ഞാന്‍ ഗള്‍ഫ് ജീവിതം തുടങ്ങിയിട്ട് പത്ത് പതിനെട്ട് വര്‍ഷങ്ങളായി. അതിനിടയില്‍ പലതും കണ്ടും കേട്ടും അനുഭവിച്ചു. നജീമിനെപ്പോലെയുള്ള ഒരാളെ എങ്കിലും എനിക്ക് നേരില്‍ കാണാനും സംസാരിക്കാനും ഇടവന്നിട്ടുണ്ട്. അതിനെ പറ്റി ഞാന്‍ എഴുതുകയും ചെയ്തിട്ടുണ്ട്. അതിന് മുന്‍പ് അപ്പുഏട്ടനുണ്ടായ അനുഭവം എന്നോട് പറഞ്ഞത് ഞാന്‍ ഒരു കഥാരൂപേണ (അങ്ങനെ ഒക്കെ പറയാമെങ്കില്‍) എഴുതിയിട്ടുണ്ട്. അതുകൊണ്ടൊക്കെ തന്നെ ഇത്തരം ഒരു കഥ, വെറും കെട്ടുകഥയല്ല എന്ന് എനിക്ക് മനസ്സിലാവുന്നുണ്ട്.
കഥയുടെ പരിസരം റിയാദിലെ ബത്തയും പരിസരവും ആണെന്നും ഞാന്‍ അവിടെ അനവധികാലം താമസിച്ചിട്ടുണ്ടെന്നതും കൂടെ എനിക്ക് ഈ നോവലിനിനോടുള്ള പരിചയം, അത് വായിക്കാതെ തന്നെ കൂട്ടുന്നതായി തോന്നിയിട്ടുണ്ട്.
മനുഷ്യന്‍ അനുഭവിക്കുന്ന വ്യഥകള്‍ എല്ലായ്പ്പോഴും ഒരേപോലെ ആയിരുന്നൊ? അത് സ്ഥലകാലാതീതം ആയിരുന്നൊ? ഒരു പക്ഷെ ആയിരിക്കാം. അതുകൊണ്ടാണ് ഡോസ്റ്റോയൊവ്സ്കിയേയും വിക്റ്റര്‍ ഹ്യൂഗോയും ഒക്കെ വായിക്കുമ്പോള്‍ നമുക്ക് അവ അനുഭവവേദ്യവും ഹൃദ്യവും ആകുന്നത്. അല്ലെങ്കില്‍ അത്തരം നോവലുകളിലൊക്കെ നമ്മുടെ ജീവിതവുമായി ബന്ധപ്പെടുത്താനുതകുന്ന എന്തോ ഒന്ന് കണ്ടെത്താന്‍ ആകുന്നത്. ദൃശ്യാവിഷ്കാരത്തിനായി എഴുതിയതാണെങ്കിലും എഴുത്തിന്റെ ഭംഗികൊണ്ടും നാടകീയതകൊണ്ടും ഇത്തരം കൃതികളോടൊപ്പം നില്ക്കുന്ന ഒന്നാണ് ഉണ്ണായി വാരിയരുടെ നളചരിതവും.
മനുഷ്യന്റെ പ്രതീക്ഷ, ജീവിക്കാനുള്ള ആഗ്രഹം, അതീവസങ്കടങ്ങളില്‍ നിന്നും കരകയറി മുന്നോട്ട് പോകാനുള്ള അദമ്യമായ, തീവ്രമായ അഭിവാഞ്ച്ഛ ഇതിനെയൊക്കെ തന്നെയാണ് നാം ദൈവം എന്ന് പേരിട്ടു വിളിക്കുന്നതെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. വിശ്വാസം തന്നെ ആണ് അവന്റെ ശക്തിയും. മരുഭൂമിയിലെ ജീവിതത്തില്‍ വിശ്വാസത്തിന്റെ ശക്തി പറഞ്ഞറിയിക്കാന്‍ എളുതല്ല.
ഇതിന് ഉപോല്ബലകമായി എന്റെ കഴിഞ്ഞ 10-18 കൊല്ലെത്ത ജീവിതത്തില്‍ ഉണ്ടായ ചില അനുഭവങ്ങള്‍ പറയാന്‍ പറ്റും.
അതില്‍ ഒന്നാമതായി, എന്റെ അനിയന്‍ മരിക്കുകയാണ് എന്ന് എന്നെ ടെലഫോണിലൂടെ അറിയിച്ചപ്പോള്‍ ഞാന്‍ ഓഫീസിലായിരുന്നു. പെട്ടെന്ന് എനിക്ക് നിയന്ത്രണം വിട്ടുപോയി. ചുറ്റുമുള്ള സൗദികള്‍ (അവരെ അറബാബ് എന്ന് വിളിക്കുന്നത് ഞാന്‍ ഇതുവരെ കേട്ടിട്ടില്ല. ആ പ്രയോഗം സൗദിക്ക് പുറത്തുമാത്രം നിലവിലുള്ളതാണ് എന്നാണെന്റെ വിശ്വാസം) വന്ന് കരയരുത്, കരഞ്ഞാല്‍ അള്ളക്ക് ഇഷ്ടമല്ല, കണ്ണീര്‍ തുടയ്ക്ക് എന്നൊക്കെ പറഞ്ഞു. അവരുടെ പറയുന്ന രീതിയും അവരുടെ മുഖവും കണ്ടപ്പോള്‍ എന്റെ കണ്ണീരെല്ലാം നിന്നു. സങ്കടം മാത്രം ബാക്കിയായി. അത് എന്റെ ഉള്ളിലാണല്ലോ. അവര്‍ കാണുന്നില്ലല്ലൊ.
ഇതുപോലെ തന്നെ ആണ് സാബിക്കിലെ ബാലേട്ടന്‍ സൗദി വിട്ട് പോകുന്നതിനുമുന്‍പ്, അദ്ദേഹം ഇറാക്കില്‍ ഉണ്ടായിരുന്നപ്പോഴുണ്ടായ സംഭവങ്ങള്‍ പറഞ്ഞത്.(ആ ഇന്റര്‍വ്യൂ ഇവിടെ എന്റെ ബ്ലോഗില്‍ വായിക്കാം) ഒപ്പം പണിയെടുക്കുന്ന ഇറാക്കി പൗരന്‍, അമേരിക്കന്‍ ബോംബിങ്ങില്‍ താനല്ലാതെ തന്റെ കുടുംബവും അയല്പ്പക്കത്തിലുള്ള മറ്റ് സുഹൃത്തുക്കളും എല്ലാരും നഷ്ടപ്പെട്ടു എന്നറിഞ്ഞിട്ടും, വീട്ടില്‍ പോയി വേണ്ടത് ചെയ്ത് (എന്ത് ചെയ്യാന്‍? ബോംബ് മൂലമുണ്ടായ ഒരു വലിയ കുഴിയല്ലാതെ ആ ഭാഗത്ത് മറ്റൊന്നും ഉണ്ടായിരുന്നില്ലത്രെ!) വൈകുന്നേരം ഓഫീസിലേക്ക് തിരിച്ച് വന്നു. അന്നു മുതല്‍ ലോകത്തില്‍ സ്വന്തക്കാരും ബന്ധുക്കാരും എന്നുപറയാന്‍ ഒരാളുമില്ല, ഒറ്റയാണ് എന്ന് അറിഞ്ഞിട്ടും, അദ്ദേഹം ഓഫീസില്‍ വന്ന് പണി ചെയ്തു. വൈകുന്നെരം പണി കഴിഞ്ഞാല്‍ തിരിച്ചുപോകാന്‍ ഒരു വീട് കൂടെ ഇല്ല! എന്നിട്ടും ഒരു തുള്ളി കണ്ണീര്‍ വീണില്ല അവന്റെ മുഖത്ത്! വീണാല്‍ അള്ള കോപിക്കുമത്രെ. അതാണ് വിശ്വാസം. ഒരു വിശ്വാസത്തിന് ഇത്രയും ശക്തിയൊ?
അറിയില്ല. എന്നാല്‍ ഈ ശക്തി ആണ് പലപ്പോഴും നമ്മുടെ ജീവിതം മുന്‍പോട്ട് കൊണ്ട് പോകുന്നത് എന്നതിന്റെ ഒരു തെളിവായിട്ടായിരിക്കും ആടുജീവിതവും, ഓള്‍ഡ് മാന്‍ ആന്റ് സീയും, നളചരിതവും, പാവങ്ങളും ഒക്കെ നമ്മുടെ മുന്‍പില്‍ പ്രത്യക്ഷപ്പെടുക എന്ന് എനിക്കു തോന്നുന്നു.
എന്ത് പറയുമ്പൊഴും എന്ത് വായിക്കുമ്പൊഴും ഞാന്‍ കഥകളിയിലും നളചരിതത്തിലും ഒക്കെ ചുറ്റിതിരിയുന്നത് എന്താണെന്നെനിക്കറിയില്ല. അതെന്റെ ഇഷ്ടാനിഷ്ടങ്ങളുടെ പ്രഫറന്‍സ് ലിസ്റ്റ് നോക്കിയാല്‍ അറിയുമായിരിക്കാം.
നളന്‍ ചൂതില്‍ തോറ്റ് ഭാര്യാസമേതം കാട്ടിലേക്കാണ് പോകുന്നത്. കാട് നമ്മുക്ക് ധാരാളം മരങ്ങളും വന്യമൃഗങ്ങളും ഒക്കെയുള്ള, മനുഷ്യരില്ലാത്ത എന്നാല്‍ കാട്ടാളന്മാര്‍ ഉണ്ടാകാന്‍ സാധ്യതയുള്ള സ്ഥലമാണ്. അതല്ലാതെ തികച്ചും വിജനമായതും വെള്ളം കൂടെ കിട്ടാത്തതും ചുട്ടുപൊള്ളുന്നതും തണുപ്പായാല്‍, പൊള്ളുന്ന തണുപ്പും, മരങ്ങളില്ലാത്തതും ഒക്കെ ആയ മരുഭൂമി നമുക്ക് കാടല്ല. അതിനെ പറ്റി നമ്മുടെ മഹകാവ്യങ്ങളില്‍ അധികം എഴുതിയിട്ടുണ്ടോ? നഖം കൂടെ പൊള്ളുന്ന വേനല്‍ ചൂടില്‍ ആണ് യുധിഷ്ഠിരനും സഹോദരന്മാരും ഭാര്യാസമേതം കാട്ടിലേക്ക് പോകുന്നത്. കിര്‍മ്മീരവധത്തില്‍ അത് പറയുന്നുണ്ട്. അതല്ലാതെ മരുഭൂമിയെ വിശേഷിപ്പിക്കുന്ന വല്ലതുമുണ്ടോ നമുക്ക്? എനിക്കറിയില്ല.
മരുഭൂമിയും ഒരു ആവസവ്യവസ്ഥ ആണെന്നാണ് നജീം (ആടുജീവിതം ഫെയിം) പറയുന്നത്. അതല്ലാതെ തരമില്ലല്ലൊ.
ലോകപാലന്മാരേ.. എന്നു തുടങ്ങുന്ന നളചരിതം മൂന്നാം ദിവസം ആണ് എനിക്ക് ഈ പുസ്തകം വായിച്ചപ്പോള്‍ ആദ്യം ഓര്‍മ്മ വന്നത്. സങ്കടത്തില്‍ നിന്നും വരുന്ന നിരാശ, ദുഃഖം, പിന്നെ ആത്മവിശ്വാസം വീണ്ടെടുക്കല്‍, വീണ്ടും വീണ്ടും സ്വയം പറഞ്ഞും ചുറ്റും കാണുന്നതെല്ലാം പോസിറ്റീവ് ആണെന്ന് ഭാവിച്ചും സ്വന്തം വിശ്വാസം ദൃഢപ്പെടുത്തല്‍. ഓരൊ സമയത്തും ഭാഷാരീതിക്കുള്ള വ്യത്യാസം. ആത്മവിശ്വാസം വന്ന് ദൈവത്തില്‍ ഉറച്ച് വിശ്വസിച്ച് ഇരിക്കുന്ന സമയത്ത് ചെയ്യുന്നതിനും പറയുന്നതിനും ഒരു ഇരുത്തം വന്നവന്റെ രീതിയാണ്. മനസ്സ് പെട്ടെന്ന് ഇളകുകയില്ല. ആ സമയത്തുള്ള വനവര്‍ണ്ണനയും കൂടെ നളന്റെ മാനസികാവസ്ഥ വെളിപ്പെടുത്തന്ന തരത്തിലുള്ളതാണ്. മാന്‍പ്രസവവും മറ്റും അതുപോലെ ബെന്യാമിന് ആടുജീവിതത്തിലും കാണിക്കുന്നു. പക്ഷെ പ്രസവം ആടും സ്ഥലം മരുഭൂമിയും ആണെന്നുമാത്രം. മാനസികാവസ്ഥ ഒന്നുതന്നെ.
നളനെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരുന്നത് കാര്‍ക്കോടക ദര്‍ശനവും തുടര്‍ന്നുള്ള ദംശനവും ആണ്. എവിടെനിന്ന് വന്നു കാര്‍ക്കോടകന്‍? അല്ലെങ്കില്‍ കാര്‍ക്കോടകന്റെ അവതാരോദ്ദേശ്യം തന്നെ നളരക്ഷ ആയിരുന്നൊ? അതുപോലെ എവിടേക്ക് അപ്രത്യക്ഷ്യമായി കാര്‍ക്കോടകന്‍?
കാര്‍ക്കോടകന്‍ നല്കിയ വസ്ത്രം വാങ്ങി കുമ്പിട്ട് വണങ്ങി നിവര്‍ന്ന് നോക്കുമ്പോള്‍ കാര്‍ക്കോടകനെ കാണില്ല. ‘അങ്ങനെ സര്‍പ്പശ്രേഷ്ഠന്‍ അനുഗ്രഹിച്ച് അപ്രത്യക്ഷമായി‘ എന്ന് വളെരെ സാവധാനം മുദ്രകാണിച്ച് അപ്രത്യക്ഷമായ സ്ഥലേത്തക്ക് (വിദൂരേത്തക്ക്) മുഖം ചരിച്ച് പിടിച്ച് ഗോപി ആശാന്റെ ഒരു ആട്ടമുണ്ട്. ആ മുഖഭാവവും നിലയും ഒക്കെ കാണുക തന്നെ വേണം. പിന്നെ നിലമാറ്റി സദസ്സിനെ നോക്കി, കാര്‍ക്കോടകനോട് തനിക്ക് ഇനിയും ഒരുപാട് ചോദിക്കാനുണ്ട്, പക്ഷെ അദ്ദേഹം അതിനൊന്നും നിന്നില്ല എന്ന തരത്തിലുള്ള ഒരു നിരാശയോടെ ദീര്‍ഗ്ഘനിശ്വാസം വിടും ഗോപി ആശാന്‍.
സമാനമായ പലതും ബെന്യാമിന് ആടുജീവിതത്തില്‍ കാണിക്കുന്നു. ഇസ്മായില്‍ ഖാദ്രി അങ്ങനെ എവിടെ നിന്നും വന്നു? ഹക്കീമിന്റെ മസറയില്‍ ഒരു തിരനോക്ക് കണ്ടു. പിന്നെ രക്ഷകനായി. എവിടേക്ക് അപ്രത്യക്ഷമായി? നജീം ഇസ്മായില്‍ ഖാദ്രിയെ പറ്റി പറയുമ്പോള്‍ ഗോപി ആശാന്റെ മുഖവും നിലയും ഉണ്ടാകും നജീമിന്. അതല്ലാതെ എങ്ങനെയാ?
മൂന്നാം ദിവസം കളികഴിഞ്ഞ് തിരിച്ച് വരുമ്പോള്‍ പലപ്പോഴും, എന്തൊക്കെയായാലും അടുത്ത ദിവസം ഒന്നിക്കൂലോ‘ എന്നൊരു സമാധാനവുമായാണ് വരുക. ബെന്യാമിന്‍ കഥതുടങ്ങുന്നത് തന്നെ പകുതി ഫ്ലാഷ് ബാക് ആയിട്ടാണ്. നളചരിതത്തില്‍ വേര്‍പാട് കാണെണ്ടതുതന്നെയാണ്. ആടുജീവിതത്തില്‍ വേര്‍പാടിന് സ്ഥാനമില്ല എങ്കിലും ചേരല്‍ വളരെ ഗംഭീരം ആണ്. അതെ, നളചരിതം നാലാം ദിവസം അഭിനയിച്ച് ഫലിപ്പിക്കാന്‍ കൃതഹസ്തരായ നടന്മാര്‍ക്കേ പറ്റൂ. അതുതന്നെയാണ് ബെന്യാമിന്‍ കഥപറയുന്ന രീതിയും.
സാഹിത്യ അക്കാദമി അവാർഡ് നേടിയ ബെന്യാമിന് അഭിനന്ദനങ്ങൾ(കൃതി:ആടുജീവിതം, ഗ്രീൻ ബുക്സ്)
09 മേയ് 2010
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
ശൂർപ്പണഖയുടെ മൂക്കും ചെവിയും മുലയും മുറിക്കൽ
ആദ്യമേ പറയട്ടെ, ഞാൻ ഉദ്ധരിയ്ക്കുന്നതെല്ലാം ഇന്റെർനെറ്റിൽ ലഭ്യമായ സ്രോതസ്സുകൾ ആണ്. അതിനാൽ ലിങ്ക് ഉണ്ട്. ശൂർപ്പണഖയുടെ അംഗവിഛേദം കഥകളിയിലും കൂട...
-
ഈ കവിത ഉമേഷ് മുന്‍പ് മൊഴിമാറ്റം നടത്തിട്ടുണ്ട്. ദാ ഇപ്പൊ ബെന്നിയും. ഇതിന്റെ ഏറ്റവും ന്അല്ല മൊഴിമാറ്റത്തിന് എന്റെ വക ഒരു സമ്മാനം ഉണ്ട്. മ...
-
അമ്മയ്ക്കുനല്‍കുവാന്‍ ചെമ്മുള്ള ചേലകള്‍ നന്ദന്തങ്കൈയിലെ നല്‍കിച്ചെന്നോന്‍: നല്‍ച്ചേലനാലുമെന്നമ്മതങ്കൈയിലേ ഇച്ഛയില്‍ നല്കേണമിന്നുതന്നെ എന്നമ...
-
തലക്കെട്ടില്‍ പറഞ്ഞവരും ഞാനുമൊക്കെയായുള്ള ബന്ധം എന്താണ്? പ്രവാസി ജീവിതത്തില്‍ എന്റെ സാമൂഹിക വൃത്തം വളരെ ചെറുതാണ്. വ്യക്തിഗതമായ പല ഇഷ്ടാനിഷ...
2 അഭിപ്രായങ്ങൾ:
സുനില്‍ , കുറേകാലമായല്ലോ? എന്തെങ്കിലുമൊക്കെ എഴുതികണ്ടിട്ട്! തിരിച്ചുവരവ് ഗംഭിരമാക്കി. നമ്മുക്ക് ആ കാവ്യം ഒന്ന് പൊടി തട്ടണ്ടേ?തുടര്‍ന്നും കാണുമെന്ന വിശ്വാസത്തൊടെ........
yojana comment ivite post cheythittund
http://suchandscs.blogspot.com/2010/05/blog-post.html
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ