Book Title:Ravana’s Sister (Meenakshi)
Author:Anand Neelakantan
Publisher:Westland Published: (18 January 2018)
# of Pages:14Pages : 426.0 KB (Kindle Edition)
https://amzn.to/2GeculO
Author:Anand Neelakantan
Publisher:Westland Published: (18 January 2018)
# of Pages:14Pages : 426.0 KB (Kindle Edition)
https://amzn.to/2GeculO
എനിക്ക് പുരാണകഥകൾ വായിക്കാനിഷ്ടം എന്നതിലേറെ അതിന്റെ പുനരാഖ്യാനങ്ങൾ ആണ് കൂടുതൽ ഇഷ്ടം. പുനരാഖ്യാനങ്ങൾ ഏത് മീഡിയത്തിൽ വരുന്നുവൊ എന്നതനുസരിച്ച് ആഖ്യാനരീതിയും മാറും. അപ്പോൾ അത് മറ്റൊരു വേർഷൻ ആകും. മാത്രമല്ല പുനരാഖ്യാനം ചെയ്യുന്ന കാലത്തിനനുസരിച്ച് പുരാണകഥാപാത്രങ്ങളുടെ ചിന്താരീതികളും മാറുന്നത് കാണാം.
കഥകളിയിലെ രാവണവേഷം പ്രസിദ്ധമാണ്. ബ്രഹ്മാവിനോട് ഇരന്ന് വരങ്ങൾ വാങ്ങുകയല്ല കഥകളിയിലെ രാവണൻ ചെയ്യുന്നത്. തപസ്സ് ചെയ്ത് ബ്രഹ്മാവ് പ്രത്യക്ഷപ്പെടാതിരുന്നപ്പോൾ, താൻ തപസ്സുമൂലം മരിച്ചാൽ ഉള്ള ദുഷ്കീർത്തി ബ്രഹ്മാവിനിരിക്കട്ടെ എന്ന് രണ്ടും കല്പിച്ച് അവസാനത്തെ തലയും വെട്ടി ഹോമിക്കുന്ന രാവണന്റെ മുന്നിൽ ബ്രഹ്മാവ് പ്രത്യക്ഷപ്പെടുകയാണ്. ആ ബ്രഹ്മാവിനോട് അപ്പോൾ വരങ്ങൾ ഇരന്ന് വാങ്ങേണ്ട ആവശ്യമില്ലല്ലൊ. മര്യാദയ്ക്ക് എന്റെ കയ്യിൽ താ എന്ന് വളരെ അഹങ്കാരത്തോടെ പറയുന്ന രാവണൻ ആണ് കഥകളിയിൽ. കൂടിയാട്ടത്തിൽ നിന്ന് വന്നതായിരിക്കാം എങ്കിലും അതിനു ദൃശ്യഭംഗി കൂടും. അതാണ് ഞാൻ പറഞ്ഞത് പുനരാഖ്യാനത്തിനു ഉപയോഗിക്കുന്ന മീഡിയത്തിനനുസരിച്ച് ആഖ്യാന രീതിയും മാറും എന്ന്.
എന്റെ അഭിപ്രായത്തിൽ വാല്മീകി രാമായണം ആണ് മൂലം എന്നൊന്നും ഇല്ല. നടപ്പുള്ള കഥകൾ പലരും പലരീതിയിൽ ശൈലിയിൽ എഴുതി എന്ന് മാത്രം. അതിൽ കമ്പരാമായണം ദൃശ്യപരമായി അടുത്തുനിൽക്കുന്നതിനാൽ അതാണ് കൂടിയാട്ടത്തിലേക്ക് സന്നിവേശിപ്പിച്ചത് എന്ന് എവിടേയോ വായിച്ചിട്ടുണ്ട്.
പുരാണങ്ങൾക്കുള്ള പ്രത്യേകത എന്താണെന്ന് വെച്ചാൽ അവ എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാം എന്നത് തന്നെ എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. നൂറ്റാണ്ടുകൾക്ക് ശേഷവും അവകളുടെ പുനരാഖ്യാനങ്ങൾ പലരീതിയിൽ ഇന്നും വരുന്നത് അതുകൊണ്ട് കൂടെ ആണല്ലൊ.
എഴുത്തിൽ അമീഷ് ത്രിപാഠിയുടെ ശിവ ട്രിലോളജി ആണ് ഈ വകയിൽ ആദ്യമായി ഞാൻ വായിച്ചത്. ഇമ്മോർട്ടൽസോഫ് മെലൂഹ ഇഷ്ടായി. ആ ശൈലി തന്നെ ഇഷ്ടായി. ഭാഷയും. പിന്നെ പിന്നെ മടുപ്പിച്ചു. ഞാൻ നിർത്തി.
ഈ വകയിൽ ഇപ്പോൾ വായിച്ചത് ആനന്ദ് നീലകണ്ഠനെ ആണ്. ആനന്ദ് നീലകണ്ഠന്റെ മീനാക്ഷി, രാവണാസ് സിസ്റ്റർ എന്ന ചെറുകഥ വായിച്ചു. ആദ്യമാണ് ഞാൻ ആനന്ദിനെ വായിക്കുന്നത്.
ശൂർപണഖ എന്ന് വെച്ചാൽ മുറപോലെ ഉള്ള നഖം ഉള്ളവൾ എന്നാണത്രെ. കൈകസിയുടെ ഏകപുത്രി ആണ്. അവളെ ദാനവരാജാവായ വിദ്യുജിഹ്വനാണ് വിവാഹം ചെയ്ത് കൊടുക്കുന്നത്. രാക്ഷസന്മാരും ദാനവന്മാരും ഒക്കെ ശത്രുക്കളും. ശൂർപ്പണഖ ബാല്യകാലത്ത്, അച്ഛനായ വിശ്രവസ്സ് പോകുമ്പോൾ തന്നെ അദ്ദേഹത്തോട് ചോദിക്കുന്നത് എനിക്ക് നല്ല ഭർത്താവിനെ കിട്ടണം എന്നാണ്. വിശ്രവസ്സ് അതൊക്കെ സഹോദരന്മാർ അറേഞ്ച് ചെയ്യും എന്നും. വിദ്യുജിഹ്വനു വിവാഹം കഴിച്ച് കൊടുത്തു എങ്കിലും വിദ്യുജിഹ്യ്വനെ രാവണൻ തന്നെ വധിക്കും. വിദ്യുജിഹ്വനും ദുരുദ്ദേശത്തോടെ ആയിരുന്നു ശൂർപ്പണഖയെ വിവാഹം ചെയ്തതും. ശൂർപ്പണഖയുടെ മകനെ കൊല്ലുന്നത് ലക്ഷ്മണനും. അങ്ങനെ ഏകയായി ലോകസഞ്ചാരം നടത്തുമ്പോൾ ആണ് രാമലക്ഷ്മണന്മാർ വനത്തിൽ കറങ്ങുന്നത് കാണുന്നതും രാമനിൽ ശൂർപ്പണഖയ്ക്ക് പ്രേമം ജനിക്കുന്നതും. രാമനോട് പ്രേമാഭ്യർത്ഥന നടത്തുന്ന ശൂർപ്പണഖയെ ലക്ഷ്മണന്റെ അടുക്കലേക്ക് രാമൻ വിടും. അവർ തമ്മിൽ ശൂർപ്പണഖയെ തട്ടി കളിയ്ക്കും. അവസാനം ലക്ഷ്മണൻ ശൂർപ്പണഖയുടെ കുചനാസികാകർണ്ണങ്ങൾ മുറിച്ച് മാറ്റും.
വാല്മീകിരാമായണത്തിലുള്ളതിൽ നിന്നും ഈ ശൂർപ്പണഖ കുചനാസികാകർണ്ണവിച്ഛേദനം മറ്റ് പലതിലും വ്യത്യാസമുണ്ട്. ചിലതിൽ കുചം ഛേദിക്കുന്നില്ലാ. ഇങ്ങനെ അല്ലറചില്ലറ വ്യത്യാസങ്ങൾ.
ഇതാണ് ആനന്ദ് നീലകണ്ഠന്റെ കഥയ്ക്ക് ഉള്ള പൊതു ബാക്ഗ്രൗണ്ട്. ഇത് അറിഞ്ഞ ശേഷം വേണം ഈ കഥ വായിക്കാൻ. അല്ലെങ്കിൽ ജസ്റ്റ് അനദർ “മൂല്യാധിഷ്ഠിത” കഥ. ഇത്തരം പശ്ചാത്തലകഥകൾ എനിക്ക് അറിയാവുന്നതുകൊണ്ട് ഈ കഥയുടെ സന്ദർഭം, ആവിഷ്കാരം, ഭാഷ, ശൂർപ്പണഖയുടെ മാനസിക സ്ഥിതി എന്നിവ മനസ്സിലായി എന്നല്ല ഉൾക്കൊണ്ടു.
ഇതും മറ്റൊരു പുരാണാഖ്യാനരീതി. കൗതുകം ഉണ്ട് കാലികവും ആണ്. ആനന്ദിന്റെയും അമീഷ് ത്രിപാഠിയുടെയും ഭാഷ സിമ്പിൾ ഇംഗ്ലീഷ്. ആർക്കും മനസ്സിലാകും. ലോകതത്വം പറയുമ്പോഴും അതിനായുള്ള പശ്ചാത്തലം ഒരുക്കുമ്പോഴും സിമ്പിൾ ആയ ഭാഷ.
എന്നിട്ട് ഞാൻ ഇപ്പോ അസുര എന്ന പുസ്തകം ആനന്ദിന്റെ കിന്റിൽ വേർഷൻ വാങ്ങി. എന്റെ മുൻ പരിചയം അമീഷിനെ വായിച്ചതിനാൽ, ഒന്ന് രണ്ട് ഇത്തരം രീതികളിലുള്ള പുസ്തകം വായിച്ചാൽ നമുക്ക് ഞെരടിപ്പ്, മടുപ്പ് ഒക്കെ വരും എന്നാണ്. അതിനാൽ അധികം ഈ വക വായിക്കാൻ ഞാൻ ഇല്ലാ. ദൃശ്യമായെങ്കിൽ, അതും അപ്പപ്പോൾ നടിക്കുന്നതെങ്കിൽ കാണാം എന്നുണ്ട്. പക്ഷെ വായന പറ്റില്ലല്ലൊ. എഴുത്തല്ലെ.
വായന ആണ് എഴുത്താണ് എന്നതുകൊണ്ടാണ് ഞാൻ പുരാണങ്ങളിൽ എഴുതിയ കഥകൾ മുന്നെ വിളമ്പിയതും. ഈ കഥയിലെ സന്ദർഭം ചെലപ്പോൾ മറ്റൊരു പുരാണത്തിലും കാണുക ഉണ്ടാവില്ലാ. പക്ഷെ പുരാണകഥ അറിഞ്ഞിരുന്നാൽ ഇത് വായിക്കുമ്പോൾ, ഹോ ഇങ്ങനേം പുനരാഖ്യാനം ചെയ്യാം അല്ലേ എന്ന് നമുക്ക് തോന്നും. അതിൽ കൂടുതൽ ഒന്നും ഇല്ലാ. ആനന്ദിന്നത്തെ ലോകത്തിൽ ഇരുന്ന് ശൂർപ്പണഖയേയും സീതയേയും കൂട്ടിയോജിപ്പിച്ചിരിക്കുന്നു.
സീതാപരിത്യാഗസമയത്ത് വികൃതശരീരയായ ശൂർപ്പണഖ വന്ന് സീതയെ കാണുന്നതാണ് സന്ദർഭം. അതിൽ ഒരു ചണ്ഡാലനും കുടുംബവും കൂടെ ഉണ്ട്. ശൂർപ്പണഖ സംസാരിക്കുന്നതും സീത സംസാരിക്കുന്നതും എല്ലാം ആധുനിക മനുഷ്യരെ പൊലെ തന്നെ ആണ്. അതായത്, അവർക്ക് ജീവിതാനുഭവം കൊണ്ട് കിട്ടി എന്ന് പറയുന്ന തത്വചിന്ത ഇന്നുള്ള മനുഷ്യർക്ക് കിട്ടാവുന്നത് തന്നെ എന്നാണ് ഞാൻ ഉദ്ദേശിച്ചത്. രാക്ഷസിയും മനുഷ്യനും എല്ലാം മനുഷ്യനെ പോലെ ചിന്തിക്കുന്നു. അതാണല്ലൊ കാലികമായ പുനരാഖ്യാനവും.
ആമസോൺ പ്രൈമിൽ കിന്റിൽ വേർഷൻ വായിച്ചതിനാൽ പേജുകളുടെ എണ്ണം ഒന്നും കൃത്യമാവില്ല. വിലയും ഇല്ല. സൗജന്യമായിരുന്നു. മുകളിൽ കൊടുത്ത വിലയും പേജുകളുടെ എണ്ണവും ഗുഡ്രീഡ്സിൽ നിന്നും പ്രിന്റ് എഡിഷന്റെ വിശദാംശങ്ങൾ എടുത്തതാണ്. ചെറുകഥ ആയതിനാൽ പെട്ടെന്ന് വായിച്ച് തീർക്കാം എന്ന ഗുണവുമുണ്ട്. പുരാണപുനരാഖ്യാനം ഇഷ്ടമുള്ളവർക്ക് വായിക്കാം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ