വീരഭദ്രം
കഥകളി നടൻ പരിയാനംപറ്റ ദിവാകരന്റെ അരങ്ങും ജീവിതവും
എഴുത്തുകാരൻ: പി. എം ദിവാകരൻ.
പ്രസിദ്ധീകരണം: പാഠശാല, ആറങ്ങോട്ടുകര. കൊല്ലം:2018
136 പേജുകൾ.
വില: 170.00 രൂപ
പരിയാനമ്പറ്റ ദിവാകരൻ 1955ൽ ജനിച്ച് 2017ൽ അന്തരിച്ചു. അദ്ദേഹം പണ്ട് കാലത്തെ പ്രസിദ്ധനായ ഇന്ദ്രജാലക്കാരനും നടനും മേക്കപ്പ് ആർട്ടിസ്റ്റും നാടകനടനും ഒക്കെ ആയിരുന്ന ശ്രീ പരിയാനമ്പറ്റ കുഞ്ചുണ്ണി നമ്പൂതിരിപ്പാടിന്റെ മകൻ ആണ്. അമ്മാമൻ പ്രസിദ്ധനായ കരകൗശലവിദഗ്ധൻ ചൊവ്വൂർ നീലകണ്ഠൻ നമ്പൂതിരിപ്പാടും. പ്രസിദ്ധനായ ചുവന്നതാടിക്കാരൻ ആയിരുന്നു പരിയാനമ്പറ്റ ദിവാകരൻ.
കെ. പി. എസ് മേനോന്റെ കഥകളിരംഗം എന്ന പുസ്തകത്തിൽ ഒരു കാലത്ത് ആദ്യവസാനമായ വേഷം കെട്ടി പേരെടുക്കുക എന്ന് പറഞ്ഞാൽ ബാലി (ചുവന്നതാടി തന്നെ) ആയിരുന്നു എന്ന് പറയുന്നുണ്ട്. ബാലി ഓതിക്കൻ എന്ന പ്രസിദ്ധനായ നടനെ പറ്റിയും ഒപ്പം സുഗ്രീവൻ കെട്ടുന്ന കാർത്ത്യായനി എന്ന സ്ത്രീയെ പറ്റിയും പറയുന്നുണ്ട്. കെ. പി. എസ് മേനോന്റെ പ്രസ്തുത പുസ്തകം തയ്യാറാക്കിയത്, അന്നുണ്ടായിരുന്ന പലർക്കും കത്തെഴുതിയും നിലവിൽ കേട്ടറിഞ്ഞ കഥകളും ഒക്കെ വെച്ചാണെന്ന് അദ്ദേഹം ആമുഖത്തിൽ പറയുന്നുണ്ട്. ഇന്ന് കാലം മാറി, അതുകൊണ്ട് തന്നെ പല പ്രസിദ്ധരുടേയും അരങ്ങുകൾ നമുക്ക് നേരിട്ടല്ലെങ്കിലും വീഡിയോവിൽ കൂടെ കാണാം, ലൈവ് ആയി ഇന്റർനെറ്റിലൂടെയും കാണാം. (ഇതെഴുതുമ്പൊൾ ഞാൻ ദുബായിൽ നടക്കുന്ന തോരണയുദ്ധം കഥകളി ലൈവ് ആയി നെറ്റിലൂടെ കാണുന്നു!) അങ്ങനെ നേരിട്ട് നമുക്ക് അവരുടെ അഭിനയപാടവത്തെയും പ്രത്യേകതകളെയും അറിയാൻ പറ്റും. പരിയാനമ്പറ്റ ദിവാകരന്റെ ചില വീഡിയോസ് യൂറ്റ്യൂബിൽ കിട്ടും. ഞാൻ തന്നെ അപ്ലോഡ് ചെയ്തതും കിട്ടും.
പറഞ്ഞ് വന്നത് ഒരു അഭിനേതാവിന്റെ ജീവിതവും കലയെ പറ്റിയുള്ള, സമൂഹത്തിനെ പറ്റിയുള്ള ഉൾക്കാഴ്ചയും ഒന്നും ഇത്തരം വീഡിയോകളിൽ നിന്ന് മാത്രമായി കിട്ടില്ല. അതിനു നേരിട്ടു അവരുടെ പരിസരത്ത് ഇറങ്ങി ചെന്ന് അന്വേഷിച്ച് കണ്ടെത്തണം. അത്തരം ഒരു സംരഭം ആണ് പി.എം ദിവാകരൻ ഇവിടെ നിർവഹിച്ചിരിക്കുന്നത്. പൂർണ്ണമായ വിജയം എന്നൊന്നില്ലെങ്കിലും കുറച്ചൊക്കെ ഗ്രന്ഥകർത്താവ് ചെയ്തിട്ടുണ്ട്. (ഗ്രന്ഥകർത്താവിന്റെ പേരും ദിവാകരൻ, ആരെ പറ്റി അദ്ദേഹം എഴുതുന്നുവൊ ആ നടന്റെ പേരും ദിവാകരൻ എന്നത് കൺഫ്യൂഷൻ ഇത് വായിക്കുന്നവർക്ക് ഉണ്ടാകാം. എന്നാൽ ഗ്രന്ഥം വായിക്കുന്നവർക്ക് ഉണ്ടാകില്ല.)
എനിക്ക് അനവധി കഥകളി അരങ്ങുകൾ കണ്ട് ശീലം ഉണ്ട് എന്ന് അവകാശപ്പെടാൻ ഒന്നും ഇല്ലാ. എന്നിരുന്നാലും ഇപ്പോഴും എനിക്ക് ഇഷ്ടവും കാണാൻ മോഹിക്കുന്നതും കഥകളി തന്നെ ആണ്. പരിയാനമ്പറ്റ ദിവാകരന്റെ വേഷങ്ങൾ കണ്ട ഓർമ്മ ചെറുതായി ഉണ്ട്. വ്യക്തിപരമായി സംസാരിച്ചിരുന്നതും എല്ലാം ഓർമ്മ ഉണ്ട്. ചുവന്നതാടി എന്നവേഷം ഒരു കോമാളി ആയിട്ടാണ് ഇന്നത്തെ കഥകളിയിൽ. അതിൽ മാറ്റം പരിയാനമ്പറ്റ ദിവാകരന്റെ വേഷം കാണുമ്പോൾ അറിയാം. ഏറ്റവും മുദ്ര ചെയ്യുന്ന രീതിയിലാണ് അറിയുക എന്ന് ഞാൻ പറയും.
ഒരു പുസ്തകത്തിൽ ഒരു നടനെ എങ്ങനെ രേഖപ്പെടുത്താം എന്നതിനു എഴുത്തിന്റേതായ പരിമിതികൾ ഉണ്ട്. നടൻ നടിക്കുന്ന നാട്യത്തിന്റെ, നമ്മൾ കാണുന്ന അനുഭവം എഴുതിവെക്കാനേ പറ്റൂ. അപ്പോൾ അത് എഴുതുന്ന ആളുടെ ആയി മാറുകയും ചെയ്യും. ആയതിനാൽ ഇവിടെ പി.എം ദിവാകരൻ ചെയ്ത രീതി ശരി തന്നെ. അത് പലരോടും വിവിധമേഘലകളിൽ ഉള്ള പലരോടും ചോദിച്ച് അവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തി വെക്കുകയാണ്. അത് എഴുത്തു രീതിയിൽ ശരി തന്നെ എന്ന് എനിക്ക് തോന്നുന്നു.
ഇവിടെ എഴുത്തുകാരൻ, നടൻ പഠിച്ച വിദ്യാലയങ്ങളിൽ നിന്നുള്ളവർ, നടന്റെ ജീവിതപരിസരത്ത് നിന്നുള്ളവർ, നടന്റെ ഒപ്പം അരങ്ങ് പങ്കിട്ടവർ, കലാസ്വാദകർ, കലാവിമർശകർ എന്നിവരോടെല്ലാം അന്വേഷിച്ച് അവരുടെ മൗലികമായ അഭിപ്രായങ്ങൾ ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആയതിനാൽ അത് ശരി തന്നെ.
പുസ്തകത്തിന്റെ ഉള്ളടക്കം കൂടുതൽ അറിയണമെങ്കിൽ അത് വായിക്കുക തന്നെ വേണം. ആറങ്ങോട്ടുകര പാഠശാല ഒരു പ്രസിദ്ധീകരണ സമിതി ഒന്നും അല്ല. അവർ എന്നാലും പുസ്തകങ്ങൾ ഇറക്കുന്നുണ്ട്. അവർ കൃഷി, കല എന്നിത്യാദികളിൽ എല്ലാം സജീവമായി ഇടപെടുന്നവർ തന്നെ ആണ്. പരിയാനമ്പറ്റ ദിവാകരനും അങ്ങനെ വെറും കഥകളിക്കാരൻ അല്ലാ. അദ്ദേഹം സമൂഹത്തിൽ കാര്യമായി തന്നെക്കൊണ്ട് പറ്റുന്ന പോലെ ഇടപെട്ടിരുന്നു എന്നത് പുസ്തകം വായിച്ചാൽ മനസ്സിലാകും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ