‍ എന്നെ പ്രേരിപ്പിച്ചത് വികടശിരോമണിയുടെ സവിശേഷമായ വികടത്തവും എതിരന്‍,ഹരി,ശ്രീകാന്ത്,മണി തുടങ്ങിയ മറ്റ് കഥകളി ബ്ലോഗരുടെ എഴുത്തുകളും ആണ്. ഞാന്‍ എഴുതിയത് കേമമായിട്ടല്ല, അതുമല്ലെങ്കില്‍ ഈ എഴുത്ത് ഇഹലോകത്തെ കലകളിലും അവയുടെ ആസ്വാദനമണ്ഡലത്തിലും ഒരു വിപ്ലവാകപരിവര്‍ത്തനം ഉണ്ടാക്കുമെന്നുവിചാരിച്ചിട്ടുമല്ല. എഴുതാന്‍ തോന്നി, എഴുതി. ഫലം? അറിയില്ല.
വളര്‍ന്നപ്പോള്‍ കളി കാണാനുള്ള സാഹചര്യം ഉണ്ടാക്കിയെടുക്കണമായിരുന്നു. അതിനാല്‍ തന്നെ ചുറ്റുവട്ടത്തുള്ള കഥകളിക്കുമാത്രമേ പോയിരുന്നുള്ളൂ. അതിന്റെ കുറവ് -കളിയരങ്ങിലെ വൈവിധ്യങ്ങള്‍-കാണന്‍ പറ്റിയില്ല എന്നതിന്റെ കുണ്ഠിതം ഇപ്പോഴുമുണ്ട്. എന്നാലും ആ കമ്പം വിട്ടിരുന്നില്ല. എങ്കിലും ചില ദൂഷ്യവശങ്ങള്‍ ഉണ്ട്. അത് പ്രധാനമായും കുട്ടിത്രയങ്ങളോടുള്ള വീരാരാധനയും കലാമണ്ഡലം ചിട്ടയോടുള്ള പ്രതിബദ്ധതയും ആയാണ് വന്നത്. കീഴ്പ്പടത്തെ തന്നെ ആദ്യകാലങ്ങളില്‍ രുചിച്ചിരുന്നില്ല. അധികം കണ്ടിട്ടുമില്ല. അതിന് സാഹചര്യമുണ്ടായിരുന്നില്ല എന്നതാണ് കാരണം. കേട്ടറിവുകള്‍ അല്ലാതെ മറ്ററിവുകള്‍ ഉണ്ടായിരുന്നില്ല. പിന്നീട് സ്വയം ചിന്തിക്കാനും സ്വന്തം കാലില്‍ നില്‍ക്കാനുമുള്ള ത്രാണി ഉണ്ടായതുമുതലാണ് കുറച്ച് ഒന്ന് വേറിട്ടു ചിന്തിക്കാന്‍ ശ്രമിച്ചുതുടങ്ങിയത്. അപ്പോളേക്കും കാലം വൈകിയിരുന്നു. പണ്ടത്തെ കളിക്കാര്‍ ക്ഷീണിതരായിരുന്നു അല്ലെങ്കില്‍ അരങ്ങൊഴിഞ്ഞിരുന്നു. ഇന്നെനിക്ക് പക്വമായ ഒരു മനസ്സോടെ കളി കാണാന്‍ പറ്റുന്നുണ്ട്. അതിനുകാരണം പ്രധാനമായും വായനയായിരിക്കാം. കഥകളി പുസ്തകങ്ങളില്‍ ഞാന്‍ പണ്ട് ആകപ്പാടെ വായിച്ചിരുന്നത് കെ.പി.എസ്സിന്റെ കഥകളി ആട്ടപ്രകാരമായിരുന്നു. അത് കളികണ്ടാസ്വദിക്കാന്‍ കുറച്ചൊന്നുമല്ല സഹായിച്ചിരുന്നത്. അതിന് വള്ളിക്കാപ്പറ്റ അന്ധവിദ്യാലയത്തിലെ മാഷിനോട് പ്രത്യേക നന്ദിയുണ്ട്. (മാഷടെ ശരിക്കുള്ള പേര്‍ ഇപ്പോഴും എനിക്കറിയില്ല. അറിയണ്ട ആവശ്യമില്ല്യായിരുന്നു. മാഷ് എന്നുപറഞ്ഞാല്‍ എന്റെ കളിക്കമ്പക്കാര്‍ക്കിടയില്‍ അദ്ദേഹമേ ഉണ്ടായിരുന്നുള്ളൂ.)
കളിക്കമ്പക്കാര്‍ക്കിടയില്‍ സംവാദം നടന്നൈരുന്നു എങ്കിലും അതെല്ലാം വീരാരാധനകള്‍ വളര്‍ത്തുന്നതരത്തിലുള്ളതായിരുന്നു "ഹായ്, രാമന്‍ കുട്ടി നായരുടെ ഹനൂമാന്‍! എന്താ കേമം" എന്നേ കേട്ടിട്ടുള്ളൂ. അതുമൂലം അദ്ദേഹത്തിന് തെറ്റ് പറ്റിയിരുന്നില്ല എന്നതോന്നല്‍ ആയിരുന്നു വളര്‍ത്തിയത്. മനുഷ്യനാണ് എന്ന വിചാരം എനിക്കില്ലായിരുന്നു. അദ്ദേഹം ഹനൂമാനോ രാവണനോ മാത്രം. അദ്ദേഹം തെറ്റി ആടിയിരുന്നു എന്നല്ല പറയുന്നത്. കളിയില്‍ ദേഹാസ്വാസ്ഥ്യം കാരണം അല്‍പ്പം അലംഭാവം കാണിച്ചാല്‍ പോലും അത് രാവണന്‍ കാണിക്കുന്നത് അങ്ങനെയാണ് എന്നൊരു തോന്നലായിരുന്നു!
കഥകളി എന്നോട് സംവദിച്ചിരുന്നത് എപ്പോഴും വൈകാരികമായിട്ടായിരുന്നു. ആ വേഷവും വാചികാംഗികാഭിനയങ്ങളും എല്ലാം തന്നെ അത്തരമൊരു തോന്നല്‍ ഉണ്ടാക്കാന്‍ സഹായിച്ചിട്ടുണ്ട്. ഈ വികാരാംശം ആദ്യകാലത്തെങ്കിലും കഥകളിയുമായി ബന്ധപ്പെട്ട മറ്റ് തലങ്ങളിലേക്കും വ്യാപിക്കുകയുണ്ടായിട്ടുണ്ട്. അതായിരിക്കാം കളിക്കാരോടുള്ള ആ ആരാധനക്കും കാരണം. ഈ പറഞ്ഞ വൈകാരികാംശം പുതിയ കഥകളെ സ്വീകരിക്കുന്നതില്‍ നിന്നും എന്നെ വിമുഖനമാക്കിയിട്ടുമുണ്ട്. കിംഗ് ലീയര്‍, എന്തിന് കൃഷ്ണന്‍ കുട്ടി പൊതുവാള്‍ എഴുതിയ ഭീഷ്മശപഥം, പുതിയ കഥകളിയോ? എന്ന പുഛഭാവത്തില്‍ നോക്കികാണാന്‍ ശ്രമിച്ചിട്ടുണ്ട്. മുക്കുവന്‍ തോണി തുഴയുന്ന തുഴയുമായി വലലനെ പോലെ കെട്ടിച്ചാടി വരുക എന്നൊക്കെ വൃഥാ ഭാവനയില്‍ കളിയാക്കിയിട്ടുണ്ട്. ഇന്ന് ഞാന്‍ അതിന്റെ തെറ്റ് മനസ്സിലാക്കുന്നു. ബാലചാപല്യം എന്നതില്‍ കൂടുതല്‍ അതിനൊരര്‍ഥവുമില്ല എങ്കിലും. ഖേദപൂര്‍വം പറയട്ടെ ഇത്തരം പുതിയ കഥകളൊന്നും ഞാന്‍ കണ്ടിട്ടുമില്ല!
കുറുപ്പാശാനും കുട്ടിത്രയങ്ങളും അബദ്ധങ്ങള്‍ അല്ലെങ്കില്‍ അന്നത്തെ അരങ്ങിന്റെ പ്രത്യേകന്യൂനതകള്‍ മറച്ചുവെക്കാന്‍ ശ്രമിക്കുന്നത് കാണികള്‍ക്ക് മനസ്സിലായിരുന്നിരുന്നു എങ്കിലും അതില്‍ ഒരു കുറവ് തോന്നിയിരുന്നില്ല. ഇന്ന് ഹരിയും മറ്റും ഷണ്‍മുഖനെയും മറ്റും വിമര്‍ശിക്കുമ്പോള്‍ അതാണ് എനിക്കാദ്യം ഓര്‍മ്മ വരുന്നത്. അവര്‍ക്ക് കുട്ടിത്രയങ്ങളുടെ താരപരിവേഷം ഇല്ല്യല്ലോ.
മധ്യവയസ്കോളമെത്തിയ ഇന്ന് ഞാന്‍ ആലോചിക്കാറുണ്ട്. കഥകളി ലോകത്തില്‍ പുതിയ കഥകളും പരീക്ഷണങ്ങളും എന്തുകൊണ്ടാണ് സ്വീകരിക്കപ്പെടാതെ പോകുന്നത് എന്ന്. പുതിയ കഥകളില്‍ കര്‍ണ്ണശപഥം ഒരുവട്ടവും അര്‍ജ്ജുനവിഷാദവൃത്തം ഒരു വട്ടവും നേരിട്ട് കണ്ടിട്ടുണ്ട്. കൃഷ്ണലീല ദൂരദര്‍ശനിലും അല്‍പ്പം കാണാന്‍ ഇടവന്നിട്ടുണ്ട്. അത്രമാത്രം. സ്വതേ തന്നെ കളി അധികം തരപ്പെടാത്ത എനിക്കുകൂടെ പുതിയകഥകളോടും പരീക്ഷണങ്ങളോടും എന്തേ വിമുഖത? സാഹചര്യങ്ങളുടെ നിമിത്തം മാത്രമാണോ?
ചെറുപ്പകാലത്ത് മനസ്സില്‍ രൂപപ്പെട്ട, മുകളില്‍ പറഞ്ഞ വീരാരാധന ഒരു കാരണമായിരിക്കാം. പിന്നെ എന്തോ ഇതൊക്കെയാണ്, ഇതുമാത്രമാണ് കഥകളി എന്നൊരു ധാരണ അതുമൂലം രൂപപ്പെട്ടിരിക്കാം. ഏതാണ് കഥകളി എന്താണ് കഥകളി എന്ന് മോഹന്‍ദാസ് വികടശിരോമണിയുടെ പോസ്റ്റില്‍ മറുമൊഴിയായി ചോദിച്ചിരിക്കുന്നത് കണ്ടു. ഇന്ന് പക്ഷെ അതിനുത്തരം പെട്ടെന്ന് പറയാന്‍ പറ്റില്ല. എതിരന്റെ ഉത്തരം തന്നെയായിരിക്കും മെച്ചം.
പിന്നെ തോന്നുന്നത് ഞാന്‍ സാധാരണ ഇടപെടാറുള്ള ആളുകളുടെ ഒരു തരം വിചാരമാണ്. പണ്ട് ഉള്ള കഥകളും നടന്മാരും മാത്രമേ നല്ലതുള്ളൂ. എന്നതാണ് അവരുടെ വിചാരം. അത് ഒരു തരത്തില്‍ ശരിയായിരിക്കാം. നല്ലരീതിയിലുള്ള പരീക്ഷണങ്ങള്‍ ഇന്ന് കഥകളിയില്‍ ചുരുക്കമാണ്. പരീെക്ഷണം നടത്താന്‍ ഉദ്ദേശിക്കുന്ന കലാകാരന്മാരെ കൂടെ പുച്ഛിക്കാനും പിന്‍തിരിപ്പൈക്കാനും ധാരാളം ആളുകള്‍ ഉണ്ട് താനും. വികടന്‍ പറഞ്ഞപോലെ കോട്ടയം കഥകളുടെ അടിസ്ഥാനം നല്ലതാണ്. അതിനെ അടിസ്ഥാനമാക്കി രൂപപ്പെടുത്തിയ കഥകള്‍ നല്ലതായിരിക്കാം. പക്ഷെ അതല്ലാതെയും കളി ഉണ്ടല്ലോ. അതിനെ അംഗീകരിക്കുന്നുമുണ്ട്. എന്നിരുന്നാലും പുതുത് എന്നു പറയുമ്പോള്‍ ആശങ്കയാണ് മുന്നില്‍ നില്‍ക്കുന്നത്. നൊസ്റ്റാള്‍ജിയയില്‍ ജീവിക്കുന്നവരാണ് അധികവും. ഇത് ആയിരിക്കണം വലിയൊരു പ്രശ്നം.
ഇന്നുള്ള ആസ്വാദകരുടെ നിലവാരവും പക്ഷം പിടിക്കലും മറ്റൊരു പരിമിതിയാണ്. കൂടാതെ സിനിമാനടന്മാരെയൊക്കെ അപേക്ഷിച്ച് കളിക്കാരുടെ അവസ്ഥയും കഷ്ടമാണ്. ഭേദപ്പെട്ടിട്ടുണ്ട് എങ്കിലും. മറ്റൊരു പരിമിതി ഇന്നത്തെ സാമൂഹിക അവസ്ഥയാണ്.
ഇന്നത്തെ അവസ്ഥയില്‍ കളിക്ക് ഒരു കളിയച്ഛന്‍ (അമ്മയുമാകാം!) അവശ്യമാണ്. കളിയരങ്ങിലെ ശബ്ദം, അരങ്ങ് മുതലായവയെല്ലാം കളിക്ക് ഗുണകരമായ രീതിയില്‍ പരിശോധിക്കുകയും ഒരുക്കുകയും കളിയച്ഛന്റെ കടമയായിരിക്കണം. അതുമൂലം കളി മെച്ചപ്പെടുകയും ആരാധകവൃന്ദം കൂടുകയും ചെയ്യാന്‍ സാധ്യതയുണ്ട്.
ശൂർപ്പണഖയുടെ മൂക്കും ചെവിയും മുലയും മുറിക്കൽ
ആദ്യമേ പറയട്ടെ, ഞാൻ ഉദ്ധരിയ്ക്കുന്നതെല്ലാം ഇന്റെർനെറ്റിൽ ലഭ്യമായ സ്രോതസ്സുകൾ ആണ്. അതിനാൽ ലിങ്ക് ഉണ്ട്. ശൂർപ്പണഖയുടെ അംഗവിഛേദം കഥകളിയിലും കൂട...
-
അമ്മയ്ക്കുനല്‍കുവാന്‍ ചെമ്മുള്ള ചേലകള്‍ നന്ദന്തങ്കൈയിലെ നല്‍കിച്ചെന്നോന്‍: നല്‍ച്ചേലനാലുമെന്നമ്മതങ്കൈയിലേ ഇച്ഛയില്‍ നല്കേണമിന്നുതന്നെ എന്നമ...
-
ഈ കവിത ഉമേഷ് മുന്‍പ് മൊഴിമാറ്റം നടത്തിട്ടുണ്ട്. ദാ ഇപ്പൊ ബെന്നിയും. ഇതിന്റെ ഏറ്റവും ന്അല്ല മൊഴിമാറ്റത്തിന് എന്റെ വക ഒരു സമ്മാനം ഉണ്ട്. മ...
-
തലക്കെട്ടില്‍ പറഞ്ഞവരും ഞാനുമൊക്കെയായുള്ള ബന്ധം എന്താണ്? പ്രവാസി ജീവിതത്തില്‍ എന്റെ സാമൂഹിക വൃത്തം വളരെ ചെറുതാണ്. വ്യക്തിഗതമായ പല ഇഷ്ടാനിഷ...