കഥകളി ഒരു തവണ കൂടെ കാണാത്ത ആളുകൾക്കു വേണ്ടിയാണിത്. ഉത്തരം എന്റേതുമാത്രം. വി.ശിയുടെ ബ്ലോഗിൽ അരവിന്ദന്റെ കമന്റ് കണ്ടപ്പോൾ ആണ് ഇങ്ങനെ ഒന്ന് എഴുതിയാലെന്താ എന്ന് തോന്നിയത്.
നിങ്ങൾക്കും നിങ്ങളുടേതായ ചോദ്യങ്ങളോ ഉത്തരങ്ങളോ കൂട്ടി ചേർക്കാം.
എന്താണ് കഥകളി?
തികച്ചും വ്യക്തിപരമായ ചോദ്യം. കുറഞ്ഞത് പത്ത് കളിയെങ്കിലും കണ്ടതിനുശേഷം സ്വയം ഉത്തരം കണ്ടെത്താൻ ശ്രമിക്കൂ.
കഥകളിയിലെ കഥകൾ പുരാണങ്ങളിൽ നിന്നുമാത്രമേ സ്വീകരിച്ചിട്ടുള്ളൂ?
അങ്ങനെയൊന്നുമില്ല. പല പുതിയ കഥകളും ഗ്രീക്ക് പുരാണങ്ങൾ, ഷേക്സ്പീറിയൻ നാടകങ്ങൾ എന്നിവയെ ഒക്കെ അവലംബമാക്കി ഉണ്ടാക്കിയിട്ടുണ്ട്. പക്ഷെ അവയൊന്നും നമ്മുടെ സംസ്കാരമായി വലിയ അടുപ്പമില്ലാത്തതിനാലാവാം എന്നു തോന്നുന്നു, സ്വദേശത്ത് അത്രകണ്ട് പ്രസിദ്ധിയാർജ്ജിച്ചിട്ടില്ല.
ഒരേ കഥ തന്നെ എത്ര തവണയാ കാണുക? ബോറടിക്കില്ലേ? എല്ലാം കാണാപ്പാഠമല്ലേ? പിന്നെന്തിനാ പലതവണ കാണുന്നത്?
ഇത്യാദി ചോദ്യങ്ങൾ ഒന്നിച്ച് ഉത്തരം പറയാനേപറ്റൂ. കഥകളിയിൽ ഇന്ന് പ്രസിദ്ധിയാർജ്ജിച്ച പല കഥകളും മിക്കവാറും ജനങ്ങൾക്ക് കാണാപ്പാഠമായിരിക്കും. എല്ലാം തന്നെ പുരാണകഥകളാണല്ലോ. അതിലെ പദങ്ങളടക്കം ചൊല്ലിക്കൊണ്ട് നടക്കുന്നവരായിരിക്കും പലരും. എന്നാലും, കഥകളി സിനിമയല്ല. നമ്മുടെ ആസ്വാദനം സിനിമാലോകത്തോട് ചേർത്തുവെക്കുമ്പോഴുണ്ടാകുന്ന കുഴപ്പമാണിത്. കഥകളി വീഡിയോയിലല്ല കാണുന്നത്, അത് റിയൽ ടൈം പെർഫോർമൻസ് ആണ്. ഒരേനടനുതന്നെ അന്നന്നത്തെ ശാരീരിക, മാനസിക, രാത്രീയ കാലാവസ്ഥക്കനുസരിച്ച് കാണിക്കുന്ന ഭാവങ്ങളിൽ വ്യത്യസ്തത ഉണ്ടായിരിക്കും. നടന്റേയോ പാട്ടുകാരന്റേയോ ഒരു ചെറിയ ജലദോഷം വരെ അവരുടെ പെർഫോർമൻസിനെ ബാധിക്കാം. അല്ലെങ്കിൽ രംഗസജ്ജീകരണത്തിലെ ഗുണദോഷങ്ങൾ ബാധിക്കാം. അതുകൊണ്ട് തന്നെ പലതവണ കണ്ടാലും എന്നും നവനവോന്മേഷശാലിയായേ കഥകളി തോന്നൂ.
അറിയാത്ത, പുതിയ കഥകൾ കണ്ടാൽ ആസ്വദിക്കാൻ പറ്റുമോ?
തീർച്ചയായും. പുതിയ കഥകളുടെ ഒരു ചെറിയ വിവരണം, പ്രത്യേകിച്ചും മനോധർമ്മമായി ആടുന്നവയുടെ, മുൻകൂട്ടി അറിഞ്ഞിരുന്നാൽ അതു നല്ലതു തന്നെ. മിക്ക പുതിയ കഥകളും അവതരിപ്പിക്കുന്നതിനു മുൻപായി സദസ്സിന് ഒരു ചെറിയ വിവരണം കൊടുത്ത് പരിചയപ്പെടുത്തും. ഇനി ഇതില്ലെങ്കിലും പരിചയമുള്ള കഥകളി സങ്കേതത്തിൽ നിബദ്ധമായാണത് ചെയ്യുന്നത് എങ്കിലും ആസ്വാദനത്തിൻ പ്രശ്നമുണ്ടാകില്ല. കഥകളി സങ്കേതമാണ് നാം പഠിക്കുന്നത്, കഥയല്ല. നാം ആസ്വദിക്കുന്നതും കഥയുടെ പരിണാമഗുപ്തികളല്ല, ആ സങ്കേതം തന്നെയാണ്.
ആർക്കും കഥകളി കണ്ടാസ്വദിക്കാൻ പറ്റുമോ ?
തീർച്ചയായും. അതിനുള്ള സന്മനസ്സ് ഉണ്ടായാൽ മതി. പുതിയ ഒരു മൊബൈൽ കിട്ടിയാൽ, അതിന്റെ ഉപയോഗസങ്കേതങ്ങളെ കുറിച്ച് നാം ആദ്യം തന്നെ മാന്വൽ വായിച്ചോ, ബട്ടണുകൾ അമർത്തി നോക്കിയോ വിവരമുണ്ടാക്കുന്നില്ലേ? അതു പോലെ ക്രിക്കറ്റ് കളി രസിക്കാനും അതിന്റെ നിയമങ്ങളും ടെക്നിക്കുകളും അറിഞ്ഞിരിക്കേണ്ടേ? അത്രമാത്രമേയുള്ളൂ. പുതുതായതാണ് എനിക്കാസ്വദിക്കണം എന്ന ഒരു മനോഭാവം മതി കഥകളി പരിചയപ്പെടാൻ.
പാടുന്ന പാട്ടിന്റെ പദങ്ങൾ ആണ് മുദ്രകളായി കാണിക്കുന്നത് എന്നു പറഞ്ഞു. പക്ഷെ ആ പദവും കാണിക്കുന്ന മുദ്രയുമായി ആയി എങ്ങനെ ബന്ധപ്പെടുത്തും?
പദങ്ങളറിഞ്ഞിരിക്കുക എന്നതുകൊണ്ട് കഥകളി ആസ്വാദനത്തിൽ പ്രത്യേകം നേട്ടമുണ്ട്. പലരും കഥകളി പദങ്ങൾ മാത്രമായി കേൾക്കുന്നവരാണ്. അപ്പോൾ പാടുന്ന വരികളും അത്യാവശ്യം അർത്ഥങ്ങളും സ്വയമേവ മനസ്സിലായിക്കൊള്ളും. പിന്നീട് വാക്കുകളുടെ അർത്ഥങ്ങളെ മുദ്രകളുമായി ബന്ധിപ്പിച്ച് മനസ്സിലാക്കിയാൽ മതി. ആട്ടകഥകൾ പലവുരുവായിച്ച് പരിചയമായാൽ നല്ലത്. വാസ്തവത്തിൽ പലരും കഥകളി പദങ്ങൾ കേട്ടുകൊണ്ടാണ് കഥകളിയിലേക്ക് ആകൃഷ്ടരാവുന്നതു തന്നെ. മറ്റ് പലർ അതിലെ അഭിനയരീതികൊണ്ടും മേളക്കമ്പക്കാർ അങ്ങനേയും കഥകളിയിലേക്ക് ആകൃഷ്ടരാകാറുണ്ട് എങ്കിലും എന്റെ പരിചയത്തിൽ മിക്കവാറും പേർ കഥകളിപദങ്ങൾ കേട്ട് കമ്പം കേറി കഥകളി ആസ്വദിക്കാൻ വന്നവരാണ്.
കഥകളി പദം മനസ്സിലാകണമെങ്കിൽ സംസ്കൃസ്തം അറിഞ്ഞിരിക്കേണ്ടേ?
അത്യാവശ്യമല്ല. മലയാളത്തിൽ തന്നെ ധാരാളം സംസ്കൃതപദങ്ങൾ നാം ഉപയോഗിക്കുന്നുണ്ടല്ലോ. അറിഞ്ഞിരുന്നാൽ ഉത്തമം എന്ന് പറയാം.
ചുരുക്കത്തിൽ കാണണം ആസ്വദിക്കണം എന്ന മനോഭാവമാണ് അത്യാവശ്യം. സൈക്കിൾ ചവിട്ടാൻ പഠിക്കുമ്പോൾ നാം എത്ര തവണ വീണു, കാലു പൊട്ടി? എന്നിട്ടും പഠനം നിർത്തിയില്ലല്ലോ. എന്നു മാത്രമല്ല സൈക്കിളിൽ സർക്കസ് കാണിക്കാൻ വരെ പഠിച്ചു. കഥകളിയോട് അതേ മനോഭാവം ഉണ്ടായാൽ കഥകളിയും ആർക്കും ആസ്വദിക്കാം.
രംഗനാഥനായ നടന്റെ ചലനങ്ങളില് ശ്രദ്ധിക്കേണ്ട കാര്യങ്ങള് എന്തോക്കെയാണ് (മുദ്രകള് ഒഴികെ)?
രംഗനാഥൻ എന്ന പ്രയോഗം എത്രകണ്ട് ശരി എന്നറിയില്ല. കഥകളി പൊതുവെ ഒരു കൂട്ടം ആളുകളുടെ സംയോജിതമായ പ്രയത്നം കൊണ്ട് വിജയിക്കേണ്ട കലയാണ്. എന്നാലും നടന് പ്രഥമ പ്രാധാന്യം ഉണ്ട് എന്ന് പറയാം. അതുപൊലെ പാട്ടുകാർക്കും മേളക്കാർക്കും, ചുട്ടിക്കാർക്കും (അണിയറക്കാർക്കും) പ്രാധാന്യമുണ്ട്. സമയത്തിന് തിരശ്ശീല പിടിക്കാൻ അണിയറക്കാർ തന്നെ വേണം. നടനെ അണിയിച്ചൊരുക്കാനും ഇവർ തന്നെ വേണം. പണ്ട് കാലത്ത് അരങ്ങ് നിയന്ത്രിച്ചിരുന്നത് പൊന്നാനി പാട്ടുകാരനായിരുന്നു. (പ്രധാന ഗായകനെ പൊന്നാനിയെന്നും, രണ്ടാമത്തെ ഗായകനെ ശിങ്കിടി എന്നും വിളിക്കുന്നു)
ചോദ്യത്തിലേക്ക്,
കഥകളിയിൽ അരങ്ങത്ത് ശ്രദ്ധിക്കുക എന്നതുപോലെ പ്രധാന്യമുള്ളതാണ് ഏത് ശ്രദ്ധിക്കുക ഏത് ശ്രദ്ധിക്കാതിരിക്കുക എന്നത്. അപ്പപ്പോൾ നടനം നിർവഹിക്കുന്ന അഭിനേതാവിനെ മാത്രം ശ്രദ്ധിച്ചാൽ മതിയാകും. പ്രസ്തുത നടന്റെ തന്നെ മുഖവും മറ്റ് അംഗോപാഗങ്ങളും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഉദാഹരണം: മുഖത്ത്, ചുണ്ട്, കവിൾ തടങ്ങൾ, കണ്ണ് (കണ്ണിലെ കൃഷ്ണമണി അടക്കം), കാലുകളുടെ ചലനങ്ങൾ, മുദ്രകൾ കാനിക്കൊമ്പോളത്തെ കൈകളുടെ ചലനങ്ങൾ, ശരീരഭാഷ എന്നിവ ശ്രദ്ധിക്കണം. എന്നാൽ കഥയുടെ ഗതിയറിയാൻ മുദ്രകളും, ഭാവമറിയാൻ മുദ്രയോടൊപ്പം മുഖവും ശ്രദ്ധിച്ചാൽ മതിയാകും. അരങ്ങത്ത് നിൽക്കുന്നതും എന്നാൽ ആടാത്തതുമായ നടന്മാരെ ശ്രദ്ധിക്കേണ്ട ആവശ്യമില്ല. മിക്കവാറും അവർ നിർവികാരരായി കുന്തം വിഴുങ്ങി നിൽക്കുകയേ ചെയ്യൂ. എന്നാൽ ചില സന്ദർഭങ്ങളിൽ കൂട്ടുകഥാപാത്രവുമായി സംവദിക്കാറുമുണ്ട്. എന്നിരുന്നാലും ഒരു നാടകമോ സിനിമയോ അല്ല കഥകളി എന്ന് ഓർക്കുക.
മുദ്രകളുടെ തുടര്ച്ചയെ പിന്തുടരുന്നത് എങ്ങനെ?
ഇത് കളി കണ്ട് പരിചയം അഥവാ അരങ്ങ് പരിചയത്തിൽ നിന്നും സിദ്ധിക്കുന്നതാണ്. പദാർത്ഥങ്ങളാണ് മുദ്രകൾ. പദാർത്ഥാഭിനയത്തോടെയുള്ള വാക്യാർത്ഥാഭിനയമാണ് കഥകളിയിൽ. അപ്പോൾ പദം ശ്രദ്ധിച്ച് മുദ്രയും ശ്രദ്ധിക്കുക. പലതവണ തെറ്റിയാലും പതുക്കെ മനസ്സിലായി തുടങ്ങും.
പാട്ട് ആവര്ത്തിക്കുമ്പോള് മുദ്രകളും ആവര്ത്തിക്കപ്പെടുമോ?
പട്ട് ആവർത്തിക്കുമ്പോൾ മുദ്രകൾ ആവർത്തിക്കണമെന്നില്ല. വാസ്തവത്തിൽഈ ചോദ്യം ശരിയല്ല. മുദ്രകൾ കാണിച്ച് തീരത്തതുകൊണ്ടാണ് (മിക്കവാറും) പാട്ട് ആവർത്തിക്കപ്പെടുന്നത്. ചിലപ്പോൾ അത് ഒരു മുദ്രയാവില്ല, ഒരു രേഖാചിത്രം ആയിരിക്കും. ഉദാഹരണത്തിന് “ആളകമ്പടികളോടും മേളവാദ്യഘോഷത്തോടും” എന്ന് പാടുമ്പോൾ നടൻ മേളവാദ്യഘോഷങ്ങളായി പഞ്ചവാദ്യം കൊട്ടുന്നത് കാണിക്കുകയാണെങ്കിൽ, ആദ്യം തിമില, പിന്നെ കുഴൽ, ഇലത്താളം എന്നിങ്ങനെ 5 വാദ്യങ്ങളും വായിക്കുന്നത് കാണിക്കാനായി സമയം എടുക്കുമല്ലോ. അപ്പോൾ ഈ വരികൾ ആവർത്തിക്കപ്പെടും. പതിഞ്ഞ കാലത്തിലുള്ള പദങ്ങളാണെങ്കിൽ ഒരു മുദ്ര കാണിക്കുവാൻ തന്നെ സമയം എടുക്കും. ആസമയത്തും പാട്ട് ആവർത്തിക്കപ്പെടും. ഉദഹരണമായി “കുവലയ വിലോചനേ..(നളചരിതം 2 ദിവസം)
ഒരേ പോലെയുള്ള വേഷവിധാനങ്ങളായതിനാൽ അതിലുള്ള കഥകളിയിലെ കഥാപാത്രങ്ങളെ എങ്ങനെ തിരിച്ചറിയാം?
കഥകളിയിലെ രൂപങ്ങൾ അല്ലെങ്കിൽ കഥാപാത്രങ്ങൾ ക്ഷേത്രകലകളിൽ നിന്ന് ഉൾക്കൊണ്ടതാണ്. പ്രത്യേകിച്ചും കളം പാട്ട്, ക്ഷേത്ര ചുമർ ചിത്രങ്ങൾ എന്നിവയിൽ നിന്നൊക്കെ. അത് കണ്ട് ശീലമുള്ള ഒരു ജനതക്ക് അത്യാവശ്യം കഥാപാത്രസ്വഭാവ ബോധവും കൂടെ ഉണ്ടെങ്കിൽ തിരിച്ചറിയാൻ എളുപ്പമാണ്.
ശൂർപ്പണഖയുടെ മൂക്കും ചെവിയും മുലയും മുറിക്കൽ
ആദ്യമേ പറയട്ടെ, ഞാൻ ഉദ്ധരിയ്ക്കുന്നതെല്ലാം ഇന്റെർനെറ്റിൽ ലഭ്യമായ സ്രോതസ്സുകൾ ആണ്. അതിനാൽ ലിങ്ക് ഉണ്ട്. ശൂർപ്പണഖയുടെ അംഗവിഛേദം കഥകളിയിലും കൂട...
-
ഈ കവിത ഉമേഷ് മുന്പ് മൊഴിമാറ്റം നടത്തിട്ടുണ്ട്. ദാ ഇപ്പൊ ബെന്നിയും. ഇതിന്റെ ഏറ്റവും ന്അല്ല മൊഴിമാറ്റത്തിന് എന്റെ വക ഒരു സമ്മാനം ഉണ്ട്. മ...
-
അമ്മയ്ക്കുനല്കുവാന് ചെമ്മുള്ള ചേലകള് നന്ദന്തങ്കൈയിലെ നല്കിച്ചെന്നോന്: നല്ച്ചേലനാലുമെന്നമ്മതങ്കൈയിലേ ഇച്ഛയില് നല്കേണമിന്നുതന്നെ എന്നമ...
-
തലക്കെട്ടില് പറഞ്ഞവരും ഞാനുമൊക്കെയായുള്ള ബന്ധം എന്താണ്? പ്രവാസി ജീവിതത്തില് എന്റെ സാമൂഹിക വൃത്തം വളരെ ചെറുതാണ്. വ്യക്തിഗതമായ പല ഇഷ്ടാനിഷ...